Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിപ്രാചീന കേരളത്തിലെ മഹാശിലാസംസ്കാരം

പ്രാചീന കേരളത്തിലെ മഹാശിലാസംസ്കാരം

വി സെല്‍വകുമാര്‍

ലിയ കല്ലുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട കല്ലറകളുടെയും സ്മാരകങ്ങളുടെയും ഒരുകൂട്ടത്തെയാണ് മഹാശിലകള്‍ എന്നു വിളിക്കുന്നത്; കാലികവും സാംസ്കാരികവുമായ വിവിധ പശ്ചാത്തലങ്ങളില്‍ ലോകത്തുടനീളം ഇവ ഉണ്ടായി. മഹാശിലകളുടെ പ്രധാന ഉപയോഗം ശവസംസ്കാരവുമായി ബന്ധപ്പെട്ടതായിരിക്കെ, ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ചില സ്മാരകങ്ങള്‍ ശവസംസ്കാരത്തിനല്ലാതെയുള്ള പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ട്. മഹാശിലായുഗത്തിലെ കല്ലറകളും സ്മാരകങ്ങളും ദക്ഷിണേന്ത്യന്‍ ഭാഗത്താണ് പ്രധാനമായും കേന്ദ്രീകരിച്ചത്, പ്രാഥമികമായും ഇരുമ്പുയുഗത്തിലും ആദിമ ചരിത്ര കാലഘട്ടത്തിലുമാണ് (Early Historic Period) ഇത് നടന്നത്; എന്നാല്‍ ഇപ്പറയുന്ന കാലഗണനാപരവും (Chronological) സാംസ്കാരികവുമായ പശ്ചാത്തലത്തിനുപുറത്തും ഈ കേന്ദ്രീകരണം നടന്നിട്ടുണ്ട്. സാംസ്കാരിക വ്യാപന സിദ്ധാന്തമനുസരിച്ച് (Diffusionist Theory) മഹാശിലകളുടെ ആവിര്‍ഭാവം വിദേശത്താണെന്നാണ് കരുതപ്പെട്ടിരുന്നത്; ഇന്ന്, മഹാശിലകള്‍ ദക്ഷിണേന്ത്യയുടെ പില്‍ക്കാല നവീനശിലായുഗ പശ്ചാത്തലത്തില്‍ പ്രാദേശികമായി ആവിര്‍ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുകയും, അത് യുക്തിഭദ്രമായൊരു വ്യാഖ്യാനമായി കാണപ്പെടുകയും ചെയ്യുന്നു. ഹാരപ്പനിലും, ഇന്ത്യയുടെ നവീനശിലായുഗത്തിന്‍റെയും താമ്രശിലായുഗത്തിന്‍റെയും (Chalcolithic) സാംസ്കാരിക പശ്ചാത്തലങ്ങളിലും നിലവിലുണ്ടായിരുന്ന ശവസംസ്കാരസംബന്ധമായ ശിലാസ്മാരകങ്ങള്‍ മഹാശിലായുഗ സംസ്കാരത്തിന്‍റെ (megalithic tradition) തദ്ദേശീയ വികാസത്തിന്‍റേതായ അടയാളങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

കാലനിര്‍ണ്ണയം (Chronology)
മഹാശിലായുഗത്തിലെ കല്ലറകളുടെയും സ്മാരകങ്ങളുടെയും കാലനിര്‍ണയം ഒരു പ്രശ്നം തന്നെയാണ്; കാരണം ഈ സ്മാരകങ്ങളില്‍ പലപ്പോഴും കാലനിര്‍ണയത്തിനുതകുന്ന കരിവസ്തുക്കള്‍ ഉണ്ടായിരുന്നില്ല എന്നതും അവയുടെ ശാസ്ത്രീയമായ കാലനിര്‍ണയത്തിന് വളരെ കുറച്ചു ശ്രമങ്ങള്‍ മാത്രമേ നടത്തപ്പെട്ടിട്ടുള്ളൂ എന്നതുമാണ്. ഇനി നന്നങ്ങാടികളില്‍ കരിവസ്തുക്കള്‍ ലഭ്യമായിരുന്നെങ്കില്‍തന്നെ നന്നങ്ങാടി നിര്‍മാണവുമായി അതിനുള്ള ബന്ധം ഒരു ഗൗരവമുള്ള വിഷയമായിരുന്നു. കേരളത്തിലെ മഹാശിലയുടെ നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ആദ്യകാലം