Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറികൊച്ചി, പഴയ കൊച്ചിയല്ല

കൊച്ചി, പഴയ കൊച്ചിയല്ല

കൊച്ചി നഗരസഭയുടെ അഞ്ചു വർഷക്കാലത്തെ പ്രവർത്തനം ലക്ഷ്യബോധത്തോടെയുള്ള ചില പദ്ധതികളുടെ പൂർത്തീകരണത്തിനാണ് ഞങ്ങൾ വിനിയോഗിച്ചത്. നഗരസഭാ കൗൺസിലിന് ഒരു രാഷ്ട്രീയമുണ്ടായിരുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയം ഉണ്ടായിരുന്നുമില്ല.

കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾ മൂലം സംസ്ഥാന സർക്കാർ നേരിടേണ്ടി വന്ന ധനപ്രതിസന്ധി , കൊച്ചി നഗരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ആ ശ്രമം വിജയിക്കുകയും ചെയ്തു. കിട്ടിയ എല്ലാ സന്ദര്‍ഭങ്ങളിലും സംസ്ഥാന ധനകാര്യ വകുപ്പിന്റെ സഹായം നഗരസഭയ്ക്ക് ലഭിച്ചു. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ ആയിരുന്നു അതില്‍ പ്രധാനം. എല്ലാവര്‍ഷവും 10 കോടി രൂപയാണ് ധനകാര്യ മന്ത്രി കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിനായി ബജറ്റില്‍ നല്‍കിയത്. ഇതു കൂടാതെ ബ്രഹ്മപുരത്തെ ബയോമൈനിങ്ങിന് പണ ലഭ്യത ഇല്ലാതായപ്പോള്‍ അവസാന ഘട്ടത്തില്‍ ധനവകുപ്പ് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്.

ബ്രഹ്മപുരത്തെ പ്രതിസന്ധിയെ തുടര്‍ന്ന് മാലിന്യ സംസ്കരണത്തിന്റെ പുതിയ സംവിധാനങ്ങള്‍ നഗരത്തില്‍ ഒരുക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പാണ് ശരിയായ നേതൃത്വം കൊച്ചി നഗരസഭയ്ക്ക് നല്‍കിയത്. മുഴുവന്‍ മാലിന്യങ്ങളും കേന്ദ്രീകൃതമായി കൊണ്ടുപോയി ബ്രഹ്മപുരത്ത് ഇടുന്ന പരിപാടി നിർത്തലാക്കി. തിരിഞ്ഞുനോക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്ന ശരിയായ കാഴ്ചപ്പാടിന് അനുസരിച്ച് കൊച്ചി മാറി. അതില്‍ പ്രധാനമായും ബി.പി.സി.എല്ലിന്റെ നേതൃത്വത്തില്‍ 150 ടണ്‍ ശേഷിയുള്ള കംപ്രസ്സ്ഡ് ബയോഗ്യാസ് പ്ലാന്റ് പൂര്‍ണ്ണമായും നിര്‍മ്മിച്ച് ട്രയല്‍ റണ്ണും വിജയകരമായി പൂര്‍ത്തീകരിച്ചു. അടുത്ത മാസം മുതല്‍ അവിടത്തെ മാലിന്യ സംസ്കരണം ആരംഭിക്കുകയാണ്. കൊച്ചിയില്‍ പുതുതായി ആരംഭിച്ച ബി.എസ്.എഫ് പ്ലാന്റുകള്‍ വിജയമായി മാറി. ബ്ലാക്ക് സോള്‍ജീയര്‍ ഫ്ളൈ പ്ലാന്റ് എന്ന ആശയമാണ് അവിടെ നടപ്പാക്കിയത്. സിഗ്മ എന്ന കമ്പനിക്കാണ് അതിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. 50 ടണ്‍ സംസ്കരണ ശേഷിയോടെ സിഗ്മ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ മുമ്പില്‍ ഫാബ്കോ എന്നു പറയുന്ന ഏജന്‍സി കൂടി അവിടെ ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ പ്ലാന്റ് സ്ഥാപിച്ചതോടെ ലോകത്തു തന്നെ പ്രതിദിനം ഏറ്റവും കൂടുതല്‍ ജൈവികമായ നിലയില്‍ മാലിന്യത്തില്‍ നിന്നും വളം ഉല്‍പ്പാദിപ്പിക്കുന്ന, ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകള്‍ ഇന്ന് ബ്രഹ്മപുരത്തുണ്ട്. ബ്രഹ്മപുരത്തെ മുഴുവന്‍ മാലിന്യവും കെട്ടികിടന്ന ഏതാണ്ട് 7 ലക്ഷത്തിലധികം ടണ്‍ വരുന്ന ലെഗസി വേസ്റ്റ് (പൈതൃക മാലിന്യം) അവിടെ നിന്നും മാറ്റാന്‍ ആരംഭിച്ച ബയോമൈനിങ് പദ്ധതി പൂര്‍ണ്ണമായും വിജയിച്ചു. അവിടത്തെ മണ്ണിന്റെ വിഷാംശം കളയാന്‍ വേണ്ടി ആരംഭിച്ച രാമച്ചം തൈ നടീല്‍ വലിയ ആഘോഷമായി നടന്നു. മണ്ണിനെ ശുദ്ധീകരിക്കാൻ ഇത് സഹായകരമായി. ഒരു ഗ്രീന്‍ കവര്‍ ബ്രഹ്മപുരത്ത് കൊണ്ടുവരാന്‍ വേണ്ടിയുളള പരിശ്രമവും വിജയിച്ചു. ശുചിത്വ മിഷന്റെ സഹായത്തോടുകൂടി ഒരു മാസ്റ്റര്‍പ്ലാന്‍ ബ്രഹ്മപുരത്തിന് തയ്യാറായി. ഇനി ബ്രഹ്മപുരത്ത് വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ്, ആര്‍.ഡി.എഫ് പ്ലാന്റ്, വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ ബ്രഹ്മപുരം ലോകത്തിനു തന്നെ മാതൃകയായ 110 ഏക്കര്‍ സ്ഥലമായി നമുക്കു മാറ്റുവാന്‍ കഴിയും. ഇപ്പോള്‍ തന്നെ 250 ടണ്‍ മാലിന്യം സംസ്കരിക്കുവാനുള്ള ശേഷിയിലേക്ക് ബ്രഹ്മപുരത്തെ കേന്ദ്രീകൃത മാലിന്യ സംസ്കരണം മാറുകയാണ്. മാലിന്യം കൊണ്ടു പോകാനുളള ട്രക്കുകള്‍, കോംപാക്ടറുകള്‍ ആയി മാറി. യാതൊരു ദുര്‍ഗന്ധവും ഇല്ലാതെ കൊച്ചി നഗരത്തില്‍ മാലിന്യം കൊണ്ടുപോകുന്നത് ഒരു പുതിയ കാഴ്ചയായിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കെട്ടിവച്ച് പൊതുനിരത്തുകള്‍ മോശമാക്കുന്നതിനു പകരം മാലിന്യം കൊണ്ടുപോകുന്ന കണ്ടെയ്നര്‍ എന്ന ആശയവും വിജയമായി. കണ്ടെയ്നറുകള്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയതോടെ, കണ്ടെയ്നറുകള്‍ എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ആയി മാറിയതിനെപ്പറ്റി മാതൃഭൂമി പത്രം തയ്യാറാക്കിയ പരമ്പര ശ്രദ്ധേയമായി. കൊച്ചി നഗരത്തില്‍ രവിപുരത്തും മറൈന്‍ഡ്രൈവിലും ആരംഭിച്ച ആര്‍.ആര്‍.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) അത്യാധുനികമായ മെഷിനറികളുടെ സാന്നിധ്യം കൊണ്ടും ശുചിത്വം കൊണ്ടും വളരെ പെട്ടെന്ന് പ്രശംസ പിടിച്ചുപറ്റി.

