സാമ്രാജ്യത്വശക്തികളുടെയും അവരുടെ പിണിയാളുകളായ തദ്ദേശീയ ദല്ലാള്‍ മുതലാളിമാരുടെയും കടുത്ത ചൂഷണത്തിനുകീഴിലായിരുന്നു വിപ്ലവത്തിനുമുന്‍പത്തെ ചൈന. അവിടുത്തെ സമ്പത്താകെ ഇക്കൂട്ടര്‍ ഊറ്റി വറ്റിച്ചു. പിന്നോക്കാവസ്ഥയില്‍ കിടക്കുന്ന രാജ്യമായത് മാറി. ഇന്ത്യയെക്കാളും പിന്നോക്കം കിടക്കുകയായിരുന്നു അന്നത്തെ ചൈന. വിയത്നാം, കൊറിയ, ക്യൂബ, ലാവോസ് എന്നീ രാജ്യങ്ങളും ഇന്ന് ചൈനയ്ക്കൊപ്പം സമത്വപൂര്‍ണ്ണമായ സമൂഹസൃഷ്ടിക്ക് ശ്രമിക്കുന്നു. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും പിന്‍ഗാമികളായ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് ലോകത്തെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ വെച്ചുകൊണ്ട് അഭിമാനപൂര്‍വ്വം ഒരു കാര്യം പറയാം – ലോകത്തെ ഇന്നത്തെ ആകെ ജനസംഖ്യയെടുത്താല്‍ അതില്‍ അഞ്ചിലൊന്ന്, അതായത് 100 എന്ന് എടുത്താല്‍ അതില്‍ 20 പേര്‍ ജീവിക്കുന്നത് ഞാനിവിടെ പറഞ്ഞ വിയത്നാം, ചൈന, കൊറിയ, ക്യൂബ, ലാവോസ് എന്നീ രാജ്യങ്ങളിലാണ്. അതില്‍ പ്രധാനമായ സംഭാവന ചൈനയിലെ ജനസംഖ്യ തന്നെയാണ്. അപ്പോള്‍ ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് നമ്മുടെ കാരണവന്മാര്‍ (മാര്‍ക്സും എംഗല്‍സും) വികസിപ്പിച്ചെടുത്ത ഈ സമത്വ രാഷ്ട്രീയ സിദ്ധാന്തം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ സ്ഥിതി ഒട്ടും മോശമല്ല, അഞ്ചുപേരെ എടുത്താല്‍ അതില്‍ ഒരാളുണ്ട് ഈ വ്യവസ്ഥയ്ക്കുകീഴില്‍. അതു മാത്രമല്ല, ഈ കണക്കില്‍ കേരളം വന്നിട്ടുമില്ല. അപ്പോള്‍ അതൊരു താത്വിക വിഷയമാണ്. ഇന്ത്യയെപ്പോലെ മുതലാളിത്ത സ്വത്തുടമാ ബന്ധങ്ങള്‍, ഭൂപ്രഭുത്വവുമായുള്ള സന്ധി അങ്ങനെയെല്ലാമുള്ള ചൂഷണ വ്യവസ്ഥ നിലനില്‍ക്കുന്നൊരു രാജ്യത്ത് പരിമിതമായ അധികാരങ്ങളോടുകൂടിയാണ് കേരളം ഇങ്ങനെ പിടിച്ചുനില്‍ക്കുന്നത്. അതായത് കേന്ദ്രത്തിന്‍റെ ഹിതംപോലെ നമ്മുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നു – 3.8 ശതമാനത്തിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ 1.9 ശതമാനമേ കേരളത്തിന് കിട്ടുന്നുള്ളൂ, ഇങ്ങനെയെല്ലാമുള്ള കേന്ദ്രം ഭരിക്കുമ്പോള്‍ പല കാര്യങ്ങളും ഉദ്ദേശ്യംപോലെ ചെയ്യുന്നതിന് നമുക്ക് കഴിയുന്നില്ല; നമ്മള്‍ കുറച്ചൊക്കെ നിസ്സഹായരാണ്.
