ഏതാനും ദശലക്ഷം വര്‍ഷം മുമ്പ് പലതവണ കടലെടുത്തും വെച്ചും രൂപപ്പെട്ട കരയാണു മലയാളദേശം. മലമുടികള്‍ക്കും കടലിനും (അളം) ഇടയില്‍ ആദിമ കടലേറ്റങ്ങളുടെയും ഇറക്കങ്ങളുടെയുംഅവശേഷങ്ങളായ ചിരപുരാതനകാലത്തെ വെള്ളച്ചാലുകളും (പാലിയോഫ്ലൂവിയല്‍ ചാനലുകള്‍) തിരോഭവിച്ച അനേകം നദികളുടെ അടയാളങ്ങളും വെള്ളക്കെട്ടുകളും ഉള്ള ദേശം. സഹ്യാദ്രിയുടെ കാടുമൂടിയ പടിഞ്ഞാറന്‍ പാറക്കെട്ടുകളും താഴ്വരയും സമതലങ്ങളും ചെമ്മണ്‍ പരപ്പും ചതുപ്പും തണ്ണീര്‍ത്തടങ്ങളും അടങ്ങിയ കര കടലോടു ചേര്‍ന്ന പ്രകൃതിരമണീയ ഭൂപ്രദേശത്തെ ചേരളമെന്നും കേരളമെന്നും വിളിച്ചു. അശോക ചക്രവര്‍ത്തിയുടെ ശാസനത്തില്‍ കേരളമെന്ന പേരാണുള്ളത്. പില്‍ക്കാലത്തു കേരളത്തിലെങ്ങും തിങ്ങിവിളഞ്ഞ തേങ്ങ (തെങ്കായ് – തെക്കന്‍ ദിക്കില്‍നിന്നെത്തിയ കായ്) യ്ക്കു കേരം എന്ന പേരു കിട്ടിയത് കേരളം എന്ന പേരില്‍ നിന്നായിരിക്കാനാണ് സാധ്യത, അല്ലാതെ മറിച്ചല്ല. നാളിയുള്ള എന്ന അര്‍ത്ഥത്തിലാവാം നാളികേരം എന്നു പറയപ്പെടുന്നത്.
കേരളക്കരയിലെ പ്രാചീന മനുഷ്യരും ആവാസ പ്രകൃതിയും ഉപജീവന പ്രക്രിയകളും ചുരുക്കി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനമാണ് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. അതില്‍ ആദിമ ശിലായുഗവും പില്‍ക്കാല ശിലായുഗവും ചെറുതായൊന്നു സൂചിപ്പിച്ചതിനു ശേഷം കുറേക്കൂടി വിശദമായി ഇരുമ്പിന്‍റെ ലോഹവിദ്യ പ്രചരിച്ച ഘട്ടത്തിലെ മനുഷ്യരുടെ ആവാസപ്രകൃതിയും ജീവിതസമ്പ്രദായവും ഭൗതിക സംസ്കൃതിയും അതിന്‍റെ വികാസ പരിണാമങ്ങളും പരിശോധിക്കാനാണു ശ്രമം. പ്രാചീനകാലം എന്നതുകൊണ്ട് ചരിത്രാതീതകാല സംസ്കൃതിയും ചരിത്രകാല സംസ്കൃതിയിലേക്കുള്ള അതിന്‍റെ വികാസവും പരിണാമവും അടങ്ങുന്ന കാലയളവാണു ഞാനിവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ ഇടയകര്‍ഷക ഘട്ടത്തിന്‍റെ വികാസവും പരിണാമവും നടന്നകാലം ആ വിഷ്കരിക്കാനാണ് ശ്രമിക്കുന്നത്.
ശിലായുഗ ഘട്ടം
കൊടുംവനവും കൊടുമുടികളും മൂലം കേരളം ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നതിനാല്‍ ശിലായുഗമനുഷ്യര്‍ അവിടേക്കെത്തിയിരുന്നില്ല എന്നാണു കരുതപ്പെട്ടിരുന്നത്. എന്നാല്‍ എഴുപതുകളുടെ തുടക്കത്തില്‍ പത്മനാഭന്‍ തമ്പി, രാജേന്ദ്രന്‍ എന്നീ പുരാവസ്തുഗവേഷകരുടെ കണ്ടുപിടുത്തങ്ങള്‍ പശ്ചിമഘട്ട പാറക്കൂട്ടങ്ങള്‍ക്കിടയിലെ ഗുഹകളിലും ചില നദീതട ഉരുളന്‍ കല്ലുകള്‍ക്കിടയിലും ആദിമശിലായുധങ്ങളുടെ അവശിഷ്ടങ്ങളും ഗുഹാചിത്രങ്ങളും കണ്ടെത്തി. അവയാണ് കേരളത്തിന്‍റെ ശിലായുഗ ഘട്ടത്തെ അടയാളപ്പെടുത്തുന്ന തെളിവുകള്‍. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചുപ്രദേശത്തും മറയൂരും ചെന്തുരുണിയിലും തെന്മലയിലും മറ്റുമാണു ശിലായുധങ്ങളും ഗുഹാചിത്രങ്ങളും കണ്ടെത്തിയത്. അവ ഏകദേശം മുപ്പതിനായിരം വര്‍ഷത്തോളം മുമ്പത്തെ മനുഷ്യാധിവാസം സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. കുറേക്കൂടി വ്യാപകമായി കാണുന്നത് പില്‍ക്കാലശിലായുഗത്തിന്‍റെ അവശിഷ്ടങ്ങളായ സൂക്ഷ്മശിലായുധങ്ങളാണ്.ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ഉയരം കുറഞ്ഞ പാറക്കെട്ടുകളില്‍ സൂക്ഷ്മ ശി ലായുധങ്ങള്‍ കണ്ടെത്തിയിരുന്നു. ചിലേടങ്ങളില്‍ ഈ ആയുധങ്ങളുടെ ശേഖരം കണ്ടെത്തിയതായി രേഖയുണ്ട്. ഇത് പതിനായിരം വര്‍ഷം മുമ്പുള്ള മനുഷ്യാധിവാസവും വ്യാപനവും കാണിക്കുന്നതായി പുരാവസ്തുഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലത്തെയും പില്‍ക്കാലത്തെയും ഗുഹാചിത്രങ്ങള്‍ വയനാട്ടിലെ എടക്കല്‍, പുല്‍പ്പള്ളിയിലെ കാപ്പിക്കുന്ന് തുടങ്ങി പല സ്ഥലങ്ങളില്‍ അവശേഷിച്ചിട്ടുണ്ട്.
നവീന ശിലായുഗ ഘട്ടം കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമല്ലെന്നു തോന്നുന്നു. വളരെ അപൂര്‍വമായി അവിടെയും ഇവിടെയും ഏതാനും കല്ലുളികള്‍ കണ്ടെത്തിയതൊഴിച്ചാല്‍ മറ്റു തെളിവുകളൊന്നുമില്ല. എടയ്ക്കല്‍ ഗുഹയുടെ സമീപ പ്രദേശത്തുനിന്ന് ഫോസെറ്റിനു നവീനശിലായുഗത്തിലെ കല്ലുളി ലഭിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ കല്ലുളി ഉരച്ചുണ്ടാക്കിയതാവാമെന്ന വാദം തള്ളിക്കളയാനാവില്ല. കാരണം പാറയുടെ ഉപരിതലം കല്ലുളിക്കു വഴങ്ങും വിധം മൃദുലമാണ്. മാത്രമല്ല ഗുഹയുടെ താഴത്തെ ഭാഗമാവട്ടെ ജലലഭ്യതയും സുരക്ഷിതത്വവും ഉള്ള വാസയോഗ്യമായ ഒരുവലിയ പാറമടയാണു താനും.
