Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഅതിവിദഗ്ദ്ധ നാട്യത്തിൽ 
ഒരു ദുരുപദിഷ്ട നീക്കം

അതിവിദഗ്ദ്ധ നാട്യത്തിൽ 
ഒരു ദുരുപദിഷ്ട നീക്കം

‘‘കേരളം വിദഗ്ധരെ കേട്ടിരുന്നത് ഇങ്ങനെയായിരുന്നില്ല” എന്നത് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തെ തുടർന്ന് ചില മാധ്യമങ്ങളും വലതുപക്ഷത്തിനു കുടയും ചൂട്ടും പിടിക്കുന്ന ഇടതു നാട്യക്കാരും ചേർന്നു നടത്തുന്ന് പ്രൊപ്പഗൻഡയാണ്.വിദഗ്ധർ കേരളത്തോട് സംവദിച്ചു പോരുന്നത് ഇവർ സൂചിപ്പിച്ച കത്തിലെ പോലെയായിരുന്നില്ല എന്നതാണ് അതിനുള്ള ലളിതമായ മറുപടി.

നിക്ഷിപ്ത നീക്കം
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിനായിരുന്നല്ലോ. ഒക്ടോബർ 30 നാണ് അതിവിദഗ്ധരുടേത് എന്ന പ്രതീതി പരത്തിയ അവിശുദ്ധമായ ഒരു കത്ത് കുറച്ചു പേർ തുറന്നുവിടുന്നത്. പ്രസ്തുത കത്തിലെ പരാമർശംതന്നെ എന്താണ്? സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും കേരള സർക്കാരിന് നൽകുന്ന തുറന്ന കത്ത് എന്നാണ്. അതിനെ വിദഗ്ധരുടെ ആക്ഷേപം ആക്കി മാറ്റിയത് ആരാണ്? കഴിഞ്ഞ പത്തു കൊല്ലമായി കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കൈകാര്യം ചെയ്യാൻ നടക്കുന്ന ജോസഫ്.സി. മാത്യു ആണ് ഒരു സാമൂഹ്യ പ്രവർത്തകൻ. വികസന അർത്ഥശാസ്ത്രത്തിലെ അക്കാദമിക പണ്ഡിതർ, സർക്കാർ നടത്തുന്ന അതിദാരിദ്ര്യ നിർമാർജന പരിപാടിയെ ചോദ്യം ചെയ്തു എന്നു വരുത്തുന്ന ‘വിദഗ്ധരുടെ കത്ത്’ എന്ന ആഖ്യാനം തന്നെ നിക്ഷിപ്ത ലക്ഷ്യങ്ങളോടെയുള്ളതായിരുന്നു. കത്തിൽ ഒപ്പിട്ട പാതിയിൽ അധികവും വരുന്നവർ ആരെന്ന് നോക്കിയാൽ അത് ‘വിദഗ്ധരുടെ കത്ത്’ എന്ന ആഖ്യാനത്തിന് ചേരുന്നതല്ല എന്നു കാണാൻ കഴിയും. നികുതി പിരിക്കാത്ത കേരളം, കടംകൊണ്ട് മുടിഞ്ഞ കേരളം, കേന്ദ്രത്തിനു മുന്നിൽ കൈനീട്ടുന്ന കേരളം,കേരളത്തിന്റെ റെയിൽ പിന്നാക്കാവസ്ഥ കേരളത്തിന്റെ അലംഭാവം മൂലമാണ്, കേരളം ലഹരിയുടെ തലസ്ഥാനമാണ്, ഇത് കേരളമല്ല,‘ഖേരളമാണ്’ എന്നിങ്ങനെയുള്ള അസംബന്ധ ആഖ്യാനങ്ങളുമായി കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കളം നിറഞ്ഞാടുന്നവരാണ് ഇവരിൽ പലരും. കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു ഘട്ടത്തിലും ഒരു ശബ്ദവും തങ്ങളിൽ നിന്നും ഉയരരുത് എന്നു കണിശത പുലർത്തുന്നവരുമാണ് പലരും. ദുരന്തമുഖത്തുപോലും കേരളം നേരിടുന്ന കൊടിയ വിവേചനം ഇവർക്ക് ഒരിക്കലും വിഷയമായിട്ടില്ല. സ്കീം വർക്കർമാരെ യൂണിയൻ സർക്കാർ തൊഴിലാളികളായി അംഗീകരിക്കാൻ തന്നെ കൂട്ടാക്കാത്തത് ഇവരെ ചൊടിപ്പിക്കുകയേ ഇല്ല. ഇതാണ് ഇവരിൽ പലരുടെയും രീതി.

രീതിശാസ്ത്രം
അതിദരിദ്രരെ കണ്ടെത്തിയ രീതിശാസ്ത്രം എന്താണ് എന്നതാണ് ഈ കത്തിലെ ആദ്യ ചോദ്യം. ആരു സർവ്വേ നടത്തി? റിപ്പോർട്ട് എവിടെ എന്നൊക്കെ അവർ ചോദിക്കുന്നത് 2025 ഒക്ടോബർ 30 നാണ് എന്നോർക്കണം. 2021 ജൂൺ മാസം ആരംഭിച്ച ഒരു പദ്ധതി സംബന്ധിച്ചാണ് ഈ ചോദ്യം എന്നത് നാം കാണണം.

