Monday, May 25, 2026

ad

Homeകവര്‍സ്റ്റോറി10 വർഷംകൊണ്ട് പാവങ്ങൾക്ക് 85000 കോടി രൂപയുടെ 
പെൻഷൻ സഹായം

10 വർഷംകൊണ്ട് പാവങ്ങൾക്ക് 85000 കോടി രൂപയുടെ 
പെൻഷൻ സഹായം

ന്ത്യയിൽ ക്ഷേമപെൻഷനുകൾക്ക് ഏറ്റവും വലിയ ബജറ്റ്ചെലവ് കേരളത്തിലാണ്. നടപ്പു സാമ്പത്തികവർഷത്തിൽ 13,900 കോടി രൂപയാണ് പ്രതീക്ഷിതചെലവ്. പക്ഷേ, നവംബർ മാസം മുതൽ പെൻഷൻ 2000 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഈ അധികച്ചെലവുകൂടി ചേരുമ്പോൾ ഏതാണ്ട് 15,000 കോടി രൂപയായിരിക്കും ഈ ഇനത്തിൽ സർക്കാർ ചെലവാക്കുന്നത്.

പെൻഷന് യുഡിഎഫ് ചെലവഴിച്ചത് എത്ര? 
എൽഡിഎഫ് ചെലവഴിച്ചത് എത്ര?

ഈ സർക്കാർ ഒക്ടോബർ വരെ ക്ഷേമ പെൻഷൻ വിതരണത്തിന് ചെലവഴിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-–16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉൾപ്പെടെയാണ്. ഒമ്പതര വർഷംകൊണ്ട് എൽഡിഎഫ് സർക്കാർ ചെലവിട്ടത് 80,671 കോടി രൂപ. ഇനിയുള്ള അഞ്ച് മാസത്തെ തുകകൂടി ചേർത്താൽ പാവപ്പെട്ടവർക്കുവേണ്ടി കേരള സർക്കാർ ചെലവഴിക്കുന്ന തുക 85,000 കോടി രൂപ വരും. വേറെ ഏത് സർക്കാർ ഇത്രയും തുക ഈ നാട്ടിലെ പാവങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ട്?

2011–-16 കാലത്തെ യുഡിഎഫ് സർക്കാർ 9,400 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചത്. 100 രൂപയാണ് അഞ്ച് വർഷക്കാലത്തിനിടയിൽ അധികമായി അനുവദിച്ചത്. അത് 18 മാസക്കാലം കുടിശ്ശികയുമാക്കി. കുടിശ്ശികയെ സംബന്ധിച്ച് യുഡിഎഫ് വലിയ തർക്കങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്. തർക്കമൊക്കെ നിൽക്കട്ടെ. മൊത്തം 9,400 കോടി രൂപയല്ലേ നൽകിയുള്ളൂ? ഒന്നാം പിണറായി സർക്കാർ അതിന്റെ നാല് മടങ്ങ് പെൻഷനായി വിതരണം ചെയ്തു.

കുടിശ്ശികയടക്കം 3,600 രൂപ വീതമാണ് എല്ലാ സാമൂഹ്യക്ഷേമ പെൻഷൻകാർക്കും ഈ മാസം അവസാനം കൈയിൽ കിട്ടാൻ പോകുന്നത്. 2000 രൂപ വയോജന പെൻഷൻ എന്നത് രാജ്യത്തെ ശരാശരി വയോജന പെൻഷന്റെ ഇരട്ടിയാണ്.

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുക മാത്രമല്ല, യുഡിഎഫ് കാലത്ത് 34 ലക്ഷമായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ഇവർ ജനസംഖ്യയുടെ 17-–18 ശതമാനം വരും. ദേശീയ ശരാശരിയെടുത്താൽ 3.5-4.2 ശതമാനം പേർക്കാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്.

ഇപ്പോൾ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവുമധികം ചർച്ച ചെയ്യുന്നത് ഈ പെൻഷൻ വർദ്ധനവാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു മുമ്പ് നടന്ന പെൻഷൻകാരുടെ യോഗങ്ങളിൽ പങ്കെടുത്തതിന്റെ ഇരട്ടിയിലേറെ ആളുകൾ അതിനുശേഷമുള്ള യോഗങ്ങളിൽ പങ്കെടുക്കുന്നൂവെന്നതു തന്നെയാണ് ഇതിന്റെ തെളിവ്. ഇത് യുഡിഎഫിന് ചില്ലറ അലോസരമൊന്നുമല്ല സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് അവർ ക്ഷേമപെൻഷൻ വർദ്ധനവിനെ തിരഞ്ഞെടുപ്പ് കൈക്കൂലിയായും മറ്റും അപഹസിക്കുന്നത്.