കേരളം ഉള്‍പ്പെടുന്ന ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്; അത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്‍റെ പി ബി അംഗം പിണറായി മുഖ്യമന്ത്രിയായിട്ടുള്ള, സിപിഐയും മറ്റ് ഇടതുപക്ഷ – ഇടതുപക്ഷയിതര കക്ഷികളും ചേര്‍ന്നുള്ള ഒരു ഭരണം. അപ്പോള്‍ സമത്വപൂര്‍ണമായൊരു സമൂഹത്തിന്‍റെ നിര്‍മിതിക്കുവേണ്ടിയുള്ള ശ്രമമാണോ കേരളത്തില്‍ നടക്കുന്നത്? ഉത്തരം ആണെന്നോ അല്ലെന്നോ അറുത്തുമുറിച്ച് പറയാന്‍ പറ്റില്ല; കുറച്ചാണ്, കുറച്ചല്ല. വൈരുധ്യാത്മകം എന്നു പറയുന്നത് ഇതാണ്; നമ്മളിതിനെ അങ്ങനെ കാണണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെതന്നെ ഇതിനെക്കുറിച്ചുള്ള കാഴ്ചപ്പാടിന് പരിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്: സിപിഐ എമ്മിന്‍റെ 1967ല്‍ അംഗീകരിച്ച രേഖയനുസരിച്ച്, ഇങ്ങനെയുള്ള ഇടക്കാല ഗവണ്‍മെന്‍റുകള്‍ സംസ്ഥാനങ്ങളിലെല്ലാം വരുന്നതുവഴി ചൂഷകവര്‍ഗ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ കുറച്ച് തടുക്കാന്‍ പറ്റും; അതോടൊപ്പം ജനങ്ങള്‍ക്കുവേണ്ടി ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം എന്നിങ്ങനെയുള്ള കുറച്ച് ആശ്വാസനടപടികള്‍ കൊണ്ടുവരാന്‍ പറ്റും.
ഇതായിരുന്നു 1967ലെ നമ്മുടെ കാഴ്ചപ്പാടെങ്കില്‍ 33 വര്‍ഷം കഴിഞ്ഞ് രണ്ടായിരത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച് സിപിഐ എം പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ ഇതിലൊരു മാറ്റം കൊണ്ടുവന്നു. അതായത്, ആശ്വാസ നടപടികള്‍ എന്നുള്ളത് ഒപ്പം ചില ബദലുകള്‍ വികസിപ്പിക്കാനും നടപ്പാക്കാനും നമ്മള്‍ ശ്രമിക്കണം എന്ന നിലയിലേക്ക് കുടി മാറ്റി. ഇത് സമീപനത്തിലെ ഗുണപരമായൊരു മാറ്റമാണ്. ചൂഷകവര്‍ഗ പാര്‍ട്ടി, കോണ്‍ഗ്രസോ ബിജെപിയോ, ആണ് ഭരിക്കുന്നതെങ്കില്‍ അവര്‍ ജനങ്ങളെ കടന്നാക്രമിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്യും. ചൂഷകവര്‍ഗങ്ങള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യമാണ്. അത് തടുക്കുക എന്നുള്ളതു മാത്രമല്ല സിപിഐ എം നയിക്കുന്ന ഗവണ്‍മെന്‍റിന്‍റെ കടമ. അത് തടുക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം കൊടുക്കുകയുമൊക്കെ വേണം, അതിനൊപ്പം ചൂഷകവര്‍ഗ്ഗത്തിന്‍റെ വികസനനയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില ബദലുകള്‍ വികസിപ്പിക്കുവാനുള്ള അന്വേഷണം നടത്തുകയും വേണം; ബദലുകള്‍ക്കുവേണ്ടിയുള്ള പരീക്ഷണം നടത്തണം.
രണ്ടായിരത്തില്‍ പാര്‍ട്ടി പരിപാടി ഇത്തരത്തില്‍ കാലോചിതമാക്കുന്നതിനുമുന്‍പുതന്നെ അതിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടന്നിരുന്നു. അതാണ് 1996ലെ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച ജനകീയാസൂത്രണം; ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നൊരു വലിയ പരീക്ഷണമായിരുന്നു പീപ്പിള്‍സ് പ്ലാന്‍. (പീപ്പിള്‍സ് പ്ലാന്‍ എന്നുള്ള പദപ്രയോഗം ആദ്യമായി മുന്നോട്ടുവെച്ചത്, പില്‍ക്കാലത്ത് നമ്മള്‍ കുറച്ച് വിമര്‍ശിക്കുകയും തര്‍ക്കിക്കുകയുമൊക്കെ ചെയ്തിട്ടുള്ള, അതേസമയം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രൂപീകരണത്തിനുതന്നെ നേതൃത്വം കൊടുത്ത എം എന്‍ റോയി ആണ്. അതെ, അത് എം എന്‍ റോയിയുടെ പ്രയോഗമാണ്. ഇന്ത്യക്കൊരു ഭരണഘടന തയ്യാറാക്കാന്‍ ഒരു ഭരണഘടന അസംബ്ലി വേണം എന്ന് – കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരിക്കുന്ന കാലത്ത് – എം എന്‍ റോയിയാണ് ആദ്യം