കേരളം ഇന്ന് അഭിസംബോധന ചെയ്യുന്ന Extreme Poverty കണ്ടെത്തിയ രീതിശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ചോദിക്കുന്നവർ ഇത് 2021 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു മാർഗ്ഗനിർദ്ദേശത്തിന്റെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നടന്ന പ്രവർത്തനമാണ് എന്നതു നിഷേധിക്കുമോ? ഇപ്പോൾ ഇത്ര ബേജാർ വന്നവർ, നാലര കൊല്ലമായി നാട്ടിൽ നടക്കുന്ന അതിവിപുലമായ ഒരു കാമ്പയിൻ അറിഞ്ഞിട്ടേയില്ല എന്നാണെങ്കിൽ തങ്ങളുടെ യോഗ്യത അവർ സ്വയം മനസ്സിലാക്കട്ടെ എന്നു മാത്രമേ പറയാനാകൂ. അല്ലെങ്കിൽ നിക്ഷിപ്ത ലക്ഷ്യങ്ങളുമായി ഇറങ്ങിയതാണ് എന്ന് സമ്മതിക്കേണ്ടി വരും. ഏതു സർവ്വേ എന്നു ചോദിക്കുന്ന കത്തെഴുത്തുകാർ ഇത് സർവ്വേ ആയിരുന്നില്ല എന്ന കാര്യം പോലും മനസ്സിലാക്കിയിട്ടില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

പല തലത്തിൽ വാലിഡേറ്റ് ചെയ്യപ്പെട്ട തിരിച്ചറിയൽ (ide
ntification) ആയിരുന്നു ആ പ്രക്രിയയുടെ ഫലം എന്നെങ്കിലും മനസ്സിലാക്കി വേണമല്ലോ ഇത്തരം ചോദ്യങ്ങളുമായി ഇറങ്ങാൻ?വാർഡിനും താഴെ തലത്തിൽ നടന്ന 58,964 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും വാർഡ് തല വാലിഡേഷനും കണ്ടിട്ടില്ല എന്നും അറിഞ്ഞിട്ടില്ല എന്നുമാണെങ്കിൽ പിന്നെ എന്തുപറയാൻ? അതിദാരിദ്ര്യ നിർമാർജന പരിപാടിയുടെ നടത്തിപ്പിനുമായി രൂപപ്പെടുത്തിയ സംഘടനാ സംവിധാനത്തെക്കുറിച്ചും ചോദ്യകർത്താക്കൾ അ
ജ്ഞരാണ് എന്നുവേണം കരുതാൻ. വാർഡുതല ജനകീയ സമിതി, തദ്ദേശ ഭരണ സ്ഥാപനതല സമിതി, ജില്ലാതല സമിതി, സംസ്ഥാന എക്സിക്യൂട്ടീവ് എന്നിങ്ങനെയുള്ള സുസംഘടിതമായ സംഘടനാ സംവിധാനം രൂപപ്പെടുത്തിയാണ് ഈ പ്രവർത്തനം നടന്നത്. അപ്പോഴാണ് ആരു നടത്തി എന്ന ഇവരുടെ ചോദ്യം.

ഇതിലും അത്ഭുതപ്പെടുത്തുന്ന ചോദ്യം ഈ അതിദരിദ്രരരുടെ പട്ടിക ആരാണ് കണ്ടെത്തിയത് എന്ന ചോദ്യമാണ്? ഡാറ്റയുടെ ആധികാരികത എന്ത‍് എന്ന തരത്തിലാണ് ചോദ്യം. ഇത് ഒരു സാമ്പ്രദായിക സർവ്വേ ആയിരുന്നില്ല, മറിച്ച് ഒരു തിരിച്ചറിയലായിരുന്നു (identi
fication) എന്നെങ്കിലും ലളിതമായി മനസ്സിലാക്കാതെ വടിയുംവെട്ടി ഇറങ്ങുകയായിരുന്നിരിക്കണം ഇവർ. ദാരിദ്ര്യം അളക്കുന്നതിനുള്ള സാമ്പ്രദായിക രീതികളെല്ലാം ദാരിദ്ര്യം സംബന്ധിച്ച അനുമാനം അല്ലെങ്കിൽ എസ്റ്റിമേറ്റ് രൂപപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഉപഭോക്തൃ ചെലവുകൾ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ രേഖാ നിർമ്മിതിയാണെങ്കിലും ബഹുമുഖ ദാരിദ്ര്യ സൂചകം (Multi-dimensional Poverty Index) ആണെങ്കിലും ഇത്ര ശതമാനം എന്ന എസ്റ്റിമേറ്റ് മാത്രമാണ് ലഭ്യമാക്കുന്നത്. നയരൂപീകരണത്തിന് ഇത് മതിയായേക്കാം. എന്നാൽ, അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ(Extreme Poverty Eradication Progra
mme- – EPEP) നടന്നത് എന്താണ്? നിശ്ചിത മാനദണ്ഡപ്രകാരം അതിദരിദ്രരെ കണ്ടെത്തി (identify) ഓരോ യൂണിറ്റിന്റെയും പ്രശ്നങ്ങൾ അഭിസംബോധന ചെയ്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരെ ദാരിദ്ര്യക്കെണിയിൽനിന്നും പുറത്തുകൊണ്ടുവരിക എന്നതാണ് പദ്ധതി ഉന്നംവെച്ചത്. അതിന് എസ്റ്റിമേറ്റ് പോരല്ലോ? അതിദരിദ്രരെ കണ്ടെത്തി അവരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ് വേണ്ടത്. സാധാരണ ജനകീയാസൂത്രണ പദ്ധതികളിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന രീതി അവലംബിച്ചാൽ പോരേ എന്നു ചോദിക്കാം. അതിദാരിദ്ര്യം എന്നതിന്റെ സ്വഭാവം മനസ്സിലാക്കിയാൽ മാത്രമേ ഇതിനുത്തരം ലഭിക്കൂ.

