കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപകടസാധ്യതകളും അതിവേഗ നഗരവൽക്കരണവും ഉയർത്തുന്ന വെല്ലുവിളികളുടെ നിർണായകഘട്ടത്തിലൂടെയാണ് നമ്മുടെ സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ഉയർന്ന ജനസാന്ദ്രത, തീവ്രകാലാവസ്ഥാ പ്രശ്നങ്ങള്‍ എന്നിവ കാരണം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത കേരള സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങൾ, ഉരുൾപൊട്ടലുകൾ തുടങ്ങിയ ദുരന്തങ്ങൾ കേരളത്തിന്റെ ഭൂപ്രകൃതി, ജലശാസ്ത്രം, നിര്‍മാണ രീതികൾ എന്നീ മേഖലകളിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് സംസ്ഥാനത്തിന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ പഠനത്തിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ സംസ്ഥാനത്തിന്റെ കാലാവസ്ഥ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഉപജീവനമാർഗ്ഗങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള, പ്രാദേശികമായി നയിക്കപ്പെടുന്ന ഇടപെടലുകളിലേക്ക് സംസ്ഥാനം നീങ്ങിയിട്ടുണ്ട്. ഈ കാഴ്ചപ്പാട് കേരളത്തിന്റെ സാമൂഹിക-–പാരിസ്ഥിതിക സംവിധാനങ്ങളുടെ യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയതും, തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
പാരിസ്ഥിതിക വെല്ലുവിളികൾക്കൊപ്പം തന്നെ ജനസംഖ്യാ പരിവർത്തനവും കേരളത്തിലെ ഒരു വെല്ലുവിളിയാണ്. കേരളം പ്രധാനമായും നഗര സമൂഹമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്; അതിന്റെ വികസന മുൻഗണനകളെയും നിലവിലെ ഘടനകളെയും പറ്റി പുനർവായന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഭൂവിനിയോഗ രീതികൾ, അടിസ്ഥാന സൗകര്യ വികസനം, പാരിസ്ഥിതിക സുസ്ഥിരത, ദീർഘകാല പ്രതിരോധശേഷി തുടങ്ങിയ വിവിധ മേഖലകളിൽ സംസ്ഥാനം ശക്തിപ്രാപിച്ചാൽ മാത്രമേ നഗരവൽക്കരണത്തെ പൂർണ്ണമായും ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാവുകയുള്ളൂ. ഈ സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കേരള സർക്കാർ നവകേരള നഗരനയ കമ്മീഷന് 2023 ൽ രൂപംനൽകുകയും 2025 മാർച്ചിൽ കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ കാലാവസ്ഥാ-ദുരന്ത പ്രതിരോധശേഷി വർധിപ്പിക്കുകയും ഭൂമിശാസ്ത്ര സവിശേഷതകൾ മുൻനിർത്തി സുരക്ഷിതവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുക എന്ന ആശയത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് നവകേരള നഗരനയം രൂപീകരിച്ചിട്ടുള്ളത്.
കേരള സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് പ്ലാൻ (KSDMP) പ്രകാരം, സംസ്ഥാനത്ത് മൊത്തം,പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ 39 ദുരന്തസാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 2025–26 ലെ കേരള ബജറ്റ് പ്രസംഗത്തിൽ ‘പാരിസ്ഥിതിക പരിമിതികളെ അവഗണിച്ചുകൊണ്ട് ആസൂത്രണം ചെയ്യുന്ന “എല്ലായിടത്തും എല്ലാം’ എന്ന അശാസ്ത്രീയമായ നിർമ്മാണ രീതിയുടെ അനന്തരഫലങ്ങൾ മറികടക്കുന്നതിനായി “എവിടെ എന്തു നിർമ്മിക്കാം” എന്ന ശാസ്ത്രീയമായ സ്ഥലപരമായ ആസൂത്രണത്തിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ് എന്ന തിരിച്ചറിവിനെ സൂചിപ്പിക്കുന്നു. ദുരന്തപ്രതിരോധശേഷിയെ സ്ഥലപരമായ ആസൂത്രണത്തിലേക്ക് സംയോജിപ്പിക്കുന്നത് വികസനം കൂടുതൽ അനുയോജ്യമാക്കുവാനും അപകടസാധ്യതകൾ കുറയ്ക്കുവാനും മനുഷ്യജീവനുകളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുവാനും സഹായകമാണ്.
കേരളത്തിലെ നഗരവളർച്ച പ്രധാനമായും തീരപ്രദേശത്തിന് ലംബമാണ്. വ്യത്യസ്ത കാലഘട്ടത്തിലെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ നിർമ്മിത മേഖല (Built-up area) പടിഞ്ഞാറുനിന്നും കിഴക്കോട്ട് അനിയന്ത്രിതമായി വ്യാപിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. 2005-06 ൽ 1,414.92 ചതുരശ്ര കിലോമീറ്ററായിരുന്ന നിർമ്മിത മേഖല 2015 ൽ 3,557.10 ചതുരശ്ര കിലോമീറ്ററായി വികസിച്ച്, 2021 ആയപ്പോഴേക്കും അത് 11,976.78 ചതുരശ്ര കിലോമീറ്ററായി ഉയരുകയും ചെയ്തിട്ടുണ്ട്. നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ(NRSC) പഠനങ്ങൾ സൂചിപ്പിക്കുന്നത് 2005 നും 2015 നും ഇടയിൽ 31,300 ഹെക്ടർ തണ്ണീർത്തടങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെട്ടതായിട്ടാണ്.