ആവശ്യപ്പെട്ടത്. എം എന്‍ റോയി സവിശേഷമായൊരു വിപ്ലവവ്യക്തിത്വമാണ്. തന്‍റെ വിദ്യാഭ്യാസം കൂടുതലും അദ്ദേഹം സ്വയം പഠനത്തിലൂടെ നേടിയതാണ്. അതിനുശേഷം മെക്സിക്കോയില്‍ പോയി അവിടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കുകയും പിന്നീടതിനെ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി മാറ്റുകയും ചെയ്തു. പിന്നീട് ആ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി, ലെനിന്‍റെ നേതൃത്വത്തില്‍ മോസ്കോയില്‍ 1919ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി. ലെനിനെ ആദ്യമായി കാണുന്ന രംഗം എം എന്‍ റോയി മനോഹരമായി എഴുതിയിട്ടുണ്ട്). അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത്, സമത്വപൂര്‍ണമായ സമൂഹ നിര്‍മ്മിതിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ എന്ന മാനിഫെസ്റ്റോയിലെ ആശയങ്ങള്‍ നടപ്പാക്കാന്‍ ഇന്ന് ലോകത്ത് നടക്കുന്ന ശ്രമങ്ങളെപ്പറ്റിയാണ്. 1898ല്‍ ഛൗൃ ജൃീഴൃമാ (നമ്മുടെ പരിപാടി) എന്ന തന്‍റെ പ്രബന്ധത്തില്‍ ലെനിന്‍ പറയുന്നതിങ്ങനെയാണ്, “We dont consider Marx
s theory as completed or inviolable. On the contrary, it has only laid the foundation stone off the science. This, we socialists must develop in all directions or else we cannot keep pace with life” (മാര്‍ക്സിന്‍റെ സിദ്ധാന്തത്തെ പൂര്‍ണമായതെന്നോ അലംഘനീയമെന്നോ നമ്മള്‍ കണക്കാക്കുന്നില്ല. നേരെമറിച്ച്, അത് ഈ ശാസ്ത്രത്തിന്‍റെ അടിസ്ഥാനശിലയിടുക മാത്രമാണ് ചെയ്തിട്ടുള്ളത്. സോഷ്യലിസ്റ്റുകളായ നമ്മള്‍ എല്ലാ ദിശകളിലും ഇതിനെ വികസിപ്പിക്കണം; അങ്ങനെ ചെയ്തില്ലെങ്കില്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കൊത്തു പോകാന്‍ നമുക്ക് കഴിയില്ല – ലെനിന്‍റെ സമാഹൃത കൃതി, നാലാം വോള്യം പേജ് 211 – 212).
ലെനിന്‍റെ ഈ നിരീക്ഷണം വളരെ ശാസ്ത്രീയമാണ്. മാനിഫെസ്റ്റോയിലും മൂലധനത്തിലുമുള്ള കാര്യം മുതല്‍ മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും അസംഖ്യം രചനകളില്‍ പരന്നുകിടക്കുന്ന സിദ്ധാന്തം, അത് പൂര്‍ത്തീകരിക്കപ്പെട്ടൊരു സിദ്ധാന്തമല്ല. അത് വളരെ ലളിതമായി മനസ്സിലാക്കാവുന്ന കാര്യമാണ്. ഐസക് ന്യൂട്ടണ്‍ പ്രപഞ്ചസിദ്ധാന്തങ്ങളെല്ലാം പൂര്‍ത്തീകരിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. അതുപോലെതന്നെ ശാസ്ത്രത്തിന്‍റെ ഓരോ കാലഘട്ടവും നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രം സംബന്ധിച്ചും മനുഷ്യസമൂഹത്തിന്‍റെ പരിവര്‍ത്തനം സംബന്ധിച്ചുമുള്ള ഏറ്റവും സൂക്ഷ്മവും ശാസ്ത്രീയവുമായ ആശയങ്ങള്‍ അന്ന് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ആവിഷ്കരിച്ചു, അതിന്‍റെ അടിത്തറയിട്ടു. അതിനി നിരന്തരം വികസിച്ചുകൊണ്ടിരിക്കണം. നിരന്തരം വികസിക്കുന്നതിനിടയ്ക്ക് ഈ സിദ്ധാന്തത്തിന്‍റെ ഭാഗമായി നമ്മള്‍ പറഞ്ഞ പല കാര്യങ്ങളിലും, ചില അബദ്ധങ്ങള്‍, അശാസ്ത്രീയതകള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടി വന്നേക്കാം. ഇനി ഈ ശാസ്ത്രം സംബന്ധിച്ചും ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണത്തിന്‍റെ ശരിയായ പ്രയോഗം സംബന്ധിച്ചും നാം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സംഭവിച്ച തെറ്റുകളെന്തെന്ന് നമ്മള്‍ കൃത്യമായി മനസ്സിലാക്കണം. അതേവരെയുള്ള അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ശാസ്ത്രീയ സിദ്ധാന്തം ആവിഷ്കരിക്കുന്നത്.