വരുമാനത്തിന്റെയോ ഉപഭോഗത്തിന്റെയോ ഇടുങ്ങിയ നിർവചനങ്ങളിൽ അതിദാരിദ്ര്യത്തെ മനസ്സിലാക്കാൻ കഴിയില്ല . പല ഘടകങ്ങൾ ചേർന്ന് മനുഷ്യരെ അതിദരിദ്രാവസ്ഥയുടെ ഒരു ദൂഷിത വൃത്തത്തിൽ (Poverty Cycle- or Poverty Trap) പെടുത്തുകയാണ് . അതിൽ എത്തുന്നത് എങ്ങനെയാണ്? പലതരം ഘടകങ്ങൾ ഒന്നിനു മീതെ ഒന്നായി കുമിഞ്ഞുചേർന്ന് കെണി തീർക്കുകയാണ്. അതു സ്വമേധയാ പൊട്ടിക്കാൻ കെണിയിൽ പെട്ടവർക്ക് കഴിയില്ല. അവർ ആരോടും ഒന്നും ചോദിക്കാനോ പറയാനോ പ്രാപ്തി പ്രകടിപ്പിക്കുകയുമില്ല.ഔപചാരിക സാമൂഹ്യ പിന്തുണാ സംവിധാനങ്ങളിൽ നിന്നും വേർപെട്ട,അനൗപചാരികവും അനുകമ്പാപൂർണ്ണവുമായ പിന്തുണയിൽ നിന്നു പോലും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരാണവർ. ഇവരോട് അപേക്ഷ തരാൻ പറയുന്നു എന്നു കരുതുക ! എന്തൊരു അബദ്ധമായിരിക്കും അതെന്ന് ആലോചിച്ചു നോക്കൂ. ഇവിടെയാണ് ഇപിഇപി അവലംബിച്ച ജനപങ്കാളിത്ത മാതൃകയുടെ പ്രസക്തി എന്നുനാം കാണണം.ഇത്തരം മനുഷ്യരെ കണ്ടെത്തുന്ന പ്രക്രിയ എങ്ങനെ വേണം? സാമ്പ്രദായികമായി ദാരിദ്ര്യം അളക്കുന്നത് വരുമാന കണക്കുവെച്ചോ, ഉപഭോഗ കണക്കുവെച്ചോ ആകാം. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെയും ദേശീയ സാമ്പിൾ സർവ്വേയുടെയും കണക്കുകൾ വെച്ചുകൊണ്ടു ചില സൂത്രവാക്യങ്ങൾ അപ്ളൈ ചെയ്ത് ഉണ്ടാക്കുന്ന അനുമാനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യ നിരക്ക് സംബന്ധിച്ച എസ്റ്റിമേറ്റ് ഉണ്ടാക്കുന്നത്. ബഹുമുഖ ദാരിദ്ര്യ സൂചിക അഥവാ Multi-dimensional Poverty Indexഉം ഇത്തരത്തിലുള്ള എസ്റ്റിമേറ്റ് ആണ്. നിതി ആയോഗ് കണക്കുകൾപ്രകാരം 0.55 ശതമാനമാണ് കേരളത്തിന്റെ Multi-dimensional Poverty എന്നു പറഞ്ഞാൽ ഒരു അതിദരിദ്ര കുടുംബത്തെ നമുക്കു കണ്ടെത്താൻ കഴിയുമോ? അവരെ ദാരിദ്ര്യക്കെണിയിൽപെടുത്തുന്ന ഘടകങ്ങൾ തിരിച്ചറിയാൻ കഴിയുമോ? അങ്ങനെ തിരിച്ചറിയാതെ എങ്ങനെയാണ് ഓരോ കുടുംബത്തിനും വേണ്ട മൈക്രോ പ്ലാൻ രൂപപ്പെടുത്തി നടപ്പിലാക്കുന്നത്? ദാരിദ്ര്യം സംബന്ധിച്ച അനുമാനങ്ങൾ രൂപപ്പെടുത്തുന്ന രീതിശാസ്ത്രം വെച്ചുകൊണ്ട് ഇപിഇപി പോലൊരു പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുക സാധ്യമല്ല എന്നു മനസ്സിലാക്കാതെയൊന്നുമല്ല വിദഗ്-ധരുടെ ഈ അഭ്യാസം. ഈ പരിപാടിയെയാകെ നിഴലിലാക്കുക എന്ന നിക്ഷിപ്ത ലക്ഷ്യമാണ് അതിനുള്ളത്. അവരോട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് ഓർമ്മിപ്പിക്കുകയേ തരമുളള: ‘‘അവന്റെയൊരു ആഖ്യയും ആഖ്യാതാവും’’.

പ്രസ്തുത കത്തും അതിനു ശേഷം അതിൽ ഒപ്പിട്ട ചിലർ പ്രത്യേകമായും പറഞ്ഞു നടക്കുന്ന പ്രധാന കാര്യം അനർഹർ വന്നു എന്നതോ അർഹർ ഉൾപ്പെട്ടില്ല എന്നതോ ആണല്ലോ? കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഔപചാരികമായി അംഗീകരിച്ച ലിസ്റ്റാണ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക എന്നത് നാം കാണണം. ഈ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്നിലൊന്നിലേറെ കേരളത്തിലെ പ്രതിപക്ഷം ഭരിക്കുന്നവയാണ് എന്നത് പറയാത്തത് എന്തുകൊണ്ടാണ്? മാത്രമല്ല, കേരളത്തിൽ ഏതു വാർഡിലാണ് ഏകപക്ഷീയമായി ഇത്തരം പട്ടികകൾ നിക്ഷിപ്ത ലക്ഷ്യങ്ങളോടെ രൂപപ്പെടുത്താൻ സാധിക്കുക? അതായിരുന്നു ഈ കണ്ടെത്തലിന്റെ പൊതുസ്വഭാവമെങ്കിൽ, കേരളത്തിൽ നാലര കൊല്ലമായുള്ള ഈ പദ്ധതിക്കാലത്തൊരിക്കലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉപദേശമോ ഉണ്ടായില്ലല്ലോ? 2025 ഒക്ടോബർ 30 നു മുൻപ് എപ്പോഴെങ്കിലും എവിടെയെങ്കിലും ഈ കത്തെഴുതിയവർ തന്നെഎന്തെങ്കിലും പ്രശ്നം ഉന്നയിച്ചില്ലല്ലോ ? എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം.അതിന്റെ അടിസ്ഥാനത്തിലാണോ ഇത്തരമൊരു പദ്ധതിയെ വിലയിരുത്തേണ്ടത്?

