Sunday, July 26, 2026

ad

Homeകവര്‍സ്റ്റോറിഅതിജീവിതകൾ നേരിടുന്ന 
രണ്ടാംഘട്ട വേട്ടയാടൽ

അതിജീവിതകൾ നേരിടുന്ന 
രണ്ടാംഘട്ട വേട്ടയാടൽ

കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇന്ന് വലിയൊരു ചോദ്യചിഹ്നത്തിനു മുന്നിലാണ്. നിയമം എല്ലാവർക്കും തുല്യമാണെന്ന ഭരണഘടനാ തത്ത്വം പണവും പദവിയുമുള്ള പ്രതികൾക്കുമുന്നിൽ വഴിമാറുന്നുണ്ടോ? നീതിയുടെ അവസാന വാക്കായി നാം കാണുന്ന കോടതികൾ, സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും കാവലാളാകേണ്ടതിനു പകരം സാങ്കേതികതയുടെ പേരിൽ പ്രതികളെ സംരക്ഷിക്കുന്നുവോ എന്ന സംശയം പ്രബലമാവുകയാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണവേളയിലും വിധികളിലും കണ്ടുവന്ന പല നിരീക്ഷണങ്ങളും, നിയമസഭാംഗങ്ങൾ പ്രതികളായ കേസുകളിലെ സമീപനങ്ങളും വിരൽചൂണ്ടുന്നത് നീതിപീഠങ്ങളിൽ ഇന്നും നിലനിൽക്കുന്ന പുരുഷാധിപത്യ ചിന്താഗതിയിലേക്കും ലിംഗനീതിയുടെ അഭാവത്തിലേക്കുമാണ്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയിലുടനീളം കണ്ടത് അതിജീവിതയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യംചെയ്യുന്ന രീതിയാണ്. അതിന് വിചാരണക്കോടതി കൂട്ടുനിന്നു എന്നാണ് അതിജീവിതയും അവരുടെ അഭിഭാഷകരുമടക്കം ആരോപിച്ചത്. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ അവളുടെ മൊഴികളിലെ ചെറിയ വൈരുദ്ധ്യങ്ങൾപോലും പ്രതിഭാഗം ആഘോഷമാക്കുന്നു. സുപ്രീം കോടതിയുടെ മുൻകാല വിധികൾ (ഉദാഹരണത്തിന് State of Punjab v. Gurmit Singh) വ്യക്തമാക്കുന്നത്, ബലാത്സംഗം പോലുള്ള കേസുകളിൽ ഇരയുടെ മൊഴിക്ക് വലിയ പ്രാധാന്യം നൽകണമെന്നാണ്. എന്നാൽ പ്രായോഗിക തലത്തിൽ, ഇരയെ ക്രൂശിക്കുന്ന ക്രോസ്-വിസ്താരങ്ങളാണ് പലപ്പോഴും അരങ്ങേറുന്നത്.

