സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി ദേശീയതലത്തിൽ കഴിഞ്ഞ നാല് തവണയായി ഒന്നാം സ്ഥാനത്ത് തന്നെയാണ് കേരളം. ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത്.
വികസനത്തിന്റെ നല്ലൊരു പങ്കും നടക്കുന്നത് താഴെ ത്തട്ടില്‍ ആണ് എന്നതിനാല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പല സൂചകങ്ങളും താഴെത്തട്ടിൽ എങ്ങനെ ഉപയോഗിക്കണം എന്നത് രാജ്യത്തിന് കാട്ടിയത് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളാണ്. പ്രാദേശിക ആസൂത്രണം ലക്ഷ്യാധിഷ്ഠിതമാക്കുന്നതിന് സഹായകരമായ രീതിയിൽ സുസ്ഥിര വികസന ലക്ഷ്യ ചട്ടക്കൂട് ഉപയോഗിക്കാൻ കഴിയും എന്നുള്ള തിരിച്ചറിവാണ് കിലയേയും കേരളത്തെയും വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണത്തിലേക്ക് നയിച്ചത്. രാജ്യത്തിന് മാതൃകയാകുന്ന രീതിയിലാണ് നമ്മുടെ പ്രവർത്തനങ്ങള്‍ എന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയുണ്ടായി.
ഒരു ദിവസം കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്ന സംസ്ഥാനമല്ല കേരളം. കഴിഞ്ഞ 70 വർഷമായി കേരളം സ്വീകരിച്ച വികസന സമീപനത്തിന്റെ ഫലമായാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. കേരള സംസ്ഥാനം രൂപീകൃതമായ 1956 ല്‍ സംസ്ഥാനത്തിന്റെ വികസനനില മറ്റു മിക്ക സംസ്ഥാനങ്ങളെക്കാള്‍ മോശമായിരുന്നു. 1957ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഒന്നാം കേരള സർക്കാർ മുമ്പോട്ടുവച്ച വികസന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ വികസനം മുന്നോട്ടു കുതിച്ചത്. വളരെ അടിസ്ഥാനപരമായ മാറ്റങ്ങൾ, നടപടികൾ ഇവയെല്ലാം ചേർന്നതാണ് കേരളത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.
ഭൂപരിഷ്കരണം മുതൽ ജനപക്ഷസമീപനത്തിലൂന്നിയ നിരവധി നിയമനിർമാണങ്ങളും നിരവധി ജനക്ഷേമത്തിനായുള്ള പരിപാടികളും ഇക്കാലമത്രയും തുടർന്നു വന്നു എന്നതാണ് പ്രത്യേകത. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യ രംഗത്തും ഇതര മേഖലകളിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. സാക്ഷരതയും കുടുംബശ്രീയും ജനകീയാസൂത്രണവും എല്ലാം ഈ മുന്നോട്ടുള്ള കുതിപ്പിന് സഹായകരമായി. ഏറ്റവും അവസാനം, പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 ല്‍ ഭരണത്തിലേറിയ സര്‍ക്കാര്‍ നവകേരള കർമ്മ പരിപാടി ആരംഭിക്കുകയും പുതിയ കേരള സൃഷ്ടിക്കായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കുകയും ചെയ്തു. നവകേരളത്തിനായി ജനകീയാസൂത്രണം പുനരാവിഷ്കരിക്കപ്പെട്ടു. ഭരണത്തുടര്‍ച്ച നല്‍കിയ അവസരം ഈ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ സുസ്ഥിരമാക്കാനും പൂര്‍ണതയിലെത്താനും സഹായിച്ചു. നവകേരളത്തിനായി ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെയും എല്ലാ വിഭാഗങ്ങളെയും സ്പർശിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്നുവരുന്നത്. ഇതെല്ലാം ചേർന്നാണ് സുസ്ഥിര വികസനലക്ഷ്യങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള പല മേഖലകളിലും മാറ്റത്തിന്റെ വെള്ളിവെളിച്ചം തെളിച്ചത്.
