Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിപട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

പട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

ഡോ.കെ.പി രാജേഷ്

കേരളത്തിന്‍റെ പ്രാചീന ചരിത്രപഠനത്തിന് വിലപ്പെട്ട പുരാവസ്തു തെളിവുകള്‍ നല്കിയ പട്ടണം ഉത്ഖനനങ്ങള്‍ 2004 മുതലാണ് തുടങ്ങിയത്. വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകര പഞ്ചായത്തില്‍ വടക്കേക്കര വില്ലേജില്‍ (എറണാകുളം ജില്ല) പെരിയാറിന് ഏതാണ്ട് 5 കിലോമീറ്റര്‍ തെക്ക് മാറിയാണ് പട്ടണം സ്ഥിതിചെയ്യുന്നത്. ജിയോളജി ഗവേഷകന്‍ ഡോ. കെ പി ഷാജനാണ്. 1998ല്‍ പട്ടണത്തിന്‍റെ പുരാവസ്തു പ്രാധാന്യം തിരിച്ചറിയുന്നത്. അദ്ദേഹം ഉപരിതലത്തില്‍ നിന്നും ശേഖരിച്ച മണ്‍പാത്രക്കഷ്ണങ്ങള്‍ റോമന്‍ ആംഫോറ, പശ്ചിമേഷ്യന്‍ ടോര്‍പിഡോ എന്നിവയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പട്ടണത്തിന്‍റെ പുരാവസ്തു പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് 2004 മുതല്‍ 2021 വരെയുള്ള കാലങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ മൂന്ന് സ്ഥാപനങ്ങള്‍ പട്ടണത്ത് ഉത്ഖനനം നടത്തി. 2004ല്‍ തൃപ്പൂണിത്തുറ ഹില്‍പാലസിലെ സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ പി.കെ. ഗോപി, ഡോ. കെ പി ഷാജന്‍, ഡോ. വി സെല്‍വകുമാര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയവും ചിട്ടയായതുമായ ആദ്യ ഉത്ഖനനം നടന്നു. ഈ ഉത്ഖനന തെളിവുകളെ മുന്‍നിര്‍ത്തി പട്ടണം പ്രാചീന തുറമുഖ നഗരമായ മുസിരിസാകാമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. 2006ല്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.പി.ജെ ചെറിയാന്‍റെ നേതൃത്വത്തില്‍ പട്ടണം കൊടുങ്ങല്ലൂര്‍ പ്രദേശത്ത് ഉപരിതല സര്‍വേയും 2007 മുതല്‍ 2015 വരെ കേരള സര്‍ക്കാരിന്‍റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഒന്‍പത് സീസണുകളിലായി അന്‍പതോളം ട്രഞ്ചുകളില്‍ (ഉത്ഖനന കുഴികള്‍) ഉത്ഖനനങ്ങളും നടത്തി. 2020-21ല്‍ പാമ എന്ന സ്വയംഭരണ ഗവേഷണ സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ.പി.ജെ ചെറിയാന്‍ പട്ടണം ഗവേഷണം തുടര്‍ന്നു. കേരള ചരിത്ര ഗവേഷണകൗണ്‍സിലും തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പട്ടണത്ത് നടത്തിവരുന്നു.

എന്തുകൊണ്ട് പട്ടണം ഉത്ഖനനം പ്രസക്തമാകുന്നു
കേരളത്തിന്‍റെ പ്രാചീന പട്ടണങ്ങളെക്കുറിച്ച് എഴുതിയത് ഇളംകുളം പി.എന്‍ കുഞ്ഞന്‍പിള്ളയാണ്. സംഘസാഹിത്യമെന്നറിയപ്പെടുന്ന പ്രാചീന തമിഴ് കൃതികളായ അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് എന്നിവയിലെ സൂചനകളും ഗ്രീക്ക്-റോമന്‍ യാത്രാവിവരണങ്ങളായ പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ, പ്ലിനിയുടെ നാച്വറല്‍ ഹിസ്റ്ററി, ടോളമിയുടെ ജ്യോഗ്രഫി തുടങ്ങിയവയിലെ വിവരങ്ങളുമാണ് ഇളംകുളം തന്‍റെ പഠനത്തിനായി അവലംബിച്ച തെളിവുകള്‍. വള്ളുവള്ളി (വടക്കന്‍ പറവൂരിനടുത്ത് എറണാകുളം ജില്ല), എയ്യാല്‍ (തൃശ്ശൂര്‍ ജില്ല), കോട്ടയം പൊയില്‍ (കണ്ണൂര്‍ ജില്ല) എന്നിവിടങ്ങളില്‍ നിന്ന് 1990കളില്‍ യാദൃച്ഛികമായി പ്രാചീന റോമന്‍ നാണയങ്ങള്‍ ലഭിച്ചിരുന്നു. ഇതല്ലാതെ കേരളത്തിന്‍റെ വൈദേശിക കച്ചവട ബന്ധങ്ങളെക്കുറിക്കുന്ന മറ്റ് പുരാവസ്തു തെളിവുകള്‍ പശ്ചിമതീരത്തുനിന്ന് ലഭിച്ചിരുന്നില്ല. കിഴക്കന്‍ തീരത്ത് തമിഴ്നാടില്‍ അരീക്കമേട്, അളകംകുളം എന്നിവിടങ്ങളിലെ ഉത്ഖനനങ്ങളില്‍ ഇന്ത്യയും ഗ്രീക്ക് – റോമന്‍ പ്രദേശങ്ങളും തമ്മിലുള്ള കച്ചവടത്തിന്‍റെ പുരാവസ്തു തെളിവുകള്‍ ലഭിച്ചിരുന്നു. അതേസമയം സംഘസാഹിത്യ കൃതികളും പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ എന്ന പൊതുവര്‍ഷം ഒന്നാം നൂറ്റാണ്ടിലെ യാത്രാവിവരണവും നല്കുന്ന സൂചനകളനുസരിച്ച് കേരളത്തിന്‍റെ പശ്ചിമ തീരത്ത് നൗറ, തിണ്ടിസ്, മുസിരിസ്, നെല്‍സിണ്ട, ബക്കാറെ, ബലീറ്റ തുടങ്ങിയ തുറമുഖ നഗരങ്ങള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ നിന്ന് റോമന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയതും അവിടെനിന്ന് ഇങ്ങോട്ട് കൊണ്ടുവന്നതുമായ ഉല്പന്നങ്ങളുടെ വിവരണവും ഉണ്ട്. അകനാനൂറ് 149-ാമത്തെ പാട്ടില്‍ യവനര്‍ എന്ന് വിളിക്കപ്പെട്ട വൈദേശീയര്‍ പ്രസിദ്ധമായ മുചിരി പട്ടണത്തേക്ക് വരുന്നതിനെക്കുറിക്കുന്ന ഒരു ഭാഗമുണ്ട് “പൊന്നൊടു വന്തു കറിയൊട് പെയരും വളംങ്കെഴു മുചിറി.” പൊന്നുമായി വന്ന് കുരുമുളകുമായി തിരിച്ചുപോകുന്നവരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വള്ളുവള്ളി, എയ്യാല്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ഈ പാട്ടിലെ വിവരങ്ങളെ സാധൂകരിക്കാനുതകുന്ന ഉപോല്‍ബലക തെളിവുകളായി ചരിത്രകാരര്‍ കാണുന്നുണ്ട്. ഇതിനപ്പുറമുള്ള പുരാവസ്തു തെളിവുകള്‍ 2004 വരെ കേരളത്തിന്‍റെ പശ്ചിമതീരത്തു നിന്ന് ലഭിച്ചിരുന്നില്ല. അതിനായുള്ള അന്വേഷണങ്ങള്‍ നടന്നിട്ടുമില്ലായിരുന്നു. മാത്രമല്ല നേരത്തെ പരാമര്‍ശിച്ച തുറമുഖ നഗരങ്ങളെ ഇന്നത്തെ സ്ഥലനാമ സൂചനകളനുസരിച്ച് ചരിത്ര പഠനങ്ങളില്‍ തിരിച്ചറിഞ്ഞ് ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരുന്നു. നൗറ കണ്ണൂര്‍, തിണ്ടിസ് കടലുണ്ടി, മുസിരിസ് കൊടുങ്ങല്ലൂര്‍, നെല്‍സിണ്ട നിരണം, ബക്കാറെ പുറക്കാട്, ബലീറ്റ വിഴിഞ്ഞം. പുരാവസ്തു പണ്ഡിതരായ അനുജന്‍ അച്ചന്‍ ചേരമാന്‍പറമ്പിലും കെ.വി രാമന്‍ തിരുവഞ്ചിക്കുളത്തും ഉത്ഖനനങ്ങള്‍ നടത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിലാണ് മുസിരിസുണ്ടായിരുന്നതെന്ന് സൂചന തരുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് 2004മുതല്‍ പട്ടണത്തു നിന്ന് ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ (ഏതാണ്ട് ബി.സി.ഇ 1000നും ബിസി.ഇ 500 നും ഇടയിലുള്ള കാലം) നിരവധി പുരാവസ്തു തെളിവുകള്‍ ലഭിച്ചു തുടങ്ങുന്നത്. ഇത് കേരള ചരിത്രത്തിലെ സുപ്രധാന കണ്ടെത്തലുകളിലൊന്നായി അന്നുമുതല്ക്കുതന്നെ ഖ്യാതി നേടുകയും ചെയ്തു.

