സാമൂഹിക ക്ഷേമം, ഉയർന്ന മനുഷ്യവികസനം, ജനാധിപത്യ ഭരണത്തോടുള്ള പ്രതിബദ്ധത എന്നിവയിലധിഷ്ഠിതമായ ഒരു വികസനപാതയാണ് കേരളത്തിനുള്ളത്. ഒരു സമൂഹം എന്ന നിലയിൽ, ജനകീയ സംഘാടനങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ, സാമൂഹിക മുന്നേറ്റങ്ങൾ എന്നിവ ഒരുമിക്കുമ്പോൾ കൂടുതൽ സമതുലിതമായ സാമൂഹിക നേട്ടങ്ങൾ കൈവരിക്കാനാകുമെന്നത് കേരളം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. എന്നാൽ പുതിയതും സവിശേഷവുമായ കേരളത്തിന്റെ മൂർത്ത സാഹചര്യങ്ങൾ നൂതനമായ നയ ആലോചനകൾ ആവശ്യപ്പെടുന്നു. കേരളത്തിന്റെ സാമ്പത്തിക ഭാവി, സാമൂഹിക ഐക്യം, പരിസ്ഥിതി സന്തുലനം, ജനാധിപത്യ രീതികൾ എന്നിവയെ ഒരുപോലെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി കേരളത്തിന്റെ നഗരവൽക്കരണ സ്വഭാവം മാറിയിട്ടുണ്ട്.
ഒറ്റപ്പെട്ട മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന പരമ്പരാഗത നഗരവളർച്ചാ മാതൃകകളിൽ നിന്നു വ്യത്യസ്തമാണ് കേരളത്തിന്റെ അനുഭവം. ഇവിടെ ഗ്രാമവും നഗരവും തമ്മിലുള്ള അതിർത്തികൾ വളരെ നേർത്തതും സൂക്ഷ്മവുമാണ്. ഗ്രാമ–നഗര നൈരന്തര്യം എന്ന നിലയിലാണ് ഈ അവസ്ഥയെ മനസ്സിലാക്കാൻ കഴിയുന്നത്. വാസസ്ഥലങ്ങൾ, ഉപജീവന മാർഗങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ ഭരണപരവും സ്ഥലപരവും ആയ അതിരുകളും ക്രമേണ ചെറുതാകുകയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
അടുത്ത ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ നഗരവളർച്ച തെക്കൻ കേരളത്തിൽ നിന്നു വടക്കൻ കേരളത്തിലേക്കും തീരപ്രദേശങ്ങളിൽ നിന്ന് ഇടനാട്ടിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ, ആവാസവ്യവസ്ഥകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുമേലുള്ള സമ്മർദ്ദം വരുംകാലങ്ങളിൽ കൂടുതൽ രൂക്ഷമാകും. അതിനാൽ, കേരളത്തിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ ആവശ്യമായത് മാറ്റങ്ങളോട് പ്രതികരിക്കുന്ന കേവല നടപടികൾ മാത്രമല്ല. ദീർഘകാല കാഴ്ചപ്പാടുള്ളതും മുൻകൂട്ടി പദ്ധതിയിടുന്നതുമായ ഒരു സ്ഥിരതയുള്ള നയ സമീപനമാണ്.
കേരള നഗരനയ കമ്മീഷൻ എന്തിന്?
ആഴത്തിലുള്ള ഈ മാറ്റങ്ങൾ അംഗീകരിച്ചുകൊണ്ടാണ് 2023 ഡിസംബറിൽ കേരള സർക്കാർ നവ കേരള നഗരനയം രൂപപ്പെടുത്തുന്നതിനായി കേരള നഗര നയ കമ്മീഷൻ രൂപീകരിച്ചത്. ശാസ്ത്രീയ തെളിവുകളിലും പങ്കാളിത്ത ഭരണത്തിലും ആധാരമാക്കിയ, സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഒരു നഗരവൽക്കരണ നയം ഒരു സംസ്ഥാനം രൂപപ്പെടുത്താൻ മുന്നോട്ടുവന്നത് ഇന്ത്യയിൽ ഇതാദ്യമായാണ്. ഈ ശ്രമത്തിന്റെ ലക്ഷ്യം നഗരവളർച്ച നിയന്ത്രിക്കുക മാത്രമല്ല, നഗരവൽക്കരണത്തെ ഒരു സാമൂഹിക പരിവർത്തന പ്രക്രിയയായി കാണുകയും മനസ്സിലാക്കുകയും കൂടിയായിരുന്നു.
2025 മാർച്ചിൽ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിസന്ധികളോട് വൈകി പ്രതികരിക്കുന്നതിനുപകരം, സമയബന്ധിതമായ നയമാറ്റങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടക്കം മുതൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയത്. കാലാവസ്ഥാ അപകടസാധ്യതകൾ, ഭൂമിയുടെ ദൗർലഭ്യം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ, നയസ്തംഭനം മാറ്റംവരുത്താനാവാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതിനാൽ സാമൂഹിക മുൻഗണനകളെയും കൂട്ടായ ഫലങ്ങളെയും ദിശാബദ്ധമാക്കാൻ കഴിയുന്ന അതിന് മുൻകൈയെടുക്കുന്ന ഒരു ഉപകരണമായിട്ടാണ്കമ്മീഷൻ നഗരനയത്തെകണക്കാക്കിയത്.
പ്രധാന ആശങ്കകളും
ആശയപരമായ ദിശാബോധവും
കമ്മീഷന്റെ പൊതുവായ സമീപനം നിരവധി സുപ്രധാന വിഷയങ്ങൾ ആധാരമാക്കി രൂപപ്പെട്ടു. നഗരവത്കരണത്തിന്റെ ഫലമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രം, കാലാവസ്ഥാ പ്രതിരോധശേഷിയുടെ ആവശ്യകത, ആസൂത്രണത്തിനായി ഡാറ്റ ഫലപ്രദമായി ഉപയോഗിക്കൽ, നഗരഭരണത്തിലെ ജനാധിപത്യവൽക്കരണം ശക്തിപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, പ്രായം വർധിച്ചുവരുന്നവരുടെ സമൂഹത്തെയും ജനസംഖ്യാപരമായ മാറ്റങ്ങളെയും അടുത്ത 25 വർഷത്തെ ആസൂത്രണ ചട്ടക്കൂടിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും, നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയെ, പ്രത്യേകിച്ച് യുവജനങ്ങളെ പുനർപരിശീലിപ്പിച്ച് സാമ്പത്തികവും പൗര ജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ അർത്ഥവത്തായ സംഭാവന നൽകാൻ കഴിയുന്ന നഗരപരിസ്ഥിതികൾ സൃഷ്ടിക്കേണ്ടതെങ്ങനെ എന്നതും കമ്മീഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
ഈ ആശങ്കകളുടെ കേന്ദ്രത്തിൽ ഒരു പൊതുചോദ്യമുണ്ട്: ഉയർന്നുവരുന്ന നഗര വെല്ലുവിളികളെ കേരളം എങ്ങനെ കൈകാര്യം ചെയ്യും, അതോടൊപ്പം ജനങ്ങൾക്ക് മുൻഗണന നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കൂട്ടായ തദ്ദേശഭരണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു നയം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നതാണത്.
പ്രക്രിയ, പങ്കാളിത്തം, നയ രൂപീകരണം
മുകളിൽ നിന്ന് താഴേക്കുള്ള വിശകലന പ്രവർത്തനങ്ങളെയും അടിത്തട്ടിൽ നിന്നു മുകളിലേക്കുള്ള ഇടപെടലുകളെയും ബോധപൂർവ്വം സംയോജിപ്പിച്ചാണ് കേരളത്തിന്റെ നഗര നയരൂപീകരണ പ്രക്രിയ നടത്തേണ്ടത് എന്ന ബോധ്യം കമ്മീഷനുണ്ടായിരുന്നു. ജനസംഖ്യാ വളർച്ച, നഗരവ്യാപനം, കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങൾ സംസ്ഥാനത്തുടനീളം നടന്ന വിപുലമായ കൂടിയാലോചനകളിലൂടെ പങ്കാളികളുമായി പങ്കുവച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വനിതാ കൂട്ടായ്മകൾ, യുവജനങ്ങൾ, കുടിയേറ്റ സമൂഹങ്ങൾ, പ്രൊഫഷണലുകൾ, അയൽപക്ക ഗ്രൂപ്പുകൾ എന്നിവരാണ് നയത്തിന്റെ ദിശയും ഉള്ളടക്കവും രൂപപ്പെടുത്തുന്നതിൽ പങ്കെടുത്തത്. നഗരനയം വരാനിരിക്കുന്ന തലമുറകളുടെ ഭാവിയെ അഭിസംബോധന ചെയ്യേണ്ടതാണെന്ന തിരിച്ചറിവോടെ കുട്ടികൾക്കും യുവജനങ്ങൾക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക കൺസൾട്ടേഷനുകൾ നടത്തുകയും അവരെ പ്രത്യേകമായി ഈ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
നയപരമായ ചലനാത്മകതയോടുള്ള (Policy Mobility) ശ്രദ്ധാപൂർവ്വമായ സമീപനത്തിലൂടെ കമ്മീഷൻ ആഗോള ആശയങ്ങളോടും ചട്ടക്കൂടുകളോടും സജീവമായി ഇടപെട്ടു. അന്തർദേശീയ മാതൃകകൾ അതേപടി പിന്തുടരാതെ അനുഭവങ്ങളെ വിമർശനാത്മകമായി വിലയിരുത്തി, അവയെ കേരളത്തിന്റെ സ്ഥാപനപരമായ ശേഷികൾ, സാമൂഹിക ചരിത്രം, സ്ഥലപരമായ പരിമിതികൾ എന്നിവയുമായി പൊരുത്തപ്പെടുത്തുവാൻ കമ്മീഷൻ ശ്രമിച്ചു. പൊതുവായ പരിഹാരമാർഗ്ഗം എന്ന സമീപനം നിരാകരിക്കുകയും, നഗരനയം സന്ദർഭാനുസൃതവും സ്ഥലബന്ധിതവുമായതും നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളോടു പ്രതികരിക്കുന്നതുമായിരിക്കുമെന്ന് കമ്മീഷൻ ഉറപ്പിച്ചു.
നഗരങ്ങൾ എന്ന സ്ഥലീയവും
രാഷ്ട്രീയവുമായ ഇടങ്ങൾ
നഗരവൽക്കരണം ഒരു സ്ഥലപരവും രാഷ്ട്രീയവുമായ പ്രക്രിയയാണ്. നഗരങ്ങൾ ജനസംഖ്യയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും ഭൗതിക കേന്ദ്രങ്ങൾ മാത്രമല്ല; അധികാരം, പങ്കാളിത്തം, കൂട്ടായ തീരുമാനമെടുക്കൽ എന്നിവ കൂടിച്ചേരുന്ന ഇടങ്ങൾ കൂടിയാണ്. സബ്സിഡിയറിറ്റി തത്ത്വത്തെ അടിസ്ഥാനമാക്കി, തീരുമാനങ്ങൾ അവയെ നേരിട്ടു ബാധിക്കുന്ന ആളുകളുടെ ഏറ്റവും അടുത്ത തലത്തിൽ നിന്നാണ് എടുക്കപ്പെടുന്നതെന്ന് ഉറപ്പാക്കാനാണ് കമ്മീഷൻ ശ്രമിച്ചത്. നഗരവികസനത്തിനായി ഗ്രാമീണ സ്ഥാപന മാതൃകകൾ അതേപടി പകർത്താൻ കഴിയില്ല. മെട്രോപൊളിറ്റൻ പ്രദേശങ്ങളുടെ സവിശേഷതകളായ സ്ഥലവ്യാപ്തി, പ്രാദേശിക പരസ്പരബന്ധങ്ങൾ, നഗര സംവിധാനങ്ങളുടെ സങ്കീർണ്ണ സ്വഭാവം എന്നിവ കണക്കിലെടുത്ത് കേരളത്തിലെ നഗര അധികാര വികേന്ദ്രീകരണ തന്ത്രങ്ങളെയും അതിന്റെ ഭാവി ദിശയെയും പുനരാലോചിക്കേണ്ടതുണ്ട്.