കണ്ടിട്ടുള്ളത് മങ്ങാടില്‍നിന്നുമാണ് (കൊല്ലം ജില്ല) – ഏകദേശം ബിസിഇ 1000 അഥവാ സംശോധിത വര്‍ഷം 1134- 977 ബിസിഇ. കേരളത്തിലെ കുട്ടിക്കോലില്‍നിന്നും (സംശോധിത വര്‍ഷം 788 -751 ബിസിഇ) കക്കോടിയില്‍നിന്നും (2680 ബിപി, pers.comm) കണ്ടെത്തിയ കല്ലറകളുടെ റേഡിയോകാര്‍ബണ്‍ കാലനിര്‍ണയം ഒന്നാം സഹസ്രാബ്ദം ബിസിഇയുടെ ആദ്യപാതിയിലാണ്. നിറമണ്‍കുളത്തുനിന്നും കണ്ടെടുത്തിട്ടുള്ളതിലൊന്നില്‍ ബിസിഇ 360-170 ബിസിഇയും മറ്റൊന്നില്‍ സിഇ 135നും സിഇ 330നും ഇടയിലുമായ കാലം നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും മഹാശിലാസ്മാരകങ്ങളില്‍ ചിലവയുടെ കാലനിര്‍ണയം ചരിത്രകാലഘട്ടത്തിലാണ്; ഉദാഹരണത്തിന്, ഒലിയാനിയില്‍നിന്നും കണ്ടെത്തിയവയുടെ കാലം നിര്‍ണയിക്കപ്പെട്ടിട്ടുള്ളത് 810ദ്ദ80 ബിപിയിലാണ്. കേരളത്തിലെ മഹാശിലകളെ സംബന്ധിച്ച ഒരു സര്‍വെ കാണിക്കുന്നത്, അവ പ്രാചീന പശ്ചാത്തലത്തിലോ, താറുമാറാകാത്ത പശ്ചാത്തലത്തിലോ ഉള്ളതല്ല എന്നാണ്. മഹാശിലകള്‍ കണ്ടെടുത്തിട്ടുള്ള ഒട്ടേറെ സ്ഥലങ്ങളില്‍ ആ കാലത്തിന്‍റെ അവശേഷിപ്പുകള്‍ നിക്ഷേപിക്കപ്പെട്ടതിനുശേഷമുള്ള പശ്ചാത്തലത്തില്‍ (Post- depositional context), കൃഷി നടത്തപ്പെടുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കാടുകള്‍ സാധ്യമായ രീതിയില്‍ കത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണപ്പെട്ടു. കേരളത്തിലെ ആരാധനാലയങ്ങള്‍പോലെ തന്നെ, മഹാശിലായുഗകാലത്തെ കല്ലറകളും സ്മാരകങ്ങളും ചരിത്ര കാലഘട്ടങ്ങളിലും വര്‍ത്തമാനകാലത്തും ദ്വിതീയ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. രൂപീകരണ പ്രക്രിയയുടെ ഭാഗമായി ഇത്തരത്തിലുള്ള പില്‍ക്കാല കൈകടത്തലുകള്‍ മഹാശിലായുഗകാല കല്ലറകളുടെ ഉള്ളടക്കത്തെയും സമഗ്രതയെയും ബാധിച്ചു. നിലവില്‍ നടത്തിയിട്ടുള്ള കാലനിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനത്തില്‍, ഏകദേശം 1000 ബിസിഇയില്‍ തുടങ്ങി 500 സിഇ വരെയുള്ള കാലത്താണ് കേരളത്തില്‍ മഹാശിലായുഗ സംസ്കാരം പ്രബലമായിരുന്നത് എന്ന് അനുമാനിക്കുന്നത് യുക്തിസഹമാണ്. എറണാകുളം ജില്ലയിലെ പട്ടണത്തുനടന്ന ഉത്ഖനനത്തില്‍നിന്ന് വ്യക്തമാകുന്നത്, പാര്‍പ്പുറപ്പിക്കലിന്‍റെ (habitation) ഭാഗമായുണ്ടായ ആദ്യകാല തൊഴില്‍ പശ്ചാത്തലം നിലനിന്നത് ഏകദേശം 1693-509 ബിസിഇയിലാണെന്നാണ്. എന്തുതന്നെയായാലും, കേരളത്തിലെ മഹാശിലാവശിഷ്ടങ്ങള്‍ക്ക് ലഭ്യമായ റേഡിയോകാര്‍ബണ്‍ കാലനിര്‍ണയം വളരെ പരിമിതമാണ്; കൂടുതല്‍ ക്രോണോമെട്രിക് കാലഗണനം നടത്തുന്നത് മഹാശിലാ സംസ്കാരങ്ങളുടെ കാലനിര്‍ണയം സംബന്ധിച്ച് വ്യക്തമായൊരു ചിത്രം കിട്ടാന്‍ നമ്മളെ സഹായിക്കും.