പട്ടണത്ത് കുഴിച്ചെടുത്ത പുരാവസ്തുക്കള്‍
പട്ടണം ഒരു തുറമുഖ നഗരമായിരുന്നു. ചരിത്രാരംഭ കാലത്ത് (ഏതാണ്ട് ഒന്നാം നൂറ്റാണ്ട് ബി.സി.ഇ മുതല്‍ ആറാം നൂറ്റാണ്ട് സി.ഇ വരെയുള്ള കാലം) ഉല്പാദനവും വിനിമയവും പട്ടണത്ത് നടന്നിരുന്നതിന്‍റെ തെളിവുകള്‍ അവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട തദ്ദേശീയരുടെ അധിവാസങ്ങളെയും വൈദേശികരുടേയും ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് പട്ടണത്തെത്തിയവരുടേയും സാന്നിധ്യങ്ങളെയും കുറിക്കുന്ന തെളിവുകള്‍ പട്ടണത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പട്ടണത്ത് കണ്ടെത്തിയ പുരാവസ്തുക്കളെ വിശകലന സൗകര്യത്തിനായി ഇനിപ്പറയും പ്രകാരം ചിട്ടപ്പെടുത്തുകയാണ്.

ഒന്ന്. കേരളത്തിലാദ്യമായി ഇരുമ്പുയുഗ ജനതയുടെ അധിവാസത്തെക്കുറിക്കുന്ന പുരാവസ്തുക്കള്‍ കണ്ടെടുത്തത് പട്ടണത്തു നിന്നാണ്. എന്താണിതിനിത്ര പ്രധാന്യം എന്നുകൂടി പറയേണ്ടതുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം മഹാശിലാസ്മാരകങ്ങള്‍ എന്ന് പൊതുവെ പറയാറുള്ള കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി, ചെങ്കല്‍ വെട്ടറ, കരിങ്കല്ലറ, കല്‍വളയങ്ങള്‍, നടുക്കല്ല് തുടങ്ങിയ ഇരുമ്പുയുഗ ചരിത്രാരംഭകാല ജനതയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട സ്മാരക ശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, ഇപ്പോഴും ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാലത്തെ ജനതയുടെ അധിവാസവുമായി ബന്ധപ്പെട്ട തെളിവുകള്‍ പട്ടണം ഉത്ഖനനം വരെ ലഭിച്ചിരുന്നില്ല. കേരള പുരാവസ്തുപഠനത്തിന്‍റെ ആ കുറവിന് പരിഹാരമായത് 2004ലും അതിനു ശേഷവും പട്ടണത്ത് നടന്ന ഉത്ഖനനങ്ങളായിരുന്നു. ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ കറുപ്പും ചുമപ്പും മണ്‍പാത്രക്കഷ്ണങ്ങളാണ് പട്ടണത്തെ മണ്ണടരുകളില്‍ നിന്ന് കണ്ടെത്തിയത്. ഇത് ദക്ഷിണേന്ത്യയിലാകെ ഇരുമ്പുയുഗ ജനത വ്യാപകമായി ഉപയോഗിച്ചിരുന്ന മണ്‍പാത്ര സംസ്കാരത്തിന്‍റെ ഭാഗമായുള്ളതാണ്.