ഭൂമി, അടിസ്ഥാനസൗകര്യങ്ങൾ, മൊബിലിറ്റി, പാർപ്പിടം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ കേവലം സാങ്കേതികമായ തീരുമാനങ്ങളല്ല. അവ ആരെയാണ് ഉൾപ്പെടുത്തുന്നത്, ആരെയാണ് ഒഴിവാക്കുന്നത്, എന്നിവയെല്ലാം നഗര ഇടങ്ങളിലെ സാമൂഹിക നീതി എങ്ങനെ രൂപപ്പെടുന്നു എന്നതിനെ നേരിട്ട് സ്വാധീനിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളോട് ചേർന്ന രീതിയിൽ നഗരവൽക്കരണം മുന്നോട്ടുപോകണമെന്ന് ഉറപ്പാക്കാൻ, എല്ലാ നഗരനിവാസികൾക്കും അവരുടെ നഗരങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അർത്ഥവത്തായ പങ്കാളിത്തം വഹിക്കാൻ കഴിയണം. അതിനായി പങ്കാളിത്തം ശക്തിപ്പെടുത്തുക, തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കുക, പ്രാദേശിക തലത്തിൽ ശേഷി വർധിപ്പിക്കുക എന്നിവ അത്യാവശ്യമാണ്.
ഉപസംഹാരം
കേരളത്തിന്റെ സവിശേഷമായ നഗരവത്കരണ സ്വഭാവം സംസ്ഥാനത്തിന് ഒരു നിർണായക അവസരമാണ് നൽകുന്നത്. സാമൂഹിക സമത്വം, ജനാധിപത്യ പങ്കാളിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ നഗരവൽക്കരണ മാതൃക മുന്നോട്ടുവയ്ക്കാനുള്ള സാധ്യത ഇതിലുണ്ട്. നയങ്ങൾ സാമൂഹിക പരിവർത്തനത്തെ പിന്തുടരുന്നതിലല്ല, അത് സജീവമായി രൂപപ്പെടുത്തുന്നതിലായിരിക്കണം എന്ന ബോധ്യമാണ് കേരള നഗര നയ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്.
ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതായതിനാൽ, കേരളം അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിഷ്‌ക്രിയമായി ഇരിക്കുന്നതിന്റെ വില വളരെ വലുതാണ്. അതിനാൽ തന്നെ, തെളിവുകളെ അടിസ്ഥാനമാക്കിയതും ജനപങ്കാളിത്തത്തിലൂടെ രൂപപ്പെട്ടതുമായ ഒരു നഗര നയം, കേരളത്തിലെ നഗരങ്ങളെയും നഗരാനുബന്ധ മേഖലകളെയും കൂട്ടായ അഭിവൃദ്ധിയുടെ ഇടങ്ങളാക്കി മാറ്റാൻ സഹായിക്കും. മനുഷ്യനെ കേന്ദ്രസ്ഥാനത്തു നിർത്തുകയും കൂട്ടായ പ്രാദേശിക ഭരണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ സമീപനം, സംസ്ഥാനത്തിന്റെയും അതിന്റെ ഭാവി നഗര വികസനത്തിന്റെയും ദിശ നിശ്ചയിക്കാനുള്ള ദൃഢമായ പ്രതിബദ്ധതയിലാണ് അടിയുറച്ചിരിക്കുന്നത്. l