ആദ്യഘട്ടത്തിൽ ചേലക്കര, നെല്ലനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി അനുയോജ്യമായ സൂചകങ്ങളും അവയുടെ നിര്‍വചനങ്ങളും കണ്ടെത്തി അത് എത്രമാത്രം പ്രായോഗികമാണെന്ന് മനസ്സിലാക്കി ലോക്കൽ ഇൻഡിക്കേറ്റർ ഫ്രെയിംവര്‍ക്ക് വികസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഡാഷ് ബോർഡും തയ്യാർ ചെയ്തു. ഇത് കിലയുമായി ചേർന്ന് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ചിട്ടപ്പെടുത്തിയത്. പ്രാദേശിക ആസൂത്രണത്തിനു സഹായകരമാണ് എന്നു കണ്ടെത്തി, ലക്ഷ്യാധിഷ്ടിത വികസനത്തിന് ഇവ ഏറെ ഉപയോഗപ്രദമാണ് എന്നു തെളിയിച്ചത് അവയാണ്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഈ പ്രക്രിയ ഏറ്റെടുത്തത്. എണ്ണങ്ങൾക്കോ അക്കങ്ങൾക്കോ അപ്പുറം വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് ലോക്കൽ ഇൻഡിക്കേറ്റർ ഫ്രെയിം വര്‍ക്ക് തയ്യാറാക്കപ്പെട്ടത്. 17 ലക്ഷ്യങ്ങൾക്ക് പകരം അവയെ 9 വിഷയങ്ങൾ എന്ന രീതിയില്‍ ചിട്ടപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ സൂചകങ്ങൾ പുനരാവിഷ്കരിക്കപ്പെട്ടു. അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്നു. പിന്നീട് അവ പഞ്ചായത്ത് ഡെവലപ്മെന്റ് ഇൻഡക്സ് എന്ന നിലയിലേക്ക് പഞ്ചായത്തുകളുടെ വികസനത്തെ നോക്കിക്കാണാവുന്ന രീതിയിലേക്ക് ആവിഷ്കരിക്കപ്പെട്ടു. തുടർന്ന് പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് എന്ന പേരില്‍ എങ്ങനെയാണ് പഞ്ചായത്തുകൾ മുമ്പോട്ടു പോകുന്നത് എന്ന് അറിയാൻ കഴിയുന്ന രീതിയിലേക്ക് ചിട്ടപ്പെടുത്തി.
കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഇത് ഏറ്റെടുത്തു. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണത്തിലും പ്രവർത്തനത്തിലും എല്ലാം തന്നെ ലക്ഷ്യാധിഷ്ടിതമായി പ്രവർത്തനങ്ങൾ ആവിഷ്കരിക്കപ്പെട്ടത് ഈ സൂചിപ്പിച്ച പ്രാദേശികവൽക്കരണത്തിന്റെ അടിസ്ഥാനത്തിലാണ്. അവ ഇന്ന് രാജ്യത്തിനു മാതൃകയാണ്. ദേശീയ തലത്തില്‍ ഇതിനകം തന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടു നിരവധി അവാര്‍ഡുകളാണ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ നേടിയത്. 2023-–24 വരെ 19 ഗ്രാമ പഞ്ചായത്തുകളാണ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണത്തിന്റെ ഭാഗമായി ഒന്‍പതു വിഷയങ്ങളായാണ് ലക്ഷ്യങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒന്നാമത്തേത് ദാരിദ്ര്യരഹിത ഗ്രാമം ആണ്. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ ഇതില്‍ ഏറെ മുന്നിലായി എന്നതിന് അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ അവര്‍ വഹിച്ച പങ്കുമാത്രം പരിശോധിച്ചാല്‍ മതി. എല്ലാ പഞ്ചായത്തുകളും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിര്‍ണ്ണായകമായ പങ്കാണല്ലോ വഹിച്ചത്. അതോടൊപ്പം കേവലദാരിദ്ര്യ നിർമാര്‍ജനത്തിലും ഒട്ടേറെ പരിപാടികളാണ് കുടുംബശ്രീക്കൊപ്പം അവര്‍ നടത്തി വരുന്നത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കേരളത്തിലെ കേവല ദാരിദ്ര്യം തുടച്ചുനീക്കാം എന്ന ലക്ഷ്യത്തിനു ആത്മവിശ്വാസം തരുന്നതും ഇങ്ങനെ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്.
ആരോഗ്യ ഗ്രാമമാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിലും കേരളത്തിലെ പഞ്ചായത്തുകള്‍ മുന്‍പന്തിയില്‍ തന്നെയാണ്. വയനാടിലെ നൂൽല്പുഴ പോലെ അതിവിശിഷ്ടമായ നിലയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കില്‍ സംസ്ഥാനത്തെ ഓരോ ഗ്രാമ പഞ്ചായത്തുകളും ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നാടത്തിയത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ആരോഗ്യ ഗ്രാമമെന്ന ലക്ഷ്യത്തില്‍ ഉയര്‍ന്ന നിലയാണ് സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കേരള ഗ്രാമപഞ്ചായത്തുകള്‍ നിലനിർത്തി വരുന്നത്. നവകേരള കര്‍മപരിപാടിയുടെ ഭാഗമായുള്ള ആര്‍ദ്രം ദൗത്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ചുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ഈ നില കൈവരിക്കാന്‍ സഹായകമായത്.
