Saturday, January 17, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിലെ നഗരവല്‍ക്കരണവും നവകേരള നഗരനയവും

കേരളത്തിലെ നഗരവല്‍ക്കരണവും നവകേരള നഗരനയവും

എം ബി രാജേഷ്

ധുനിക മുതലാളിത്ത സമൂഹ രൂപീകരണത്തിന്റെ തന്ത്രപ്രധാനമായ വികസന പാതയാണ് നഗരവല്‍ക്കരണം. സമ്പത്തിന്റെ കേന്ദ്രീകൃതവും സ്ഥലപരവുമായ വളര്‍ച്ചയിലൂടെയാണ് പൊതുവെ വ്യാവസായിക മുതലാളിത്തം വളര്‍ന്നു വന്നിട്ടുള്ളത്. വ്യവസായവല്‍ക്കരണം അനിവാര്യമാക്കുന്ന വിദഗ്ധ,അവിദഗ്ധ തൊഴില്‍ സേനയുടെ വന്‍തോതിലുള്ള കുടിയേറ്റമാണ് ഒട്ടുമിക്ക ആധുനിക നഗരങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്. ആസൂത്രിതമായ നഗര സൃഷ്ടിയില്‍ ഭരണകൂടങ്ങള്‍ വഹിക്കുന്ന പങ്കും നിര്‍ണ്ണായകമാണ്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന മുതലാളിത്ത പ്രതിസന്ധിയുടെ പ്രധാന ഘടകങ്ങളിലൊന്ന് ജീവിത നിലവാരത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലും നഗരങ്ങളില്‍ ധനികര്‍ക്കും ദരിദ്രര്‍ക്കും ഇടയിലും വര്‍ധിച്ചുവരുന്ന വിടവാണ്.

കേരളത്തിന്റെ വികസനം
കേരളത്തെ സംബന്ധിച്ചിടത്തോളം മുതലാളിത്ത വികസന പാതയുടെ പരിമിതിയ്ക്കകത്തുനിന്നുകൊണ്ട് നഗര-–ഗ്രാമ വ്യത്യാസമില്ലാതെ ജനകീയ മുന്‍കയ്യിലും ജനകേന്ദ്രീകൃതമായും വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇടത് സർക്കാരുകൾ സ്വീകരിച്ചുവരുന്ന പൊതുസമീപനം. ചൂഷണത്തിന്റെ എല്ലാവിധ സാമൂഹിക രൂപങ്ങളെയും എതിര്‍ത്ത് ശരിയായ ജനാധിപത്യ സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള ബോധനിലവാരം ഉയര്‍ത്തുന്നതിനുവേണ്ട നടപടികള്‍ ജനകീയ ഇടപെടലുകളിലൂടെ വിവിധ രൂപത്തില്‍ ഏറ്റെടുക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഉല്‍ഭവം മുതല്‍ സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പരമാവധി കുറച്ചുകൊണ്ടുള്ള വികസന സമീപനവും ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. നഗര കേന്ദ്രീകൃതമായ സാമ്പത്തിക വളര്‍ച്ചയുടെ അഭാവം കേരളത്തിന്റെ വികസന മുരടിപ്പിന് കാരണമായി എന്ന വിമര്‍ശനം പലപ്പോഴും വിദഗ്ദ്ധര്‍ ഉയര്‍ത്താറുണ്ട്. എന്നാൽ സാധാരണ മനുഷ്യരെ കേന്ദ്രീകരിച്ച്. സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളിലൂടെയും അല്ലാതെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളും അതിലൂടെ ലോകത്തു തന്നെ അപൂര്‍വ്വമായ മാനവിക വികസന അനുഭവം സൃഷ്ടിക്കാനായ പ്രദേശം എന്ന കേരളത്തിന്റെ ഇന്നത്തെ വിലാസവും അവഗണിച്ചുകൊണ്ടാണ് ഇത്തരം വിമര്‍ശനം ചിലർ ഉയര്‍ത്തുന്നത്.