കൊച്ചി നഗരത്തില്‍ നേരത്തെ വികേന്ദ്രീകൃത മാലിന്യ സംസ്കരണം എന്നത് ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ മനോഹരമായി പ്രവര്‍ത്തിക്കുന്ന മൂന്ന് വികേന്ദ്രീകൃത ബയോ കംപോസ്റ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ ബയോ കംപോസ്റ്റുകള്‍ തുമ്പൂര്‍മൂഴി മാതൃകയിലുള്ള പരമ്പരാഗത രീതിക്ക് പകരം ഇതേ പ്രക്രിയ തന്നെ കൂടുതല്‍ വേഗത്തില്‍ വളമാക്കി മാറ്റുന്ന സംവിധാനങ്ങളായി മാറുകയാണുണ്ടായത്. സാര്‍വ്വദേശീയ സംഘടനയായ ഐ.സി.എല്‍.ഇ.ഐ (ICLEI) ആണ് ഇതിനാവശ്യമായ ഫണ്ട് നല്‍കിയത്. ജിയോജിത്ത് ഗ്രൂപ്പും ഒരു മാലിന്യ സംസ്കരണ പ്ലാന്റിന് ആവശ്യമായ ഫണ്ട് നല്‍കി. വടുതലയിലെ ഡോണ്‍ബോസ്കോ സന്ന്യാസ സമൂഹത്തിന്റെ പ്രദേശത്തും പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്റ് സ്ഥാപിച്ചു. അതിന്റെ സി.എസ്.ആര്‍ നല്‍കിയത് ഫെഡറല്‍ ബാങ്കാണ്. ഡോണ്‍ ബോസ്കോ സ്കൂളിലെയും കോളേജിലെയും സ്പോര്‍ട്സ് ഹോസ്റ്റലിലെയും മുഴുവന്‍ പേരുടെയും ഭക്ഷണ മാലിന്യവും തൊട്ടടുത്ത റസിഡന്റ്സ് അസോസിയേഷനുകളിലെ മാലിന്യവും ചേര്‍ന്ന് വളരെ മനോഹരമായാണ് ബയോഗ്യാസ് പ്ലാന്റ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ പള്ളുരുത്തിയിലും തുമ്പൂര്‍മുഴി മാതൃകയിലുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. ഹീല്‍ പൊന്നുരുന്നി എന്ന പേരില്‍ പൊന്നുരുന്നിയില്‍ ആരംഭിച്ച പ്ലാന്റും ജനശ്രദ്ധ പിടിച്ചുപറ്റി. മെഡിമിക്സാണ് ആവശ്യമായ സി.എസ്.ആര്‍ സഹായം നല്‍കിയത്. അവിടെ ഹരിതകര്‍മ്മ സേന തന്നെയാണ് പ്ലാന്റ് നോക്കുന്നത്. അവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വളം അവിടെത്തന്നെ കൃഷി ചെയ്യുന്നു.