ഈ കണക്ക് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞ ഒന്നാണ് എന്നതാണല്ലോ ഇക്കൂട്ടർ പറയുന്ന ഒരു പ്രധാന ആക്ഷേപം. അതു സ്ഥാപിക്കാൻ ഇവർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം ഇനി പറയുന്നതാണ്: അതായത്, 64006 കുടുംബങ്ങളിൽ പെട്ട 1,03,099 പേരാണല്ലോ പദ്ധതിയുടെ പരിധിയിൽ വന്നത്. അപ്പോൾ ശരാശരി ഹൗസ്ഹോൾഡ് സൈസ്സ് 1.61 അല്ലേ? എന്നാൽ കേരളത്തിന്റെ ശരാശരി ഹൗസ്ഹോൾഡ് സൈസ്സ് 4.3 ആണല്ലോ? ഇവിടെത്തന്നെ കണക്ക് പ്രശ്നമല്ലേ എന്നാണ് ഈ വിമർശകർ ചോദിക്കുന്നത്.

അസ്സംഗതമായ ഒരു താരതമ്യമാണിത് എന്നു പറയാതെ വയ്യ. ഈ പദ്ധതിയിൽ സർക്കാർ അഭിസംബോധന ചെയ്തത് അതിദാരിദ്ര്യം എന്ന് ആ പദ്ധതി നിർവ്വചിച്ച് പ്രസിദ്ധപ്പെടുത്തിയ ഒന്നിനെയാണ്. അതിൽ വരുന്ന കുടുംബങ്ങൾ പലതരത്തിൽ ഒറ്റപ്പെട്ടു പോയി ദാരിദ്ര്യക്കെണിയിൽ അകപ്പെട്ടവരാണ്. ആ കുടുംബങ്ങളിൽ സാധാരണ കുടുംബങ്ങളിലെ ആവേറേജ് സൈസ് ഉണ്ടാകും എന്നു കരുതുന്നത് കടന്ന കയ്യാണ്. ഈ പദ്ധതി identify ചെയ്ത 64006 കുടുംബങ്ങളിൽ ഈ പ്രക്രിയ നടക്കുന്ന നാലര കൊല്ലക്കാലത്തിനിടയ്ക്ക് ചിലർ മരണപ്പെട്ടതുമൂലം ഈ പദ്ധതിയിൽ നിന്നും ഒഴിവായ കുടുംബങ്ങളുടെ എണ്ണം 4445 ആണ്. എന്താണ് ഇതു കാണിക്കുന്നത് ? ഒരാൾ മരണപ്പെട്ടതോടെ ഈ പദ്ധതിയിൽ അഭിസംബോധന ചെയ്യാൻ ഉദ്ദേശിച്ച ആ യൂണിറ്റ് തന്നെ മറയുകയാണ്. അതാണ് ഇതിലെ യൂണിറ്റുകളുടെ സ്വഭാവം. അതേപോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമൂലം അഭിസംബോധന ചെയ്യാൻ പറ്റാത്തവരുടെ എണ്ണം 221 ആണ്. ഒരു തദ്ദേശ ഭരണ പ്രദേശത്ത് ഒരു കൊല്ലം പോലും സ്ഥിരമായി നിൽക്കാത്ത ആളുകളുടെ എണ്ണമാണിത്. ഈ പ്രശ്നം മാനദണ്ഡങ്ങളിൽ നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നതു കാണണം. ഇതും കൂടി അഭിസംബോധന ചെയ്തിട്ട് മതി എന്നതാണ് വാദമെങ്കിൽ അതു ശരി. അപ്പോൾ കേരളത്തിലെ ശരാശരി ഹൗസ്ഹോൾഡ് സൈസ്സ് വെച്ചിട്ട് ഈ പദ്ധതിയുടെ യൂണിറ്റുകളെ നോക്കുന്നതിൽ എന്തു കാര്യം?

അതിദരിദ്രരോ അഗതികളോ
കത്തിലും പിന്നീടും ഉന്നയിക്കപ്പെട്ട ഒരു കാര്യം അതിദാരിദ്ര്യ നിർമാർജനമല്ല നടന്നത്, പരമാവധി അഗതി നിർമാർജനമാണ് എന്നതാണ്.അഗതികളെയാണോ നിങ്ങൾ അതിദരിദ്രർ എന്നു വിളിക്കുന്നത് എന്നതാണ് ചോദ്യം. കേരളത്തെ അഗതി മുക്തമാക്കുകയാണ് ചെയ്തത്, അല്ലാതെ അതിദാരിദ്ര്യമുക്തമല്ല എന്നത് എന്തോ വലിയ കണ്ടുപിടുത്തം എന്ന തരത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. സർക്കാർ രേഖകൾ അതിദാരിദ്ര്യത്തെ നിർവ്വചിക്കുന്നത് നോക്കൂ:“അതിജീവനത്തിനു വേണ്ട അടിസ്ഥാനാവശ്യങ്ങൾ നേടിയെടുക്കാൻ തീരെ കഴിയാതെ പോകുന്ന,അതിജീവനം തന്നെ പ്രതിസന്ധിയിലായ വിഭാഗമാണ് അതിദരിദ്രർ… പൊതുവിൽ ബാഹ്യ സഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അശരണരും നിരാലംബരും അഗതികളുമായ കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കേണ്ടത്..” ഇതിൽ എവിടെയാണ് കൺഫ്യൂഷൻ? ഇവിടെ അതിദാരിദ്ര്യം എന്നു സർക്കാർ വിശേഷിപ്പിക്കുന്നത് ഏറ്റവും തീക്ഷ്ണവും ബഹുമുഖവുമായ deprivations മൂലം കൈപിടിച്ചു കയറ്റിയല്ലാതെ അതിൽനിന്ന് പുറത്തുകടക്കാൻ കഴിയാതെ ദാരിദ്ര്യക്കെണിയിൽ കുടുങ്ങിപ്പോയവരെയാണ് എന്നതിൽ ഒരു കൺഫ്യൂഷനും വകയില്ല. എന്നാൽ ബോധപൂർവ്വം അതുണ്ടാക്കുകയാണ് ഈ കത്തെഴുത്ത് സംഘം ഉന്നം വെച്ചത് എന്നു വ്യക്തം.

