Monday, July 27, 2026

ad

Homeകവര്‍സ്റ്റോറിതെറ്റായ സന്ദേശം 
നൽകുന്ന വിധിന്യായം

തെറ്റായ സന്ദേശം 
നൽകുന്ന വിധിന്യായം

ടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഏകപക്ഷീയവും തെറ്റായ സന്ദേശം നൽകുന്നതുമാണ്. ഈ വിധിന്യായം അംഗീകരിക്കാവുന്നതല്ല. കേസിൽ അപ്പീൽ പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഏതെങ്കിലും ഒരു കോടതിയിൽ നീതി കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്ത‌ാൽ അതോടുകൂടി എല്ലാം അവസാനിച്ചു എന്ന് കരുതുന്ന പൗരൻ അല്ല ഞാൻ . എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വരുത്തിയ ഈ വലിയ തെറ്റ് ഉയർന്ന കോടതികൾ തിരുത്തും എന്നും ഞാൻ കരുതുന്നു. തെളിവുകൾ നിരാകരിക്കുകയും പറയാത്തത് പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിച്ചും വിധിയെഴുതിയാൽ ജുഡീഷ്യറിയുടെ മഹത്തായ പാരമ്പര്യത്തിനാണ് ക്ഷതമേൽക്കുന്നത്. കേസ് ശക്തമാണ് എന്നതുകൊണ്ടാണ് കള്ളം പറഞ്ഞ് ഫലിപ്പിക്കേണ്ടി വരുന്നത് എന്ന് സാരം . ദിലീപ് എന്ന എട്ടാം പ്രതിയ്ക്കുള്ള ശിക്ഷയും കൊടും ക്രൂരകൃത്യം നടത്തിയവർക്കുള്ള പരമാവധി ശിക്ഷയും ലഭിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

ആറു ക്രിമിനലുകളെ ശിക്ഷിച്ചപ്പോൾ നീതി കിട്ടി എന്ന് പ്രതികരിച്ചവരുണ്ട്. അവരുടെ നിഷ്‌കളങ്ക ഭാവത്തെ അഭിനന്ദിക്കുന്നു. ഈ ആറു ക്രിമിനലുകളുടെ ദൃശ്യങ്ങളും ശബ്ദവും ക്രൂരകൃത്യം മൊബൈലിൽ പകർത്തുമ്പോൾ അതിൽ പതിഞ്ഞിട്ടുണ്ട്. കുറ്റം ചെയ്‌ത്‌ അവ ക്യാമറയിൽ പകർത്തുകയും ക്യാമറ ദൃശ്യങ്ങൾ കോടതി തെളിവായി സ്വീകരിക്കുകയും ചെയ്‌താൽ പിന്നെയീ കൊടും ക്രിമിനലുകളെ ആർക്കും രക്ഷപ്പെടുത്താനാവില്ലല്ലോ. മൊബൈലിൽ കുറ്റകൃത്യം ദൃശ്യവൽക്കരിച്ചപ്പോൾ തന്നെ സുനിയും കൂട്ടരും അവരുടെ വിധിയെഴുതി. അവർക്കുള്ള ശിക്ഷാവിധി എഴുതാൻ കോടതി വേണ്ട. കോടതി വേണ്ടിവന്നത് ശിക്ഷ മിനിമം ആക്കിക്കൊടുക്കാനാണ്.

നടിയെ ആക്രമിച്ച കേസിലെ കുറ്റകൃത്യം ഏറ്റവും അപകടകരമാകുന്നത് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നത് പ്രതികൾ ദൃശ്യവൽക്കരിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ സൂക്ഷിച്ചു എന്നതിലാണ്. ‘ഐപിസി ഉണ്ടായതിനു ശേഷമുണ്ടായ ഇത്തരത്തിലുള്ള ആദ്യത്തെ കേസ്’ എന്ന് പ്രോസിക്യൂഷൻ പറയാനിടയായത് ഇതുകൊണ്ടാണ്.