സമൂഹം ഒരു സാമ്പത്തിക, സാമൂഹിക വ്യവസ്ഥയില്‍ നിന്ന് പുരോഗമിച്ച്, മുതലാളിത്തത്തിന് അന്ത്യംകുറിച്ച് സോഷ്യലിസം വന്നാല്‍പിന്നെ ആ സോഷ്യലിസം വികസിച്ച് കമ്യൂണിസമാകുകയല്ലാതെ സോഷ്യലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കൊരു തിരിച്ചുപോക്കില്ല എന്ന് ഞാനൊക്കെ കേട്ടുപഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്; അങ്ങനെ ക്ലാസ് എടുക്കുന്ന, അങ്ങനെ പറയാന്‍ നമ്മളെ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടം നിങ്ങളോര്‍ക്കേണ്ടതുണ്ട്; സോവിയറ്റ് യൂണിയനെ നശിപ്പിക്കാന്‍ ഫാസിസം വന്നെങ്കില്‍, സോവിയറ്റ് യൂണിയന്‍റെ ചെമ്പട ആ ഫാസിസ്റ്റുകളെ (നാസിസത്തെ) തകര്‍ത്തു; റീഷ്താഗിന്‍റെ മുകളില്‍ ചെങ്കൊടികെട്ടി; കിഴക്കന്‍ യൂറോപ്പുവരെ സോഷ്യലിസ്റ്റായി; ചൈനയിലും വിയത്നാമിലും കൊറിയയിലും ക്യൂബയിലും ലാവോസിലുമെല്ലാം ഭരണം ചെങ്കൊടിക്ക് കീഴിലായി. അതിനുശേഷം നിക്കരാഗ്വയില്‍ പോരാട്ടം, എല്‍സാല്‍വദോറില്‍ പോരാട്ടം, ഗിനിബിസാവോയില്‍ പോരാട്ടം; ബുര്‍ക്കിനഫാസോയില്‍ തൊഴിലാളി വിമോചന പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമുണ്ടായി. ഞങ്ങളൊക്കെ എസ്എഫ്ഐക്കാരായിരിക്കെ 1970 കളുടെ ആദ്യം ഇതെല്ലാം ക്ലാസുകളില്‍ കേട്ടു; അത് ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ മുന്നേറ്റം, ചിലിയില്‍ അലന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ് മുന്നേറ്റം ഇതെല്ലാം നടന്നൊരു കാലഘട്ടം.
എന്നാല്‍, നമ്മളിപ്പോള്‍ കണ്ടു; സോഷ്യലിസം സ്ഥാപിക്കപ്പെട്ട രാജ്യങ്ങളില്‍ തിരിച്ചടിയുണ്ടായി. മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ പോരാ. നിങ്ങളോര്‍ക്കുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രഷ്നേവിന്‍റെ കാലത്ത് – ലിയോണിദ് ബ്രഷ്നേവ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ജനറല്‍ സെക്രട്ടറിയും അവിടത്തെ പ്രസിഡന്‍റുമൊക്കെയായിരുന്ന കാലത്ത് – ഒരു സിദ്ധാന്തം വരുകയും അതിനെക്കുറിച്ച് അന്ന് ‘ദ ഹിന്ദു’ എഡിറ്റോറിയല്‍ എഴുതുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്താണ് ആ സിദ്ധാന്തം? ‘സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം അതിന്‍റെ വളര്‍ച്ചയുടെയും വികാസത്തിന്‍റെയും പരമകാഷ്ഠയിലെത്തിയിരിക്കുന്നു, ാീെേ മറ്മിരലറ ീരെശമഹശാെ ആയിരിക്കുന്നു. അതുകൊണ്ട് നമുക്കിനി കാത്തിരിക്കാന്‍ നിവൃത്തിയില്ല – കമ്യൂണിസ്റ്റ് സമൂഹമായി സോവിയറ്റ് യൂണിയനെ പുതുക്കി നിര്‍മിക്കുന്ന പ്രവൃത്തി ഏറ്റെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു’ എന്നതായിരുന്നു അത്. ലോകത്തൊരു രാജ്യത്ത് മാത്രമായി ഏറ്റവും മികച്ച സോഷ്യലിസം കൈവരിക്കുകയും കമ്യൂണിസം നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുകയും ചെയ്യുന്നു എന്നത് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രേഖയിലുള്ളതാണ്. അത് ലോകം ചര്‍ച്ച ചെയ്തു. ആ രാജ്യത്ത്, മുന്‍ സോവിയറ്റ് യൂണിയനില്‍ ഇന്ന് മുതലാളിത്തമാണ് ഉള്ളത്!