രണ്ട്. മദ്ധ്യധരണ്യാഴി (യൂറോപ്പിനേയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തേയും വേര്‍തിരിക്കുന്ന കടല്‍) പ്രദേശങ്ങളുമായുള്ള കച്ചവട ബന്ധങ്ങളെക്കുറിക്കുന്ന പുരാവസ്തു തെളിവുകള്‍: ആംഫോറം, ടെറ സിഗിലിറ്റ്, റോമന്‍ ഗ്ലാസ്, റോമന്‍ ചിഹ്നങ്ങള്‍ തുടങ്ങിയവ. വീഞ്ഞ്, ഒലീവെണ്ണ തുടങ്ങിയവ കൊണ്ടുവരുന്നതിനായി മധ്യധരണ്യാഴി പ്രദേശത്തുനിന്നുള്ള സഞ്ചാരികള്‍ ഉപയോഗിച്ച പിടികളോടുകൂടിയ കോണാകൃതിയിലുള്ള ഒരു മണ്‍കൂജയാണ് ആംഫോറ. ഇവയുടെ പിടി, കഴുത്ത്, പള്ളഭാഗം, അടിഭാഗം എന്നിങ്ങനെ ഏതാണ്ട് 500ല്‍ പരം കഷ്ണങ്ങളും, ഒരു ആംഫോറയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും മണ്ണിനടിയില്‍ ഇരുന്നുപോയ അവസ്ഥയിലും പട്ടണത്ത് കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ ഡോ.റോബര്‍ട്ട റ്റോംബര്‍, ഈ ആംഫോറ മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള പലപ്രദേശങ്ങളില്‍ നിന്നുള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ കൊആന്‍, തെക്കന്‍ ഇറ്റലിയിലെ കമ്പാനിയന്‍, സ്പെയിനിലെ കറ്റാലന്‍, ഫ്രാന്‍സിലെ ഗൗള്‍, ഗ്രീസിലെ റോദിയന്‍, ടര്‍ക്കിയിലെ സിലീഷ്യന്‍, ഈജിപ്തിലെ ബര്‍ണിക്കെ, മിയോസ് ഹോമോസ്, അലക്സാന്‍ഡ്രിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവയാണിവ.

ചുവന്നു തിളങ്ങുന്ന വിശേഷപ്പെട്ട ഒരു ടേബിള്‍ അലങ്കാര പാത്രമാണ് ടെറ സിഗിലിറ്റി. സമൈന്‍, അരറ്റൈന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ഇവ റോം, ഇറ്റലി, ഫ്രാന്‍സിലെ ഗൗള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഇവയുടെ മുപ്പതോളം കഷ്ണങ്ങള്‍ പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. സി.ഇ. ഒന്നിനും നാലിനുമിടയിലുള്ളവയാണ് പട്ടണത്തു നിന്ന് കണ്ടെടുത്തവ. നീല, പച്ച, മഞ്ഞ നിറങ്ങളിലുള്ള റോമന്‍ ഗ്ലാസ് പാത്രത്തിന്‍റെ പൊട്ടിയ കഷ്ണങ്ങളാണ് മറ്റൊന്ന്. കാര്‍ണീലിയന്‍ കല്ലില്‍ കൊത്തിയ റോമന്‍ ദേവതയായ ഫോര്‍റ്റ്യൂണയുടെ മനോഹരമായ രൂപവും, സ്ത്രീയുടെ തലയും സിംഹത്തിന്‍റെ ഉടലുമുള്ള റോമന്‍ മിത്തിക്കല്‍ രൂപമായ സ്പിംഗ്സ് രൂപവും മദ്ധ്യധരണ്യാഴിയുമായി പട്ടണത്തിനുള്ള ബന്ധങ്ങളെകുറിക്കുന്ന മറ്റ് പുരാവസ്തു തെളിവുകളാണ്. ഇവയെല്ലാം ഒന്നു മുതല്‍ ആറാം നൂറ്റാണ്ട് വരെയുളള കാലങ്ങളെ പ്രതിനിധീകരിക്കുന്ന മണ്ണടരുകളില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മൂന്ന്. പശ്ചിമേഷ്യയുമായുള്ള ബന്ധങ്ങളെ കുറിക്കുന്ന പുരാവസ്തുക്കളാണ് അടുത്തത്. പശ്ചിമേഷ്യയുമായുള്ള കേരളത്തിന്‍റെ കച്ചവട സാംസ്കാരിക ബന്ധം ചരിത്രാരംഭകാലം തൊട്ട് ഉള്ളതാണ്. കേരളത്തിനോട് എക്കാലത്തും ബന്ധം പുലര്‍ത്തുന്ന പശ്ചിമേഷ്യയില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്ന ടര്‍ക്കോയ്സ് ഗ്ലേസ്ഡ് മണ്‍പാത്രങ്ങള്‍, മത്സ്യസത്ത് കൊണ്ടുവന്ന ടോര്‍പ്പിഡോ ജാര്‍, ഒമാന്‍ പ്രദേശത്തു നിന്നുള്ള പാത്രങ്ങളുടെ കഷ്ണങ്ങള്‍ എന്നിവ പട്ടണത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇതുകൂടാതെ ഈയം, സ്വര്‍ണ്ണം എന്നീ ലോഹങ്ങളുടെ കഷ്ണങ്ങളും, ആഭരണങ്ങളും ഈയത്തിലുള്ള നാണയങ്ങളും, കുന്തിരിക്കത്തിന്‍റെ കഷ്ണങ്ങളും മറ്റും പട്ടണത്തിന് പശ്ചിമേഷ്യ, മദ്ധ്യധരണ്യാഴി പ്രദേശങ്ങളുമായുള്ള കച്ചവടബന്ധങ്ങളുടെ പുരാവസ്തു തെളിവുകളായി കരുതുന്നുണ്ട്.

നാല്. ഉത്തരേന്ത്യയുമായുള്ള കച്ചവട ബന്ധങ്ങളെ കുറിക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ റൂലറ്റഡ് മണ്‍പാത്രങ്ങള്‍, കല്‍മുത്തുകള്‍ തുടങ്ങിയവ. ചാര നിറത്തിലുള്ളതും ഉള്‍ഭാഗത്ത് വൃത്താകൃതിയില്‍ മാലപോലെ കുത്തുകള്‍ കോറിയിട്ട് തിളക്കമുള്ള ഒരു പ്ലെയ്റ്റാണ് റൂലറ്റഡ് മണ്‍പാത്രം. ഇതിന്‍റെ ഏതാണ്ട് മുഴുവനായുള്ള ഒന്നും, നൂറുകണക്കിനുപൊട്ടിയ കഷ്ണങ്ങളും പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ മണ്‍പാത്രങ്ങള്‍ ബംഗാള്‍ തീരത്തു നിന്നുള്ളവയാകാമെന്നാണ് ഗോഗ്ടെയെപ്പോലുള്ള മണ്‍പാത്ര വിദഗ്ധര്‍ കരുതുന്നത്. അരീക്കമേട് ഉത്ഖനനം നടത്തിയ മോര്‍ട്ടിമര്‍ വീലര്‍ ഇതിനെ റോമന്‍ മണ്‍പാത്രമായായിരുന്നു കണ്ടിരുന്നത്. ഈ പാത്രത്തെ ജൈന-ബുദ്ധമതത്തിന്‍റെ വ്യാപനവുമായി ബന്ധിപ്പിച്ച് പറയാറുണ്ട്. തമിഴ് ബ്രാഹ്മിയില്‍ എഴുതിയ ‘അമ്ണ’ എന്ന എഴുത്ത് ഒരു സാധാരണ കളിമണ്‍ ജാറിന്‍റെ പൊട്ടിയ വക്കിന്മേല്‍ പട്ടണത്തു നിന്ന് കിട്ടിയിരുന്നു. സംഘസാഹിത്യ കൃതികളില്‍ പറയുന്ന ശ്രമണ എന്ന പദവും പട്ടണത്തിന് മുന്‍പുതന്നെ തമിഴ്നാട്ടിലെ ചില ലിഖിതങ്ങളില്‍ കണ്ടെത്തിയ അമണ എന്ന പദവും ഒന്നാണെന്നും അവ ജൈന ബുദ്ധ വിഭാഗങ്ങളെ കുറിക്കുന്നതാണെന്നും പ്രസിദ്ധ ലിപി പണ്ഡിതന്‍ ഐരാവതം മഹാദേവന്‍ പ്രസ്താവിച്ചിട്ടുണ്ട്. റൂലറ്റഡ് മണ്‍പാത്രത്തിന് മുകളില്‍ നിന്നല്ലെങ്കിലും അമണ എന്ന ലിഖിതം പട്ടണത്തെ ജൈന, ബുദ്ധ സാന്നിധ്യത്തെ കുറിക്കുന്നുണ്ട്. മറ്റൊന്ന് കല്‍മത്തുകളാണ്. ഗുജറാത്തിലെ ഖംബത്ത്, ആന്ധ്ര, തെലങ്കാന എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ണീലിയന്‍, ചാല്‍സിഡണി, അഗേറ്റ്, കൊടുമണല്‍ പ്രദേശത്തു നിന്നുള്ള ബറില്‍, ക്വാര്‍ട്സ്, അമഥിസ്റ്റ് തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകളും അവകൊണ്ടുണ്ടാക്കിയ മുത്തുകള്‍, മോതിരക്കല്‍, മുദ്രകള്‍ തുടങ്ങിയവയും പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്.

അഞ്ച്. നഗര അധിവാസത്തെ കുറിക്കുന്ന കെട്ടിടാവശിഷ്ടങ്ങളും മറ്റ് അനുബന്ധ തെളിവുകളും: ചുട്ടെടുത്ത ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടിടാവശിഷ്ടങ്ങളും പൊട്ടിയ ഇഷ്ടികകളും പട്ടണത്ത് നടന്ന എല്ലാ ഉത്ഖനനങ്ങളിലും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 2007ല്‍ കണ്ടെത്തിയ പാണ്ടികശാലയുടേതെന്ന് തോന്നിക്കുന്ന തറയുടെ ഭാഗവും, അതിനോട് കഷ്ടിച്ച് ഒരു മീറ്റര്‍ മാറി കണ്ടെത്തിയ കടവിന്‍റേയും, ആഞ്ഞിലി മരത്തില്‍ പണിത ഒറ്റത്തടി വള്ളത്തിന്‍റേയും ശേഷിപ്പുകള്‍ പട്ടണത്തെ സമുദ്രാന്തര കച്ചവടവുമായി ബന്ധിപ്പിക്കുന്ന ഒന്നാന്തരം പുരാവസ്തു തെളിവുകളാണ്. ഈ വഞ്ചിയുടെ കാലം കാര്‍ബണ്‍ ഡേറ്റിംഗിന്‍റെ നൂതന മാര്‍ഗ്ഗമായ എ.എം.എസ് കാലനിര്‍ണയം വഴി സി.ഇ ഒന്നാം നൂറ്റാണ്ടാണെന്ന് കൃത്യതപ്പെടുത്തിയിട്ടുണ്ട്. കടവിനോട് ചേര്‍ന്നുതന്നെ ഒരു മുറിയുടെ നാലു ചുമരുകളായി കരുതാവുന്ന തറ ഭാഗവും 2008ല്‍ കണ്ടെത്തി. മാത്രമല്ല കളിമണ്‍ റിങ്ങുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കക്കൂസിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി. ജനപ്പെരുപ്പമുള്ളതും സ്ഥിരാധിവാസമുള്ളതുമായ ഇടങ്ങളിലാണല്ലോ മലമൂത്ര വിസര്‍ജ്ജനത്തിനായുള്ള സ്വകാര്യ ഇടങ്ങള്‍ ആവശ്യമാകുന്നത്. ആ അര്‍ത്ഥത്തില്‍ കക്കൂസ്, നഗരവല്‍ക്കരണ കാലത്തിന്‍റെ ഒരു ഉല്‍പന്നമാണെന്ന് പറയാം. കെട്ടിടത്തോട് ചേര്‍ന്ന് വെള്ളമോ മറ്റോ ശേഖരിച്ചു വക്കുന്ന വലിയ മണ്‍ ജാറുകള്‍ ചില ട്രഞ്ചുകളില്‍ കണ്ടെടുത്തിരുന്നു. ഓരോ മണ്ണടരുകളില്‍ നിന്നും കണ്ടെടുത്ത അസംഖ്യം മണ്‍പാത്രക്കഷ്ണങ്ങള്‍ സജീവമായ ഒരു നഗരാധിവാസത്തെ കാണിക്കുന്നുണ്ട്. പട്ടണത്തെ തെളിവുകളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പ്രാദേശികമായുള്ള മണ്‍പാത്രങ്ങളാണ്. നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പട്ടണത്ത് ചരിത്രാരംഭ കാലം മുതല്‍ നടന്നിരിക്കണം. കല്‍മുത്ത് നിര്‍മ്മാണം അഥവാ വിലപിടിപ്പുള്ള കല്ലുകള്‍ ഉപയോഗിച്ചുള്ള ആഭരണ നിര്‍മ്മാണം ഇതില്‍ പ്രധാനമായിരുന്നു. ഗ്ലാസ് മുത്തു നിര്‍മ്മാണവും പട്ടണത്ത് നടന്നിരുന്നു. വസ്ത്രനിര്‍മ്മാണം നടത്തിയതുമായി ബന്ധപ്പെട്ട സ്പിന്‍ഡില്‍ വൂള്‍ എന്ന നൂല്‍ ചുറ്റുന്ന കളിമണ്‍ ഉപകരണം കണ്ടെടുത്തിട്ടുണ്ട്. മണ്‍പാത്രനിര്‍മ്മാണം നടന്നിരുന്നതിന്‍റെ തെളിവുകളും ലഭ്യമായിട്ടുണ്ട്. ചൂളയുടെ അവശിഷ്ടവും കണ്ടെടുത്തു; 2008ല്‍ ഒരു ട്രഞ്ചില്‍ വലിയ അളവില്‍ കണ്ടെത്തിയ കരിഞ്ഞ കറുത്തമണ്ണിന്‍റെ സാന്നിധ്യവും അതില്‍ നിന്ന് ശേഖരിച്ച നല്ല നീളത്തിലുള്ള സ്വര്‍ണ്ണ നൂലും പട്ടണം ജനതയുടെ കൈവേല വൈദഗ്ധ്യങ്ങളുടെ ശേഷിപ്പുകളാണ്. മേച്ചിലോടുകളും അവ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന ഇരുമ്പാണികളും പട്ടണത്തെ പുരാവസ്തു ശേഖരത്തില്‍ ഉണ്ട്. ഉല്പാദനവും വിനിമയവും നടന്നിരുന്ന ഒരു തീരപ്രദേശമായിരുന്നു പട്ടണം എന്നാണ് ഇവയെല്ലാം നല്കുന്ന സൂചനകള്‍.