ഇതിനോട് ചേർത്താണ് AAY ഗുണഭോക്താക്കളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയുള്ള അവ്യക്തത സൃഷ്ടിക്കലിനെയും കാണേണ്ടത്. കത്തിലും പിന്നീട് വ്യക്തികൾ എഴുത്തിലും അഭിമുഖങ്ങളിലും എല്ലാം തന്നെ പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് ആശ്രയ പദ്ധതി സംബന്ധിച്ചാണ്. മറ്റൊന്ന് AAY കാർഡ് ഉടമകളുടെ എണ്ണം സംബന്ധിച്ചാണ്. ആശ്രയ പദ്ധതിയെക്കുറിച്ച് പറയുന്നത് “ ആന്റണി” യുടെ കാലത്തെ ആശ്രയ എന്നതാണ്. അതു പ്രത്യേകം തന്നെ ഈ കത്തിന്റെ ഒരു സ്വഭാവമായി കാണണം. 2002 ൽ തുടങ്ങിയ ആശ്രയ അല്ലേ അതിദാരിദ്ര്യ നിർമാർജനം എന്നും അങ്ങനെയെങ്കിൽ അതിൽ ഉണ്ടായിരുന്ന 1,18,309 കുടുംബങ്ങൾ എങ്ങനെ 64,006 ആയി കുറഞ്ഞു എന്നും അതൊരു പ്രഹേളികയല്ലേ എന്നതുമാണ് മറ്റൊരു ചോദ്യം.

കുടുംബശ്രീ എന്ന മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന ഉപ പദ്ധതിയാണ് ആശ്രയ എന്നതു ഇവർ പറയില്ല എന്ന് നാം പ്രത്യേകം മനസിലാക്കണം. എന്നാൽ സർക്കാർ അതിന്റെ എല്ലാ ഡോക്കുമെന്റുകളിലും ഈ പദ്ധതിയെ acknowledge ചെയ്യുന്നുണ്ട് എന്നതും കാണണം. ആശ്രയ പദ്ധതിയുടെ ഫലപ്രാപ്തിയില്ലായ്മ മൂലമാണ് അതു പരിഷ്കരിച്ച് Destitute Free Kerala എന്ന പദ്ധതി വരുന്നത്. ഇതിലെ ഗുണഭോക്തൃ പട്ടിക 1.5 ലക്ഷം ആണ് എന്നു വേണം മനസിലാക്കാൻ. ഈ നമ്പറുകൾ സംബന്ധിച്ച് ഒരു തർക്കവും ഇവരാരും ഒരുകാലത്തും ഉന്നയിച്ചിട്ടില്ലല്ലോ ?എന്നാൽ ഇപ്പോൾ പറയുന്നത് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങൾ AAY കാർഡ് ഉടമകളായ 5.92 ലക്ഷം ആണ് എന്നതാണല്ലോ? 2002 ൽ തുടങ്ങിയ ആന്റണിയുടെ ആശ്രയയിലെ 1.18 ലക്ഷം അതിദരിദ്ര കുടുംബങ്ങൾ ഭക്ഷ്യ ഭദ്രതാ നിയമം പ്രായോഗികമായ 2017 ൽ 5.92 ലക്ഷമായി കൂടി എന്നാണോ വാദിക്കുന്നത്? അപ്പോൾ ആശ്രയയുടെ നേട്ടം എന്താണ് എന്ന് പറയുമോ? ഇപ്പോൾ സർക്കാർ അഭിസംബോധന ചെയ്യുന്ന അതി ദരിദ്ര വിഭാഗവും AAY ഗുണഭോക്താക്കളും രണ്ടും രണ്ടാണ് എന്നതു മനസിലാക്കാതെയല്ല ഈ അഭ്യാസം എന്നു വ്യക്തം. ആകെക്കൂടി പുകമറയുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിദരിദ്രർ ഇല്ലാതാകുന്നതോടെ AAY മഞ്ഞക്കാർഡ് ഇല്ലാതാകില്ലേ എന്നും കേന്ദ്ര സഹായം അവസാനിക്കില്ലേ എന്നുമാണ് കത്തിലെ ഒരു ചോദ്യം. വാസ്തവത്തിൽ ഇത് ചോദ്യമായിരുന്നില്ല സംഘപരിവാർ കേന്ദ്രങ്ങൾക്കുള്ള സൂചനയായിരുന്നു എന്നു പിന്നീട് വ്യക്തമായി. ആർഎസ്എസ് , BJP ഹാന്റിലുകളും ചർച്ചക്കാരും ഇപ്പോൾ ഉയർത്തുന്ന പ്രധാന ഭീഷണി ഇതാണ് എന്നു കാണണം.

ആരാണ് അതിദരിദ്രർ, 
അവരെ കൈപിടിച്ചതെങ്ങനെ
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ EPEP അഭിസംബോധന ചെയ്ത ഒരു കുടുംബത്തിന്റെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അത് ആരാണ് അതിദരിദ്രർ എന്ന് മനസ്സിലാക്കാൻ നന്നായി ഉപകരിക്കും.

