Monday, May 18, 2026

ad

Homeകവര്‍സ്റ്റോറിതൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധം

തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധം

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളാക്കി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി ഹെൽത്ത് ആന്റ് വർക്കിങ് കണ്ടിഷൻസ്) വിഭാവനം ചെയ്തിരിക്കുകയാണ്. ഈ കോഡുകൾ നടപ്പിലാക്കുമ്പോൾ കേരളത്തിലെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന സവിശേഷ സാഹചര്യങ്ങളെയും തൊഴിലാളികളുടെ അവകാശങ്ങളെയും അത് എങ്ങനെ ബാധിക്കും എന്നത് ഗൗരവതരമായ ചിന്താവിഷയമാണ്.

പ്രധാനമായും ‘കോഡ് ഓൺ വേജസ്, 2019′ നടപ്പിലാക്കുമ്പോൾ, നിലവിലുള്ള 87 തൊഴിൽ മേഖലകളിലെ മിനിമം വേതന വ്യവസ്ഥകൾ എടുത്തുകളയുകയും പകരം തൊഴിലുകളെ നാല് വിഭാഗങ്ങളായി (അൺസ്‌കിൽഡ്, സെമിസ്കിൽഡ്, സ്കിൽഡ്, ഹൈലി സ്കിൽഡ്) മാത്രം തരംതിരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങളെ പരിഗണിക്കാതെ സ്കിൽ മാത്രം അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കുന്നത് തൊഴിൽ മേഖലയിൽ അസംതൃപ്തിക്കും സംഘർഷങ്ങൾക്കും കാരണമായേക്കാം. ഇതിനു പരിഹാരമായി ഹോസ്പിറ്റൽ, ഐ.ടി, മീഡിയ തുടങ്ങിയ മേഖലകളിൽ ‘ഫെയർ വേജസ്’ നിയമം നടപ്പിലാക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, ബോണസ് ആക്ട് ബാധകമാകുന്ന പരിധി 20 തൊഴിലാളികളുണ്ടായിരിക്കണമെന്നാക്കി മാറ്റിയ ഉയർത്തിയതോടെ, 10 തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ബോണസ് ഉറപ്പാക്കിയിരുന്ന സംസ്ഥാനത്തിന്റെ അധികാരം നഷ്ടപ്പെടുകയും നിരവധി തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പരിശോധിക്കുമ്പോൾ, ‘വ്യവസായം’ എന്നതിന്റെ നിർവചനത്തിൽ നിന്ന് ചാരിറ്റബിൾ സ്ഥാപനങ്ങളെയും മറ്റും ഒഴിവാക്കിയത് വലിയ ആശുപത്രികളിലെയടക്കം തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യത്തെയും തൊഴിൽ സുരക്ഷയെയും ദോഷകരമായി ബാധിക്കും. പണിമുടക്കുകൾക്ക് 60 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാക്കിയതും, സ്റ്റാൻഡിങ് ഓർഡറുകൾ ബാധകമാകുന്ന തൊഴിലാളികളുടെ പരിധി 50-ൽ നിന്ന് 300-ലേക്ക് ഉയർത്തിയതും തൊഴിലാളി വിരുദ്ധമായ മാറ്റങ്ങളാണ്.

തൊഴിൽ സുരക്ഷാ കോഡിലും ആശങ്കകളേറെയാണ്. ഫാക്ടറി നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ചതും, മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ പരിധി 1-ൽ നിന്ന് 10-ലേക്ക് ഉയർത്തിയതും വലിയൊരു വിഭാഗം തൊഴിലാളികൾക്ക് നിയമപരിരക്ഷ നഷ്ടമാകാൻ ഇടയാക്കും. 18,000 രൂപയിൽ കൂടുതൽ വേതനം ലഭിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ മൈഗ്രന്റ് വർക്കർ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയതും കേരളത്തെ സംബന്ധിച്ച് തിരിച്ചടിയാണ്.

സാമൂഹ്യ സുരക്ഷാ കോഡു പ്രകാരം, കെട്ടിട നിർമാണ സെസ്സ് പിരിക്കുന്നതിനുള്ള പരിധി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുന്നത് ക്ഷേമനിധി ബോർഡിന്റെ വരുമാനത്തെ സാരമായി ബാധിക്കും. ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വതന്ത്രാധികാരത്തിനുമേലുള്ള നിയന്ത്രണങ്ങളും അംഗീകരിക്കാനാവില്ല.

