സ്‌ത്രീകൾക്കെതിരായ ബലാത്സംഗക്കേസുകളുടെ ചരിത്രത്തിൽ നാളിതുവരെ കേട്ടുകേൾവിപോലുമില്ലാത്ത ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ് – ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കൽ. ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്ന ശേഷം നടന്ന ആദ്യത്തെ കേസ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. അത്തരമൊരു സംഭവമാണ് 2017ൽ നടന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുകയും അക്രമകാരികളെയും അതിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്തു. എന്നാൽ നിയമസംവിധാനം എല്ലാ പൗരർക്കും തുല്യ നീതി ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതിന്റെ ഉദാഹരണമായി 8 വർഷം നീണ്ട വിചാരണയും വിധിന്യായവും മാറിയതും സമൂഹം കണ്ടു. ഈ കേസിന്റെ അപൂർവതയും കേസ് വിചാരണയും അട്ടിമറിനീക്കങ്ങളും ഒടുവിൽ വിധിന്യായവും വരെ ചർച്ച ചെയ്യപ്പെടേണ്ടത് ഇത്തരം ഹീനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അനിവാര്യമാണ്. ഇത്തരം സംഭവങ്ങൾ വിലയിരുത്തുന്നതിലെ രാഷ്ട്രീയ നിലപാടുകളും ഈ പശ്ചാത്തലത്തിൽ വെളിപ്പെട്ടത്- കേരളസമൂഹം കണ്ടു. ഈ സാഹചര്യത്തിലാണ് ചിന്ത വാരികയുടെ ഈ ലക്കത്തിലെ കവർസ്റ്റോറി ഈ വിഷയത്തിൽ കേന്ദ്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. കെ ജെ ജേക്കബ്, എം വി നികേഷ്-കുമാർ, ഡോ. മനോജ് വെള്ളനാട്, സുജ സൂസൻ ജോർജ്, കെ കെ ഷാഹിന, അഡ്വ. സി ഷുക്കൂർ, മഞ്ജു കെ, സി കെ ഗുപ്തൻ എന്നിവരാണ് എഴുതുന്നത്.
ഗൂഢാലോചനക്കാർ ഉൾപ്പെടെ കുറ്റാരോപിതർക്കനുകൂലമായി അട്ടിമറിക്കാൻ കേസിന്റെ വിധി നിയമസംവിധാനത്തിലെ പഴുതുകളെയും പുഴുക്കുത്തുകളെയും ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കേസിലുടനീളം കണ്ടത്. മാത്രമല്ല, അതിജീവത കോടതി മുറിയിലും സോഷ്യൽ മീഡിയയിലും ആവർത്തിച്ചാവർത്തിച്ച് വാക്കുകളാൽ ആക്രമിക്കപ്പെട്ടതും ഈ കേസുമായി ബന്ധപ്പെട്ട് നാം കണ്ടതാണ്. രാഷ്ട്രീയ രംഗത്തും സമൂഹത്തിലും വളർന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ ആശയ സ്വാധീനം ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലും കാണാനാവും. അതുകൊണ്ടുതന്നെ സ്ത്രീ സുരക്ഷയും സ്ത്രീ സംരക്ഷണവും ഒരു രാഷ്ട്രീയ കടമ കൂടിയായി മാറിയിരിക്കുകയാണ്. l



