സാമൂഹിക വികസനത്തിന്റെ വിവിധ മേഖലകളിൽ ലോകത്തിന് മാതൃക സൃഷ്ടിച്ച ഒരു പ്രദേശമാണ് കേരളം. മറ്റിന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ്. ഒറ്റപ്പെട്ട നഗര കേന്ദ്രങ്ങൾ വിപുലപ്പെടുന്നു എന്നതിനേക്കാൾ ഗ്രാമങ്ങൾ തന്നെ നഗര സ്വഭാവം ആർജ്ജിക്കുന്നു എന്നതാണ് കേരളത്തിലെ നഗരവത്ക്കരണത്തിന്റെ പ്രത്യേകത. 2011ലെ സെൻസസ് പ്രകാരം കേരളത്തിലെ നഗര ജനസംഖ്യ ആകെ ജനസംഖ്യയുടെ 47% ആയിരുന്നുവെങ്കിൽ നിലവിൽ അത് 60% ത്തിന് മുകളിലും, 2050 കളോടെ 80% ത്തിന് മുകളിലേക്ക് എത്തുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ദേശീയ തലത്തിലും മറ്റിന്ത്യൻ സംസ്ഥാനങ്ങളിലും പിന്തുടരുന്ന കേവലം അടിസ്ഥാന സൗകര്യ കേന്ദ്രീകൃതവും മൂലധനസാന്ദ്രവുമായ നഗര വികസന മാതൃകകൾക്കപ്പുറത്ത് എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായതും സമ്പത്തിന്റെ തുല്യമായ വിതരണം ഉറപ്പാക്കുന്നതുമായ ഒരു നഗരവികസന സമീപനമാണ് കേരളം പിന്തുടരുന്നത്. ഇത്തരമൊരു ഇടപെടലിലൂടെ നഗരവികസനത്തിന് ഒരു ബദൽ മാതൃക തന്നെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് കേരളം ശ്രമിക്കുന്നത്.
നഗരമെന്ന തൊഴിൽ കേന്ദ്രം
വരുന്ന അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് കേരള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് പ്രധാന ചാലകശക്തികളായി കേരളത്തിലെ നഗരസഭകൾ പ്രവർത്തിക്കും. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50% ആക്കി ഉയർത്തുന്നതിലൂടെയായിരിക്കും നഗരങ്ങളിലെ തൊഴിൽ പങ്കാളിത്തത്തിന്റെ വിപുലീകരണം സാധ്യമാക്കുക. ഇതിനായി നഗരങ്ങളിൽ നിലനിൽക്കുന്ന തൊഴിലുകളെ കണ്ടെത്തുകയും അതോടൊപ്പം ഓരോ നഗര കേന്ദ്രത്തിലും ഉയർന്നുവരുന്ന പുതിയ തൊഴിൽ സാധ്യതകളെ പട്ടികപ്പെടുത്തുകയും ചെയ്യും. വിജ്ഞാന കേരളത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട നഗരസഭാതല ജോബ് സ്റ്റേഷനുകളും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തൊഴിൽ കേന്ദ്രങ്ങളും ഈ പ്രവർത്തനങ്ങളുടെ കേന്ദ്ര സ്ഥാനത്ത് നിലകൊള്ളും.
ഇതോടൊപ്പം നഗരസഭകളുടെ നേതൃത്വത്തിൽ വിപുലമായ നെെപുണി വികസന പരിപാടികൾ രൂപീകരിക്കും. നഗരങ്ങൾക്കാവശ്യമായ നെെപുണി വികസന പരിപാടികൾക്ക് എല്ലാ നെെപുണി വികസന സംവിധാനങ്ങളേയും ഒറ്റച്ചരടിൽ കണ്ണിചേർക്കും. അതത് സമൂഹങ്ങളിലെ തൊഴിലാവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്രീകൃതമായ നെെപുണി വികസന പരിപാടികൾ നടപ്പിലാക്കുന്ന പരമ്പരാഗത സംവിധാനത്തിനു പകരം ആവശ്യാധിഷ്ഠിതമായ നെെപുണി വികസന പരിശീലനം നഗരകേന്ദ്രീകൃതമായി രൂപപ്പെടുത്തും. നഗരങ്ങളിലെ മനുഷ്യവിഭവശേഷിയെ തൊഴിലുന്മുഖമായി പരിവർത്തിപ്പിക്കുന്നതിൽ ഇത് നിർണ്ണായക പങ്കുവഹിക്കും. നഗരങ്ങളിലെയും നഗരങ്ങളോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങളിലേയും തൊഴിലവസരങ്ങളെ പല മടങ്ങ് വർദ്ധിപ്പിക്കുന്നതിനും തദ്വാരാ കേരളത്തിന്റെ GDP 3% ത്തോളം ഉയർത്തുന്നതിനും ഈ ഇടപെടലുകൾ വഴിവയ്ക്കും.
നഗര സേവനങ്ങളെ കേന്ദ്രീകരിച്ചുള്ള തൊഴിൽ
ബാങ്കുകൾ
കേരളം അതിവേഗത്തിൽ നഗരമായി പരിണമിക്കപ്പെടുമ്പോൾ നഗരങ്ങൾക്കാവശ്യമായ സേവനങ്ങളുടെ വിപുലമായ ശ്യംഖലകൾതന്നെ അനിവാര്യമായി വരും. വയോജന പരിപാലനം, ശിശു പരിചരണം, സാമൂഹിക അടുക്കളകൾ, ഹരിത സേവനങ്ങൾ, മൾട്ടി ടാസ്ക് തൊഴിൽ ടീമുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരും. കുടുംബശ്രീ നിലവിൽ ലക്ഷ്യമിടുന്ന സാന്ത്വനമിത്രം, സ്കിൽ @ കോൾ, ഷോപ്പ് @ ഡോർ, കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ മുതലായ സംരംഭക രൂപങ്ങളെല്ലാംതന്നെ നഗര സേവന ശൃംഖലയുടെ ആദ്യ തലമുറയായി കണക്കാക്കാം. ഇത്തരത്തിൽ നഗരാവശ്യങ്ങൾ തിരിച്ചറിഞ്ഞ് തൊഴിൽ സന്നദ്ധരായവരെ കണ്ടെത്തി പരിശീലിപ്പിച്ച് നഗരകേന്ദ്രങ്ങളിലും നഗരപ്രാന്തങ്ങളിലും വിന്യസിച്ചാൽ തന്നെ മൂന്നു ലക്ഷത്തോളം പേർക്ക് , വിശിഷ്യാ സ്ത്രീകൾക്ക്, തൊഴിൽനൽകുന്നതിന് കഴിയും. നഗരജീവിതത്തിന്റെ ഗുണത ഉയർത്തുന്നതിലും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിലും ഇത് വലിയ പങ്കുവഹിക്കും.
നഗരങ്ങളിൽ തൊഴിൽകേന്ദ്രങ്ങൾ
കേരളത്തിൽ ആറു ലക്ഷത്തോളം സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം തൊഴിലിൽ ഏർപ്പെട്ട് പിന്നീട് കരിയർ ബ്രേക്ക് വന്നവരാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. പ്രാദേശികമായി തൊഴിലവസരങ്ങളുടെ ലഭ്യത വേണ്ടത്ര ഇല്ലാത്തതും വീട്ടിൽ നിന്ന് മാറിനിന്നു ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ സാരമായി ബാധിക്കുന്നു. പ്രാദേശികമായി തൊഴിൽ ചെയ്യുന്നതിനുള്ള ഇടങ്ങൾ വ്യാപകമായി ഒരുക്കിക്കൊണ്ടു മാത്രമേ ഈ പ്രശ്നത്തെ മറികടക്കാനാവു.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ എല്ലാ നഗരസഭകളിലും വർക്ക് നിയർ ഹോം സ്റ്റേഷനുകൾ സ്ഥാപിക്കാൻ ശ്രമിക്കും. ശിശു പരിചരണ കേന്ദ്രങ്ങൾ, സാമൂഹിക അടുക്കളകൾ എന്നിവ ഇതിന്റെ അനിവാര്യഭാഗമാകണം.
