‘‘കൂടുതൽ സുരക്ഷയും സമത്വവും തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നു” എന്നാണ് 2020 സെപ്തംബറിൽ പാസ്സാക്കുകയും 2025 നവംബറിൽ വിജ്ഞാപനം ചെയ്യുകയും ചെയ്ത ലേബർ കോഡുകളെക്കുറിച്ച് സർക്കാരിന്റെ അവകാശവാദം. അതു കൂടാതെ എല്ലാവർക്കും മിനിമം കൂലി, നിയമന ഉത്തരവ്, സമയത്ത് വേതനം, എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ, ഗ്രാറ്റുവിറ്റി, സ്ത്രീകൾക്കു തുല്യ വേതനം എന്നിങ്ങനെ “പുതിയ കാലത്തിന്റെ പുതിയ തൊഴിൽ നിയമ”ങ്ങളിൽ 50 കോടി തൊഴിലാളികൾക്ക് എല്ലാ അവകാശങ്ങളും നല്കിയിരിക്കുന്നു എന്നാണ് മോദി സർക്കാരിന്റെ അവകാശവാദം.
ഭൂരിപക്ഷം സ്ത്രീ തൊഴിലാളികളും
തൊഴിൽ നിയമ പരിധിക്കുപുറത്ത്
ഏറ്റവും കൂടുതൽ സ്ത്രീകൾ തൊഴിലെടുക്കുന്നത് കാർഷിക മേഖലയിലാണ്. എങ്ങനെയാണ്, ആരാണ് അവിടെ മിനിമം കൂലിയും നിയമന ഉത്തരവും നല്കുക? തൊഴിലുറപ്പ് ജോലിക്കുപോലും മിനിമം കൂലി നൽകുന്നില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഏറ്റവുമധികം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള തൊഴിലാളി സമരങ്ങൾ നടന്ന, ഏറ്റവുമധികം സ്ത്രീകൾ പണിയെടുക്കുന്ന ഒരു മേഖലയാണ് വിവിധ സർക്കാർ പദ്ധതികൾ. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ ഉൾപ്പെടെ ഭൂരിപക്ഷവും സ്ത്രീകളായിട്ടുള്ള ഏതാണ്ട് ഒരു കോടിയോളംവരുന്ന, വിവിധ കേന്ദ്ര സർക്കാർ പദ്ധതികളിലെ തൊഴിലാളികൾ – – സ്കീം വർക്കേഴ്സ്– ഒരു തൊഴിൽ നിയമ പരിധിയിലും ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. പാചകത്തൊഴിലാളികൾക്കു നിയമന ഉത്തരവ് പോലും നൽകാറില്ല. ഇവർക്ക് മിനിമം കൂലി പോയിട്ട് അതിന്റെ പത്തിലൊന്നുപോലും വേതനം നൽകുന്നില്ല. 2009 മുതൽ ഇന്നുവരെ പാചകത്തൊഴിലാളിക്ക് ഒരു മാസത്തെ കൂലി 1000 രൂപ മാത്രമാണ്. അതായത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രതിദിനം 38 രൂപ. എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ കേരള സർക്കാരിന്റെ വിഹിതം ചേർത്ത് പ്രതിദിനം 700 രൂപയാണ് കൂലി. സുപ്രീം കോടതി 2022 ൽ എല്ലാ അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അവകാശമുണ്ടെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇന്നുവരെ സർക്കാർ ഇത് നടപ്പാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സമയത്ത് വേതനം കൊടുക്കുമെന്നു പരസ്യം ചെയ്യുന്ന മോദി സർക്കാരിന്റെ വിഹിതം ലഭിക്കാത്തതിനാൽ ഇന്നും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അങ്കണവാടി, ആശ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കുള്ള വേതനം ആറു മാസം വരെ കുടിശ്ശികയാണ്.
ഏതാണ്ട് അരക്കോടിയോളം വരുന്ന വീട്ടുജോലിക്കാരെയും (domestic workers) യാതൊരു തൊഴിൽ നിയമത്തിന്റെയും പരിധിയിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറായിട്ടില്ല.
