Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിനമ്മുടെ കോടതികളും 
സ്ത്രീ സുരക്ഷയും

നമ്മുടെ കോടതികളും 
സ്ത്രീ സുരക്ഷയും

അഡ്വ. സി ഷുക്കൂർ

രണഘടനയിലെ അനുച്ഛേദം 15- അനുസരിച്ച് സ്-ത്രീകളുടേയും ദുർബലരുടേയും കുട്ടികളുടേയും മറ്റും അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പ്രത്യേക നിയമനിർമ്മാണം നടത്തുവാൻ രാജ്യത്തിനു ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നിയമനിർമ്മാണസഭകൾ അതാത് ഘട്ടങ്ങളിൽ ആവശ്യമായ ഭേദഗതികളോടെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നിയമനിർമ്മാണം നടത്തുന്നത്.

ഇന്ത്യയിലെ മനുഷ്യരെ സമൻമാരായി ദർശിക്കാവുന്ന ആശയം പ്രായോഗിക തലത്തിൽ മുന്നോട്ടുവെക്കുന്നത് ബ്രിട്ടീഷുകാർ കൊണ്ടുവന്ന, ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും തുല്യ പരിഗണന നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) നിലവിൽ വന്നുതോടുകൂടിയാണ്. എന്നാൽ ബ്രിട്ടീഷ് മേധാവിത്വം നിലനിൽക്കുന്നതിനു ആവശ്യമായ പരിഗണന കൂടി കണക്കിലെടുത്താണ് ആ നിയമ നിർമ്മാണം ഉണ്ടായിട്ടുള്ളത്. 1950 ജനുവരി 26- ന് ഭരണഘടന നിലവിൽ വന്നതോടെ ദുർബല വിഭാഗങ്ങൾക്ക് കുറേക്കൂടി പരിഗണന ലഭിക്കണം എന്ന ആശയത്തിൽ ഊന്നുന്നതിനാണ് നമ്മുടെ പാർലമെന്റും നിയമസഭകളും നിയമനിർമ്മാണം നടത്തിയിട്ടുള്ളത്. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന ഈ അടിസ്ഥാന തത്വം നിയമത്തെ വ്യാഖാനിക്കുന്ന നമ്മുടെ കോടതികൾ പലപ്പോഴും മറന്നുപോകാറാണ് പതിവ്. ദുർബലനും അതിശക്‌തനുമായ രണ്ടുപേർ നീതി ന്യായ കോടതിയുടെ മുമ്പാകെ വന്നാൽ ദുർബലനായ മനുഷ്യനോടൊപ്പം ചേർന്നുനിൽക്കലാണ് നീതി എന്ന ബോധം ജുഡീഷ്യൽ ഓഫീസർമാർ മറന്നു പോകുന്ന പല സന്ദർഭങ്ങളും നമ്മുടെ ജുഡീഷ്യറിയുടെ ചരിത്രത്തിൽ കാണാൻ കഴിയും.

അത്തരം ഘട്ടങ്ങളിൽ ജനങ്ങൾ നീതിക്ക് വേണ്ടി മുറവിളി കൂട്ടുകയും തെരുവിലിറങ്ങുകയും തുടർന്ന് ജന സമ്മർദ്ദത്തിന്റെ ഫലമായി പാർലമെന്റ് നിയമനിർമ്മാണത്തിന് വഴങ്ങേണ്ടി വരുകയുംചെയ്ത പ്രധാനപ്പെട്ട രണ്ട് സന്ദർഭങ്ങൾ നമ്മുടെ ചരിത്രത്തിൽ ഉണ്ട്.

1. മഥുര കേസ്
ഇന്ത്യയുടെ നീതി നിർവ്വഹണ ചരിത്രത്തിലെ അവിസ്-മരണീയമായ ഒരു ഏടാണ് മഥുര റേപ് കേസ് (തുക്കാറാം V.സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര). മഥുര എന്ന ആദിവാസി അനാഥ പെൺകുട്ടിയെ (16 വയസ്സ്) 1972 മാർച്ച് 26ന് കാമുകൻ അശോകൻ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പെൺകുട്ടിയുടെ സഹോദരൻ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ ദേസായി ഗഞ്ച് പൊലീസിൽ പരാതി നൽകി. തുടർന്ന്- കാമുകനേയും കുടുംബക്കാരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രഥമിക അനേ-്വഷണം നടത്തിയശേഷം അശോകനെയും വീട്ടുകാരെയും മഥുരയെയും സഹോദരനേയും വീട്ടിലേക്കു പോകാനനുവദിച്ചു. എന്നാൽ മഥുരയെ വീണ്ടും സ്റ്റേഷനുള്ളിലേക്ക് തിരിച്ചുവിളിപ്പിച്ചു. രണ്ട് പൊലീസുകാർ അവളെ ബലാത്സംഗം ചെയ്തു. തുടർന്നു വില്ലേജ് നിവാസികൾ സമരം സംഘടിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസിനെതിരെ കേസ് എടുത്തത്. വലിയ സമ്മർദ്ദത്തെ തുടർന്നു കുറ്റപത്രം സമർപ്പിച്ചു.