എങ്കിലും പൊതുവെ കാടും കുന്നും ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും അധികമുള്ള കേരളത്തിന്‍റെ ഭൂപ്രകൃതിയും പരിസ്ഥിതിയും നവീനശിലായുഗ സംസ്കൃതിക്ക് ഇണങ്ങിയതല്ല. എന്നാല്‍ സൂക്ഷ്മശിലായുധങ്ങള്‍ ഉപയോഗിച്ചു ചെറിയ കാട്ടുമൃഗങ്ങളെയും ഉരഗങ്ങളെയും വേട്ടയാടിയും മീന്‍ പിടിച്ചും ഉപജീവനം കഴിച്ച പില്‍ക്കാല ശിലായുഗ മനുഷ്യരുടെ ആവാസത്തിന് അത് വളരെ അനുയോജ്യമായിരുന്നു താനും. അതിനാല്‍ നവീനശിലായുഗ സംസ്കൃതിയുടെ വ്യാപനമല്ല പില്‍ക്കാല ശിലായുഗ സംസ്കൃതിയുടെ തുടര്‍ച്ചയാണ് സംഭവിച്ചിരിക്കാനിടയുള്ളത്. ഇരുമ്പുരുക്കാനും ഇരുമ്പായുധങ്ങളുണ്ടാക്കാനും പ്രാപ്തിയുള്ള മനുഷ്യരുടെ വ്യാപനം നടക്കുന്നതുവരെ ഇവിടെ സൂക്ഷ്മശിലായുധ സംസ്കൃതിക്കായിരുന്നു മേല്‍ക്കൈ എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.
ഇടയകര്‍ഷക ഘട്ടം
കേരളത്തിലങ്ങോളമിങ്ങോളം എല്ലാ ഭൂപ്രകൃതിയിലും മനുഷ്യര്‍ വ്യാപിച്ച ഘട്ടമാണിത്. ഇരുമ്പുവിദ്യക്കാരായ ആളുകള്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നിന്ന് ബിസി ഒന്നാം സഹസ്രാബ്ദത്തിലാണ് ദക്ഷിണേന്ത്യന്‍ പെനിന്‍സുലയിലെത്തിയതെന്നു കരുതപ്പെടുന്നു. എന്നാല്‍ ഇവര്‍ കാര്യമായ തോതില്‍ വ്യാപിച്ചത് ബിസി അഞ്ഞൂറുയോടെ ആയിരിക്കാമെന്ന നിഗമനമാണു പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. അവര്‍ ദ്രാവിഡ ഭാഷ സംസാരിക്കുന്ന ഇടയകര്‍ഷക ഗോത്ര ങ്ങളായിരുന്നുവെന്ന നിഗമനവും ഉണ്ട്. എല്ലാവരും ഒരേഭാഷാ ഗോത്രക്കാരായിരുന്നുവെന്ന് പറയാനാവില്ല. ശിലായുഗ മനുഷ്യരുടെ പിന്മുറക്കാരും മറ്റും അവരുടെ ആവാസ വ്യവസ്ഥയില്‍ തുടര്‍ന്നിരിക്കുമല്ലോ. ചില ആദിവാസി ഭാഷകളില്‍ ഓസ്ട്രിക് പദങ്ങള്‍ ഉള്ളതായി ഭാഷാശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഏതായാലും ഇടയ കര്‍ഷക ഗോത്രങ്ങളില്‍ ഭൂരിഭാഗവും ദ്രാവിഡ ഭാഷക്കാരായിരുന്നുവെന്നു കരുതാം. ഒരുകൂട്ടര്‍ തീര്‍ത്തും അപ്രത്യക്ഷരായതിനുശേഷമകാം മറ്റൊരു കൂട്ടര്‍ എത്തിയത് എന്ന ധാരണയോടെ യുള്ള ചരിത്രവിവരണം യുക്തിക്കുനിരക്കുന്നതല്ല. ഏതുകാലത്തും നാനാവിഭാഗങ്ങളുടെ സഹവാസവും സങ്കര സംസ്കൃതിയുമായിരുന്നു നിലനിന്നിരിക്കുകയെ ന്നാണു ചരിത്രം കാണിക്കുന്നത്.
ഈ ഘട്ടത്തിലെ സംസ്കൃതിയുടെ പുരാവസ്തുശേഷിപ്പുകള്‍ മിക്കവാറും ശവം അടക്കിയതുമായി ബന്ധപ്പെട്ടുള്ളവയാണ്. ശവക്കല്ലറകളുടെയും കുഴിമാടങ്ങളുടെയും സ്മാരകശിലകളുടെയും നന്നങ്ങാടികളുടെയും അവശിഷ്ടങ്ങളാണധികവും. വീരമൃത്യുവരിച്ച വീരന്മാരുടെ സ്മരണയ്ക്കായി നാട്ടിയ വീരക്കല്ലും നടുകല്ലും കൊടക്കല്ലും തൊപ്പിക്കല്ലും ചെങ്കല്‍ ഗുഹയും വെട്ടറയും കല്‍വൃത്തവും ഇക്കൂട്ടത്തില്‍ പെടും.
ഭൂപ്രകൃതിയനുസരിച്ചും ഭൗതിക വസ്തുക്കളുടെ ലഭ്യതയനുസരി ച്ചും ശവം അടക്കം ചെയ്യുന്ന സമ്പ്രദായത്തിലും സ്മാരകങ്ങളുടെ രൂപത്തിലുമൊക്കെ വ്യത്യാസങ്ങള്‍ കാണാം. കരിങ്കല്ല് ധാരാളമുള്ള ഹൈറേഞ്ചു പ്രദേശങ്ങളില്‍ വലിയ ഡോള്‍മിനുകളും സിസ്റ്റുകളും കാണപ്പെടുന്നു. എന്നാല്‍ ചെമ്മണ്‍പരപ്പിലും വലിയ കരിങ്കല്‍പ്പലകകള്‍കൊണ്ടുള്ള ഡോള്‍മിനുകള്‍ ചിലേടത്തുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ പോര്‍ക്കളം അത്തരം സ്മാരകങ്ങളുടെ ഒരിടമാണ്. ചെങ്കല്‍കുന്നുകളിലും പരപ്പുകളിലും സാധാരണ കാണുന്നതു ചെങ്കല്ലറകളും ഗുഹകളുമാണ്. ചെങ്കല്‍പ്പാറപ്പരപ്പില്‍ ചതുരത്തിലോ വൃത്താകൃതിയിലോ താഴേക്കു വെട്ടിയ പ്രവേശന കവാടത്തോടുകൂടിയവയാണ് അറകള്‍. കരിങ്കല്‍പ്പലകകള്‍കൊണ്ടുള്ള അറകളെയും ചെങ്കല്ലറകളെയും മുനിയറകള്‍ എന്നാണു വിളിച്ചുവരുന്നത്. ഗുഹകള്‍ പൊതുവെ നാസാദ്വാരത്തിന്‍റെ ആകൃതിയില്‍ വെട്ടിയ പ്രവേശനകവാടത്തോടുകൂടിയവയാണ്. അവയ്ക്കകത്തു തളവും തളത്തില്‍നിന്നു ചതുരകവാടംവഴി കടക്കാവുന്ന അറയും തിണ്ണയും കാണും.
സമതലങ്ങളില്‍ നന്നങ്ങാടിയാണു വ്യാപകമായി കാണുന്നത്. നന്നങ്ങാടിയുടെ മാതൃകയില്‍ ചെങ്കല്ലില്‍വെട്ടിയ അറകളുടെ ഒരുസമുച്ചയം കാഞ്ഞങ്ങാട് ഉമ്മിച്ചിപ്പൊയില്‍ എന്ന സ്ഥലത്തുണ്ട്. അതു പോലെ കല്‍വളയങ്ങളും വളയ ങ്ങള്‍ക്കകത്ത് ചെങ്കല്ലറകളും കൊടക്കല്ലിനടിയില്‍ ശവക്കുഴിയും പലേടത്തും കണ്ടിട്ടുണ്ട്. ആനക്കര പ്രദേശത്തുള്ള കല്‍വളയങ്ങള്‍ ഉദാഹരണമാണ്. ഇങ്ങനെയുള്ള അറകളിലും ഗുഹകളിലും നന്നങ്ങാടികളിലും പലതരം മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളും വിളക്കുകളും മുക്കാലികളും കാര്‍ണീലിയന്‍ മാലമണികളും മറ്റും ഉള്ളതായി കണ്ടിട്ടുണ്ട്.
അതാതു പ്രദേശങ്ങളില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴുണ്ടാവുന്ന വ്യത്യാസങ്ങള്‍ മാത്രമല്ല ശവം മറവുചെയ്യുന്നതിലെ വ്യത്യസ്ത രീതികളും ഈ അവശിഷ്ടങ്ങളില്‍ പ്രകടമാണ്. ഒരുപക്ഷേ ഗോത്രപരമോ വംശീയമോ ആയ വ്യത്യാസങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നുണ്ടാവാം. ഏതായാലും ഇവയൊന്നും ശവക്കുഴികളല്ല. ശവം നേരിട്ടു മറവുചെയ്ത ഇടങ്ങളുമല്ല. മിക്കവാറും എല്ലാംതന്നെ ഇട്ടു ജീര്‍ണ്ണിപ്പിച്ചോ ചുട്ടോ ശേഖരിച്ച അസ്ഥികളും പലതരം മണ്‍പാത്രങ്ങളും വാള്‍, കുന്തം, കത്തി, കഠാര തുടങ്ങിയ ഇരുമ്പായുധങ്ങളും വിളക്കുകളും മുക്കാലികളും കാര്‍ണീലിയന്‍ മാലമണികളും പോലുള്ള പല സാമഗ്രികളോടൊപ്പം മറവുചെയ്തതായാണു കാണുന്നത്. ഈ സാമഗ്രികളൊന്നും മരിച്ച ആളുപയോഗിച്ചവയല്ല. എല്ലാം പുതിയവയാണ്. ശവം നേരിട്ടു മറവു ചെയ്തതായി സൂചിപ്പിക്കുന്ന അവശിഷ്ടങ്ങളും അപൂര്‍വ്വമായി കാണുന്നുണ്ട്. ഇവയൊന്നും തന്നെ സാധാരണക്കാരുടേതല്ല. വീരന്മാരുടെയും ഗോത്രത്തലവന്മാരുടെയും ഊര്‍മന്നന്മാരുടെയും മറ്റും സ്മാരകസമുച്ചയങ്ങളാണ്. ചില സമുച്ചയങ്ങളുടെ സ്ഥലനാമങ്ങളില്‍നിന്നുതന്നെ അതു വ്യക്തമാവുന്നുണ്ട്. മാങ്ങാട് എന്ന സ്ഥലനാമം ഉദാഹരണമായി പറയാം. മാന്‍ എന്നതു കോമാന്‍ (തലവന്‍) ആയിരിക്കണം. കാട് ചുടുകാടും. മാങ്ങാടെന്ന സ്ഥലപ്പേര് കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ഒരു സുപ്രധാന സ്മാരകസമുച്ചയം സ്ഥിതിചെയ്യുന്ന ചേരാമാനങ്ങാട് (ചേരമാന്‍ കാട്) എന്ന സ്ഥലം ചേരന്മാരുടെ ചുടുകാടായിരുന്നിരിക്കാം.
വീരാരാധന ഇടയ കര്‍ഷക സംസ്കൃതിയുടെ സവിശേഷതയാണ്. ഇടയസമ്പത്ത് മുഖ്യമായും പശുക്കളായിരുന്നു. പശുക്കളെ കവരുന്നതിനും കവര്‍ച്ചചെയ്യപ്പെട്ടവയെ തിരിച്ചുപിടിക്കുന്നതിനും ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകള്‍ ഇടയസംസ്കൃതിയുടെ അവിഭാജ്യ ഘടകമാണ്. ഇടയ ഗോത്രത്തലവന്മാര്‍ പോരാളികളും വീരന്മാരുമായിരിക്കും. പോരാളികളില്‍ സാഹസികരായ വീരന്മാര്‍ വേറെയും ഉണ്ടാവും. അവരുടെയൊക്കെ വീരമൃത്യുവിന്‍റെ സ്മാരകങ്ങളാണ് വീരക്കല്ലുകള്‍. മറ്റുള്ളവ തലവന്മാരുടെ സ്മാരകങ്ങളും. വീരാരാധനയും പിതാമഹാരാധനയും ഈ സ്മാരകങ്ങളില്‍ പ്രകടമാണ്. ചിലതില്‍ സതി അനുഷ്ഠാനത്തിന്‍റെ സൂചനയും ഉണ്ട്.
ഈ മനുഷ്യര്‍ ഓരോ ഭൂപ്രകൃതിയിലും അതാതിടത്തെ വിഭവ സാധ്യതകള്‍ ചൂഷണം ചെയ്യുന്ന ഉപജീവന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ പ്രധാനമായും ആശ്രയിച്ചത് ഇടയവൃത്തിക്കും ചെറിയ തോതിലുള്ള കൃഷിക്കും പറ്റിയ കല്ലും കാടും പുല്‍മേടുകളും ഉള്ള കുന്നിന്‍പുറങ്ങളും ചെമ്മണ്‍ പരപ്പും ആയിരുന്നു. പ്രധാന ഉപജീവനം കാലിവളര്‍ത്തലും പുനംകൃഷിയും. ഇതിനര്‍ത്ഥം അക്കാലത്തെ എല്ലാ മനുഷ്യരും ഇങ്ങനെ നിത്യവൃത്തി കഴിച്ചവരായിരുന്നു എന്നല്ല. കൃഷിയെ മാത്രം ആശ്രയിച്ചവരും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചു കൈമാറ്റം ചെയ്തും വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചു കൈമാറ്റം ചെയ്തും ഉപജീവനം കഴിച്ചവരും ഒക്കെ ഉണ്ടായിരുന്നുവെന്ന് ശ്മശാനാവശിഷ്ടങ്ങളില്‍നിന്നു വ്യക്തമാണ്. ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ കാട്ടിനുള്ളില്‍ കഴിഞ്ഞവരും ഉണ്ടായിരുന്നുവെന്ന് സാമാന്യബുദ്ധികൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ. അക്കാലത്തെ ഭൗതിക സംസ്കൃതിയെപ്പറ്റിയും പരിസരജ്ഞാനത്തെപ്പറ്റിയും സാങ്കേതികവിദ്യയെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും കലയെപ്പറ്റിയും കരവിരുതിനെക്കുറിച്ചും ശ്മശാന സ്മാരകങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഏറ്റുകുടുക്കയിലെ ചിത്രീകരണം കാളകളെ ഉഴവിനും വണ്ടിക്കും പൂട്ടുന്ന രീതി അറിയാമായിരുന്നുവെന്നു സൂചന ലഭിക്കുന്നു. എടയ്ക്കല്‍ ഗുഹാചിത്രങ്ങളില്‍ വണ്ടിയും ആരക്കാലുകളോടു കൂടിയ വണ്ടിച്ചക്രങ്ങളും ഉണ്ട്.