ആറ്. ആദി ചേരരുടെ നാണയങ്ങള്‍:- മൗര്യസാമ്രാട്ടായ അശോകന്‍റെ ശാസനലിഖിതങ്ങളില്‍ കേരലപുത്രര്‍ എന്നും, മുമ്പ് പരാമര്‍ശിച്ച ഗ്രീക്ക്റോമന്‍ സാഹിത്യ കൃതികളില്‍ ചേരാബോത്രാസ് എന്നും, സംഘകൃതികളില്‍ പെട്ട പതിറ്റുപ്പത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട ചേരന്മാരും ഒരേ ഭരണവിഭാഗമാണ്. പ്രാചീന കേരളത്തിന്‍റെ രാഷ്ട്രീയ സംവിധാനത്തെ നിയന്ത്രിച്ചിരുന്നവരായിരുന്നു ചേരന്മാര്‍. മൂവേന്തര്‍ എന്നറിയപ്പെട്ട ചേരചോളപാണ്ഡ്യരില്‍ ചേരന്മാരെ വാഴിച്ചതില്‍ മുചിരിപ്പട്ടണമുള്‍പ്പെടെയുള്ള പശ്ചിമതീരത്തെ കച്ചവടത്തിന് ഗണ്യമായ പങ്കുണ്ടായിരുന്നിരിക്കണം. ആദിചേരന്മാരുടെ രാഷ്ട്രിയവ്യവസ്ഥയുമായി പട്ടണത്തെ ബന്ധിപ്പിക്കുന്ന തെളിവായി ചെമ്പ്, ഈയം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച നാണയങ്ങള്‍ ചരിത്രാരംഭകാലത്തെ മണ്ണടരുകളില്‍ നിന്ന് കണ്ടെത്തി. ഒരു ഭാഗത്ത് അമ്പും വില്ലും, മറുഭാഗത്ത് ആനയുടെ ചിഹ്നവുമുള്ള നാണയങ്ങളാണിവ.

ഏഴ് : പട്ടണത്തെ ജൈവവ്യവസ്ഥയെ കുറിക്കുന്ന തെളിവുകള്‍. പട്ടണത്ത് ചരിത്രാരംഭ കാലത്തുണ്ടായിരുന്ന ജൈവ സമ്പത്തിന്‍റെ നേര്‍ക്കാഴ്ച ഓരോ ട്രഞ്ചിലേയും മണ്ണടരുകളില്‍ അടിഞ്ഞ സസ്യാവശിഷ്ടങ്ങള്‍ നല്കുന്നുണ്ട്.

പട്ടണത്ത് കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകളുടെ ഒരു ചുരുക്കമാണ് മേല്‍ പരാമര്‍ശിച്ചത്. പട്ടണത്തെ തെളിവുകള്‍ തുടര്‍ച്ചയുള്ള പല കാലഘട്ടങ്ങളിലേതാണ്. രണ്ടാം നൂറ്റാണ്ട് ബി.സി.ഇ വരേയുള്ള ഇരുമ്പുയുഗത്തില്‍ നിന്നും ചരിത്രാരംഭ കാലത്തിലേക്കുള്ള പരിവര്‍ത്തന കാലമാണ് ആദ്യത്തേത്. കറുപ്പും ചുവപ്പും കലര്‍ന്ന മണ്‍പാത്രക്കഷ്ണങ്ങളാണ് ഇക്കാലത്തെ കുറിക്കുന്ന പ്രധാന തെളിവുകള്‍. ഒന്നാം നൂറ്റാണ്ട് ബി.സി.ഇ മുതല്‍ അഞ്ചാം നൂറ്റാണ്ട് സി.ഇ വരേയുള്ള ചരിത്രാരംഭ കാലത്താണ്. പട്ടണത്തെ കച്ചവട സംസ്കാരവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പുരാവസ്തുക്കള്‍ ലഭിച്ചത്. മേല്‍ പരാമര്‍ശിച്ച ഏതാണ്ടെല്ലാ തെളിവുകളും ഇക്കാലത്തേതാണ്. ആറു മുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള പൂര്‍വ്വ മധ്യകാലമാണ് അടുത്തത്. നീല നിറത്തിലുള്ള പശ്ചിമേഷ്യന്‍ അറബിക് മണ്‍പാത്രങ്ങളും ഗ്ലാസ് മുത്തുകളുമാണ് ഇക്കാലത്തെ പ്രധാന തെളിവുകള്‍. നീലയും വെള്ളയും നിറത്തിലുള്ള ചൈനീസ് പിഞ്ഞാണപാത്രങ്ങളുടെ കഷ്ണങ്ങളാണ് പതിനൊന്ന് മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആധുനിക കാലത്തെ തെളിവുകള്‍. പട്ടണം സജീവമായ കച്ചവടകേന്ദ്രമായി നിലനിന്നിരുന്നത് ചരിത്രാരംഭ കാലത്താണ് എന്ന നിഗമനമാണ് ആ കാലത്തെ പ്രതിനിധാനം ചെയ്യുന്ന മണ്ണടരുകളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ ബാഹുല്യം കണക്കിലെടുത്ത് പട്ടണം ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഹില്‍ പാലസിന്‍റെ ജേര്‍ണലില്‍ ഡോ. വി. സെല്‍വകുമാര്‍, ഡോ കെ.പി ഷാജന്‍, പി.കെ.ഗോപി എന്നിവര്‍ ചേര്‍ന്നെഴുതിയ 2004 ലെ ഉത്ഖനന റിപ്പോര്‍ട്ട്, 2007-2015 കാലത്തെ ഉത്ഖനങ്ങളെ കുറിച്ച് ഡോ.പി.ജെ ചെറിയാന്‍ എഡിറ്റുചെയ്ത് കെ.സി.എച്ച് ആര്‍ പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍, ഡോ. പി.ജെ ചെറിയാന്‍, ഡോ. വി. സെല്‍വകുമാര്‍, ഡോ കെ.പി ഷാജന്‍ എന്നിവര്‍ പല ജേര്‍ണലുകളിലായി എഴുതിയ ലേഖനങ്ങള്‍ തുടങ്ങിയവയാണ് പട്ടണം ഉത്ഖനനങ്ങളെക്കുറിച്ചുള്ള പ്രധാന പഠനങ്ങള്‍.