1972 ൽ ചന്ദ്രാപ്പൂർ സെഷൻസ് കോടതിയിൽ വിചാരണ നടന്നു. കുട്ടിയെ അടക്കം വിസ്തരിക്കുകയും മെഡിക്കൽ രേഖകൾ പരിശോധിക്കുകയും ചെയ്തു. 16 വയസ്സ് തികയാത്ത കുട്ടിയുടെ സമ്മത പ്രകാരം ശാരീരിക ബന്ധം പുലർത്തി എന്നായിരുന്നു പ്രതികളുടെ ഡിഫൻസ്. ആ വാദം കോടതി അംഗീകരിച്ചു.

അവിടത്തെ സെഷൻസ് ജഡ്ജ്- പറഞ്ഞത് ‘‘പ്രതിരോധത്തിനുള്ള ഒരു ലക്ഷണവും ഇല്ലാത്തതിനാൽ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും ആദിവാസി പെൺകുട്ടി ലൈംഗിക ബന്ധത്തിനുള്ള അവസരം ഒഴിവാക്കില്ലെന്നും വിധി ന്യായത്തിൽ എഴുതി ചേർക്കുകയും രണ്ട് പൊലീസുകാരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.

എന്നാൽ ജനങ്ങൾ അടങ്ങിയില്ല. തുടർന്ന്- മഹാ രാഷ്ട്ര ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അപ്പീൽ എത്തി. അപ്പീലിൽ രണ്ടു പൊലീസുകാരെയും കുറ്റക്കാരായതിനാൽ ശിക്ഷിച്ചു.

കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുക്കണമെന്നും മൈനറായ ആദിവാസി പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത് മെഡിക്കൽ രേഖകളാൽ തെളിയിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹെെക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ ജഡ്-ജിമാരായ ജസ്വന്ത് സിംഗ് പി എസ് കൈലാസം, എ ഡി കോശൽ എന്നിവർ ചേർന്നു പൊലീസുകാരെ കുറ്റവിമുക്തരാക്കി. പതിനാറു വയസ്സുള്ള പെൺകുട്ടി ലെെംഗിക ബന്ധത്തിന് സമ്മതിച്ചു എന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ,

തുടർന്നു രാജ്യമാകെ ഇളകിമറിഞ്ഞു…

പ്രശസ്ത ലോ പ്രൊഫസർമാരായ ഉപേന്ദ്ര ദക്ഷി. രഘുനാഫ് കെൽക്കർ, ലോഥിക് സർക്കാർ, വസുധാ ഭഗംബാർ തുടങ്ങിയവർ ചേർന്നു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജ. വൈ വി ചന്ദ്രചൂഡിനു ഒരു തുറന്ന കത്തെഴുതി സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു പ്രൊ-ഫസർമാരുടെ ആവശ്യം. എന്നാൽ സുപ്രീംകോടതി അതിനു വഴങ്ങിയില്ല. സാമൂഹ്യസമ്മർദം കൂടിയതിനാൽ ഗവൺമെന്റ് നിയമഭേദഗതിക്ക് തയ്യാറായി. 1983ൽ നമ്മുടെ പാർലമെന്റ് അംഗീകരിച്ച നിയമഭേദഗതി പ്രകാരം ബലാത്സംഗമെന്ന കുറ്റകൃത്യത്തിനിടയിൽ സമ്മതമില്ലായ്‌മ (Lack of Consent) ഇരയുടെ മൊഴി അടിസ്ഥാനപ്പെടുത്തി പരിഗണിക്കണമെന്ന് തെളിവ് നിയമത്തിൽ 114 (എ) ൽ കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കസ്റ്റോഡിയൽ റേപ്പ് കൂട്ടിച്ചേർത്തു. ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാക്കി. കൂടാതെ സ്വകാര്യ വിചാരണയും ഉൾപ്പെടുത്തി. വളരെ പരിതാപകരമായ സാമൂഹിക പശ്ചാത്തലത്തിൽ നിന്നും വരുന്ന ദളിത് പെൺകുട്ടിയെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചത് മുഖവിലക്കെടുക്കാതെ പ്രതികളെ കുറ്റവിമുക്തരാക്കിയത് അക്ഷാരാർത്ഥത്തിൽ ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഉലയ്-ക്കുവാൻ ഉതകുന്നതായിരുന്നു.