പഴന്തമിഴ്പ്പാട്ടുകള്‍
സംഘ കാവ്യങ്ങള്‍ എന്നു പ്രസിദ്ധികേട്ട പഴന്തമിഴ്പ്പാട്ടുകളാണ് ഇടയ കര്‍ഷക സംസ്കൃതിയെപ്പറ്റി വിശദമായ അറിവുതരുന്നത്. പാണ്ഡ്യ രാജസദസ്സിലെ ദേവീ ദേവന്മാരുള്‍പ്പെടെയുള്ള അനേകം കവികള്‍ രചിച്ചവയാണെന്നൊക്കെ ഐതിഹ്യം പറയുന്ന ഈ പാട്ടുകള്‍ യഥാര്‍ത്ഥത്തില്‍ പാണന്മാര്‍ (പാട്ടുകെട്ടി പാടുന്നവര്‍) അവരുടെ അരചന്മാരുടെ വീരത്വവും അപദാനങ്ങളും വാഴ്ത്തിപ്പാടി നടക്കാന്‍ കെട്ടിയ പാട്ടുകളാണ്. ഇവരാരും കവികളല്ലെന്നല്ല. അവര്‍ പാട്ടുപാരമ്പര്യത്തില്‍ പെട്ടവരാണെന്നു പറഞ്ഞെന്നേ ഉള്ളൂ. അങ്ങനെ പാടിനടന്നവരില്‍ അനേകം ബ്രാഹ്മണരും ഉണ്ടായിരുന്നു. ആകെയുള്ള 2381 പാട്ടുകളില്‍ 238 എണ്ണം ബ്രാഹ്മണ പുലവരായ കപിലര്‍ രചിച്ചവയാണ്. കപിലരെപ്പോലെ പരണര്‍, കല്ലാടനാര്‍, മാമൂലനാര്‍, പാലൈ ഗൗതമനാര്‍ തുടങ്ങി പലരുമുണ്ട്. പാണന്മാരുടെ പാട്ടുപാരമ്പര്യം പണ്ടേ ഉണ്ടായിരുന്നെങ്കിലും ആ രംഗത്തേക്കുള്ള ബ്രാഹ്മണരുടെ പ്രവേശം മൂവേന്തന്മാരുടെ വാഴ്ചയോടെ ഉണ്ടായതാവാം. നാടന്‍ വാമൊഴിപ്പാട്ടുകളുടെ സ്ഥാനത്തു വ്യക്തികളായി തിരിച്ചറിയപ്പെട്ട കവികളും അവരിലൂടെ അറിയപ്പെട്ട പാട്ടുകളും ആ ഘട്ടത്തില്‍ തുട ങ്ങിയതായിരിക്കണം.
പ്രമേയം, വൃത്തം, ഇതിവൃത്തം, തിണ, തുറ തുടങ്ങിയ ലക്ഷണങ്ങളെ ആധാരമാക്കി വര്‍ഗ്ഗീകരിച്ച് എണ്ണിത്തിട്ടപ്പെടുത്തിയ സമാഹാരങ്ങളുടെ രൂപത്തിലാണ് ഇന്നുള്ളത്. സമാഹാരങ്ങളുടെ സമാഹാരങ്ങളെന്നും പറയാം. ചെറിയപാട്ടുകളുടെ എട്ടു സമാഹാരങ്ങളുടെ സമാഹാരമായ എട്ടുത്തൊകൈയും വലിയ പത്തുപാട്ടുകളുടെ സമാഹാരമായ പത്തുപ്പാട്ടുമാണ് അവ. എല്ലാം ഒരേകാലത്തെ പാട്ടുകളല്ല. ബിസിഇ ഒന്നാം നൂറ്റാണ്ടിലേതുതൊട്ട് ഒമ്പതാം നൂറ്റാണ്ടിലേതുവരെ ഉണ്ട്. പക്ഷേ ഭൂരിഭാഗം പാട്ടുകളും ബിസി ഒന്നാംനൂറ്റാണ്ടുതൊട്ടു സിഇ നാലാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ പെടുന്നവയാണ്. സമാഹരണം നടന്നതു പാട്ടുകളുണ്ടായി മൂന്നോ നാലോ നൂറ്റാണ്ടു കഴിഞ്ഞാണെന്നു പണ്ഡിതര്‍ കരുതുന്നു. പാട്ടുസമാഹാരങ്ങളുടെ മറ്റു വിശദവിവരങ്ങളിലേക്കു പോകുന്നില്ല. ഇവിടെ പ്രസക്തം പാട്ടുകളുടെ പൊതുവായ സാമൂഹികാന്തരീക്ഷവും പാട്ടുകളിലെ പ്രത്യേക പരാമര്‍ശങ്ങളുമാണ്. പാട്ടുകള്‍ ഇടയ വീരഗാഥകളാണെന്നും അവയുടെ സാമൂഹികാന്തരീക്ഷം കാലിക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കൊള്ളപ്പോരുകളാണെന്നും പറഞ്ഞു. ഇനി പാട്ടുകളിലെ പരാമര്‍ശങ്ങള്‍ ഇടയ കര്‍ഷക സംസ്കൃതിയെക്കുറിച്ച് നല്‍കുന്ന സൂക്ഷ്മ വിവരങ്ങള്‍ പരിശോധിക്കാം. അവയിലേറ്റവും പ്രധാനം പാട്ടുകളുടെ രചനാസങ്കേതത്തിന്‍റെ ഭാഗമായ തിണ സങ്കല്‍പ്പമാണ്.
പാട്ടുകളുടെ വര്‍ഗ്ഗീകരണത്തിനു സ്വീകരിച്ച നിദാനങ്ങളില്‍ ഒന്നായ തിണ, ഇടയ കര്‍ഷക സംസ്കൃതിയിലെ ജീവിതസാഹചര്യം ചിത്രീകരിക്കാന്‍ സഹായിക്കുന്ന സുപ്രധാന ഘടകമാണ്. തിണ എന്ന പദം ഭൂപ്രകൃതിയനുസരിച്ചു വേറിട്ടുനില്‍ക്കുന്ന പ്രദേശത്തെ സൂചിപ്പിക്കുന്നു. തമിഴ് വീരഗാഥാമീമാംസ വ്യാഖ്യാനിക്കുന്ന പ്രതീകാത്മക തിണകളുടെ അടിസ്ഥാനമായി വ്യത്യസ്ത ഭൂപ്രകൃതിയുള്ള അഞ്ചു യഥാര്‍ത്ഥ തിണകളെക്കുറിച്ചും അവിടത്തെ ആളുകളെക്കുറിച്ചും ഉപജീവന മാര്‍ഗ്ഗങ്ങളെക്കുറിച്ചും സാമൂഹിക സാംസ്കാരിക സവിശേഷതകളെക്കുറിച്ചും വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. കുറിഞ്ഞി (കാടും മേടും മലയും) മുല്ല (പുല്‍മേട്) മരുതം (നീര്‍നിലം) പാല (വരണ്ട നിലം) നെയ്തല്‍ (പൊയ്കയുടെയും കടലിന്‍റെയും തീരം) എന്നിവയാണ് അഞ്ചു തിണകള്‍. വേടരും വേട്ടുവരും കുറവരും കുറിഞ്ഞിത്തിണയില്‍ വേട്ടയാടിയും കാടു വെട്ടിച്ചുട്ടു തിനയും ചോളവും കൃഷി ചെയ്തും ഇടയര്‍ മുല്ലത്തിണയില്‍ കാലിമേച്ചും ഉഴവര്‍ മരുതം തിണയില്‍ നെല്ലും കരിമ്പും നട്ടും പാലത്തിണയില്‍ മറവര്‍ കാലിക്കവര്‍ച്ചയിലും കൊള്ളയിലും ഏര്‍പ്പെട്ടും നെയ്തല്‍ തിണയില്‍ പരതവര്‍ മീന്‍ പിടിച്ചും ഉപ്പുകുറുക്കിയും ഉമണര്‍ ഉപ്പും ഉണക്കമീനും കൈമാറ്റം ചെയ്തും ജീവിച്ചു. ഈ അഞ്ചും വ്യത്യസ്ത ഭൂപ്രകൃതികളാണെങ്കിലും പലതിണകളും ഇടകലര്‍ന്നാണു കിടന്നത്. പ്രാഏയോഗികമായി അവയെ രണ്ട് പുലങ്ങളായേ കണ്ടിരുന്നുള്ളൂ: കല്ലും മുള്ളും പുല്‍മേടും വരണ്ട കുന്നുകളും നിറഞ്ഞ വന്‍പുലവും താരതമ്യേന വിളവുമേന്മയുള്ള മേന്‍പുലവും. വന്‍പുലത്തില്‍ ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും വിവിധങ്ങളായ മണ്‍പാത്രങ്ങളുടെയും കല്‍മണിമുത്തുകളുടെയും രത്നക്കല്ലുകളുടെയും പണിയാലകള്‍ ഉണ്ടായിരുന്നു.
