Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിനഗരവത്കരണത്തിൽ 
കേരളം മുന്നിൽ

നഗരവത്കരണത്തിൽ 
കേരളം മുന്നിൽ

പിണറായി വിജയൻ

ഗരവത്കരണം ഇന്ന് ലോകം വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു വിഷയമാണ്. ഇന്ന് ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരജനസംഖ്യയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തും നഗരവത്കരണത്തിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അധികം വൈകാതെ ലോക നഗരജനസംഖ്യയുടെ 14 ശതമാനത്തിലധികം വരും ഇന്ത്യന്‍ നഗരജനസംഖ്യ എന്നു പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ വേണം കേരളത്തിലെ വര്‍ദ്ധിച്ച തോതിലുള്ള നഗരവത്കരണത്തെ നമ്മള്‍ വിലയിരുത്തേണ്ടത്. വിസ്തൃതികൊണ്ട് മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ചെറുതാണെങ്കിലും ഇന്ത്യയില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

2035 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും നഗര ജനസംഖ്യയായിത്തീരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ദി ഇക്കണോമിസ്റ്റ് വാരിക ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ ആദ്യ 20 നഗരങ്ങളുടെ കൂട്ടത്തില്‍ കേരളത്തിലെ നാല് നഗരങ്ങളും ഇടം പിടിച്ചിരുന്നു. നമ്മുടെ നഗര വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെ മുകളിലാണ്. ഇതെല്ലാം അര്‍ത്ഥമാക്കുന്നത് നഗരവത്കരണത്തെ ഏറ്റവും ഗൗരവത്തോടെ സമീപിക്കേണ്ട നാടായി കേരളം മാറുന്നു എന്നു തന്നെയാണ്.

സാധാരണയായി നഗരവത്കരണം കടന്നുവരിക വ്യവസായവത്കരണത്തിന്റെ ഭാഗമായാണെന്ന് പറയാറുണ്ട്. വന്‍കിട വ്യവസായശാലകള്‍ വരുന്നു, അവയ്ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാന്‍ തുടങ്ങുന്നു, നഗരങ്ങള്‍ക്ക് ഉപഗ്രഹ നഗരങ്ങളുണ്ടാവുന്നു, അവ കൂടി നഗരമായി പരിണമിക്കുന്നു. ഇതാണ് പരമ്പരാഗതമായി നഗരവത്കരണത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട്. എന്നാല്‍, കേരളത്തില്‍ നഗരവത്കരണം സംഭവിക്കുന്നത് വ്യവസായവത്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. പുരാതന കാലം മുതല്‍ വിദേശ രാജ്യങ്ങളുമായി നിലനിന്നിരുന്ന വാണിജ്യബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയര്‍ന്ന ജീവിതനിലവാരം, താരതമ്യേന മെച്ചപ്പെട്ട വരുമാന നിലവാരം, ഉയര്‍ന്ന ജീവിത സൗകര്യങ്ങളോടുള്ള ആഭിമുഖ്യം, കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയെല്ലാം അതിനു കാരണമായിട്ടുണ്ട്.

കുടിയൊഴിപ്പിക്കല്‍ നിരോധനവും, കാര്‍ഷികബന്ധ ബില്ലും, ഭൂപരിഷ്കരണവും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങള്‍ ജനങ്ങളെ വിദ്യാഭ്യാസമുള്ളവരാക്കി. സൂക്ഷ്മ–ചെറുകിട സംരംഭങ്ങള്‍ക്കു മുതല്‍ വലിയ വ്യവസായങ്ങള്‍ക്കുവരെ നല്‍കിയ പിന്തുണ കേരളത്തിലെ മുക്കിലും മൂലയിലും വ്യവസായങ്ങള്‍ എത്തുന്നതിനു കാരണമായി. ഇതിനു പുറമേയാണ് ഭവന രംഗത്തും ക്ഷേമ പെന്‍ഷന്‍ രംഗത്തും ഒക്കെ സ്വീകരിച്ച പുരോഗമനോന്മുഖമായ നടപടികള്‍. ഇവയെല്ലാംതന്നെ ഗ്രാമ–ഗ്രാമാന്തരങ്ങളെപ്പോലും നഗരവത്കരണത്തിലേക്കു നയിക്കാന്‍ കാരണമായി. ഇന്ന് കേരളം എന്നത് മിക്കവാറും വന്‍നഗരങ്ങളുടെയും അനേകം ചെറുനഗരങ്ങളുടെയും സമന്വയമാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നഗരവത്കരണത്തെ സമീപിക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ് 2016 ല്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ചെയ്തത്.

