ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പലതും സാധ്യമാക്കാന്‍ പല മേഖലകളിലും കേരളത്തിനു കഴിഞ്ഞിരിക്കുന്നു. ഇത് ദേശീയ സര്‍വേകളിലും വിവിധ പഠനങ്ങളിലും വെളിവാക്കപ്പെട്ടിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും ലഭിച്ച പല പരിഗണനകളും ഈ പതിറ്റാണ്ടുകളില്‍ കേരളത്തിനു ലഭിച്ചിട്ടില്ല എന്നുമാത്രമല്ല അര്‍ഹതപ്പെട്ടതു പലതും നിഷേധിക്കപ്പെടുക കൂടി ചെയ്തു. എന്നിട്ടും അത്തരം പ്രതികൂല അവസ്ഥകള്‍ ഉണ്ടായിരിക്കെത്തന്നെ താരതമ്യമില്ലാത്ത വളര്‍ച്ചയും വികസനവും നേടാന്‍ കൃത്യമായി നമുക്കു സാധിച്ചു. അത് ആദ്യമൊക്കെ ഇടവേളകളോടെയും ഈ പതിറ്റാണ്ടില്‍ തുടര്‍ച്ചയായും ഇടതുപക്ഷം അധികാരത്തില്‍ വന്നതുകൊണ്ടായിരുന്നു.
വികസിത രാജ്യങ്ങളിലെ പൊതുജീവിത നിലവാരത്തിലേക്ക് കേരളജനതയുടെ ജീവിതനിലവാരത്തെ ഉയര്‍ത്തുന്നതിനു പര്യാപ്തമായ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുക എന്നത് നവകേരള സൃഷ്ടിയുടെ പ്രധാന ഘടകമാണ്. ഇത് എങ്ങനെ സാധ്യമാക്കാം എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട ചോദ്യം. രാഷ്ട്രീയം, ഭരണപരം, സാമ്പത്തികം, സാമൂഹികം എന്നീ തലങ്ങളിലൊക്കെ ഏകോപിത ശ്രമങ്ങള്‍ ഉണ്ടാവണം. ജനകീയ സന്നദ്ധതയെ ഇതിനോട് കണ്ണിചേര്‍ക്കുകയും വേണം. അതിനുതകുന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണ്.
2016 മുതല്‍ ഇവിടെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് പത്തു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിക്കൊണ്ട് നമ്മള്‍. ഈ പത്തു വര്‍ഷം, നാടിന്റെ വികസന പദ്ധതികളിലൂടെയും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു. ജനജീവിത നിലവാരത്തിന്റെ കാര്യത്തിലും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ ഉയര്‍ത്തുക എന്നതാണ് നവകേരള നിര്‍മ്മിതിയിലൂടെ നാം മുന്നോട്ടുവെക്കുന്ന സങ്കല്‍പനം. ഇതാകട്ടെ കേരളത്തിലെ ജനങ്ങളെയാകെ പങ്കെടുപ്പിച്ചുകൊണ്ട് സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളം എങ്ങനെ ഇവിടെ എത്തി, 2016 മുതലിങ്ങോട്ടുള്ള ഭരണം ഇനിയുള്ള മുന്നേറ്റങ്ങള്‍ക്ക് എങ്ങനെ അടിത്തറ ഒരുക്കി, ഇനി ഏത് ദിശയില്‍, ഏതു വിധത്തില്‍, ഏതിലൊക്കെ ഊന്നിയാണ് മുമ്പോട്ടു പോകേണ്ടത് എന്നൊക്കെയുള്ള കാര്യത്തില്‍ നമുക്കു വ്യക്തമായ ധാരണയുണ്ട്.
