Thursday, March 28, 2024

ad

Homeപ്രതികരണംവ്യാജ പ്രചാരണം അവസാനിപ്പിച്ച് യുഡിഎഫ് ക്രിയാത്മക പ്രതിപക്ഷമാകണം

വ്യാജ പ്രചാരണം അവസാനിപ്പിച്ച് യുഡിഎഫ് ക്രിയാത്മക പ്രതിപക്ഷമാകണം

കേരളം കടക്കെണിയിലാണ്, ഖജനാവ് കാലിയാണ് എന്നിങ്ങനെയൊക്കെയാണ് വലതുപക്ഷവും മുതലാളിത്ത മാധ്യമങ്ങളും നടത്തുന്ന പ്രചരണം. അതേസമയം മൂലധന ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കാഴ്ചയോടെ നടപ്പാക്കുന്ന പദ്ധതികളെയാകെ സാമ്പത്തിക സ്രോതസ്സുകള്‍ ഞെരുക്കിക്കൊണ്ട് തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ്സും യു.ഡി.എഫും നല്‍കുകയാണ്. എന്നാല്‍ കുപ്രചരണങ്ങള്‍ ഒരു വശത്തു മുറുകവേ, അതെല്ലാം മറികടന്ന് കേരളത്തിന്‍റെ വികസനത്തിനായി ദീര്‍ഘവീക്ഷണത്തോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ടു പോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തിന്‍റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള അടങ്കല്‍ 39,640 കോടി രൂപയാണ്. ഇതില്‍ 27 ശതമാനത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയാണ്. കേരളത്തിലെ കടം ആഭ്യന്തര വരുമാന അനുപാതം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്‍റെ 4.57 ശതമാനമായിരുന്നു 2020-21 ല്‍. ഇത് 2022-23 ല്‍ 3.61 ആയി കുറയുകയാണ്. 2023-24 ല്‍ ഇത് 3.50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ തന്നെ റവന്യൂ കമ്മി 2020-21 ല്‍ 2.60 ശതമാനമായിരുന്നത് 2022-23 ല്‍ 1.96 ആയി കുറയുകയാണ്. ഇവയൊന്നും സാമ്പത്തിക കെടുകാര്യസ്ഥതയുടെ ലക്ഷണങ്ങളല്ല. നമ്മുടെ തനത് നികുതി വരുമാന വളര്‍ച്ച 20 ശതമാനം കടന്നിരിക്കുകയാണ്. 2013-14 മുതലുള്ള യുഡിഎഫ് കാലത്തെ വളര്‍ച്ചാ നിരക്കിന്‍റെ ഒരു ഇരട്ടിയാണ് ഇത്. വളരെ സുഭിക്ഷമായ അവസ്ഥയാണ് കേരളത്തിന്‍റേത് എന്നല്ല. കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ മൂലം സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പദ്ധതികളും ഭൗതിക, സാമൂഹിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുന്ന നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. കോവിഡ് കാലത്തും അതിനുശേഷവും ഉല്‍പ്പാദനരംഗത്ത് നിര്‍ണ്ണായകമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. അതിന്‍റെ ഗുണഫലങ്ങള്‍ കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും കണ്ടുവരികയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്ഥിരവിലയിലെ സാമ്പത്തിക വളര്‍ച്ച 12 ശതമാനമാണ്. ഇത് അഖിലേന്ത്യാ വളര്‍ച്ച നിരക്കിനേക്കാള്‍ ഒന്നര ഇരട്ടി വരും. ഇതിനേയും നിസ്സാരവല്‍ക്കരിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം ഉണ്ടാകുന്നുണ്ട്. രാജ്യത്തും ലോകത്തെമ്പാടും സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെയും ആഭ്യന്തര വരുമാനം കണക്കാക്കുന്നത്. ഇതില്‍ നിന്നെല്ലാം മാറി ചില വിചിത്രവാദങ്ങളുയര്‍ത്തി കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 12 അല്ല 2.5 ശതമാനമാണെന്ന് ഒരു മാധ്യമം സമര്‍ത്ഥിക്കുകയുണ്ടായി.

