കഴിഞ്ഞ 5 വർഷക്കാലം സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കൊല്ലം കോർപറേഷന് കഴിഞ്ഞു. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യമേഖല തുടങ്ങി ഉൽപ്പാദന മേഖലകളിലും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി വിഭാഗങ്ങൾ തുടങ്ങി അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിലും മികച്ച പശ്ചാത്തല സൗകര്യങ്ങളോടുകൂടി ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും മാലിന്യസംസ്കരണത്തിലും വിപ്ലവം സൃഷ്ടിച്ച മാറ്റങ്ങൾക്കാണ് കൊല്ലം നഗരം സാക്ഷ്യംവഹിച്ചത്. കേരളം അതിദാരിദ്ര്യമുക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരസഭയിലും അതിദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി. അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം എന്നിവ ഉറപ്പാക്കിക്കൊണ്ട് 656 കുടുംബങ്ങളെ കൊല്ലം നഗരസഭ അതിദാരിദ്ര്യമുക്തമാക്കി. ഇതിനായി 2.26 കോടി രൂപ ചെലവാക്കി. ലെെഫ് പദ്ധതിയുടെ ഭാഗമായി 6,569 ഗുണഭോക്താക്കളെ കണ്ടെത്തി, അതിൽ 5049 പേർക്കും വീടുവച്ചു നൽകി. ശേഷിച്ചവയുടെ നിർമാണം പുരോഗമിക്കുന്നു.
വികസനകാര്യത്തിൽ, മത്സ്യമേഖലയിൽ നടത്തിയ ഇടപെടൽ എടുത്തുപറയേണ്ടതാണ്. പരമ്പരാഗത വള്ളങ്ങൾക്ക് ഇൻസുലേറ്റഡ് ഫിഷ് ഐസ് ഹോൾഡിങ് ബോക്സുകൾ, കട്ടമരം, വല വിതരണം, ശാസ്ത്രീയ മത്സ്യകൃഷി, ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായി കടൽത്തീരത്തു നിന്നും മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ പദ്ധതികൾ മത്സ്യമേഖലയിൽ നടപ്പാക്കി. 134 വിദ്യാർഥികൾക്ക‍് ലാപ്ടോപ് നൽകി.
അരികുവൽക്കരിക്കപ്പെട്ടവരെയും അശരണരേയും ചേർത്തുപിടിച്ച് കൊല്ലം കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകയായി. മാനസിക – ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് എന്നും കെെത്താങ്ങാണ് കൊല്ലം കോർപറേഷൻ. 70 പേർക്ക് തണലൊരുക്കുന്ന പകൽവീട്, വയോജനങ്ങൾക്ക് താമസിക്കാനായി ‘തറവാട്’ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു. എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച വയോമിത്രം പദ്ധതിയിലൂടെ കോർപറേഷൻ വഴി 36,834 പേർക്ക് സേവനം ലഭിച്ചുവരുന്നു. കൊല്ലം കോർപ്പറേഷൻ ആരംഭിച്ച ബഡ്സ് സ്കൂൾ സാമൂഹിക സേവനത്തിന്റെ ഏറ്റവും മാനുഷികമായ ഉദാത്ത മാതൃകയാണ്. പട്ടികജാതി വികസനത്തിനായി വിവിധ പദ്ധതികൾക്കായി കഴിഞ്ഞ 5 വർഷക്കാലത്ത് 4,175 ഗുണഭോക്താക്കൾക്കായി 57 കോടി 80 ലക്ഷം രൂപയാണ് കോർപറേഷൻ ചെലവഴിച്ചത്. കേരളത്തിലെ സ്ത്രീ പോരാട്ടത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്മരണയ്ക്കായി കൊല്ലം പീരങ്കി മെെതാനിയിൽ ‘കല്ലുമാല സ‍്ക്വയർ’ യാഥാർഥ്യമാകുന്നു.
സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. സ്വയംതൊഴിൽ സംരംഭങ്ങൾ, ഷീ ലോഡ്ജ് എന്നിവ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ചിന്നക്കടയിലെ ‘ഗുഡ്മോർണിങ് കൊല്ലം’ പദ്ധതിയിലൂടെ പത്തുരൂപയ്ക്ക് പ്രഭാതഭക്ഷണം നൽകിക്കൊണ്ട് കൊല്ലം നിവാസികൾക്കു മാത്രമല്ല, കൊല്ലത്തെത്തുന്ന അന്യദേശക്കാരുടെയും വയറും മനസ്സും നിറയ്ക്കുകയാണ് കൊല്ലം നഗരസഭ.