മാനിഫെസ്റ്റോയുടെ സമകാലിക പ്രസക്തി അഥവാ സമത്വപൂര്‍ണമായ സമൂഹം നിര്‍മിക്കുവാനുള്ള ശ്രമം ഇന്നത്തെ ലോകത്ത് എവിടെയെത്തി നില്‍ക്കുന്നു എന്നതാണ് വിഷയം. അവിടെ നമ്മള്‍ കാണേണ്ട ഒരു കാര്യം മാര്‍ക്സും എംഗല്‍സും മുന്നോട്ടുവെച്ച ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണത്തെയും സമരപദ്ധതിയെയും കുറിച്ചാണ് (അതൊരു സിദ്ധാന്തം എന്നു മാത്രമല്ല, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള മുറിച്ചുമാറ്റാനാവാത്ത പാരസ്പര്യം എന്ന നിലയില്‍ കൂടിയാണ് നാം പരിശോധിക്കേണ്ടത്); അതായത് സിദ്ധാന്തമുണ്ട്, അത് പ്രയോഗിക്കാനുള്ളതാണ്; പ്രയോഗത്തിന്‍റെ അനുഭവങ്ങളില്‍നിന്ന് സിദ്ധാന്തത്തെ കൂടുതല്‍ കുറ്റമറ്റതാക്കി മൂര്‍ച്ച വരുത്താനുള്ളതാണ്. അതിന്‍റെ ഇപ്പോഴത്തെ ബാലന്‍സ് ഷീറ്റ് (നീക്കിയിരിപ്പ്) എടുക്കുമ്പോള്‍ നമ്മള്‍ കാണുന്നത് ഇങ്ങനെയാണ്: –
1. ഈ സമത്വപൂര്‍ണമായ സമൂഹം സ്ഥാപിക്കുന്നതു സംബന്ധിച്ച് മാര്‍ക്സും എംഗല്‍സും മുന്നോട്ടുവെച്ച സമീപനത്തിന്‍റെ അടിസ്ഥാന ആശയാവലികള്‍ ശരിയും പ്രസക്തവുമാണ്. ചൂഷണ വ്യവസ്ഥ സമൂഹത്തില്‍ തുടരുവോളം കാലം ചൂഷണമില്ലാതാക്കാനുള്ള പോരാട്ടങ്ങളും ഈ കാരണവന്മാര്‍ (മാര്‍ക്സും എംഗല്‍സും) മുന്നോട്ടുവെച്ച പ്രപഞ്ച വീക്ഷണത്തിന്‍റെ കാലോചിതമായ വികാസത്തിലൂടെ നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടിവരും. എന്നാല്‍, ഇടക്കാലത്ത് നമുക്ക് സംഭവിച്ച അനുഭവങ്ങള്‍ മുഴുവന്‍ കൂട്ടിവെച്ച് നോക്കുമ്പോള്‍, ഈ സിദ്ധാന്തത്തിന്‍റെ ഭാഗമായിത്തന്നെ നമ്മളവതരിപ്പിച്ച ചില കാഴ്ചപ്പാടിന്‍റെ വിശദാംശങ്ങളില്‍ ശരിയില്ലായ്മകളുണ്ടായിരുന്നു; തെറ്റുകളുണ്ടായിട്ടുണ്ട് എന്ന് കാണേണ്ടതുണ്ട്. ഉദാഹരണത്തിന് എന്തൊക്കെയാണ് ആ തെറ്റുകള്‍? ഒന്ന്, ഏറ്റവും വികസിച്ച മുതലാളിത്ത രാജ്യത്തിലാണ് തൊഴിലാളിവര്‍ഗം ആവിര്‍ഭവിക്കുകയും സുശക്തമാകുകയും ചെയ്യുന്നത്, അതുകൊണ്ടുതന്നെ അത്തരം രാജ്യങ്ങളിലാണ് തൊഴിലാളിവര്‍ഗ വിപ്ലവം ആദ്യം നടക്കുക എന്നതായിരുന്നു മാര്‍ക്സും എംഗല്‍സും മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കാഴ്ചപ്പാട്. മാര്‍ക്സിന്‍റെ മരണാനന്തരം 1893 ല്‍ എംഗല്‍സ് എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇറ്റാലിയന്‍ പതിപ്പിനുള്ള മുഖവുരയുടെ ഒരു ഖണ്ഡികയില്‍ പറയുന്നു:”കഴിഞ്ഞകാലങ്ങളില്‍ മുതലാളിത്തം നിര്‍വഹിച്ച വിപ്ലവകരമായ പങ്കിനോട് മാനിഫെസ്റ്റോ തികച്ചും നീതി കാണിച്ചിട്ടുണ്ട്”…. തുടര്‍ന്ന് എംഗല്‍സ് പറഞ്ഞു- “ഒന്നാമത്തെ മുതലാളിത്ത രാഷ്ട്രം ഇറ്റലിയായിരുന്നു. ഇംഗ്ലണ്ടിനേക്കാള്‍ മുമ്പ് മുതലാളിത്ത വികസനമുണ്ടായത് ഇറ്റലിയിലായിരുന്നു. ഇറ്റലിയുടെ സന്താനവും അതികായനുമായ ദാന്തെയായിരുന്നു, മധ്യകാല കവികളില്‍ അവസാനത്തേതും ആധുനിക കവികളില്‍ ആദ്യത്തേതുമായ അദ്ദേഹമായിരുന്നു ഫ്യൂഡല്‍ മധ്യകാലത്തിന്‍റെ അന്ത്യവും ആധുനിക മുതലാളിത്തത്തിന്‍റെ ആരംഭവും കുറിച്ചത്. 1300 ലെന്നപോലെ ഇന്നും പുതിയൊരു ചരിത്ര ഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴിലാളിവര്‍ഗ കാലഘട്ടത്തിന്‍റെ ഉദയ മുഹൂര്‍ത്തം കുറിക്കുന്ന പുതിയൊരു ദാന്തെയെ ഇറ്റലി നമുക്ക് പ്രദാനം ചെയ്യുമോ” ഈ ചോദ്യത്തോടെയാണ് എംഗല്‍സ് ആമുഖം അവസാനിപ്പിക്കുന്നത്.
ഇറ്റലിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഘട്ടത്തില്‍ വലിയ ബഹുജന ശക്തിയായി വളര്‍ന്നു. മാര്‍ക്സിനെയും എംഗല്‍സിനെയും ലെനിനെയുമൊക്കെക്കുറിച്ചു പറയുന്ന അതേ അഭിമാനത്തോടുകൂടി നമുക്കുയര്‍ത്തിക്കാട്ടാനാകുന്ന ഒരു വിപ്ലവ പോരാളിയെയും വിപ്ലവ ചിന്തകനെയും ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിന് നല്‍കി – അദ്ദേഹമാണ് അന്‍റോണിയോ ഗ്രാംഷി. ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിലേര്‍പ്പെട്ട അദ്ദേഹത്തെ മുസോളിനി ജയിലിലിട്ടു പീഡിപ്പിച്ചു (പാര്‍ലമെന്‍റംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്‍റിനെ തന്‍റെ സാന്നിധ്യം കൊണ്ട് സംവാദമുഖരിതമാക്കി). മരണാസന്നനായപ്പോള്‍ ഫാസിസ്റ്റുകള്‍ ഗ്രാംഷിയെ തുറന്നുവിട്ടു. അധികം വൈകാതെ അദ്ദേഹം മരണമടഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം രക്തസാക്ഷിയാണ്. മാനിഫെസ്റ്റോയുടെ ആമുഖത്തില്‍ കുറിച്ചിട്ട എംഗല്‍സിന്‍റെ വാചകത്തിന്‍റെ അര്‍ത്ഥം അതാണ്. ഭാവിയില്‍ അന്‍റോണിയോ ഗ്രാംഷിയെപ്പോലൊരു വിപ്ലവകാരി ഇറ്റലിയില്‍ ഉയര്‍ന്നുവരുമെന്ന് എംഗല്‍സ് ഒരുപക്ഷേ ദീര്‍ഘദര്‍ശനം ചെയ്യുന്നതുപോലെയാണ് അന്ന് ആമുഖത്തില്‍ എഴുതിയത്. സംസ്കാരവുമായി ബന്ധപ്പെട്ട മാര്‍ക്സിയന്‍ പരികല്‍പനകളെ ഏറ്റവും കൂടുതല്‍ വികസിപ്പിച്ചു മുന്നോട്ടുകൊണ്ടുപോയിട്ടുള്ള ആളാണ് ഗ്രാംഷി. അപ്പോള്‍ മാനിഫെസ്റ്റോയുടെ മുഖവുരയില്‍ എംഗല്‍സ് നടത്തിയ ദീര്‍ഘദര്‍ശനം അബോധമായി ഇവിടെ സാക്ഷാല്‍ക്കരിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്.
