നടി ആക്രമിക്കപ്പെട്ട കേസ്സിൽ 1512 പേജുള്ള ആർഗ്യുമെന്റ് നോട്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന്റെ കോടതിയിൽ സമർപ്പിച്ചത്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. അപകീർത്തികരമായ ചിത്രങ്ങൾ പെൻഡ്രൈവിൽ പകർത്തപ്പെട്ടു. ഇത് ക്വൊട്ടേഷനാണ് എന്നുപറഞ്ഞാണ് പ്രതി നടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ആ തുകയേക്കാൾ കൂടുതൽ താൻ തരാം , തന്നെ വെറുതെ വിടൂ എന്നു യാചിച്ചു പറഞ്ഞപ്പോൾ ക്വൊട്ടേഷൻ തന്നവരെ വഞ്ചിക്കാനാവില്ല എന്ന് അയാൾ പറഞ്ഞു. 2020 ജനുവരി 30 നാണ് കേസിൽ വിചാരണയാരംഭിച്ചത്. 727 ദിവസമാണ് കോടതി കേസ് പരിഗണിച്ചത്. 261 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ 833 രേഖകൾ കോടതിയിൽ സമർപ്പിച്ചു. 142 തൊണ്ടിമുതൽ ഹാജരാക്കി . സാക്ഷിവിസ്താരത്തിന് 438 ദിവസം എടുത്തു. മറ്റു നടപടികൾക്കായി 294 ദിവസമെടുത്തു. ചലച്ചിത്രതാരങ്ങളെയടക്കം വിസ്തരിച്ചു . 28 സാക്ഷികൾ കൂറുമാറി.
പ്രോസിക്യൂഷൻ സ്തുത്യർഹമായ വിധത്തിലാണ് ഈ കേസ്സു നടത്തിയത് . പ്രോസിക്യൂഷൻ പരാജയപ്പെട്ടോ എന്ന് ഈ കേസ്സ് മേൽക്കോടതിയിൽ അപ്പീൽ പോകുമ്പോൾ, അതിൽ വിധിവരുമ്പോൾ, വ്യക്തമാവും. ഞാൻ സസൂക്ഷ്മം പ്രോസിക്യൂഷന്റെ വാദമുഖങ്ങൾ നോക്കിയിരുന്നു. രണ്ട് പ്രോസിക്യൂട്ടർമാർക്ക് ഈ കേസിൽ രാജിവെക്കേണ്ടിവന്നു. എന്തു കൊണ്ട് ? സഹികെട്ടാണെന്ന് രാജിവെച്ച പ്രോസിക്യൂട്ടർമാർ പറഞ്ഞു. എങ്ങനെ അവർക്ക് സഹികെട്ടു? ആരാണ് സഹിക്കാനാവാത്തവിധത്തിൽ ആ പ്രോസിക്യൂട്ടർമാരെ സമ്മർദ്ദത്തിലാക്കിയത്? ആക്രമിക്കപ്പെട്ട നടിക്കും പലപ്പോഴും സഹികെട്ടോ? അവർക്കും കോടതിയിൽനിന്ന് ഇറങ്ങിയോടേണ്ടിവന്നതെന്തുകൊണ്ട്?
അവസാനം എന്റെ കൂടി പ്രേരണകൊണ്ടാണ് കേരളത്തിലെ പ്രസിദ്ധ വക്കീലായ അഡ്വ. വി അജകുമാർ ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായത് . എന്റെ വീട്ടിൽ അഡ്വ. വി അജകുമാറും ഭാഗ്യലക്ഷ്മിയും അഞ്ജുവും ചേർന്ന് ഈ കേസിനെപ്പറ്റി വിശദമായി ചർച്ചചെയ്തു. അഡ്വ. വി അജകുമാർ എന്നോടും പറഞ്ഞിരുന്നു തനിക്കും പലപ്രാവശ്യം സഹികെടുന്ന സ്ഥിതിയുണ്ടായെന്ന്. പ്രോസിക്യൂഷനേക്കാൾ ശക്തരായവർ പ്രതികളോടൊപ്പമായിരുന്നോ? അങ്ങനെയും കേട്ടിരുന്നു. ചിലതൊക്കെ ഞാനും കണ്ടു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ വി അജകുമാറിനെ സഹായിച്ചു.
