Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിമുന്നോട്ടുള്ള പാത ചെറുത്തുനിൽപ്പിന്റേതാകണം

മുന്നോട്ടുള്ള പാത ചെറുത്തുനിൽപ്പിന്റേതാകണം

എം എ ബേബി

യൂണിയൻ ഗവൺമെന്റ് പുറത്തിറക്കിയ നാല് ലേബർ കോഡുകൾ ഇന്ത്യയിലെ തൊഴിലാളിവർഗം പൊരുതി നേടിയ അവകാശങ്ങളെയാകെ ഇല്ലാതാക്കുന്നതിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ നീക്കമാണ്. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ‘ലഘൂകരിച്ച’താണെന്ന മട്ടിൽ വിറ്റഴിക്കാൻ ശ്രമിക്കുന്ന ഈ ലേബർ കോഡുകൾ യഥാർത്ഥത്തിൽ തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്നതിനും തൊഴിലിടങ്ങളിലെ സംരക്ഷണത്തിൽ വെള്ളംചേർക്കുന്നതിനും ട്രേഡ് യൂണിയനുകളുടെ ശക്തി ക്ഷയിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള കോർപ്പറേറ്റ് ചാർട്ടറാണ്. വാസ്തവത്തിൽ, നവലിബറൽ ചൂഷണത്തിന് നിയമ സാധുത നൽകുന്ന രൂപകൽപ്പനയെയാണ് ആധുനികവൽക്കരണമെന്ന പേരിൽ അവതരിപ്പിക്കുന്നത്.

കോർപ്പറേറ്റ് മൂലധന താൽപര്യം സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ഭരണം ഈ കോഡുകൾക്ക് രൂപം നൽകിയത്, തൊഴിലുടമകൾക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് – യഥേഷ്ടം നിയമിക്കാനും യഥേഷ്ടം പിരിച്ചുവിടാനും തൊഴിൽസമയം വർധിപ്പിക്കാനും സംഘടനാ പ്രവർത്തനത്തെ അടിച്ചമർത്താനും സാമൂഹ്യ സുരക്ഷാ നടപടികളെ നിസ്സാരവൽക്കരിക്കാനും കോർപ്പറേറ്റുകൾക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് ഈ ലേബർ കോഡുകൾ. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയെന്നതിലുപരി ബിസിനസുകാർക്ക് ‘സൗകര്യമൊരുക്കുന്നവർ ആയി മാറുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുകയെന്ന ഭരണഘടനാപരമായ ബാധ്യതയുടെ വ്യക്തമായ നിരാകരണമാണിത്; അധ്വാനത്തെ മൊത്തത്തിൽ ചരക്കുവൽക്കരിക്കുകയെന്ന അപകടകരമായ നീക്കമാണിത്.

ചൂഷണത്തിന്റെ ഉപകരണങ്ങൾ
സങ്കീർണമായ 29 നിയമങ്ങളെ 4 കോഡുകളാക്കി ‘ലഘൂകരിച്ചിരിക്കുക’യാണെന്ന സർക്കാരിന്റെ അവകാശവാദം, ബോധപൂർവം നടത്തുന്ന ദുർവ്യാഖ്യാനമാണ്. വെള്ളംചേർക്കലിനുള്ള ഒരു പര്യായപദമായി മാറിയിരിക്കുകയാണ് ലഘൂകരണം എന്ന പദം. മുൻപ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഉറപ്പാക്കിയിരുന്ന സംരക്ഷണങ്ങളെല്ലാം തന്നെ – ന്യായമായ കൂലി, സുരക്ഷാ മാനദണ്ഡങ്ങൾ, തർക്കപരിഹാരം, കൂട്ടായി വിലപേശാനുള്ള അവകാശം തുടങ്ങിയവ – പുതിയ നിയമം വരുന്നതോടെ ഇല്ലാതാക്കപ്പെടുന്നു; ഇവയ്ക്കുപകരം പുതിയ നിയമസംഹിതയിലുള്ളത് അവ്യക്തമായ കുറെ വാഗ്ദാനങ്ങളും വിവേചനപരമായ അധികാരങ്ങളുമാണ്.