മാര്‍ക്സും എംഗല്‍സും ശാസ്ത്രീയ സോഷ്യലിസ്റ്റ് പ്രപഞ്ചവീക്ഷണം മുന്നോട്ടുവെച്ചപ്പോള്‍ അവരുടെ അപഗ്രഥനത്തിന്‍റെ അടിസ്ഥാനത്തില്‍ അവരെത്തിച്ചേര്‍ന്ന വളരെ ബലിഷ്ഠമായ ഒരു ശാസ്ത്രീയ സിദ്ധാന്തമുണ്ട്: ഫ്യൂഡലിസത്തിനുശേഷം ഒരു സാമ്പത്തിക – സാമൂഹിക വ്യവസ്ഥയായി വളര്‍ന്നുവന്ന മുതലാളിത്തം, വികസിക്കുമ്പോള്‍ അതിന്‍റെ ഭാഗമായി തൊഴിലാളിവര്‍ഗമുണ്ടാകുന്നു, തൊഴിലാളിവര്‍ഗബോധമുണ്ടാകുന്നു. ഒരു കാര്യം കൂടി പറയുന്നുണ്ട് – തൊഴിലാളിവര്‍ഗം സൃഷ്ടിക്കപ്പെടുമെന്നും തങ്ങളുടെ, അതായത് മുതലാളിത്തത്തിന്‍റെ അന്ത്യംകുറിക്കാനുള്ള ആയുധത്തെയും ആ ആയുധമെടുത്ത് പ്രയോഗിക്കുവാനുള്ള ശക്തിയെയും മുതലാളിത്തം തന്നെയാണ് സൃഷ്ടിക്കുന്നത് എന്നും മാനിഫെസ്റ്റോ പറയുന്നു. അതിന്‍റെ കൂട്ടത്തില്‍ വളരെയേറെ ശ്രദ്ധേയമായൊരു ആശയവും മാനിഫെസ്റ്റോ മുന്നോട്ടുവെയ്ക്കുന്നു; അതായത് അങ്ങനെ വര്‍ഗസമരം തീക്ഷ്ണമായി മുതലാളിത്ത ചൂഷണ വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാനായി തൊഴിലാളിവര്‍ഗം സംഘടിക്കുകയും പോരാടുകയും ചെയ്തു മുന്നോട്ടുവരുമ്പോള്‍, ചൂഷകവര്‍ഗത്തില്‍പെട്ടവര്‍ക്കിടയില്‍നിന്ന് കുറേപ്പേര്‍, വിശേഷിച്ചും സൈദ്ധാന്തികരായി, തൊഴിലാളിവര്‍ഗത്തിന്‍റെ മോചനത്തിന്‍റെ സിദ്ധാന്തം ഉള്‍ക്കൊണ്ടുകൊണ്ടും ആ സിദ്ധാന്തം വിശദീകരിച്ചുകൊണ്ടും തൊഴിലാളിവര്‍ഗ സമരവേദിയിലേക്കുവരും. അന്നങ്ങനെ വന്നയാളാണ് എംഗല്‍സ്; മാര്‍ക്സിനെയൊരു ഇടത്തരം കുടുംബത്തിന്‍റെ പ്രതിനിധിയായിട്ടേ കാണാന്‍ പറ്റുകയുള്ളൂ, അദ്ദേഹത്തെ ബൂര്‍ഷ്വാ സമൂഹത്തിന്‍റെ പ്രതിനിധിയായി കാണാന്‍ പറ്റില്ല. അതേസമയം എംഗല്‍സ് ബൂര്‍ഷ്വാ കുടുംബത്തില്‍പെട്ടയാളാണ്. അദ്ദേഹത്തിന്‍റെ അച്ഛന്‍ തുണിനെയ്ത്തുശാലയുടെ ഉടമയാണ്. അതിന്‍റെ ഉടമസ്ഥനാക്കി എംഗല്‍സിനെ മാറ്റാന്‍ വേണ്ടിയാണ് അച്ഛന്‍ അതിന്‍റെ ചുമതല നോക്കാന്‍ എംഗല്‍സിനെ മാഞ്ചസ്റ്ററിലേക്ക് വിടുന്നത്. മാഞ്ചസ്റ്ററിലായിരുന്നു അവരുടെ തുണിനെയ്ത്തുശാല. (മാഞ്ചസ്റ്റര്‍ സന്ദര്‍ശിച്ചപ്പോള്‍ എന്‍റെ ഓര്‍മയിലിങ്ങനെ നിറഞ്ഞുനില്‍ക്കുന്ന വളരെ ആവേശകരമായൊരു രംഗം, അവിടെയൊരു വലിയ ലൈബ്രറിയുണ്ട് – ചേതന്‍). ആ ലൈബ്രറി ഇപ്പോഴും ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിക്കാറുണ്ട്. അത് വലിയൊരു ലൈബ്രറി ആയതുകൊണ്ടുമാത്രമല്ല, ആ ലൈബ്രറിയുടെ ഒരു കോണിലാണ് മാര്‍ക്സും എംഗല്‍സും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടിയിരുന്നത്. അവിടത്തെ പുസ്തകങ്ങളെടുത്ത് അവര്‍ വായിക്കാറുണ്ടായിരുന്നു. ഒരു ആധുനിക സമൂഹമാണ് ഇംഗ്ലണ്ടിലെ സമൂഹവും അവിടുത്തെ ജനതയും എന്നുള്ളതുകൊണ്ടാകാം ഈ ചേതന്‍ ലൈബ്രറിയെക്കുറിച്ചുള്ള വിവരണത്തില്‍ മാര്‍ക്സും എംഗല്‍സും ഉപയോഗിച്ചിട്ടുള്ള ലൈബ്രറിയാണിതെന്ന് അവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. മാര്‍ക്സും എംഗല്‍സും ഇരുന്നിട്ടുള്ള ഇരിപ്പിടവും ആ മേശയും അവര്‍ പ്രത്യേകം വളച്ചുകെട്ടി സംരക്ഷിച്ചിരിക്കുകയാണ്. മാര്‍ക്സും എംഗല്‍സും എടുത്തു വായിച്ചിരുന്ന അവിടുത്തെ പുസ്തകങ്ങള്‍, നമ്മള്‍ ആവശ്യപ്പെട്ടാല്‍, അവര്‍ നമ്മള്‍ക്ക് കൊണ്ടുവന്ന് കാണിച്ചുതരും).
എംഗല്‍സ് മുതലാളി – വ്യവസായി – കുടുംബത്തിലെ അംഗമായിരുന്നു. യഥാര്‍ത്ഥത്തില്‍, മാര്‍ക്സിന്‍റെ സിദ്ധാന്തങ്ങള്‍ വികസിപ്പിക്കുന്നതില്‍ എംഗല്‍സ് വലിയ സംഭാവന നല്‍കിയിട്ടുണ്ട്; സമൂഹത്തിന്‍റെ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന്‍റെ പങ്ക് എന്താണ് എന്നുള്ള മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനാശയം മാര്‍ക്സിന് നല്‍കിയത് എംഗല്‍സാണ്. കാരണം അതുസംബന്ധിച്ച ആശയങ്ങള്‍ മാര്‍ക്സ് ആവിഷ്കരിക്കുന്നതിനുമുന്‍പേതന്നെ ‘ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്‍റെ അവസ്ഥ’ (The Condition of Working Class in England) എന്ന പുസ്തകത്തില്‍ 1845ല്‍ എംഗല്‍സ് എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. പുതിയ സമൂഹത്തില്‍ തൊഴിലാളിവര്‍ഗത്തിന്‍റെ പങ്കെന്താണെന്ന്, അവരുടെ സ്ഥാനമെന്താണെന്ന് എംഗല്‍സ് കണ്ടെത്തിക്കഴിഞ്ഞിരുന്നു. പക്ഷേ എംഗല്‍സ് അപ്പോഴും തന്നെക്കാള്‍ രണ്ട് വയസ്സിനു മുതിര്‍ന്ന മാര്‍ക്സ് ബുദ്ധിപരമായി തന്നെക്കാള്‍ ഏറെ മുന്‍പിലാണെന്ന് സമ്മതിച്ചിരുന്നു.1818ലാണ് മാര്‍ക്സ് ജനിക്കുന്നത്. 1820ലാണ് എംഗല്‍സ് ജനിക്കുന്നത്. എംഗല്‍സ് പറഞ്ഞു, “ഞങ്ങളെല്ലാം നല്ല ബുദ്ധിമാന്മാരാണ്, പക്ഷേ മാര്‍ക്സ് ജീനിയസ്സാണ്. ഞങ്ങള്‍ക്കെല്ലാം മാര്‍ക്സിസവും ശാസ്ത്രീയ സോഷ്യലിസ്റ്റ് കാഴ്ചപ്പാടും വികസിപ്പിക്കുന്നതില്‍ ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, സമത്വപൂര്‍ണ്ണമായൊരു സമൂഹത്തിലേക്ക് മുതലാളിത്ത ചൂഷണ വ്യവസ്ഥയെ മാറ്റിമറിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലേക്ക് ഞങ്ങളെല്ലാം എത്തുമ്പോഴേക്കും അതിനെ സംബന്ധിച്ച് ഏതാണ്ട് സമഗ്രമായ വീക്ഷണത്തിലേക്ക് മാര്‍ക്സ് എത്തിക്കഴിഞ്ഞിരുന്നു. ഞാനെത്രത്തോളം ആ കാഴ്ചപ്പാടില്‍ എത്തി, എപ്പോഴെത്തി എന്നറിയാന്‍ എന്‍റെ ഈ പുസ്തകം വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും”. താനൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നു മാത്രമേ എംഗല്‍സ് പറയുന്നുള്ളൂ. (എംഗല്‍സിനെക്കുറിച്ച് പി ഗോവിന്ദപ്പിള്ളയുടെ ഒരു പുസ്തകമുണ്ട്; സുനില്‍ പി ഇളയിടവും എഴുതിയിട്ടുണ്ട്. മാനിഫെസ്റ്റോ വായിച്ചശേഷം തുടര്‍ന്ന് നിങ്ങള്‍ വായിക്കേണ്ടതാണ് അവ). എംഗല്‍സിനെക്കുറിച്ച് പറയുമ്പോള്‍ മാര്‍ക്സിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല, അതുപോലെതന്നെ തിരിച്ചും.
(തുടരും)