കേരളത്തിന്റെ പൊതു വികസന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തിത്തന്നെയാണ് നഗരവല്‍ക്കരണത്തെയും കാണുന്നത്. നഗരവത്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനും നമുക്കു കഴിയണം. അതിന്റെ ഭാഗമായിക്കൂടിയാണ് ‘നവകേരളം’ എന്ന കാഴ്ചപ്പാട് നമ്മള്‍ മുന്നോട്ടുവച്ചത്. സാമൂഹിക വികസനത്തില്‍ സംസ്ഥാനം നേടിയ നേട്ടങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവുക, നഗരവല്‍ക്കരണം ഏല്‍പ്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നവീന മാതൃകകള്‍ കണ്ടെത്തുക എന്നിവയാണ് അതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. അതിനായി ഒരു നവകേരള കര്‍മ്മ പദ്ധതി തന്നെ സര്‍ക്കാര്‍ ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ മിഷനുകള്‍ സർക്കാർ രൂപീകരിച്ചു. പരിസ്ഥിതി സംരക്ഷണം, പാര്‍പ്പിട ലഭ്യത, പൊതു ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് അതിലൂടെ ലക്ഷ്യമിട്ടത്. അതിനെല്ലാംപുറമേ സംസ്ഥാനത്താകെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അതിനായി ദ്വിമുഖമായ ഇടപെടലുകളാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായത്. ഒന്ന്, സര്‍ക്കാര്‍ തന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നേരിട്ട് ഇടപെടുന്ന രീതി, മറ്റൊന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതികള്‍ നടപ്പാക്കുന്ന രീതി. അതിനായി സംസ്ഥാന പദ്ധതി വിഹിതത്തിന്റെ ഒരു നല്ല പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നഗരവത്കരണം ഉണ്ടാകുമ്പോള്‍ അതിനൊത്തുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണല്ലോ. ആ നിലയ്ക്ക് മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുക, ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കുക എന്നിവയെല്ലാം ഏറ്റെടുത്തു.

അതിനെത്തുടര്‍ന്ന് ദേശീയപാത, ഗെയ്ല്‍ പൈപ്പ്ലൈന്‍, പവര്‍ഹൈവേ എന്നിവ യാഥാര്‍ത്ഥ്യമായി. ഓരോ നഗരവും കേന്ദ്രീകരിച്ച് പ്രത്യേക മാസ്റ്റര്‍പ്ലാനുകള്‍ നടപ്പാക്കി. വിഴിഞ്ഞം തുറമുഖം, കൊച്ചി വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ വികസനം തുടങ്ങി ലോകം ഉറ്റുനോക്കുന്ന പദ്ധതികള്‍ നമ്മള്‍ നടപ്പാക്കി. ഫിസിക്കല്‍ കണക്ടിവിറ്റി മാത്രമല്ല, വെര്‍ച്വല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന കെ–ഫോണ്‍ പദ്ധതിയും പബ്ലിക് വൈ–ഫൈ ഹോട്ട്സ്പോട്ട് പദ്ധതിയും നടപ്പാക്കി. ഇതെല്ലാംതന്നെ പൊതു അടിസ്ഥാന സൗകര്യ വികസന രംഗത്തെ ചില മുന്നേറ്റങ്ങളാണ്. ഇതിനുപുറമെ മൈക്രോ ലെവല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും നമ്മള്‍ ഏറ്റെടുത്തു. പാര്‍പ്പിട ലഭ്യതയും സ്കൂളുകളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കി. ഇന്ന് 5 ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷന്‍ മുഖേന ലഭ്യമാക്കിയിരിക്കുന്നത്. 5,000 കോടി രൂപയിലധികമാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചത്.

5,000 ത്തിലധികം ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ഇതിനെല്ലാംപുറമെ 4 ലക്ഷത്തിലധികം പട്ടയങ്ങള്‍ ലഭ്യമാക്കി. ഇതെല്ലാംതന്നെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളായിരുന്നു. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയും നഗരവത്കരണത്തെ അഭിസംബോധന ചെയ്ത് മുന്നോട്ടു പോവുകയാണ് നാം ചെയ്യുന്നത്. അതിനുപുറമെ, ദാരിദ്ര്യനിര്‍മാര്‍ജനം, മാലിന്യ നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ലഭ്യത ഉറപ്പാക്കല്‍ എന്നിവയും ഏറ്റെടുക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജനം. കേരളപ്പിറവി ദിനത്തില്‍ തന്നെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാംഘട്ടം ഇപ്പോള്‍ നടപ്പാക്കിവരികയാണ്. നിലവില്‍ 20,000 ത്തോളം മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 1,400 ഓളം എം സി എഫുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 40,000 ത്തോളം ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഈ ക്യാമ്പയിന്റെ ഭാഗമാണ്. ഇതിനുപുറമെ ഹരിതകേരളം പദ്ധതി മുഖേന നമ്മുടെ ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കിവരികയാണ്.

നഗരങ്ങളില്‍ തൊഴില്‍ലഭ്യത ഉറപ്പാക്കുന്നതിന് സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കുകയും നൈപുണ്യ പരിശീലനം നല്‍കിവരികയുമാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി പ്രതീക്ഷിച്ചതിനെക്കാള്‍ മികവിലും വേഗത്തിലും നടന്നുവരികയാണ്. നിലവില്‍ മൂന്നേമുക്കാല്‍ ലക്ഷത്തോളം സംരംഭങ്ങളും ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങളും 23,000 കോടിയോളം രൂപയുടെ നിക്ഷേപങ്ങളും അതുവഴി സാധ്യമായി. ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം തുടര്‍ച്ചയായി ടോപ്പ് അച്ചീവര്‍ പദവി നേടി. നമ്മുടെ ഐ ടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയോട് അടുക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലാകട്ടെ 25 ഇരട്ടി വര്‍ദ്ധനവാണ് കഴിഞ്ഞ ഒമ്പതര വര്‍ഷംകൊണ്ട് ഉണ്ടായത്.

തൊഴില്‍ നൈപുണ്യമുള്ള ലേബര്‍ ഫോഴ്സിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് തലം മുതല്‍ ഇടപെടലുകള്‍ നടത്തിവരികയാണ്. കണക്ട് കരിയര്‍ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ ഒരുവശത്ത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പ്രായഭേദമെന്യേ നല്‍കിവരുന്ന നൈപുണ്യ പരിശീലന പദ്ധതികള്‍ മറുവശത്ത്. സംരംഭകരെയും തൊഴിലന്വേഷകരെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ തൊഴില്‍സഭകളും രൂപീകരിച്ചിട്ടുണ്ട്. 20 ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ–ഡിസ്ക് മുഖേന പ്രത്യേക പ്ലാറ്റ്ഫോം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

നഗരവത്കരണത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് ആഴത്തില്‍ അറിവുള്ള ദേശീയ–അന്തര്‍ദേശീയ വിദഗ്ദ്ധര്‍ അടങ്ങുന്ന ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നഗരവത്കരണത്തിന് സമാന്തരമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് നമ്മള്‍. അതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെമ്പാടും ദൃശ്യമാണ്. ആ മുന്നേറ്റങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളജനത. അതിന്റെ പ്രതിഫലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 17 =

Most Popular