തിണയിലെ ഓരോ ഊരിലും ഊരു മൂപ്പന്മാര്‍ ഉണ്ടായിരുന്നു. പാട്ടുകളില്‍ ഊര്‍ കിഴാര്‍ എന്നും ഊര്‍ മന്നര്‍ എന്നുമാണവരെ പരാമര്‍ശിക്കുന്നത്. വലിയ മലകള്‍ക്കധിപന്മാരായി മലമൂപ്പന്മാര്‍ (പാട്ടില്‍ വെളിര്‍കള്‍) വാണു. എല്ലാ മൂപ്പന്മാര്‍ക്കും മേലെ വേന്തന്മാരായിരുന്നു അധികാരികള്‍. ചേരന്‍, പാണ്ഡ്യന്‍, ചോഴന്‍ എന്നിങ്ങനെ മൂന്നു കൂട്ടര്‍ വേന്തന്മാരായി അറിയപ്പെട്ടു. ആള്‍ബലവും വിഭവങ്ങളും അവര്‍ക്കു കൂടുതലുണ്ടായിരുന്നു. ഏറെ നെല്ലും കരിമ്പും വിളയുന്ന നീര്‍നിലങ്ങളും കടല്‍ വരുമാനവും (കടല്‍ത്താരം) മലവരുമാനവും (മലൈത്താരം) ചേര്‍ന്ന പുതുവരുമാനമുള്ളവരായി (യാണര്‍ മെയ്യര്‍ കോമാന്‍) പാണന്മാര്‍ വേന്തന്മാരെ പാടിപ്പുകഴ്ത്തി. വിഭവങ്ങള്‍ കൂട്ടുന്നതിനായി വേന്തന്മാര്‍ പോരടിച്ചു. പോരിനു വന്‍പുല നിവാസികളായ മറവര്‍ ആയിരുന്നു യോദ്ധാക്കള്‍. അതില്‍ ഊരു മൂപ്പന്മാരും ചേര്‍ന്നു. ഊരു മന്നന്മാരായാലും മലവേളിരുകളായാലും വേന്തന്മാരായാലും കാലിക്കവര്‍ച്ചയും കൊള്ളയുമായിരുന്നു പോരിന്‍റെ ഘടകങ്ങള്‍. ഓരോ പോരും കൊള്ളമുതല്‍ സമാഹരിക്കുന്നതിനും അതു പുനര്‍വിതരണം വഴി മറവര്‍ക്കും സ്വന്തക്കാര്‍ക്കും ചാര്‍ച്ചക്കാര്‍ക്കും പാടിപ്പുകഴ്ത്തുന്ന പാണന്മാരുമായി പങ്കിടുന്നതിനുവേണ്ടിയായിരുന്നു. വിശന്നു വലഞ്ഞു പാടിവരുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ വിത്തിനു വെച്ചതുപോലും ബാക്കിയില്ലാത്ത ഓരോ മൂപ്പനും കുന്തവും കൊണ്ടു പോരിനു പുറപ്പെടുന്നതിനെപ്പറ്റി പാണന്മാര്‍ പാടി. വന്‍പുലമായാലും മേന്‍പുലമായാലും രണ്ടിലും ഉല്‍പ്പാദനം എപ്പോഴും നന്നെ പരുങ്ങലിലായിരുന്നു. ഈ പഞ്ഞം തീര്‍ക്കാന്‍ നിരന്തരം കാലിക്കവര്‍ച്ചയും കൊള്ളയും നടത്തി കൊള്ളമുതല്‍ വിതരണം ചെയ്ത് വന്‍പുലം വാണ ഇടയ വീരന്മാരായ മൂവേന്തന്മാര്‍ മേന്‍പുല വാസികളായ കര്‍ഷകരെ കൊള്ളപ്പോരിലൂടെ വരുതിയില്‍ നിര്‍ത്തിപ്പോന്നു.
ഇടയകര്‍ഷക സമ്പദ് വ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ മനസ്സിലാക്കുന്നതിനു പകരം ചരിത്രമെഴുതുന്നവര്‍ പൊതുവെ ചരിത്രസാമഗ്രികളോരോന്നിനേയും അടിസ്ഥാനമാക്കി വ്യത്യസ്ത സംസ്കൃതികളെ സങ്കല്‍പ്പിച്ചതായി കാണാം. ശ്മശാന സ്മാരകങ്ങളെ അടിസ്ഥാനമാക്കി മഹാശിലാ സംസ്കൃതിയെയും ബാഹ്മി ലിഖിതങ്ങളുടെ വെളിച്ചത്തില്‍ ശ്രമണ സംസ്കൃതിയെയും റോമന്‍ നാണയങ്ങളുടെയും ഗ്രീക്കോറോമന്‍ നാവികക്കുറിപ്പുകളുടെയും തുറമുഖപട്ടണ പുരാവസ്തുക്കളുടെയും നിറവില്‍ സമുദ്രാന്തര വാണിജ്യ നാഗരികത സംസ്കൃതിയെയും പഴന്തമിഴ്പ്പാട്ടുകളെ ആധാരമാക്കി സംഘകാല സംസ്കൃതിയെയും സങ്കല്‍പ്പിച്ചു. ഈ തെളിവുസാമഗ്രികളുടെയെല്ലാം കാലങ്ങള്‍ പരസ്പരം കയറിയും ഇറങ്ങിയും കിടക്കുന്ന കാര്യവും സ്ഥലം ഒന്നാണെന്ന സത്യവും ഗൗനിക്കാതെ കണ്ണടച്ചുള്ള സങ്കല്‍പ്പമാണത്. അതുയര്‍ത്തിക്കാട്ടുന്നത് വലിയൊരു നാഗരികതയുടെ വികാസപരിണാമ ചരിത്രമാണ്.
സത്യത്തില്‍ ഉള്‍പ്രദേശ വിഭവ സമൃദ്ധിയെ ആശ്രയിച്ചു നിലനില്‍ക്കുന്ന ഉയര്‍ന്ന സ്ഥിരവാസ ഭൗതിക സംസ്കൃതിയാണു നാഗരികത. ഓരോ നഗരത്തിനും അതിന്‍റെ താങ്ങായി ഉള്‍പ്രദേശമുണ്ടായിരിക്കും. അന്നത്തെ തുറമുഖവും അതിനോടുചേര്‍ന്ന വിപണന കേന്ദ്രവും രണ്ടു കാലവര്‍ഷക്കാറ്റുകളുടെ ഇടവേളയില്‍ തമ്പടിച്ചിരുന്ന സമുദ്രാന്തര വരേണ്യവര്‍ത്തകരുടെയും കരവാണിജ്യക്കാരുടെയും തല്‍ക്കാല സങ്കേതമായിരുന്നു. കിഴക്കന്‍ മെഡിറ്ററേനിയന്‍ ധനികരുടെ ആര്‍ഭാടമുയര്‍ത്തിയ അപൂര്‍വ്വാവശ്യങ്ങളാണ് തുറമുഖപട്ടണത്തെ നിലനിര്‍ത്തിയത്. അല്ലാതെ ഉള്‍നാട്ടിലെ വിഭവോല്‍പ്പാദനമല്ല. ഈ അപൂര്‍വ്വാവശ്യങ്ങള്‍ നിറവേറ്റുന്നതിനു നാനാദിക്കുകളില്‍നിന്നു ശേഖരിക്കുന്ന വസ്തുക്കള്‍ ആവശ്യമായിരുന്നു. അവയില്‍ ചിലതൊക്കെ തുറമുഖപട്ടണം വഴിയും ശേഖരിച്ചു. മുചിറി പട്ടണത്തിന്‍റെ ഉള്‍പ്രദേശം നോക്കാം. വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകര പട്ടണപ്രദേശം മുഖ്യമായും നെയ്തല്‍ തിണയാണ്. കിഴക്കോട്ടുപോവുന്തോറും അതു വന്‍പുലമായി മാറും. അവിടെ കുറച്ചൊക്കെ മലനെല്ലും ചില പയറുവര്‍ഗ്ഗങ്ങളും വിളയും. ഒരുസ്ഥിരവാസ നാഗരിക സംസ്കൃതിയെ താങ്ങാനുള്ള വിഭവോല്‍പ്പാദനശേഷി അന്നതിനുണ്ടാവുക സാധ്യമല്ല. കാരണം അന്നത്തെ ഇടയ കര്‍ഷക സംസ്കൃതിയുടെ സമ്പദ്വ്യവസ്ഥ വിഭവ വിരളവും ദരിദ്രവുമായിരുന്നു. കേരളത്തില്‍ മാത്രമല്ല തമിഴകമാകെ ഒരായിരത്താണ്ടോളം അതായിരുന്നു അവസ്ഥ.
