മുമ്പ് ദേശീയ നഗര ശുചിത്വ റാങ്കിങ്ങിൽ ആദ്യത്തെ ആയിരത്തിൽ ഒന്നുപോലും കേരളത്തിൽ നിന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കഥ മാറുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരശുചിത്വ സർവേയായ സ്വഛ് സർവേക്ഷൺ 2024 ൽ കേരളത്തിൽ ആകെയുള്ള 93 നഗരസഭകളിൽ എൺപത്തി നാലും ആദ്യ 1000 റാങ്കിനുള്ളിൽ ഇടംനേടി. അതിൽ എട്ടു നഗരങ്ങൾ, ആദ്യ നൂറിൽ തന്നെ ഇടംപിടിച്ചു. കഴിഞ്ഞവർഷം നമ്മുടെ നഗരസഭകളുടെ ആകെ മാർക്ക് 26 ശതമാനമായിരുന്നത് ഈ വർഷം 56 ശതമാനമായി ഉയർന്നു. വമ്പിച്ച മുന്നേറ്റമാണ് കേരളമാകെ ഈ രംഗത്തു നടത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ നഗരങ്ങൾ മാത്രം മാതൃകയാകുമ്പോൾ കേരളത്തിന്റെ വ്യത്യാസം, ഗ്രാമ–നഗര–വ്യത്യാസമില്ലാതെ കേരളമാകെ ശുചിത്വമികവിലേക്ക് ഉയരുന്നു എന്നതാണ്.
ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ രംഗങ്ങളിൽ കേരളം വ്യത്യസ്തമായ മാതൃക സൃഷ്ടിച്ചതാണ് അഭിമാനം നൽകുന്ന മാറ്റത്തിനു കാരണം. ഒരുകാലത്ത് മാലിന്യ കേന്ദ്രങ്ങൾക്കെതിരായ ബഹുജനപ്രക്ഷോഭങ്ങളും ജനകീയ പ്രതിരോധവുമായിരുന്നു പ്രതിദിന ചർച്ചാവിഷയം. ഇന്ന് മാലിന്യം സംസ്കരിച്ച് പുനരുത്പാദനം നടത്തി പുത്തൻ വിഭവങ്ങളാക്കി മാറ്റുന്നു. ഇതൊരു ചെറിയ കാര്യമല്ല. ഇത്- ദേശീയ മാതൃക മാത്രമല്ല, അന്തർദേശീയ മാതൃകയായി മാറുമെന്നകാര്യത്തിൽ സംശയമില്ല.
2011-2015 കാലഘട്ടത്തിൽ കേരളത്തിലെ മാലിന്യ സംസ്കരണരംഗം കടുത്ത പ്രതിസന്ധിയിലായിരുന്നു. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ രീതികൾ തദ്ദേശ സ്ഥാപനങ്ങൾ പിന്തുടർന്നിരുന്നില്ല. നഗരസഭകൾ ശേഖരിക്കുന്ന മാലിന്യം നേരിട്ട് ഡംപ് സൈറ്റുകളിലേക്ക് നിക്ഷേപിക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. ഇത് മലിനീകരണത്തിനും പ്രദേശവാസികളുടെ എതിർപ്പിനും വഴിതെളിച്ചു.
തിരുവനന്തപുരം നഗരസഭയിലെ വിളപ്പിൽശാലയിൽ നിന്നാരംഭിച്ച മാലിന്യ പ്ലാന്റ്- വിരുദ്ധ സമരം വളരെ വേഗത്തിൽ സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. ഞെളിയൻപറമ്പ്, ലാലൂർ, ബ്രഹ്മപുരം, ചേലോറ, യാക്കര, ചക്കംകണ്ടം, പാറക്കടവ്, ആവിക്കൽ തുടങ്ങി പലയിടങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പല സ്ഥലങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുറക്കാനുള്ള സർക്കാർ നീക്കങ്ങൾ സമരങ്ങൾ, ഹർത്താൽ, ഉപരോധം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ കലാശിച്ചു. ഈ സാഹചര്യം മുതലെടുത്ത് അനധികൃത ഏജൻസികൾ മാലിന്യം ശേഖരിച്ച് തെരുവുകൾ, തുറസ്സായ സ്ഥലങ്ങൾ, ജലാശയങ്ങൾ, വനപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായി. ചുരുക്കത്തിൽ, മാലിന്യം പൊതുവികസന പ്രശ്നമായി മാറി.