വേതനത്തിനായുള്ള കൂട്ടായ വിലപേശൽ സംവിധാനത്തെയാകെ തകർക്കുന്നതാണ് വേതനത്തെ സംബന്ധിച്ച കോഡ്. സുപ്രീംകോടതി ശുപാർശയും ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശയും നിദാനമാക്കിയിട്ടുള്ള ജീവിക്കാൻ വേണ്ട കൂലി (living wage) എന്ന സങ്കൽപ്പനത്തെയാണ് പുതിയ ലേബർ കോഡ് മാറ്റി സ്ഥാപിക്കുന്നത്; ദേശീയാടിസ്ഥാനത്തിലുള്ള കുറഞ്ഞ കൂലി (National Floor Wages)യിലും വളരെ കുറവായ കഷ്ടിച്ച്, ജീവൻ നിലനിർത്താൻവേണ്ട നിലയിലുള്ള കൂലി സംവിധാനമുണ്ടാക്കാനാണ് യൂണിയൻ ഗവൺമെന്റ് ശ്രമിക്കുന്നത്. സ്കീം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം – ആശ, അംഗൻവാടി, എംജിഎൻആർഇജിഎ തുടങ്ങിയ വിഭാഗങ്ങൾ – അവർ തൊഴിലാളികൾ എന്ന് അംഗീകരിക്കപ്പെടുന്നുപോലുമില്ല; അങ്ങനെ ദശലക്ഷക്കണക്കിന് സ്ത്രീകളെ ശാശ്വതമായി സുരക്ഷാരാഹിത്യത്തിലേക്ക് തള്ളിനീക്കുകയാണ്.

ഇതുപോലെതന്നെ അപകടകരമാണ് വ്യാവസായിക ബന്ധങ്ങളെ സംബന്ധിച്ച കോഡ്. റീട്രെഞ്ച് ചെയ്യുന്നതിനോ സ്ഥാപനം അടച്ചുപൂട്ടുന്നതിനോ മുൻപായി ഗവൺമെന്റിന്റെ അംഗീകാരം വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിന് സ്ഥാപനത്തിൽ കുറഞ്ഞത് 100 പേർ ഉണ്ടായിരിക്കണമെന്നത് 300 പേർ എന്ന നിലയിലേക്ക് ഉയർത്തിയതിലൂടെ പിരിച്ചുവിടലുകൾക്ക് നിയമപരമായ അംഗീകാരം നൽകിയിരിക്കുകയാണ്. പണിമുടക്കിനു മുൻപ് നോട്ടീസ് നൽകുന്നതിനുള്ള കാലാവധി നിയമപരമായ ബാധ്യതയാക്കിയും നീണ്ടുനിൽക്കുന്ന കൂടിയാലോചനകൾ അടിച്ചേൽപ്പിച്ചും തർക്കപരിഹാരത്തിനോ തീർപ്പുകൽപ്പിക്കലിനോ ഇടയിൽ പണിമുടക്ക് നിരോധിച്ചും ഈ കോഡ്, പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ നിഷേധിക്കുകയാണ്. ‘കൂടിയാലോചനകൾ നടത്തുന്നതിന്- അവകാശമുള്ള യൂണിയൻ’ എന്ന അംഗീകാരം നേടുന്നതിന് മൊത്തം തൊഴിലാളികളുടെ 51% ആ യൂണിയനിൽ മെമ്പർമാരായിരിക്കണമെന്ന വ്യവസ്ഥ കൂടിയാകുമ്പോൾ ലക്ഷ്യം പകൽ പോലെ വ്യക്തമാണ് – ട്രേഡ് യൂണിയനുകളെ ശിഥിലമാക്കലും കൂട്ടായ വിലപേശലിനെ ദുർബലമാക്കലും ഭിന്നാഭിപ്രായത്തെ കുറ്റകരമാക്കലുമാണത്.

സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച കോഡാകട്ടെ, ഇന്ത്യയിലെ തൊഴിൽ സേനയിലെ 90%ത്തിലേറെ പേരെയും – അസംഘടിത മേഖലയിലുള്ളവരെയും കരാർ തൊഴിലാളികളെയും പ്ലാറ്റ്ഫോം തൊഴിലാളികളെയും ഗിഗ് തൊഴിലാളികളെയും – ഈ പരിരക്ഷയിൽനിന്നും നിർലജ്ജം പുറന്തള്ളുകയാണ്. ഈ വിഭാഗങ്ങളെയാകെ ഉൾക്കൊള്ളിക്കുകയാണെന്ന് പറയുന്നത് വെറും വ്യാമോഹം സൃഷ്ടിക്കലാണ്; അത് നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയോ ഫണ്ടിങ് സംവിധാനമുണ്ടാക്കുകയോ ചെയ്തിട്ടില്ല. തൊഴിലുടമാവിഹിതമെന്ന നിലയിൽ മൊത്തം ടേണോവറിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രം മതിയെന്നു വരുന്നതിലൂടെ, അതുകൊണ്ട് ചെറിയൊരു തുക മാത്രം പെൻഷൻ നൽകാനോ ഹെൽത്ത് ഇൻഷ്വറൻസിനോ പോലും തികയില്ല എന്നു വരുന്നു. തൊഴിലുടമ – തൊഴിലാളി ബന്ധം അംഗീകരിക്കാത്തിടത്തോളം സാമൂഹ്യ സുരക്ഷയെന്നത് അനുകമ്പകൊണ്ടുള്ള ഭിക്ഷ നൽകൽ മാത്രമായി മാറുന്നു; അത് അധ്വാനിക്കുന്നവന്റെ അവകാശമല്ലാതാകുന്നു.

തൊഴിൽപരമായ സുരക്ഷിതത്വത്തെയും (Occupational Safety) ആരോഗ്യത്തെയും തൊഴിൽ സാഹചര്യത്തെയും സംബന്ധിച്ച കോഡാകട്ടെ, നിയമം ബാധകമാകുന്ന സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് സുരക്ഷാരാഹിത്യം രൂക്ഷമാക്കിയിരിക്കുകയാണ്; മഹാഭൂരിപക്ഷം തൊഴിലാളികളും പണിയെടുക്കുന്ന ചെറുകിട സ്ഥാപനങ്ങളെ കോഡിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. വിശ്വസനീയവും കർക്കശവുമായ ഇൻസ്പെക്ഷൻ നടത്തുന്നതിനുപകരം പുതിയ നിയമപ്രകാരം തൊഴിലുടമ സ്വയം സർട്ടിഫിക്കറ്റ് നൽകിയാൽ മതി; നിർബന്ധമായും നടപ്പാക്കേണ്ടതാണ് എന്നതിനുപകരം തൊഴിലുടമകൾ സ്വമേധയാ ചെയ്യേണ്ട ധാർമിക കടമയാക്കി തൊഴിൽ നിയമങ്ങളെ മാറ്റുകയാണ്. തൊഴിലിടങ്ങളിലെ അപകടമരണങ്ങളെ കുറിച്ചാണെങ്കിൽ, പ്രത്യേകിച്ചും കൺസ്ട്രക്ഷൻ രംഗത്തും ഖനികളിലുമുണ്ടാകുന്ന മരണത്തെ കുറിച്ചാണെങ്കിൽ, അത് ഭീതിജനകമായവിധം വർദ്ധിച്ചുകൊണ്ടിരിക്കെ, ഉത്തരവാദിത്വത്തിൽനിന്ന് ഉടമകളെ ഒഴിവാക്കുന്നത് കുറ്റകരമാണ്.

മൂലധനസേവയിലേർപ്പെട്ടിട്ടുള്ള മോദി വാഴ്ച
വൻകിട മൂലധനത്തിന്റെ സ്വാധീനവലയത്തിലകപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ ഭരണക്കാരുടെ വർഗസ്വഭാവം തുറന്നുകാണിക്കുന്നതാണ് ഈ കോഡുകളെല്ലാം. ഈ കോഡുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നിക്ഷേപത്തെ ആകർഷിക്കുമെന്നുമുള്ള യൂണിയൻ ഗവൺമെന്റിന്റെ ആഖ്യാനം നവലിബറൽ യാഥാസ്ഥിതികത്വത്തിൽനിന്നും നേരിട്ട് പകർത്തിയവയാണ് – ചരിത്രം തള്ളിക്കളഞ്ഞ ഒരു കടങ്കഥയാണത്. ഇപ്പോഴത്തെ ലേബർ കോഡുകളുടെ പ്രതിരൂപമായ രാജസ്താനിലെ 2014ലെ തൊഴിൽ നിയമ ഭേദഗതികൾ ഗണ്യമായ തൊഴിലവസരങ്ങളൊന്നും സൃഷ്ടിച്ചില്ല. അതിനുപകരം സംഭവിച്ചതാകട്ടെ, കരാർവൽക്കരണത്തിന്റെയും തൊഴിൽ അസമത്വം വർധിക്കുന്നതിന്റെയും യൂണിയനുകളുടെ എണ്ണം കുറയുന്നതിന്റെയും ഗതിവേഗം വർധിച്ചു വരുന്നതാണ്.