എല്ലാ തൊഴിലാളികളെയും ഉൾക്കൊള്ളുന്നു എന്ന അവകാശവാദം ഉന്നയിക്കുന്ന മോദി സർക്കാർ ഈ ലേബർ കോഡുകൾ വഴി നേരത്തെ തൊഴിൽ നിയമ പരിരക്ഷ ലഭിച്ചിരുന്ന സംഘടിത മേഖലയിലെ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തെ അതിന്റെ പരിധിയിൽ നിന്നൊഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഏതാണ്ട് 50 ശതമാനത്തോളം ഫാക്ടറികളും 20 ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്നവയാണ്. നിയമ പരിധിയിൽ വരുന്ന തൊഴിലാളികളുടെ നിർവചനത്തിൽ നിന്ന് 20 നു പകരം 40 തൊഴിലാളികൾ വരെ പണിയെടുക്കുന്ന ഫാക്ടറികളെ ഒഴിവാക്കുക വഴി ഏതാണ്ട് 70 ശതമാനം തൊഴിലാളികളെയും മിനിമം വേതനം, സമയത്ത് വേതനം, സാമൂഹ്യ സുരക്ഷ തുടങ്ങി എല്ലാ തൊഴിലവകാശങ്ങളിൽ നിന്നും ഒഴിവാക്കുകയാണ് ഈ കോഡുകൾ ചെയ്തിരിക്കുന്നത്.
തുല്യ വേതനം
കോഡുകളിൽ തുല്യവേതനം ഉറപ്പാക്കും എന്നു പ്രഖ്യാപിച്ച സർക്കാർ എങ്ങനെയാണ് അത്, പ്രത്യേകിച്ച് അസംഘടിത മേഖലയിൽ, ഉറപ്പുവരുത്തുന്നത് എന്നു പറയുന്നില്ല. നിലവിലുള്ള ലേബർ ഇൻസ്പെക്ടർമാരുടെ അധികാരം എടുത്തുകളഞ്ഞ് അവരെ‘ ഫെസിലിറ്റേറ്റർ’മാരായി മാറ്റുക വഴി തുല്യവേതനം നടപ്പാക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്. സർക്കാർ കണക്കുപ്രകാരം 70 ശതമാനത്തോളം സ്ത്രീകൾക്ക് തുല്യവേതനം നിഷേധിക്കപ്പെട്ടിരിക്കുന്നു.
പ്രസവാനുകൂല്യങ്ങൾ
2017 ൽ പ്രസവാവധി ആറു മാസമായി വർധിപ്പിച്ചിരുന്നു. എന്നാൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ ഏതാണ്ട് മൂന്നോ നാലോ ശതമാനത്തിനു മാത്രമാണ് ശമ്പളത്തോടുകൂടിയ അവധിയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നത്. ലേബർകോഡുകൾ രണ്ടിലധികം കുട്ടികളാണെങ്കിൽ പ്രസവാനുകൂല്യം പകുതിയായി ചുരുക്കിയിരിക്കുന്നു. നിയമപ്രകാരം തൊഴിലുടമ പ്രസവാനുകൂല്യം നല്കിയില്ലെങ്കിൽ 3,500 രൂപ ആനുകൂല്യം ലഭിക്കുമത്രേ!
സർക്കാർ കൊട്ടിഘോഷിക്കുന്ന ഒന്ന്, ആറുമാസത്തിനുശേഷം കുട്ടിക്ക് 15 മാസം ആകും വരെ സ്ത്രീകൾക്ക് വർക്ക് ഫ്രം ഹോം ആയി പണിയെടുക്കാം എന്ന വ്യവസ്ഥ പുതുതായി കൊണ്ടുവന്നു എന്നതാണ്. പക്ഷേ ഇത് – സ്ത്രീ തൊഴിലാളിയും തൊഴിലുടമയും തമ്മിൽ എത്തുന്ന ഒത്തുതീർപ്പനുസരിച്ചാകും!
അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് എങ്ങനെ പ്രസവാവധിയും അവധിക്കാല വേതനവും ലഭ്യമാകും എന്നു കോഡ് പറയുന്നുമില്ല.
ശിശുപരിപാലനം
ശിശുപരിപാലന സൗകര്യങ്ങൾ തൊഴിൽ സ്ഥല പരിധിയിൽ ഉറപ്പുവരുത്താനുള്ള വ്യവസ്ഥയിൽ വെള്ളംചേർത്ത് വിവിധ തൊഴിലുടമകൾക്ക് ഒന്നിച്ച് തൊഴിൽ സ്ഥലത്തു നിന്നു മാറി ഔട്ട്സോഴ്സ് ശിശുപരിപാലനകേന്ദ്രം (creche) ഏർപ്പെടുത്താം എന്നാക്കി മാറ്റി. സ്വകാര്യ സ്ഥാപനങ്ങളോ ദിവസത്തിൽ 4 മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന അങ്കണവാടിയോ ആയാലും മതി!
രാത്രി ഷിഫ്റ്റ്
ഇതു കൂടാതെ “സ്ത്രീസമത്വത്തിനും” “സ്ത്രീസ്വാതന്ത്ര്യ”ത്തിനുമായി സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനും ആപത്കരമായ വ്യവസായങ്ങളിലും ഭൂഗർഭ ഖനികളിലും പണിയെടുക്കാനുമുള്ള “സ്വാതന്ത്ര്യം” മോദി നല്കിയിട്ടുണ്ട്!
രാത്രി ഷിഫ്റ്റിൽ സുരക്ഷയും വീടുവരെയുള്ള യാത്രാസൗകര്യവും സ്ത്രീതൊഴിലാളിയുടെ അനുമതിയും വേണമെന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻപ് നിരോധനം നിലവിലുള്ളതിനാൽ രാത്രി ഷിഫ്റ്റിൽ സ്ത്രീകളെ പണിയെടുപ്പിക്കാൻ, ഈ സൗകര്യങ്ങൾ ഉറപ്പുവരുത്തി ഇളവ് അനുവദിക്കാൻ അപേക്ഷ നൽകിയാൽ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഇന്നു മുൻകൂട്ടി ഈ സൗകര്യങ്ങൾ ഉണ്ടോ എന്ന ഉറപ്പുവരുത്താൻ സംവിധാനങ്ങളില്ല. മറിച്ച് തൊഴിലാളികൾക്ക് പരാതിയുമായി പോകേണ്ടതായി വരുന്നു. പുതിയ തൊഴിൽ കോഡുപ്രകാരം നിയമാനുസൃതമുള്ള സുരക്ഷാ സൗകര്യങ്ങൾ ഉറപ്പുവരുത്താത്ത ഫാക്ടറികളിൽ പരിശോധന (ഇൻസ്പെക്ഷൻ) നടത്തി ലൈസൻസ് റദ്ദാക്കാൻ അധികാരമുള്ള ലേബർ ഇൻസ്പെക്ടർമാർ ഇനിമേൽ ഉണ്ടാവില്ല. പകരം ഉപദേശക റോൾ മാത്രമുള്ള തൊഴിൽ അധികാരികളാകും ഉണ്ടാവുക.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് രാത്രി ഷിഫ്റ്റിൽ ശരിയായ വെളിച്ചം പോലും നൽകാതെ പണിയെടുപ്പിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. തൊഴിലാളി സ്ത്രീയുടെ അനുമതി വേണം എന്ന നിബന്ധനയുണ്ടത്രേ. ഫിക്സഡ് ടേം ജോലി നിയമപരമാക്കിയശേഷം രാത്രി ഷിഫ്റ്റിൽ പണിയെടുക്കാൻ വിസമ്മതിച്ചാൽ ജോലി സുരക്ഷ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. 16 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികളെ കുടുസ്സ് മുറികളിൽ താമസിപ്പിച്ചു ശമ്പളം കൊടുക്കാതെ 16 മണിക്കൂർ വരെ പണിയെടുപ്പിച്ച് 2-3 വർഷത്തിനുശേഷം ഒന്നോ രണ്ടോ ലക്ഷം രൂപ കൊടുത്ത് പിരിച്ചു വിടുന്ന ‘സുമംഗലി തിട്ടം’ പോലുള്ള പദ്ധതികൾ നടപ്പാക്കുന്ന നാട്ടിലാണ് ഈ നിയമ പരിരക്ഷ എടുത്തുകളയുന്നത്.
പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് ഒരു ശരാശരി ഇന്ത്യൻ സ്ത്രീ പ്രതിദിനം ആറു മണിക്കൂർ കൂലിയില്ലാത്ത അദ്ധ്വാനം – വീട്ടു ജോലി – ചെയ്യുന്നുണ്ടെന്നാണ്. ഈ ഇരട്ട ചൂഷണത്തിന്റെ അളവ് കൂടിവരികയാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. രാത്രി ജോലിക്ക് നിർബന്ധിതയാവുന്ന തൊഴിലാളി സ്ത്രീക്ക് ഇതിന് തൊഴിലുടമയും സമൂഹവും ഏതളവിൽ നഷ്ടപരിഹാരം നല്കും?
ഇതേപോലെ ഭൂഗർഭ ഖനികളിൽ ജോലി ചെയ്യുന്നതിനുളള വിലക്ക് എടുത്തുകളഞ്ഞിരിക്കുന്നു. അതു മാത്രമല്ല, അപകടകരമായ വ്യവസായങ്ങളിൽ (hazardous industries) സ്ത്രീകൾക്കുള്ള വിലക്ക് നീക്കിയിരിക്കുന്നു. ഇലക്ട്രോപ്ലേറ്റിങ്, സ്ഫടിക നിർമാണം, പെട്രോളിയം, ഗ്യാസ് നിർമാണം, ചായം നിർമാണം, പടക്ക – തീപ്പെട്ടി വ്യവസായങ്ങളിലെ രാസ മിശ്രണം, കീടനാശിനിയുടെയും വളത്തിന്റെയും നിർമാണം എന്നിങ്ങനെ അപകടകരമായ വ്യവസായങ്ങളിൽ കാൻസർ, കിഡ്നി തകരാർ, കുട്ടികളുടെ ജനന വൈകല്യങ്ങൾ തുടങ്ങി വളരെയധികം ആരോഗ്യ അപകട സാധ്യതകൾ തൊഴിലാളികൾ നേരിടുന്നു. അപകടകരമായ വ്യവസായങ്ങളിൽ സ്ത്രീകൾക്കു വിലക്കേർപ്പെടുത്താനുള്ള കാരണങ്ങളോ, ഇന്നത്തെ സ്ഥിതിയോ പ്രത്യാഘാതങ്ങളോ ഒന്നും വിലയിരുത്താതെ നടത്തിയ ഈ നിയമമാറ്റം അടുത്ത തലമുറയുടെ ആരോഗ്യത്തെയും ജീവനേയും കൂടി അപകടപ്പെടുത്തുമെന്ന് എൻഡോസൾഫാൻ ദുരിതങ്ങളിലൂടെ ജീവിക്കുന്ന നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രതിസന്ധിയിലകപ്പെട്ട നവലിബറൽ മുതലാളിത്തത്തിനു ലാഭത്തോത് വർദ്ധിപ്പിക്കാൻ തൊഴിൽ സേനയിൽ ഇനിയും വിലകുറഞ്ഞ അംഗങ്ങളായി കൂടുതൽ കൂടുതൽ സ്ത്രീകളെ എത്തിക്കേണ്ടതുണ്ട്. അതിനായാണ് ഈ കോഡുകൾ. അതിനായി അവരുടെ ജീവനെയും അടുത്ത തലമുറയുടെ ജീവനെയും കൂടി അപകടപ്പെടുത്താൻ മുതലാളിത്തത്തിനു മടിയില്ല. ലേബർ കോഡുകൾ പിൻവലിപ്പിക്കാനുള്ള സമരം ശക്തമാക്കുന്നതോടൊപ്പം അധികമധികം സ്ത്രീ തൊഴിലാളികളെ ട്രേഡ് യൂണിയനുകളിൽ സംഘടിപ്പിക്കുകയും തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രത്യേകസമരങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുക എന്നത് വിപ്ലവ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുൻപിലുള്ള അടിയന്തര കടമയാണ്. l