ബലാത്സംഗ കേസുകളിൽ ഇരയുടെ സാക്ഷ്യം വിശ്വസനീയവും സ്വാഭാവികവുമാണെങ്കിൽ കുറ്റവാളി എന്നു വിധിക്കാൻ അതു മാത്രം മതി എന്നാണ് മേൽ സൂചിപ്പിച്ച ലാൻഡ്മാർക്ക് സുപ്രീംകോടതി വിധിയിൽ പറയുന്നത്. കൊറോബറേഷൻ (മറ്റ് തെളിവുകൾ) ആവശ്യമില്ല. ഇരയെ “സാക്ഷികളിൽ ഏറ്റവും വിശ്വസനീയയായി” (most trustworthy witness) കണക്കാക്കണം, അവരുടെ സാക്ഷ്യത്തെ സംശയത്തോടെ കാണരുത് എന്നും അതിലുണ്ട്. ഒപ്പം മറ്റ് ചില നിർണായക നിരീക്ഷണങ്ങളും ഉണ്ട്. ബലാത്സംഗ പരാതികളിൽ കാലതാമസമെടുക്കുന്നത് സാധാരണമാണ്. കുടുംബത്തിന്റെ മാനം, സാമൂഹിക സ്റ്റിഗ്മ, ഭയം എന്നിവ കാരണം ഇരകൾ ഉടൻ പരാതി നൽകണമെന്നില്ല. ബലാത്സംഗ കേസുകൾ in camera (അടച്ചിട്ട മുറിയിൽ, പൊതുജനങ്ങൾ ഇല്ലാതെ) നടത്തണം, ഇരയുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കാൻ. ഇരയുടെ സ്വഭാവഹത്യ അനുവദിക്കരുത്. ട്രയൽ കോടതി ഇരയെ “loose morals ഉള്ള പെൺകുട്ടി” എന്ന് വിശേഷിപ്പിച്ചത് സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇരയോട് അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കരുത്; അത് ഇരയെ വീണ്ടും ട്രോമറ്റൈസ് ചെയ്യും, ബലാത്സംഗം ഇരയ്ക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്, ചെറിയ വൈരുദ്ധ്യങ്ങൾ (minor discrepancies) സാക്ഷ്യത്തെ തള്ളാൻ കാരണമാകരുത്; ഭയത്തിലും ട്രോമയിലും ആയിരുന്ന ഇരകൾക്ക് കൃത്യമായി ഓർമിക്കാൻ പ്രയാസമുണ്ടാകും എന്നൊക്കെ ആ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇങ്ങനെയൊരു സുപ്രീംകോടതി വിധി നിലവിലുള്ളപ്പോൾ കേരളത്തിൽ ഇപ്പോൾ സംഭവിച്ചത് എന്തൊക്കെയാണെന്ന് സ്കൂൾ കുട്ടികൾക്കുപോലും മനസ്സിലാവുന്ന കാര്യങ്ങളാണ്. ഉന്നതരായ വ്യക്തികൾ പ്രതിപ്പട്ടികയിൽ വരുമ്പോൾ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഇവിടെ ഏറുന്നു. നടിയുടെ കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടത് ഇതിനു തെളിവാണ്. നീതിപീഠത്തിന്റെ കസ്റ്റഡിയിലുള്ള തെളിവുകൾ പോലും സുരക്ഷിതമല്ല എന്ന സാഹചര്യം നീതിനിർവ്വഹണം എന്ന പ്രതീക്ഷയിൽ ഭയം കലർത്തുന്നു. പ്രതികൾക്ക് സമൂഹത്തിലുള്ള സ്വാധീനം വിചാരണയെ സ്വാധീനിക്കുന്നു എന്ന തോന്നൽ സാധാരണക്കാരിലുണ്ടാക്കുന്നത് നിയമവാഴ്ചയിലുള്ള വിശ്വാസം തകർക്കാൻ മാത്രമേ സഹായിക്കൂ.

ജനപ്രതിനിധികൾ പ്രതികളാകുന്ന കേസുകളിൽ നിയമം കൂടുതൽ കർക്കശമാകേണ്ടതുണ്ട്. എന്നാൽ മിക്കപ്പോഴും ‘രാഷ്ട്രീയ വേട്ടയാടൽ’ എന്ന ലേബലിൽ ഇവർ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇരകളായ സ്ത്രീകൾക്ക് നൽകേണ്ട സംരക്ഷണത്തേക്കാൾ വലിയ പ്രാധാന്യം പ്രതികളുടെ രാഷ്ട്രീയ ഭാവിക്കും പദവിക്കും നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. “നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്’ എന്ന തത്ത്വം ഇവിടെ ലംഘിക്കപ്പെടുന്നു.

പല വിധിന്യായങ്ങളിലും ‘സ്ത്രീ ഇങ്ങനെയൊക്കെ പെരുമാറണം’ എന്ന പുരുഷാധിപത്യ ചിന്താഗതി പ്രകടമാണ്. ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെട്ടാൽ അവൾ ഉടനടി തകർന്നുപോകണമെന്നും, സാധാരണ ജീവിതം നയിക്കാൻ പാടില്ലെന്നുമുള്ള മുൻധാരണകൾ കോടതികളിൽനിന്ന് ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. ഇത് വർഷങ്ങളായി സ്ത്രീമുന്നേറ്റങ്ങളിലൂടെ നേടിയെടുത്ത ലിംഗനീതിയെ പിന്നോട്ടടിക്കുന്നതാണ്.