സാമൂഹ്യ രൂപാന്തരം
ഇടയ കര്‍ഷക സമ്പദ്വ്യവസ്ഥയ്ക്ക് ചില അടിസ്ഥാന പരിമിതികളുണ്ടായിരുന്നു. കുടുംബ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഉല്‍പാദന ബന്ധങ്ങളും കാലിക്കവര്‍ച്ചയിലും കൊള്ളയിലും കൊള്ളമുതല്‍ പുനര്‍വിതരണത്തിലും അധിഷ്ഠിതമായ അധികാരവും അതിന്‍റെ തേരോട്ടത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന കൃഷിനാശവും വീരത്വസംസ്കാരത്തിന്‍റെ ആധിപത്യവും ആയിരുന്നു മുഖ്യ പരിമിതികള്‍. ഇരു മ്പിന്‍റെ ലോഹവിദ്യക്ക് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. പക്ഷേ അതുപ്രയോജനപ്പെടുത്താന്‍ കുടുംബ ബന്ധത്തിലധിഷ്ഠിതമായ ഉല്‍പ്പാദനബന്ധങ്ങള്‍ അപര്യാപ്തമായിരുന്നു. കുടുംബബന്ധങ്ങള്‍ക്കതീതമായ ഉല്‍പ്പാദനബന്ധങ്ങള്‍ വികസിക്കണം. അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഈ വൈരുധ്യം മൂര്‍ച്ഛിച്ചുവരികയും ഇടയകര്‍ഷക സമ്പദ് വ്യവസ്ഥയെ ഉല്‍പ്പാദന പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ ഉത്തര കര്‍ണ്ണാടക പ്രദേശത്തുനിന്നുള്ള കളഭ്രരുടെ അക്രമാസക്തമായ പ്രവാഹം മൂവേന്തരെ കീഴ്പ്പെടുത്തി. തമിഴകത്തെ ഇടയ കര്‍ഷക വീരയുഗം അവസാനിപ്പിച്ചുകൊണ്ട് ശക്തമായ കളഭ്രവാഴ്ച തുടങ്ങിയതായി വഴിയേവന്ന പരിവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നു.
ഏതാണ്ട് നാലാംനൂറ്റാണ്ടിന്‍റെ അവസാനത്തിലോ അഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലോ രേഖപ്പെടുത്തിയ പരസ്പരബന്ധമുള്ള മൂന്നു ശിലാലിഖിതങ്ങള്‍ ചില നിര്‍ണ്ണായക പരിവര്‍ത്തനങ്ങളിലേക്കു വെളിച്ചം വീശുന്നു. പൊന്നമരാവതിയിലെ പൂലാങ്കുറിച്ചി (പൊന്നമ്മാരാവതി, മധുര) യില്‍ വയലിന്‍റെ നടുവിലെ ഒരു കൊച്ചു പാറയിലാണ് പ്രസ്തുത ലിഖിതങ്ങള്‍ ഉള്ളത്. അറിയപ്പെടുന്ന രാജവംശാവലിയിലൊന്നും കാണാത്ത പുതിയൊരു രാജപരമ്പരയുടെ 192 -ാം വര്‍ഷം ഭരണമേറ്റ ചേന്തന്‍ കൂറ്റനും മകന്‍ കൂറ്റന്‍ ചേന്തനുമാണ് ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന രാജാക്കന്മാര്‍. അവര്‍ കളഭ്രരായിരിക്കാം എന്ന ഊഹത്തില്‍ കഴമ്പുണ്ട്. അവര്‍ക്കു പാണ്ഡ്യനാടും കൊങ്കുനാടും ചോഴനാടും വേണാടും കീഴ്പ്പെട്ടിരുന്നുവെന്നു ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. അതുവഴി, ലിഖിതങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രകടമായ പരിവര്‍ത്തനം മൂവേന്തന്മാരുടെ സ്ഥാനത്ത് രാജാവു വന്നു എന്നതാണ്. കുടുംബബന്ധങ്ങള്‍ക്കതീതമായ ഉല്‍പ്പാദന ബന്ധങ്ങള്‍ ഉടലെടുത്തുവെന്നതാണ് താണുലിഖിതങ്ങളിലെ ഉള്ളടക്കം വ്യക്തമാക്കുന്ന അടിസ്ഥാന പരിവര്‍ത്തനം. രാജാജ്ഞപ്രകാരം ഒരു പടത്തലവന്‍ ചില ബ്രഹ്മതായഗ്രാമങ്ങളില്‍നിന്നു ഏതാനും കണ്ടങ്ങള്‍ വാങ്ങി ഒരു (ജൈന) ആശ്രമത്തിനു നല്‍കി അതില്‍ ഉഴവുനടത്താന്‍ മാത്രമായി കുടുംബികളെ കൊണ്ടുവന്നു പാര്‍പ്പിക്കുന്നതും ബന്ധപ്പെട്ട മറ്റു വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതുമാണ് ആദ്യലിഖിതത്തിലെ ഉള്ളടക്കം. കുടുംബികളെ കൊണ്ടുവന്നു ദാനഭൂമിയില്‍ ഉഴവരാക്കുന്ന സമ്പ്രദായവും ബ്രഹ്മതായ ഗ്രാമങ്ങളും അവയുമായി നടത്തിയ ഭൂവിനിമയവും ബ്രഹ്മതായ ഉടയാണ്മയും കാരാണ്മയും ബന്ധപ്പെട്ട മറ്റവകാശങ്ങളും പരാമര്‍ശിക്കുകവഴി ലിഖിതങ്ങളിലെ ഉള്ളടക്കം ഒരു പുതിയ ഉല്‍പ്പാദനവ്യവസ്ഥിതി രൂപപ്പെട്ടതിന്‍റെ തെളിവു നല്‍കുന്നു. പുതിയ കാര്‍ഷിക ബന്ധങ്ങളും അവ രൂപപ്പെടുന്നതിന്‍റെ പശ്ചാത്തലവും പരാമര്‍ശിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ലിഖിതങ്ങളാണിവ.
തമിഴകത്ത് നാലാംനൂറ്റാണ്ടോടെ ഇടയ കര്‍ഷക സമ്പദ്വ്യവസ്ഥ ശിഥിലമായതിന്‍റെയും കാര്‍ഷിക സമ്പദ്വ്യവസ്ഥ രൂപപ്പെടുന്നതിന്‍റെയും ചിത്രമാണ് നമുക്കിവിടെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നത്. ഇടയ സമ്പദ് രൂപം ഇല്ലാതായെന്നര്‍ത്ഥമില്ല. കാര്‍ഷിക സമ്പദ്രൂപത്തിന്മേല്‍ അതിനുണ്ടായിരുന്ന ആധിപത്യം ഇല്ലാതായെന്നും അതു പാര്‍ശ്വവര്‍ത്തിയായിത്തീര്‍ന്നു എന്നുമാണ് സങ്കല്‍പ്പിക്കുന്നത്. കേരളക്കരയിലും കാര്‍ഷിക സമ്പദ്വ്യവസ്ഥ രൂപപ്പെട്ടതിന്‍റെ ചരിത്രം ഈ പ്രക്രിയയുടെ തുടര്‍ച്ചയായിവേണം മനസ്സിലാക്കാന്‍. രണ്ടിടത്തും കാര്‍ഷികഭൂവ്യവസ്ഥയും ഉല്‍പ്പാദനബന്ധങ്ങളും രൂപപ്പെടുത്തുന്നതില്‍ ബ്രാഹ്മണരുടെ അധികാരം നിര്‍ണ്ണായകമായിരുന്നു. തമിഴകത്ത് ഉത്തരേന്ത്യയിലെപ്പോലെ ബ്രാഹ്മണര്‍ കൃഷിഭൂമിയില്‍ അധിപന്മാരായത് ഭരണാധികാരിയുടെ ദാനവും പ്രത്യേക സംരക്ഷണവും വഴിയാണ്. എന്നാല്‍ കേരളക്കരയില്‍ അങ്ങനെയല്ല. രണ്ടും സാക്ഷാല്‍ ദൈവം തമ്പുരാന്‍ നേരിട്ടു നല്‍കുകയായിരുന്നു. പരശുരാമന്‍ കടലില്‍നിന്നു കരയുണ്ടാക്കി അവിടേക്ക് വടക്കുനിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു കൃഷിക്കുവേണ്ട മണ്ണും വെള്ളവും വെളിച്ച വും മാത്രമല്ല ശൂദ്രരെയും അടിമകളെയും ഏര്‍പ്പെടുത്തി ആയുധവും അകമ്പടിയുമായി 64 ഗ്രാമങ്ങളായി (32 തുളുനാട്ടിലും 32 കേരളത്തിലും) പാര്‍പ്പിച്ചു എന്നാണു നമ്പൂതിരിമാരുടെ പരമ്പരാഗത പുരാവൃത്തമായ കേരളോല്പത്തി വിസ്തരിച്ചു പറയുന്നത്.