ഈ പശ്ചാത്തലത്തിലാണ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ 2013 ൽ ആലപ്പുഴ നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃത രീതിക്ക് തുടക്കംകുറിക്കുന്നത്. തുടർന്ന് തിരുവനന്തപുരം നഗരസഭയിലേക്കും വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി വ്യാപിപ്പിച്ചു. പൈപ്പ് കമ്പോസ്റ്റ്, ബയോബിന്നുകൾ, തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റിങ് തുടങ്ങി വിവിധ ഉപാധികളിലൂടെ ഉറവിടതല മാലിന്യ സംസ്കരണത്തിന് തുടക്കമിട്ടു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഐആർടിസി, സോഷ്യോ എക്കണോമിക് യൂണിറ്റ്, ഒമേഗാ എക്കോ ക്ലീൻ, പെലിക്കൻ ഫൗണ്ടേഷൻ, തണൽ തുടങ്ങി നിരവധി സംഘടനകളും ഏജൻസികളും ജനകീയ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതികൾ വികസിപ്പിക്കാൻ ആലപ്പുഴ-, തിരുവനന്തപുരം നഗരസഭകൾക്കൊപ്പം ചേർന്നു. മാലിന്യത്തിന്റെ അളവു കുറയ്ക്കാനുള്ള ഗ്രീൻ പ്രോട്ടോക്കോളും നാഷണൽ ഗെയിംസിന്റെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ചെടുത്തിരുന്നു. ഇതും തിരുവനന്തപുരം നഗരസഭയിലെ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മാറി.
ജൈവ മാലിന്യ പ്രശ്നം കെെകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഐആർടിസി, പെലിക്കൺ ഫൗണ്ടേഷൻ, ഒമേഗ തുടങ്ങിയ സംഘടനകളുടെ അനുഭവങ്ങളും അജൈവ മാലിന്യ സംസ്കരണരംഗത്ത് 2015 ന് മുമ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച കണ്ണൂർ ജില്ലയിലെ കതിരൂർ,ചെമ്പിലോട്,പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ എന്നീ പഞ്ചായത്തുകളുടെ അനുഭവങ്ങളും കുടുംബശ്രീ മിഷൻ രൂപം നൽകിയ ക്ലീൻ വെൽ യൂണിറ്റുകളുടെ പ്രവർത്തനാനുഭവങ്ങളും, തണൽ വികസിപ്പിച്ച സീറോ വേസ്റ്റ് രീതി നൽകിയ പാഠങ്ങളും, ആലപ്പുഴ, തിരുവനന്തപുരം നഗരസഭകളുടെ അനുഭവങ്ങളും അടിസ്ഥാനപ്പെടുത്തി എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന വികസന പഠന കോൺഗ്രസ്സിൽ കേരളത്തിന് അനുയോജ്യമായ മാലിന്യ സംസ്കരണത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാട്, പ്രയോജനപ്പെടുത്താവുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയവ വിശദമായ ചർച്ചയ്ക്ക് വിധേയമായി. ഇത് മാലിന്യ സംസ്കരണ രംഗത്ത് ഒരു പുതിയ പരിപ്രേക്ഷ്യം രൂപപ്പെടാൻ സഹായകമായി.