കൊച്ചി നഗരത്തെ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഊട്ടൂന്ന സമൃദ്ധി എടുത്തുപറയേണ്ട ഒരു പദ്ധതിയാണ്. വിശപ്പു രഹിത നഗരം എന്ന ആശയത്തില്‍ നിന്നാണ് ഈ ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. ജനകീയ ഹോട്ടല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ്. ജനകീയ ഹോട്ടലുകള്‍ കോവിഡ് കാലത്തും, പ്രളയകാലത്തും നമ്മുടെ ജനങ്ങള്‍ക്ക് എത്രയോ സഹായകരമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്ന ജനകീയ ഹോട്ടലാണ് സമൃദ്ധി. സമൃദ്ധിക്ക് ഇന്ന് മൂന്ന് ശാഖകളുണ്ട്. ഷിപ്യാര്‍ഡ് ഉള്‍പ്പെടെയുളള പല പൊതുമേഖലാ സ്ഥാപനങ്ങളിലും സമൃദ്ധി ക്യാന്റീന്‍ നടത്തുന്നുണ്ട്. 13 സ്ത്രീകളില്‍ നിന്നാരംഭിച്ച് ഇന്ന് 200ലേറെ പേര്‍ക്ക് അവിടെ ജോലി നല്കുന്നു. 20 രൂപയ്ക്ക് ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ 5000 ത്തിലേറെ പേരാണ് വരുന്നത്. സ്ത്രീകള്‍ക്കെല്ലാവര്‍ക്കും മാന്യമായ വേതനവും ലഭിക്കുന്നുണ്ട്. കുടുംബശ്രീയുടെ തന്നെ ഏറ്റവും മനോഹരമായ ഒരു പദ്ധതിയായി ഇത് മാറി. സമൃദ്ധിക്കാവശ്യമായ സഹായങ്ങള്‍ ആദ്യം സി.എസ്.ആറില്‍ മേയര്‍ മുന്‍കൈയെടുത്താണ് നല്‍കിയിരുന്നതെങ്കില്‍ ഇന്ന് കഥ മാറി. സമൃദ്ധിക്ക് ആവശ്യമായ പിന്തുണ ആദ്യഘട്ടത്തില്‍ നല്‍കിയ ബി.പി.സി.എല്‍ നെയും, കൊച്ചിന്‍ ഷിപ്പ്-യാര്‍ഡിനെയും, മറ്റ് സ്വകാര്യവ്യക്തികളെയും മറക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് സമൃദ്ധി എല്ലാ വിഭവങ്ങളും അവിടെ നിന്ന് നല്‍കുന്നുണ്ട്. പാര്‍സല്‍ സര്‍വ്വീസും ഉണ്ട്. പല പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കും അവര്‍ ഭക്ഷണം വിളമ്പുന്നുണ്ട്. അങ്ങനെ സമ്പൂര്‍ണ്ണമായി നഗരസഭയുടെ സ്ഥലവും കെട്ടിടവും സൗജന്യമായി ഉപയോഗിക്കുകയും, ഒരു രൂപ പോലും നഗരസഭാ ഫണ്ടില്‍ നിന്നും എടുക്കാതെയുമാണ് സമൃദ്ധി നാല് കൊല്ലവും പ്രവര്‍ത്തിച്ചത്. സമൃദ്ധിക്കാവശ്യമായ പണം ഇപ്പോള്‍ ക്രോസ്സ് സബ്സിഡിയിലൂടെയാണ് കണ്ടെത്തുന്നത്. ഇത് ഞങ്ങളുടെ ഒരു പുതിയ ആശയമായിരുന്നു. ഊണിന് നല്‍കുന്ന നഷ്ടം നികത്താന്‍ മറ്റ് ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുമ്പോള്‍ ആ നഷ്ടം പരിഹരിക്കുന്ന പുതിയ രീതി ഞങ്ങള്‍ കണ്ടുപിടിച്ചു.