കോവിഡ് കാലത്തെ വലിയ സാമ്പത്തിക തളര്‍ച്ചയ്ക്കുശേഷം സര്‍ക്കാരിന്‍റെ നയപരമായ ഇടപെടലുകള്‍ കൂടി ഉണ്ടായതു കാരണം കേരളം കൈവരിച്ച സാമ്പത്തിക വളര്‍ച്ച അഭിമാനകരമാണ്. അതിനെയും നിസ്സാരവല്‍ക്കരിക്കുകയാണ് ചിലര്‍. സംരംഭകത്വ പദ്ധതി, ബാംഗ്ലൂര്‍-കൊച്ചി വ്യവസായ ഇടനാഴി, ദേശീയപാത വികസനം എന്നിങ്ങനെ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നല്ല പുരോഗതി കൈവരിക്കുകയാണ്. എന്നാല്‍, ഇവിടെ ഇതൊന്നും വേണ്ട എന്നാണ് ചിലര്‍ പറയുന്നത്.

കോവിഡിന്‍റെ അസാധാരണ സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്‍റും ലോകത്തെമ്പാടുമുള്ള എല്ലാ സര്‍ക്കാരുകളും അധിക വായ്പയെടുക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളുടെയും കടം-വരുമാനം അനുപാതം വര്‍ദ്ധിക്കുകയുമുണ്ടായി. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി കേരളവും കോവിഡ് സാഹചര്യം മറികടക്കാനായി അധിക വായ്പയെടുക്കുകയുണ്ടായി. അതുകൊണ്ട് 2020-21 വര്‍ഷത്തില്‍ കടബാധ്യതയില്‍ വര്‍ദ്ധനയുമുണ്ടായി. അത് വലിയൊരു കുറ്റമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്.

ഫെഡറല്‍ സംവിധാനത്തെയാകെ അര്‍ത്ഥശൂന്യമാക്കുന്ന രീതിയില്‍ സംസ്ഥാനത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കുകയും ചെയ്ത കേന്ദ്ര നയങ്ങള്‍ക്കെതിരെ ഒരുമിച്ചുനിന്ന് പ്രതിഷേധിക്കാന്‍ തയ്യാറാകുന്നതിനു പകരം സംസ്ഥാന സര്‍ക്കാരിനെ ഏതു വിധേനെയും കടന്നാക്രമിക്കുക എന്ന നയമാണ് കോണ്‍ഗ്രസ്സും യു.ഡി.എഫും കൈക്കൊള്ളുന്നത്. ഇത് സംസ്ഥാനത്തിന്‍റെ പൊതു താല്‍പ്പര്യത്തിനു വിരുദ്ധമാണെന്ന് പറയുമ്പോള്‍ അതിനെയും അവര്‍ അധിക്ഷേപിക്കുകയാണ്.

ഒരു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി കാണുന്നതും കുറ്റങ്ങളും കുറവുകളും ജനങ്ങള്‍ക്കു മുമ്പാകെ കൊണ്ടുവരുന്നതും പ്രതിപക്ഷത്തിന്‍റെ കടമയാണ്. പക്ഷേ, സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് ശക്തിയായി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വാദിക്കുന്നത് പ്രതിപക്ഷത്തിന്‍റെ കടമയല്ല, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ഘടനയുടെ ആണിക്കല്ലായ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ അസാധാരണമായ ഭീഷണി നേരിടുന്ന ഒരു സാഹചര്യത്തിലാണ് നാം നില്‍ക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എതിര്‍ക്കുന്നവരോട് സംഘപരിവാര്‍ സംഘടനകള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയും നടത്തുന്ന വിവിധതരം ആക്രമണങ്ങളും നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ യോജിപ്പിന്‍റെ മേഖലകള്‍ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ കണ്ടെത്തണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പകരം, കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കേരളത്തിലെ സര്‍ക്കാരിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ക്ഷീണമാകുമെങ്കില്‍ അതങ്ങനെയാകട്ടെ എന്നുമുള്ള ഹ്രസ്വദൃഷ്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളത്.

