തിരുവനന്തപുരം നഗരസഭാ മേയറായി ചുമതലയേറ്റതു മുതല്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിനുമാണ് ശ്രമിച്ചിട്ടുള്ളത്. 100 വാര്‍ഡുകളിലായി 10 ലക്ഷത്തിലധികം ജനസംഖ്യയും 2 ലക്ഷത്തിലധികം ഫ്ളോട്ടിങ്- പോപ്പുലേഷനുമുള്ള നഗരസഭയാണ് നമ്മുടേത്. ഒരു വികസന പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അത് നാടിനും നാട്ടാര്‍ക്കും എത്രകണ്ട് ഗുണകരമാകും എന്നത് സംബന്ധിച്ച് ചിന്തിച്ചിരുന്നു. നാടിന്റെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, പാര്‍പ്പിടം, ശുദ്ധവായു എന്നിവ ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി നഗരസഭ നടത്തിയ മികച്ച ഇടപെടലുകള്‍ കൊണ്ട് എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ അടക്കം നമുക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമുക്കറിയാം ഡല്‍ഹി പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളിലുള്‍പ്പെടെ വായുമലിനീകരണത്തോത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ തുടരുമ്പോഴും തിരുവനന്തപുരം വേറിട്ടുനില്‍ക്കുന്നത് നമ്മുടെ പരിസ്ഥിതി സൗഹൃദ നിലപാടുകള്‍ കൊണ്ടുതന്നെയാണ്.
കാര്‍ബണ്‍രഹിത, പ്രകാശ പൂരിത നഗരം
തിരുവനന്തപുരത്തെ കാര്‍ബണ്‍രഹിത നഗരമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ സീറോ കാര്‍ബണ്‍ ട്രിവാന്‍ഡ്രം പദ്ധതി വിജയകരമായി മുന്നേറുന്നു. നഗരത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ആയതിന്റെ ഭാഗമായി നഗരത്തില്‍ സര്‍വീസ് നടത്തുന്നതിന് 115 ഇലക്ട്രിക് ബസ്സുകള്‍ കെ എസ് ആര്‍ ടി സി യ്ക്ക് വാങ്ങി നല്‍കി. ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട 100 ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സൗജന്യമായി വിതരണം ചെയ്തു. നഗരത്തിലെ 30 ഇടങ്ങളില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് പരിപാലിച്ചു വരുന്നു. ഇ-–സ്കൂട്ടര്‍ വാങ്ങുന്നതിലേയ്ക്കായി 10000 ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതം സബ്സിഡി അനുവദിച്ചു വരുന്നു. നഗരത്തിലെ 515 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 17000 കിലോ വാട്ടിന്റെ സോളാര്‍ റൂഫ് സ്ഥാപിച്ചു. 1,10,000 തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി യാക്കി മാറ്റുന്ന പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. 2000 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. 10000 ഗുണഭോക്താക്കള്‍ക്ക് ഭവനത്തില്‍ സോളാര്‍ പാനൽ സ്ഥാപിക്കുന്നതിനും 10000 രൂപ സബ്സിഡി നല്‍കിവരുന്നു.
എല്ലാവർക്കും സ്വന്തമായി വീട്
ഭവനരഹിതരായ ജനങ്ങളുടെ സ്വന്തമായ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇക്കാലയളവില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കല്ലടിമുഖത്ത് 318 ഫ്ളാറ്റുകള്‍, കണ്ണമ്മൂല ബണ്ട് കോളനിയില്‍ 115 വീടുകള്‍, രാജാജിനഗറില്‍ 22 ഫ്ളാറ്റുകള്‍, കരിമഠത്ത് 432 ഫ്ളാറ്റുകള്‍, മതിപ്പുറത്ത് 542 ഭവനങ്ങള്‍, ലൈഫ് പദ്ധതിയില്‍ 12380 വീടുകള്‍ എന്നിവ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മതിപ്പുറം, വള്ളക്കടവ്, പൂങ്കുളം എന്നിവിടങ്ങളിലായി 700 ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കരിമഠത്ത് നിര്‍മ്മാണം നടന്നുവരുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ 128 കുടുംബങ്ങള്‍ക്ക് കൂടി കൂടൊരുങ്ങും.
നാളിതുവരെ ലൈഫ് ഭവന പദ്ധതിയിലേക്ക് 12,398 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. 8920 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഭവനപുനരുദ്ധാരണത്തിനായി 4960 ഗുണഭോക്താക്കളെ ജനറല്‍ വിഭാഗത്തിലും 2698 ഗുണഭോക്താക്കളെ എസ് സി വിഭാഗത്തിലും തിരഞ്ഞെടുക്കുകയും ആനുകൂല്യം അനുവദിക്കുകയും ചെയ്തു. മേല്‍ക്കൂര മാറ്റല്‍ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിൽ 1337 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കി. എസ് സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് 543 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് 2 ലക്ഷം രൂപ വീതം അനുവദിച്ചു.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ റെയില്‍വേ കരാര്‍ തൊഴിലാളിയായ ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കിയ സ്ഥലത്ത് നഗരസഭ വീട് നിര്‍മ്മിച്ചു നല്‍കി.
നഗര പരിധിയിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി 10,839 കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ സൗജന്യമായി നല്‍കി. ഈ പദ്ധതിക്കുവേണ്ടി 44 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ 25 കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിച്ചു.
റോഡുകളും സ്മാർട്ടായി
നഗരത്തിലെ 49 റോഡുകള്‍ 23 കിലോമീറ്റര്‍ സ്മാര്‍ട്ട് റോഡുകളായി ഉയര്‍ത്തി. 28 റോഡുകള്‍ 12 കിലോമീറ്റര്‍ സെമിസ്മാര്‍ട്ട് റോഡുകളായി ഉയര്‍ത്തി. ഇലക്ട്രിക്ക് ലൈനുകള്‍, കുടിവെള്ള പൈപ്പ്ലൈനുകള്‍ എന്നിവ ഡക്റ്റ് വഴി പോകുന്നതിനാല്‍ റോഡിന്റെ വശങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും ഇല്ലാതെയുള്ള മനോഹരമായ റോഡുകളാണ് സ്മാര്‍ട്ട് റോഡുകള്‍. തമ്പാനൂര്‍, നഗരസഭ മെയിന്‍ ഓഫീസ്, പാളയം സാഫല്യം കോംപ്ലക്സിനു സമീപം, പുത്തരിക്കണ്ടം മൈതാനം, മെഡിക്കല്‍ കോളേജ്, വാണിയംകുളം പവര്‍ഹൗസ് റോഡ് (നിര്‍മ്മാണം പുരോഗമിക്കുന്നു) എന്നിങ്ങനെ. നഗരത്തില്‍ ആറിടങ്ങളിലായി മള്‍ട്ടി ലെവല്‍ വാഹന പാര്‍ക്കിംഗ് സംവിധാനങ്ങള്‍ സജ്ജീകരിച്ചു.
മുടവന്‍മുഗള്‍, കമലേശ്വരം വാര്‍ഡുകളിലായി ലിഫ്റ്റ് വിശാലമായ കാര്‍ പാര്‍ക്കിംഗ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഒരുക്കി. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ മിതമായ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
ശാസ്ത്രീയമായ രീതിയിൽ സീവേജ് സംസ്കരണം
107 MLD ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റാണ് മുട്ടത്തറയിലുള്ളത്. നഗരത്തിലെ സീവേജ് മാലിന്യങ്ങൾ പൂർണമായും സംസ്കരിക്കുവാനുള്ള സംവിധാനം മുട്ടത്തറയിലുണ്ട്. ഇതിനു പുറമെ സമീപത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സെപ്റ്റേജ് മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്നു സംസ്കരിക്കുന്നുണ്ട്. സെപ്റ്റേജ് മാലിന്യം സംസ്കരിക്കുവാൻ നഗരസഭ Smart Trivandrum എന്ന ഓൺലൈൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇതിനായി ബുക്ക് ചെയ്യുന്നത്. മികച്ച ഓൺലൈൻ സംവിധാനവും സാങ്കേതികവിദ്യയും ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്ന തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്ര സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സീവേജ് പ്ലാന്റിൽ സംസ്കരണശേഷം വരുന്ന ജലം വീണ്ടും ശുദ്ധീകരികരിക്കുവാനുള്ള അത്യാധുനിക ടെറിഷറി പ്ലാന്റ്, സ്ലെഡ്ജിനെ ഊർജ്ജമാക്കി മാറ്റുന്ന ഒമിനിപ്രോസസ്സ് പ്ലാന്റ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു.
ശംഖുംമുഖം, കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍, പൂജപ്പുര, സ്റ്റേഷന്‍കടവ്, പാപ്പനംകോട് ബസ് ഡിപ്പോ, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ ടേക്ക് എ ബ്രേക്ക് ടോയ് ലറ്റ് സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ടേക്ക് എ ബ്രേക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു.
സുരക്ഷിത നഗരം സുന്ദര നഗരം
നഗര സുരക്ഷയ്ക്കായി വിവിധ ഇടങ്ങളിലായി 1000 സിസിടിവി ക്യാമറകളും അത് 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മോണിറ്ററിംഗ് സിസ്റ്റവും സ്ഥാപിച്ചു. കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ജി പി എസ് ഘടിപ്പിച്ചുകൊണ്ടുള്ള മോണിറ്ററിംഗ് സിസ്റ്റം, നഗരത്തിലെ തെരുവ് വിളക്കുകൾ സംബന്ധിച്ച പരാതി പരിഹാര ഓണ്‍ലൈന്‍ സംവിധാനം, നഗരത്തിലെ എയര്‍ ക്വാളിറ്റി പരിശോധന സംവിധാനം, വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു. മോണിറ്ററിംഗ് സംവിധാനം നഗരസഭ മെയിന്‍ ഓഫീസ്, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഗാന്ധിപാര്‍ക്ക്, ഇ കെ നായനാര്‍ പാര്‍ക്ക്, ഇ എം എസ് പാര്‍ക്ക്, പൊന്നറ ശ്രീധർ പാർക്ക്, പുത്തരിക്കണ്ടം പാർക്ക്, ശ്രീചിത്തിര തിരുനാൾ പാർക്ക്, കവടിയാര്‍ പാര്‍ക്ക്, ക്യാപ്റ്റൻ ലക്ഷ്‌മി പാർക്ക് എന്നിവ ഉൾപ്പെടെ 25 പാർക്കുകളെ പുനരുജ്ജീവിപ്പിച്ച് മികച്ച നിലവാരമുള്ള പാർക്കുകളാക്കി രൂപാന്തരപ്പെടുത്തി. ശ്രീകണ്ഠേശ്വരം, ആറ്റുകാല്‍, ഗാന്ധിപാര്‍ക്ക്, ശ്രീചിത്തിര തിരുനാൾ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഓപ്പണ്‍ ജിം സജ്ജീകരിച്ചു.
കരമന നീറമണ്‍കര മുതല്‍ ആഴാങ്കല്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ നീളത്തില്‍ കരമനയാറിന്റെ തീരത്ത് പ്രകൃതിരമണീയമായ വാക്-വേ നിര്‍മ്മിച്ചു. ബോട്ട് ലാന്റിംഗ് സ്റ്റേഷന്‍, റേഡിയോ സ്റ്റേഷന്‍, ഫുട്ബോള്‍ ടര്‍ഫ്, കഫറ്റേരീയ, സൈക്കിള്‍ ട്രാക്ക്, ടോയ്ലെറ്റ് ബ്ലോക്കുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ
സംസ്ഥാന സർക്കാരിന്റെ വികസന മാതൃക പിന്തുടർന്നുകൊണ്ട്, തിരുവനന്തപുരം നഗരസഭ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകവും വിപ്ലവകരവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു.
പാഠ്യ മേഖലയിലും പാഠ്യേതര മേഖലകളിലും ഒരുപോലെ ശ്രദ്ധ ചെലുത്തിയതാണ് ഈ പുരോഗതിയുടെ അടിസ്ഥാനം.
നഗരസഭയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങൾക്കും ശുചിത്വമുള്ള അടുക്കള, പാചകസൗകര്യം, വിശാലമായ ഡൈനിംഗ് റൂം, ആധുനിക കെട്ടിടങ്ങൾ എന്നിവ ഒരുക്കി നൽകി.വിദ്യാർത്ഥികൾക്ക് പഠനത്തിന് അനുയോജ്യമായ, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.
നഗരസഭ നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂം പദ്ധതി വിദ്യാഭ്യാസ രംഗത്ത് പുതിയ മുഖച്ഛായ സൃഷ്ടിച്ചു. ഇന്നത്തെ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സൃഷ്ടിച്ച ഈ സ്മാർട്ട് ക്ലാസുകൾ,ഇന്ററാക്ടീവ് ഡിസ്-പ്ലേ ബോർഡുകളോടും എയർ കണ്ടീഷൻ സൗകര്യങ്ങളോടും കൂടിയ ആധുനിക പഠനമുറികളാണ്.
ഇതുവരെ 219 സ്മാർട്ട് ക്ലാസ് റൂമുകൾ പൂർത്തിയാക്കി; സർക്കാർ അധീനതയിലുള്ള മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിനായി 33.52 കോടി രൂപ വിനിയോഗിച്ചു.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതില്‍ 180 ക്ലാസ് റൂമുകള്‍ കൂടി സ്മാര്‍ട്ടാകും.
വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന ‘ഉണർവ്’ പദ്ധതി നഗരസഭ വിജയകരമായി നടപ്പാക്കിവരുന്നു. പാഠ്യവിഷയങ്ങളിൽ മാത്രമല്ല, വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനോത്സാഹവും ഉറപ്പാക്കുന്നതിലേക്കാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 127 സ്കൂളുകളിലായി 15000 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കിവരുന്നു.
ശുചിത്വ നഗരം
നമ്മുടെ നഗരത്തില്‍ 1300 ഓളം ശുചീകരണ തൊഴിലാളികളും 1200 ഓളം ഹരിതകര്‍മ്മസേനാംഗങ്ങളും ഉള്‍പ്പെടെ 2500 തൊഴിലാളികള്‍ നമ്മുടെ നഗരം സുന്ദരമായും ശുചിയായും സംരക്ഷിക്കുന്നതിനായി എല്ലാ ദിവസവും വിയര്‍പ്പൊഴുക്കുന്നു.
ഹരിതകർമ്മ സേനാംഗങ്ങളും നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും ചേർന്ന് പ്രതിമാസം നഗരത്തിലെ 10 ലക്ഷം കിലോ അജൈവ മാലിന്യവും 3 ലക്ഷം കിലോ ജൈവമാലിന്യവും ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചുവരുന്നു.
90 ശതമാനം സബ്സിഡി നിരക്കില്‍ വെറും 200 രൂപയ്ക്ക് വീടുകളില്‍ കിച്ചണ്‍ ബിന്‍ നഗരസഭ എത്തിച്ചുനല്‍കുന്നു. കിച്ചണ്‍ ബിന്നിന്റെ പ്രവര്‍ത്തനത്തിന് എല്ലാ മാസവും ഇനോകുലവും സബ്സിഡി നിരക്കില്‍ എത്തിക്കുന്നു.
ചെരുപ്പ്, ചില്ലുമാലിന്യം, ഇ-വേസ്റ്റ്, തുണിവേസ്റ്റ് എന്നിവ കളക്ട് ചെയ്യുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് കളക്ഷന്‍ ഡ്രൈവുകള്‍ നടത്തുന്നു.
എല്ലാവർഷവും നടക്കുന്ന ഓണം വാരാഘോഷം, ആറ്റുകാൽ പൊങ്കാല, സർക്കാർ- സ്വകാര്യ പരിപാടികൾ, കലോത്സവങ്ങൾ, കായിക മേളകൾ, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ ഏറ്റവും ശുചിയായ രീതിയിൽ നഗരത്തിന്റെ മനോഹാരിത നിലനിർത്തിക്കൊണ്ടുതന്നെ സംഘടിപ്പിക്കുന്നതിന് നഗരസഭ വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നു.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഭക്തജനങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന ചുടുകല്ലുകള്‍ നഗരസഭ ശേഖരിച്ച അതിദാരിദ്ര്യ/ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 129 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സൗജന്യമായി വിതരണം ചെയ്തു.
നഗരവാസികള്‍ക്ക് ഗുണനിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിനും നഗരത്തിലെ അറവു മാലിന്യസംസ്കരണ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനുമായി 15 കോടി രൂപ ചെലവില്‍ ആധുനിക അറവുശാല കുന്നുകുഴിയില്‍ സ്ഥാപിച്ചു. മൃഗ ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിച്ചു പുനരുപയോഗിക്കാവുന്ന വസ്തുക്കളാക്കുവാന്‍ കഴിയുന്ന പ്ലാന്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ജനങ്ങളുടെ ദീര്‍ഘകാലമായ ആവശ്യം പരിഗണിച്ച്നഗരത്തില്‍ രണ്ടാമത്തെ ക്രിമറ്റോറിയം കഴക്കൂട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രകൃതി വാതകത്തിന്റെ സഹായത്തോടെയാണ് ഇവിടത്തെ ശ്മശാനം പ്രവര്‍ത്തിക്കുന്നത്.
നഗരത്തില്‍ ഉപയോഗശൂന്യവും വൃത്തിഹീനവുമായി കിടന്ന 42 കുളങ്ങള്‍ നവീകരിക്കുകയും പരിസരം ഇരിപ്പിടങ്ങളും നടപ്പാതകളും ലൈറ്റുകളും സ്ഥാപിച്ചു മനോഹരമാക്കുകയും ചെയ്തു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 22 ആരോഗ്യ കേന്ദ്രങ്ങള്‍ പുതുതായി ആരംഭിച്ചതും നവീകരണം നടത്തിയ 31 ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 87 ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് തിരുവനന്തപുരം നഗരപരിധിയില്‍ തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിലേയ്ക്കായി കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആരോഗ്യ രംഗത്ത് തനതായ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് എല്ലാ വാര്‍ഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന ലക്ഷ്യത്തിലേക്കാണ് നഗരസഭ മുന്നേറിക്കൊണ്ടിരിക്കുന്നത്. 13 പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളിലായി 5801 രോഗികളെ നഗരസഭ സൗജന്യമായി ശുശ്രൂഷിച്ചുവരുന്നു.
കരള്‍ രോഗം, ക്യാന്‍സര്‍, കിഡ്നി രോഗം, അവയവ മാറ്റം, ഹൃദ്രോഗം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് സൗജന്യമായി അനന്തപുരി മെഡിക്കല്‍സ് മുഖേന മരുന്ന് അനുവദിക്കുന്നുണ്ട്. മാസത്തില്‍ 4 ഡയാലിസിസ് എന്ന നിരക്കില്‍ 187 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നഗരസഭ നല്‍കിവരുന്നു. ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗജന്യ മരുന്ന് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുമായി നടപ്പ് സാമ്പത്തികവര്‍ഷം 75 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിവരുന്നത്. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സൗജന്യ ഭക്ഷണവിതരണത്തിനായി 3 കോടിരൂപ അനുവദിച്ചിരുന്നു.
സ്ത്രീ സൗഹൃദ നഗരം
നഗരത്തിലെ വനിതാ സംരംഭകര്‍ക്ക് തൊഴിലിടമായി ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഷീ ഹബ് ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയില്‍ ഫര്‍ണിഷ് ചെയ്ത ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും, കമ്പ്യൂട്ടര്‍, വൈഫൈ തുടങ്ങിയ സൗകര്യങ്ങളോടെ വനിതകള്‍ക്ക് മാത്രമായി ഒരു വര്‍ക്കിംഗ് സ്പെയ്സും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിലെത്തുന്ന വനിതകള്‍ക്ക് ഈ പുതിയ സംവിധാനങ്ങള്‍ സ്വതന്ത്രവും സുരക്ഷിതവുമായി ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
നഗരത്തിലെത്തുന്ന വനിതകള്‍ക്ക് താമസിക്കുവാന്‍ ഐ ടി ഹബ്ബായ കഴക്കൂട്ടത്ത് ദാക്ഷായണി വേലായുധന്‍ മെമ്മോറിയല്‍ ഷീ സ്പേസ്, ഓവര്‍ ബ്രിഡ്ജില്‍ ഷീ സ്പേസ്, വഞ്ചിയൂരില്‍ ഷീ ലോഡ്ജ്, വനിതാ ഹോസ്റ്റല്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. എ.സി/നോണ്‍ എ.സി റൂമുകള്‍, ഡോര്‍മെറ്ററികള്‍ എന്നിവ ലഭ്യമാണ്.
ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിലെ ആദ്യ ബിരുദധാരിയും ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗവുമായിരുന്ന ദാക്ഷായണി വേലായുധന്റെ സ്മരണാര്‍ത്ഥമുള്ള കേരളത്തിലെ ഏക സ്ഥാപനമാണ് കഴക്കൂട്ടത്തെ ഷീ സ്പേസ്.
വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ആറ്റുകാല്‍ വാര്‍ഡില്‍ ആധുനിക സൗകര്യങ്ങളോടെ വനിതകള്‍ക്ക് മാത്രമായി ജിംനേഷ്യം ആരംഭിച്ചു.
വനിതകളുടെ ഉന്നമനത്തിനും സ്വയംപര്യാപ്തതയ്ക്കും 4 സി ഡി എസ്സുകളിലായി 2943 പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും 38259 അംഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും 3947 അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് വായ്പ ലഭ്യമാക്കുകയും ചെയ്തു. നഗരസഭയുടെ കടമുറികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ അനുവദിക്കുന്നതില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വരുന്നു. കുടുംബശ്രീ സംരംഭമായ ക്വിക്ക് സര്‍വ് എന്ന ജോബ് കണ്‍സള്‍ട്ടന്‍സി മുഖേന തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കുന്നു.