ആരോഗ്യപരിപാലന രംഗത്ത് സമഗ്രമായ ഒരു നെറ്റ്-വർക്ക് സംവിധാനം കോർപ്പറേഷൻ വികസിപ്പിച്ചു. മികച്ച പശ്ചാത്തലസൗകര്യങ്ങളോടെ ദിവസേന 2000ത്തിലേറെപ്പേർക്ക് ചികിത്സ നൽകുന്നു. ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് തുടർച്ചയായി മൂന്നാം വർഷവും ആർദ്രകേരള പുരസ്കാരം കൊല്ലം നഗരസഭ നേടി.
കൊല്ലം നഗരസഭയുടെ എടുത്തു പറയേണ്ട മറ്റൊരു നേട്ടമാണ് ഹെെടെക് അംഗൻവാടികൾ. കുരുന്നുകളുടെ ഇഷ്ടസ്ഥലമായി അംഗൻവാടികളെ മാറ്റുന്നതിന്റെ ഭാഗമായി 100ൽപരം അംഗൻവാടികൾ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ടാക്കി. 20 അംഗൻവാടികളുടെ കെട്ടിടനിർമാണം പൂർത്തീകരിച്ചു. പരിഷ്കരിച്ച മെനുപ്രകാരം വെെവിധ്യമാർന്ന, പോഷകസമൃദ്ധമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്.
വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലിടം നേടി. വിദൂര വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറിയ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ മുക്കൽ വില്ലേജിലെ 8.06 ഏക്കർ സ്ഥലം 26.02 കോടി രൂപ ചെലവാക്കി ഏറ്റെടുത്തു. ഇവിടേക്കുള്ള യാത്ര സുഗമമാക്കുന്നതിന് കച്ചിക്കടവ് പാലം നിർമിക്കുവാൻ സർക്കാർ അനുമതി ലഭിച്ചു. അതുപോലെ സ്കൂളുകളുടെ അടിസ്ഥാനവികസനത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പല കാരണങ്ങളാൽ ഇടയ്ക്ക് പഠനം നിർത്തേണ്ടി വന്നവർക്കായി ആരംഭിച്ച തുല്യതാ പഠന പരിപാടി കോർപറേഷൻ ഏറ്റെടുത്തു നടത്തുന്നു. പഠിതാക്കളുടെ കോഴ്സ് ഫീസ് നഗരസഭയാണ് വഹിക്കുന്നത്. ഈ പരിപാടിയുടെ വൻ വിജയത്തെ തുടർന്ന് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് തുല്യത ഡിഗ്രി പഠനം ആരംഭിക്കാനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. 815 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ 5 വർഷക്കാലം 4,175 ഗുണഭോക്താക്കൾക്കായി 5 കോടി 95 ലക്ഷം രൂപയാണ് കോർപറേഷൻ ചെലവഴിച്ചത്.
എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ, വരുന്ന 50 വർഷത്തേക്ക് കൊല്ലം നഗരത്തിലെ ജനങ്ങൾക്ക് 24 മണിക്കൂറും ജലവിതരണം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ 565.55 കോടി രൂപ ചെലവാക്കി നടപ്പാക്കുന്ന ഞാൺകടവ് പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തുന്നു. 2026 മാർച്ച് മാസത്തോടെ എല്ലാവർക്കും കുടിവെള്ളം എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടും.