ഇതിനുപിന്നിലുള്ള യുക്തി വളരെ ലളിതമാണ്. സംരക്ഷണ സംവിധാനങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ, മൂലധനം സ്ഥിരം തൊഴിലുകളുടെ സ്ഥാനത്ത്, സുരക്ഷിതമല്ലാത്ത, കുറഞ്ഞ കൂലി നൽകാവുന്ന അസ്ഥിരമായ തൊഴിലുകൾ കൊണ്ടുവരികയാണ്. ഔപചാരിക മേഖലകൾക്കുള്ളിൽതന്നെ അനൗപചാരികത്വമാണ് വ്യാപകമാകുന്നത്; മൊത്തം തൊഴിലവസരങ്ങൾ വർധിക്കുകയല്ല ചെയ്യുന്നത്. ഔദ്യോഗിക ഡാറ്റകൾപോലും – പിഎൽഎഫ്എസിന്റെയും എൻഎസ്എസ്ഒയുടെയും ആർബിഐയുടെയും റിപ്പോർട്ടുകൾ പോലും സ്ഥിരീകരിക്കുന്നത് കോർപ്പറേറ്റുകളുടെ ലാഭം കുതിച്ചുയരുമ്പോഴും തൊഴിലില്ലായ്മയും ഭാഗികമായ തൊഴിലും വർധിക്കുന്നതായാണ്. അതായത്, ഈ കോഡുകൾ തൊഴിലവസരങ്ങൾ വർധിക്കുന്നതിനുവേണ്ടിയുള്ളതല്ലയെന്ന് വ്യക്തമാകുന്നു; മറിച്ച് നിലവിലുള്ള തൊഴിലാളികളെ കൊള്ളയടിക്കുന്നതിന് നിയമസാധുത നൽകലാണത്.

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന വാചകമടിക്കുപിന്നിൽ കാണാനാവുന്ന യാഥാർഥ്യം, ‘ചൂഷണം അനായാസമാക്കുന്നു എന്നതാണ്. സർക്കാർ ഔദ്ധത്യത്തോടെ പ്രഖ്യാപിക്കുന്നത്, തൊഴിലുടമ സ്വയം സാക്ഷ്യപത്രം നൽകുന്നതും അൽഗൊരിതമിക് ഇൻസ്പെക്ഷനുകളും ഡിജിറ്റൽ ബാധ്യതയാക്കലും സുതാര്യത വർധിപ്പിക്കുമെന്നാണ്. സത്യത്തിൽ, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതിനെതിരായി നിലവിലുള്ള ചുരുക്കം ചില കരുതൽ നടപടികളെ നീക്കം ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ ജീവൻതന്നെ അപകടത്തിലാക്കുകയാണ്. അതിനെ സങ്കീർണ്ണമാക്കുകയും ‘ഇൻസ്പെക്ടർ കം ഫെസിലിറ്റേറ്റർ’ സംവിധാനം നിർബന്ധമായും ജാഗ്രത പുലർത്തേണ്ടിടത്ത് ഭരണകൂടം നിയമം നടപ്പാക്കുക എന്ന കടമയുടെ അന്ത്യത്തെയുമാണ് സൂചിപ്പിക്കുന്നത്.

തൊഴിലാളിയുടെ ശബ്ദം നിശബ്ദമാക്കപ്പെടുന്നു
തൊഴിലാളിവർഗത്തിന്റെ കൂട്ടായ ശക്തിക്കുനേരെ കരുതിക്കൂട്ടിയുള്ള ആക്രമണമായിരിക്കാം ലേബർ കോഡുകളുടെ ഏറ്റവും വിനാശകരമായ മാനം. യൂണിയൻ രൂപീകരിക്കാനും പണിമുടക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം ജനാധിപത്യ രീതിയിലുള്ള എല്ലാ തൊഴിൽ ബന്ധങ്ങളുടെയും അടിത്തറയാണ്. ഉദ്യോഗസ്ഥവൃന്തത്തിന്റെ അനുമതികൾക്കും നടപടിക്രമങ്ങളുടെ കെണികൾക്കും കീഴ്പ്പെടുത്തുന്നതിലൂടെ, ലേബർ കോഡുകൾ ഈ അവകാശങ്ങളെ ഭരണവർഗം നൽകുന്ന കുത്തകാവകാശങ്ങളാക്കി മാറ്റുന്നു.

