കുടുംബം അടക്കമുള്ള സാമൂഹിക സ്ഥാപനങ്ങളിലൂടെ എപ്രകാരമാണോ അധീശത്വം നിലനിർത്തി സ്ത്രീയുടെ ശരീരത്തെയും ആവിഷ്കാര സാധ്യതകളെയും നിയന്ത്രിക്കുന്നത് അതിന്റെ തുടർച്ച തന്നെയാണ് മാധ്യമ ചരിത്രത്തിലുടനീളം കണ്ടുവരുന്നത്. നവമാധ്യമങ്ങളും ഇതിൽ നിന്നും വ്യത്യസ്തമല്ല. മനുഷ്യൻ സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും മേഖലയിൽ മുന്നേറുമ്പോഴും അതിനനുസൃതമായി പരിണമിച്ചു കൊണ്ട് പുരുഷാധിപത്യം മുന്നേറുന്നു എന്നർത്ഥം. മറ്റു മാധ്യമങ്ങളിൽ മാധ്യമപ്രവർത്തകർക്കാണ് ഇടപെടലിനുള്ള സാധ്യത ഉണ്ടായിരുന്നത്. അതിൽ വളരെ ചെറിയൊരു ശതമാനമേ സ്ത്രീ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നുള്ളൂ.
നവമാധ്യമങ്ങളുടെ വരവോടെ മാധ്യമപ്രവർത്തകർക്കും അല്ലാത്തവർക്കും ആവിഷ്കാരത്തിനുള്ള സാധ്യതകൂടി. ഇതോടെ ധാരാളം സ്ത്രീകൾ ഈ മാധ്യമത്തെ ഉപയോഗപ്പെടുത്താൻ തുടങ്ങി. സാമൂഹിക ജീവിതത്തിൽ ഇടപെടാൻ അത്രമേൽ ആഗ്രഹിക്കുന്ന സ്ത്രീകൾ ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി.
ഈ രംഗം ഇരുതലമൂർച്ചയുള്ള വാൾ ആയിരുന്നു എന്ന് സമകാലിക പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തുടനീളമുള്ള സ്ത്രീകളിൽ 16 മുതൽ 58 വരെ ശതമാനം സ്ത്രീകൾ ഓൺലൈൻ അതിക്രമങ്ങളോ അപമാനങ്ങളോ നേരിട്ടവരാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു (Online safety 101: What every woman and girl
should know, UN WOMEN, 18 November 2025)
എ ഐയുടെ വരവോടെ അത് വളരെ കൂടി. ട്രോളിംഗ്, മോർഫിംഗ്, വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കൽ, ഭീഷണികൾ, ഉള്ളടക്കം ചോർത്തി ദുരുപയോഗം ചെയ്യൽ എന്നിങ്ങനെ പല രീതിയിലാണ് കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത്. സൈബർ ബുള്ളിയിങ്, സ്റ്റോക്കിങ് എന്നിവ ഇന്ന് വളരെ പരിചിതമായ പദങ്ങളായി മാറിയിരിക്കുന്നു. പെൺകുട്ടികൾ, സ്ത്രീകൾ, LGBTQ+ എന്നിങ്ങനെയുള്ളവരാണ് ഈ മീഡിയത്തിലെ ദുരന്തഫലങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങുന്നത്.
അസാമാന്യമായ വേഗതയാണ് നവമാധ്യമങ്ങളുടെ ഒരു സവിശേഷത. വളരെ പെട്ടെന്ന് ഒരു പ്രതിരോധ സമരം തീർക്കാൻ നവമാധ്യമങ്ങളിലൂടെ സാധിക്കും എന്നതിന് അനവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. #Me too ക്യാമ്പയിൻ, #അവളോടൊപ്പം ക്യാമ്പയിൻ, #YesWeHaveLegs ക്യാമ്പയിൻ എന്നിവ അവയിൽ ചിലതാണ്. എന്നാൽ ഇതേവിധംതന്നെ വളരെ വേഗത്തിൽ പ്രതിരോധ സമരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രതിലോമ പ്രവർത്തനങ്ങൾക്കും ഇതേ മാധ്യമത്തെ ഉപയോഗിക്കാം. പുരുഷാധിപത്യ സംസ്കാരത്തിൽ സ്ത്രീ, ‘‘പുരുഷന് തന്റെ ഫാന്റസികളും അഭിനിവേശങ്ങളും നടപ്പിലാക്കാനുള്ള ഒരു സൂചകം മാത്രമാണ്. അവൾ അർത്ഥം നിർമ്മിക്കുന്നവളല്ല, മറിച്ച് അർത്ഥം പേറുന്നവൾ (bearer of meaning) മാത്രമാണ്’’ എന്ന ലോറ മൾവിയുടെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്.