പട്ടണത്തെപ്പറ്റി നടന്ന ചര്‍ച്ചകളെങ്ങനെ
കേരളത്തില്‍ ഇന്നേവരെ നടത്തിയതില്‍ ഏറ്റവും ബൃഹത്തായതും ശാസ്ത്രീയമായതും ചിട്ടയായുള്ളതുമായ ഉത്ഖനനമാണ് പട്ടണത്ത് നടന്നത്. ഉത്ഖനനം തുടങ്ങി രണ്ട് ദശകങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ഈ തെളിവുകളെ കേരളചരിത്ര പാഠങ്ങള്‍ എങ്ങനെയൊക്കെ ഉള്‍ക്കൊണ്ടു എന്നത് പരിശോധിക്കേണ്ടതാണ്. പ്രധാനമായും മൂന്ന് തരത്തില്‍ പട്ടണം തെളിവുകളെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട് അഥവാ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒന്ന് : 2007ല്‍ പട്ടണം ഉത്ഖനനം തുടങ്ങിയ കാലം തൊട്ട് കേരളചരിത്ര ഗവേഷണ കൗണ്‍സിലിനോടും അതിന്‍റെ ഡയറക്ടറോടും താല്പര്യമില്ലാതിരുന്ന ഒരുകൂട്ടം എഴുത്തുകാരുടെ വിമര്‍ശന ക്കുറിപ്പുകളും ലേഖനങ്ങളും; നിത്യേനയെന്നോണം പത്രങ്ങളില്‍ പ്രാദേശിക പേജുകളില്‍ വരുന്ന വാര്‍ത്തകളും, ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളും പട്ടണം ഉത്ഖനനത്തിന് വലിയ മാധ്യമ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ആദ്യ ഘട്ടങ്ങളിലെ അനുകൂല പ്രചാരണങ്ങള്‍ പിന്നീട് വിമര്‍ശനങ്ങളായി മാറി. പുരാവസ്തു ഗവേഷകന്‍ എന്നനിലയിലുള്ള ഡയറക്ടറുടെ യോഗ്യത മുതല്‍ പട്ടണം, മുസിരിസിന്‍റെ ഭാഗമാണെന്ന വാദം വരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ഈ ചര്‍ച്ചകളെ പിന്തുടര്‍ന്ന് മുസിരിസ് കൊടുങ്ങല്ലൂരാണെന്നും പട്ടണം കാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നും പറഞ്ഞ് പ്രാദേശികവാദികളും രംഗത്തുവന്നു. ഏതായാലും ഈ വിമര്‍ശന ചര്‍ച്ചകള്‍ക്ക് പിന്നീട് രാഷ്ട്രീയമാനം കൈവരികയും കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പട്ടണം ഉത്ഖനനത്തിനുള്ള അനുമതിക്ക് പലപ്രകാരത്തിലുള്ള നിയന്ത്രണങ്ങളും തടസ്സങ്ങളും കൊണ്ടുവരികയും ചെയ്തു.

രണ്ട് : കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലേയും ബിരുദബിരുദാനന്തര ചരിത്ര പഠന സിലബസുകളില്‍ പട്ടണം ഉത്ഖനനം പാഠ്യവിഷയമായി. ആറാം തരം മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂള്‍ പാഠ്യവിഷയങ്ങളിലും പട്ടണം പഠന വിഷയമായി. പട്ടണത്തെക്കുറിച്ച് നാമമാത്രമായ പഠന റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ലഭ്യമായി തുടങ്ങിയ കാലം മുതല്‍ക്കുതന്നെ പാഠ്യവിഷയത്തില്‍ പട്ടണത്തെ ഉള്‍പ്പെടുത്തി എന്നത് പട്ടണത്തെ അക്കാദമിക ലോകം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്.