എറണാകുളം മാര്‍ക്കറ്റ് 10 മേയര്‍മാര്‍ കല്ലിട്ടിട്ടും നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു വിമര്‍ശനമായി, കച്ചവടക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഏറ്റവും തിരക്കുപിടിച്ച എറണാകുളത്തെ നഗരവീഥിയിലൂടെ നിരവധി സ്കൂളുകളും, വ്യവസായ സ്ഥാപനങ്ങളും ചുറ്റിനില്‍ക്കുന്ന ഇടുങ്ങിയ റോഡുകള്‍ കൊണ്ട് നിബിഡമായ സ്ഥലത്ത് എറണാകുളം മാര്‍ക്കറ്റ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. കേരളത്തിലെ ഏറ്റവും നല്ല മാര്‍ക്കറ്റായി എറണാകുളം മാര്‍ക്കറ്റ് മാറി. പഴയ അന്തരീക്ഷത്തില്‍ നിന്നും ഒരു പുതിയ മാര്‍ക്കറ്റ് ഉദയം ചെയ്തത് പലര്‍ക്കും അവിസ്മരണീയമായ അനുഭവമായിരുന്നു.

തുരുത്തിയിലെ ഇരട്ട ടവര്‍, കേരളത്തിന്റെ വ്യത്യസ്തമായ രാഷ്ട്രീയം ഇന്‍ന്ത്യയ്ക്കും ലോകത്തിനും മുമ്പില്‍ തലയെടുപ്പോടെ കാണിച്ചുകൊടുത്ത ഒന്നായിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ചേരികളെ കെട്ടി മറച്ചപ്പോഴാണ് പാവപ്പെട്ടവരായ 394 കുടുംബങ്ങള്‍ക്ക് തുരുത്തിയില്‍ ഭവനം നല്‍കിയത്. നിരന്തരമായ അവലോകനത്തിന്റെയും ആസൂത്രണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായിട്ടാണ് ഈ രണ്ട് ഫ്ളാറ്റുകള്‍ ഉയര്‍ന്നുവന്നത്. ഒരിക്കലും നടക്കില്ലായെന്ന് കരുതിയ ഒരു നേട്ടമായിരുന്നു ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. ഇതുപോലെ തന്നെയാണ് മുണ്ടംവേലിയില്‍ പി ആൻഡ് ടി നിവാസികള്‍ക്ക് പുനരധിവാസം ജി.സി.ഡി.എ യുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

നഗരത്തിലെ മറ്റൊരു പ്രധാനപ്പെട്ട നേട്ടമായിരുന്നു മഹാകവി ജി യ്ക്ക് സ്മാരകം നിര്‍മ്മിച്ചത്. ഒരിക്കലും നടക്കില്ലായെന്ന് പറഞ്ഞ് എല്ലാവരും ഉപേക്ഷിച്ചുപോയ പദ്ധതിയായിരുന്നു ഇത്. ജി. ശങ്കരക്കുറുപ്പിന്റെ പേരക്കുട്ടിയായ ശ്രീമതി ഭദ്ര ഡെപ്യൂട്ടി മേയറായി വന്ന യു.ഡി.എഫ് ഭരണകാലത്തെ കൗണ്‍സിലിന് ഇത് നിര്‍മ്മിക്കുവാന്‍ കഴിഞ്ഞില്ല. പിന്നീടു വന്ന 5 കൊല്ലക്കാലം സൗമിനി ജെയിന്‍ മേയറായിരുന്നു. 10 കൊല്ലത്തെ യുഡിഎഫ് ഭരണകാലത്ത് നടക്കാതിരുന്ന ഒരു കാര്യം, സ്ഥലം പോലും തിട്ടപ്പെടുത്താന്‍ കഴിയാതിരുന്ന അവസ്ഥയില്‍ നിന്നും എൽഡിഎഫ് ഭരണസമിതി സ്ഥലം കണ്ടുപിടിച്ച് വഴിയൊരുക്കി, അങ്ങനെയാണ് ജി സ്മാരകത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇന്ന് മംഗളവനത്തോടു ചേര്‍ന്ന് പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ ഹരിതാഭമായി നില്‍ക്കുന്ന ജി- സ്മാരകത്തിന്റെ മനോഹാരിത എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. ജ്ഞാനപീഠം പുരസ്കാര ജേതാവായ ജി യുടെ സ്മാരകമായി ഇന്ന് അത് തലയെടുപ്പുളള മനോഹരമായ കെട്ടിടമായി, രൂപകല്‍പനയുടെ കാര്യത്തിലും, മികവിന്റെ കാര്യത്തിലും മറ്റേത് നിര്‍മ്മാണത്തെയും വെല്ലുന്ന ഒന്നായി കൊച്ചിയുടെ ഹൃദയഭാഗത്ത് തെളിഞ്ഞു നില്‍ക്കുന്നു.

സമൃദ്ധിയുടെ ഒപ്പം തന്നെ ആരംഭിച്ചതാണ് ഷീ ലോഡ്ജ്. സ്ത്രീകള്‍ക്ക് 100 രൂപയ്ക്ക് വരെ ദിവസവാടകയ്ക്ക് താമസിക്കാന്‍ കഴിയുന്ന ഷീ ലോഡ്ജ് പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് വലിയ പ്രയോജനമാണ് നല്‍കിയത്.

വെളളക്കെട്ട് കൊച്ചിയുടെ തീരാശാപമാണ്. ദീർഘനേരം മഴ പെയ്താല്‍ കൊച്ചി നഗരത്തില്‍ വെളളക്കെട്ട് ഉണ്ടാകുന്നത് എത്രയോ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ്. പരിപൂര്‍ണ്ണമായി വെളളക്കെട്ട് പരിഹരിക്കുന്നതിന് കനാല്‍ പുനരുജ്ജീവന പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ കഴിയുന്നത്ര ഭംഗിയായി ഇന്ന് വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആരും കേരളത്തില്‍ കാണാത്ത സക്ഷന്‍ കം ജെറ്റിങ് മെഷീന്‍, വീഡ് ഹാര്‍വെസ്റ്റര്‍, സില്‍റ്റ് ബുഷര്‍ തുടങ്ങിയ അത്യാധുനികമായ മെഷിനറികള്‍ ആയിരുന്നു വെളളക്കെട്ട് നിവാരണത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഏകോപനം നല്‍കിയത് മേയറും, ജില്ലാ കളക്ടറും ചേര്‍ന്നാണ്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രധാനമായും ചെയ്തത് എല്ലാ വകുപ്പുകളെയും തമ്മിൽ ഏകോപിപ്പിക്കുകയായിരുന്നു. കൊച്ചി നഗരസഭ, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, പി.ഡബ്ള്യൂ.ഡി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും ഏകോപനത്തോടുകൂടി പ്രവര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് മഴക്കാലത്ത് എപ്പോഴും ഹൈക്കോടതി വിമര്‍ശനം ഏറ്റുവാങ്ങാറുള്ള കൊച്ചി നഗരസഭയെ ഇത്തവണ അഭിനന്ദിക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചത്.

തെരുവ് കച്ചവടക്കാര്‍ക്ക് ആദ്യമായി ഒരു സ്ട്രീറ്റ് വെന്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കിയത് കൊച്ചി നഗരസഭയാണ്. എല്ലാ തെരുവ് കച്ചവടക്കാര്‍ക്കും ലൈസന്‍സ് നല്‍കി. തെരുവ് കച്ചവടവുമാകയി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനനുസൃതമായ എല്ലാ കാര്യങ്ങളും കൊച്ചി നഗരസഭ ചെയ്തു. സ്ട്രീറ്റ് വെന്‍ഡിംഗ് പ്ലാനും സ്ട്രീറ്റ് വെന്‍ഡിംഗ് ബൈലോയും തയ്യാറാക്കി; മാത്രമല്ല ഇതിനെല്ലാം നിയമപരമായ പ്രാബല്യവും നല്‍കി. സ്ട്രീറ്റ് വെന്‍ഡിംഗ് സോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടേക്ക് മാതൃകാപരമായ പുതിയ കടകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. അത് പൂര്‍ണ്ണമായാല്‍ ഇന്ത്യയില്‍ ആദ്യമായി സ്ട്രീറ്റ് വെന്‍ഡിംഗ് നിയമം പൂര്‍ണ്ണമായി നടപ്പിലാക്കിയ നഗരം എന്ന ഖ്യാതിക്ക് കൊച്ചി നഗരം അര്‍ഹമാകും. ഇവിടെയും കേരള ഹൈക്കോടതിയുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയ നഗരസഭയാണ് കൊച്ചി.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി വിജയകരമായി രാജ്യത്തുതന്നെ ശ്രദ്ധേയമായ ഡാന്‍സ് ഫെസ്റ്റിവല്‍ ഇന്‍ന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ നര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുവാന്‍ കൊച്ചി നഗരസഭയ്ക്ക് കഴിഞ്ഞു. കൊച്ചി നഗരസഭ ഇതുവരെ ചെയ്യാത്ത പ്രവര്‍ത്തനങ്ങളായിരുന്നു കലാ-സാംസ്കാരിക രംഗത്ത് നടത്തിയത്.

ഓപ്പണ്‍ സ്പേസുകള്‍ ഏറ്റവും മനോഹരമാക്കിയ നഗരസഭയാണ് കൊച്ചി. ഫോര്‍ട്ടുകൊച്ചിയിലെ ചില്‍ഡ്രന്‍സ് പാര്‍ക്കും, പള്ളത്ത് രാമന്‍ സാംസ്കാരിക കേന്ദ്രവും, ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കും തുടങ്ങി പി.ജെ. ആന്റണി സ്മാരകം മുതല്‍ കൊച്ചി നഗരത്തില്‍ ലഭ്യമായ എല്ലാ തുറസ്സായ സ്ഥലങ്ങളും ഭംഗിയായി രൂപകല്‍പ്പന ചെയ്ത് പുനര്‍നിര്‍മ്മിച്ചു. അവിടെയെല്ലാം പച്ചപ്പ് കൊണ്ടുവന്നു;കലാപരിപാടികളുടെ കേന്ദ്രമാക്കി. കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കി. ഓപ്പണ്‍ സ്പേസുകള്‍ ഇത്രയേറെ മനോഹരമാക്കിയ ഒരു കാലം കൊച്ചി നഗരസഭയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലായെന്ന് അഭിമാനത്തോടുകൂടി തന്നെ പറയാന്‍ കഴിയും.

കൊച്ചി നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരം എന്ന, പതിറ്റാണ്ടുകളായിട്ടുള്ള സ്വപ്നം പൂവണിഞ്ഞതും ഈ ഭരണസമിതിയുടെ കാലയളവിലാണ് .2006 ൽ ആരംഭിച്ച കെട്ടിട നിർമ്മാണം, പൂർത്തീകരിക്കുന്നതിന് പിന്നീടുവന്ന ഭരണ സമിതികൾക്ക് കഴിഞ്ഞിരുന്നില്ല. കൊച്ചിയുടെ ഏറ്റവും സുപ്രധാനവും , ദൃശ്യചാരുതയുമുള്ള മേഖലയിൽ , മനോഹരമായി നിർമ്മിച്ചിട്ടുള്ളതാണ് ഓഫീസ് മന്ദിരം.

ഒരു സര്‍ട്ടിഫിക്കറ്റ് പോലും ഓണ്‍ലൈനില്‍ ലഭിക്കാതിരുന്ന സമയത്താണ് കെ-സ്മാര്‍ട്ട് എന്ന സംവിധാനം കൊച്ചി നഗരസഭ ആരംഭിക്കുന്നത്. ആ ആശയവുമായി മുന്നോട്ടു പോകുക മാത്രമല്ല സ്മാര്‍ട്ട് സിറ്റി മിഷന്റെ 19 കോടി രൂപ ചെലവില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ന് ഏത് സര്‍ട്ടിഫിക്കറ്റും ലഭിക്കും എന്ന് മാത്രമല്ല കെ-–സ്മാര്‍ട്ടിന്റെ ഖ്യാതി ലോകം മുഴുവനും എത്തുകയും കേരളത്തെ തന്നെ വ്യവസായ സൗഹൃദമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട് എന്നത് അഭിമാനകരമാണ്.

സാധാരണക്കാർക്ക് മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് , വിവിധ ഡിവിഷനുകളിലായി 38 അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളും , 12 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളും ആരംഭിച്ചു.

ഓരോ ക്ലിനിക്കിലും ഒരു ഡോക്ടർ , സ്റ്റാഫ് നഴ്സ് , ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളി തുടങ്ങിയവരുടെ സേവനവും ഉണ്ട്.

എറണാകുളം ജനറൽ ആശുപത്രിയിൽ നിർമ്മിച്ച പുതിയ കാൻസർ ബ്ലോക്ക് , നഗരവാസികളായ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച കാൻസർ ചികിത്സ ലഭ്യമാക്കുന്നതിന് ഉപകരിക്കും.

സന്നദ്ധ പ്രവർത്തകരെ വികസന – സേവന പരിപാടികളിൽ പങ്കാളികളാക്കുന്ന പദ്ധതിയായ വളന്റിയർ ബാങ്ക് നഗരസഭ ആരംഭിച്ചു.

മാലിന്യ നിർമാർജനം, ദുരന്ത നിവാരണം, ബോധവത്കരണ പരിപാടികൾ തുടങ്ങിയ മേഖലകളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

നഗരവാസികൾക്ക് ആരോഗ്യവും, കായികക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പല ഡിവിഷനുകളിലും ടർഫുകൾ നിർമ്മിച്ചു.

ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി കൊച്ചിയെ ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായി. യു.എന്‍.ന്റെ ഈ പട്ടം നേടിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമാണ് കൊച്ചി എന്നത് എടുത്തുപറയേണ്ട ഒരു നേട്ടമാണ്. കേരള സര്‍ക്കാരും ഒരു ഘട്ടത്തില്‍ കൊച്ചിയെ അംഗീകരിക്കുകയുണ്ടായി. വയോജനങ്ങള്‍ക്ക് അവരുടെ ഒഴിവുസമയം ചെലവഴിക്കാന്‍ കഴിയുന്ന പകല്‍വീടുകള്‍ സായംപ്രഭ ഹോം എന്ന പേരില്‍ ഞങ്ങള്‍ രൂപാന്തരപ്പെടുത്തുകയുണ്ടായി. മനോഹരമായ സ്ഥലങ്ങളായി ഇതിനെയെല്ലാം പരിവര്‍ത്തനപ്പെടുത്തി. വയോജനങ്ങള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നല്‍കാന്‍ ആരംഭിക്കുകയും കൂടാതെ അവരുടെ കായിക മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അവരുടെ പല്ലുകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള വയോസ്മിതം പരിപാടി വേറിട്ട ഒന്നായിരുന്നു. ഈ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് കൊച്ചിയെ എത്തിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്. വയോജന സൗഹൃദമായ ഫുട്പാത്തുകളും അവര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കൗണ്‍സിലിന് കഴിയും.

ഹാപ്പിനസ്സ് കൊച്ചി മറ്റൊരു വേറിട്ട പരിപാടിയായിരുന്നു. പിരിമുറുക്കമുള്ളൊരു ലോകത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർവരെയുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും ആവശ്യമായ മെഡിക്കല്‍ സഹായവും ഉള്‍പ്പെടെ നല്‍കുന്ന ഒന്നായിരുന്നു ഹാപ്പിനസ് കൊച്ചി. സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമായ വിദഗ്ധരായ ഒരുപാടുപേരുടെ സഹായത്തോടെയാണ് ഹാപ്പിനസ്സ് കൊച്ചി ആരംഭിച്ചത്. ഒട്ടേറെ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു.

കുട്ടികൾക്ക് മാനസികോല്ലാസത്തിനൊപ്പം , പഠന പ്രോത്സാഹനത്തിനും സൗകര്യമൊരുക്കുന്നതിന് ഈ കൗൺസിൽ പദ്ധതിയൊരുക്കിയിരുന്നു.

സ്കൂളുകളിൽ ആധുനിക സയൻസ് ലാബുകൾ, മാത്സ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ എന്നിവ തയ്യാറാക്കി. 10 കമ്പ്യൂട്ടർ ലാബുകൾ, 5 സയൻസ് ലാബുകൾ, 3 മാത്സ് ലാബുകൾ എന്നിവ സ്ഥാപിച്ചു. ലാബുകളില്ലാത്ത സ്കൂളുകളിൽ ലാബ് സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികൾ നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങി നൽകി.

കൊച്ചി നഗരസഭ പല സര്‍വ്വകലാശാലകളുമായി സഹകരിക്കാന്‍ ആരംഭിച്ചു. സാംസ്കാരിക നയം രൂപപ്പെടുത്തിയത് എം.ജി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സുമായി ചേര്‍ന്നാണ്. കൊച്ചി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കൊച്ചി നഗരസഭാ കൗണ്‍സിലിനു കഴിയുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്തു. സര്‍വ്വകലാശാലയിലെ കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കാന്‍ നഗരസഭ മുന്നോട്ടുവരികയാണ് ചെയ്തത്. പഠിക്കുന്ന കുട്ടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അതിലൂടെ അവര്‍ക്കു കിട്ടുന്ന അനുഭവം അവരുടെ വിദ്യാഭ്യാസത്തിൽ പ്രയോജനകരമാകും എന്നാണ് ഞങ്ങള്‍ കരുതുന്നത്. എസ്.സി.എം.എസ് എന്ന സ്ഥാപനമാണ് സമൃദ്ധിയുടെ ഡിസൈന്‍ തയ്യാറാക്കിയത്. അവരുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു.

സാര്‍വ്വദേശീയ സംഘടനകളായ ഐ.സി.എല്‍.ഇ.ഐ (ICLEI), ജി.ഐ.ഇസെഡ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയുമായി സഹകരിച്ചു. മേയര്‍ക്കു തന്നെ ഐക്യരാഷ്ട്ര സഭയുടെ ഫെലോഷിപ്പ് ലഭിക്കുന്ന സാഹചര്യവും ഉണ്ടായി. സാര്‍വ്വദേശീയ സംഘടനകളുമായുള്ള ഇത്തരം സഹകരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കൊച്ചി പോലെ ഒരു സാര്‍വ്വദേശീയ നഗരത്തിന് കഴിയേണ്ടതുണ്ട് എന്ന ശരിയായ കാഴ്ചപ്പാടാണ് ഞങ്ങള്‍ മുന്നോട്ടുവെച്ചത്.

നാല്‍പ്പതിനായിരം എല്‍.ഇ.ഡി ലൈറ്റുകളാണ് ഞങ്ങള്‍ സ്ഥാപിച്ചത്. ഇതിലൂടെ പ്രകാശപൂരിതമായ കൊച്ചിയെ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത്, ഹരിത കൊച്ചി എന്ന ആശയവുംകൂടി മുന്നോട്ടുവെക്കുകയായിരുന്നു ഇത്. വൈദ്യുതി ബില്ല് കുറയ്ക്കുന്നതിനു മാത്രമല്ല വൈദ്യുതി ലാഭിക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. എല്ലാ ലൈറ്റുകള്‍ക്കും മീറ്ററുകളും പോസ്റ്റുകള്‍ക്ക് പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയ്ക്ക് ഇതിലൂടെ വൈദ്യുതി ബില്ല് ഗണ്യമായി കുറയ്ക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അത് നോട്ടിഫൈ ചെയ്യുകയും ചെയ്തു. മാസ്റ്റര്‍ പ്ലാനിനു ശേഷം ഇപ്പോള്‍ വൈറ്റിലയില്‍ ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാക്കുകയാണ്. ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. പൊതുഗതാഗത സംവിധാനത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്ന ഒന്നായിരിക്കും ലോക്കല്‍ ഏരിയ പ്ലാന്‍. തുറസ്സായ സ്ഥലങ്ങള്‍ കൂടുതല്‍ ഉറപ്പാക്കുകയും, നടക്കാനും സൈക്കിളിങ്ങിനുമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും, സ്വകാര്യ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറാനാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാക്കുന്നത്.

സ്വീവേജ് സംവിധാനമൊന്നും ഇല്ലാത്ത നഗരം എന്ന സ്ഥിതി മാറി നല്ല ഒരു സ്വീവേജ് പ്ലാന്റ് ഇപ്പോള്‍ ചിലവന്നൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ കനാല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുതിയ സ്വീവേജ് പ്ലാന്റുകള്‍ക്കും രൂപംകൊടുത്തിട്ടുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അമൃത് പദ്ധതിയില്‍ ആരംഭിച്ച ഓവര്‍ഹെഡ്ഡ് ടാങ്കുകളെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. പുതിയ ഒരു കുടിവെള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൊച്ചി നഗരത്തിന്റെ കുടിവെള്ള ദൗര്‍ലഭ്യം പൂര്‍ണ്ണമായും പരിഹരിക്കാനാണ് നഗരസഭ മുന്‍കൈയെടുക്കുന്നത്.

കൊച്ചി നഗരത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞത് കൂട്ടായ്മയിലൂടെയാണ്. വ്യക്തമായ കാഴ്ചപ്പാടോടെയാണ് നഗരസഭ പ്രവര്‍ത്തിച്ചത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തിച്ച അതേ കാഴ്ചപ്പാടിലാണ് കൊച്ചി നഗരസഭാ കൗണ്‍സിലും പ്രവര്‍ത്തിച്ചത്. അനാവശ്യമായ അധികാര മത്സരത്തിന് പകരം ജനക്ഷേമത്തിന് ഊന്നല്‍ കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എല്ലാ വകുപ്പുകളുമായും നഗരസഭയ്ക്ക് ഏകോപനം നടത്താന്‍ കഴിഞ്ഞു. പൊതുജനങ്ങളുമായി നിരന്തരം സംവദിക്കാന്‍ കഴിഞ്ഞു. കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് മേയറുടെ എക്സ്റ്റന്‍ഡഡ് കൗണ്‍സില്‍ യോഗങ്ങള്‍ ഒരു പുതിയ അനുഭവമായിരുന്നു. കൗണ്‍സില്‍ എടുക്കുന്ന മൂന്ന് മാസത്തെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ജനങ്ങളെ നേരിട്ടറിയിച്ചു. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ഇതിലൂടെ കഴിഞ്ഞു. കച്ചവടക്കാരുടെ സംഘടനകള്‍ക്ക് ഇത് മറക്കാനാവാത്ത ഒരു ഏടായിരുന്നു. അധികാര വികേന്ദ്രീകരണം താഴേക്ക് എത്തിക്കണമെന്ന ഇ.എം.എസിന്റെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്ന ജനകീയാസൂത്രണത്തിന്റെ മുദ്രാവാക്യം ഞങ്ങള്‍ ഈ അഞ്ച് വര്‍ഷക്കാലത്തുടനീളം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ പിന്തുണ ലഭിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഈ നഗരസഭാ കൗണ്‍സിലിന്റെ പ്രവര്‍ത്തനം അഭിമാകരമായിരുന്നു. അതിനു കാരണം ഈ കൗണ്‍സില്‍ കൊച്ചി നഗരത്തിന്റെ മുഴുവന്‍ പേരുടെയും കൗണ്‍സിലായിരുന്നു എന്നതാണ് എല്‍.ഡി.എഫ് നേതൃത്വം കൊടുത്ത കൗണ്‍സില്‍ അങ്ങനെ കൊച്ചിയുടെ കൗണ്‍സിലായി മാറി, അതിനിയും തുടരും… l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − fifteen =

Most Popular