വിചാരണ നടക്കുമ്പോൾ കോടതിയിൽ നിന്ന് ആ ദൃശ്യങ്ങൾ കൈക്കലാക്കി എന്നതിന് കൃത്യമായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയിരുന്നു. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഫോറൻസിക് അനാലിസിസ് റിപ്പോർട്ട് അത് വെളിവാക്കുന്നുമുണ്ട് . എന്നാൽ ദൃശ്യങ്ങൾ ചോർന്നിട്ടില്ല എന്ന് പ്രോസിക്യൂഷൻ സമ്മതിച്ചു എന്ന വാദം ആണ് വിധിന്യായത്തിൽ ഉയർത്തിക്കാണിക്കുന്നത് . അങ്ങനെ ഉണ്ടായിട്ടില്ല. ദൃശ്യങ്ങൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നല്ല ചോർന്നിരിക്കുന്നത് എന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത് . 2017 ഫെബ്രുവരി പതിനെട്ടിനാണ് അവസാനമായി ദൃശ്യങ്ങൾ കോടതിയിൽ വെച്ച് പരിശോധിച്ചത്. അതിനു ശേഷം മൂന്നു തവണ വിവിധ കോടതികളിൽ വെച്ച് ദൃശ്യങ്ങൾ ചോർന്നു.

ഒളിച്ചുകളിച്ചത് എന്തിന് ?
ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറി എന്ന ഫോറൻസിക് ലാബിന്റെ നിർണ്ണായക റിപ്പോർട്ട് പൊലീസിന് കൈമാറാതെ കോടതി ഒളിച്ചുവെച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നില്ല എങ്കിൽ തെളിവിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു എന്ന കാരണത്താൽ പ്രതികളെയെല്ലാം വെറുതെ വിടേണ്ടിവന്നേനെ. കോടതിയുടെ ചെസ്റ്റിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മൂന്ന് ഘട്ടത്തിലെ അനധികൃത ഉപയോഗം കൊണ്ട് മാറി. 9.1.2018, 13.12.2018, 19.7.2021 എന്നീ തീയതികളിൽ.

ഈ മൂന്ന് തീയതികളിൽ രാത്രിയിലും പകലുമായി ദൃശ്യങ്ങൾ ചോർത്തുകയോ ദുരുപയോഗിക്കുകയോ ചെയ്തു. അതോടെ കേന്ദ്ര ഫോറൻസിക് ലാബിൽ കൊണ്ടുപോകുമ്പോൾ എടുത്ത ഹാഷ് വാല്യുവും ദുരുപയോഗം ചെയ്‌ത ശേഷമുള്ള ഹാഷ് വാല്യുവും വേവ്വേറേയായി.

എന്തുകൊണ്ടാണ് പ്രതികളെ വെറുതെ വിടേണ്ടിവരുമായിരുന്നു എന്ന് പറയുന്നത്?

കാരണം,ഹാഷ് വാല്യു മാറിയ കാര്യം പ്രതിഭാഗത്തിന് മാത്രമേ അറിയൂ. പൊലീസിന് അറിയാനാവില്ല. സുപ്രീം കോടതി വിധി അനുസരിച്ച് പ്രതിഭാഗത്തിന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ കൊണ്ടുപോയി വിദഗ്‌ധരുടെ സഹായത്താൽ പ്രതിരോധം തീർക്കുന്നതിനുള്ള അവകാശം എട്ടാം പ്രതി ദിലീപ് ഉപയോഗിച്ചിട്ടുണ്ട് . ഈ റിപ്പോർട്ട് പൊലീസും പ്രോസിക്യൂഷനും കാണാൻ പാടില്ല. നിർണ്ണായകമായ ഈ രഹസ്യം അവർ അന്തിമവാദത്തിൽ ഉന്നയിക്കുമായിരുന്നു.

ഹാഷ് വാല്യു എന്നാൽ ഫിംഗർ പ്രിന്റ് പോലെ പ്രാധാന്യമുള്ളതാണ് എന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാഷ് വാല്യു മാറിയാൽ അന്തിമ വാദത്തിൽ പ്രതിഭാഗത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടാം. വിചാരണക്കോടതിക്ക് അത് ‘അംഗീകരിക്കേണ്ടി വരും’

