Monday, May 18, 2026

ad

Homeകവര്‍സ്റ്റോറിവിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാവുക

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാവുക

സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ചേർന്ന്‌ നടത്തിയ ഡൽഹി ചലോ, പൊതുപണിമുടക്ക്‌, ഗ്രാമീൺ ഹർത്താൽ എന്നീ ചരിത്രപരമായ സംയുക്തപ്രക്ഷോഭങ്ങളുടെ അഞ്ചാം വാർഷികമായ നവംബർ 26ന്‌, തൊഴിലാളികളുടെയും കർഷകരുടെയും വമ്പിച്ച പ്രക്ഷോഭങ്ങൾക്കാണ്‌ രാജ്യം സാക്ഷിയായത്‌. കോർപറേറ്റ്‌ അനുകൂല ലേബർ കോഡുകളുടെയും കാർഷിക നിയമങ്ങളുടെയും രൂപത്തിൽ 2020–21ൽ ഉത്പാദക വർഗങ്ങൾക്കുമേൽ – തൊഴിലാളികളും കർഷകരും – നടത്തിയ സംഘടിത ആക്രമണത്തെ ദൃഢനിശ്ചയത്തോടെയാണ്‌ ചെറുത്തുതോൽപ്പിച്ചത്‌. മഹാമാരിയുടെ കാലത്ത് 380 ദിവസം നീണ്ടുനിന്ന സുദീർഘമായ ഉശിരൻ സംയുക്ത പോരാട്ടമാണ്‌ നടത്തിയത്‌. 736 കർഷക സഖാക്കൾ അന്ന്‌ രക്തസാക്ഷിത്വം വരിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കാനും തൊഴിൽ കോഡും വൈദ്യുതി ഭേദഗതി ബില്ലും താൽക്കാലികമായി മരവിപ്പിക്കാനും അന്ന്‌ നിർബന്ധിതരാക്കപ്പെട്ടു. മിനിമം താങ്ങുവിലയുടെ നിയമപരമായ പരിരക്ഷ, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ തുടങ്ങിയ ഉറപ്പുകൾ എഴുതി നൽകുകയും ചെയ്‌തു. എന്നാൽ ഇ‍ൗ വർഷം നടത്തിയ പ്രക്ഷോഭങ്ങൾ എഴുതിനൽകിയ ഉറപ്പുകൾ സർക്കാർ ലംഘിക്കുന്നതിനെതിരെയും വഞ്ചനാപരമായ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ നടപ്പാക്കുന്നതിനെതിരെയും ആയിരുന്നു. കർഷകജനസാമാന്യത്തിന്റെയും ഗ്രാമീണ ദരിദ്രരുടെയും പ്രക്ഷോഭങ്ങളിലെ ആവേശകരമായ പങ്കാളിത്തം വർഷങ്ങൾകൊണ്ട്‌ കെട്ടിപ്പടുത്ത തൊഴിലാളിവർഗത്തോടുള്ള ഐക്യദാർഢ്യത്തിന്റെ തെളിവുകൂടിയായി.

ബിഹാറിലെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നാല്‌ ലേബർ കോഡുകളടക്കമുള്ള നിരവധി ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ എൻഡിഎ സർക്കാർ വിജ്ഞാപനം ചെയ്‌തു. കുത്തകകളുടെ ലാഭക്കൊതിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനതയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ വൈദ്യുതി ഭേദഗതി ബില്ലും വിത്ത് ബില്ലും സർക്കാർ ആക്രമണാത്മകമായി മുന്നോട്ടുകൊണ്ടുപോകുന്നു. ജോലി സമയം 12 മണിക്കൂറോ അതിൽ കൂടുതലോ ആക്കണമെന്നും സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ നീക്കം ചെയ്യണമെന്നും തൊഴിലാളികളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനുള്ള അവകാശം നൽകണമെന്നും അവർക്ക്‌ സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കണമെന്നും കോർപറേറ്റ്‌ ശിങ്കിടി മുതലാളികൾ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ്‌ തൊഴിൽ കോഡുകൾ വിജ്ഞാപനം ചെയ്‌തത്‌. കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുന്നതിനുപുറമേ പെൻഷൻ, തൊഴിൽ സുരക്ഷ തുടങ്ങിയ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും ഇതിനൊപ്പം ഇല്ലായ്‌മ ചെയ്യപ്പെടും. തൊഴിലുടമകൾക്ക് ജീവനക്കാരെ കാരണമോ അറിയിപ്പോ ഇല്ലാതെ പിരിച്ചുവിടാൻ സ്വാതന്ത്ര്യം നൽകുന്നതായി നിയമങ്ങൾ മാറും. കാർഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നത്‌ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും കൂട്ട ആത്മഹത്യകളിലേക്കും ദുരിതപൂർണ്ണമായ കുടിയേറ്റത്തിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ്‌.

കൃഷിയെ അഗ്രിബിസിനസിന്‌ വിട്ടുകൊടുക്കുന്ന പുതിയ ആക്രമണ രീതിയാണിപ്പോൾ നടക്കുന്നത്‌. വൈദ്യുതി സ്വകാര്യവൽക്കരിക്കുകയും പ്രീ-പെയ്ഡ് സ്മാർട്ട് മീറ്ററുകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ഇത്‌ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഭീമമായ ചാർജുകൾക്കുപുറമേ ക്രോസ് സബ്‌സിഡി സമ്പ്രദായം ഇല്ലാതാക്കുകയും ചെയ്യും. വൈദ്യുതി ഉപഭോക്താക്കളുടെ ഐക്യം കെട്ടിപ്പടുത്തുകൊണ്ട് കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും ഇപ്പോൾത്തന്നെ സമരത്തിന്റെ പാതയിൽ അണിനിരന്നിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ കർഷകർ സ്മാർട്ട് മീറ്ററുകൾ പിഴുതെറിഞ്ഞ് പ്രതിഷേധിച്ചു. വിത്തുകൾ, വളം, കീടനാശിനി തുടങ്ങിയ ഇൻപുട്ടുകളുടെ വില കുതിച്ചുയരുന്പോൾ കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നില്ല. ഇത്തരമൊരു ഘട്ടത്തിൽ കൊണ്ടുവന്ന വിത്തുബിൽ കർഷകരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയും കുത്തക വിത്തുകന്പനികളുടെ ലാഭക്കൊതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആഗോള വിത്ത് വിപണിയുടെ ഏകദേശം 60 ശതമാനവും നിയന്ത്രിക്കുന്നത് കേവലം നാല് അതിസമ്പന്ന കമ്പനികൾ ചേർന്നാണ് എന്നതാണ് ശ്രദ്ധേയം. ഇ‍ൗ കന്പനികൾക്കൊപ്പം വ്യക്തമായും നിലയുറപ്പിച്ചിരിക്കുന്ന ബിജെപിക്കും ആർഎസ്‌എസിനും കർഷകരുടെ ക്ഷേമം ഒരു വിഷയമേയല്ല. അസമമായ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുകയും അമേരിക്കൻ താരിഫുകളുടെ സമ്മർദ്ദത്തിന് വിധേയപ്പെടുകയും ചെയ്‌ത കേന്ദ്ര സർക്കാർ, അവയെ എതിർക്കുന്നതിനുപകരം പരുത്തിയുടെ ഇറക്കുമതി തീരുവ പൂജ്യമാക്കി നൽകുകയാണുണ്ടായത്‌. തൊഴിലവസരങ്ങളുടെ അഭാവം ദുരിതപൂർണ്ണമായ കുടിയേറ്റത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും നടത്തുന്ന ദ്വിമുഖ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കർഷക വിരുദ്ധ നയങ്ങളെ ചെറുക്കുന്നതിന് ,ഉശിരൻ പോരാട്ടങ്ങൾ കെട്ടിപ്പടുക്കുകയും ബദലുകൾക്കായി ഫലാധിഷ്ഠിതമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുക എന്നതാണ്‌ ഏക പോംവഴി.

ഒരു പതിറ്റാണ്ടുമുന്പ്‌ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന്റെ ആദ്യ ദിവസം മുതൽ ബിജെപി ഭരണകൂടത്തിനെതിരെ സ്ഥിരതയാർന്ന നിരന്തരപോരാട്ടം കെട്ടിപ്പടുത്തവരാണ്‌ തൊഴിലാളികളും കർഷകരും. പൊതുലക്ഷ്യം നേടാനും ശക്തനായ പൊതുശത്രുവിനെ പരസ്‌പരപൂരകമായി പ്രവർത്തിച്ച്‌ പരാജയപ്പെടുത്താനും വിഭിന്ന വർഗങ്ങളുമായി അനുരഞ്ജനത്തിലെത്തുകയെന്നത് വളരെ ദുഷ്‌കരമായ പരികല്പനയായിരുന്നു. എന്നാൽ നിരന്തര പോരാട്ടങ്ങളിലൂടെ കർഷകരും തൊഴിലാളികളും സാധ്യമാക്കിയത് ഇ‍ൗ അനുരഞ്ജനമാണ്. വ്യത്യസ്‌ത വർഗങ്ങളുടെ സഖ്യംചേരൽ അത്യന്താപേക്ഷിതമാണെന്ന്‌ ഇതിലൂടെ തിരിച്ചറിയപ്പെട്ടു. വിശാലവും വിഷയാധിഷ്ഠിതവുമായ ഐക്യം കെട്ടിപ്പടുക്കലാണ്‌ പൊതുചൂഷകനെതിരെയും നയങ്ങൾക്കെതിരെയും ഇ‍ൗ ഇരുണ്ട കാലത്ത്‌ വിജയം കൈവരിക്കാനുള്ള ഏകമാർഗം. എല്ലാ സീമകളും ഭേദിച്ചുകഴിഞ്ഞ കാർഷിക പ്രതിസന്ധി, ആത്മഹത്യകൾ, കടബാധ്യത, മിനിമം താങ്ങുവിലയ്‌ക്ക് നിയമ പരിരക്ഷ, കൃഷിയിലും ഗ്രാമീണ വികസനത്തിലും പൊതുനിക്ഷേപം നടത്തുക തുടങ്ങിയ പലവിധ വിഷയങ്ങൾ രാജ്യത്തിന്റെ യാകെ ശ്രദ്ധയിലെത്തിക്കാൻ ഇ‍ൗ കാർഷിക പ്രക്ഷോഭങ്ങൾ സവിശേഷമായ പങ്കാണ്‌ വഹിച്ചത്‌. കർഷകജനസാമാന്യത്തിന്റെ വിഷയാധിഷ്ഠിത ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്ന സംയുക്ത കിസാൻ മോർച്ച, സെൻട്രൽ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയിൽ അണിനിരന്നിട്ടുള്ള തൊഴിലാളിവർഗത്തിന്റെ വിഷയാധിഷ്ഠിത ഐക്യത്തോട് ചേർന്നുനിൽക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ തൊഴിലാളികളുടെയും കർഷകരുടെയും പാറപോലുറച്ച ഐക്യം കെട്ടിപ്പടുക്കണമെന്ന ധാരണയിൽ വിജയകരമായി എത്തിച്ചേരാൻ കഴിയും.

മുൻകാല പ്രക്ഷോഭങ്ങൾ നൽകിയ നേട്ടങ്ങളുടെ പേരിൽ വിശ്രമിക്കാനോ ആ നേട്ടങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് ഓർമിച്ചുകൊണ്ടിരിക്കാനോ ഉള്ള സമയമല്ലിത്‌. നിശ്ചയമായും, പാഠങ്ങൾ ഉൾക്കൊള്ളാനും പ്രസ്ഥാനങ്ങളുടെ ബലഹീനതകൾ കണ്ടെത്തി പരിഹരിക്കാനും നമുക്കു സാധിക്കണം. സമരങ്ങൾ ശക്തിപ്പെടുത്തുകയും , ഇനിയും എത്തിപ്പെട്ടിട്ടില്ലാത്ത അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്ക് എത്തുകയും, ഭരണവർഗത്തിന്റെ ഓരോ നുണകളെയും തെറ്റായ അവകാശവാദങ്ങളെയും ഖണ്ഡിക്കുകയും, കർഷക–തൊഴിലാളി ഐക്യം തൃണമൂലതലത്തിലേക്ക്‌ വ്യാപിപ്പിക്കുകയും , മറ്റ്‌ ജനവിഭാഗങ്ങളെ ആകർഷിക്കുകയും, പ്രക്ഷോഭത്തെ അടുത്ത ഉയർന്നതലത്തിലേയ്‌ക്ക്‌ നയിക്കുകയും ചെയ്യേണ്ട സമയമാണിത്‌. തൊഴിൽ നിയമങ്ങൾ , വൈദ്യുതി ബിൽ , വിത്തുബിൽ തുടങ്ങിയവ പിൻവലിപ്പിക്കുന്നതുവരെയും മിനിമം താങ്ങുവില സി2+ 50 ആക്കുക, കടാശ്വാസം, തൊഴിലുറപ്പ്‌ ദിനങ്ങൾ 200 ദിവസം വരെയാക്കൽ എന്നീ ഉറപ്പുകൾ നേടിയെടുക്കും വരെയും നീണ്ടുനിൽക്കുന്ന സുദീർഘമായ പോരാട്ടത്തിന്‌ നമ്മുടെ പ്രസ്ഥാനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്‌.

1991 മുതൽ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ള പ്രധാന ഭരണവർഗ പാർട്ടികൾ ഒരേ നവലിബറൽ നയങ്ങൾതന്നെ നടപ്പിലാക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഇ‍ൗ നയങ്ങൾക്കെതിരെ സ്ഥായിയായ എതിർപ്പുയർത്തിയത്‌ ഇടതുപക്ഷ പാർട്ടികൾ മാത്രമാണ്‌. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഫെഡറലിസത്തിനുമെതിരായ നവ- ഫാസിസ്റ്റ് ആക്രമണങ്ങളെ ചെറുക്കുന്നതിന് മറ്റ് രാഷ്ട്രീയ പാർട്ടികളുമായി വിശാലമായ ധാരണയും പാർലമെന്റിൽ ഏകോപനവും ആവശ്യമാണെങ്കിലും , അതേസമയംതന്നെ ഒരു ഇടതുപക്ഷ ജനാധിപത്യ ബദലിനെ ജനകീയമാക്കേണ്ടതുണ്ട്. ബഹുജന-–വർഗ സംഘടനകളുടെ വിശാലമായ ഒരു വേദി കെട്ടിപ്പടുത്തുകൊണ്ട് തെരുവുകൾ തോറും നടത്തുന്ന സമരങ്ങൾ പ്രസ്ഥാനത്തെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ ഉ‍ൗർജ്ജമേകും. വർഗീയ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ അടിയുറച്ച ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കാനും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുംവരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം കെട്ടിപ്പടുക്കുന്നതിനും ഇത് സഹായിക്കും. l

(പരിഭാഷ: റിതിൻ പൗലോസ്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 17 =

Most Popular