1983 ലെ ഭേദഗതിയും ലൈംഗിക കുറ്റവാളികളെ പൂർണ്ണമായും നിയന്ത്രിക്കുവാൻ പര്യാപ്‌തമായിരുന്നില്ല.

2. നിർഭയ കേസ്
2012ലെ നിർഭയ കേസ് രാജ്യത്താകമാനം പ്രക്ഷോഭങ്ങൾക്ക് കാരണമാവുകയും സ്ത്രീ സുരക്ഷ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുണ്ടാക്കിയത്. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ സ്ത്രീകൾ തീരെ സുരക്ഷിതരല്ല എന്ന തോന്നൽ ആ സംഭവം മൂലമുണ്ടായി. തുടർന്ന് ജസ്റ്റിസ് വർമ്മ കമ്മിറ്റിയെ സർക്കാർ നിയമിക്കുകയും ആ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 2013ൽ ക്രിമിനൽ ഭേദഗതി നിയമം പാർലമെന്റ് അംഗീകരിക്കുകയും ചെയ്തു. ആ ഭേദഗതിയിൽ ലെെംഗിക അതിക്രമത്തിന്റെ നിർവചനം വിപുലീകരിച്ചു. ലൈംഗിക അതിക്രമം എന്നാൽ ശാരീരികബന്ധം മാത്രമല്ല, സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന വാക്കുകൾ, സ്‌പർശനം, ആംഗ്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി. ബലാത്സംഗത്തിന്റെ നിർവചനം വിപുലമാക്കി. വിവാഹ ബന്ധത്തിൽ നടക്കുന്ന ബലാത്സംഗവും കുറ്റകൃത്യമാക്കണമെന്ന് വർമ്മ കമ്മിറ്റി ശുപാർശ ചെയ്തെങ്കിലും സാമൂഹ്യ ഘടനയുടെ അടിത്തറ കുടുംബം എന്ന ആശയമായതിനാൽ അത് ഉൾപ്പെടുത്തരുതെന്ന് പല പ്രമുഖരും ആവശ്യപ്പെട്ടു. അതുകാരണം തന്നെ വിവാഹബന്ധത്തിലെ ബലാത്സംഗം നമ്മുടെ രാജ്യത്ത് ഇപ്പോഴും കുറ്റകൃത്യമല്ല.

ലെെംഗികപീഡനത്തിനുള്ള കുറഞ്ഞ ശിക്ഷ 7 വർഷത്തിൽ നിന്നും 10 വർഷം ആക്കി. കൂട്ടബലാത്സംഗത്തിന് കുറഞ്ഞശിക്ഷ 20 വർഷമാക്കി. കൂടാതെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ലൈംഗിക കുറ്റകൃത്യത്തിനു വധശിക്ഷ ആകാമെന്ന് പാർലമെന്റ് പറഞ്ഞു. ഇരയുടെ മൊഴി വനിതാ പൊലീസ് ഓഫീസർ രേഖപ്പെടുത്തണമെന്നും ആശുപത്രികളിൽ ചികിത്സ ഏർപ്പാടാക്കണമെന്നും എല്ലാ ലൈംഗിക പീഡന കേസുകളിലും മജിസ്ട്രേറ്റ് രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നും പറയുന്നു. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ ഭേദഗതിയിൽ വകുപ്പുകൾ ഉണ്ട്. നിർഭയ കേസിൽ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികൾക്ക് വധശിക്ഷ നൽകി. ആ കേസിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പെട്ടിരുന്നു. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ ജുവൈനൽ ജസ്റ്റിസ് (കെയർ& പ്രൊട്ടക്ഷൻ) ആക്ടിലും ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ മുതിർന്നവരായി കണക്കാക്കുന്നതിനു ആവശ്യമായ ഭേദഗതി വരുത്തുകയുണ്ടായി.