രൂപകല്‍പ്പനയും (Typology) വിതരണവും (Distribution)
വ്യത്യസ്ത തരത്തിലും ഇനത്തിലുമുള്ള നിര്‍മിത രൂപങ്ങളാണ് മഹാശിലാ സ്മാരകങ്ങള്‍; അവശേഷിക്കുന്ന വിരളമായ പാര്‍പ്പുറപ്പിക്കലുകളേക്കാള്‍ (habitation) നല്ല രീതിയില്‍ അവ സംരക്ഷിക്കപ്പെടുന്നുണ്ട്. മഹാശിലാ സ്മാരകങ്ങള്‍ നിര്‍മിക്കപ്പെടുന്നതിനുമുമ്പ് ശവശരീരങ്ങള്‍ പ്രകൃതിയില്‍ സംസ്കരിക്കുകയോ അഥവാ മറവു ചെയ്യുകയോ ചെയ്യുകയും, പിന്നീട് തിരഞ്ഞെടുത്ത എല്ലുകള്‍ എടുക്കുകയും ചെയ്തിരുന്നു. മരണത്തിനും സ്മാരക നിര്‍മാണത്തിനുമിടയ്ക്ക് കുറച്ച് സമയം വേണ്ടതുണ്ട്. മഹാശിലാ കല്ലറകളില്‍ ചിലത് സ്മാരകസംബന്ധവും ഗ്രാനൈറ്റ്, ലാറ്ററൈറ്റ് കല്ലുകള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ടവയുമാകുമ്പോള്‍, അവയിലധികവും ലളിതമായ സെറാമിക് നിര്‍മിത നന്നങ്ങാടികളാണ് (urnburials). പാറക്കല്ലുകള്‍കൊണ്ടും (stone slabs) സെറാമിക് മൂടികള്‍കൊണ്ടും ആവരണം ചെയ്യപ്പെട്ട വ്യത്യസ്ത വലിപ്പത്തിലുള്ള സെറാമിക് കുടങ്ങള്‍, മെന്‍ഹിര്‍, സിസ്റ്റ് ബറിയല്‍, ഡോള്‍മെന്‍, കൊടക്കല്ല്, പത്തിക്കല്ല് തുടങ്ങിയ സ്മാരകശിലകള്‍, ലാറ്ററൈറ്റ് മുനിയറകള്‍ (Rock-cut chambers) എന്നിവയാണ് കേരളത്തില്‍ പൊതുവായി കണ്ടെടുത്തിട്ടുള്ള സ്മാരകരൂപങ്ങള്‍. അവ വളരെയധികം അധ്വാന നിക്ഷേപത്തെയും അംഗീകൃതമായൊരു പാരമ്പര്യത്തെയും അഥവാ സാംസ്കാരികാചാരത്തെയും വിശ്വാസ സമ്പ്രദായത്തെയും മരണാനന്തര ചടങ്ങുകളില്‍ സംഘടിതമായൊരു സമീപനത്തെയും സൂചിപ്പിക്കുന്നു. കൊടക്കല്ലുകള്‍, പാറതുരന്നുള്ള ഗുഹകള്‍ (Rock-cut caves) തുടങ്ങിയ കല്ലറകള്‍ വിശാലമായ ചിത്രപ്പണികളും ഒട്ടധികം അധ്വാനവുംകൊണ്ട് സൃഷ്ടിക്കപ്പെട്ടവയായിരുന്നു; ചില വിശ്വാസ സമ്പ്രദായങ്ങളും സാമൂഹിക ചട്ടങ്ങളും അനുസരിച്ചായിരുന്നു അക്കാലത്തെ ശവസംസ്കാര ചടങ്ങുകള്‍ എന്നാണിത് വ്യക്തമാക്കുന്നത്. ഗ്രാനൈറ്റ് കല്ലുകള്‍ ലഭ്യമായിരുന്ന കുന്നിന്‍പ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലുമാണ് സിസ്റ്റുകളും (Cist) ഡോള്‍മെനുകളും (dolmens) അധികമായുണ്ടായിരുന്നത്. കേരളത്തിലെ ഇടനാടുകളിലെ ലാറ്ററൈറ്റ് ആധിക്യമുള്ള പ്രദേശങ്ങളില്‍ കൊടക്കല്ല്, തൊപ്പിക്കല്ല്, കൊത്തിമിനുക്കിയ (well carved) ലാറ്ററൈറ്റ് ഗുഹകള്‍ എന്നീ ശിലാസ്മാരകങ്ങളാണുണ്ടായിരുന്നത്. കേരളത്തിന്‍റെ തീരപ്രദേശങ്ങളിലും ഇടനാടുകളിലും അധികവും നന്നങ്ങാടികളാണുണ്ടായിരുന്നത്.പ്രാദേശിക ഭൂമിശാസ്ത്രവും പാരിസ്ഥിതിക സാഹചര്യങ്ങളും ഒപ്പം സാംസ്കാരികമായ തിരഞ്ഞെടുക്കലുകളും സാമ്പത്തിക തീരുമാനങ്ങളും വ്യക്തികളുടെയും ബന്ധുത്വശൃംഖലകളുടെയും സാമൂഹിക നിലപാടുകളും മഹാശിലായുഗകാലത്തെ കല്ലറകളുടെ രൂപകല്‍പനയെ ഭാഗികമായി സ്വാധീനിച്ചിരുന്നു എന്നാണിത് കാണിക്കുന്നത്.