നഗര സംരംഭങ്ങളുടെ പ്രോത്സാഹനം
സംരംഭങ്ങൾക്ക് ലൈസൻസ് കൊടുക്കുക, പെർമിറ്റുകൾ നൽകുക എന്നതിനപ്പുറം നഗരങ്ങളിലേക്ക് സംരംഭങ്ങളേയും നിക്ഷേപങ്ങളേയും ആകർഷിക്കുന്ന കേന്ദ്രങ്ങളായി നഗരസഭകൾക്ക് മാറാനാവണം എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നഗരങ്ങളിലെ എല്ലാ തരത്തിലുള്ള സംരംഭങ്ങളേയും സംരംഭക സംഘടനകളേയും വിദഗ്ദ്ധരേയും അക്കാദമിക സ്ഥാപനങ്ങളേയും ഉൾക്കൊള്ളിച്ച് എല്ലാ നഗരസഭകളിലും സംരംഭക – തൊഴിൽ വികസന കൗൺസിലുകൾ രൂപീകരിക്കണം. സംരംഭകർക്കുവേണ്ട സാങ്കേതിക പിന്തുണയും സഹായങ്ങളും നൽകാൻ ഹെൽപ്പ് ഡസ്കുകളും വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള എംപ്ലോയബിലിറ്റി സെന്ററുകളും എല്ലാ നഗരസഭകളിലും നിലവിൽ വരണം. സ്റ്റാർട്ടപ്പുകൾക്ക് അക്കാദമിക പിന്തുണ നൽകാൻ നഗരകേന്ദ്രീകൃതമായ അക്കാദമിക സ്ഥാപനങ്ങളുടെ നെറ്റ്-വർക്കുകൾ വികസിപ്പിക്കണം. കാമ്പസുകൾ കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പുകളുടേയും കമ്പനികളുടേയും ഇൻകുബേഷൻ സെന്ററുകളുടേയും വിപുലമായ ശൃംഖലകൾ രൂപപ്പെടണം. ഇത്തരത്തിൽ അക്കാദമിക സ്ഥാപനങ്ങൾ, സംരംഭകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത പ്രവർത്തന മാതൃകകൾ വികസിപ്പിക്കപ്പെടണം. നഗരങ്ങൾ കേന്ദ്രീകരിച്ച് ഉയർന്നുവരുന്ന പുതിയ പ്രശ്നങ്ങൾക്ക് പുത്തനാശയ സൃഷ്ടിയിലൂടെ പരിഹാരം കാണുന്ന കേന്ദ്രങ്ങളായി ഈ കൂട്ടായ്മകൾ മാറണം. ഓരോ നഗരത്തിനും അതിന്റെ തനിമകൾ പരിഗണിച്ച് തനതായ ഉത്പന്നങ്ങളും സേവന രൂപങ്ങളും വിപണന സംവിധാനങ്ങളും വികസിപ്പിക്കാനാവണം.
സുസ്ഥിര ഹരിത നഗരങ്ങളിലേക്ക്
നഗരങ്ങൾ കേവലം ഉപഭോഗ കേന്ദ്രങ്ങൾ മാത്രമാണെന്ന പരമ്പരാഗത നഗരവികസന ധാരണയെ തിരുത്തിയെഴുതുന്നതാകണം കേരളത്തിന്റെ നഗരവികസന മാതൃക. കുറച്ച് ഭൂമിയിൽ പോലും കാർഷികോത്പാദനവും പാൽ, മുട്ട, മാംസ, മത്സ്യ ഉത്പാദനവും സാധ്യമാണെന്ന് നൂതന സാങ്കേതികവിദ്യകൾ തെളിയിക്കുന്ന കാലമാണിത്. പ്രിസിഷൻ ഫാമിങ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉയർന്ന ഉത്പാദനവും ഉത്പാദനക്ഷമതയും ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളായി നഗരങ്ങൾ മാറണം. മട്ടുപ്പാവു കൃഷി, വെർട്ടിക്കൽ ഫാമിങ് മുതലായ സാധ്യതകളെ പരമാവധി വികസിപ്പിക്കാനാകണം. ശാസ്ത്രീയമായി ആസൂത്രണം ചെയ്ത ഫാമുകൾ, മട്ടുപ്പാവിലെ കോഴി വളർത്തൽ കേന്ദ്രങ്ങൾ, നഗര ജൈവമാലിന്യങ്ങൾ ഭക്ഷണമാക്കുന്ന പന്നിവളർത്തൽ കേന്ദ്രങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനങ്ങളുടെ പിന്തുണയോടെ നഗരങ്ങളിൽ വ്യാപകമാക്കണം. അക്വാപോണിക്സ്, റീസർക്കുലേറ്ററി അക്വാകൾച്ചർ, ബയോ ഫ്ലോക്ക് മുതലായ ആധുനിക സങ്കേതങ്ങളിലൂടെ പരമാവധി മത്സ്യ ഉത്പാദനം കുറഞ്ഞ സ്ഥലമുപയോഗിച്ച് നഗരങ്ങളിൽ സാധ്യമാക്കണം. കേരള കാർഷിക സർവ്വകലാശാല, വെറ്റിനറി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവയുടെ സംയോജന പ്രവർത്തനം നഗര കേന്ദ്രങ്ങളിലെ ഉത്പാദന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ ഉറപ്പാക്കണം.
നഗരങ്ങളിലെ കെട്ടിടങ്ങളുടേയും പച്ചപ്പിന്റെയും അനുപാതം മെച്ചപ്പെടുത്തുക എന്നതാണ് നഗരതാപനിലയെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ വഴി. ഇതിന് നഗര തെരുവോരങ്ങളുടെയും പൊതു ഇടങ്ങളുടേയും വനവത്കരണം, തയ്യാറുള്ള സ്വകാര്യ ഇടങ്ങളിലെ പച്ചത്തുരുത്തുകൾ, നഗര ജലാശയങ്ങളുടെ അരികുകളിലെ വനവത്കരണം എന്നിവയെല്ലാം പ്രധാനമാണ്. ഇത് യാഥാർത്ഥ്യമാക്കുന്നതിന് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ വലിയ തോതിൽ ഉപയോഗിക്കാനാകും.
ഇതോടൊപ്പം, നഗരങ്ങളിലെ മുഴുവൻ ജലാശയങ്ങളും മാലിന്യം നീക്കി ശുദ്ധീകരിച്ച് അവയുടെ ചുറ്റുപാടുകൾ സംരക്ഷിച്ച് അവയെ ജനങ്ങളുടെ വിനോദ കേന്ദ്രങ്ങൾ കൂടിയാക്കി മാറ്റാൻ സാധിക്കും. സാധ്യമാകുന്ന സ്ഥലങ്ങളിൽ ചെറിയ ബോട്ടിങ് സംവിധാനങ്ങൾ ഉറപ്പാക്കാം. നഗരങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ വിപുലപ്പെടുത്താനും ഇത് സഹായകമാവും. എല്ലാ നഗരങ്ങൾക്കും മികച്ച രീതിയിൽ പുതുക്കപ്പെട്ട ദുരന്ത നിവാരണ പദ്ധതികൾ, സ്ഥാപന തല സേഫ്റ്റി പ്ലാനുകൾ എന്നിവ ഉണ്ടാകണം. ഇതോടൊപ്പം പ്രാദേശിക കാലാവസ്ഥാ വ്യതിയാന അതിജീവന പദ്ധതികളും എല്ലാ നഗരസഭകൾക്കും ഉണ്ടാകണം. നഗരങ്ങളുടെ സുരക്ഷിതമായ അതിജീവനത്തിന് അവയുടെ മാസ്റ്റർ പ്ലാനുകൾ റിസ്ക് ഇൻഫോമ്ഡ് മാസ്റ്റർ പ്ലാനുകളാക്കി മാറ്റണം.
തുല്യതയുടെ നഗരവികസന പാത
പരമ്പരാഗത നഗരവികസന സങ്കൽപ്പത്തിൽ നഗരങ്ങളെ വളർച്ചയുടെ എഞ്ചിനുകളായാണ് പരിഗണിക്കുന്നത്. കേവല വളർച്ച എന്നതിനപ്പുറം സമ്പത്തിന്റെ പുനർവിതരണമോ നഗരവികസന സൗകര്യങ്ങളുടെ പുനർവിതരണമോ ഇവിടെ വിഷയമാകാറില്ല. എന്നാൽ, തുല്യതയിലും സമത്വത്തിലുമൂന്നിയ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗരവികസന പാതയാണ് കേരളം പിന്തുടരാൻ ആഗ്രഹിക്കുന്നത്. നഗരങ്ങളിലെ മുഴുവൻ ദരിദ്രർക്കും പാർപ്പിട സമുച്ചയങ്ങളിലൂടെയും ഒറ്റയ്ക്കുള്ള പാർപ്പിടങ്ങളിലൂടെയും ഭവനം ലഭ്യമാക്കുക എന്നതാകണം ലക്ഷ്യം. ലൈഫ് മിഷൻ പൂർത്തിയാകുമ്പോൾ ഈ ലക്ഷ്യം ഏറക്കുറേ നാം നേടിക്കഴിഞ്ഞിരിക്കും. എങ്കിലും, നഗരങ്ങളിൽ പുതിയ ആവശ്യക്കാർ ഉണ്ടായേക്കാം. ഇവരെക്കൂടി പരിഗണിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭവനരഹിതരില്ലാത്ത നഗരങ്ങളായി മുഴുവൻ നഗരസഭകൾക്കും മാറാനാകണം. മറ്റു നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും തൊഴിലിനായി വന്നു താമസിക്കുന്ന സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രത്യേക പരിപാടികൾ ഉണ്ടാവണം. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി പരിഗണിക്കുന്ന പാർപ്പിടാസൂത്രണത്തേയും മുന്നിൽക്കാണണം. നഗര കേന്ദ്രങ്ങളിലെ ദളിത് നഗറുകളെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള കേന്ദ്രങ്ങളായി മാറ്റണം.
സാമൂഹിക പഠനകേന്ദ്രങ്ങൾ, വായനശാലകൾ, കമ്യൂണിറ്റി ഹാളുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ നഗറുകളിൽ ഉറപ്പാക്കാൻ സാധിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുള്ള കരിയർ ഗൈഡൻസ് സംവിധാനങ്ങളും നെെപുണി പരിശീലന കേന്ദ്രങ്ങളും നഗരസഭകളുടെ അനുബന്ധ സംവിധാനങ്ങളായി ഉണ്ടാകണം.
പട്ടികജാതി – പട്ടികവർഗ ഉപപദ്ധതികളുടെ കാര്യത്തിൽ കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ, അവയെ ഏകോപിപ്പിക്കുന്ന ഉന്നത തല പ്ലാനുകൾ, അവയെ പരസ്പരം ബന്ധിപ്പിക്കുന്ന സമഗ്രമായ നഗരസഭാതല പദ്ധതി എന്നിവ ഉണ്ടാവണം. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനം പൂർത്തിയാക്കിയ പട്ടികവർഗ വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ നഗരസഭാതലങ്ങളിൽ ഉണ്ടാവണം. ഇവ അവരുടെ തുടർപഠന സാധ്യതകൾ ഒരുക്കുന്നതിനും നൈപുണി വികസനത്തിനുമുള്ള സംവിധാനങ്ങളായിക്കൂടി പ്രവർത്തിക്കണം.
മത്സ്യ തൊഴിലാളി ഗ്രാമങ്ങളും ഉൾനാടൻ മത്സ്യ തൊഴിലാളികളും ഉള്ള നഗരസഭകളുടെ കാര്യത്തിൽ മത്സ്യ തൊഴിലാളികൾക്കായി നഗരസഭാതല പദ്ധതികൾ ആലോചിക്കാം. അവരുടെ ഭവന നിർമ്മാണ ആശ്രയങ്ങൾ പൂർത്തിയാക്കാൻ പുനർഗേഹം പദ്ധതി തുടരണം. മത്സ്യ തൊഴിലാളി പ്രദേശങ്ങളിൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ഫലപ്രദമായി ഒരുക്കാനാകണം. മത്സ്യ സംസ്കരണം, വിപണനം എന്നിവയ്ക്ക് ആധുനിക സങ്കേതങ്ങൾ ഒരുക്കണം.
ലിംഗനീതിയുള്ള നഗരങ്ങളിലേക്ക്
ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള നിർണ്ണായക ഘടകം, സ്ത്രീകൾ, മറ്റു ലിംഗ വിഭാഗങ്ങൾ എന്നിവരുടെ തൊഴിൽ പങ്കാളിത്തം പരമാവധി ഉയർത്തുക എന്നതുതന്നെയാണ്. അതിനെ മുകളിൽ ചർച്ച ചെയ്തതുപോലെ നഗരസഭകളിലെ വേതനാധിഷ്ഠിത തൊഴിലുകൾക്ക് മുഴുവൻ ഫലപ്രദമായി പരിശീലനം നൽകുകയും തൊഴിൽ ഉടമകളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി നഗരങ്ങളിലെ ജോബ് സ്റ്റേഷനുകളും പ്രവർത്തിക്കണം. സ്ത്രീകളുടെ സൂക്ഷ്മ സംരംഭങ്ങളെ ആധുനികവത്കരിക്കുകയും പ്രൊഫഷണലൈസ് ചെയ്യുകയും അത് കുടുംബശ്രീയുടെ മുഖ്യ അജൻഡയാക്കുകയും വേണം. NULM പ്രവർത്തനങ്ങളെ ഇതിലേക്ക് ഫലപ്രദമായി കണ്ണിചേർക്കണം. ഒരേ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ സംരംഭങ്ങളെ നഗരസഭാ തലത്തിൽ ഫെഡറേറ്റ് ചെയ്യുന്നത്, അവയുടെ അസംസ്കൃത വസ്തുക്കൾ വാങ്ങൽ, ഉത്പാദന പ്രക്രിയ, പാക്കിങ്, ബ്രാൻഡിങ് , വിപണനം എന്നിവ മികവുറ്റതാകാൻ സഹായിക്കും.
വയോജന – ഭിന്നശേഷി
പരിഗണനയുള്ള നഗരങ്ങൾ
നഗരസഭകൾക്കു കീഴിലെ മുഴുവൻ പൊതുയിടങ്ങളും പൊതുസ്ഥാപനങ്ങളും വയോജന സൗഹൃദപരമാക്കിക്കൊണ്ടു മാത്രമേ ഒരു നഗരത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രദേശമായി നിലനിൽക്കാനാവൂ. ഭിന്നശേഷി പരിഗണനയുടെ കാര്യത്തിലും ഇത് ബാധകമാണ്. നഗരാസൂത്രണത്തിലും നഗര ഡിസൈനിങ്ങിലും വയോജന , ഭിന്നശേഷി സൗഹൃദപരത ഉറപ്പാക്കുന്നതിന് വലിയ പങ്കുണ്ട്. നഗരങ്ങളിലെ പൊതുയിടങ്ങളുടെ ശൃംഖല വികസിപ്പിക്കുക എന്നതു തന്നെയാണ് അനിവാര്യമായ വഴി. നഗരപ്രദേശത്ത് പരിചരണവും ശ്രദ്ധയും ആവശ്യമുള്ള മുഴുവൻ വയോജനങ്ങളുടെയും വിവരം ഉൾപ്പെട്ട ഒരു വിവര സഞ്ചയം ഉണ്ടായിരിക്കണം. കൂട്ടിരിപ്പ്, ഭക്ഷണം എത്തിച്ചുനൽകൽ , പാലിയേറ്റീവ് പരിചരണം, കൗൺസിലിങ് മുതലായവ ആവശ്യമുള്ളവർക്ക് സേവനങ്ങൾ നൽകാൻ ഒരു വളണ്ടിയർ ബാങ്ക് നഗരസഭാതലത്തിൽ രൂപീകരിക്കണം. സേവനങ്ങൾക്ക് പണം നൽകാൻ തയ്യാറുള്ളവർക്ക് അവ ലഭ്യമാക്കാൻ സാന്ത്വനമിത്രം പരിചരണ ശൃംഖലയും വികസിപ്പിക്കണം. രണ്ട് മുതൽ മൂന്ന് വാർഡുകൾക്കുവരെ ഒന്ന് എന്ന വിധത്തിൽ വയോജനങ്ങൾക്ക് കൂടിയിരിക്കാനുള്ള ഇടങ്ങളും രൂപീകരിക്കാം. കമ്യൂണിറ്റി അടുക്കള വഴി വയോജന സൗഹൃദപരമായ ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാനാവും.
വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്ക് ആവശ്യമായ പിന്തുണകൾ വ്യത്യസ്തമാണ്. ഇവ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി ഭിന്നശേഷി പദ്ധതികൾ രൂപപ്പെടുത്താനാവണം. ഉയർന്ന അളവിൽ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നതിന് സാമൂഹിക പിന്തുണാ സംവിധാനം ഒരുക്കണം. അവരുടെ പരിചാരകർക്ക് വീടുകളിലിരുന്നുകൊണ്ട് വരുമാനം ഒരുക്കുന്നതിനുള്ള ഉപജീവന പദ്ധതികൾ ആസൂത്രണം ചെയ്യണം. നിലവിലെ ബഡ്സ് സ്കൂളുകൾ വിവിധ തരം ഭിന്നശേഷിക്കാർക്ക് ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുന്ന തരത്തിൽ ആധുനികവത്കരിക്കണം.