നമ്മുടെ പാർലമെന്റ്, ലൈംഗിക കുറ്റകൃത്യങ്ങൾക്കുനേരെ കർശനമായ നിലപാട് സ്വീകരിക്കണമെന്ന സമീപനമാണ് 1983-ലെലെയും നിയമ ഭേദഗതികളിലൂടെ ബോധ്യപ്പെടുത്തിയത്. എന്നാൽ സ്ത്രീ സുരക്ഷാകാര്യങ്ങളിൽ പാർലമെന്റ് എടുക്കുന്ന സ്ത്രീ പക്ഷ നിലപാട് നിർഭാഗ്യവശാൽ നിയമ വ്യാഖ്യാതാക്കളായ കോടതികൾ സ്വീകരിക്കാറില്ല.

ജാമ്യവും ലെെംഗിക പീഡനവും
നമ്മുടെ ശിക്ഷാ നിയമം ജാമ്യം ലഭിക്കുന്ന കുറ്റകൃത്യവും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യവും എന്ന രീതിയിൽ നടപടി ക്രമത്തെ (Proceedure Law) രണ്ടായി വേർതിരിക്കുന്നുണ്ട്. കുറ്റം ആരോപിക്കപ്പെട്ട ആൾക്ക് അന്വേഷണ ഘട്ടത്തിൽ തന്നെ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുന്ന കുറ്റകൃത്യങ്ങളെ Bailable Offence എന്നുപറയുന്നു. എന്നാൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾക്ക് അന്വേഷണഘട്ടത്തിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കില്ല. ആ കുറ്റകൃത്യങ്ങളെ Non-Bailable Offence എന്നും പറയുന്നു. ലൈംഗിക കുറ്റകൃത്യം നമ്മുടെ നിയമ വ്യവസ്ഥ പ്രകാരം ഗുരുതര സ്വഭാവമുള്ളതായതിനാൽ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതാണ്. അത്തരം സാഹചര്യത്തിൽ പ്രതികളാക്കപ്പെട്ടവർക്ക് അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ ഇപ്പോൾ ബി.എൻ.എസ്.എസ് 482 പ്രകാരം മുൻകൂർ ജാമ്യത്തിനായുള്ള അപേക്ഷ സമർപ്പിക്കാം. വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്ന രീതി ഉണ്ടായിരുന്നില്ല. മുൻകൂർ ജാമ്യം അനുവദിക്കുന്നത് സെഷൻസ് കോടതികളുടെയും അതിനു മുകളിലുള്ള കോടതികളുടെയും വിവേചനാധികാരത്തിൽപെടുന്നതാണ്.

ആ വിവേചനാധികാരത്തെ നിർണയിക്കുന്നത് ഭരണഘടനാ മൂല്യങ്ങളും ഹൈക്കോടതികളും സുപ്രീം കോടതിയും സമാന സാഹചര്യങ്ങളിൽ പുറപ്പെടുവിച്ച വിധിന്യായങ്ങളും ആകണം; അല്ലാതെ വ്യക്തിപരമായ തോന്നലുകൾക്കു പുറത്ത് ഉണ്ടാകുന്ന ചിന്തകൾ ആകരുത്.

2019 ൽ സുപ്രീം കോടതി തന്നെ തീർപ്പുകൽപ്പിച്ച ചിദംബരം കേസാണ് മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട് നമുക്ക് മാതൃകയായുള്ളത്.

ഗൗരവതരമായ കുറ്റാരോപണം ഉള്ള കേസിൽ എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നു ചിദംബരം കേസിൽ വളരെ കൃത്യമായി തന്നെ. കോടതി വിശദീകരിക്കുന്നുണ്ട്. നേരത്തെ സുപ്രിം കോടതി തന്നെ തീർപ്പാക്കിയ പല കേസുകളെയും അടിസ്ഥാനപ്പെടുത്തി സെഷൻസ‍ കോടതി ആ നിഗമനത്തിൽ എത്തിചേർന്നതാണ്.

പാലക്കാട് എംഎൽഎയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാം ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി ഉപയോഗിച്ച വിവേചനാധികാരം മറ്റൊരു ഭാഷയിൽ പറഞ്ഞാൽ കേരളത്തിലെ സ്ത്രീകൾക്കുനേരെയുള്ള അവരുടെ അവകാശങ്ങൾക്ക് നേരെയുള്ള കയ്യേറ്റവും അവഹേളനവുമാണ്.