ലൈംഗികാതിക്രമ കേസുകളിൽ പ്രതികൾ ഉന്നയിക്കുന്ന പ്രധാന വാദമാണ് ‘പരാതി നൽകാൻ വൈകി’ (Delay in filing FIR) എന്നത്. എന്നാൽ ഒരു സ്ത്രീ നേരിടുന്ന മാനസിക സംഘർഷവും സാമൂഹികമായ ഭയവും കോടതികൾ കണക്കിലെടുക്കണമെന്ന് നിയമം അനുശാസിക്കുന്നു. State of Himachal Pradesh v. Gian Chand ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്, “പരാതി നൽകാൻ വൈകി എന്ന കാരണത്താൽ മാത്രം അതിജീവിതയുടെ മൊഴിയെ സംശയിക്കരുത്’ എന്നാണ്. ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഒരു സ്ത്രീ ഇത്തരമൊരു പരാതിയുമായി മുന്നോട്ടുവരുന്നത് കുടുംബത്തിന്റെ അന്തസ്സും സ്വന്തം ഭാവിയും ഓർത്തുള്ള വലിയ ആശങ്കകൾക്ക് ശേഷമാണ്. ഈ കാലതാമസം സ്വാഭാവികമാണ്. എന്നാൽ സമീപകാലത്ത് പല കേസുകളിലും, പരാതി നൽകാൻ മാസങ്ങളോ വർഷങ്ങളോ എടുത്തു എന്ന സാങ്കേതികത്വം പറഞ്ഞ് പ്രതികൾക്ക് അനുകൂലമായ നിലപാടുകൾ ഉണ്ടാകുന്നത് നീതിനിഷേധമാണ്. എംഎൽഎ പ്രതിയായ കേസിൽ ഒരു വനിതാ ജഡ്ജിയുടെ കോടതിയിൽ നിന്നുപോലും സമാനമായ പരാമർശം ഉണ്ടായത് ഞെട്ടിച്ചു എന്നു പറയാതെ വയ്യ. അതും വിവാഹവാഗ്ദാനം നൽകി സ്വാധീനിക്കൽ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങി ഗുരുതരമായ അതിക്രമങ്ങൾ നടന്നു എന്നു പറയപ്പെടുന്ന കേസിൽ. അതിക്രമം നടന്നത് എന്നായാലും കുറ്റം കുറ്റം തന്നെയാണെന്ന ബോധ്യം നീതിപീഠങ്ങൾക്കുണ്ടാകണം.

ലൈംഗികാതിക്രമക്കേസുകളിൽ സ്വാധീനശക്തിയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെയും അതിജീവിതയുടെ സുരക്ഷയെയും ബാധിക്കുന്നതാണ്. ജാമ്യമനുവദിച്ചുകൊണ്ടുള്ള കോടതി പരാമർശങ്ങൾ പോലും ഇരയെ വീണ്ടും ഇരയാക്കുന്ന തരത്തിലുള്ളതായിരുന്നു. Aparna Bhat v. State of Madhya Pradesh (2021) എന്ന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്, ജാമ്യം അനുവദിക്കുമ്പോൾ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള നിബന്ധനയോ നിരീക്ഷണമോ പാടില്ലെന്നാണ്.

കോടതികൾ വെറും നിയമപുസ്തകങ്ങൾ മാത്രമല്ല, അവ സാമൂഹിക നീതിയുടെ പ്രതീകങ്ങൾ കൂടിയാണ്. അതിജീവിതയുടെ കണ്ണീരിനേക്കാൾ വില പ്രതിയുടെ പ്രശസ്തിക്കും രാഷ്ട്രീയ സ്വാധീനത്തിനും നൽകുമ്പോൾ തോൽക്കുന്നത് ഒരു സ്ത്രീയല്ല, മറിച്ച് നമ്മുടെ നിയമവ്യവസ്ഥയാണ്. തെറ്റായ വിധികൾ തിരുത്തപ്പെടണം, നീതി നടപ്പിലാക്കി എന്നുപറഞ്ഞാൽ മാത്രംപോര, അത് നടപ്പിലായെന്ന് ലോകത്തിന് ബോധ്യപ്പെടുകയും വേണം.

ശരിക്കും ഈ നീതി എന്നു പറയുന്നതു തന്നെ ഇരകളെ സംബന്ധിച്ച് ഒരു പ്രതീതി മാത്രമാണ്. അവർക്ക് നഷ്ടപ്പെട്ടതൊന്നും -–ജീവിതത്തിലെ നല്ല നിമിഷങ്ങൾ, സന്തോഷം, മാനസികാരോഗ്യം, സമയം തുടങ്ങിയവ- – പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ പോലും തിരികെ ലഭിക്കില്ല. എന്നാലും പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ, ഇരകൾ സമൂഹവും നിയമവ്യവസ്ഥയും തന്റെ ഒപ്പമുണ്ടല്ലോ എന്ന തോന്നലെങ്കിലുമുണ്ടാവും, അത് അവർക്കുള്ള നീതിയായി അതിജീവിതമാർക്ക് തോന്നും. എന്നാൽ അതുപോലും ഇല്ലെങ്കിലോ…?! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 2 =

Most Popular