2000 രൂപയെന്നു പറഞ്ഞിട്ട് 
800 രൂപയല്ലേയുള്ളൂ?
ഇതിനെന്താ കാരണം?

പെൻഷൻകാരുടെ കുടുംബയോഗങ്ങളിൽ വളരെ പാവപ്പെട്ട ചിലരെങ്കിലും ഉയർത്താൻ പോകുന്ന ഒരു ചോദ്യമാണിത്. ഇത് ന്യായമായ ചോദ്യമാണ്. കേരളത്തിലെ ഏതാണ്ട് 10 ലക്ഷം പെൻഷൻകാർക്ക് കേന്ദ്ര സർക്കാരിന്റെ പെൻഷൻ 200 രൂപ ലഭിക്കുന്നുണ്ട്. 80 വയസ് കഴിഞ്ഞവർക്ക് 500 രൂപയും. ഇതടക്കമാണ് 2000 രൂപ പെൻഷൻ. മോദി മൂന്നാംതവണ അധികാരത്തിൽ വരുന്നതുവരെ കേരള സർക്കാരാണ് മുഴുവൻ പെൻഷൻ തുകയും നൽകിക്കൊണ്ടിരുന്നത്. പിന്നീട് എപ്പോഴെങ്കിലുമാണ് കേന്ദ്ര സർക്കാർ അവരുടെ പണം അനുവദിക്കാറ്. പക്ഷേ, പാവപ്പെട്ടവർ അത് അറിയാറില്ല. കേന്ദ്ര പെൻഷൻ തുക വന്നാലും ഇല്ലെങ്കിലും കേരള സർക്കാർ മുഴുവൻ തുകയും കൃത്യമായി മാസാമാസം നൽകിവന്നിരുന്നു.

എന്നാൽ ബിജെപിക്കാർ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ വഴി നൽകുന്നതിനു പകരം നേരിട്ടു കൊടുക്കാനാണ് ശ്രമിക്കുന്നത്. 200 രൂപയുടെ ക്രെഡിറ്റ് അതും പത്ത് ലക്ഷം പേർക്ക് കേരള സർക്കാർ എടുത്താലോ എന്നാണ് അവരുടെ ചിന്ത. അതുപോലത്തെ അല്പന്മാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ കേന്ദ്ര വിഹിതം 200-500 രൂപ പത്ത് ലക്ഷം പേർക്കുള്ളത് കേന്ദ്ര സർക്കാർ നേരിട്ട് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയാണ്. അത് കൃത്യമായി ചെയ്യാറുമില്ല. ഫലമോ? ഏറ്റവും പാവപ്പെട്ട പത്തുലക്ഷം പേർക്ക് കൃത്യസമയത്ത് മുഴുവൻ പെൻഷൻ ലഭിക്കുന്നില്ല.

ഇതിനൊരു മറുപടി വോട്ടിലൂടെ ബിജെപിക്കു കൊടുത്തേ തീരൂ. നാണമുണ്ടോ ബിജെപിക്ക്? ഇപ്പോൾ 12 വർഷമായില്ലേ അധികാരത്തിൽ വന്നിട്ട്. എത്രയോ നാൾ മുമ്പ് തീരുമാനിച്ച കേന്ദ്ര പെൻഷനിൽ എന്തെങ്കിലും വർദ്ധനവ് വരുത്താനുള്ള സന്മനസ് അവർക്ക് ഉണ്ടായിട്ടുണ്ടോ? എന്നിട്ട് ഭംഗിയായി നടന്നുവന്ന കേരളത്തിലെ പെൻഷൻ വിതരണം അലങ്കോലപ്പെടുത്തുകയാണ് അവർ.

2500 രൂപയാക്കുമെന്നല്ലേ 
വാഗ്ദാനം ചെയ്തിരുന്നത്? 
എന്നിട്ട് എന്തേ 2000 രൂപ 
മാത്രം കൊടുക്കുന്നു?

ഇതാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ ചമ്മൽ മാറ്റാൻ ചോദിക്കുന്ന ചോദ്യം. ഒരു കാര്യം ഓർമിപ്പിക്കട്ടെ. 2016-ലെ തിരഞ്ഞെടുപ്പിൽ പെൻഷൻ 1000 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ വാഗ്ദാനം. എന്നാൽ 1600 രൂപയായിട്ടല്ലേ വർദ്ധിപ്പിച്ചത്? കാശ് ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകാൻ യാതൊരു മടിയുമില്ല. അതാണ് ഇടതുപക്ഷം! എന്നാൽ യുഡിഎഫിന്റെ മനസ്സോ? 2000 രൂപ പെൻഷനിൽ അവരുടെ സംഭാവന കേവലം 100 രൂപ മാത്രമാണ്. അതു തന്നെ ഓരോ ഭരണവും അവസാനിപ്പിച്ചത് ക്ഷേമ പെൻഷനുകൾ വമ്പിച്ച കുടിശ്ശിക വരുത്തിയിട്ടാണ്. ഇതാണ് പാവങ്ങളോടുള്ള പ്രതിബദ്ധതയിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം.

ഇന്ന് കേന്ദ്ര സർക്കാർ കേരള സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. പെൻഷൻ മുടക്കമില്ലാതെ കൃത്യമായി നൽകുന്നതിന് സംസ്ഥാനം ഒരു പെൻഷൻ കമ്പനിക്കു രൂപം നൽകി. കമ്പനി പലതവണകളായി 12,000 കോടി രൂപ കടം വാങ്ങി. അതിൽ 8,000 കോടിയും തിരിച്ചു നൽകി. എന്നാൽ 12,000 കോടി രൂപ കടം വാങ്ങിയെന്നു പറഞ്ഞ് അത്രയും തുക സംസ്ഥാന സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പയിൽ നിന്ന് വെട്ടിക്കുറച്ചു മോദി സർക്കാർ.

റോഡും പാലവുമെല്ലാം പണിയുന്നതിനുവേണ്ടി കിഫ്ബി 2016 മുതൽ എടുത്തിട്ടുള്ള വായ്പകളും ഇതുപോലെ മുൻകാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കി. കേന്ദ്ര സർക്കാരിന്റെ ദേശീയപാത നിർമാണ അതോറിറ്റിയും മറ്റും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. അവരുടെ കടം യൂണിയൻ സർക്കാരിന്റെ കടമായിട്ട് കൂട്ടിയിട്ടില്ല. പക്ഷേ, കിഫ്ബിയുടെ കാര്യം വന്നപ്പോൾ ചട്ടം മാറ്റി. അങ്ങനെ കേരള സർക്കാരിന്റെ വായ്പാ വരുമാനത്തിൽ പ്രതിവർഷം 12,000-–15,000 കോടി രൂപയുടെ കുറവുവന്നു. ഇതൊന്നും പോരാഞ്ഞിട്ട് നമുക്ക് തരാനുള്ള മറ്റു പല ഗ്രാന്റുകളും കുടിശ്ശികയാക്കി. പക്ഷേ, ഈ കേന്ദ്ര വിവേചനത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ യുഡിഎഫ് തയ്യാറല്ല. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണു വാരിയിടാൻ അവരും ബിജെപിക്കൊപ്പമാണ്.

ധനപ്രതിസന്ധി പരിഹരിച്ചശേഷം മാത്രമേ പെൻഷനുകൾ കൃത്യമായി നൽകാൻ കഴിയൂവെന്നല്ല എൽഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. എന്തെല്ലാം പ്രതിസന്ധി ഉണ്ടായാലും പാവങ്ങളുടെ പെൻഷൻ നൽകിയിട്ട് ബാക്കി കാര്യം. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. വാക്കു പാലിച്ചു. നവംബർ മാസത്തോടുകൂടി കുടിശ്ശികയുടെ കഥ അവസാനിച്ചു. തീർന്നില്ല, പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. നിങ്ങൾ ആരെങ്കിലും കരുതിയിട്ടുണ്ടോ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ക്ഷേമ പെൻഷൻ 400 രൂപ വർദ്ധിപ്പിക്കുമെന്ന്? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 4 =

Most Popular