ഓരോ പ്രതിഷേധ പ്രവർത്തനത്തെയും കുറ്റകൃത്യമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥകൾ. നിയമവിരുദ്ധമായ പിരിച്ചുവിടലുകൾക്കോ വേതനം നൽകാതിരിക്കുന്നതിനോ എതിരായി സംഘടിക്കുന്ന തൊഴിലാളികളെ ലേബർ കോഡ് വ്യവസ്ഥകൾ ലംഘിക്കുന്നവരായി ഇപ്പോൾ ആരോപിക്കാം. അതേസമയം തൊഴിലുടമകൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും നിയമം നടപ്പാക്കാതിരിക്കുന്നതിന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഈ അസന്തുലിതത്വം വലിയൊരു രാഷ്ട്രീയ പദ്ധതി ഉൾക്കൊള്ളുന്നതാണ് – തൊഴിലാളികളെ നിർവീര്യരാക്കുക, ചെറുത്തുനിൽപ്പിനെ അടിച്ചമർത്തുക.

ഗവൺമെന്റ്, തൊഴിലുടമകൾ, ട്രേഡ് യൂണിയനുകൾ എന്നീ ത്രികക്ഷികൾക്കിടയിൽ സംഭാഷണങ്ങൾക്ക് ഒരുകാലത്ത് വേദിയായിരുന്ന ലേബർ കോൺഫറൻസ് ഒരു പതിറ്റാണ്ടിലേറെയായി നിഷ്-ക്രിയമാണ്. പ്രതിപക്ഷം ഹാജരാകാതിരുന്ന സമയത്ത് ലേബർ കോഡുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിലൂടെ മോദി ഗവൺമെന്റ്, ജനാധിപത്യ നടപടിക്രമങ്ങളെ പരിഹാസ്യമാക്കി മാറ്റുകയായിരുന്നു. കൂടിയാലോചനയോടുള്ള ഗവൺമെന്റിന്റെ അവജ്ഞയും വിമുഖതയും തൊഴിലാളികളുടെ ഐക്യത്തോടുള്ള അതിന്റെ ഭയവും കോർപ്പറേറ്റ് ലോബികളോടുള്ള വിധേയത്വവുമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.

കൂടുതൽ വിശാലമായ പശ്ചാത്തലം
ലാഭം മുരടിക്കുന്ന മൂലധനം, അധ്വാനശക്തിക്കുമേൽ അനിയന്ത്രിതമായ നിയന്ത്രണം ആവശ്യപ്പെടുന്ന ആഗോള പാറ്റേണിന്റെ ഭാഗമെന്ന നിലയിൽ വേണം തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരെയുള്ള ഈ കടന്നാക്രമണത്തെ മനസ്സിലാക്കാൻ. ഇന്ത്യയിൽ ഈ നവലിബറൽ കടന്നാക്രമണം, വർഗീയ രാഷ്ട്രീയവുമായി സംയോജിച്ച കോർപ്പറേറ്റ് സേ-്വച്ഛാധിപത്യത്തിന്റെ രൂപം കൈക്കൊള്ളുന്നു. വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെയുള്ള ഉശിരൻ പോരാട്ടങ്ങളെ തുടർന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നിർബന്ധിതമായ അതേ യൂണിയൻ ഗവൺമെന്റുതന്നെ ഇപ്പോൾ നിയമപരമായ നിയന്ത്രണത്തിലൂടെ തൊഴിലാളികളെ വരുതിയിലാക്കാൻ ശ്രമിക്കുന്നു.

തൊഴിലാളിവർഗത്തിന് നിഷ്-ക്രിയമായി നോക്കിയിരിക്കാനാവില്ല. ചരിത്രപരമായ എല്ലാ നേട്ടങ്ങളും – എട്ടുമണിക്കൂർ ജോലി മുതൽ പ്രസവാനുകൂല്യങ്ങൾ വരെ– തൊഴിലാളിവർഗം നേടിയെടുത്തത് പോരാട്ടത്തിലൂടെയാണ്, അല്ലാതെ ഔദാര്യത്തിലൂടെയല്ല. പരിഷ്കാരത്തിന്റെ മറവിൽ ഈ നേട്ടങ്ങൾ പിൻവലിക്കാൻ ഗവൺമെന്റ് ശ്രമിക്കുമ്പോൾ, നിശബ്ദത കീഴടങ്ങലായി മാറുന്നു.