ഇവിടെ ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ കൂട്ടിനുള്ളത് ബി.ജെ.പിയെങ്കില്‍ ബി.ജെ.പി എന്നാണ് കോണ്‍ഗ്രസ്സിന്‍റെ നിലപാട്. 1991 മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകളില്‍ ഇത് നാം കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്‍റെ ഇക്കഴിഞ്ഞ ദിവസം നടന്ന റായ്പൂര്‍ പ്ലീനത്തില്‍ പാസ്സാക്കിയ പ്രമേയങ്ങളിലെ നിലപാടും കേരളത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന നിലപാടും തമ്മില്‍ അന്തരമുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ വരിഞ്ഞുമുറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെപ്പറ്റി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. അക്കാര്യങ്ങളില്‍ പോലും സര്‍ക്കാരുമായി ഒരു യോജിച്ച നിലപാടെടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നില്ല.

കേന്ദ്ര അധികാരം സംസ്ഥാനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിന്‍റെ ബാലപാഠങ്ങള്‍ ബി.ജെ.പിക്ക് പഠിപ്പിച്ചത് കോണ്‍ഗ്രസ്സാണെന്നുള്ളത് മറ്റൊരു വസ്തുത. പക്ഷേ, വൈകിയെങ്കിലും കോണ്‍ഗ്രസ്സിന്‍റെ ദേശീയ നേതൃത്വം കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോടുപോലും മുഖം തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. വികസന പദ്ധതികളെ മാത്രമല്ല, ഫെഡറല്‍ സംവിധാനത്തെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്. വാസ്തവത്തില്‍ അവര്‍ പരിഹസിക്കുന്നത് കേരളത്തിലെ ജനങ്ങളെ ആകെയാണ്.

അനവധി പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദേശീയ സാഹചര്യത്തിലാണ് പരിമിതമായ അധികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ധനസ്രോതസ്സുകള്‍ കണ്ടെത്താനും പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കാനും നമ്മള്‍ സ്വീകരിക്കുന്ന ഓരോ മാര്‍ഗവും എങ്ങനെ തടയാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിന്‍റെ ഭാഗമാണ് കിഫ്ബിക്കെതിരായ നിലപാട്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനുമുണ്ട്. എന്നാല്‍, കേരളത്തിന് ഇതൊന്നും പാടില്ല എന്നാണ് വിവേചനപരമായ കേന്ദ്ര സമീപനം. അതിനെയാണ് ഇവിടത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമ പരിപാടികളില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ ജനസംഖ്യാ ഘടനയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് എണ്ണത്തില്‍ പ്രാമുഖ്യമുണ്ടാവുകയാണ്. ഇത് ചില വികസിത രാജ്യങ്ങളിലും കണ്ടുവരുന്നുണ്ട്. ഈ വിഭാഗത്തിന്‍റെ 78 ശതമാനം വരുന്നവര്‍ക്ക് വിവിധ തരം പെന്‍ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സംസ്ഥാന ബജറ്റുകളെപ്പറ്റിയുള്ള ഏറ്റവും ഒടുവിലത്തെ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി വരുമാനം കണ്ടെത്താന്‍ ചില ധനാഗമ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തേടുമ്പോള്‍ അതിനെതിരെ വാളോങ്ങുകയാണ് ഇവിടത്തെ പ്രതിപക്ഷം.

യു.ഡി.എഫ് ഭരണകാലത്ത് വല്ലപ്പോഴുമൊരിക്കലാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്തിരുന്നത്. ഇന്നത്തെ സ്ഥിതി അതല്ല. ഇത് കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. ഇതിനുവേണ്ടി ധനസ്രോതസ്സുകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചില നടപടികളെടുക്കുമ്പോള്‍ അതെന്തോ വലിയ കുറ്റമായിപ്പോയി എന്നു പറഞ്ഞാല്‍ യുക്തിസഹമായി ചിന്തിക്കുന്ന ഒരാളും അതിനോട് യോജിക്കില്ല. കേരളത്തിലെ സര്‍ക്കാര്‍ നടത്തുന്ന ഭരണപരമായ ഇടപെടലുകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. ഇത് നമുക്കാകെ അഭിമാനിക്കാവുന്ന കാര്യമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പോലും അപകീര്‍ത്തിപ്പെടുത്തി കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ മുടക്കുവാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷത്തിന്‍റെ ജനവിരുദ്ധ രാഷ്ട്രീയ സമീപനത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. ധനസഹായത്തിനായി ലഭിച്ച ഏതാനും ചില അപേക്ഷകള്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ ഉയരുകയും ഇതിനെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 22.02.2023 ന് വിജിലന്‍സ് ‘ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കളക്ടറേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ അത് കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കും. തെറ്റായ ഒരു പ്രവണതയും അതില്‍ കടന്നു കൂടാതിരിക്കാനാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വേഗത്തില്‍ സഹായം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ധനസഹായം അനുവദിക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. സഹായധനം ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും വിവിധ തലങ്ങളില്‍ അനുവദിക്കാവുന്ന ധനസഹായത്തിന്‍റെ തുക ഉയര്‍ത്തിയും ഗുണഭോക്താവിന്‍റെ വരുമാനപരിധി വര്‍ദ്ധിപ്പിച്ചും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റിങ്ങിന് വിധേയവുമാണ്. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് രൂപീകരിച്ച ദുരിതാശ്വാസനിധിയെപ്പോലെ (പിഎം കെയര്‍) ഓഡിറ്റിങ്ങിനും പരിശോധനയ്ക്കും അതീതമായ ഒന്നല്ല കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെ അകമഴിഞ്ഞ് സംഭാവന നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കും.

2016 ജൂണ്‍ മുതല്‍ 2021 മെയ് വരെ 6,82,569 അപേക്ഷകളില്‍ 918.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി ആകെ 4,970.29 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ 4,627.64 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സംഭാവനയായി 108.59 കോടി രൂപ ലഭിച്ചിട്ടുണ്ട്. 119.34 കോടി രൂപ ചെലവായിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് നാളിതുവരെ സംഭാവനയായി 1029.01 കോടി രൂപ ലഭിച്ചതില്‍ 1028.06 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 31.01.2023 വരെ 2,46,522 അപേക്ഷകളില്‍ 462.62 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ തുടര്‍ച്ചയാണ്. ജനാധിപത്യവ്യവസ്ഥയില്‍ അഞ്ചുകൊല്ലത്തിലൊരിക്കല്‍ വോട്ട് രേഖപ്പെടുത്തുന്നതു മാത്രമല്ല സമ്മതിദായകരും ഭരണകൂടവും തമ്മിലുള്ള ബന്ധം എന്ന് ഉറച്ചു വിശ്വസിക്കുന്ന സര്‍ക്കാരാണിത്. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാകുന്നു എന്ന കാര്യം ഓരോ വര്‍ഷവും ജനസമക്ഷം അവതരിപ്പിക്കുന്ന രീതി ഈ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നു. തിരഞ്ഞെടുപ്പുവേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്ന ബോധ്യം സര്‍ക്കാരിനുണ്ട്. നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഇതൊരു തനതായ മാതൃകയാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണം ലഭിക്കുന്ന വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഏതു വിധത്തിലും സംസ്ഥാനത്തിന്‍റെ ധനസ്രോതസ്സുകളെ ഞെരുക്കുന്ന ഫെഡറല്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഇവിടത്തെ പ്രതിപക്ഷവും ശബ്ദമുയര്‍ത്താന്‍ തയ്യാറാകണം. അതിലൂടെ കേരളത്തിന്‍റെ തനതായ വികസന മാതൃകയെ ഉയര്‍ത്തിപ്പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉദ്യമങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരണം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eleven =

Most Popular