ഭൗതിക സംസ്കാരം (Material Culture)
ഈ കല്ലറകളില്‍ ഗ്രേവ് ഗുഡ്സായി (മരിച്ചയാള്‍ക്കൊപ്പം മരണാനന്തരമുള്ള ജീവിതത്തില്‍ ഉപയോഗിക്കാനാവശ്യമായ സാധനങ്ങള്‍ അടക്കം ചെയ്യുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇങ്ങനെ അടക്കംചെയ്യുന്ന സാധനങ്ങളെയാണ് Grave Goods എന്നു വിളിക്കുന്നത്) നിക്ഷേപിച്ചിട്ടുള്ള ഭൗതിക സംസ്കാരം സൂചിപ്പിക്കുന്നത് അവ മരിച്ചയാള്‍ക്ക് മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കുന്നതിനായുള്ളതാണ് എന്നാണ്. ഭൗതിക സംസ്കാരത്തിന്‍റെ രൂപത്തില്‍ വളരെയധികം സമ്പത്ത് അടക്കംചെയ്തിരുന്നു എന്നത്, അന്നത്തെ സമൂഹം കൂടുതല്‍ സംഘടിതമായിരുന്നു എന്നതിനും ഗോത്രപരമ്പരകളിലെ മുതിര്‍ന്നവരെയും പൂര്‍വികരെയും അവര്‍ ബഹുമാനിച്ചിരുന്നു എന്നതിനുമുള്ള തെളിവാണ്. ഇരുമ്പുനിര്‍മിതമായ വസ്തുക്കളുടെ ആധിക്യം, ചുവന്ന വജ്രമണി (carnelian), വെള്ളാരങ്കല്ല് (quartz), വെണ്ണക്കല്ല് (stealite) എന്നിവകൊണ്ടുള്ള മുത്തുകള്‍, വ്യത്യസ്ത അളവുകളില്‍ അപൂര്‍വമായി സ്വര്‍ണാഭരണങ്ങളും വെങ്കല നിര്‍മിതമായ കരകൗശലവസ്തുക്കളും എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഈ കല്ലറകളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ ഭൗതികാവശിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നത് സെറാമിക്, ഇരുമ്പ്, ചെമ്പ്, ആഭരണങ്ങള്‍ എന്നിവയുടെ ഉത്പാദനവും അവിടെ നിലനിന്നിരുന്നു എന്നാണ്. സമൂഹത്തില്‍ വ്യത്യസ്ത വിഭാഗങ്ങളും (segments) ഒരുപക്ഷേ അതിലോരോ വിഭാഗത്തിനും ഉന്നത/മൂപ്പുവാഴ്ച സംവിധാനവും (ranked/chiefdom level organisation) ഉണ്ടായിരുന്നു; ആ സമൂഹത്തിന് അതിന്‍റെ ദൈനംദിന ജീവിതത്തില്‍ വൈവിധ്യമാര്‍ന്ന ഭൗതിക സംസ്കാരത്തിന്‍റെ ആവശ്യവുമുണ്ടായിരുന്നു. ഇരുമ്പുയുഗ – പ്രാചീന ചരിത്ര കാലഘട്ടത്തിലെ (Iron Age- Early Historic Period) സാമൂഹിക വിഭാഗങ്ങളില്‍ ഒരുപക്ഷേ ചില പാരിസ്ഥിതിക മേഖലകളില്‍ (eco-zones) ഗോത്രങ്ങളും കൂട്ടങ്ങളും ഉണ്ടായിരുന്നിരിക്കണം; അവരുടെ ഉപജീവനം വേട്ടയാടല്‍, ശേഖരിക്കല്‍, മീന്‍പിടുത്തം, കൃഷി – മൃഗപരിപാലനം എന്നിങ്ങനെ വ്യത്യസ്തമായിരുന്നു. സെറാമിക്സും ഇരുമ്പും ഒഴികെയുള്ള ഒട്ടേറെ വസ്തുക്കള്‍ നിര്‍മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ പ്രാദേശികമായി ലഭ്യമായിരുന്നില്ല (കാര്‍ണീലിയനും വെങ്കലവും) എന്നതുകൊണ്ടുതന്നെ ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും അതിനുമപ്പുറം, ഒരുപക്ഷേ സമുദ്രമാര്‍ഗത്തിലൂടെയടക്കമുള്ളതുമായ സുരക്ഷിതമായൊരു വ്യാപാരശൃംഖലയിലേക്കാണത് വിരല്‍ചൂണ്ടുന്നത്. 15 നൂറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന മഹാശിലായുഗ ജീവിതരീതിയിലെ ഭൗതിക സംസ്കാരത്തിന്‍റെ ആകത്തുകയെ വിശകലനം ചെയ്താല്‍, അത് കാലികമായ വ്യതിയാനങ്ങളെ രേഖപ്പെടുത്തുന്നതിന് യാതൊരു രീതിയിലും സഹായിക്കുന്നില്ല എന്നു മനസ്സിലാകും; കൃത്യമായ തീര്‍പ്പുകല്‍പിക്കുന്നതിന് (ളശില ൃലീഹൌശേീി) കൂടുതല്‍ കാലഗണനാപരമായ പരിശോധനകള്‍ ആവശ്യമാണ്.