ജനകീയ ശക്തിയുടെ ഉജ്വലമായ ഉദാഹരണമാണ് കർഷക സമരത്തിന്റെ അനുഭവം. ദശലക്ഷകണക്കിന് കർഷകരും തൊഴിലാളികളും ഒരു ബാനറിനുകീഴിൽ ഒന്നിച്ചു പോരാടിയപ്പോൾ, കൃഷിയെ കോർപ്പറേറ്റുവൽക്കരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. അവരുടെ വിജയം അന്യായമായ നിയമനിർമാണത്തിനെതിരെ മാത്രമല്ല, ഗവൺമെന്റിന്റെ ധാർഷ്ട്യത്തിനെതിരെ കൂടിയുള്ളതായിരുന്നു. അതേ പോരാട്ടവീര്യം തൊഴിലാളിവർഗ പ്രസ്ഥാനം ഇപ്പോൾ സജീവമാക്കിയേ മതിയാകൂ.

സംഘടിത ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കൽ
സിഐടിയു, മറ്റ് പ്രധാനപ്പെട്ട കേന്ദ്ര ട്രേഡ് യൂണിയനുകളുമായി യോജിച്ച് ലേബർ കോഡുകളെ അതിശക്തമായും അസന്ദിഗ്ധമായും എതിർക്കുകയും അവ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിസ്സാരമായ ഭേദഗതികളല്ല യൂണിയനുകൾ ആവശ്യപ്പെട്ടത്, മറിച്ച് അവ പൂർണമായും പിൻവലിക്കണമെന്നാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വ്യാപകവും ശക്തവുമായ കടന്നാക്രമണത്തെ നേരിടുന്നതിന് മേഖലാതല സമരങ്ങളെ – സംഘടിതവും അസംഘടിതവുമായ, നഗരി, ഗ്രാമീണഭേദമനേ-്യ വ്യാവസായിക–സേവന രംഗങ്ങളിലാകെയുള്ള സേവനപരവുമായ മുഴുവൻ തൊഴിലാളിവർഗത്തിന്റെയും സംയുക്തപ്രക്ഷോഭവുമായി കണ്ണിചേർക്കണം.

ശക്തമായ സംഘടനയും തൃണമൂലതലത്തിലുള്ള സംഘാടനവും പ്രത്യയശാസ്ത്ര വ്യക്തതയും ഇതിന് അനിവാര്യമാണ്. ഓരോ തൊഴിലിടവും കൺസ്ട്രക്ഷൻ സൈറ്റും ഓരോ സേവന കേന്ദ്രവും ചെറുത്തുനിൽപ്പിന്റെയും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമായി മാറണം. തങ്ങളുടെ വ്യക്തിപരമായ പരാതികൾ – വേതനം ലഭിക്കാത്തത്, കരാർ തൊഴിൽ, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ തൊഴിലാളികളുടെ ചെലവിൽ ലാഭം പരമാവധിയാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു പൊതുസംവിധാനത്തിന്റെ ഉൽപ്പന്നങ്ങളാണെന്ന യാഥാർത്ഥ്യം തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അസംതൃപ്തിയെ സംഘടിത പ്രവർത്തനമാക്കി പരിവർത്തിപ്പിക്കാൻ വർഗബോധത്തിനു കഴിയണം.

ഈ പോരാട്ടത്തിൽ പാർട്ടിക്കും വർഗ – ബഹുജന സംഘടനകൾക്കും നിർണായക പങ്കുവഹിക്കാനുണ്ട്. കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരുമായി സഖ്യം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. തൊഴിൽ പ്രശ്നം ഒറ്റപ്പെട്ട ഒന്നല്ല; തൊഴിലില്ലായ്മ, വിലക്കയറ്റം, ജനാധിപത്യാവകാശങ്ങളുടെ ശോഷണം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽനിന്ന് വേർതിരിക്കാനാവാത്തതാണ് അത്. തൊഴിൽ അവകാശങ്ങൾക്കായുള്ള പോരാട്ടം വ്യത്യസ്തമായൊരു സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണ് – ഉല്പാദന പ്രവർത്തനങ്ങൾ സ്വകാര്യ അത്യാഗ്രഹങ്ങളെയല്ല, മറിച്ച് മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന, ഒരു സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം.