കേന്ദ്ര നിയമങ്ങൾ നടപ്പിലാകുമ്പോഴും, കേരളം പടുത്തുയർത്തിയ മികച്ച തൊഴിൽ സംസ്കാരവും തൊഴിലാളി ക്ഷേമവും ഒട്ടും ചോർന്നുപോകാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആവശ്യമെങ്കിൽ നിയമനിർമാണങ്ങളിലൂടെയും ഭേദഗതികളിലൂടെയും തൊഴിലാളികളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പാക്കും.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് തൊഴിൽ. അതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയമനിർമാണത്തിന് അവകാശമുണ്ട്. ഈ ഫെഡറൽ അധികാരം ഉപയോഗിച്ചാണ് കേരളം കേന്ദ്ര കോഡുകളെ ചെറുക്കുന്നത്. കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കുമ്പോൾ സംസ്ഥാനം രൂപീകരിക്കുന്ന ചട്ടങ്ങളിൽ തൊഴിലാളി വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.

പിരിച്ചുവിടലിനുള്ള തൊഴിലാളികളുടെ പരിധി ഉയർത്തിയ നടപടി കേരളത്തിൽ അതേപടി നടപ്പിലാക്കാതിരിക്കാൻ നിയമപരമായ വഴികൾ നമ്മൾ തേടുകയാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന കർശന ചട്ടങ്ങൾ നമ്മൾ രൂപീകരിക്കും. ഫാക്ടറികളിലെ സുരക്ഷാ പരിശോധനകൾ ലഘൂകരിച്ച് ‘വെബ് അധിഷ്ഠിത’മാക്കാനാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ, തൊഴിലാളികളുടെ ജീവന് വിലകൽപ്പിക്കുന്ന കേരളം, ലേബർ ഓഫീസർമാർ നേരിട്ട് നടത്തുന്ന കൃത്യമായ ഇൻസ്പെക്ഷനുകൾ നിർബന്ധമാക്കും.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാണ്. നിർമാണ തൊഴിൽ മുതൽ തയ്യൽ തൊഴിൽ വരെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾ വഴി പെൻഷനും ചികിത്സാ സഹായവും ഉറപ്പാക്കുന്നു. കേന്ദ്ര നിയമങ്ങൾ അവഗണിക്കുന്ന വിഭാഗങ്ങളായ ഗിഗ് വർക്കർമാർക്കും പ്ലാറ്റ്ഫോം തൊഴിലാളികൾക്കും കൂടി സംരക്ഷണം നൽകുന്ന നടപടികളുമായി നമ്മൾ മുന്നോട്ടു പോവുകയാണ്.

ദേശീയ തലത്തിൽ നിശ്ചയിക്കുന്ന ‘ഫ്ലോർ വേജ്’ കേരളത്തിലെ ജീവിതച്ചെലവിനേക്കാൾ വളരെ കുറവായിരിക്കും. അതിനാൽ, കേരളത്തിലെ തൊഴിലാളികൾക്ക് മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ ഉയർന്ന മിനിമം വേതനം സംസ്ഥാന സർക്കാർ ഉറപ്പാക്കും.

തൊഴിലാളികളെ കേവലം ലാഭമുണ്ടാക്കാനുള്ള യന്ത്രങ്ങളായി കാണുന്ന മുതലാളിത്ത കാഴ്ചപ്പാടല്ല, മറിച്ച് അവരെ നാടിന്റെ സമ്പത്തായും പങ്കാളികളായും കാണുന്ന ഇടതുപക്ഷ ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രം അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, ആ അവകാശങ്ങൾക്ക് കാവൽ നിൽക്കുകയാണ് കേരളം ചെയ്യുന്നത്.

ലേബർ കോഡുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിസംബർ 19 ന് ദേശീയ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് വിളിച്ചുചേർക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് തീരുമാനിച്ചത് കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ ചെറുത്തുനിൽപ്പ് ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇതിന്റെ മുൻപന്തിയിൽ തന്നെ കേരളം ഉണ്ടാകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × one =

Most Popular