ഗ്രാഹ്യബോധാത്മകവും സൗന്ദര്യാത്മകവും പ്രതീകാത്മകവുമായ തലങ്ങള്‍
മഹാശിലായുഗ കല്ലറകളും അതിന്‍റെ ഉള്ളടക്കങ്ങളും ആ സമൂഹത്തിന്‍റെ സൗന്ദര്യബോധത്തെയും ഗ്രാഹ്യശക്തിയെയുംകുറിച്ചാണ് നമ്മളോട് പറയുന്നത്. മഹാശിലാസ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതായ കൊടക്കല്ലിന് ഗോളാകൃതിയിലുള്ള താഴികക്കുടം പോലുള്ള അറയും spherical Dome-like chamber), കൂണിന്‍റെ അഥവാ കുടയുടെ രൂപത്തിലുള്ള പാറകൊണ്ടുള്ള മൂടിയുമടങ്ങിയ നല്ല രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ക്ലിനോസ്റ്റാറ്റുകള്‍ (Clinostats) ഉണ്ട്. കൊടക്കല്ലിന് സൗന്ദര്യാത്മകമായൊരു തലമുണ്ട്; അതുപോലെതന്നെ അതിനെന്തെങ്കിലും പ്രതീകാത്മകമായ അര്‍ഥമുണ്ടോ അതോ ലാറ്ററൈറ്റിന്‍റെ സവിശേഷതകള്‍ക്കൊണ്ടുള്ള തൊഴില്‍പരമായൊരു ഡിസൈന്‍ മാത്രമാണോ (Functional design) അതെന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. മഹാശിലായുഗത്തിലെ മുനിയറകളില്‍ ബെഞ്ചുകളും പ്രവേശനകവാടത്തിനുചുറ്റും അനവധി വിടവുകളുമുണ്ട് (recessess), ഒപ്പംതന്നെ താഴികക്കുടത്തിന്‍റെ രൂപത്തിലുള്ള ചേമ്പറുകളും (Dome Shape of Chambers) കവാടങ്ങളും മൂടികളുമെല്ലാം വ്യക്തമാക്കുന്നത് കേരളത്തിലെ ലാറ്ററൈറ്റ് കൊത്തുപണിക്കാരന്‍റെ സൗന്ദര്യാത്മകമായ കഴിവുകളെയാണ്; ഒപ്പംതന്നെ നിര്‍മാണ ഇടങ്ങളിലെ സ്ഥലസംബന്ധമായ ഘടനയും (Spatial Organisation) ഇത് വ്യക്തമാക്കുന്നുണ്ട്. റസറ്റ് (russet) പൂശിയതും ചായംതേച്ചതുമായ സാധനങ്ങളിലെയും വലിയ ഭരണികളിലെയും വിവിധ മണ്‍വീപ്പകളിലെയും സെറാമിക്സിന്മേലുള്ള വരകള്‍ വെളിപ്പെടുത്തുന്നത് അന്നത്തെ കുശവന്മാരുടെ സൗന്ദര്യബോധവും സാമൂഹികസാംസ്കാരികാവശ്യങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ സമ്പ്രദായവുമാണ്. മുത്തുകളുടെ രൂപകല്‍പ്പന അന്നത്തെ ആഭരണരീതിയിലേക്ക്, മോടിപിടിപ്പിക്കലിലേക്ക് (Ornamentation) വെളിച്ചം വീശുന്നു. ചില മെഗാലിത്തിക് കേന്ദ്രങ്ങളില്‍നിന്നു കണ്ടെടുത്ത ടെറാക്കോട്ട വസ്തുക്കള്‍ കുഴപ്പിക്കുന്നതാണ്. മഹാശിലാസ്മാരകങ്ങളില്‍നിന്നും ലഭിച്ച ഒരു വിഭാഗം ടെറാക്കോട്ട നിര്‍മിത ചെറുപ്രതിമകള്‍ പില്‍ക്കാലഘട്ടത്തിലേതാകുന്നുവെങ്കില്‍, അതേസമയം ചില മെഗാലിത്തിക് ടെറാക്കോട്ട ചെറുപ്രതിമകള്‍ (figurines) ആദ്യകാലത്തുള്ളതാണ്. ചില കേന്ദങ്ങളില്‍നിന്നും ലഭിച്ച വെങ്കല നിര്‍മിതമായ വീപ്പകളും മൃഗരൂപങ്ങളും വ്യക്തമാക്കുന്നത് ഇരുമ്പുയുഗത്തില്‍ കേരളത്തില്‍ High-tin (ഈയം കുറവുള്ള) വെങ്കലശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരുന്നിരിക്കാമെന്നാണ്.