സാംസ്കാരിക വിനോദസഞ്ചാരമേഖലകളിൽ വരുത്തിയ മാറ്റങ്ങൾ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി. ആശ്രാമത്തിൽ നിർമിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം, കലാസാംസ്കാരിക പരിപാടികളുടെ കേന്ദ്രമായി ഉയർന്നു. ആധുനിക സൗകര്യങ്ങളോടെ 56.191 കോടി രൂപ ചെലവിൽ മൂന്നര ഏക്കറിൽ ഇൻഡോർ സ്റ്റേഡിയവും ഡിജിറ്റൽ ലെെബ്രറിയും ആർട്ട് ഗാലറിയുമുൾപ്പെടെ വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരമേഖലയിൽ കൊല്ലം ജില്ലയെ അടയാളപ്പെടുത്തുന്നതിൽ നഗരസഭയുടെ പ്രവർത്തനം വലിയ പങ്കുവഹിക്കുന്നു. കൊല്ലം നഗരത്തിന്റെ വികസനത്തുടിപ്പിനും ജില്ലയുടെ വിനോദസഞ്ചാരത്തിനും പുതിയ കാൽവെപ്പാകുന്ന, കൊല്ലത്തിന്റെ സ്വപ്നപദ്ധതിയായ ജലമെട്രോ കേന്ദ്ര പോർട്ട്, ഷിപ്പിങ് ആൻഡ് വാട്ടർവേസ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. അഷ്ടമുടിക്കായലിൽ ഒഴുകുന്ന പൂന്തോട്ടവും മ്യൂസിക് ഫൗണ്ടേഷനും നിർമിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു. അഷ്ടമുടിക്കായലിനെ വാട്ടർ സ്പോർട്സ് ഹബ്ബാക്കി മാറ്റും. ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ സ്പോർട്സ് ആരംഭിക്കുന്നത്.
റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ മാതൃകാ പൊതുയിടങ്ങളാക്കി മാറ്റുന്ന വി പാർക്ക് പദ്ധതി ജനകീയാവേശമായി മാറുകയാണ്. റോഡു വികസനത്തിന്റെ ഭാഗമായി കൊല്ലം നഗരസഭയിലെ 74 കി.മീ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്കുയർത്തി. ഇതുവഴി ദീർഘകാലം നിലനിൽക്കുന്നതും മെച്ചപ്പെട്ടതുമായ റോഡുകൾ യാഥാർഥ്യമാക്കി.
മാലിന്യമുക്തം കൊല്ലം നഗരസഭ
കഴിഞ്ഞ 75 വർഷത്തിലധികമായി കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ മലപോലെ കൂടിക്കിടന്ന, അഷ്ടമുടിക്കായലിനെ മലിനമാക്കിക്കൊണ്ടിരുന്ന ഒരു ലക്ഷം ക്യുബിക് മീറ്റർ മാലിന്യമല 12 കോടി രൂപ ചെലവിൽ ബയോമെെനിങ്ങിലൂടെ പൂങ്കാവനമാക്കി മാറ്റി. അങ്ങനെ അസാധ്യമെന്നു കരുതിയത് സാധ്യമാക്കി കൊല്ലം നഗരസഭ. കുരീപ്പുഴയിലെ ഏഴര ഏക്കർ സ്ഥലത്ത് ബിപിസിഎല്ലുമായി ചേർന്ന് 120 ടൺ ശേഷിയുള്ള ബയോ സി എൻ ജി പ്ലാന്റ് സ്ഥാപിക്കാൻ കരാറൊപ്പിട്ടു. കേരളത്തിലാദ്യമായി പ്രതിദിനം 30 ടൺ അജെെവ മാലിന്യം തരംതിരിച്ച് സംസ്കരിക്കാൻ ഗ്രീൻ വേംസ‍് എക്കോസൊലൂഷൻ ലിമിറ്റഡ് എന്ന കമ്പനിയുമായി ഡിബിഒടി വ്യവസ്ഥയിൽ കരാറിലേർപ്പെട്ട് പ്രവർത്തനം ആരംഭിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം തടയുന്നതിന് 75 സ്ഥലങ്ങളിലായി 153 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. സമുദ്രത്തിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യുന്നതിന് ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി നടപ്പിലാക്കി.
വിവിധ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കൊല്ലം നഗരസഭ കഴിഞ്ഞ 5 വർഷത്തിനിടെ നിരവധി പുരസ്കാരങ്ങൾ നേടി. മഹാത്മാ അയ്യങ്കാളി പുരസ്കാരം തുടർച്ചയായി നാലാം തവണയും നഗരസഭ നേടി. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായി മൂന്നാം വർഷവും ആർദ്ര കേരള പുരസ്കാരം, കേരളത്തിൽ നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ച പച്ചത്തുരുത്തിനുളള മൂന്നാം സ്ഥാനം, സംസ്ഥാനത്തെ മികച്ച മേയർക്കുള്ള എ പി ജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം എന്നിവയും നഗരസഭ നേടി.
ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ച നഗരസഭയെന്ന് നിസ്സംശയം പറയാവുന്ന പ്രവർത്തനങ്ങളാണ് ഇക്കഴിഞ്ഞ 5 വർഷമായി കൊല്ലം നഗരസഭ നടത്തിയത്. l