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതും വിശദമായി ചോദ്യം ചെയ്യുന്നതും ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥരുടെമാത്രം അവകാശവും അധികാരവുമാണ്. അതീവ ഗുരുതരമായി നമ്മുടെ നിയമ വ്യവസ്ഥ കാണുന്ന ഒരു കുറ്റകൃത്യമായ ബലാത്സംഗം ആരോപിക്കപ്പെടുന്ന പ്രതിയെ അറസ്റ്റുചെയ്യാനുള്ള, അതിനു ശേഷമുള്ള തെളിവ് എടുക്കാനുള്ള അധികാരത്തെ ഈ കേസിൽ നിഷേധിക്കുന്നത്- ജുഡീഷ്യറിയുടെ വിവേചനഅധികാരത്തെ തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടുമാത്രം സംഭവിച്ചതാണ്.

അതിശക്തനായ ഒരു രാഷ്ട്രീയ നേതാവിനു മുൻകൂർ ജാമ്യം അനുവദിക്കുക വഴി, പ്രിവിലേജുള്ള പുരുഷന്മാരുടെ തോന്ന്യാസങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് നമ്മുടെ ജുഡീഷ്യറി സ്വീകരിക്കുന്നതെന്ന അപകീർത്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് രണ്ടാം ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ്.

വിജയ്ബാബുവിനും വേടനും ആ പ്രിവിലേജ് ലഭിക്കുവാൻ ഹൈക്കോടതിവരെ പോകേണ്ടി വന്നു. ഇവിടെ തിരുവനന്തപുരം സെഷൻസ് ജഡ്ജി തന്നെ ആ അധികാരം സ്വമേധയാ ഉപയോഗിച്ചു.

ഇങ്ങനെ മുൻകൂർ ജാമ്യ ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർ എഴുതുന്നതിനുമുമ്പ് ബലാത്സംഗം എന്ന കുറ്റകൃത്യം ഒരു സ്ത്രീയിൽ ഉണ്ടാക്കുന്ന ഭൂകമ്പത്തെക്കുറിച്ചും അതിശക്തമായ ട്രോമയ്ക്കു ശേഷം ആ പെൺകുട്ടി നടന്ന വഴികളെക്കുറിച്ചും ഒന്നു ആലോചിച്ചു നോക്കിയിരുന്നെങ്കിൽ ഏറ്റവും ദുർബലയായി സിംഹത്തിനു മുന്നിൽപെട്ട മാൻപേടയെ പോലെ പേടിച്ചു വിറയ്-ക്കുന്ന ഒരു അവസ്ഥ മനസ്സിൽ കണ്ടിരുന്നു വെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകും. നമ്മുടെ ജുഡീഷ്യൽ ഓഫീസർമാരിലേക്കുള്ള എംപതിയുടെ വാതിൽ ആരാണ് കൊട്ടിയടയ്-ക്കുന്നത്? റേപ്പിലെ സമ്മതവും വിസമ്മതവും സമ്മർദ്ദ സമ്മതവും മൊഴികളിലെ ഏറ്റക്കുറച്ചിലും വൈരുദ്ധ്യങ്ങളും ഒക്കെ വിചാരണഘട്ടത്തിൽ വിശദമായി പരിഗണിക്കേണ്ട വിഷയമായിരിക്കെ കോടതിയിൽ നിക്ഷിപ്തമായ വിവേചനാധികാരത്തെ അതിശക്തനായ പുരുഷൻ ജയിലിൽ പോകാതിരിക്കുവാൻ ഉപയോഗിച്ചത് ഖേദകരമാണ് 1983-ലെയും 2013-ലെയും നിയമ ഭേദഗതികൾ മുഴുവൻ ഉൾക്കൊണ്ടാണ് 2023-ലെ ഭാരതീയ ന്യായസംഹിതയും, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും സാക്ഷ്യ അധിനിയവും രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോഴും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം പലപ്പോഴും സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും അവരെ കൂടുതൽ അപകടത്തിൽപ്പെടുത്തുന്നതുമാണ്.