കിടങ്ങറ പാലത്തിന്റെ കീഴെ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് പായയ്ക്ക് കീഴിലാണ് ഓർമ്മവെച്ച കാലം മുതൽ മഹേഷ് ജീവിച്ചത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ട അമ്മയും, ഭിന്നശേഷിക്കാരനായ മഹേഷും, ഭാര്യയും. അരികുവൽക്കരണം എന്നതിന്റെ അങ്ങേയറ്റത്തെ അനുഭവമാണ്.

അവരെ Extreme Poverty Eradication Project (EPEP) അഥവാ അതിദാരിദ്ര്യ നരിമാർജന പദ്ധതി കൈപിടിച്ചത് എങ്ങനെ എന്നു വാർത്തയിലുണ്ട്. ഒരു രേഖകളും ഇല്ലാതിരുന്ന ഇവർക്ക് ആദ്യം തിരിച്ചറിയൽ രേഖകളും AAY റേഷൻ കാർഡും കൊടുത്തു. ഒരു വാടക വീട് എടുത്ത് പഞ്ചായത്ത് അവരെ അങ്ങോട്ടേക്ക് മാറ്റി. കുടുംബശ്രീ കറിക്കത്തി വിൽപ്പനയ്ക്ക് സഹായം കൊടുത്തു. ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിൽസാ സഹായം ഉറപ്പാക്കി. വനിതയെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർത്തു. അതോടെ ബാങ്ക് അക്കൗണ്ടും വരുമല്ലോ? ലൈഫ് പദ്ധതിയിൽ ഇപ്പോൾ വീട് ഒരുങ്ങുന്നു.

എന്താണ് അതിദാരിദ്ര്യം എന്നു മനസ്സിലാകുന്നുണ്ടല്ലോ?

അമ്മയുടെ മാനസിക വെല്ലുവിളിയായിരിക്കണം ഈ കുടുംബത്തെ ദാരിദ്ര്യക്കെണിയിൽ എത്തിച്ചത്. അവരുടെ കിടപ്പാടം തെരുവിലാകുന്നു. ആരും സഹായത്തിനില്ലാതാകുന്നു. തൊഴിലുറപ്പോ കുടുംബശ്രീയോ അപ്രാപ്യമാകുന്നു. റേഷൻ ഇല്ല, പെൻഷൻ ഇല്ല. ആരോടും പറയാതെ സാമൂഹ്യമായി ഏതാണ്ട് വിസ്മൃതമായി അങ്ങനെ Poverty Trapൽ പെട്ട് പോകുന്ന മനുഷ്യർ.

ഇവിടെ അഭിസംബോധന ചെയ്യുന്നത് Extreme Poverty യെയാണ്. അതു ചേർന്നു നിൽക്കുന്നത് poverty trap നോടാണ് എന്നു തിരിയണം.

കേന്ദ്രാവിഷ്കൃത പദ്ധതി സഹായം
ഈ കത്തിലെ ഏറ്റവും കുനിഷ്ട് ചോദ്യം അതിദരിദ്രാവസ്ഥ മറികടക്കുന്നതിന് എന്തെങ്കിലും കേന്ദ്ര പദ്ധതി ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതാണ്. ഈ കേന്ദ്ര പദ്ധതിയെക്കുറിച്ചുള്ള തള്ള് ഇതുവരെ സംഘപരിവാറുകാരുടെ വകയായിരുന്നു. രാജീവ് ചന്ദ്രശേഖരൻ ചോദിച്ച ചോദ്യം, അല്ല അവകാശവാദം ഇവർ ഉന്നയിക്കുന്നത് കണ്ടു ഞെട്ടുകയല്ലേ തരമുള്ളൂ. കേന്ദ്രാവിഷ്കൃത പദ്ധതി ആരുടെയും തറവാട്ടു കണ്ടം വിറ്റ വകയല്ല . അതു ഫലപ്രദമായി integrate ചെയ്യാൻ കഴിയുന്നത് കേരളത്തിന്റെ മേന്മയാണ് എന്ന് ഇവരോട് പറയേണ്ടി വരുന്നത് ദൗർഭാഗ്യമായി ഞാൻ കരുതുന്നു. കേന്ദ്ര പദ്ധതികൊണ്ട് extreme poverty eradication നടത്തിയ ബീഹാർ അനുഭവത്തെക്കുറിച്ചുള്ള പ്രബന്ധം വൈകാതെ പ്രസിദ്ധീകരിക്കുമായിരിക്കും എന്നു കരുതാം. പട്ടിക വർഗ്ഗ വിഭാഗത്തിൽ അതിദരിദ്രർ 5.5 ശതമാനം മാത്രമാണല്ലോ, അവിടെ എന്തു മാജിക് കാണിച്ചു എന്നതാണ് മറ്റൊരു ചോദ്യം. അവർ അഗതികളാണോ അതിദരിദ്രരാണോ എന്നാണ് ഉപ ചോദ്യം. അതിദരിദ്രരായവർ എന്നതിന് ഈ പദ്ധതി നൽകുന്ന വിശദീകരണം മുകളിൽ പറഞ്ഞു കഴിഞ്ഞല്ലോ. ഈ വിഭാഗത്തിൽ മാത്രമല്ല ആകെ 64006 കുടുംബങ്ങളിലും എന്തൊക്കെ ചെയ്തു എന്നത് സർക്കാർ വിശദമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരു മാജിക്കും ഇല്ല. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം മതി. 2021 ൽ ഇറക്കിയ ഗൈഡ്ലൈൻ നോക്കാതെ ഇതെന്ത് സർവ്വെയാണെന്നു പറഞ്ഞ് നടക്കുന്നവരോട് എന്തു പറയാൻ?