മൂന്ന് : പട്ടണത്തെ തെളിവുകള്‍ ചരിത്ര പഠനങ്ങളില്‍ എങ്ങനെ പ്രതിഫലിപ്പിക്കപ്പെട്ടു? റോബര്‍ട്ട റ്റോംബറുടെ ഇന്‍ഡോ റോമന്‍ ട്രേഡ് ഫ്രം പോട്സ് റ്റു പെപ്പര്‍ (Indo Roman Trade: From pots to pepper) എന്ന പുസ്തകം പട്ടണത്തെ തെളിവുകളെ കാര്യമാത്ര പരിഗണിച്ച് രചിച്ചതാണ്. രാജന്‍ ഗുരുക്കളുടെ റീതിങ്കിങ്ങ് ക്ലാസിക്കല്‍ ഇന്‍ഡോ റോമന്‍ ട്രേഡ് എന്ന കൃതിയില്‍ പട്ടണത്തെ തെളിവുകള്‍ പരിഗണിക്കുകയും പട്ടണം മുസിരിസിന്‍റെ ഭാഗമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ അത് കച്ചവടക്കാര്‍ താല്ക്കാലികമായി തങ്ങിയിരുന്ന ഒരിടമായിരുന്നു എന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇന്‍ഡോറോമന്‍ കച്ചവടം എന്നത് ചരിത്ര രചനയിലെ തെറ്റായ പ്രയോഗമാണെന്നും റോമക്കാരുമായി കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ജനത കച്ചവടമല്ല മറിച്ച് കൈമാറ്റമാണ് നടത്തിയിരുന്നതെന്ന സൈദ്ധാന്തികമായ വാദമാണ് ഗുരുക്കള്‍ പങ്കുവെയ്ക്കുന്നത്. പിന്നീട് രാജന്‍ ഗുരുക്കളും രാഘവ വാരിയരും ചേര്‍ന്നെഴുതിയ കേരള ഹിസ്റ്ററി ടെക്സ്റ്റ് ബുക്കില്‍ പട്ടണം ഉത്ഖനന തെളിവുകള്‍ ഉപയോഗിച്ചെന്നല്ലാതെ അവ ഏതെങ്കിലും തരത്തില്‍ നിലവിലെ ചരിത്ര ജ്ഞാനത്തെ മാറ്റുന്നതായോ മാറ്റുകൂട്ടുന്നതായോ പരാമര്‍ശിച്ചതുമില്ല. പട്ടണത്തെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഡോ.ദിനീഷ് കൃഷ്ണന്‍ തഞ്ചാവൂരിലെ തമിഴ്സര്‍വ്വകലാശാലയില്‍ ഡോ. വി സെല്‍വകുമാറിന്‍റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. 2004 മുതല്‍ പട്ടണം ഉത്ഖനനത്തില്‍ പ്രധാന പങ്കാളിയായ ദിനീഷ് കൃഷ്ണന്‍ പട്ടണത്തേയും അതിന്‍റെ പ്രാന്തപ്രദേശങ്ങളിലെ ഇരുമ്പുയുഗ ചരിത്രാരംഭ കാല തെളിവുകളേയും (മഹാശിലാസ്മാരകങ്ങള്‍ പരിശോധിച്ച് പട്ടണമെന്ന കച്ചവടകേന്ദ്രത്തിന്‍റെ രൂപീകരണപ്രക്രിയ അനാവരണം ചെയ്തു. കുരുമുളകിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭവസമ്പത്ത് പട്ടണത്തിനുണ്ടായിരുന്നെന്നും അത് വിനിമയം ചെയ്യാനായി അവിടെ സ്ഥിരതയുള്ള ഒരു കച്ചവട കേന്ദ്രം രൂപംകൊണ്ടിരുന്നു എന്നുമാണ് പട്ടണത്തെ തെളിവുകളും സാഹിത്യസാക്ഷ്യങ്ങളും മുസിരിസ് പാപ്പിറസ് റെക്കോഡ് തുടങ്ങിയവയും വിശകലനം ചെയ്ത് ദിനീഷ് വാദിക്കുന്നത്. ഇന്‍ഡോ റോമന്‍ കച്ചവടം ഒരു യാഥാര്‍ത്ഥ്യമായിരുന്നെന്നും മുസിരിസിന്‍റെ ഭാഗമായ പട്ടണത്തിന് അതില്‍ ഗണ്യമായ ഒരു പങ്ക് ഉണ്ടായിരുന്നെന്നും പട്ടണത്തെ പുരാവസ്തു തെളിവുകളെ അടിസ്ഥാനപ്പെടുത്തി ദിനീഷ് പ്രസ്താവിക്കുന്നു.

പട്ടണം തെളിവുകള്‍ ഉന്നയിക്കുന്ന ഗവേഷണ പ്രശ്നങ്ങള്‍


പട്ടണം ഉത്ഖനന ഫലങ്ങള്‍ കേരളത്തിന്‍റെ പ്രാചീന ചരിത്രത്തില്‍ അടിസ്ഥാനപരമായ ചില ഗവേഷണ പ്രശ്നങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. രണ്ടാം ചേരന്മാരുടെ കാലത്തിനു മുന്‍പ് (ഒന്‍പതാം നൂറ്റാണ്ട്) കേരളം ഗോത്രസംവിധാനത്തിലുള്ള സമൂഹമായിരുന്നെന്നാണ് നിലനില്ക്കുന്ന പ്രധാന വാദം. എന്നാല്‍ പട്ടണത്തെ തെളിവുകളും, കേരളത്തിലങ്ങോളമിങ്ങോളം കണ്ടെത്തിയതും കണ്ടെത്തിക്കൊണ്ടിരിക്കുന്നതുമായ മഹാശിലാസ്മാരകങ്ങളും കാണിക്കുന്നത്, സാങ്കേതികതികവ് ആര്‍ജിച്ചതും സംഘടിതവും വ്യത്യസ്തതൊഴിലുകളില്‍ പ്രാവീണ്യം നേടിയതുമായ ഒരു സമൂഹം ഒന്‍പതാം നൂറ്റാണ്ടിന് മുന്‍പു തന്നെ കേരളത്തില്‍ ഉണ്ടായിരുന്നെന്നാണ്. നാണ്യവിളകളായ കുരുമുളക് ഉള്‍പ്പെടെയുള്ളവയുടെ ഉല്പാദനവും സമാഹരണവും നടന്നിരുന്നതിനൊപ്പം, കരകൗശല നിര്‍മ്മാണത്തിനുള്ള വിഭവങ്ങള്‍ ദൂരദേശ കച്ചവടത്തിലൂടെ ലഭ്യമാക്കി പലതരത്തിലുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്പന നടത്തിയിരുന്നു. തീര്‍ത്തും ആസൂത്രിതമായി നടത്തേണ്ട ഈ പ്രവര്‍ത്തനങ്ങളെ രക്തബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗോത്രവ്യവസ്ഥയ്ക്കകത്ത് ഒതുക്കാന്‍ കഴിയില്ല.

സുഗന്ധവ്യഞ്ജനങ്ങള്‍ മാത്രമായിരുന്നോ ഇന്‍ഡോ റോമന്‍ കച്ചവടത്തിന്‍റെ ഭാഗമായി കേരളതീരത്തുനിന്ന് കടല്‍ കടന്നത്. ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് വര്‍ണ്ണക്കല്ലുകളില്‍ നിര്‍മ്മിച്ച മനോഹരങ്ങളായ ആഭരണങ്ങളും മുദ്രകളും ഉണ്ടായിരുന്നില്ലേ. പട്ടണത്ത് കണ്ടെത്തിയ കാര്‍ണീലിയന്‍, ചാല്‍സിഡണി, അഗേറ്റ്, അമഥിസ്റ്റ്, ബറില്‍ തുടങ്ങിയ വര്‍ണ്ണക്കല്ലുകളുടെ ചീളുകളും കഷ്ണങ്ങളും, പൊട്ടിയതും കേടുപാടുകളുള്ളതുമായ കല്‍മുത്തുകളും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് വര്‍ണ്ണക്കല്ലുകള്‍ കൊണ്ട് ആഭരണങ്ങളും ആഡംഭര വസ്തുക്കളും നിര്‍മ്മിക്കാനുള്ള പ്രാചീന കേരളീയരുടെ സാങ്കേതിക തികവുകൂടിയാണ് ഉല്പന്നങ്ങളോടൊപ്പം അവിടെ വിനിമയം ചെയ്യപ്പെട്ടത്.
പട്ടണത്ത് കണ്ടെത്തിയ ആദി ചേരരുടെ നാണയങ്ങള്‍ ചേരന്മാരുടെ രാഷ്ട്രീയാധികാരത്തിന്‍റെ ഇടപെടല്‍ പട്ടണത്തുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. ആദി ചേരന്മാര്‍ വലിയൊരു സ്റ്റേറ്റായി മാറിയിരുന്നു എന്നല്ല അതിനര്‍ഥം. ചേരന്മാരുടെ വിഭവസമ്പത്ത് മുസിരിസ് അടക്കമുള്ള തുറമുഖ കച്ചവടസ്ഥാനങ്ങളെ ആശ്രയിച്ചായിരുന്നു എന്ന് കരുതേണ്ടിവരും. കേരളത്തിന്‍റെ പടിഞ്ഞാറന്‍ തീരത്ത് നിലനിന്നിരുന്ന സജീവമായ കച്ചവട അധിവാസത്തെയാണ് പട്ടണത്തെ കെട്ടിടാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവ മുസിരിസ് പോലുള്ള മറ്റ് തുറമുഖനഗരങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