2017-ലെ നടിയെ ആക്രമിച്ച കേസ് കേരളീയ സ്ത്രീപോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ്. എറണാകുളം അതിവേഗ കോടതി പ്രതിയായ ഗൂഢാലോചനക്കാരനെ കുറ്റവിമുക്തനാക്കുകയും അതിക്രൂരമായ കൂട്ടബലാത്സംഗത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നുമുതൽ ആറുവരെ പ്രതികൾക്ക് ഏറ്റവും ചുരുങ്ങിയ ശിക്ഷയായ 20 വർഷം തടവ് നൽകിയതും രാജ്യമൊട്ടാകെ വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിട്ടുണ്ട്. നമ്മുടെ നിലവിലെ നിയമമനുസരിച്ച് കോടതിക്ക് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥർ രേഖകളായും മൊഴികളായും വസ്തു‌ക്കളായും ഹാജരാക്കുന്ന തെളിവുകളുടെ പരിശോധന, ജുഡീഷ്യൽ തെളിവുകൾ എന്നിവയെല്ലാം ഓഫീസറുടെ വ്യക്തി നിഷ്‌ഠമായ/ആത്മനിഷ്‌ഠമായ പരിശോധനയിൽ കൂടിയാണ് കടന്നുപോകുന്നത്; അതുകൊണ്ടു തന്നെ ആ ഓഫീസർക്ക് പൊലീസ് ഹാജരാക്കിയ തെളിവുകൾ പര്യാപ്‌തമല്ല എന്ന ഒറ്റ വാചകം കൊണ്ട് അവർ ആഗ്രഹിക്കുന്ന രീതിയിൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞു. ഇരയാക്കപ്പെട്ട സ്ത്രീ സാധാരണ ഗതിയിൽ 4 ഘട്ടങ്ങളിൽ അവർ അനുഭവിച്ച ദുരിതത്തിന്റെ വിവരണം ആവർത്തിക്കേണ്ട നിയമ സാഹചര്യമാണുള്ളത്. 1) എഫ്.ഐ.ആർ സ്റ്റേറ്റ്‌മെന്റിൽ- പൊലീസിന് നൽകുന്ന ആദ്യമൊഴി (2) അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ രേഖപ്പെടുത്തുന്ന വിശദമായ മൊഴി (3) ജുഡീഷ്യൽ ഓഫീസർ മുമ്പാകെ നൽകുന്ന രഹസ്യ മൊഴി (4) കോടതി മുറിയിൽ സാക്ഷിക്കൂട്ടിൽ നൽകുന്ന വിചാരണ മൊഴി. അന്വേഷണ ഉദ്യോഗസ്ഥർ വ്യത്യസ്ത ആൾക്കാരായിവരുന്ന ഘട്ടത്തിൽ, അന്വേഷണ ഏജൻസി മാറുന്ന ഘട്ടത്തിൽ ഇങ്ങിനെ നൽകുന്ന മൊഴികളുടെ എണ്ണവും പിന്നെയും കൂടും.മൊഴികളെ അടിസ്ഥാനമാക്കിയാണ് പ്രതിഭാഗം അതിജീവിതയെ എതിർ വിസ്താരം നടത്തുക. ഈ മൊഴികളിലെ ചെറിയ വൈരുദ്ധ്യങ്ങൾ പോലും കേസിന്റെ ഗതി മാറ്റിക്കളയും. ആധുനിക സാങ്കേതികവിദ്യ വളരെ കൂടിയ ഈ ഘട്ടത്തിൽ നാല് ഘട്ടങ്ങളിലായി രേഖപ്പെടുത്തുന്ന മൊഴി ഒറ്റ പ്രാവശ്യമായി ചുരുക്കി അത്’ വീഡിയോ റെക്കോർഡിങ് ചെയ്‌ത്‌ ഹാഷ്‌ വാല്യൂവിൽ പോലും മാറ്റം വരാതെ സൂക്ഷിച്ചാൽ എതിർവിസ്‌താരത്തിനു മാത്രം അതിജീവിത കോടതിമുറിയിൽ മൊഴഇനൽകാൻ തയ്യാറാകേണ്ട സാഹചര്യം ഉണ്ടാക്കുവാൻ കഴിയും. പുതിയ പശ്ചാത്തലത്തിൽ ഇക്കാര്യം കൂടി നിയമനിർമ്മാണസഭകൾ പരിഗണിക്കേണ്ടതാണ്. ലെെംഗികമായി പീഡിപ്പിക്കപ്പെട്ടാൽ സമൂഹത്തിൽനിന്ന് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യുകയോ അല്ല വേണ്ടതെന്നും ധീരമായി ശക്തരായ ലെെംഗിക പീഡകർക്കെതിരെ നിലപാടെടുക്കണമെന്നും അവർ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular