Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിനഗരവല്‍ക്കരണവും 
പ്രാദേശിക സാമ്പത്തിക വികസനവും

നഗരവല്‍ക്കരണവും 
പ്രാദേശിക സാമ്പത്തിക വികസനവും

കേരളത്തിന്റെ നഗരവൽക്കരണത്തെപ്പറ്റി പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച നഗരനയ കമ്മീഷന്റെ ഒരു പ്രധാന അന്വേഷണ വിഷയമായി തീരുമാനിച്ചിരുന്നത് പ്രാദേശിക സാമ്പത്തിക വികസനമാണ് (Local Economic Dev
elopment – LED). അതിവേഗം നടന്നുകൊണ്ടിരിക്കുന്ന നഗരവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന് ആഴത്തില്‍തന്നെ കമ്മീഷന്‍ പരിശോധിച്ചു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരു പ്രത്യേക അദ്ധ്യായമായി കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ആഗോള അനുഭവങ്ങൾ
സമഗ്രമായ വളർച്ചയ്ക്കും നവീകരണത്തിനും സുസ്ഥിരതയ്ക്കും ഊന്നൽനൽകുന്ന അന്താരാഷ്ട്ര പ്രാദേശിക സാമ്പത്തിക വികസനാനുഭവങ്ങൾ (എൽഇഡി) അനുഭവങ്ങൾ കേരളത്തിനു വിലപ്പെട്ട പാഠങ്ങൾ നൽകുന്നവയാണ്. ബാഴ്‌സലോണ, ബെർലിൻ തുടങ്ങിയ നഗരങ്ങൾ, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നൂതന കേന്ദ്രങ്ങളെയും (innovation hubs) സർഗാത്മക മേഖലകളെയും (creative sectors)പ്രയോജനപ്പെടുത്തി സാമ്പത്തിക വളർച്ചയുമായി നഗരാസൂത്രണത്തെ വിജയകരമായി സംയോജിപ്പിച്ചു. കൊളംബിയയിലെ മെഡെലിൻ, സാമൂഹിക സമത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ സാമ്പത്തിക അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന നഗര പുനരുജ്ജീവനത്തിന്റെ മാതൃക മുന്നോട്ടുവെക്കുന്നു.

അതുപോലെ, ദക്ഷിണാഫ്രിക്കയും ബ്രസീലും സൂക്ഷ്മ സംരംഭങ്ങൾക്കും പരിസ്ഥിതി സുസ്ഥിരതയ്ക്കും ഭരണ സംവിധാനത്തിൽ മുൻഗണന നൽകുന്ന എൽ ഇ ഡി (LED) പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിന് അതിന്റെ സാഹചര്യത്തിലേക്ക് സ്വീകരിക്കാൻ കഴിയുന്ന രീതിയിലുള്ള, ഈ മാതൃകകൾ ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെയും പ്രാദേശിക ആസൂത്രണത്തിൻറെയും വിഭവസമാഹരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. ബ്രസീലിൽ നടപ്പിലാക്കിയ സുസ്ഥിരവും കാര്യക്ഷമവുമായ എൽ ഇ ഡി ( LED )ഫണ്ടിങ് സംവിധാനം, ധനസഹായം, (ഫണ്ടിങ് ടു ഫിനാൻസിങ് – F2F) എന്നീ തന്ത്രങ്ങളിലൂടെ കമ്യൂണിറ്റി അധിഷ്ഠിത സൂക്ഷ്മ സംരംഭങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിന് അനുയോജ്യമായ മാതൃകയാണ്.

പ്രാദേശിക സാമ്പത്തിക 
വികസന ചട്ടക്കൂട് ( LED Framework )
കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് നഗരനയ കമ്മീഷൻ ചട്ടക്കൂട് നിർദേശിക്കുന്നു. സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണ മാതൃകയിൽ തന്നെയാണ് ഇത് രൂപപ്പെടുത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകളെ ഉൾക്കൊണ്ടുകൊണ്ടാണ് കേരളത്തിന്റെ സവിശേഷമായ സാമൂഹിക-, സാമ്പത്തിക, പാരിസ്ഥിതിക പശ്ചാത്തലത്തിനനുയോജ്യമായ ഇത്തരമൊരു സമഗ്ര എൽഇഡി ചട്ടക്കൂട് കമ്മീഷൻ നിർദ്ദേശിക്കുന്നത്.

പ്രാദേശിക സാമ്പത്തിക ക്ലസ്റ്ററിങ്, പങ്കാളിത്ത ഭരണം, പൊതു-–സ്വകാര്യ പങ്കാളിത്തം, നിക്ഷേപം ആകർഷിക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സമർത്ഥമായ ആസൂത്രണ പദ്ധതി (മാസ്റ്റർ പ്ലാനിങ്) എന്നിവയുടെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. നഗരങ്ങളെയും നഗര പ്രദേശങ്ങളെയും താഴേത്തട്ടിലുള്ള ആസൂത്രണത്തിലൂടെ വളർച്ചയുടെ എഞ്ചിനുകളാക്കി മാറ്റാൻ ഇത് ലക്ഷ്യമിടുന്നു. പ്രാദേശിക ആസ്തികൾ പ്രയോജനപ്പെടുത്തുന്നതിനും പൊതു-–സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും സുസ്ഥിരമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഊന്നൽനൽകുന്നു.

കുടുംബശ്രീ സാമൂഹിക ഇടപെടലുകളിൽ വേരൂന്നിയതാണെങ്കിലും, പ്രവർത്തനവിപുലീകരണത്തിന്റെയും സാമ്പത്തിക സുസ്ഥിരത വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത കമ്മീഷൻ തിരിച്ചറിയുന്നു. ഒരു സ്ഥലത്തെ അടിസ്ഥാനമാക്കി ചെറിയൊരിടത്ത് നിന്നാരംഭിച്ച് വിപുലീകൃതമായി സാമ്പത്തിക പ്രവർത്തനങ്ങൾ വളരുന്നതിനെക്കുറിച്ചാണ് ചട്ടക്കൂട് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ നഗരവികസന പ്രക്രിയയുടെ ഈ പരിവർത്തനം സുഗമമായി സാധ്യമാക്കുന്നതിന്, വരുന്ന രണ്ട് ദശാബ്ദങ്ങളിൽ ചെറുപട്ടണങ്ങളെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പുതിയ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ട്. ഗ്രാമീണ വാസസ്ഥലങ്ങളെ ഇതുമായി ബന്ധപ്പെടുത്തിയുള്ള ചെറു നഗരകേന്ദ്രങ്ങളാക്കി മാറ്റേണ്ടതും സുപ്രധാനമാണ്. പ്രാദേശിക വികസന പദ്ധതികളെ പ്രാദേശിക വളർച്ചാ സാധ്യതകളുമായി സംയോജിപ്പിക്കാനും സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സർക്കാരുകൾക്കും വ്യവസായത്തിനും ഇടയിൽ ശക്തമായ സഹകരണം പ്രോത്സാഹിപ്പിക്കാനും ചട്ടക്കൂട് ശുപാർശ ചെയ്യുന്നു.

പ്രധാന നിഗമനങ്ങൾ
സുസ്ഥിര വളർച്ചയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൃദ്ധിയുടെയും ചാലകങ്ങളായി (എഞ്ചിനുകളായി) നഗരങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ട് എന്ന് കമ്മീഷൻ വിലയിരുത്തുന്നു. ഈ ദിശയില്‍ കേരളത്തിലെ നഗരങ്ങളുടെ, സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിൽ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ (എൽഇഡി) പരിവർത്തന സാധ്യതകളാണ് കമ്മീഷന്‍ പരിശോധിച്ചത്. കേരളത്തിലെ സവിശേഷമായ നഗരവൽക്കരണ ഘടനകൾ (പാറ്റേണുകൾ), ജനസംഖ്യയും സാമ്പത്തിക പ്രവർത്തനങ്ങളും കുറവുള്ള നഗരപ്രദേശങ്ങൾ (വളർച്ചാ കുറവുള്ള നഗരങ്ങൾ), പ്രാദേശിക സാമ്പത്തിക ക്ലസ്റ്ററുകൾ എന്നിവ തിരിച്ചറിഞ്ഞു രേഖപ്പെടുത്തുന്നതിനുള്ള ശ്രമം കമ്മീഷന്‍ നടത്തിയിട്ടുണ്ട്.

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പ്രാദേശികമായി പരിപോഷിപ്പിക്കുക, നൈപുണ്യ വികസന പരിപാടികൾ വ്യവസായ ആവശ്യങ്ങൾക്കൊപ്പം വിന്യസിക്കുക, മുനിസിപ്പൽ ഭൂമിയെ എന്റർപ്രൈസ് വികസനത്തിന് പ്രയോജനപ്പെടുത്തുക, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര, സാമ്പത്തിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, തെരുവ് കച്ചവട പ്രവർത്തനങ്ങൾ നഗരത്തിലെ മുഖ്യധാരയാക്കുക, സമൂഹാധിഷ്ഠിതവും വിപണിയെ അടിസ്ഥാനമാക്കിയുള്ളതുമായ സൂക്ഷ്മസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയുടെ പ്രാധാന്യം റിപ്പോർട്ട് ഊന്നിപ്പറയുന്നു. ഒഴിഞ്ഞുകിടക്കുന്ന പാർപ്പിടങ്ങളുടെ ആധിക്യവും ഉയർന്ന പാർപ്പിട ദുർബലതയും (high housing vulnerabilities)ഉയർത്തുന്ന സവിശേഷ വെല്ലുവിളിയും മനസ്സിലാക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ പ്രവർത്തനങ്ങളിലും ബഹുമുഖ ദാരിദ്ര്യം കുറയ്ക്കുന്നതിലും കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സുസ്ഥിരമായ നഗര വളർച്ച കൈവരിച്ചുകൊണ്ട് ഇത് നിലനിർത്തുന്നതിൽ വെല്ലുവിളികൾ നിലനിൽക്കുന്നു. കുടുംബശ്രീ അടക്കമുള്ള സാമൂഹിക സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന് (scaling) ഒരു എൽഇഡി അതോറിറ്റി സ്ഥാപിക്കുക, സമർപ്പിത (dedicated ) എൽഇഡി ഫണ്ട് രൂപീകരിക്കുക, തൊഴിൽ കമ്പോള വിവരസംവിധാനങ്ങൾ (ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം) ശക്തിപ്പെടുത്തുക, ഭരണ തടസ്സങ്ങൾ മറികടക്കുന്നതിനും നഗര തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തികവും സാങ്കേതികവുമായ ശേഷികൾ വർധിപ്പിക്കുന്നതിനും സ്ഥാപനപരമായ പരിഷ്കാരങ്ങൾ വളർത്തിയെടുക്കുക എന്നിവ പ്രധാന ശുപാർശകളിൽ ഉൾപ്പെടുന്നു.

നൂതനമായ ജില്ല, നഗര ആസൂത്രണ, വികസന ചട്ടങ്ങൾവഴി പ്രാദേശിക ബിസിനസുകളിലും വ്യവസായങ്ങളിലും നിക്ഷേപം ആകർഷിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി നഗരങ്ങളുടെയും നഗരപ്രദേശങ്ങളുടെയും പങ്ക് പുനർവിചിന്തനം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി വിപുലീകരിച്ചുകൊണ്ട് ചെറുതും വലുതുമായ സംരംഭങ്ങളെ ഉൾക്കൊള്ളുന്നതിനും സുസ്ഥിരമായവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കേണ്ടതുണ്ട്.

ഉപാധികൾ
ഇങ്ങനെ വ്യക്തമായ ആസൂത്രണത്തിലൂടെ, സുസ്ഥിരവും തുല്യതയുള്ളതുമായ നഗരവികസനത്തിന് ഒരു മാനദണ്ഡം സ്ഥാപിക്കാനും ഇന്ത്യയിലും പുറത്തും എൽഇഡിയുടെ മാതൃകയായി ഉയർന്നുവരാനും കേരളത്തിന് അവസരമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മത്സരശേഷിയും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള ശേഷിയും വർധിപ്പിച്ച്, ഗണ്യമായ നിക്ഷേപങ്ങളെ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടുന്നൂവെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രാദേശിക സാമ്പത്തിക വികസന തന്ത്രങ്ങൾ ലക്ഷ്യമിടുന്നത്. സർക്കാർ തലത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ, നൂതന ധനസഹായം (Innovative finance) എന്നിവ സംയോജിപ്പിച്ച് കേരളത്തിന് അതിന്റെ നഗരങ്ങളെ ഊർജസ്വലമായ പ്രാദേശിക സാമ്പത്തിക വികസന കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 8 =

Most Popular