മലയാള സിനിമാ വ്യവസായരംഗത്ത് പേരും പെരുമയും നേടിയ ഒരു സ്ത്രീ തന്റെയും സ്ത്രീവർഗ്ഗത്തിന്റെയും ആത്മാഭിമാനത്തെ ഉയർത്തിപ്പിടിച്ച് പോരാടിയ എട്ടു വർഷങ്ങളാണ് കഴിഞ്ഞ നാളുകളിൽ കേരളം കണ്ടത്. സമാനതകളില്ലാത്ത അപമാനങ്ങളും അതിക്രമങ്ങളുമാണ് പുരുഷാധിപത്യ സമൂഹത്തിൽനിന്നും അവർക്കെതിരെ വന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന എംഎൽഎക്കെതിരായ ആരോപണങ്ങൾ ഇവിടെ ഓർക്കേണ്ടതുണ്ട്. സമൂഹത്തിലെ രണ്ടു വർഗ്ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ രണ്ടു അതിജീവിതകൾക്കെതിരെയും അസഭ്യവർഷങ്ങൾ ചൊരിഞ്ഞും ബദൽ കഥകളുണ്ടാക്കിയുമാണ് രണ്ടു കേസിലെയും കുറ്റം ചെയ്തവർ അവരെ നേരിട്ടത്. ഈ സ്ത്രീകളെ എന്നെന്നേക്കും വേട്ടയാടുന്നതിനായി പ്ലാൻ ചെയ്തിരുന്നു എന്നതാണ് രണ്ടു കേസുകളിലും പ്രതികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു എന്നതിൽ നിന്നു വ്യക്തമാകുന്നത്. ആദ്യത്തെ കേസിലെ ആസൂത്രകർക്ക് ഒരു വീട്ടടിമയെയും രണ്ടാമത്തെയാൾക്ക് ഒരു ലൈംഗികാടിമയേയും ആവശ്യമുണ്ടായിരുന്നു. അതിന് എതിരുനിന്നു എന്നതാണ് ഈ സ്ത്രീകൾ ആക്രമിക്കപ്പെടാൻ ഇടയാക്കിയ കാരണം.
ഏതാനും വർഷങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ വച്ച് കത്-വ എന്ന സ്ഥലത്ത് ഒരു പെൺകുട്ടിയെ ഒരു അക്രമി സംഘം ബലാത്സംഗം ചെയ്തു കൊന്ന കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. അവിടെ വേറെ ഒരു വംശത്തെ മണ്ണിൽനിന്നും നീക്കം ചെയ്യുന്നതിനുള്ള ഗൂഢാലോചനകളുടെ തുടർച്ചയായിരുന്നു ബലാത്സംഗം. ഗുജറാത്തിലും ഇതുതന്നെയായിരുന്നു നടന്നത്. മണിപ്പൂരിൽ ക്രിസ്ത്യൻ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി.
ബലാത്സംഗം, അതായത് ശരീരത്തിലുള്ള സമ്മതരഹിതമായ കടന്നുകയറ്റം എന്നും പാട്രിയാർക്കിയുടെ ആയുധമായിരുന്നു. സിനിമാനടിയെ നഗരമധ്യത്തിൽ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യങ്ങളും മറ്റൊന്നായിരുന്നില്ല. ഞാൻ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തെ ചെറുതായെങ്കിലും ഉലയ്ക്കാൻ ശ്രമിക്കുന്നു എന്ന ഭയമാണ് സഹപ്രവർത്തകയെ ആക്രമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനുള്ള കാരണം.
സാങ്കേതികവിദ്യയുടെ വിപ്ലവകരമായ കുതിച്ചുചാട്ടത്തിലെത്തി നിൽക്കുന്ന വർത്തമാന കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടാണ് കുറ്റവാളികൾ ഈ പ്രക്രിയകളെ മുന്നോട്ടുകൊണ്ടുപോകുന്നത്.