ചുരുക്കത്തില്‍
പട്ടണം മുസിരിസാണോ എന്ന ചോദ്യമാണ് എല്ലാ ചര്‍ച്ചകളിലും ഒടുക്കം വരുന്നത്. പെരിയാറിന്‍റെ തീരത്ത് ഇന്നേവരെ കണ്ടെത്തിയവയില്‍ പ്രാചീന ഇന്തോറോമന്‍ പശ്ചിമേഷ്യന്‍ (ദേശീയ അന്തര്‍ദ്ദേശീയ) കച്ചവട ബന്ധങ്ങളെ കുറിക്കുന്ന പുരാവസ്തു തെളിവുകള്‍ ലഭിച്ചത് പട്ടണത്തുനിന്നാകയാല്‍, ഇത് മുസ്സിരിസ്സിന്‍റെ ഭാഗമാകാം എന്നു പറഞ്ഞാല്‍ ചരിത്രപരമായി ഒരു അസാംഗത്യവുമില്ല. പട്ടണത്ത് ചരിത്രാരംഭ കാലത്തെ മണ്ണടരുകളില്‍ നിന്നു കണ്ടെത്തിയ മധ്യധരണ്യാഴി, പശ്ചിമേഷ്യന്‍ ഉത്തരേന്ത്യന്‍ കച്ചവടത്തിന്‍റെ നിരവധി പുരാവസ്തു തെളിവുകള്‍ പ്രദേശത്തിന്‍റെ ദേശീയ വൈദേശിക വിനിമയ ചരിത്രത്തെ അടിവരയിടുന്നു. മാത്രമല്ല, പെരിപ്ലസ് ഓഫ് എറിത്ര (Periplus of the Erythraen Sea) ന്‍ സീ എന്ന യാത്രാവിവരണം നല്‍കുന്ന വിവരങ്ങളനുസരിച്ച് കടല്‍ തീരത്തുനിന്ന് 20 സ്റ്റേഡിയ (ഏകദേശം 4, 4 1/2 കിലോമീറ്റര്‍) അകലെയുള്ള ഉള്‍പ്രദേശത്താണ് മുസ്സിരിസ്സ് നിലനിന്നിരുന്നത്. പെരിയാറിന്‍റെ പടിഞ്ഞാറന്‍ തീരത്ത് അതിന്‍റെതന്നെ കൈവഴിയായ പറവൂര്‍ തോടിനോട് അടുത്ത് കിടക്കുന്ന പട്ടണം പ്രദേശത്തെ തന്നെയാണോ പെരിപ്ലസ് സൂചിപ്പിച്ചത്? ഇന്നത്തെ തീര പ്രദേശത്തുനിന്ന് മൂന്നര കിലോമീറ്ററിനകത്താണ് ഉല്‍ഖനനം നടന്ന പട്ടണം സ്ഥിതിചെയ്യുന്നത്. ഉല്‍ഖനനത്തില്‍ കണ്ടെത്തിയ വഞ്ചിയും കടവും ഒന്നാം നൂറ്റാണ്ട് സി. ഇ യിലേതാണെന്ന് കാര്‍ബണ്‍ ഡേറ്റിംഗ് കാലനിര്‍ണ്ണയത്തില്‍ തെളിഞ്ഞിട്ടുണ്ട്. നദീമുഖത്തുനിന്ന് മുസ്സിരിസ്സിലേക്ക് റോമന്‍ കച്ചവടക്കാര്‍ വന്നിരുന്ന ജലപാത ഇതുതന്നെയായിരുന്നോ ?.

നിലവിലെ ചരിത്ര ജ്ഞാനത്തിന് ഒരു പുനരാലോചന പട്ടണത്തെ തെളിവുകള്‍ ആവശ്യപ്പെടു ന്നുണ്ട്. പട്ടണം മുസിരിസാകാമെന്നോ, ആണെന്നോ ഉള്ള വാദങ്ങള്‍ക്കുമപ്പുറം, പട്ടണമെന്ന പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നതും ഇനിയും കണ്ടെത്താനുള്ളതുമായ തെളിവുകള്‍ പെരിയാറിന്‍റെ തീരത്തിന് മധ്യധരണ്യാഴി പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും, ഉത്തരേന്ത്യയുമായും പട്ടണം പ്രദേശത്തിന്‍റെ ഉള്‍നാടുകളുമായും സജീവ കച്ചവട ബന്ധങ്ങള്‍ നിലനിന്നിരുന്നതിന്‍റെ ഒന്നാന്തരം സാക്ഷ്യങ്ങളാണ്. ഇരുമ്പുയുഗ കാലം (ഏകദേശം 1000 ബി.സി.ഇ) തൊട്ടുള്ള മനുഷ്യാധിവാസത്തിന്‍റെ തുടര്‍ച്ചയുടെ ചരിത്രമാണ് പട്ടണത്തെ മണ്ണടരുകളില്‍ നിന്നും പുറത്തെടുക്കുന്ന പുരാവസ്തുക്കള്‍ നല്‍കുന്നത്. ഇതിന്‍റെ വിശദമായ പഠനങ്ങള്‍ക്ക് പട്ടണത്തും, സമീപ പ്രദേശങ്ങളിലും ഇനിയും ഉല്‍ഖനനഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള അനുമാനങ്ങളെ തിരുത്തുകയോ, ശക്തിപ്പെടുത്തുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യുന്ന രീതിയാണ് ചരിത്ര രചനയില്‍ ഇന്നോളം സ്വീകരിക്കപ്പെട്ടു പോന്നിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍ കേരളത്തിന്‍റെ പ്രാചീന ചരിത്രത്തിലേക്ക് വഴിതെളിക്കാനും വഴിത്തിരിവ് സൃഷ്ടിക്കാനും സാധ്യതകളുള്ള തെളിവുകളാണ് പട്ടണം ഉത്ഖനനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും മ്യൂസിയത്തിലും ഉറങ്ങിക്കിടക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 1 =

Most Popular