മൂന്നാംനൂറ്റാണ്ടുമുതല്‍ ഒരുസുസ്ഥാപിത പുണ്യ കര്‍മ്മമെന്ന നിലയില്‍ ഉത്തരേന്ത്യന്‍ രാജാക്കന്മാര്‍ ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി ഭൂദാനം നല്‍കുന്ന പതിവു ദക്ഷിണേന്ത്യ മുഴുവനും പിന്തുടരപ്പെട്ടു. ദാനമായി കിട്ടിയ ഭൂമി ഏറ്റുവാങ്ങി ബ്രാഹ്മണഗോത്രങ്ങള്‍ ഗ്രാമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു നടത്തിയ കുടിയേറ്റം ആര്യവല്‍ക്കരണമെന്ന സമാധാനപരമായ സാംസ്കാരിക മുന്നേറ്റമായിരുന്നു എന്നാണു പൊതുവെ ചരിത്രപുസ്തകങ്ങളില്‍ വിവരിച്ചു കാണുന്നത്. പക്ഷെ ധാരാളം എതിര്‍പ്പും ചെറുത്തുനില്‍പ്പും ലഹളകളും മറികടന്നുള്ള അക്രമാസക്തമായ കുടിയേറ്റമായിരുന്നു ആര്യവല്‍ക്കരണം. രാജാവിന്‍റെ സംരക്ഷണത്തിലായതുകൊണ്ട് എതിര്‍പ്പും ലഹളകളുമെല്ലാം എളുപ്പം അടിച്ചമര്‍ത്തപ്പെട്ടു. തമിഴ്നാട്ടിലേയും കര്‍ണ്ണാടകത്തിലേയും ചെറുത്തുനില്‍പ്പ് ബ്രഹ്മദേയപട്ടയങ്ങള്‍തന്നെ പരാമര്‍ശിക്കുന്നുണ്ട്. തുളുനാട്ടില്‍ സാക്ഷാല്‍ പരശുരാമന്‍ നടത്തിയ ബ്രാഹ്മണാധിവാസത്തിനെതിരെ ഹോലയലഹള (പുലയലഹള) ഉണ്ടായതായും അതു മയൂരവര്‍മ്മന്‍ രാജാവ് അടിച്ചമര്‍ത്തിയതായും അവിടത്തെ 32 ബ്രാഹ്മണ ഗ്രാമങ്ങളുടെ ഐതിഹ്യം വിവരിക്കുന്ന ഗ്രാമപദ്ധതി പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ ബ്രഹ്മദേയ പസ്ഥാനം ബ്രാഹ്മണരെ ദാനഭൂമിയില്‍ ഉടയാരാക്കിയും അവിടെ കുടികളെ കാരാളരാക്കിയും ചിലപ്പോള്‍ അവരെ നീക്കി മറ്റുകുടികളെ കൊണ്ടുവന്നും കമ്മാളരെ പാരമ്പര്യമായി കടപ്പെട്ടവരാക്കിയും പുലയരെ അടിയാരാക്കിയും നെല്‍കൃഷിരംഗത്ത് ബലപ്രയോഗത്തിലൂടെ രാജാധികാരം പുതിയ ഉല്‍പ്പാദനബന്ധങ്ങള്‍ സൃഷ്ടിച്ച പ്രക്രിയയായിരുന്നു.
കേരളോല്പത്തിയിലെ ആഖ്യാനപ്രകാരം കേരളക്കര ഉണ്ടാക്കിയതുള്‍പ്പെടെ എല്ലാം ചെയ്തത് അവതാര പുരുഷനായ പരശുരാമനാണ്. നമ്പൂതിരിമാര്‍ക്കു ഒന്നിനും ആരെയും ആശ്രയിക്കേണ്ടിവന്നിട്ടില്ല. അവതാരപുരുഷന്‍ പക്ഷെ, എല്ലാം ദൈവീകശക്തികൊണ്ടല്ല ചെയ്തതെന്നു കേരളോല്പത്തിതന്നെ വ്യക്തമാക്കുന്നുണ്ട്. കുടി പാര്‍പ്പിച്ച നമ്പൂതിരിമാരുടെ സുരക്ഷയ്ക്കായി മലയടിവാരത്തും കടലോരത്തും മറ്റിടങ്ങളിലും പരശുരാമന്‍ ശത്രുക്കളെ ശാന്തരാക്കുകയും ദേവതകളെ പ്രീതിപ്പെടുത്തുകയും ചെയ്തുവെന്നു പറയുന്നു. രാജാക്കന്മാരില്ലാത്തതിനാല്‍ നമ്പൂതിരിമാരില്‍ ചിലരെക്കൊണ്ട് അദ്ദേഹം ശസ്ത്രഭിക്ഷ സ്വീകരിപ്പിക്കുകയും അവരെ ആയോധനകല അഭ്യസിപ്പിക്കുകയും വാളുനല്‍കി വാള്‍നമ്പിമാരാക്കുകയും ദേശവാഴികളായി അവരോധിക്കുകയും ചെയ്തു. അവര്‍ വെട്ടിപ്പിടിച്ചു സ്വയം ശക്തരാവാനുള്ള പ്രവൃത്തികളില്‍ മുഴുകിയപ്പോള്‍ അവരുടെ സ്വാര്‍ത്ഥമോഹവും തമ്മില്‍ത്തല്ലും പരിഹരിക്കാന്‍ അദ്ദേഹം പലമാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. ഒടുവില്‍ മറുനാട്ടില്‍നിന്നു പന്തീരാണ്ടു കാലത്തേക്കു പെരുമാളെ കൊണ്ടുവന്നു ഭരണം നടത്തി. ഇങ്ങനെ കാലാകാലങ്ങളിലെ ഓരോരോ സംഗതികളായി കേരളോല്പത്തി പറഞ്ഞതൊന്നും അമാനുഷസിദ്ധിയുള്ള അവതാര പുരുഷന്‍ ചെയ്യുന്ന കാര്യങ്ങളല്ല. എല്ലാം ചരിത്രമായി കരുതാനാവില്ലെങ്കിലും ചില നിഗമനങ്ങളിലെത്താന്‍ അവ സഹായിക്കുന്നുണ്ട്. പ്രധാന നിഗമനം കേരളക്കരയില്‍ ബ്രാഹ്മണാധിനിവേശത്തിനു രക്ഷകരായി രാജാക്കന്മാരുണ്ടായിരുന്നില്ല എന്നും എല്ലാം കുടിയേറ്റക്കാര്‍ സ്വയം ചെയ്യുകയായിരുന്നു എന്നുമാണ്. കുടിയേറ്റം മറ്റിടങ്ങളിലെപ്പോലെ രാജാധികാരത്തിന്‍റെ അതിക്രമമായിരുന്നില്ല, പകരം നമ്പൂതിരിമാരുടെ കടന്നാക്രമണവും ബലപ്രയോഗവുമായിരുന്നു എന്നതാണ് അടുത്ത നിഗമനം.