സ്ത്രീയെ സ്വകാര്യസ്വത്തായി കാണുന്നതിനും രാജ്യം കീഴടക്കുന്നതു പോലെ കീഴടക്കാനുള്ള ഒന്നായി സ്ത്രീശരീരത്തെ കാണുന്നതിനുമുള്ള പ്രവണത വാമൊഴി കാലത്തും ഡിജിറ്റൽ യുഗത്തിലും വ്യത്യസ്തമല്ല എന്ന് ചുരുക്കം. ഏതു മാധ്യമത്തിലും സ്ത്രീ എന്നാൽ ശരീരം മാത്രമായിരുന്നു എന്ന വസ്തുത ഇതിന്റെ വേരുകളാണ്. മണ്ണും പെണ്ണും ഒരുപോലെ പിടിച്ചെടുക്കുന്നതിനുള്ള അന്യദേശങ്ങൾ മാത്രമാണ്. അതിന് വിധേയപ്പെട്ട ശരീരങ്ങളെ സൃഷ്ടിക്കുന്നതിന് പലപല ആഖ്യാനങ്ങൾ പാട്രിയാർക്കി തീർക്കും.
ഈ ആഖ്യാനങ്ങൾ പേറുന്നവർക്ക് പലപ്പോഴും ലിംഗ വ്യത്യാസങ്ങൾ കാണാറില്ല എന്നുള്ളതാണ്. ആണും പെണ്ണും ഇതിൽ ഒരുപോലെ പങ്കാളികളാകുന്നു.
2017ൽ സിനിമാതാരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു ശേഷം രൂപംകൊണ്ട വുമൺ ഇൻ സിനിമ കളക്ടീവ് ( WCC) എന്ന സംഘടന സിനിമാ വ്യവസായ മേഖലയിലെ ലിംഗപരമായ പ്രശ്നങ്ങൾ നേരിടുന്നതിനാണ് രൂപീകരിച്ചത്. ഈ സംഘടന നൽകിയ പരാതിയെ തുടർന്ന് സർക്കാർ 2017 ൽ ഹേമ കമ്മിറ്റി രൂപീകരിച്ചു. 2019ൽ 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഹേമ കമ്മിറ്റി സമർപ്പിച്ചു. 2024 ഓഗസ്റ്റ് 19ന് റിപ്പോർട്ട് സർക്കാർ ഭാഗികമായി പുറത്തുവിട്ടു. സിനിമാമേഖലയിൽ തൊഴിലെടുക്കുന്ന വ്യക്തികൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഓൺലൈൻ പീഡനമായിരുന്നു സന്ദേശങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ട്രോളുകൾ എന്നിവയിലൂടെ സിനിമാ പ്രവർത്തകരെ ഉപദ്രവിക്കുക, മോശം ചിത്രങ്ങൾ അയയ്ക്കുക. ബലാത്സംഗ ഭീഷണികൾ ഉയർത്തുക എന്നിങ്ങനെ അനവധി പരാതികൾ കമ്മിറ്റിക്ക് മുമ്പാകെ വന്നതായി കാണാം. #Me too, #അവളോടൊപ്പം തുടങ്ങിയ ക്യാമ്പയിനുകൾക്ക് നേതൃത്വം കൊടുക്കുന്നതിന് ഡബ്ല്യുസിസിക്കായി.
ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്‌റ്റ് വുമെൻ,നവംബർ 25 യുഎൻ കണക്കനുസരിച്ച് ലോകത്ത് മൂന്ന് സ്ത്രീകളിൽ ഒരാൾ എന്ന നിരക്കിൽ ജീവിതത്തിലൊരിക്കലെങ്കിലും ശാരീരികമോ അല്ലാത്തതോ ആയ അതിക്രമങ്ങൾ അനുഭവിക്കുന്നുണ്ട്. 2025 നവംബർ 25 ന്റെ സന്ദേശം ഇതായിരുന്നു : ‘ഡിജിറ്റൽ അതിക്രമങ്ങൾ യഥാർത്ഥ അതിക്രമങ്ങളാണ്’. ഓൺലൈൻ ഇടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അതിവേഗം വർദ്ധിക്കുന്നു. ഗുരുതരമായ ഭീഷണിയാണിതെന്നും യു. എൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. സൈബർ അതിക്രമങ്ങൾക്കെതിരെ നിയമങ്ങൾ ശക്തമാണെങ്കിലും ഓൺലൈൻ ഇടങ്ങളിൽനിന്നും അത്തരം അന്വേഷണങ്ങൾക്ക് അനുകൂലമായ സാഹചര്യം അല്ല ഉണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങൾ വ്യാജ ഐഡികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനെടുക്കുന്ന കാലതാമസം പലപ്പോഴായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മുതലാളിത്തത്തിന് പ്രതിരോധ പ്രവർത്തനവും പ്രതിലോമ പ്രവർത്തനവും ഒരേപോലെ കച്ചവടച്ചരക്കാണ്. ആലപ്പുഴ സ്വദേശിയായ അനു സോമരാജൻ ഏഴുവർഷം മുൻപ് സൈബർ അതിക്രമത്തിനെതിരായ പരാതി നൽകുകയുണ്ടായി. സൈബർ അതിക്രമം അനുഭവിച്ച സ്ത്രീകളുടെ കൂട്ടായ്മ നടത്തിയതിനുശേഷമാണ് ഇവർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും എതിരായ സൈബർ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടത്. പുനലൂർ സ്വദേശിയായ എബി മാത്യു ആണ് ഈ കേസിലെ പ്രതി എന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല ദുബായ് കേന്ദ്രീകരിച്ചുകൊണ്ടുള്ള അനവധി ഗ്രൂപ്പുകൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.
രണ്ടായിരത്തിലധികം അംഗങ്ങളുള്ള കിങ്ങേഴ്സ് ഗ്രൂപ്പ് പോലുള്ളവ ഇവിടെ ഉദാഹരണങ്ങളാണ് (https://youtu.be/lGurn z_yVEM?si=A4sRKN517H4BNojt).
വ്യാജ ഐഡികളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനുള്ള കാലതാമസം ആണ് ഇത്തരം കേസുകളെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രധാന ഘടകം. മാഹിയിലെ പെൺകുട്ടികളുടെ തന്റേടത്തെക്കുറിച്ച് പാടിയ അസ്മിയ അസ്മിൻ എന്ന പെൺകുട്ടി നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ എട്ടുവർഷം മുൻപാണ് കേട്ടത്.
(https://youtu.be/BJxhUT68fKQ?si=bvkx-zByHZI5t_be) ഈ പെൺകുട്ടിക്ക് അനുഭവിക്കേണ്ടിവന്ന ആസിഡ് ആക്രമണഭീഷണി തന്നെയാണ് എട്ടു വർഷത്തിനിപ്പുറം സിനിമാ താരത്തെ ആക്രമിച്ച കേസിൽ കോടതി വിധിവന്നശേഷം അവൾക്കൊപ്പം നിന്നതിന്റെ പേരിൽ ഭാഗ്യലക്ഷ്മി എന്ന നടി നേരിടേണ്ടി വന്നതും (mathrubhumi.com 19 December 6:12pm).
