Saturday, December 6, 2025

ad

Homeകവര്‍സ്റ്റോറിപട്ടികജാതി–പട്ടികവർഗ വികസനം

പട്ടികജാതി–പട്ടികവർഗ വികസനം

കെ ശാന്തകുമാരി എംഎൽഎ

ഗോളതലത്തിൽ മാതൃകയായ കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ മൂന്നു ദശാബ്ദം പൂർത്തിയാകുമ്പോൾ, മാനവ സാമൂഹിക വികസന രംഗങ്ങളിൽ ഒന്നാമതെത്താൻ പ്രാദേശിക സർക്കാരുകൾ നടപ്പിലാക്കിയ വികസന – ക്ഷേമ പ്രവർത്തനങ്ങളും ബദൽ വികസന നയങ്ങളും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

63,003 പട്ടികവിഭാഗക്കാരുടെ ഭാവിയിലേയ്ക്കുള്ള വികസനചർച്ചകൾ മുന്നോട്ടുപോകുമ്പോൾ ഇന്ത്യയെമ്പാടും സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷം മാറിവരുന്നുവെന്ന യാഥാർത്ഥ്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

അധികാരവികേന്ദ്രീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തിപ്പെടലും വഴി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാദേശിക വികസനത്തിൽ മുമ്പൊരിക്കലുമില്ലാത്തവിധത്തിലുള്ള ഉണർവ്വ് കൈവരിക്കാൻ കഴിഞ്ഞു. പദ്ധതി ആസൂത്രണത്തിലും അതിന്റെ നിർവഹണ പ്രക്രിയയിലും ഇടപെടാനുള്ള നിയമപരമായ അധികാരം പട്ടികവിഭാഗക്കാരിൽ കൂടുതൽ അവകാശബോധവും വികസനപ്രക്രിയയെക്കുറിച്ചുള്ള അവബോധവും സൃഷ്ടിച്ചു. പട്ടികവിഭാഗങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ, പ്രൊമോട്ടർമാർ, ഉദ്യോഗസ്ഥർ, സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ, സംഘടനാ പ്രവർത്തകർ തുടങ്ങിയവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള പ്രാദേശിക വികസനസാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് പട്ടികവിഭാഗക്കാരുടെ ഊരുകളിലും നഗറുകളിലും വികസന ചർച്ചകൾ സജീവമാക്കി. ഭൂമി, ഭവനം, കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം, വരുമാനദായക പദ്ധതികൾ, പോഷകാഹാരം, ദാരിദ്ര്യനിർമ്മാർജ്ജനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുവാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

പട്ടികവിഭാഗങ്ങളുടെ വികസന പ്രശ്നങ്ങൾക്ക് സാമ്പത്തിക സ്രോതസ്സ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പട്ടികവർഗ ഉപപദ്ധതിയും (ടി എസ് പി) പ്രത്യേക ഘടക പദ്ധതി (എസ് സി പി) യും ആരംഭിച്ചത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് അതുപ്രകാരം ജനസംഖ്യാനുപാതികമായ പ്ലാൻതുക പട്ടികവിഭാഗങ്ങൾക്ക് വകയിരുത്തുന്ന രീതി ഇപ്പോഴും തുടർന്നുകൊണ്ടുപോകുന്നത്. പട്ടികവിഭാഗ വികസനത്തിനായി പട്ടികവർഗ ജനസംഖ്യാശതമാനത്തിന്റെ ഇരട്ടിയോളം തുക എൽഡിഎഫ് സർക്കാർ വകയിരുത്തുന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്.

കേരളത്തിലെ അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളായ പട്ടികജാതി, -പട്ടികവർഗ വിഭാഗങ്ങൾ ജനസംഖ്യയുടെ യഥാക്രമം 14.5 ശതമാനവും 9.1 ശതമാനവും ആണുള്ളത്. കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30.9 ലക്ഷവും പട്ടികവർഗ ജനസംഖ്യ 4.85 ലക്ഷവുമാണ്. പട്ടികജാതി ജനസംഖ്യയുടെ 3.65% ദുർബലവിഭാഗങ്ങളിലുള്ള 5 ജാതികൾ ഉൾപ്പെടുന്ന ജനവിഭാഗമാണ്. പട്ടികവർഗ ജനസംഖ്യയുടെ 2% പ്രത്യേക പരിരക്ഷ ആവശ്യമുള്ള ദുർബല ഗോത്ര വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി കഴിഞ്ഞ 10 വർഷക്കാലമായി പ്രാദേശിക സർക്കാരുകളുടെ പദ്ധതി വിഹിതം കൃത്യമായി കൈമാറുന്നതിനും SCP/TSP വിഹിതം ഫലപ്രദമായി ചെലവഴിക്കുന്നതിനും എൽഡിഎഫ്- ഗവൺമെന്റ് പ്രത്യേകം ശ്രദ്ധ നൽകി. പട്ടികവിഭാഗ വികസനത്തിനായി മാറ്റിവയ്ക്കുന്ന തുകയുടെ 45 ശതമാനത്തിലധികവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ചെലവഴിക്കുന്നത്.

പട്ടികജാതി വികസന വകുപ്പിനായി (SCP) 2025-–26-ൽ 3188.25 കോടി രൂപയാണ് വിഹിതം അനുവദിച്ചത്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 208.85 കോടി രൂപയുടെ വർദ്ധനവാണ്. സംസ്ഥാന വിഹിതം മുൻ വർഷത്തേക്കാൾ 114.90 കോടി രൂപ വർദ്ധിച്ച്, 1753.00 കോടി രൂപയായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGI) വഴിയുള്ള വിഹിതം 1341.30 കോടി രൂപയിൽ നിന്ന് 1435.25 കോടി രൂപയായും (93.95 കോടി രൂപയുടെ വർദ്ധനവ്) ഉയർന്നു. അതേസമയം എന്നാൽ കേന്ദ്ര വിഹിതം മുൻവർഷത്തേക്കാൾ 17.88 കോടി രൂപ കുറഞ്ഞ് 48.60 കോടി രൂപയായി.