ഇടയകര്‍ഷക സംസ്കൃതിയുടെ ഭാഗമായി തമിഴകത്തു ബ്രാഹ്മണരുണ്ടായിരുന്നു. കേരളത്തിലും. അവര്‍ മൂവേന്തന്മാരെ പാടിപ്പുകഴ്ത്തിയും യാഗങ്ങള്‍ ചെയ്യിച്ചും സമ്മാനം കൈപ്പറ്റി. ചിലര്‍ക്കു മൂവേന്തന്മാര്‍ അന്നുതന്നെ ഊരുകള്‍ സമ്മാനമായി നല്‍കിയിരുന്നുവെന്നു കഥകളുണ്ട്. കുടിമക്കളും മൂപ്പന്മാരും അവരെ ജ്ഞാനികളെന്ന നിലയില്‍ ആദരവോടെ കണ്ടിരുന്നു. അന്നത്തെ ചില നമ്പൂതിരി കുടുംബങ്ങളുടെ തുടര്‍ച്ചയാണ് വടക്കന്‍ കേരളത്തിലെ പെരിഞ്ചെല്ലൂരും പയ്യന്നൂരും മറ്റും സൂചിപ്പിക്കുന്നതെന്നു പറയാറുണ്ട്. ഒറ്റയ്ക്കും തെറ്റയ്ക്കും നമ്പൂതിരി കുടുംബങ്ങള്‍ കേരളത്തിന്‍റെ പലഭാഗങ്ങളില്‍ എത്തുകയും അവര്‍ സ്വാഗതം ചെയ്യപ്പെടുകയും ചെയ്തിരിക്കാം. പക്ഷേ ഒരുഘട്ടത്തില്‍ നെല്‍കൃഷിക്കു പറ്റിയ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി കൂട്ടമായിത്തന്നെ നമ്പൂതിരിമാര്‍ എത്തിയിരുന്നുവെന്നു തോന്നുന്നു. അവര്‍ നെല്‍കൃഷി നടത്തി പരിചയമുള്ളവരാണെന്നു പറയേണ്ടതില്ലല്ലോ. തുളുനാട്ടില്‍നിന്നായിരിക്കാമെന്നു കരുതപ്പെടുന്നുണ്ടെങ്കിലും ആവശ്യമായ ഉല്‍പ്പാദനബന്ധങ്ങള്‍ ഉരുത്തിരിഞ്ഞതു മധുര – രാമനാഥപുരം ഭാഗങ്ങളിലാണെന്നു തെളിവുകള്‍ കാണിക്കുന്നു. അവരേതായാലും കുടികളെ അടിച്ചോടിച്ചും കാരാളരാക്കിയും ബലപ്രയോഗത്തിലൂടെ ഉഴവരെ അടിയാളരാക്കിയും തഴക്കമുള്ളവരായിരുന്നുവെന്നു തീര്‍ച്ച. ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലുമായി അവരെത്തിയിട്ടുണ്ടാവണം.
കേരളത്തില്‍ നെല്‍കൃഷിക്കു പറ്റിയ കാലാവസ്ഥയും ഭൂപ്രകൃതിയും ഉണ്ടെങ്കിലും കൃഷിയിടങ്ങള്‍ ഒരുക്കുക എളുപ്പമായിരുന്നില്ല. നദീതടങ്ങള്‍ വെള്ളക്കെട്ടുകളും ചതുപ്പും തണ്ണീര്‍ത്തടങ്ങളുമായിരുന്നു. തോടുവെട്ടിയും ചാലുകീറിയും വെള്ളം വാര്‍ത്തുകളഞ്ഞും, മുതലയും ചീങ്കണ്ണിയും നിറഞ്ഞ കണ്ടലും പൊന്തക്കാടും നീക്കിയും, ചതുപ്പുണക്കിയും, നെല്‍കൃഷിക്കു വയലുകളുണ്ടാക്കുക അങ്ങേയറ്റം സാഹസികവും കൂട്ടായി ചെയ്യേണ്ടതുമായ കഠിനാദ്ധ്വാനമായിരുന്നു. അല്ലാതെതന്നെ നെല്‍കൃഷി സ്ഥിരമായി ഏറെ അദ്ധ്വാനം ആവശ്യമുള്ള ഏര്‍പ്പാടാണല്ലൊ.
കൂട്ടമായെത്തിയ നമ്പൂതിരിമാര്‍ക്ക് ആശ്രയിക്കാന്‍ അന്നുണ്ടായിരുന്നത് ഇടയസമ്പദ്വ്യവസ്ഥയിലെ മരുതങ്ങളില്‍ ഉഴവുനടത്തുന്ന പുലയക്കുടികളും മറ്റു ചില ആദിവാസി ഗോത്രങ്ങളുമാണ്. അവര്‍ക്കു പുഴയോരച്ചതുപ്പുകളിലെ എക്കല്‍ മണ്ണില്‍ കൃഷി ചെയ്തു ശീലമില്ലെന്നുമാത്രമല്ല ഈ ഭീമമായ അദ്ധ്വാനം അവരുടെ കുടുംബാധിഷ്ഠിത തൊഴില്‍ശേഷിയുടെയും സാങ്കേതികവിരുതിന്‍റെയും കൈപ്പിടിയില്‍ ഒതുങ്ങുന്നതുമായിരുന്നില്ല. പക്ഷേ കൂട്ടമായെത്തിയ നമ്പൂതിരിമാര്‍ ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ചും മര്‍ദ്ദിച്ചും കൊന്നും ഭീതിപരത്തിയും അവരെ അടിമകളാക്കി അദ്ധ്വാനിപ്പിച്ചിരിക്കാം. അതിനുള്ള പരിചയം സിദ്ധിച്ചവരായിരുന്നു അവര്‍.
കേരളോല്പത്തിയില്‍ പരശുരാമന്‍ ചെയ്തെന്നും ചെയ്യിച്ചെന്നും പറയുന്ന മനുഷ്യരെക്കൊണ്ടാവുന്ന ക്രൂരതകളൊക്കെയും നമ്പൂതിരിമാര്‍ സ്വയം ചെയ്തവയാണ്. അധികാരപൂര്‍വ്വം അതു ചെറുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന കുലത്തലവന്മാര്‍ക്കും കുടിമൂപ്പന്മാര്‍ക്കും തൊഴുതു കുമ്പിട്ടു നില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ. ഈ ദുരന്തപൂര്‍ണ്ണമായ അനുഭവം ആരും എതിര്‍ത്തിരുന്നില്ലെന്നു കരുതാനാവില്ല. പക്ഷേ ആ എതിര്‍പ്പുകള്‍ ചരിത്രമായി അവശേഷിക്കാതിരുന്നതും കേരളോല്പത്തിക്കൊരു മറുവാക്കില്ലാതെ പോയതും എന്തുകൊണ്ടാണെന്നു ചോദിക്കുന്നതിലര്‍ത്ഥമില്ല. തലമുറകളായി അടിമകളാക്കപ്പെട്ടവര്‍ക്കെങ്ങനെ ചെറുത്തുനില്‍പ്പിന്‍റെ ചരിത്രം സൂക്ഷിക്കാനാവും?
കേരളചരിത്രത്തിന്‍റെ പ്രാചീന ഘട്ടം ഇവിടെ അവസാനിക്കുന്നു. നമ്പൂതിരി ഗ്രാമങ്ങളുടെ ഏകോപനവും അവയുടെ ക്ഷേത്രകേന്ദ്രിത നിയന്ത്രണത്തില്‍ നടന്ന നെല്‍കൃഷിയുടെ വ്യാപനവും അധീശ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ വികാസ പരിണാമങ്ങളും അടങ്ങുന്നതാണ് അടുത്ത ഘട്ടം. ♦