നവകേരളം എന്ന പുതിയ ലക്ഷ്യത്തോടുകൂടിയാണ് നമ്മുടെ വികസന – ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏതൊരു നാടിന്റെയും വികസനവും വളര്‍ച്ചയും സാധ്യമാക്കാന്‍ കഴിയണമെങ്കില്‍, ആ ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ശരിയായ നയവും അതു നടപ്പിലാക്കാന്‍ കഴിയുന്ന ഇച്ഛാശക്തിയുള്ള ഭരണസംവിധാനവും അതിന്റെ മുന്നേറ്റത്തിന് ആവശ്യമായ ജനപിന്തുണയും അനിവാര്യമാണ്. എപ്പോഴെല്ലാം ജനപക്ഷനയങ്ങള്‍ മേല്‍ക്കൈ നേടുകയും കേരളത്തിന്റെ ഭരണാധികാരത്തിലെത്തുകയും ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം വികസനവും ക്ഷേമ പദ്ധതികളും ജനപക്ഷ നിലപാടുകളില്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇതില്‍ നിന്നു ഭിന്നമായി യൂണിയന്‍ സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കു മേല്‍ക്കൈ കിട്ടിയപ്പോഴെല്ലാം ഇത് മാറ്റിമറിക്കപ്പെടുകയും രാജ്യത്തെ ഇതര ഭാഗങ്ങളില്‍ നടപ്പിലാക്കിയ നയങ്ങള്‍തന്നെ ഇവിടെയും അടിച്ചേല്‍പ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലേക്കു കണ്ണോടിച്ചുനോക്കിയാല്‍ നവീന ഭരണപദ്ധതികളില്‍ ഈ വൈരുദ്ധ്യം മുഴച്ചുനില്‍ക്കുന്നതു കാണാം. 1957 ല്‍ കുടിയാനായ കൃഷിക്കാരനെ സ്വതന്ത്രനാക്കി സ്വന്തം കാലില്‍ നിര്‍ത്താന്‍ ഭരണനടപടികള്‍ സ്വീകരിച്ചപ്പോള്‍ ആ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് എതിര്‍പക്ഷം ശ്രമിച്ചത്. തൊഴില്‍ മേഖലയില്‍ തൊഴിലാളിക്കനുകൂലമായ നിയമനിര്‍മ്മാണങ്ങള്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കുന്ന നിലപാടാണ് ഒരു വിഭാഗം ഇവിടെ സ്വീകരിച്ചത്. നിത്യോപയോഗ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ക്കാനും വാമന സ്റ്റോറുകളുണ്ടാക്കാനുമാണ് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത്.
60 വയസ്സു കഴിഞ്ഞ കര്‍ഷകത്തൊഴിലാളിക്കു പെന്‍ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതു പ്രത്യുല്പാദനപരമല്ലെന്നും അതു നല്‍കരുതെന്നുമുള്ള എതിര്‍ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീ പദ്ധതിക്കു സര്‍ക്കാര്‍ രൂപംകൊടുത്തപ്പോള്‍ അതിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് അവര്‍ ജനശ്രീ പദ്ധതിയുമായി മുന്നോട്ടുവന്നു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാന്‍ ലൈഫ് മിഷന്‍ ആരംഭിച്ചപ്പോള്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അതു നിര്‍ത്തലാക്കുമെന്ന് യുഡിഎ-ഫ് നേതാക്കൾ പ്രഖ്യാപിച്ചു. ഇങ്ങനെ കേരളത്തില്‍ ജനപക്ഷ നിലപാടുള്ള സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പദ്ധതികളെ യൂണിയന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ തടസ്സപ്പെടുത്താനും എതിര്‍ക്കാനും വരുന്നതാണ് അന്നും ഇന്നും നാം കാണുന്നത്.
കേരളത്തില്‍ 5 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറിമാറി വന്നതിനെത്തുടര്‍ന്ന് ജനപക്ഷ നയങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാതെ പോയി. 2016 ഓടുകൂടി ഈ സ്ഥിതിക്കു മാറ്റം വന്നു. അതിന്റെ സദ്ഫലങ്ങള്‍ കേരളമെന്നല്ല ലോകമാകെ കണ്ടു. ഇതേ തുടര്‍ന്നാണ് നവകേരളം എന്ന ലക്ഷ്യത്തോടുകൂടി ഈ സര്‍ക്കാര്‍ മുമ്പോട്ടുപോയത്. അസാധ്യമെന്നു കരുതിയ, വിവിധ മേഖലകളിലെ സ്തംഭിച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ കഠിന പരിശ്രമത്തിലൂടെ നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ മരവിപ്പിലായിരുന്നു ദേശീയപാത വികസനം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ഭൂമി ഏറ്റെടുപ്പിന് 6,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി. ആ ഇടപെടലുകൊണ്ട് നിലച്ചുപോയ പാതനിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാനമായ ചുവടുവെയ്പാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനു സ്വീകരിക്കാന്‍ കഴിഞ്ഞത്.
വൈദ്യുതി മേഖലയില്‍ കേരളത്തിന് അനിവാര്യമായ പദ്ധതിയായിരുന്നു പവര്‍ ഗ്രിഡ്. യുഡിഎഫ് സർക്കാർ അത് ഉപേക്ഷിച്ചതാണ്. എന്നാലത് പുനരാരംഭിച്ചു പൂര്‍ത്തിയാക്കി. ഗാര്‍ഹിക – വ്യാവസായിക കാര്യങ്ങള്‍ക്കുള്ള പ്രകൃതിവാതക വിതരണത്തിന്റെ കാര്യവും ഇങ്ങനെതന്നെ. അതും സ്തംഭിച്ചുനിന്നു. അതും പുനരാരംഭിച്ച് ഗ്യാസ് സിലിണ്ടറുകള്‍ക്കു പകരം നേരിട്ട് പൈപ്പ്ലൈന്‍ വഴി പ്രകൃതിവാതകം വിതരണം ചെയ്യുന്ന നിലയില്‍ പൂര്‍ത്തീകരിക്കുന്നതിലേക്കു നമ്മള്‍ കടന്നു. സമൂഹത്തില്‍ 60 വയസ്സു കഴിഞ്ഞ സാമ്പത്തിക വിഷമമനുഭവിക്കുന്നവര്‍ക്ക് നല്‍കിവന്ന പെന്‍ഷന്‍ പദ്ധതി പോലും 18 മാസത്തിലേറെ കുടിശ്ശികയായി കിടക്കുകയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. 600 രൂപയായിരുന്നു അന്ന് പെന്‍ഷന്‍. കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്ത് പദ്ധതി പുനഃക്രമീകരിച്ച് 2,000 രൂപയാക്കി, 62 ലക്ഷം പേര്‍ക്ക് അവകാശമായി ലഭ്യമാക്കുന്ന നിലയില്‍ എൽഡിഎഫ് സർക്കാർ നടപ്പാക്കി. അത് നമ്മള്‍ മുടങ്ങാതെ കൊടുത്തുവരുന്നു.
ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടാക്കാന്‍ കഴിഞ്ഞത്. ഡോക്ടര്‍മാരില്ലാതെ, ഉപകരണങ്ങളില്ലാതെ, ആവശ്യത്തിനു കെട്ടിടങ്ങളില്ലാതെ ദുരന്താവസ്ഥയായിരുന്നു മുമ്പ്. ഇപ്പോൾ ഇതിനു മാറ്റം വരുത്തി. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ വികസിപ്പിക്കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞു. അങ്ങനെ രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചികിത്സാ സംവിധാനമാക്കി പൊതു ആശുപത്രികളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. ചികിത്സാ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും അവയവമാറ്റം അടക്കമുള്ള ചികിത്സാ സംവിധാനങ്ങള്‍ പൊതുജന ആരോഗ്യ പരിപാലന സംവിധാനത്തിനകത്ത് ഒരുക്കുകയും ചെയ്തു. വികസിത രാജ്യങ്ങളെപ്പോലും പുറന്തള്ളിക്കൊണ്ട് മാതൃ–ശിശുമരണ നിരക്ക് നിയന്ത്രിച്ചുനിര്‍ത്തുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ആറായിരത്തോളം ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 885 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ നമ്മള്‍ മാറ്റിയെടുത്തു.
നമ്മുടെ വിദ്യാഭ്യാസ മേഖല വന്‍ കുതിച്ചുചാട്ടമാണു നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക – ശാസ്ത്ര – പ്രൊഫഷണല്‍ മേഖലകളില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങളിലും പഠനനിലവാരത്തിലും വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇത് വിദ്യാസമ്പന്നരുടെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കുകയാണ്. ഇതു കണക്കിലെടുത്തുകൊണ്ടാണ് വിജ്ഞാന സമ്പദ്ഘടന എന്ന പുതിയ കാഴ്ചപ്പാട്, സര്‍ക്കാര്‍ കേരളത്തിന്റെ വികസന നയങ്ങളോട് കൂട്ടിച്ചേര്‍ത്തത്. വിജ്ഞാനത്തിനും ബിരുദങ്ങള്‍ക്കുമൊപ്പം തങ്ങളുടെ കഴിവിനൊത്ത തൊഴിലും പുതിയ ഉല്‍പാദന മേഖലകളും കൂടി കണ്ടെത്താനുള്ള കരുത്താണ് ഇതുവഴി പുതുതലമുറയ്ക്കു ലഭിക്കുന്നത്. കേരളത്തിന്റെ വികസനത്തെ പുതിയ കുതിപ്പിലേക്കു നയിക്കുന്നതാണ് വിജ്ഞാന സമ്പദ്ഘടനാ കാഴ്ചപ്പാട്.
കേരളത്തില്‍ വ്യവസായങ്ങള്‍ക്കു സ്ഥാനമില്ല എന്ന ഒരു കുപ്രചാരണമുണ്ടായിരുന്നു ഒരുകാലത്ത്. ഇന്ന് അതു പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. വമ്പിച്ച മുന്നേറ്റമാണ് വ്യവസായ രംഗത്തു നമ്മള്‍ നേടിയത്. വലിയ സംരംഭങ്ങള്‍ക്കുള്ള നിക്ഷേപങ്ങള്‍ കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. പുതിയ ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ ഏറ്റവും കൂടുതല്‍ ആരംഭിക്കാന്‍ കഴിഞ്ഞ നാടായി കേരളം മാറി. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്നും 6,500 ആയി. ഐ ടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലേക്ക് എത്തുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ നമ്മള്‍ തുടര്‍ച്ചയായി ടോപ് അച്ചീവര്‍ പദവി നേടി.
വിഴിഞ്ഞം തുറമുഖം മലയാളിയുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു. എന്നാല്‍ അതു നടപ്പാക്കാന്‍ കഴിയില്ല എന്നതായിരുന്നു പൊതുധാരണ. ഇടതുപക്ഷ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ തുടര്‍ച്ചയായി വന്നതോടെ അതും സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞു. ഇന്ന് അത് രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖങ്ങളിലൊന്നായി, ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ അന്താരാഷ്ട്ര അംഗീകാരം നേടിയെടുത്തു. പ്രതീക്ഷിത സമയത്തിനുമുമ്പേ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
നവകേരളം ലക്ഷ്യമിടുമ്പോള്‍ വീടില്ലാത്ത കുടുംബങ്ങള്‍ക്കു വീടുണ്ടാവുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇതിനകം അഞ്ച് ലക്ഷത്തോളം വീടുകളാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിര്‍മ്മിച്ചത്. 1.27 ലക്ഷം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നാല് ലക്ഷത്തിലധികം പട്ടയങ്ങളാണ് ലഭ്യമാക്കിയത്. എല്ലാ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുകയാണ്. ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്ലാത്ത ആദ്യ ജില്ലയായി ഇതിനോടകം തിരുവനന്തപുരം മാറി.
| 16 വിഭാഗം
തൊഴിലാളികൾക്ക്
സംസ്ഥാനത്തിന്റെ
ക്ഷേമപെൻഷൻ 1 കർഷകർ 2 ക്ഷീര കർഷകർ 3 മത്സ്യത്തൊഴിലാളികൾ 4 ലോട്ടറിത്തൊഴിലാളികൾ 5 കയർ തൊഴിലാളികൾ 6 ഖാദിത്തൊഴിലാളികൾ 7 ചെറുകിട വ്യാപാരികൾ 8 അസംഘടിത തൊഴിലാളികൾ 9 ചുമട്ടുതൊഴിലാളികൾ 10 ആഭരണ തൊഴിലാളികൾ 11 ചെറുകിട തോട്ടം തൊഴിലാളികൾ 12 ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളികൾ 13 ബീഡി ചുരുട്ട് തൊഴിലാളികൾ 14 തയ്യൽ തൊഴിലാളികൾ 15 കൈത്തറി തൊഴിലാളികൾ 16 കശുവണ്ടിത്തൊഴിലാളികൾ |
കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2 ശതമാനത്തില്‍ നിന്നും 4.64 ശതമാനമായി. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായി പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ്. നെല്ലിന്റെ ഉത്പാദനക്ഷമത 4.56 ലക്ഷം ടണ്ണായി. പച്ചക്കറി ഉത്പാദനം ഇരട്ടിയിലധികമായി. പൊതുസേവനങ്ങൾ ശക്തിപ്പെടുത്തി. 9 വര്‍ഷംകൊണ്ട് 3 ലക്ഷം നിയമനങ്ങള്‍ നടത്തി. 40,000 തസ്തികകള്‍ സൃഷ്ടിച്ചു. സേവനങ്ങള്‍ ഓണ്‍ലൈനായി. ഇങ്ങനെ, വ്യക്തമായ ലക്ഷ്യം മുമ്പോട്ടുവെച്ച് കേരളത്തിന്റെ വികസന – ക്ഷേമ പദ്ധതികള്‍ക്കു രൂപംകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
നവകേരളം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം പോര. അതില്‍ ജനങ്ങളുടെ പൂര്‍ണമായ സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതുണ്ട്. നവകേരള കര്‍മ്മ പദ്ധതിയുടെ കാഴ്ചപ്പാട് മുഴുവന്‍ പൗരരിലും ശരിയായ വിധത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇത് പൂര്‍ണതയിലെത്തിക്കാനാവൂ. അതോടൊപ്പം, വികസനം എത്താത്ത മേഖലകളും ജനവിഭാഗങ്ങളും ഉണ്ടാവാം. അര്‍ഹതയുണ്ടായിട്ടും ക്ഷേമ പദ്ധതികളുടെ സംരക്ഷണം ലഭിക്കാതെ പോയവരുമുണ്ടാവാം. ഇതെല്ലാം കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നമുക്കു ലക്ഷ്യം നേടാന്‍ കഴിയൂ.
വികസന പദ്ധതികള്‍ക്കു സര്‍ക്കാര്‍ രൂപംകൊടുക്കുന്നത് ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയും ജനങ്ങളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുമാണ്. അതിന്റെ ഭാഗമായാണ് 140 മണ്ഡലങ്ങളിലും മന്ത്രിസഭയപ്പാടെ പങ്കെടുത്തുകൊണ്ട് നവകേരള സദസ്സുകള്‍ സംഘടിപ്പിച്ചത്. ജനലക്ഷങ്ങളാണ് ഈ പരിപാടികളില്‍ അണിനിരന്നത്. ജനങ്ങള്‍ മുമ്പോട്ടുവെച്ച ആശയങ്ങളും അഭിലാഷങ്ങളും സൂക്ഷ്മമായി പഠിച്ചാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്കു രൂപംകൊടുത്തത്. ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും മേഖലാടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിച്ച് ജനകീയ പ്രശ്നങ്ങളിലുള്ള ഭരണനടപടികള്‍ വിലയിരുത്തുന്നതിനും അങ്ങനെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സാധിച്ചു.
വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുംവിധം ‘സി എം വിത്ത് മി’ എന്ന പരിപാടി സര്‍ക്കാര്‍ ആരംഭിച്ചു. തീരദേശ – മലയോര മേഖലകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി പ്രത്യേക സമ്മേളനങ്ങള്‍ മന്ത്രിമാര്‍ പങ്കെടുത്തു നടത്തുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു.
പ്രവാസികള്‍, വ്യവസായികള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കൃഷിക്കാര്‍, യുവജനങ്ങള്‍, മഹിളകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് അവരുടെ അഭിപ്രായങ്ങള്‍ക്കു പ്രായോഗിക രൂപംകൊടുക്കുകയും ചെയ്തു. അതാണു ജനപക്ഷ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട്. ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് വികസന – ക്ഷേമ പദ്ധതികള്‍ക്കു രൂപം കൊടുക്കുകയും അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയും ചെയ്യുക എന്നത് നവകേരള ലക്ഷ്യം കൈവരിക്കലില്‍ സുപ്രധാനമാണ്. അതുറപ്പാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പൊതുസമൂഹം വമ്പിച്ച പിന്തുണ നല്‍കുന്നതിന് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും എന്ന കാര്യത്തിൽ സംശയമില്ല. l