ചരിത്ര പ്രസിദ്ധമായ പാളയം കണ്ണിമാറ മാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഷോപ്പിംഗ് കോംപ്ലക്സായി പുനര്‍നിര്‍മ്മിക്കുകയാണ്. നഗരത്തിന്റെ പൈതൃകത്തനിമ നിലനിര്‍ത്തിക്കൊണ്ടാണ് ഈ ബൃഹത്പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് നിലകളിലായി വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ലിഫ്റ്റ്, കച്ചവടക്കാര്‍ക്ക് സാധനങ്ങളും മറ്റും കൊണ്ടുപോകുവാന്‍ സര്‍വീസ് ലിഫ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയും നിലവിലുണ്ടായിരുന്ന കച്ചവടക്കാരെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചുകൊണ്ടുമാണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് സ്പോട്ടാണ് മാനവീയം വീഥി. കലാപ്രേമികളുടെ പ്രിയപ്പെട്ട ഇടം. മുന്‍പ് ട്രാഫിക് ഷോര്‍ട്ട് കട്ടായിരുന്ന ഈ 250 മീറ്റര്‍ റോഡ് ഇന്ന് കലയും സംസ്കാരവും ആഘോഷമാക്കുന്ന ഹരിതപഥമായി മാറി. ആധുനിക ലൈറ്റിംഗ്, ആര്‍ട്ട് വാള്‍, സ്മാര്‍ട്ട് പോളുകള്‍, ഭക്ഷ്യകിയോസ്കുകള്‍, സ്ട്രീറ്റ് ലൈബ്രറി തുടങ്ങിയ നിരവധി സജ്ജീകരണങ്ങളോടെയാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 3.4 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ സാംസ്കാരിക വീഥി ഇപ്പോള്‍ ഭിന്നശേഷി/വയോജന സൗഹൃമാക്കിയിരിക്കുകയാണ്.
ഭിന്നശേഷി, വയോജനക്ഷേമം
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിലേക്കായി ലോണുകള്‍ അനുവദിക്കുകയും നഗരസഭയുടെ കടമുറികള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുകയും ചെയ്തു. 45 പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍, 64 പേര്‍ക്ക് ട്രൈ സ്കൂട്ടറുകള്‍, 20 പേര്‍ക്ക് സാധാരണ വീല്‍ ചെയറുകള്‍, കേള്‍വിശേഷി പരിമിതരായവര്‍ക്ക് ഹിയറിംഗ് എയ്ഡ് എന്നിവ വിതരണം ചെയ്തു.
വയോമിത്രം പദ്ധതി പ്രകാരം 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരര്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യ പരിരക്ഷയും സൗജന്യ മരുന്ന് വിതരണവും.
മുതിര്‍ന്ന പൗരരുടെ കലാ-കായിക മേഖലയിലെ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വയോജന ഉത്സവം സംഘടിപ്പിച്ചു. സായാഹ്നം, സാക്ഷാത്കാരം, സാന്ത്വനം എന്നിങ്ങനെ വിവിധ സദനങ്ങളിലായി ആരോരുമില്ലാത്ത 107 മുതിര്‍ന്ന പൗരരെ സംരക്ഷിച്ചുവരുന്നു. സംസ്ഥാനത്ത് ആദ്യമായി വയോജന കമ്മീഷനും വയോജന നയരൂപീകരണ സമിതിയും ആവിഷ്കരിച്ചു.
വയോജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സഹായം നല്‍കുന്നതിനും സര്‍ക്കാരിന്റെയും നഗരസഭയുടെയും വിവിധ വയോജന സൗഹൃദ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി വയോജന സഹായ കേന്ദ്രവും വയോ ക്ലബ്ബുകളും രൂപീകരിച്ചു. വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ ഭാഗമായി 100 വാര്‍ഡുകളിലായി 5 വര്‍ഷത്തിനിടെ 20062 കട്ടിലുകള്‍ വിതരണം ചെയ്തു.
തിരുവനന്തപുരം നഗരസഭയിലെ 101 വാർഡുകളിലും മികച്ചരീതിയിൽ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. പ്രതിപക്ഷം ഉൾപ്പെടെ വികസനത്തെ അട്ടിമറിക്കാൻ പല കോണുകളിൽനിന്നുമുണ്ടായ ശ്രമങ്ങളെയെല്ലാം നേരിട്ട് നാടിന്റെ പൊയുവായ ഉന്നതിയ്ക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ച് വിജയിച്ചുവെന്ന ചാരിതാർഥ്യത്തോടെയാണ് നഗരസഭ 5 വർഷം പൂർത്തിയാക്കുന്നത്. l