മുന്നോട്ടുള്ള പാത
കേന്ദ്ര ഗവൺമെന്റ് തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോൾ തൊഴിലാളിവർഗത്തിനു മുന്നിലുള്ള വെല്ലുവിളി അടിയന്തരവും ചരിത്രപരവുമാണ്. ലേബർ കോഡുകൾ കേവലം ഭരണപരമായ മാറ്റങ്ങളല്ല, മറിച്ച് അവ തൊഴിലാളികൾക്കെതിരായി ഭരണകൂടത്തിന്റെയും സമ്പദ്-വ്യവസ്ഥയുടെയും ഘടനാപരമായ പുനഃക്രമീകരണത്തെ സൂചിപ്പിക്കുന്നതാണ്. വേരൂന്നാൻ അനുവദിച്ചാൽ അവ അരക്ഷിതാവസ്ഥയെ സ്ഥാപനവത്കരിക്കുകയും വേതനത്തെ കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ള നിലയിലേക്ക് താഴ്ത്തുകയും കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി തൊഴിലാളികളെ കൂലി അടിമകളാക്കി മാറ്റുകയും ചെയ്യും.

അതിനാൽ നിരന്തരം പോരാട്ടം നടത്തുകയും പോരാട്ടവീര്യം നിലനിർത്തുകയും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും വേണം. 2025 നവംബർ 26ന് നടന്ന പ്രതിഷേധം ഒരു സമരാഹ്വാനമായിരുന്നു. ഒരോ ഫാക്ടറി ഗേറ്റും ഓഫീസ് സമുച്ചയവും വ്യാവസായിക മേഖലയും ഈ ഡിമാൻഡുകളെ പ്രതിധ്വനിപ്പിച്ചു: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക! തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക! ജനാധിപത്യം ഉയർത്തിപ്പിടിക്കുക!

തൊഴിലാളികൾ ഇതിനുമുമ്പും പിന്തിരിപ്പൻ നയങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളിവർഗത്തിന്റെ വീരോചിതമായ പോരാട്ടങ്ങൾ – സ്വകാര്യവൽക്കരണത്തിനെതിരെ, കരാർവൽക്കരണത്തിനെതിരെ, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ – ഏറ്റവും ധിക്കാരികളായ ഭരണാധികാരികളെപ്പോലും പിൻവാങ്ങാൻ നിർബന്ധിതരാക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്. ആ പാരമ്പര്യം നമുക്ക് മുമ്പോട്ടുകൊണ്ടുപോകണം.

ഉത്തരവാദിത്വങ്ങളൊന്നും നിർവഹിക്കാതെ ഉണ്ടാക്കുന്ന ലാഭവും നീതിരഹിതമായ വളർച്ചയും ലക്ഷ്യമിട്ടുള്ള ഒരു മുതലാളിത്ത പദ്ധതിയുടെ ഏറ്റവും പുതിയ പ്രകടനമായി ഈ നാല് ലേബർ കോഡുകളും നിലകൊള്ളുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയുടെ എഞ്ചിനായ ഇന്ത്യൻ തൊഴിലാളിവർഗം, തങ്ങളുടെ അവകാശങ്ങളെ കോർപ്പറേറ്റ് ശക്തികൾക്ക് അടിയറവെക്കാൻ അനുവദിക്കില്ല. കൂട്ടായ ശക്തി ഉയർത്തിപ്പിടിക്കാനും പ്രതിഷേധത്തെ കരുത്താക്കി മാറ്റാനും ജനങ്ങൾക്കുവേണ്ടി ജനങ്ങളുടേതായ റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ആഹ്വാനം വളരെ വ്യക്തമാണ് – തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ജനാധിപത്യ കൂടിയാലോചനകൾ പുനഃസ്ഥാപിക്കുക, തൊഴിൽ സുരക്ഷയും ന്യായമായ വേതനവും സാർവത്രിക സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന തൊഴിലാളി അനുകൂല നിയമങ്ങൾ നടപ്പാക്കുക. ഇന്ത്യയുടെ ചരിത്രത്തിലെ ഓരോ നിർണായക നിമിഷത്തിലും ചെയ്തതുപോലെ നീതി, സമത്വം, അന്തസ്സ് എന്നിവയ്ക്കായുള്ള പോരാട്ടത്തിന് വീണ്ടും നേതൃത്വം നൽകാൻ തൊഴിലാളിവർഗത്തിന് കഴിയണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 1 =

Most Popular