ഈ കേസിന് എന്താണ് സംഭവിച്ചത്? ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമുണ്ടാകത്തക്ക വിധത്തിൽ ആരെങ്കിലും പ്രവർത്തിച്ചോ ? പ്രവർത്തിച്ചു. ഡിസംബർ രണ്ടിന്, ഡിസംബർ എട്ടാംതീയതി പുറപ്പെടുവിക്കാൻ പോകുന്ന ഈ കേസ്സിന്റെ വിധിയെപ്പറ്റി ‘ഒരു പൗരൻ’ എഴുതിയ കത്തു കണ്ടു. ഈ കത്ത് കേരള ബാർകൗൺസിൽ പ്രസിഡന്റ് ഒരു കവറിങ് ലെറ്റർ സഹിതം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സിന്റെ ശ്രദ്ധയിൽപെടുത്തിയ രീതിയിലായിരുന്നു എനിക്ക് ലഭിച്ച മെസേജ് . ഡിസംബർ 8 ന് പുറപ്പെടുവിക്കാൻ പോകുന്ന വിധി ഈ രീതിയിലാവും എന്ന് ‘ ഒരു പൗരന്റെ’ കത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. വരവണ്ണം വ്യത്യാസമില്ലാതെ അങ്ങനെയാണ് സംഭവിച്ചത്. ഇത് ശരിയാണെങ്കിൽ ജുഡീഷ്യറിക്ക് അതിലൂടെ തീരാക്കളങ്കമാണ് സംഭവിച്ചിരിക്കുന്നത്.
ആറു പതിറ്റാണ്ട് ജുഡീഷ്യറിയിൽ വിശ്വാസം പുലർത്തിയിരുന്ന ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. കേരള ഹൈക്കോടതിയിൽ മൂന്ന് ജഡ്‌ജിമാർ, —-എം എസ് മേനോൻ, പി ടി രാമൻനായർ, വരദാചാരി — എന്നിവരുടെ കോടതികളിൽ, കോടതിയുടെ പുറത്തുനിന്ന് കേസു കേൾക്കുന്ന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു അന്നു ഞാൻ . പിന്നീട് ബാലഗംഗാധരമാരാർ ഹൈക്കോടതിയിൽ ജഡ്ജിയായി വന്നു. തൈക്കാട് സുബ്രഹ്‌മണ്യ അയ്യർ, ഈശ്വരയ്യർ, ടി സി എൻ മേനോൻ, സുബ്രഹ്മണ്യൻ പോറ്റി , നാരായണൻ പോറ്റി തുടങ്ങിയവർ കേസുകൾ വാദിക്കുന്നത് കേട്ടു. വളരെക്കാലത്തിനുശേഷം എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥിയായി. എൽഎൽബി പാസായി. എൽഎൽ എം പൂർത്തിയാക്കി. രാഷ്ട്രീയമായിവ്യക്തമായ കാഴ്ചപ്പാടും നിലപാടുമുണ്ടെങ്കിലും ഞാൻ ജുഡീഷ്യറിയെ അത്യധികം സ്നേഹിച്ചു ; ബഹുമാനിച്ചു. ആ ജുഡീഷ്യറിയുടെ കർമോന്മുഖത , സത്യസന്ധത, വിശ്വാസ്യത എന്നിവ ചോദ്യം ചെയ്യപ്പെടുമ്പോൾ സങ്കടം തോന്നുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് തനിക്കു ലഭിച്ച, കേരള ഹൈക്കോടതി ബാർ കൗൺസിൽ പ്രസിഡന്റ് അയച്ച കത്ത് സുവോമോട്ടോ കേസായി പരിഗണിച്ച് , ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കണമായിരുന്നു. അദ്ദേഹം അത് ചെയ്യുമെന്ന് കരുതുന്നു. അതോടൊപ്പം അതിജീവിതയുടെ കേസിൽ സർക്കാരിനും അതിജീവിതയ്ക്കും, മറ്റാരെങ്കിലും കക്ഷിചേരാനുണ്ടെങ്കിൽ അവർക്കും അവസരം കൊടുത്ത് , കഴിയുമെങ്കിൽ ചീഫ് ജസ്റ്റീസിന്റെ അദ്ധ്യക്ഷതയിലുള്ള പ്രത്യേക ബഞ്ചിൽ എല്ലാ വശങ്ങളും പരിഗണിച്ച്, ഈ കേസുകേൾക്കണം. മുഴുവൻ തെളിവുകളും സാക്ഷിമൊഴികളും വിചാരണക്കോടതിയുടെ പരിഗണനയിലെത്തിയോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിക്കപ്പെടണം.
അതുവരെ, ഞാൻ ഈ കേസ്സിലുണ്ടായ വിധിയെപ്പറ്റി, അതിന്റെ മെറിറ്റിനെപ്പറ്റി, ഒരക്ഷരം പറയാനുമുദ്ദേശിക്കുന്നില്ല.ആ വിധിന്യായം അപഗ്രഥിക്കാനുമുദ്ദേശിക്കുന്നില്ല. എനിക്ക് പറയാനുള്ളത് പലതും സമൂഹം പറഞ്ഞു കഴിഞ്ഞു. ആ നിലയ്ക്ക് ഇപ്പോൾ നിശ്ശബ്ദത പാലിക്കുകയാവും നന്ന് എന്ന് ഞാൻ കരുതുന്നു. l