2016ൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ ഏറ്റവും പ്രധാനപ്പെട്ട അജൻഡകളിലൊന്നായി ശാസ്ത്രീയ മാലിന്യ സംസ്കരണത്തെ ഉൾപ്പെടുത്തി. ആരോഗ്യ സംരക്ഷണത്തിന്റെയും പരിസ്ഥിതിയുടെ നിലനില്പിന്റെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത സർക്കാർ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് രൂപം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ തുടങ്ങി ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളേയും ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലെ മാലിന്യ സംസ്കരണ മേഖലയിൽ പുതിയൊരു പ്രവർത്തന രീതിക്ക് തുടക്കംകുറിച്ചു. ഇതിന് ആവശ്യമായ സംവിധാനങ്ങളിൽ മിക്കതും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.
ജൈവ മാലിന്യം ഉറവിടത്തിലോ, കമ്യൂണിറ്റി തലത്തിലോ കമ്പോസ്റ്റ് ചെയ്ത് വളമാക്കി മാറ്റുക, അജൈവ മാലിന്യം വാതിൽപ്പടി ശേഖരണത്തിലൂടെ ശേഖരിച്ച് അവ തരംതിരിച്ച് പുനഃചംക്രമണത്തിനായി കൈമാറുക, പുന: ചംക്രമണ സാധ്യമല്ലാത്തവ സിമന്റ് ഫാക്ടറിയിൽ ഇന്ധനമായും RDF (Refuse– Derived Fuel) രൂപാന്തരപ്പെടുത്തുക, അപകടകരമായ മാലിന്യം ശാസ്ത്രീയ ലാൻഡ് ഫില്ലിലേക്ക് കൈമാറുക തുടങ്ങിയ ശാസ്ത്രീയ രീതികളിലൂടെ സംസ്ഥാനത്തുണ്ടാകുന്ന എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കുന്ന സംവിധാനമാണ് ഇന്ന് നമുക്കുള്ളത്. ഇതോടൊപ്പം ജനങ്ങളുടെ മനോഭാവത്തിലും ശീലത്തിലും മാറ്റം വരുത്തുന്നതിനുള്ള ജനകീയ ക്യാമ്പയിൻ, – മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി ഹരിതചട്ട പാലനം, നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരായ നിയമനടപടി, നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് എൻഫോഴ്‌സ്‌മെന്റ് സംവിധാനം എന്നിവയെല്ലാം നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. സമഗ്ര ബഹുജന വിദ്യാഭ്യാസ പരിപാടിയിലൂടെ വിപുലമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ മാലിന്യ സംസ്കരണ മേഖലയിൽ സമഗ്രമായ ഇടപെടലാണ് കഴിഞ്ഞ 9 വർഷക്കാലയളവിൽ സംസ്ഥാനത്തു നടന്നത്. ഇതിലൂടെ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നാം അടുത്തുകഴിഞ്ഞു.
കേരളത്തിലെ മാലിന്യ സംസ്കരണത്തിന്റെ
സവിശേഷതകൾ
1. ജൈവ മാലിന്യത്തിൽ നിന്ന് ജൈവ വളവും ബയോഗ്യാസും, അജൈവ മാലിന്യത്തിൽ നിന്ന് പുനഃചംക്രമണ ഉൽപ്പന്നങ്ങളും, ഊർജ്ജവും വീണ്ടെടുക്കുന്ന, മാലിന്യം സമ്പത്താക്കിമാറ്റുന്ന- സർക്കുലാർ സമ്പദ്‌വ്യവസ്ഥയാണ് കേരളത്തിലെ മാലിന്യ സംസ്കരണത്തിൽ സ്വീകരിച്ചിരിക്കുന്നത്.
2. മാലിന്യ സംസ്കരണ രംഗത്തെ മുഖ്യചാലകശക്തി കേരളത്തിലാകെ മാലിന്യശേഖരണ രംഗത്ത് പ്രവർത്തിക്കുന്ന 37,363 ഹരിതകർമസേനാംഗങ്ങളാണ് – അവരാണ് കേരളത്തിന്റെ ശുചിത്വസൈന്യം. മഹാഭൂരിപക്ഷവും സ്ത്രീകൾ. കഴിഞ്ഞ വർഷം മാത്രം 1,52,000 ടൺ അജൈവ മാലിന്യം ഇവർ ശേഖരിച്ചു. ഇങ്ങനെ ശേഖരിച്ചില്ലായിരുന്നുവെങ്കിൽ ഈ മാലിന്യങ്ങൾ മുഴുവൻ വലിച്ചെറിയപ്പെടുകയോ കത്തിക്കപ്പെടുകയോ ചെയ്യുമായിരുന്നു എന്നോർക്കണം. അത് നമ്മുടെ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന അപരിഹാര്യമായ കുഴപ്പങ്ങൾ ആലോചിക്കുമ്പോൾ വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിലും ഈ പ്രവർത്തനം വഹിക്കുന്ന പങ്കിന്റെ ആഴം മനസ്സിലാകും. ഇതിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് ശുചിത്വ പ്രവർത്തനം ജീവിതോപാധിയായി മാറി എന്നതും ശ്രദ്ധേയമാണ്. സർക്കുലാർ ഇക്കണോമിയിൽ പുതിയൊരു ലോകമാതൃകയാണിത്.
3. മാലിന്യ സംസ്കരണ രംഗം വലിയൊരു തൊഴിൽ മേഖലയായി മാറി. ഹരിതകർമ്മസേനയിലൂടെ 38,000 വനിതകൾക്കും പുനഃ ചംക്രമണ യൂണിറ്റുകൾ, വിവിധ സംസ്കരണ യൂണിറ്റുകൾ, സാങ്കേതികവിദ്യാ സഹായ സ്ഥാപനങ്ങൾ, ബദൽ ഉല്പന്ന യൂണിറ്റുകൾ തുടങ്ങിയവയിലൂടെ 25,000 ത്തിലധികം പേർക്കും നേരിട്ട്- തൊഴിൽ നൽകുന്നുണ്ട്. ഇങ്ങനെ മാലിന്യ സംസ്കരണ മേഖലയിൽ നേരിട്ടും അനുബന്ധ സംരംഭങ്ങളിലുമായി അറുപത്തി മൂവായിരത്തിലധികം പേർക്ക് മികച്ച തൊഴിലും വേതനവും ലഭിക്കുന്ന രീതിയിലേക്ക് ഈ രംഗം മാറിക്കഴിഞ്ഞു.
4. ഓരോ വീടും സ്ഥാപനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യം തങ്ങളുടെ തലത്തിൽതന്നെ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതിലൂടെ സാമൂഹിക ഉത്തരവാദിത്വം വളർന്നു; ജനകീയ പങ്കാളിത്തം ഉറപ്പാക്കി.
5. മാലിന്യം വലിച്ചെറിയുന്നതിനുപകരം, കൃത്യമായി തരംതിരിച്ച്, ശാസ്ത്രീയമായി സംസ്കരിക്കുന്നതുവഴി മീഥേൻ വാതകത്തിന്റെ പുറന്തള്ളലിൽ കുറവുണ്ടാവുകയും അങ്ങനെ കേരളത്തെ കാലാവസ്ഥാ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയും ചെയ്തു.
വാതിൽപ്പടി ശേഖരണം
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിതകർമ്മസേന ഇന്ന് 92% വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നു. കേരളത്തെ ദേശീയ തലത്തിൽ തന്നെ മാതൃകയാക്കി മാറ്റിയ ഈ സംവിധാനത്തിലൂടെ 77% യൂസർഫീ ശേഖരിക്കാനും സാധിക്കുന്നു.
മാലിന്യമലകൾ ഇനി പഴങ്കഥ
ഇത്തരത്തിൽ കൃത്യമായ പ്രവർത്തനപദ്ധതിയിലൂടെയും ശാസ്ത്രീയമായ സംസ്കരണ രീതിയിലൂടെയും സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിൽ കേരളം പൂർണമായും വിജയം വരിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്ത് വലിയ സാമൂഹികപ്രശ്നമായി മാറുകയും ഒട്ടേറെ പൊതുജനപ്രക്ഷോഭങ്ങൾക്കു വഴിതെളിക്കുകയും ചർച്ചാവിഷയമാക്കുകയും ചെയ്ത ബ്രഹ്മപുരം, ലാലൂർ, മാമൂട്ടിൽകടവ്, കൊല്ലം ചണ്ടി ഡിപ്പോ, ചാലയിലെ എരുമക്കുഴി തുടങ്ങിയ മാലിന്യമലകൾ ഇന്ന് പൂർണമായും നീക്കംചെയ്യപ്പെട്ടിരിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ഇത് സാധ്യമാക്കിയത്. ചില ഉദാഹരണങ്ങൾ നോക്കാം.
ലാലൂർ
ഭക്ഷണാവശിഷ്ടങ്ങളും ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവും തുടങ്ങി സർവവിധ മാലിന്യങ്ങളും കൊണ്ടുവന്നു തള്ളിയിരുന്ന, ദുർഗന്ധം വമിക്കുന്ന, കൊതുകുശല്യവും രോഗാതുരതയും രൂക്ഷമായിരുന്ന തൃശ്ശൂർ ജില്ലയിലെ ലാലൂർ ഇന്നിപ്പോൾ ഒന്നാന്തരമൊരു സ്പോർട്സ് കോംപ്ലക്സാണ്. ബയോമെെനിങ്ങിലൂടെ ലാലൂരിലെ മാലിന്യം പൂർണമായി നീക്കം ചെയ്ത് എൽഡിഎഫ് സർക്കാരും കോർപറേഷനും ചേർന്ന് സ്റ്റേഡിയം നിർമിക്കുകയായിരുന്നു. ലാലൂർ ഇന്നൊരു കായിക സമുച്ചയമാണ്. ബാഡ്മിന്റൺ, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, ഇൻഡോർ സ്റ്റേഡിയം, ഫുട്ബോൾ സ്റ്റേഡിയം, 5000 പേർക്കിരിക്കാവുന്ന ഗാലറി, സ്വിമ്മിങ് പൂൾ, അക്രിലിക് കോർട്ട്, ഡോർമിറ്ററി, ജിം, മെഡിക്കൽ റൂം എന്നിവയെല്ലാമുള്ള മനോഹരമായൊരു കായിക സമുച്ചയമാണ് എൽഡിഎഫ് സർക്കാരും തൃശ്ശൂർ കോർപറേഷനും ചേർന്ന് ലാലൂരിൽ ഒരുക്കിയിരിക്കുന്നത്.
ബ്രഹ്മപുരം
കൊച്ചി നഗരത്തിന്റെ ശാപമായിരുന്നു ബ്രഹ്മപുരം. വാനംമുട്ടെ കുന്നുകൂടിയ മാലിന്യമലകൾ അന്തരീക്ഷത്തിലാകെ ദുർഗന്ധം പടർത്തി. അടിക്കടി മാലിന്യക്കൂമ്പാരത്തിലുണ്ടാകുന്ന തീപിടുത്തത്തിൽ അന്തരീക്ഷമാകെ വിഷപ്പുക പടർന്നു; അത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തികച്ചും ദുരന്തപൂർണമായ ഇൗ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാരും എൽഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷനും ചേർന്ന് ഇതിനു പരിഹാരം കണ്ടത്; ഇന്ന് ബ്രഹ്മപുരം കേരളം ഉയർത്തിപ്പിടിക്കുന്ന മഹാമാതൃകയാണ്.
കുന്നുകൂടിയ മാലിന്യമലകൾ ഇടിച്ചുനിരത്തി ബയോമെെനിങ്ങിലൂടെ ആ സ്ഥലം വീണ്ടെടുത്തു. കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ജെെവമാലിന്യം സംസ്കരിച്ച് ബയോഗ്യാസാക്കി മാറ്റുന്ന സിബിജി പ്ലാന്റാണ് ഇന്ന് ബ്രഹ്മപുരത്ത് ഉയർന്നിരിക്കുന്നത്. ട്രയൽ റൺ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനം ഉടൻ ആരംഭിക്കും. ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് ഈ പ്ലാന്റ് പ്രവർത്തിക്കുന്നത്. ദിവസം 150 ടൺ മാലിന്യം സംസ്കരിച്ച് 15 ടൺ ബയോഗ്യാസ് ഉദ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് പെെപ്പ് ലെെൻ വഴി കൊച്ചി ബിപിസിഎൽ റിഫെെ-നറിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. എന്തായാലും, കുന്നുകൂടിയ മാലിന്യമലകളുടെ സ്ഥാനത്ത് ബ്രഹ്മപുരത്ത് ഇന്ന് ഉയർന്നുനിൽക്കുന്ന പ്ലാന്റുകൾ തീർച്ചയായും ജനങ്ങൾക്ക് ആശ്വാസവും ഭരണസംവിധാനത്തോടുള്ള പ്രതീക്ഷയുണർത്തുന്നതുമാണ്. ഇത്തരത്തിൽ 59 മാലിന്യക്കൂനകളിൽ 22 ഇടങ്ങൾ സർക്കാരും തദ്ദേശ വകുപ്പും ചേർന്ന് വീണ്ടെടുത്തു. 66 ഏക്കർ ഭൂമിയാണ് നമുക്ക് ഈ പ്രവർത്തനത്തിലൂടെ വീണ്ടെടുക്കാൻ കഴിഞ്ഞത്.
കേരളം ക്ലീനാകുന്നു
തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യശേഖരണം കാര്യക്ഷമമാക്കിയും മാലിന്യസംസ്കരണത്തിന് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയുമാണ് കേരളം മാലിന്യമുക്ത സംസ്ഥാനമായി മുന്നേറുന്നത്. അജെെവ മാലിന്യത്തിന്റെ തരംതിരിവിനും പുനഃചംക്രമണത്തിനുമായി സ്ഥാപിച്ച പ്രധാന ഏജൻസിയാണ് ക്ലീൻ കേരള കമ്പനി. 2020–21 മുതൽ തദ്ദേശ ഭരണവകുപ്പ് ക്ലീൻ കേരള കമ്പനി വഴി 2,15,724 ടൺ മാലിന്യമാണ് ശേഖരിച്ചത്. പൊതുഇടങ്ങളിലും മറ്റും കത്തിച്ച് ഒഴിവാക്കുമായിരുന്ന ഈ മാലിന്യം ഇത്തരത്തിൽ ശേഖരിച്ച് സംസ്കരിച്ചതിലൂടെ അന്തരീക്ഷത്തിൽ നിറയുമായിരുന്ന 2.80 ലക്ഷം ടൺ കാർബൺഡെെ ഓക്-സെെഡാണ് കേരളം ഒഴിവാക്കിയത്. ഹരിത കർമസേന വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യം ശേഖരിച്ച് അതിൽ പുനരുപയോഗ സാധ്യമായവ ക്ലീൻ കേരള കമ്പനി വിലയിട്ട് വാങ്ങി ഹരിതകർമ സേനക്കാർക്കു തുക നൽകും. പുനരുപയോഗിക്കാൻ കഴിയാത്തവ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് കമ്പനികൾക്ക് നൽകിവരുന്നു.
സാനിട്ടറി മാലിന്യ സംസ്കരണത്തിന് 5 പ്ലാന്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 4 പ്ലാന്റുകൾക്കുള്ള ടെൻഡർ പുരോഗമിക്കുകയുമാണ്. പുനഃചംക്രമണം സാധ്യമായതും അപകടകരമല്ലാത്തതുമായ എല്ലാത്തരം ഇ–മാലിന്യങ്ങളും വാതിൽപ്പടി ശേഖരണത്തിന്റെ ഭാഗമായി ഹരിതകർമസേന ശേഖരിക്കുന്നുണ്ട്. 2024–25 സാമ്പത്തികവർഷത്തിൽ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, അംഗീകൃത സ്വകാര്യ ഏജൻസികൾ എന്നിവയിലൂടെ 2063. 5 ടൺ മാലിന്യം സംസ്ഥാനം ശേഖരിച്ചു. അതുപോലെ തന്നെ സംസ്ഥാനത്തെ 27,690 ഓളം വരുന്ന ബ്യൂട്ടി സലൂണുകളിലെ സംരംഭകർക്ക് ഒരു തലവേദനയായിരുന്നു അവിടെയുണ്ടാകുന്ന മുടി മാലിന്യം. എന്നാൽ സ്വകാര്യപങ്കാളിത്തത്തോടെ മുടി മാലിന്യത്തിൽനിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്ലാന്റുകൾ കൊണ്ടുവന്നു. മത്സ്യ മാലിന്യം, കോഴിയിറച്ചി മാലിന്യം എന്നിവയെല്ലാം ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിച്ചു. കോഴിയിറച്ചി മാലിന്യത്തിൽനിന്ന് മീൻതീറ്റ അടക്കമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള 28 റെൻഡറിംഗ് പ്ലാന്റുകൾ ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.
നിയമ നടപടികൾ
മാലിന്യ സംസ്കരണം സുസ്ഥിരവും വ്യവസ്ഥാപിതവുമാക്കുന്നതിന് നിയമത്തിന്റെ പിൻബലം അനിവാര്യഘടകമാണ് എന്ന ഉറച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് എൽഡിഎ-ഫ് സർക്കാർ കേരള പഞ്ചായത്ത് രാജ് ആക്ടിലും മുൻസിപ്പാലിറ്റി ആക്ടിലും ഭേദഗതികൾ കൊണ്ടുവന്നത്. അതുപ്രകാരം മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയുന്നത്, അംഗീകൃത ഏജൻസിക്ക് കെെമാറാതിരിക്കുന്നത്, മലിനജലവും വിസർജ്യവുമെല്ലാം ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത്, വൻകിട ഉത്പാദകർ മാലിന്യം ഉറവിടത്തിൽ ശാസ്ത്രീയമായി കെെകാര്യം ചെയ്യാത്തത് എന്നിവയെല്ലാം ശിക്ഷാർഹമായിത്തീർന്നു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്താകെ സിംഗിൾ വാട്സാപ്പ് നമ്പർ സംവിധാനം ആരംഭിച്ചു. കണ്ടെത്തപ്പെടുന്നവർക്കെതിരെ പിഴ ചുമത്തുകയും മറ്റു നടപടികൾ കെെക്കൊള്ളുകയും ചെയ്തു. പൊതുഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്താൻ 4325 ക്യാമറകൾ സ്ഥാപിച്ചു. ഈ നിയമനടപടികളും ജനകീയ ക്യാമ്പയ്നുമെല്ലാം ചേർന്നപ്പോൾ മാലിന്യസംസ്കരണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മാറി.
ഒരിക്കൽ മാലിന്യ പ്രക്ഷോഭങ്ങൾ കൊണ്ടുവിറച്ച കേരളം ഇന്ന് ശുചിത്വത്തിന്റെ പാതയിൽ ദൃഢമായി നിൽക്കുന്നു. ജനങ്ങളുടെ പങ്കാളിത്തവും എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണവും ചേർന്നപ്പോൾ, മാലിന്യ പരിപാലനം വികസനത്തിന്റെ സൂചകമായി മാറി. വൃത്തിയുള്ള നാടിനുവേണ്ടി എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയായി മാറിയിരിക്കുന്നു. മാലിന്യമുക്തം നവകേരളം ഇന്ന് ഒരു ക്യാമ്പയിൻ മാത്രമല്ല അതൊരു ജീവിത ശൈലിയായി മാറിയിരിക്കുന്നു. l