2016ല്‍ അധികാരമേറ്റെടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാര്‍ നവകേരളം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസത്തില്‍ ഊന്നിയുള്ള മാനവിക വികസന സൂചികയിലെ മുന്നേറ്റം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വലിയ സൈന്യത്തെ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് ഭൂമി നല്കിക്കൊണ്ട് പ്രാഥമിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ഊന്നിയുള്ള കേരള വികസനത്തിന്റെ തുടര്‍ച്ച വ്യവസായങ്ങളും സംരംഭങ്ങളും തൊഴിലും വളര്‍ത്തുന്ന പ്രവര്‍ത്തനമായി ഇനി മാറേണ്ടതുണ്ട്.

നവകേരള നഗര നയം
ദേശീയ ജനസംഖ്യാ കമ്മീഷന്‍ കണക്കനുസരിച്ച്, 2035 ഓടെ 92.8 ശതമാനത്തിനുമുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറ്റം. അയല്‍ സംസ്ഥാനങ്ങളിലാകട്ടെ, കേരളത്തിന് ദൈനംദിനം ബന്ധപ്പെടാന്‍ കഴിയുന്ന വന്‍ നഗരങ്ങള്‍ ത്വരിതഗതിയില്‍ വികസിക്കുന്ന പ്രവര്‍ത്തനവും കേരളത്തിന്റെ സാമ്പത്തിക, -സാമൂഹിക സാഹചര്യങ്ങളെ വലിയ തോതില്‍ സ്വാധീനിക്കാന്‍ പോകുന്നു. നഗരം എവിടെ തുടങ്ങുന്നുവെന്നോ ഗ്രാമം എവിടെ അവസാനിക്കുന്നുവെന്നോ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ചേർന്ന് പൂർണമായും ഒരു നഗരമായി വികസിക്കുന്ന പ്രവണത ജനസാന്ദ്രത, വികേന്ദ്രീകൃതമായ വികസനം എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ. ഇത് തിരിച്ചറിഞ്ഞാണ് നവകേരള നഗര നയം രൂപീകരിക്കുമെന്ന് നമ്മുടെ ധനകാര്യ മന്ത്രി 2023ലെ ബജറ്റ് പ്രസംഗത്തില്‍ പ്രസ്താവിക്കുകയും തുടര്‍ന്ന് നഗര നയ കമ്മീഷന്‍ രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.

നഗരനയ കമ്മീഷന്‍
കരട് നഗരനയത്തിന്റെ ഒരു ദേശീയ ചട്ടക്കൂട് 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കേന്ദ്രീകൃത നഗര വികസന സമീപനത്തില്‍ ഊന്നി സാമ്പത്തിക വളര്‍ച്ചാസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള സമീപനമാണ് ഈ ചട്ടക്കൂടിന്റെ കാതല്‍. ജനസൗഹൃദപരമായ രൂപകല്‍പ്പനയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആസൂത്രിതമായ നഗര വികസനം എങ്ങനെ സാധ്യമാക്കാം എന്നതാണ് പൊതു ലക്ഷ്യം. ഇന്ത്യയില്‍ മാത്രമല്ല, തെക്കനേഷ്യന്‍ രാജ്യങ്ങളുടെ വികസന ചരിത്രത്തിലൊരിക്കലും മറ്റൊരിടത്തും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരവികസന നയം രൂപപ്പെടുത്തുന്നതിന് ഒരു നഗരനയ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടിട്ടില്ല.