കുസാറ്റിന്റെ (CUSAT) പഠനത്തിൽ തെക്കൻ കേരളത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മഴയുടെ കുറവ് , മൺസൂണിനു ശേഷമുള്ള മഴയുടെ വർദ്ധനവ് തുടങ്ങിയ മഴയിലെ മാറ്റങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ദുരന്തസാധ്യതയുടെ രേഖാചിത്രം നോക്കുമ്പോൾ 14.52 ശതമാനം പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കത്തിനു വിധേയമാണ്. അതേസമയം 13 ശതമാനം പ്രദേശങ്ങൾ അതീവ മണ്ണിടിച്ചിലിന് സാധ്യതയുള്ളവയുമാണ്. കൂടാതെ 46.6 ശതമാനം കടൽത്തീരം തീരശോഷണം അഭിമുഖീകരിക്കുന്നു. ഇത്തരം പാരിസ്ഥിതിക പരിമിതികള്‍ക്കിടയിലും സംസ്ഥാനത്തിന്റെ അനുയോജ്യമായ വളർച്ചയ്ക്കും അപകടസാധ്യത കുറയ്ക്കുന്നതിനും സ്ഥല ആസൂത്രണത്തിലും നഗര വികസനത്തിലും കാലാവസ്ഥാ പ്രതിരോധശേഷി ഉൾപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്നു.
കാലാവസ്ഥാ പ്രതിരോധശേഷിയോടുകൂടിയ നഗരവൽക്കരണത്തിന്റെ ആവശ്യകത സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ട്. നയരൂപീകരണത്തിൽ കേരളത്തിലെ യുവാക്കൾ, കുട്ടികൾ, സ്ത്രീകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് സംസ്ഥാനത്തിന്റെ കാലാവസ്ഥ-ാദുരന്ത പ്രതിരോധശേഷിയോടുള്ള കാഴ്ചപ്പാടുകൾ തിരിച്ചറിയുവാൻ വേണ്ടി വിപുലമായ ചർച്ചകൾ കില അർബൻ പോളിസി സെല്‍ വഴി കമ്മീഷൻ നടത്തിയിട്ടുണ്ട്. ദുരന്തസാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന റിസ്ക് ഇൻഫോംഡ് മാസ്റ്റർപ്ലാനുകളുടെ ആവശ്യകത കൂട്ടായ ചർച്ചകളിൽ ഉയർന്നുവന്ന ഒന്നാണ്. അതേസമയം കാലാവസ്ഥാ അറിവിന്റെ വ്യാപകമായ വ്യാപനത്തിനൊപ്പം സെൻസറുകൾ, ഐഒടി സിസ്റ്റങ്ങൾ, തത്സമയ നഗരമേഖലകളിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി ഡിജിറ്റൽ ഒബ്സർവേറ്ററികൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ആവശ്യകതയും കമ്മീഷൻ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ദേശീയ, സംസ്ഥാന ഏജൻസികൾ നിരവധി ഡാറ്റാസെറ്റുകൾ സമയബന്ധിതമായി നിർമ്മിച്ചുവരുന്നു. ഇത്തരം വിവരങ്ങൾ സംസ്ഥാനദുരന്തനിവാരണ അതോറിറ്റി, കേരള സംസ്ഥാന റിമോട്ട് സെൻസിങ്- ആൻഡ് എൻവയോൺമെന്റ് സെന്റർ തുടങ്ങിയ സംസ്ഥാനതല ഏജൻസികളുടെ സഹകരണത്തോടുകൂടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) വഴി ഘടനാപരമായ പരിശീലന പരിപാടികളിലൂടെ ആസൂത്രണത്തിലും തീരുമാനമെടുക്കലിലും ഫലപ്രദമായി ഉപയോഗിക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷിവർദ്ധനവിന് സഹായിക്കും.
കാലാവസ്ഥാ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ നിന്ന് ആരംഭിക്കണമെന്ന ആശയത്തെ മുൻനിർത്തിയാണ് കാലാവസ്ഥാ വ്യതിയാന പ്രാദേശിക കർമ്മപദ്ധതി (LAPCC),നമ്മൾ നമുക്കായി, റീബിൽഡ് കേരള തുടങ്ങിയ വികേന്ദ്രീകൃത പദ്ധതികൾ ആവിഷ്കരിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്, ജ്ഞാനശ്രീ പോലുള്ള മാതൃകയിലൂടെ, സാങ്കേതികശേഷിയുള്ള ആളുകളെ വാർത്തെടുക്കുവാനും പ്രാദേശികതലത്തിൽ അറിവു പ്രയോഗിക്കാനും, ആഗോളതലത്തിൽ മത്സരിക്കാൻ അവരെ പ്രാപ്തരാക്കാനും, കഴിവുള്ള പരിശീലനം ലഭിച്ച പ്രൊഫഷണലുകളടങ്ങിയ ഒരു കേഡർ സംവിധാനം വികസിപ്പിക്കുവാനും സംസ്ഥാനത്ത് സാധ്യതയുണ്ട്.
സംയോജിത ആസൂത്രണം, ശാസ്ത്രീയ അവബോധം, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യ-രാഷ്ട്രീയ ഇടപെടൽ എന്നിവയിലൂടെ, കേരളത്തിന് കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവും പാരിസ്ഥിതികവും സുരക്ഷിതവുമായ ഒരു നഗര ഭാവി രൂപപ്പെടുത്താൻ നഗരനയ കമ്മീഷൻ മുൻഗണന നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് നഗരവൽക്കരണത്തെ സന്തുലിതമാക്കുന്ന നവകേരള നഗരനയ മാതൃക മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. l