സിനിമാതാരം പാർവതി തിരുവോത്ത് സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിരുന്നു. കമ്പബ സിനിമയിലെ സ്ത്രീവിരുദ്ധമായ ഡയലോഗിനെതിരായ പോസ്റ്റിലാണ് പാർവതി സൈബറിടത്തിൽ ആക്രമിക്കപ്പെട്ടത്. എട്ടുവർഷത്തിനുശേഷം കഴിഞ്ഞ ആഴ്ച ആക്രമിക്കപ്പെട്ട സിനിമാതാരം താൻ നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. തനിക്കെതിരായ അതിക്രമത്തിനെതിരെ പരാതി നൽകിയതിനെ തുടർന്ന് രണ്ടാംപ്രതി മാർട്ടിൻ തന്റെ പേരെടുത്തു പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് അവർ ചൂണ്ടിക്കാണിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
അർച്ചന രവിയെന്ന ചിത്രകാരി സൈബറിടത്തിൽ താൻ നേരിട്ട ഭീഷണികളെ കുറിച്ച് പറയുന്നുണ്ട് ‘ഇത്തരം അനവധി ഭീഷണികൾ തുടർച്ചയായി കാണേണ്ടി വരുമ്പോൾ നമ്മുടെ ശബ്ദം തളരുന്നതുപോലെയും ശക്തി ക്ഷയിക്കുന്നതുപോലെയും അനുഭവപ്പെടും’ എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആഭ മുരളീധരൻ എന്ന ഗവേഷകയ്ക്ക് വാട്‌സാപ്പ് വഴി പുരുഷന്റെ സ്വകാര്യഭാഗങ്ങളുടെ ഫോട്ടോ ഒറ്റത്തവണ കാണാവുന്ന രീതിയിൽ ഒരു നമ്പറിൽ നിന്നും വന്നു. ഇത്തരം അനവധി അനുഭവങ്ങൾ വന്ന ശേഷം താൻ വസ്ത്രധാരണത്തിൽവരെ ശ്രദ്ധിക്കുന്ന രീതിയിലേക്ക് മാറി എന്നിവർ പറയുന്നു (https://www.newindianexpress.com/kerala/2025/Nov/26/the-silent-war-in-keralas-digital-spa ces)
ഇത്തരം അനവധി വാർത്തകൾ നമ്മുടെ മുന്നിലെത്തുന്നു. സ്ത്രീ ശരീരം എന്നത് തങ്ങളുടെ നിയന്ത്രണത്തിൽ ഇരിക്കേണ്ട ഒന്നാണെന്നും തങ്ങൾക്ക് കീഴടക്കാനുള്ള ഇടമാണെന്നും കരുതുന്ന പാട്രിയാർക്കൽബോധം പേറുന്ന, ഭിന്ന ലൈംഗികതയിൽ വിശ്വസിക്കുകയും അത് നിർബന്ധപൂർവ്വം നടപ്പിലാക്കുകയും ചെയ്യുന്ന മനുഷ്യർ (inciles) തന്നെയാണ് സൈബർ ഇടത്തിലും ഉള്ളത്.
2025 ലെ എൽ ജി ബി ടി ക്യൂ പ്ലസ് കലോത്സവം കോഴിക്കോട് നടത്തുന്നതിന്റെ പ്രചാരണാർഥം മലബാർ ക്രിസ്ത്യൻ കോളേജ് എൻഎസ്എസ് ഇൻസ്റ്റഗ്രാം ഐഡിയിൽ പ്രചാരണത്തിനായി ഒരു റീൽ തയ്യാറാക്കുകയുണ്ടായി.
അതിനടിയിൽ വന്ന മോശം കമന്റുകൾ ഇൻസൈലുകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന സൈബർ ഇടത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഹെട്രോ സെക്ഷ്വൽ ആയ പുരുഷന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം (വീട്ടടിമയും ലൈംഗിക അടിമയുമായി മാത്രം പ്രവർത്തിക്കുന്ന സ്ത്രീ) പ്രവർത്തിക്കുന്ന ഇടമാണ് നവമാധ്യമങ്ങളുമെന്ന് ഈ ആൺസാമ്രാജ്യത്വവാദികൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. നിരന്തരമായ നോട്ടം, ബലാത്സംഗ ഭീഷണി എന്നിവയെയെല്ലാം ഭയത്തോടെ കണ്ട്, തങ്ങളുടെ ചലനങ്ങളെ നിയന്ത്രിച്ച് ജീവിക്കുന്ന ശരീരങ്ങളെ അത് വിഭാവന ചെയ്യുന്നു.ഒരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം പാട്രിയാർക്കൽ ലോകത്തിന് നൽകുന്നു എന്നൊരു വശം സോഷ്യൽ മീഡിയയ്ക്കുണ്ട്. നവമാധ്യമത്തിന്റെ സാങ്കേതികവിദ്യതന്നെ അടിത്തറയാക്കിയിരിക്കുന്നത് ഇതിലാണ്.
പാട്രിയാർക്കലായ നോട്ടത്തിന്റെ ഇടങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഇൻസൈലുകളുടെ സാമ്രാജ്യത്തെ അൽപ്പമെങ്കിലും ഉലയ്ക്കാൻ നമുക്ക് അവളോടൊപ്പം അണിചേരാം. l