നഗരവല്‍ക്കരണം സംബന്ധിച്ച് ലോകത്ത് വികസിച്ചുവരുന്ന വിശേഷാല്‍ അറിവുകളെ കേരളത്തിന്റെ സവിശേഷതകളില്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനു കെല്‍പ്പുള്ള വിദഗ്ദ്ധരെ കണ്ടെത്തി ആവശ്യമായ പഠനങ്ങളും പരിശോധനകളും വിശകലനങ്ങളും വിപുലമായ ചര്‍ച്ചകളും നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതായിരുന്നു കമ്മീഷന്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്നിലെ വെല്ലുവിളി. ദേശീയവും അന്തര്‍ദേശീയവുമായ പ്രവര്‍ത്തനാനുഭവമുള്ള വിദഗ്ദ്ധര്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മീഷന്‍ രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ ഇത് നയിച്ചു. ബ്രിട്ടനിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സറും മലയാളി വംശജനുമായ ഡോ. സതീഷ് കുമാർ അദ്ധ്യക്ഷനും കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ. ഇ നാരായണന്‍ എന്നിവരെ സഹ അധ്യക്ഷരുമാക്കി]ക്കൊണ്ട് സര്‍ക്കാര്‍ നഗരനയ കമ്മീഷന്‍ രൂപീകരിച്ചു. ദേശീയവും, അന്തര്‍ദേശീയവുമായ പ്രവര്‍ത്തനാനുഭവമുള്ള വിദഗ്ദ്ധര്‍ ഉള്‍ക്കൊള്ളുന്ന 13 അംഗ കമ്മീഷനില്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ അദ്ധ്യക്ഷന്‍ കൃഷ്-ണദാസും അംഗമായിരുന്നു. കില, നഗര സെല്ലില്‍ കമ്മീഷന്‍ സെക്രട്ടറിയേറ്റ് സംവിധാനവും നിശ്ചയിച്ചു.

പ്രധാന ചുമതലകള്‍
താഴെ പറയുന്ന പ്രധാന ചുമതലകളാണ് കമ്മീഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളായി സര്‍ക്കാര്‍ നല്‍കിയിരുന്നത്:

• കേരളത്തിന്റെ നഗരവല്‍ക്കരണ സ്വഭാവവും മാതൃകകളും മനസ്സിലാക്കുക.

• നഗര വികസനത്തിന്റെ സ്ഥലപരമായ പ്രത്യാഘാതവും സവിശേഷതകളും മനസ്സിലാക്കിക്കൊണ്ട് ശാസ്ത്രീയമായ നഗരാസൂത്രണത്തിന് സഹായകമായ ഉചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.

• വിവിധങ്ങളായ നഗരവല്‍ക്കരണ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന പ്രാദേശിക നഗരഭരണ നിര്‍വ്വഹണ ചട്ടക്കൂട് തയ്യാറാക്കുക.

• കാലവസ്ഥാവ്യതിയാനത്തെ മുന്‍നിര്‍ത്തി മാനുഷിക മുഖമുള്ള നഗരവികസനം സാധ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുക.

• സാങ്കേതികമായി നവീകരിച്ചതും പ്രൊഫഷണല്‍ സമീപനമുള്ളതുമായ ഭരണ–സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിന് നഗരസഭകളെ സഹായിക്കുന്നതിന് വിശദമായ പഠനങ്ങള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കുക.

• നഗരവല്ക്കരണവുമായി ബന്ധപ്പെട്ട വ്യവസായം, ഭവനനിര്‍മ്മാണം, ഭൂവിനിയോഗം, മാലിന്യ പരിപാലനം, പൈതൃക സംരക്ഷണം തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടുത്തി കേരളത്തിന്റെ നഗരവല്‍ക്കരണം വിശകലനം ചെയ്യുക.

• വിവിധങ്ങളായ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക.

കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഉടന്‍ ചെയ്യേണ്ടത്, ഹ്രസ്വ-  ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതും എന്തൊക്കെ എന്നതിനെ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശവും നല്കിയിരുന്നു.

നവകേരള നഗരനയ റിപ്പോര്‍ട്ട്
ഒന്നര വര്‍ഷം നീണ്ടുനിന്ന പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2025 മാര്‍ച്ച് മാസം 30നു കമ്മീഷന്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ നവകേരള നഗര നയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അങ്ങനെ രാജ്യത്ത് ആദ്യമായി നഗര നയം രൂപീകരിക്കുന്നതിന് ഒരു കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിൽ വരുന്നതിന് അവസരമൊരുങ്ങി.

അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന കേരളത്തിന്റെ സന്തുലിതമായ പുരോഗതി അടുത്ത 25 വര്‍ഷത്തേക്ക് എന്തായിരിക്കണം എന്നത് സമഗ്രതയില്‍ കണ്ടുകൊണ്ടുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരള നഗര നയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

കേരളത്തിന്റെ ജനകീയ സംവിധാനങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മാത്രമേ നഗരവല്‍ക്കരണത്തിന്റെ പ്രശ്നങ്ങളും സാധ്യതകളും അഭിമുഖീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. മനുഷ്യാഭിമുഖ്യത്തോടെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഒരു നഗരവല്‍ക്കരണ നയം രൂപീകരിക്കുന്ന പ്രവര്‍ത്തനം ലോകത്തുതന്നെ അപൂര്‍വമായ ഒന്നാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെടുന്നു.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ കഴിയുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലകശക്തികളാക്കുന്നതിനും നഗര ധനകാര്യ മേഖലയെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്നു. പ്രധാനപ്പെട്ട ചില ശുപാര്‍ശകള്‍ ചുവടെ കൊടുക്കുന്നു:

നഗര ഭരണത്തിലെ പ്രൊഫഷണലൈസേഷന്‍ (സിറ്റി മാനേജ്മെന്റ്- സിസ്റ്റം), പദ്ധതികളുടെ കാര്യക്ഷമമായ ധനകാര്യ മാനേജ്മെന്റ് ഉറപ്പു വരുത്തുന്നതിന് പ്രത്യേകമായ പദ്ധതി രൂപീകരണ ടീം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങള്‍ക്ക് മെട്രോപൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി, അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ സംരംഭക വികസന കൗണ്‍സില്‍ (Business Development Council), ആനുപാതിക പ്രാതിനിധ്യത്തോടെ യുവതയ്ക്ക് 25% സംവരണം, സംരംഭങ്ങളെയും സാങ്കേതിക- വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തുന്നതിന് ജില്ലാതല മാപ്പിങ്, മുനിസിപ്പാലിറ്റിയുടെ ചുമതലയില്‍ പ്രത്യേക പ്രൊജക്ടുകള്‍ നടപ്പാക്കുന്നതിനുള്ള സ്പെഷ്യല്‍ പര്‍പ്പസ്സ് വെഹിക്കിള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നഗരസഭകളുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് കൈമാറുന്നതിനുള്ള നയം രൂപീകരിക്കല്‍, ജില്ലാതല നഗര കലാ കമ്മീഷന്‍ (Urban Art Commission), നവകേരളം സ്ഥലപരാസൂത്രണ ഫ്രെയിംവര്‍ക്ക്, എല്ലാ നഗരസഭകളിലും സംയുക്തആസൂത്രണ കമ്മിറ്റി, സെന്‍സസ് നഗരങ്ങളില്‍ നിന്നും സ്റ്റാറ്റ്യൂട്ടറി നഗരങ്ങളിലേക്കുള്ള മാറ്റം, കിലയിലൂടെ കോഴിക്കോട് NIT, CUSAT തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് സമഗ്രവിവര വിശകലനം സാധ്യമാക്കുന്നതിനും നഗര ഭരണത്തെ സഹായിക്കുന്നതിനും എല്ലാ നഗരങ്ങളിലും നഗര നിരീക്ഷണ കേന്ദ്രങ്ങള്‍ (State and City Level Urban Observatories). ഉന്നത നിലവാരമുള്ള സ്ഥല വികസന പദ്ധതികള്‍, താങ്ങാനുള്ള ഭൂമിയുടെ ശേഷി പരിഗണിച്ച് വ്യത്യസ്തങ്ങളായ FSI ( Floor Space Index ) മുഴുവന്‍ പൈതൃക കേന്ദ്രങ്ങളെയും പാരിസ്ഥിതികമായി പ്രത്യേകതയുള്ള സ്ഥലങ്ങളെയും പ്രത്യേകമായി ലിസ്റ്റ് ചെയ്യല്‍, പൈതൃക സംരക്ഷണത്തിന് ആര്‍കിടെക്ട് സേവനം ഉപയോഗപ്പെടുത്തല്‍, പലവിധ അപകട പ്രവചനങ്ങള്‍ നടത്താന്‍ കഴിയുന്ന നിലവിലുള്ള സ്മാര്‍ട്ട് കാലാവസ്ഥാ മുന്നറിപ്പ് സംവിധാനം ശക്തിപ്പെടുത്തല്‍, എല്ലാ നഗരങ്ങളുടെയും LiDar, GPR മാപ്പിങ്, നഗര ക്ലസ്റ്ററുകളുടെ ഭൗമ സര്‍വേ, കാലാവസ്ഥാ സൗഹൃദ അടിസ്ഥാന സൌകര്യ വികസന നിക്ഷേപം വര്‍ദ്ധിപ്പിക്കല്‍.

ധനകാര്യ മുന്‍കരുതല്‍ നടപടികള്‍, വരള്‍ച്ചാ മേഖലയില്‍ സംയോജിത നീര്‍ത്തടാധിഷ്ഠിത പദ്ധതി നടപ്പാക്കല്‍, അതീവ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ താല്‍ക്കാലിക flood barriers സ്ഥാപിക്കല്‍, തത്സമയ വെള്ളപ്പൊക്ക സൂചനാമാപിനികള്‍ സ്ഥാപിക്കല്‍, പശ്ചിമഘട്ട സംരക്ഷണത്തിന് അഞ്ചു സംസ്ഥാനങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സംയുക്ത പരിപാടികള്‍, നാലുചക്ര വാഹനങ്ങളിലേക്ക് ആളുകള്‍ മാറുന്നതോടൊപ്പം decarbonise ചെയ്യുന്നതിനുള്ള സമീപനവും നടപടികളും, കോര്‍പ്പറേഷനുകളില്‍ മാന്‍ഡേറ്ററി കാര്‍ബണ്‍ ഓഡിറ്റ് സംവിധാനം സജ്ജമാക്കലും ഹരിത ചാക്രിക സമ്പദ്-വ്യവസ്ഥയുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമൊരുക്കലും, നഗരങ്ങളിലെ വാഹനങ്ങള്‍ക്ക് വാര്‍ഷിക ഹരിത ഫീസും വാങ്ങുമ്പോള്‍ ഒറ്റത്തവണ ഫീസും.

2024 ഡിസംബർ മാസം കമ്മീഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ ഒരു പ്രധാന ശുപാർശയായ കൊച്ചി കോർപ്പറേഷൻ അടങ്ങുന്ന മെട്രോപൊളിറ്റൻ കമ്മിറ്റി ഇതിനകം സർക്കാർ രൂപീകരിച്ചിട്ടുണ്ട്. മുനിസിപ്പൽ ബോണ്ട് പുറപ്പെടുവിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കേരള അര്‍ബന്‍ കോണ്‍ക്ലേവ്
കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനും സുസ്ഥിര വികസനത്തെ ആസ്പദമാക്കി നഗര വികസനത്തെ വിലയിരുത്തുന്നതിനും സെപ്തംബര്‍ 12,13 തീയതികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ഗവേഷകരും ആഗോളതലത്തില്‍ ശ്രദ്ധേയരായ വിദഗ്ധരും പങ്കെടുത്ത ഒരു നഗര കാര്യ സമ്മേളനം കൊച്ചിയില്‍ നടത്തുകയുണ്ടായി. ഇത്തരമൊരു സമ്മേളനം ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. നഗര കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ നഗരവികസന അനുഭവങ്ങള്‍ വിലയിരുത്തുന്നതിനും നഗരാസൂത്രണവും വികസനവും സംബന്ധിച്ച ആഗോള അനുഭവങ്ങള്‍ കേരളത്തിന്റെ പരിസരവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നതിനും വിദഗ്ധര്‍ക്കും വികസന പ്രവര്‍ത്തകര്‍ക്കും അവസരമൊരുക്കി.