ആശമാർ അതിദരിദ്രർ അല്ലേ എന്നൊക്കെയുള്ള ചോദ്യം പുച്ഛത്തോടെ അവഗണിക്കുക മാത്രമേ വഴിയുള്ളൂ. ആശമാർ മാത്രം മതിയോ? സ്കൂൾ പാചക തൊഴിലാളികൾ വേണ്ടേ? അങ്കണവാടി ജീവനക്കാരോ? പദ്ധതിയുടെ നാലരക്കൊല്ലം മുൻപിറങ്ങിയ ഗൈഡ്ലൈൻ നോക്കാൻ മെനക്കെടാതെ ഈ വക ചോദ്യം ചോദിക്കുന്നവരുടെ വൈദഗ്ദ്ധ്യം അപാരം തന്നെ!

വീണ്ടും വീഴില്ലേ
ഉന്നയിക്കപ്പെടുന്ന ഒരു അടിസ്ഥാന പ്രശ്നം ഈ അതിദാരിദ്ര്യ മുക്തർ ഒരു ചെറിയ പ്രശ്നം നേരിട്ടാൽ തന്നെ വീണ്ടും ആ കെണിയിൽ പെട്ടുപോകും എന്നതാണ്. തികച്ചും ശരിയാണ്. ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുള്ള (Vulnerable) ഒരു കുടുംബം നേരിടുന്ന ഒരു ഷോക്ക് ആയിരിക്കും ആ കുടുംബത്തെ ദാരിദ്ര്യക്കെണിയിൽ പെടുത്തുന്നത്. മദ്യപാന ആസക്തി പോലുള്ള , മാരക രോഗം പോലുള്ള stress factors ഉം ഏകവരുമാനദായകന്റെ മരണം പോലുള്ള ഷോക്കുകളും ഈ കുടുംബത്തെ ദാരിദ്ര്യ കെണിയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. അതിൽ നിന്നും മുക്തരാക്കപ്പെടുന്നവരുടെ vulnerability യെ തുടരെ അഭിസംബോധന ചെയ്യുന്നില്ലെങ്കിൽ അവർ ഇതിൽ വീണ്ടും വീണുപോകും. ഇത് ചെയ്യില്ല , വേണ്ടതില്ല എന്നു സർക്കാർ പറഞ്ഞോ?അതിനുള്ള പദ്ധതി പ്രഖ്യാപനം കൂടിയായിരുന്നില്ലേ 2025ലെ കേരളപ്പിറവി ദിനത്തിൽ നടന്നത്?

ഘടന മാറാതെ 
ദാരിദ്ര്യം പോകുമോ?
ഘടനാപരമായ മാറ്റമില്ലാതെ എങ്ങനെയാണ് ദാരിദ്ര്യം ഇല്ലാതാകുക എന്നതു മറ്റൊരു ചോദ്യമാണ്. മുതലാളിത്തം അവസാനിച്ചിട്ടു മാത്രമേ ശുദ്ധ മാർക്സിസ്റ്റുകൾ ജനക്ഷേമ പരിപാടികളിൽ ഇടപെടുകയുള്ളൂ എന്നു പറഞ്ഞാൽ ശരിയാകുമോ? ദാരിദ്ര്യം നിർമാർജനം ചെയ്യുന്നു എന്ന ഒരു വർത്തമാനം എവിടെയെങ്കിലും പറഞ്ഞതായി കാണിക്കാമോ? അതിദാരിദ്ര്യം എന്ന അവസ്ഥ തന്നെ ഇനിയുണ്ടാകില്ല എന്നു പറഞ്ഞോ? ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പി എന്തെല്ലാമോ പറയുന്ന സ്ഥിതിയാണ്. ശുദ്ധ ഭൂപരിഷ്കരണമേ ഞങ്ങൾ നടപ്പിലാക്കൂ എന്നു പറഞ്ഞിരുന്നു എന്നു കരുതുക? കേരളം ഇന്ന് എത്തിയത്തിന്റെ പാതി ദൂരം നാം എത്തുമായിരുന്നോ? എന്നുവെച്ചാൽ ഇനിയും പരിഹരിക്കപ്പെടേണ്ട ഭൂപ്രശ്നം ഇല്ല എന്നു മാർക്സിസ്റ്റുകൾ പറയുന്നുണ്ടോ? EPEP വരുത്തുന്ന അടിസ്ഥാനപരമായ ഒരു മേന്മ എന്താണ്? പ്രാദേശിക വികസനാസൂത്രണത്തിൽ ഈ extreme poverty ഒരു പ്രധാന പരിഗണനയായി inbuilt ചെയ്യപ്പെടുന്നു എന്നതാണ്. അത് കേരളത്തിലെ വികസനാസൂത്രണ രംഗത്തെ ഇതഃപര്യന്തമുള്ളതിനെക്കാൾ ഉയർന്ന തോതിൽ ഇൻക്ലൂസിവ് ആക്കുന്നു എന്നതാണ് ഇതു കൊണ്ടുണ്ടാകുന്ന അടിസ്ഥാന മാറ്റം. അതാകട്ടെ ജനകീയാസൂത്രണ പാരമ്പര്യത്തിന്റെ ശരിയായ വളർച്ചയും വികാസവുമാണ്.