സെറാമിക്കിലുള്ള മഹാശിലാസ്മാരകങ്ങളില്‍ ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കണ്ടെത്തിയതുപോലെതന്നെ ‘ചൂടാക്കിയതിനുശേഷമുള്ള ചുവരെഴുത്ത് അഥവാ വര’ (Post-firing graffiti) ആണുണ്ടായിരുന്നത്. വിവരവിനിമയത്തിന് ദൈവികമായതോ, ഗോത്രത്തെ അടയാളപ്പെടുത്തുന്നതോ ആയ ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നതായി അവ സൂചിപ്പിക്കുന്നുണ്ട്. ഈ അടയാളങ്ങള്‍ക്ക് ചില ഹാരപ്പന്‍ ചിഹ്നങ്ങളുമായി (Harappan Script Symbol) സാമ്യമുണ്ട്; അതിനോടൊപ്പംതന്നെ, മഹാശിലാ സ്മാരകസംസ്കാരത്തെ കേരളത്തിലെ ശില്‍പ്പകലാവശിഷ്ടങ്ങളുമായി – പ്രത്യേകിച്ചും എടക്കലിലെ – ബന്ധപ്പെടുത്താന്‍ അവ സഹായിക്കുന്നു.

ചര്‍ച്ചകള്‍
കേരളത്തിലെ മഹാശിലകള്‍ക്ക് കാര്യമായ അക്കാദമിക് ശ്രദ്ധ ലഭിച്ചിട്ടുണ്ട്; പക്ഷേ, കേരളത്തില്‍ കണ്ടെടുത്തിട്ടുള്ള മഹാശിലാ കല്ലറകളുടെ അളവു കണക്കാക്കുമ്പോള്‍ ശാസ്ത്രീയമായ കാലനിര്‍ണയ ശ്രമങ്ങളടക്കമുള്ള ഗവേഷണ ഉദ്യമങ്ങള്‍ അപര്യാപ്തമാണെന്നു കാണാം. സാമ്പ്രദായികമായ സമീപനത്തില്‍, കേരളത്തിലെ മഹാശിലകള്‍ പുരാവസ്തുശാസ്ത്രാവശിഷ്ടങ്ങളിലെ പ്രത്യേക കൂട്ടമായി കണക്കാക്കപ്പെടുന്നു; അതുപോലെതന്നെ, വിഭിന്നമായ സ്ഥൂലകാലതാപരവും (Space – time) സാംസ്കാരികവുമായ പശ്ചാത്തലത്തെ അത് പ്രതിനിധീകരിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. സാംസ്കാരിക പരിണാമത്തിന്‍റെ കാലഹരണപ്പെട്ട, ഏകതാനമായ മാതൃക സംസ്കാരങ്ങളുടെ വികാസത്തെ പ്രാചീനശിലായുഗം, നവീനശിലായുഗം, മധ്യശിലായുഗം, ഇരുമ്പുയുഗം, പ്രാചീന ചരിത്രകാലഘട്ടം എന്നിങ്ങനെ തുടര്‍ച്ചയായി അനുഗമിക്കുന്ന സാംസ്കാരിക ഘട്ടങ്ങളായി രൂപപ്പെടുത്തിയിട്ടുണ്ട്; ഇത് ഓരോ സാംസ്കാരിക കാലഘട്ടത്തിലെയും സാംസ്കാരികമായ ആവിഷ്കാരങ്ങളുടെ വൈവിധ്യമാര്‍ന്ന രീതികളെ നിഷേധിക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തിട്ടുള്ളത്. വാസ്തവത്തില്‍, മഹാശിലാസംസ്കാരത്തിന്‍റെ സ്മാരകങ്ങളും ഭൗതിക സംസ്കാരങ്ങളും, പ്രാചീന ചരിത്രകാലത്തെ ഇന്ത്യന്‍ മഹാസമുദ്ര/ഇന്‍ഡൊ -റോമന്‍ കൈമാറ്റങ്ങളുടെ ഭൗതികാടയാളങ്ങള്‍, ശിലാകല, ആദിമ തമിഴ് സംഘസാഹിത്യങ്ങളിലെ വര്‍ണനകള്‍ എന്നീ തെളിവുകളെല്ലാം അതിയായി വ്യാപിച്ചുകിടക്കുന്ന സ്ഥൂലകാലതാപരമായ പശ്ചാത്തലത്തിലേക്കാണ് ബന്ധിപ്പിക്കുന്നത്.