നഗരനയ റിപ്പോര്‍ട്ട് പ്രതിപാദിക്കുന്ന 9 വിഷയ മേഖലകളും അനുബന്ധ വിഷയങ്ങളും കേന്ദ്രീകരിച്ചായിരുന്നു വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചകള്‍. അതിവേഗ നഗരവല്‍ക്കരണത്തിന് വിധേയമാകുന്ന ഒരു ഭൂപ്രദേശമെന്ന നിലയില്‍ കേരളത്തിന്റെ നഗരവികസനം സുസ്ഥിരവും ശാസ്ത്രീയവുമാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് പൊതുവായി കോണ്‍ക്ലേവ് ആരാഞ്ഞത്. ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളുമായുള്ള ആരോഗ്യകരമായ ബന്ധം ഉറപ്പിച്ചുകൊണ്ട് പ്രാദേശിക ഭരണ നിര്‍വ്വഹണ പ്രക്രിയ ജനകീയമാക്കണമെന്ന് കോണ്‍ക്ലേവ് നിര്‍ദ്ദേശിച്ചു. പങ്കാളിത്ത വികസനവുമായി ബന്ധപ്പെടുത്തി ജനകീയാസൂത്രണത്തിന്റെ മാതൃകയും രീതിശാസ്ത്രവും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം വോട്ട് ചെയ്യുക എന്നതിനപ്പുറത്ത് അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ഭരണനിര്‍വ്വഹണ പ്രക്രിയയില്‍ തന്നെ പങ്കാളിത്തം ഉറപ്പു വരുത്തുമ്പോഴാണെന്ന് കോണ്‍ക്ലേവ് വിലയിരുത്തി. ഇതിനായി ഭരണ സംവിധാനങ്ങള്‍, അതിന്റെ ഭാഗമായ ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ അറിവുള്ള ജനസമൂഹമായി നാം മാറിത്തീരേണ്ടതുണ്ട്.

15 രാജ്യങ്ങളിലെ 56 നഗരങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. അവരുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും കേരളത്തിന്റെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെടുത്തി പരിശോധിച്ചത് വികസന സംവാദങ്ങളുടെ ചരിത്രത്തിലെ വേറിട്ട അനുഭവമായി. ബഹുജന പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്ന സുസ്ഥിര നഗരവികസനത്തിന്റെ കേരളമാതൃകയ്ക്ക് നയപരമായ വ്യക്തത നല്‍കാനും പ്രാദേശിക തലത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ നഗരവികസന അനുഭവങ്ങള്‍ ആഗോള വിദഗ്ധരുമായി പങ്കുവെച്ച് അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും സംഗമം അവസരമൊരുക്കി.

നവകേരള നഗരനയ പ്രഖ്യാപനം
കേരള നഗരനയ കമ്മീഷന്‍ റിപ്പോര്‍ട്ട്, അതിന്മേല്‍ കേരള അര്‍ബന്‍ കോണ്‍ക്ലേവില്‍ നടന്ന വിശാലമായ ചര്‍ച്ചകള്‍, നഗര ഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനത്തിനകത്തുതന്നെ ഉരുവംകൊണ്ട അറിവുകള്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരു നഗര നയം തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങൾ സര്‍ക്കാർ നടത്തിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെ പ്രസ്തുത നയം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിവേഗ നഗരവല്‍ക്കരണത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികളെ കൃത്യമായി ചെറുക്കുന്നതിനും നഗരസഭകളെ സാമ്പത്തിക വളര്‍ച്ചയുടെയും ജനകീയവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഭരണനിര്‍വഹണത്തിന്റെയും സ്വയംഭരണ കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിനുമുള്ള ചട്ടക്കൂടായി നവകേരള നഗരനയം മാറും. വികേന്ദ്രീകൃത ഭരണ നിര്‍വ്വഹണ സംവിധാനത്തിന്റെയും ജനകീയ ഇടപെടലുകളുടെയും ശക്തിയില്‍ ഊന്നി നിന്നുകൊണ്ട് മുതലാളിത്ത വികസന പാതയിലൂടെയുള്ള നഗരവല്‍ക്കരണ പ്രക്രിയയെ ജനകേന്ദ്രീകൃതമായി തിരിച്ചുവിടുന്ന ഒരു രാഷ്ട്രീയം കൂടി നവകേരള നഗര നയം മുന്നോട്ടു വയ്ക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + twelve =

Most Popular