ദരിദ്രർക്കായുള്ള
പ്രത്യേക പദ്ധതികൾ
നിലവിലെ അതിദരിദ്ര കുടുംബങ്ങളുടെ കാര്യത്തിൽ അവരുടെ തുടർ അതിജീവനം ഉറപ്പാക്കുന്നതിനുള്ള പിന്തുണാ പദ്ധതികൾ തുടരണം. ഇതോടൊപ്പം കേവല ദാരിദ്ര്യത്തിന്റെ തലത്തിലുള്ള അടുത്ത വിഭാഗങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് കുടുംബാധിഷ്ടിത പദ്ധതികൾ തയ്യാറാക്കുന്നതിനുമുള്ള ഇടപെടലുകൾ ഉണ്ടാകണം. നഗരങ്ങളിൽ ലഭ്യമായ എല്ലാ ഡിപ്പാർട്ട്മെന്റ്, ഏജൻസി പദ്ധതികളേയും ദരിദ്ര കുടുംബങ്ങളുടെ മൈക്രോ പ്ലാനുകളുമായി കണ്ണിചേർക്കണം. 2030 ഓടെ കേരളത്തിലെ നഗരങ്ങൾ ദാരിദ്ര്യമുക്തമാക്കുക എന്നതാവണം ലക്ഷ്യം.
വഴിയോര കച്ചവടക്കാർ, കുറഞ്ഞ വരുമാനമുള്ള സ്ത്രീകൾ, വയോജനങ്ങൾ മാത്രമുള്ള കുടുംബങ്ങൾ, കിടപ്പുരോഗികൾ, ഉയർന്ന ഭിന്നശേഷിഘടകമുള്ളവരുള്ള കുടുംബങ്ങൾ, ലഹരി ഉപയോഗം മൂലം തകർന്നുപോയ കുടുംബങ്ങൾ, ഗുരുതര രോഗങ്ങൾ ബാധിച്ച് കടക്കെണിയിലായവർ തുടങ്ങി ദാരിദ്ര്യത്തിന്റെ വിവിധ തലങ്ങളിൽ ഉൾപ്പെട്ടവരെ കുടുംബാധിഷ്ഠിതവും സമഗ്രവുമായ പദ്ധതികളിലൂടെ പുറത്തുകൊണ്ടുവരാനാവണം.
ബദൽ നഗരവികസന
മാതൃകയിലേക്ക്
മുകളിൽ സൂചിപ്പിച്ചതുപോലെ, കേവല സാമ്പത്തിക വളർച്ചയിലൂന്നിയതും ചേരികളെ വളർത്തുന്നതും ദരിദ്രരെ പുറന്തള്ളുന്നതുമായ ഒരു നഗരവികസന മാതൃകയല്ല കേരളം പിന്തുടരുന്നത്. മറിച്ച്, സാമ്പത്തിക വളർച്ചയ്ക്കൊപ്പം പാരിസ്ഥിതിക സന്തുലനത്തിനും എല്ലാവിധ ദരിദ്ര വിഭാഗങ്ങളേയും ചേർത്തുപിടിക്കുന്നതിനും സമ്പത്തിന്റെ പുനർവിതരണം ഉറപ്പാക്കുന്നതിനും കഴിയുന്ന ഒരു നഗരവികസന സമീപനമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്. വളർച്ചയ്ക്കൊപ്പം തുല്യതയും ഉൾച്ചേർക്കലും നമ്മുടെ നഗര വികസനത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. ഇതോടൊപ്പം സാമൂഹിക, – സാമ്പത്തിക വിഭജനങ്ങളുടെ പുതിയ കാലത്ത് എല്ലാവരേയും ഉൾക്കൊള്ളുന്ന മതനിരപേക്ഷവും സാമ്പത്തിക വിഭജനങ്ങളില്ലാതെ എല്ലാവർക്കും പ്രാപ്യമാകുന്നതുമായ പൊതുയിടങ്ങൾ സൃഷ്ടിക്കുക എന്നതാകണം കേരള നഗരവികസന മാതൃകയുടെ കാതൽ. മറ്റു നിരവധി കാര്യങ്ങളിലെന്നപോലെ, നഗരവികസന രംഗത്തും ഒരു ബദൽ മാതൃക സൃഷ്ടിക്കാൻ ഇതിലൂടെ കേരളത്തിനു കഴിയും. l