കേരളത്തിലെ മഹാശിലകളുമായി ബന്ധപ്പെട്ടൊരു വിഷയം കല്ലറകളുമായി ബന്ധപ്പെട്ട പാര്‍പ്പിടകേന്ദ്രങ്ങളുടെ (habitation sites) അഭാവമാണ്. ഒരുപക്ഷേ കേരളത്തിലെ ആനക്കരയില്‍ കണ്ടതുപോലെ ഈ കല്ലറകളുടെ സമീപപ്രദേശങ്ങളില്‍ മനുഷ്യര്‍ പാര്‍ത്തിരുന്നിരിക്കാം. അതിനുപുറമെ, ഭൂപ്രകൃതിവിഭവ ലഭ്യത (landscape resource availability), കൂടുതല്‍ മഴലഭ്യത, കുന്നുംപ്രദേശത്തിന്‍റെ ചരിവ് എന്നിവയനുസരിച്ചുള്ള കേരളത്തിലെ ചിതറിയ അധിവാസസംവിധാനങ്ങളും (dispersed settlement pattern) ഒപ്പംതന്നെ ജൈവ വസ്തുക്കളുടെ ഉപയോഗവും ഇത്തരത്തില്‍ ചിതറിയ അധിവാസ സംവിധാനത്തിലേക്കും അവയുടെ അധിവാസകേന്ദ്രങ്ങളുടെ അവശിഷ്ട രൂപീകരണത്തിന്‍റെ (debris formation) അഭാവത്തിലേക്കും നയിച്ചിരിക്കാം.

കേരളം നല്ല രീതിയില്‍ മനുഷ്യരുടെ അധിവാസ സംവിധാനമുണ്ടായിരുന്നുയിടമായിരുന്നു; ഇരുമ്പുയുഗത്തില്‍ നടന്ന കുടിയേറ്റങ്ങളുടെ സ്വഭാവം വ്യക്തമല്ല; ദക്ഷിണേന്ത്യയിലേക്കുള്ള വേലിര്‍ വംശജരുടെ കുടിയേറ്റം സംബന്ധിച്ച പരികല്‍പ്പനകള്‍ക്ക് ഇവിടെ ചില പ്രാധാന്യമുണ്ടാകാമെന്ന് കരുതുന്നു. മഹാശിലാസ്മാരകങ്ങളും അവയില്‍നിന്നും ലഭിച്ച വൈവിധ്യമാര്‍ന്ന വസ്തുക്കളും പില്‍ക്കാല ഇരുമ്പുയുഗത്തില്‍ കൈപ്പണിയില്‍ വൈദഗ്ധ്യം നേടിയ ഒരു ഉന്നത/മൂപ്പുവാഴ്ച്ചാസമാനമായ സമൂഹത്തെ (ranked/chiefdom- like society) സൂചിപ്പിക്കുന്നതാണ്. സെറാമിക്സിലും ഇരുമ്പുരുക്കി പണിയുന്നതിലും വെങ്കലം കൊണ്ടുള്ള കൈപ്പണിയിലുമെല്ലാം ഈ വൈദഗ്ധ്യമുണ്ടായിരുന്നു. മഹാശിലാസംസ്കാരകാലത്തെ കെട്ടിടങ്ങള്‍ ഗോത്ര സംഘങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള സാമൂഹിക ശൃംഖലയുടെ ദൃഢീകരണത്തെയും വംശപരമ്പരയോടും പൂര്‍വികരോടും പുലര്‍ത്തിയിരുന്ന ആദരവിനെയും സൂചിപ്പിക്കുന്നു. കേരളത്തിന്‍റെ കുന്നുംപ്രദേശങ്ങളില്‍ വേട്ടക്കാരും മാറ്റകൃഷിക്കാരുമുണ്ടായിരുന്നു (Shifting Cultivators); തീരപ്രദേശങ്ങളില്‍ മുക്കുവ സമൂഹമായിരുന്നു; അവര്‍ പ്രാചീനകാല കൈമാറ്റശൃംഖലയില്‍ സജീവമായ പങ്കുവഹിക്കുകയും, അവരില്‍ ചിലര്‍ ‘മഹാശിലാകാല നിര്‍മാണസമൂഹങ്ങളി’ല്‍ (Mega lithic Building) പങ്കുവഹിക്കുകയും ചെയ്തിരുന്നു. മുക്കുവ സമൂഹം കടല്‍വിഭവങ്ങള്‍ ശേഖരിക്കുകയും അവ പാഡികള്‍ക്ക് (Paddy) കൈമാറുകയും ചെയ്തിരുന്നു; മലയോര സമൂഹം (Hill-folk) പകരമായി വനോത്പന്നങ്ങള്‍ കൈമാറി. നവീനശിലായുഗകാലത്ത് വികസിച്ച ഈ പ്രാദേശികാന്തര കൈമാറ്റങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ പാല്‍ഘട്ട് വിടവിനടുത്തുള്ള (Palghat Gap) മൊളപാളയത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വേട്ടയാടുന്നവര്‍ പരിമിതമായ തോതിലുള്ള കൃഷിയും മാറ്റകൃഷിയും ചെയ്തിരിക്കാം. ഒരുപക്ഷേ അരിയുത്പാദനം ഇരുമ്പുയുഗത്തില്‍ തുടങ്ങിയിട്ടുണ്ടാവാം. ഇരുമ്പുയുഗത്തില്‍ ദക്ഷിണേഷ്യയുടെ മറ്റു ഭാഗങ്ങളുമായും ഇന്ത്യന്‍ മഹാസമുദ്രപ്രദേശവുമായും ദീര്‍ഘദൂര കൈമാറ്റങ്ങളും തുടങ്ങിയിരുന്നു. ഏതാണ്ട് പ്രാചീന ചരിത്ര കാലഘട്ടത്തോടെ കേരളത്തിലെ എല്ലാ പരിസ്ഥിതി വ്യൂഹങ്ങളിലും (Ecological Niches- സസ്യം അഥവാ ജീവി അതിന്‍റെ സാഹചര്യത്തില്‍ സ്വീകരിച്ചിട്ടുള്ള പ്രത്യേക സ്ഥാനം അഥവാ അതിന് സൗകര്യപ്രദമായ സ്ഥലം) ജനങ്ങളുണ്ടായിരുന്നു; അവര്‍ ആദ്യകാല തമിഴ് സംഘസാഹിത്യങ്ങള്‍ വ്യക്തമാക്കുന്നതുപോലെ കൈമാറ്റ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

പ്രാചീനകേരളത്തിന്‍റെ രാഷ്ട്രീയ രൂപീകരണം ഈ ശിലാലിഖിതങ്ങളിലൂടെയും ആദ്യകാല സാഹിത്യങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തപ്പെടുന്നു. കൂട്ടങ്ങള്‍, ഗോത്രങ്ങള്‍, ഉന്നത/മൂപ്പുവാഴ്ചാ സമൂഹങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രാഷ്ട്രീയ രൂപങ്ങളും, പ്രാദേശികമായ നിയന്ത്രണത്തോടുകൂടിയ സ്റ്റേറ്റ് രഹിത ഭരണസംവിധാനങ്ങളും നിലനിന്നിരുന്നു. പര്‍വതപ്രദേശങ്ങളില്‍ ‘കൂട്ടങ്ങള്‍’ എന്ന നിലയില്‍ അലഞ്ഞുനടക്കുന്ന വേട്ടയാടലുകാരും മുക്കുവ സമൂഹത്തില്‍ ഗോത്രങ്ങളും കൃഷി – ഇടയ സമൂഹങ്ങളും കേരളത്തില്‍ ഉണ്ടായിരുന്നു. ബിസിഇ മൂന്നാം നൂറ്റാണ്ടോടുകൂടി കേരളത്തില്‍ ചേരന്മാരിലെ വേണ്ടര്‍മാരും ആയ് സാമ്രാജ്യത്തിലെ വേലിരുമാരും ആവിര്‍ഭവിച്ചു; അവര്‍ക്ക് വര്‍ധിതമായ പ്രാദേശിക നിയന്ത്രണമുണ്ടായിരുന്നു; അവര്‍ പാണ്ഡ്യന്മാരോട് യുദ്ധം ചെയ്തിരുന്നു. എന്തുതന്നെയായാലും, ഈ രാഷ്ട്രീയരൂപങ്ങള്‍ രാഷ്ട്രതലത്തിലുള്ള ഭരണസംവിധാനങ്ങളായിരുന്നില്ല; എന്നാല്‍, ചേരന്മാര്‍ അവഗണിക്കാനാകാത്തൊരു രാഷ്ട്രീയശക്തിയായിരുന്നു. ഗ്രീക്കോ-റോമന്‍ സാഹിത്യങ്ങളിലും സംഘസാഹിത്യങ്ങളിലും ഭരണസംവിധാനത്തെക്കുറിച്ചു നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ചേരന്മാരുടെ അധികാരവും കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന പ്രദേശാടിസ്ഥാനത്തിലുള്ള നിയന്ത്രണവും എത്രത്തോളമായിരുന്നു എന്നു വ്യക്തമാക്കുന്നു. സംഘഭരണ സംവിധാനത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍, വേലിറുകള്‍ ഉന്നത/മൂപ്പുവാഴ്ചാ സമൂഹങ്ങളും അതേസമയം വേണ്ടറുകള്‍ ഈ മൂപ്പുവാഴ്ചാ വിഭാഗത്തിനും രാഷ്ട്രത്തിനും അപ്പുറവുമായിരുന്നു; എന്നാല്‍ അവര്‍ മൂപ്പുവാഴ്ചാവിഭാഗങ്ങളുടേതായ ചില സവിശേഷതകള്‍ വച്ചുപുലര്‍ത്തിയിരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − twelve =

Most Popular