പട്ടികവർഗ വികസന വകുപ്പിന്റെ (TSP) ആകെ വിഹിതം 2024-25-ലെ 859.50 കോടി രൂപയിൽ നിന്ന് 60.50 കോടി രൂപ വർദ്ധിച്ച് 2025-26-ൽ 920 കോടി രൂപയായി. സംസ്ഥാന വിഹിതം 657.95 കോടി രൂപയിൽ നിന്ന് 704.26 കോടി രൂപയായി (46.31 കോടി രൂപയുടെ വർദ്ധനവ്) ഉയർത്തി. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയുള്ള വിഹിതം 201.55 കോടി രൂപയിൽ നിന്ന് 215.74 കോടി രൂപയായും (14.19 കോടി രൂപയുടെ വർദ്ധനവ്) വർദ്ധിപ്പിച്ചു.

അടുത്ത വർഷങ്ങളിൽ ലക്ഷ്യമിടുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു:

എല്ലാ സൂചികകളിലും കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ നില ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. അടുത്ത അഞ്ചുവർഷത്തിനിടയിൽ പട്ടികവിഭാഗങ്ങൾക്കിടയിൽ ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും. എല്ലാ പട്ടികവർഗക്കാർക്കും വാസയോഗ്യമായ വീട് ഉറപ്പുവരുത്തും.

പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ട് ലാപ്സാകുന്നത് ഒഴിവാക്കും. ചെലവാക്കാത്ത തുക തുടർന്നുള്ള വർഷങ്ങളിൽ പൊതുവികസന ഫണ്ടിൽ നിന്നും വകയിരുത്തുന്നത് കർശനമായി നടപ്പാക്കും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും നൈപുണി പരിശീലനത്തിനും തൊഴിൽ ലഭ്യമാക്കുന്നതിനും പദ്ധതികളിൽ കൂടുതൽ ഊന്നൽ നൽകും. പഠനമുറി പദ്ധതി പൂർണമാക്കും.

ഈ മേഖലയിൽ ലക്ഷ്യമിടുന്ന വികസന ആവശ്യങ്ങൾ സഫലീകരിക്കുന്നതിനായി പട്ടികജാതി, പട്ടികവർഗ വികസന വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണപരത/ കാര്യക്ഷമത കൂട്ടുന്നതിന് കൃത്യമായ വിശകലനം നടത്തുകയും ഉപപദ്ധതികൾ കാര്യക്ഷമമായി വിലയിരുത്തി നടപ്പിലാക്കുകയും പുനഃക്രമീകരണത്തിന് തുടക്കമിടുകയും ചെയ്യേണ്ടതുണ്ട്.

ഇക്കാലയളവിൽ പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിന് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയും നയങ്ങൾ ആവിഷ്കരിച്ചും അവരുടെ പങ്കാളിത്തത്തോടെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുതകുന്ന പദ്ധതികൾ രൂപകൽപ്പന ചെയ്യുകയും നടപ്പാക്കുകയും വേണം. വിവിധ മേഖലകളിലായി സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഫണ്ട് ഏകോപിപ്പിച്ച് ഫലപ്രദമായി വിനിയോഗിക്കും. പട്ടികവർഗ മേഖലകളിൽ പദ്ധതികൾ തയ്യാറാക്കുമ്പോൾ പ്രാദേശിക പ്രത്യേകതകളും സാമുദായിക സവിശേഷതകളും പരിഗണിക്കും.

പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ട് വിനിയോഗം ജനപങ്കാളിത്തത്തോടെ അവലോകനം ചെയ്ത് കൂടുതൽ ഫലപ്രദമാക്കും. ഊരുകൂട്ടതല ആസൂത്രണം ഫലപ്രദമാക്കുന്നതിന് സന്നദ്ധ സംഘടനകൾ, പ്രൊമോട്ടർമാർ, കുടുംബശ്രീ എന്നിവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ജനപ്രതിനിധികൾക്ക് ചിട്ടയായ പരിശീലനം നൽകുകയും ചെയ്യും. സാമൂഹ്യ വികസന രംഗത്ത് ആർജിച്ച നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും ഈ മേഖലയിലെ രണ്ടാംതലമുറ വികസന പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിനും പ്രാദേശിക സർക്കാരുകൾ പ്രത്യേകം ശ്രദ്ധ നൽകും. കൂടാതെ, പുതിയ കാലഘട്ടത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വൈജ്ഞാനിക മേഖലയിലെ സന്നദ്ധ സേവകരുടെ പങ്കാളിത്തവും സേവനവും ഉറപ്പാക്കും. ലോകം കൈവരിക്കുന്ന വികസനക്കുതിപ്പിനൊപ്പം എത്തുവാൻ കേരളം പരിശ്രമിക്കുമ്പോൾ ചരിത്രപരമായ കാരണങ്ങളാൽ വികസനപ്രക്രിയയിൽ നിന്നും പിന്തള്ളപ്പെട്ടുപോയ പട്ടികജാതി-, പട്ടികവർഗ ജനവിഭാഗങ്ങളും കേരളത്തിന്റെ വികസനവേഗത്തിനൊപ്പം സഞ്ചരിക്കണമെന്നത് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − three =

Most Popular