ഈ പദ്ധതി ട്രാൻസ്ഫോർമേറ്റീവല്ല, മറിച്ച് മാനേജീരിയൽ ആണല്ലോ എന്നതാണ് മറ്റൊരു ആക്ഷേപം. ഘടന മാറാതെ ഒരു ജനക്ഷേമ പദ്ധതിയിലും ഇടപെടേണ്ടതില്ല , അതെല്ലാം പരിഷ്കരണപരമാണ് എന്നതു സിദ്ധാന്തമായും മറ്റും കൊണ്ടു നടക്കുന്നവർ ഉണ്ടാകാം. എന്നാൽ, സിപിഐ എമോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഈ നിലപാടുള്ളവരല്ല. അതുകൊണ്ടാണ് ഇന്ത്യൻ ഫെഡറൽ ഘടനയുടെ എല്ലാ പരിമിതികൾക്കുള്ളിലും ഈ വ്യവസ്ഥയുടെ ഉള്ളിൽ നിന്നും സംസ്ഥാന ഭരണം നിർവഹിക്കാൻ അവർ മുതിരുന്നത്. അതിൽ ഇടപെട്ട് മനുഷ്യരുടെ ഇഹലോകത്തിലെ ദുരിതങ്ങൾ കുറയ്ക്കുക എന്നത് തന്നെയാണ് പരിപാടി. കോവിഡ് കാലത്ത് ഭക്ഷണ ധാന്യങ്ങൾ അടങ്ങുന്ന കിറ്റ് കൊടുത്തതും, ഇപ്പോൾ ക്ഷേമ/ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൊടുക്കുന്നതും എല്ലാം “ welfare politics” എന്ന കുഴപ്പംപിടിച്ച എന്തോ ഏർപ്പാടാണ്.സർക്കാരുകൾ ഫ്രീബീസ് കൊടുക്കുന്നതാണ് ആകെ macro-economic stability യെ അവതാളത്തിലാക്കുന്നത് എന്ന വാദം അതേ പോലെ എടുത്തു വിഴുങ്ങി എഴുന്നള്ളിക്കുകയാണ് ഒരു സെറ്റ് ചെയ്യുന്നത്. കേരളം നടത്തിയ ഭൂപരിഷ്കരണം എന്തായിരുന്നു? വിദ്യാഭ്യാസ പരിഷ്കരണമോ ? അധികാര,ആസൂത്രണ വികേന്ദ്രീകരണമോ? കുടുംബശ്രീ പ്രസ്ഥാനമോ?സാക്ഷരതാ പ്രസ്ഥാനത്തെ ഈ വിഭാഗം വിലയിരുത്തിയത് എങ്ങനെയാണ്?ഇത്തരം അസംബന്ധങ്ങൾക്കും ഉപകരണമാകുകയാണ് ഈ കത്തെഴുത്തു സംഘം എന്നതും കാണണം.

സർക്കാർ വിദഗ്ധരെ കേൾക്കുന്നില്ല എന്നതിന് ഈ പ്രൊപ്പഗാൻഡ കക്ഷികളുടെ അളവുകോൽ എന്താണ്? കിഫ്ബി എന്ന സ്ഥാപനം കണ്ണുതുറന്നു കാണണം. പ്രൊഫഷണലിസവും വൈദഗ്ദ്ധ്യവും എങ്ങനെ ഒരു സർക്കാർ ഉപയോഗപ്പെടുത്തുന്നു എന്നത് മനസ്സിലാകും. കേരളത്തിലെ സ്റ്റാർട്ട് അപ് ആവാസ വ്യവസ്ഥ മെച്ചപ്പെടുന്നത് വിദഗ്ധരെ ഒഴിവാക്കി നേടുന്നതാണോ? EPEP യിൽ തന്നെ നിങ്ങൾ ഈ പറയുന്ന വിദഗ്ധർ ഇല്ലേ? വിദഗ്-ധർ എന്ന ഗണം ഇത്ര ചുരുങ്ങിയതാണ് എന്നു കരുതാതെയെങ്കിലും ഇരിക്കണം.

ദാരിദ്ര്യം ഒരു ഫിനോമിനയാണ്. അതിദാരിദ്ര്യം എന്നത് ദാരിദ്ര്യ കെണിയിൽ പെട്ടുപോകുന്ന സ്ഥിതിയാണ്. സമൂഹം സുചിന്തിതമായി ഇടപെട്ടാലല്ലാതെ ഈ കെണി പൊട്ടില്ല. ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും പൊതു വിതരണവും അധികാര വികേന്ദ്രീകരണവും കുടുംബശ്രീയും യാഥാർത്ഥ്യമാക്കിയ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരും നടത്തുന്ന ധീരമായ മറ്റൊരു ഇടപെടലാണ് അതിദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുന്ന പദ്ധതിയും. അതു പ്രത്യേകമായി അഭിസംബോധന ചെയ്യേണ്ട ഒന്നാണ് എന്ന ബോധത്തിനാണ് ഇടതുപക്ഷ ബോധം എന്നു പറയുന്നത്. അതിൽ ഒരു സുപ്രധാന ഘട്ടം എത്തുകയാണ്. അതിദാരിദ്ര്യം എന്നത് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ, അതിനു വഴിപ്പെട്ടുപോകുന്ന സാഹചര്യങ്ങൾ (vulnerabilities), അതിനെ തീവ്രമാക്കുന്ന ക്ലേശ ഘടകങ്ങൾ (stress factors), അതിൽ പെടുത്തുന്ന ആഘാതങ്ങൾ (shocks) എല്ലാം കൂടുതൽ തെളിമയോടെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മനസിലാക്കുന്നു എന്നത് കൂടിയാണ് ഈ പദ്ധതിയുടെ പ്രാധാന്യം. ദാരിദ്ര്യക്കെണിയിലേക്ക് വീണു പോകാതിരിക്കാനുള്ള കരുതൽ ഈ പദ്ധതി നൽകുന്ന പാഠവുമാണ്. അതിനു ഇപ്പോൾ identify ചെയ്ത extreme poverty യെ അഭിസംബോധന ചെയ്തുകൊണ്ടേ സാധിക്കൂ എന്നതു കാണണം.

കരുതൽ അവസാനിക്കുകയല്ല, കേരളത്തിലെ ഇതഃപര്യന്തമുള്ള വികസന രാഷ്ട്രീയ പ്രക്രിയയിൽ കൂടുതൽ ജാഗ്രതയോടെയുള്ള കരുതൽ ഉൾച്ചേരുകയാണ് ചെയ്യുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 1 =

Most Popular