മറ്റൊരു ചോദ്യം ഉയർന്നുവരാവുന്നത് ചണ്ഡീഗഢിലെ ഫോറൻസിക് പരിശോധനയുടെ ഫലം അതിജീവിതയ്ക്കും പ്രോസിക്യൂഷനും കിട്ടില്ലേ എന്നതാണ് . ഉത്തരം ഇല്ല എന്നതാണ് . ദൃശ്യങ്ങൾ കണ്ട് വിദഗ്‌ധ സഹായത്തിൽ ഡിഫൻസ് തയ്യാറാക്കാനുള്ള പ്രതിയുടെ അവകാശം ആണത് . കേന്ദ്ര ഫോറൻസിക്കിന്റെ റിപ്പോർട്ട് അതിജീവിതയ്ക്കോ പ്രോസിക്യൂഷനോ കിട്ടിയാൽ പ്രതിരോധം സൃഷ്ടിക്കാനുള്ള പ്രതിയുടെ അവസരം നഷ്‌ടമാകുമല്ലോ. അപ്പോൾ ഹാഷ് വാല്യു മാറിയ കാര്യം കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ?

ഉത്തരം: ഹാഷ് വാല്യു മാറിയ കാര്യത്തിൽ അന്വേഷണം നടത്തി മജിസ്ട്രേറ്റിന്റെയും ജഡ്ജിമാരുടെയും ചേമ്പറിൽ വെച്ചാണ് അനധികൃത ഉപയോഗം നടന്നത് എന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിച്ചില്ലായിരുന്നു എങ്കിൽ, ഫോറൻസിക് ലാബിൽ നേരത്തെ നൽകിയ ക്ലോൺഡ് കോപ്പിയുടെ പകർപ്പ് ലഭ്യമാക്കി വിചാരണ മുന്നോട്ടു കൊണ്ടുപോയില്ലായിരുന്നു എങ്കിൽ കേസിലെ ഏക തെളിവിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു എന്ന് വിലയിരുത്തി പ്രതികളെ വെറുതെ വിടാമായിരുന്നു.

ചോദ്യം: ഹാഷ് വാല്യു മാറിയ വിവരം കോടതി മുഖാന്തിരമല്ലേ പൊലീസ് അറിഞ്ഞത്?

ഉത്തരം: അല്ല. എഫ്എസ്എൽ അയച്ച റിപ്പോർട്ട് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചില്ല. പിന്നീട് പൊലീസ് സ്വമേധയാ അറിഞ്ഞപ്പോൾ കോടതിയിൽ നിന്ന് അത് വാങ്ങി . ദൃശ്യങ്ങൾ ചോർന്നോ എന്ന് അന്വേഷിക്കാൻ എഫ്എസ്എൽ പരിശോധന ആവശ്യപ്പെട്ടുള്ള ഫോർവേഡ് നോട്ട് വിചാരണക്കോടതി തള്ളി . പിന്നീട് ഹൈക്കോടതിയാണ് എഫ് എസ് എൽ പരിശോധന വേണമെന്ന പ്രോസികൃഷൻ അപേക്ഷ അംഗീകരിച്ചത്.

ഏറ്റവും അപകടകരമായ വസ്തു‌ത സ്വാഭാവികം എന്നോണം ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നില്ലെങ്കിൽ വീണ്ടും വീണ്ടും ദൃശ്യങ്ങൾ എടുക്കേണ്ടി വരും എന്നുപറഞ്ഞ് പെൺകുട്ടിയെ ബലാൽക്കാരം ചെയ്തെടുപ്പിച്ച ഈ ദൃശ്യങ്ങൾ ഇപ്പോഴും പ്രതികളുടെ കയ്യിൽ ഉണ്ട് എന്നതാണ്. അത് കോടതി മുറിയിൽ നിന്നാണ് കളവുപോയിരിക്കുന്നത് . ഹൈക്കോടതി കണ്ടെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌ത വിഷയത്തിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടുമില്ല. നടിയെ ആക്രമിച്ച കേസിൽ നമുക്ക് മേൽക്കോടതികളെ ആശ്രയിക്കാം . ദൃശ്യങ്ങൾ ചോർന്ന വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കി രക്ഷപ്പെടാൻ അനുവദിക്കില്ല . ദൃശ്യങ്ങൾ ചോർത്തിയത് ആർക്കുവേണ്ടി, എന്തിനു വേണ്ടി എന്ന് കോടതി കണ്ടെത്തിയേ തീരൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular