Monday, July 27, 2026

ad

Homeകവര്‍സ്റ്റോറികോടതികളിൽ നിന്ന് 
നീതി അകലെ

കോടതികളിൽ നിന്ന് 
നീതി അകലെ

കുറച്ചുനാൾ മുൻപ് ഒരു ഫേസ്ബുക്ക് കുറിപ്പിൽ ‘മാനഭംഗം’ എന്ന വാക്ക് ഞാൻ ഉപയോഗിച്ചതു കണ്ട് ഒരു പഴയ സഹപ്രവർത്തക സന്ദേശമയച്ചു: അത് തെറ്റായ പ്രയോഗമാണ്. ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.

ഉപയോഗിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുള്ളതാണ്; പക്ഷേ ആ വാക്ക് ഇപ്പോഴും എന്റെ ഭാഷയിൽ, അതുകൊണ്ടുതന്നെ എന്റെ ചിന്തയിലും, എവിടെയോ നിലനിൽക്കുന്നുണ്ട്. സ്ത്രീ എന്ന മനുഷ്യരൂപത്തിനുമേൽ പുരുഷൻ നടത്തുന്ന കൊടിയ അതിക്രമത്തിന്റെ ഉത്തരവാദിത്തം സ്ത്രീയെത്തന്നെ ഏൽപ്പിക്കുന്ന, അതിന്റെ എല്ലാ അർഥത്തിലുമുള്ള– ശാരീരികവും മാനസികവും സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതവും സ്ത്രീ തന്നെ ഏൽക്കേണ്ടിവരുന്ന ഒരു സാമൂഹ്യക്രമത്തിന്റെയും അത് പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഒരു കാലത്തിന്റെയും സാക്ഷ്യപത്രംപോലെ അതവിടെ കിടക്കുന്നുണ്ട്. ഒരു ക്രിമിനൽകുറ്റത്തെ ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന പ്രയോഗം മറ്റേതെങ്കിലും ഭാഷയിലുണ്ടോ എന്നറിയില്ല. ചിന്തയും ഭാഷയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം ആലോചിക്കുമ്പോൾ ഉണ്ടാകാവുന്നതാണ്, ആ ചിന്ത ഭരിക്കുന്ന നാടുകൾ കുറവല്ലല്ലോ.

പക്ഷേ കഴിഞ്ഞ പത്തുകൊല്ലത്തിനിടയിൽ ആ വാക്ക് നമ്മുടെ ഭാഷയിൽ, നമ്മുടെ സജീവ ഉപയോഗത്തിൽനിന്നു മാഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിന്റെ വിവക്ഷകൾ അത്രതന്നെ കണ്ട് മാഞ്ഞിട്ടില്ലെങ്കിലും. ‘ബലാത്സംഗം’ എന്ന ശരിയായ വാക്കുതന്നെ പ്രയോഗത്തിലായി.

മാഞ്ഞുതുടങ്ങിയത് വെറുതെയല്ല; ലിംഗനീതിയെക്കുറിച്ചു നമ്മുടെ സമൂഹം ഏതാനും പതിറ്റാണ്ടുകളായി നടത്തിയ വളരെ വലിയ സമരങ്ങളുടെയും ലോകമെങ്ങും ആ ദിശയിൽ നടന്ന വലിയ മുന്നേറ്റങ്ങൾ അവയ്ക്കൊപ്പം ചേർന്നതിന്റെയും ഫലമായാണ് ആ മുന്നേറ്റമുണ്ടായത്. അത്തരമൊരു സമരത്തിനും അതു മുന്നോട്ടുവയ്ക്കുന്ന ലിംഗനീതി എന്ന ആശയത്തിനും വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിയിരുന്നു എന്നതാണ് വാസ്തവം.

പക്ഷേ യാത്ര നേർരേഖയിലാണോ പോകുന്നത് എന്ന സംശയം അടുത്ത കാലത്തുണ്ടാകുന്നു എന്നാണ് എന്റെ നിരീക്ഷണം. രണ്ടു മനുഷ്യർ അടിസ്‌ഥാനപരമായി തുല്യരാണ് എന്ന ചിന്ത നമ്മളെ ഭരിക്കുകയും അതിനനുസരിച്ചുള്ള രാഷ്ട്രീയം പ്രാമുഖ്യം നേടുകയും ചെയ്ത ഒരു നൂറ്റാണ്ട് നമ്മെ കടന്നുപോയിരിക്കുന്നു എന്ന സംശയം ഉളവാക്കത്തക്ക തരത്തിലുള്ള ചലനങ്ങൾ സമൂഹത്തിൽ കണ്ടുതുടങ്ങിയിരിക്കുന്നു. മനുഷ്യനാകാനും മെച്ചപ്പെട്ട മനുഷ്യനാകാനും അവനവനോടുതന്നെയും സമൂഹത്തോടും യുദ്ധം ചെയ്ത, പരസ്പരം തിരുത്താനും തിരുത്തി മെച്ചപ്പെടാനും മനസ്സുണ്ടായിരുന്ന തലമുറകൾ കടന്നുപോയിരിക്കുന്നു; പകരം കൃത്രിമ സ്വത്വത്തിലേക്കു ചുരുങ്ങിപ്പോകുന്ന, അതിലുറച്ചു സന്തോഷിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നു. മനുഷ്യൻ എന്ന ഏകകത്തിനു മെല്ലെ പ്രഭകെടുന്നു. “അതിലൊരു മര്യാദകേടുണ്ട്’ എന്ന് അന്നുവരെ തോന്നാതിരുന്ന ആളുകൾക്കുകൂടി അങ്ങനെയല്ലല്ലോ കാര്യങ്ങൾ എന്നു തോന്നുക എന്നത് ഒരു പ്രധാന നാഴികക്കല്ലാണ്. അത് കടന്നുകഴിഞ്ഞാൽ മുന്നോട്ടുപോകണോ തിരിഞ്ഞുനടക്കണോ എന്ന സന്ദേഹികളുടെ കാലമാണിത്.

“ചെളികണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും’ ചെയ്യുന്ന പുരുഷനോട് അതൊക്കെ വഴിയിൽ മതി, സ്ത്രീകളുടെമേൽ വേണ്ട എന്നൊരു ചിന്തയിലേക്ക് ആൺപെൺ വ്യത്യാസമില്ലാതെ ആളുകൾ ഉയർന്ന ഒരു നാടാണ് നമ്മുടേത്. സമൂഹം രേഖീയമായാണ് പ്രയാണം ചെയ്യുന്നതെങ്കിൽ മനുഷ്യത്വവിരുദ്ധമായ ആ വാക്കും അത് പ്രതിനിധാനം ചെയ്യുന്ന ചിന്തയും ഒരു വേള ഇതിനകം അസ്തമിച്ചുപോയേനെ.

പക്ഷേ അങ്ങനെയല്ലല്ലോ സമൂഹത്തിന്റെ ഗതി.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൊണ്ടു നേടിയ സാമൂഹിക, -രാഷ്ട്രീയ പുരോഗതിയുടെ ദിശ തെല്ലെങ്കിലും മാറുന്നതിന്റെയും ഒരു തിരിച്ചുപോക്കിനു സമൂഹം തയ്യാറെടുക്കുന്നതിന്റെയും ലക്ഷണങ്ങൾ കേരളം അടുത്തകാലത്തായി കാണിച്ചു തുടങ്ങിയിട്ടുണ്ട്.

ലിംഗനീതിയെക്കുറിച്ചുള്ള സങ്കൽപ്പനങ്ങളും അതിൽപ്പെടുന്നു.

അടുത്തകാലത്തു ചർച്ചാവിഷയമായ രണ്ടു ബലാത്സംഗക്കേസുകളെപ്പറ്റി പൊതുസമൂഹത്തിൽ നിന്നും കേട്ട ചില പ്രതികരണങ്ങളും, കോടതിമുറികളിൽനിന്നുമുണ്ടായ ചില വിധിന്യായങ്ങളും പരാമർശങ്ങളും ഈ തിരിച്ചുപോക്കിനെപ്പറ്റിയുള്ള ആശങ്ക ബലപ്പെടുത്തുന്നതാണ്.

നിയമങ്ങൾ മിക്കവാറും എല്ലാക്കാലത്തേക്കുമുള്ളതാണ്, അവയുടെ വ്യാഖ്യാനങ്ങൾ കാലത്തിനനുസരിച്ചു മാറുമ്പോഴും. വ്യാഖ്യാനങ്ങൾ പോരാ എന്നു വരുമ്പോഴാണ് നിയമങ്ങളും മാറുക. ജീവിക്കാനുള്ള അവകാശം എന്ന് ഭരണഘടന നിശ്ചയിക്കുന്നു; അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്ന് കോടതികൾ അതിനെ വ്യാഖ്യാനിക്കുമ്പോൾ ആരോഗ്യവും വിദ്യാഭ്യാസവും സ്വകാര്യതയുമൊക്കെ മൗലികാവകാശമായി മാറുകയാണ്.

അത്തരം നീതിബോധം കോടതികൾ പ്രകടിപ്പിക്കുകയും മെച്ചപ്പെട്ട വ്യാഖ്യാനങ്ങളും ധാരണകളും സമൂഹത്തിനു കൊടുക്കുകയും ചെയ്യുമ്പോൾ നമ്മൾ മുന്നോട്ടു ചലിക്കുന്ന ഒരു നാടായി മാറുന്നു; എന്നാൽ നിയമത്തിന്റെ യാന്ത്രികതയിലേക്കു കോടതികൾ ചുരുങ്ങുമ്പോൾ അത് മറ്റൊരു വഴിയ്ക്കുള്ള യാത്രയ്ക്കുള്ള പ്രേരണയാകുന്നു.

അതുകൊണ്ടുതന്നെ സമാനതകളില്ലാത്ത ലൈംഗികാതിക്രമത്തിന് മലയാളത്തിലെ ഒരു നടിയെ ഇരയാക്കിയ കേസിൽ കോടതി വിധിയും നിലപാടുകളും ലിംഗനീതി എന്ന സങ്കല്പനത്തെ എത്രകണ്ട് സഹായിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. നടിയായതുകൊണ്ട് അവർ പ്രത്യേക നീതിക്ക് അർഹയാണ് എന്നല്ല; എന്നാൽ അവർക്കെതിരായി സമൂഹത്തിന്റെ കണ്മുന്നിൽ നടന്ന അക്രമത്തിൽപ്പോലും നീതി, പൂർണമായി നടപ്പാക്കപ്പെടുന്നില്ല എന്ന തോന്നൽ സമൂഹത്തിൽ നിലനിൽക്കുന്നത് എത്രത്തോളം ഗുണകരമാകും എന്നത് നമ്മൾ ആലോചിക്കുകതന്നെ വേണം.

ക്രിമിനൽ കുറ്റത്തിൽ നേരിട്ടുപങ്കെടുത്ത ആറു പേരെ ശിക്ഷിച്ച കോടതി ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട മലയാളത്തിലെ മുൻനിര നടൻ ദിലീപിനെയും മറ്റു പ്രതികളെയും വെറുതെവിട്ടു. അവർക്കു ഗൂഢാലോചനയിൽ പങ്കുണ്ട് എന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ കോടതിയ്ക്കുമുന്പിൽ എത്തിയില്ലയെന്നും എത്തിയ തെളിവുകളും മൊഴികളും വസ്തുതകളും ആവശ്യമായ അളവിൽ വിശ്വസനീയമല്ല എന്നുമായിരുന്നു കോടതിയുടെ നിലപാട്.

ഒരു സംഭവത്തെക്കുറിച്ച്- മുൻപിൽ വരുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ്‌ കോടതികൾ അവയുടെ അഭിപ്രായം രൂപപ്പെടുത്തുകയും അത് വിധിന്യായമായി പുറത്തുവരികയും ചെയ്യുന്നത്. അതിൽ നമുക്ക് കോടതികളോട് കലഹിക്കേണ്ട കാര്യമില്ല. എങ്കിലും നാട്ടിലെ മുഴുവൻ മനുഷ്യരെയും ആശങ്കയിലാഴ്ത്തിയ ഒരു സംഭവത്തിൽ പകുതിമാത്രം വെന്ത ഒരു തീരുമാനത്തിലെത്താൻ കോടതിക്കും കഴിയുകയില്ലല്ലോ.

സിനിമാ സെറ്റുകളിൽ സാധാരണ പണികൾ ചെയ്തുനടന്നിരുന്ന ഒരാളും അയാളുടെ കൂട്ടാളികളും ചേർന്ന് മലയാളത്തിലെ ഒരു മുൻനിര നടിയെ ഒരു പ്രധാന നഗരത്തിലെ പ്രധാന നിരത്തിൽ ഓടുന്ന വാഹനത്തിൽ വെച്ച്- ബലാത്സംഗം ചെയ്യുക എന്നത് സാധാരണഗതിയിൽ അസംഭവ്യമായ കാര്യമാണ്. അതിന്റെ പിറകിൽ ഒരു ഗൂഢാലോചനയുണ്ടാകണം എന്നത് മനുഷ്യർ സാധാരണഗതിയിൽ ആലോചിച്ചുപോകും. എന്നാൽ വിധിന്യായം കുറ്റകൃത്യത്തെ മാത്രം കാണുകയും അതിനു പിന്നിൽ നടന്ന സംഭവത്തെ സമൂഹത്തിനു മുൻപിൽ അനാവരണം ചെയ്യാനുള്ള ശ്രമം നടത്താതിരിക്കുകയും ചെയ്യുന്നതാണ് അമ്പരപ്പിക്കുന്നത്.

സംഭവത്തിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ട് എന്നു വിശ്വസിക്കാൻ അതിജീവിതയ്ക്കും സമൂഹത്തിനും തങ്ങളുടേതായ ന്യായങ്ങളുണ്ട്. അതിന്റെ പിറകിൽ അവർ ചൂണ്ടിക്കാണിക്കുന്ന ആൾതന്നെ ആയിരിക്കണം എന്നില്ല. എന്നാൽ അങ്ങിനെ വരുമ്പോൾ ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു തീരുമാനം കോടതിയിൽ നിന്നുണ്ടാവണം. വേണമെങ്കിൽ ഇല്ല എന്ന് കോടതിക്ക് പറയാവുന്നതാണ്. ഉണ്ടെങ്കിൽ ആരാണെന്നു കണ്ടെത്തേണ്ടതാണ്. കണ്ടെത്താൻ പറ്റിയില്ലെങ്കിൽ കണ്ടെത്തണം എന്ന് ഭരണകൂടത്തിനും അതിന്റെ ഏജൻസികൾക്കും നിർദേശം കൊടുക്കാവുന്നതാണ്. ഇതു രണ്ടും ചെയ്യാതെ പകുതി മാത്രം തീരുമാനമെടുത്തു ഒടുങ്ങിപ്പോകേണ്ട കേസല്ല ഇത്. മറിച്ച്, വസ്തുതകൾ അവസാനം വരെ തേടിപ്പോയി കണ്ടെടുക്കേണ്ട കാര്യമാണ്.

ഇരയാക്കപ്പെട്ട നടിയോട് വിചാരണ വേളയിൽ കോടതി അങ്ങേയറ്റം അസഹിഷ്ണുതാപരമായ നിലപാടാണ് സ്വീകരിച്ചത് എന്നതിന് തെളിവുകൾ ധാരാളമുണ്ട്. രണ്ടു പ്രോസിക്യൂട്ടർമാർ രാജിവച്ചുപോവുകയും ജഡ്ജിയുടെ നിലപാടിലെ അനീതി ചൂണ്ടിക്കാട്ടി മറ്റൊരു ജഡ്ജിയുടെ കോടതിയിലേക്ക് കേസ് മാറ്റണമെന്നു നടിയും സംസ്‌ഥാന സർക്കാർ തന്നെയും ആവശ്യപ്പെടുന്ന അവസ്‌ഥയുമുണ്ടായിട്ടുണ്ട്; ഉയർന്ന കോടതികൾ അത് സമ്മതിച്ചില്ലെങ്കിലും.

കോടതി മുന്നോട്ടുവയ്ക്കുന്ന ഒരു വാദം ഈ ലേഖകൻ അംഗീകരിക്കുന്നു: ജനക്കൂട്ടത്തിന്റെ ആവശ്യപ്രകാരം വിധിയെഴുതാനാവില്ല, മുൻപിൽ വരുന്ന വസ്തുതകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ കോടതിക്ക് ഒരു തീരുമാനത്തിലെത്താനാകൂ. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഇന്ത്യയിൽ കോടതിവിധികളുണ്ടായിട്ടുണ്ട്; അവ ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട്- അത്തരമൊരു കാര്യം ചെയ്യില്ല എന്ന നിലപാട് കോടതി എടുത്തത് ശ്ലാഘിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

അപ്പോഴും, പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ടതില്ലെങ്കിലും നീതി നടന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. നിയമവാഴ്ചയും നീതിബോധവും സംസ്കാരത്തിന്റെ ലക്ഷണങ്ങളാണ്. അത് പൗരബോധത്തിന്റെ അടയാളം കൂടിയാണ്. അതുണ്ടാവുക എന്നത് നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്; അത് നിലനിർത്താൻ വളരെ സൂക്ഷിച്ചുള്ള ഇടപെടലുകൾ ആവശ്യമാണ്. നിയമത്തെ അതിന്റെ വിധിയ്ക്കു വിട്ടിട്ടു മനുഷ്യർ നിയമം കയ്യാളാൻ തുടങ്ങുന്നത് ആശാസ്യമായ കാര്യമല്ല.

അതുകൊണ്ടുതന്നെ നീതി നടന്നു എന്ന് ആളുകൾക്ക് ബോധ്യം വരേണ്ടതുണ്ട്.

നടിയെ ആക്രമിച്ചതിനുപിന്നിൽ ഒരു ഗൂഢാലോചനയുണ്ട് എന്ന് സാമാന്യബോധമുള്ള മനുഷ്യർ വിശ്വസിക്കുന്നുണ്ട്; അതിന്റെ പിന്നിൽ ദിലീപാണ്‌ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. ഈ രണ്ടു കാര്യത്തിലും മനുഷ്യർക്ക് ബോധ്യപ്പെടുന്ന ഒരു തീരുമാനത്തിലെത്തുന്നതിൽ കോടതി പരാജയപ്പെട്ടു എന്ന് കരുതണം. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി അവഗണിച്ചു എ‌ന്ന ആരോപണമുണ്ട്; അതുപക്ഷേ മേൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാൽ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ കോടതിയ്ക്ക് കഴിയുമെന്നില്ലെങ്കിൽ അതിലൊരു പ്രശ്നമുണ്ട്. ഇതിന്റെ വേര് കണ്ടെത്താൻ, എവിടംവരെ പോകണമോ അവിടംവരെ പോകാൻ അന്വേഷണ ഏജൻസിയോട് പറയാനുള്ള ഉത്തരവാദിത്തമെങ്കിലും കോടതി കാണിക്കേണ്ടതായിരുന്നു.

“ഞാൻ നിയമത്തിൽ അഭയം തേടിയതാണ് എന്റെ തെറ്റ്’ എന്ന് കേരളത്തിൽ ഇക്കാലത്ത് ഒരു സ്ത്രീ പറയുന്നുവെങ്കിൽ, നമ്മുടെ നീതിനിർവഹണ സംവിധാനത്തിന് ഗുരുതരമായ എന്തോ കുഴപ്പമുണ്ട് എന്ന് നമ്മൾ അനുമാനിക്കേണ്ടിയിരിക്കുന്നു.

ഇതുപോലെതന്നെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനുനേരെ ഉയർന്ന ബലാത്സംഗ പരാതികളിൽ ഒന്നിൽ തിരുവനന്തപുരത്തെ ഒരു സെഷൻസ് കോടതി എടുത്ത നിലപാടും. കൃത്യമായ പരാതിയും മൊഴികളും ഉണ്ടായിട്ടും ക്രൂരമായ ലൈംഗിക ആക്രമണത്തിന്റെ പശ്ചാത്തലമുണ്ടായിട്ടും വിചിത്രമായ ചോദ്യങ്ങളും നിലപാടുകളുംകൊണ്ട് കോടതി ചെറുപ്രായമുള്ള ഇരയുടെ നേരെ തിരിയുകയാണുണ്ടായത്.

മുൻ‌കൂർ ജാമ്യം കൊടുക്കുന്ന കാര്യത്തിൽ കോടതിയുടെ വിവേചനാധികാരം അംഗീകരിക്കുന്നവർ പോലും കോടതി അതിനായി മുന്നോട്ടുവച്ച വാദങ്ങൾ കേട്ട് തല മരവിച്ചുനിന്നു. പരാതി കൊടുക്കാനുണ്ടായ കാലതാമസം ഒരു പ്രധാന കാരണമായിത്തന്നെ കോടതി കണക്കാക്കി. ഈ വർഷം മാർച്ചിൽ നടന്ന കുറ്റകൃത്യത്തെപ്പറ്റി ഡിസംബറിലാണ് പരാതി വന്നതെന്നാണ് പ്രധാന വിഷയമായി കോടതി ചൂണ്ടിക്കാണിക്കുന്നത്.

എത്രത്തോളം യാന്ത്രികമായാണ് നമ്മുടെ നീതിന്യായസംവിധാനം വിഷയങ്ങളെ സമീപിക്കുന്നത് എന്നത് നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന കാര്യമാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സംസ്‌ഥാനത്തെ അതിശക്തനായ ഒരു രാഷ്ട്രീയ നേതാവിനെതിരെയാണ് ആരോപണം എന്നോർക്കുക. കാര്യമായ രാഷ്ട്രീയ പ്രവർത്തന ചരിത്രം ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും കോൺഗ്രസിന്റെ പോഷകസംഘടനയുടെ കേരളത്തിലെ അധ്യക്ഷനായി മാറിയ ഒരാളെപ്പറ്റിയാണ് ആരോപണമുന്നയിക്കുന്നത്. അതു മാറ്റിവച്ചാലും കേരളത്തിലെ 140 എം എൽ എ മാരിൽ ഒരാളാണ് അയാൾ എന്ന കാര്യം കോടതിയുടെ കണ്ണിൽപ്പെട്ടില്ല. അധികാരസമവാക്യങ്ങളിൽ യാതൊരു താരതമ്യവുമില്ലാത്ത രണ്ടു പേർ അതീവ ഗുരുതരമായ കുറ്റകൃത്യത്തിന്റെ രണ്ടു തലയ്ക്കൽ നിൽക്കുമ്പോൾ കാണിക്കേണ്ട പ്രാഥമിക നീതിബോധം കാണിക്കാൻ കോടതി തയ്യാറായില്ല എന്നുനാം കാണണം.

ലൈംഗികാതിക്രമക്കേസുകളിൽ ഇരയും ആക്രമണകാരിയും തമ്മിലുള്ള അധികാര ബന്ധം നിയമത്തിൽത്തന്നെ ഒരു വിഷയമാണ്. അധികാരത്തിൽ ഉയർന്ന പദവിയുള്ള ആൾ താഴെയുള്ള ആൾക്കുനേരെ നടത്തുന്ന ലൈംഗികാതിക്രമം വേറെതന്നെ ആയി നിയമം കണക്കാക്കുന്നു. അതിനർത്ഥം ഈ കേസിലെ അധികാര ബലാബലം കണക്കിലെടുക്കാൻ നിയമപരമായി ബാധ്യതയുള്ള കോടതിയാണ് അക്കാര്യത്തിൽ കണ്ണുകെട്ടി നിന്നത എന്നാണ്. അയാൾക്കെതിരെ മറ്റാളുകൾ പരാതി ഉന്നയിക്കുകയും സമൂഹം അത് ഗൗരവമായി എടുക്കുകയും ചെയ്തപ്പോൾ മാത്രമാണ് ശാക്തിക ബലാബലത്തിന്റെ സമവാക്യങ്ങളെ ഖണ്ഡിക്കാനും കണ്ടില്ലെന്നു ഭാവിക്കാനുമൊക്കെയുള്ള ധൈര്യം ഈ പെൺകുട്ടിക്ക് ലഭിച്ചത് എന്ന വസ്തുതയ്ക്കുനേരെ കോടതിക്ക് എങ്ങനെ കണ്ണടയ്ക്കാൻ കഴിയും; കാലതാമസത്തിന് എങ്ങനെ പെൺകുട്ടിയെ കുറ്റപ്പെടുത്താനാകും, അതിന്റെ പേരിൽ കുറ്റാരോപിതനായ എംഎൽഎയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നല്കാൻ കഴിയും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകും.

ബലാത്സംഗക്കേസുകളിൽ കുറ്റാരോപിതയുടെ മൊഴിയ്ക്കു വലിയ പ്രാധാന്യം നമ്മുടെ നിയമം നൽകുന്നുണ്ട്. അതിന്റെ കാരണം അത്തരമൊരു ആരോപണം വ്യാജമായി ഉന്നയിക്കാൻ നമ്മുടെ സാമൂഹ്യസാഹചര്യങ്ങളിൽ ഒരു സ്ത്രീ തയ്യാറാവുകയില്ല എന്ന സമൂഹത്തിന്റെയും നിയമനിർമ്മാണസഭയുടെയും ബോധ്യമാണ്. എല്ലാ നിയമങ്ങളുടെയും കാര്യത്തിൽ എന്നതുപോലെ ഇവയുടെയും ദുരുപയോഗം ഉണ്ടായിരിക്കാം. അത് തിരിച്ചറിയുകയാണല്ലോ കോടതിയുടെ ജോലി. അവിടെ നിയമത്തിന്റെ ആനുകൂല്യങ്ങളെല്ലാം കുറ്റാരോപിതനു നൽകാൻ കോടതി തയ്യാറായി എന്നതാണ് വസ്തുത.

ഒരു വിചാരണക്കോടതി ഒരിക്കലും പരിഗണിക്കരുതാത്ത രീതിയിലാണ് കോടതി കേസുമായി ബന്ധപ്പെട്ട മൊഴികൾ പരിഗണിക്കുകയും അവയിലെ വൈരുധ്യങ്ങളുടെമേൽ വിധി കെട്ടിപ്പൊക്കുകയും ചെയ്തിട്ടുള്ളത്. കുറ്റകൃത്യം തെളിയിക്കാനാവശ്യമായ ചേരുവകൾ ഇതുവരെ ലഭ്യമായ മൊഴികളിലും അന്വേഷണങ്ങളിലും കണ്ടെത്താനായിട്ടില്ല എന്നുംകൂടി കോടതി പറഞ്ഞുകളഞ്ഞു. അതിനാവശ്യമായ അന്വേഷണമാണ് ഇനി നടക്കേണ്ടത് എന്നതാണ് യഥാർത്ഥ വസ്തുത.

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനുമേൽ നടത്താൻ സാധ്യതയില്ലാത്ത ശാരീരിക-ലൈംഗികാക്രമണം ഒരു രാഷ്ട്രീയ നേതാവും നിയമനിർമാണ സഭയിലെ അംഗവുമായ ഒരാൾ യാതൊരു വക പ്രത്യേകാവകാശങ്ങളും പിന്തുണയുമില്ലാത്ത ഒരു പെൺകുട്ടിയുടെ നേരെ നടത്തി എന്ന പരാതിയിലാണ് കോടതി ഇത്തരമൊരു നിലപാടിലെത്തിയത് എന്നത് തീർത്തും അസ്വസ്‌ഥതപ്പെടുത്തുന്ന കാര്യമാണ്.

കേരളത്തിന്റെ പുരോഗമന രാഷ്ട്രീയം വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. മനുഷ്യർ ജാതിയിലേക്കും മതത്തിലേക്കുമൊക്കെ ചുരുങ്ങാനുള്ള വ്യഗ്രത കൂടുതലായി കാണിക്കുന്നു; അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം പതിവിലധികം കൂടുന്നു. മനുഷ്യർ തമ്മിലുള്ള സാമ്പത്തിക സമത്വം എന്ന ആശയം മാത്രമല്ല, പണ്ടേ നമ്മൾ ഉറപ്പിച്ച സാമൂഹിക സമത്വം എന്ന ആശയംപോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ ചലനത്തിന്റെയൊക്കെ ഒരു സ്വാഭാവിക പ്രതിഫലനം ലിംഗനീതിയുടെ കാര്യത്തിലും ഉണ്ടാകാതിരിക്കുക വയ്യ. നമ്മൾ എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്നു വിചാരിച്ചിരുന്ന ‘ചെളിയിൽ ചവിട്ടുന്ന’ വർത്തമാനം തിരിച്ചുവന്നെന്നിരിക്കാം; ആണുങ്ങളുടെ ‘മിടുക്ക്’ പുനരവതരിച്ചേക്കാം, സ്ത്രീകൾ കുടുംബിനികളും കുലസ്ത്രീകളും പ്രസവയന്ത്രങ്ങളുമായി മാറുന്നതിന്റെ ഗുണത്തെപ്പറ്റിയുള്ള നെടുങ്കൻ സാഹിത്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. എന്തിനധികം, ‘മാനഭംഗം’ എന്ന പദപ്രയോഗം വീണ്ടും അവതരിച്ചേക്കാം, തിരുത്താൻ ധൈര്യപ്പെടുന്ന സുഹൃത്തുക്കളോ തിരുത്താൻ ബാധ്യതയുണ്ടെന്നു കരുതുന്ന എഴുത്തുകാരോ നിശ്ശബ്ദരായേക്കാം.

നീതിയുടെ പാത അങ്ങേയറ്റം ദുഷ്കരമാണ്; നമ്മൾ നിൽക്കുന്നത് ഒരു വഴിത്തിരിവിലുമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 1 =

Most Popular