ബാലസൗഹൃദ പഞ്ചായത്തുകളാണ് മൂന്നാമത്തെ ലക്ഷ്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിലും കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. ബാലസൗഹൃദ പഞ്ചായത്തുകള്‍ എന്ന ആശയം തന്നെ വികസിപ്പിച്ചെടുക്കുന്നതില്‍ നമ്മുടെ പഞ്ചായത്തുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ ഈ സുസ്ഥിര വികസന ലക്ഷ്യ വിഷയത്തിലും നമ്മുടെ പഞ്ചായത്തുകള്‍ രാജ്യത്ത് ഏറെ മുന്നിലാണ്. പുന്നപ്ര തെക്ക്, ചേമഞ്ചേരി, വീയപുരം തുടങ്ങിയ പഞ്ചായത്തുകള്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയതും ഈ വിഷയത്തിലാണ്. ഇതിലും സംസ്ഥാനത്തെ ഏതാണ്ട് അറുപതോളം വകുപ്പുകളും ഏജന്‍സികളും ആവിഷ്-കരിച്ച വിവിധ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മെ മുന്‍പന്തിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ തന്നെയാണ് വിദ്യാഭ്യാസവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ സൂചകങ്ങളിലും കേരളത്തിലെ എല്ലാ പഞ്ചായത്തുകളും മുന്‍പന്തിയിലാണ്. ഇവിടെയും നവകേരളം കര്‍മപരിപാടിയുടെ ഭാഗമായ വിദ്യാകിരണം ദൗത്യം നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും സംയോജിപ്പിച്ച് മുന്നേറാനായി എന്നതാണ് പഞ്ചായത്തുകളുടെ വിജയം.
ജലപര്യാപ്ത ഗ്രാമം എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയാസൂത്രണം ആരംഭിക്കുമ്പോള്‍ തന്നെ നമ്മുടെ പഞ്ചായത്തുകള്‍ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലായി സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചകങ്ങളിലൂടെ പരിശോധിക്കുമ്പോള്‍ വലിയ മുന്നേറ്റമാണ് നടന്നത്. പലപ്പോഴും ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന സൂചകങ്ങള്‍ നമുക്ക് അനുയോജ്യമല്ല എന്ന സ്ഥിതിയുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തില്‍ കേരളം കിണര്‍ വെള്ളമാണ് പൊതുവേ ഊന്നുന്നതെങ്കില്‍ ദേശീയ സൂചകത്തില്‍ പൈപ്പിന്റെ എണ്ണമാണ് കണക്കാക്കുന്നത്. കേരളത്തില്‍ കുഴല്‍ കിണറും ഭൂഗര്‍ഭ ജല സ്രോതസ്സും പ്രധാനമല്ല. എന്നാല്‍ കേന്ദ്ര സൂചകം അതിലാണ് ഊന്നല്‍ നല്‍കുന്നത്. ഇവയും മറികടന്നുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് പഞ്ചായത്തുകള്‍ നീങ്ങുന്നത്. ജലപര്യാപ്തയിൽ പുല്ലംപാറ ഗ്രാമ പഞ്ചായത്ത് ദേശീയതലത്തില്‍ പുരസ്കാരം നേടിയതിൽ നമുക്ക് ഏറെ അഭിമാനിക്കാം.
ശുചിത്വമുള്ള ഹരിതാഭമായ ഗ്രാമം ആണ് അടുത്ത ലക്ഷ്യം. മാലിന്യമുക്തം നവകേരളവും ഹരിതകേരളം ദൗത്യവും താഴെത്തട്ടില്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതില്‍ വിജയം കൈവരിച്ചവരാണ് നമ്മുടെ പഞ്ചായത്തുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂചകങ്ങളില്‍ ഒതുങ്ങുകയില്ല. ഹരിത കര്‍മസേനയും ഹരിതമിത്രം ആപ്പും ക്ലീന്‍ കേരള കമ്പനിയും എല്ലാം ദേശീയതല മാതൃകയായത് കേരളത്തിലെ പഞ്ചായത്തുകളുടെ ലക്ഷ്യാധിഷ്ടിതമായ ഇടപെടലുകളിലൂടെയാണ്. കേരളത്തിലെമ്പാടുമുള്ള പച്ചത്തുരുത്തുകളും നിരവധി പഞ്ചായത്തുകള്‍ ആംഭിച്ച നെറ്റ് സീറോ കാര്‍ബണ്‍ പരിപാടികളും കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പ്രാദേശിക കര്‍മ്മ പദ്ധതിയും പ്രാദേശിക ദുരന്തനിവാരണ പദ്ധതിയും എല്ലാം നൂതനങ്ങളായ ഇടപെടലുകളാണ്, ശുചിത്വമുള്ള ഹരിതാഭമായ ഗ്രാമമെന്ന ലക്ഷ്യത്തിനായുള്ള വഴികളാണ്. ഇതില്‍ ദേശീയശ്രദ്ധയാകര്‍ഷിച്ച പഞ്ചായത്താണ് പെരിഞ്ഞനം. സോളാര്‍ ഗ്രാമം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തി പുരസ്കാരം നേടിയത്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കാനും സഹായിക്കുവാനും സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളും ദൗത്യങ്ങളും ഇതര ഏജന്‍സികളും ഒപ്പമുണ്ടാകുമ്പോള്‍ ലക്ഷ്യങ്ങള്‍ നേടുക അസാധ്യമല്ല എന്നാണു തെളിയിക്കപ്പെടുന്നത്. ഒട്ടേറെ ഉദാഹരണങ്ങളാണ് ഈ രംഗത്ത് ഉയര്‍ന്നുവന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച പായവും കതിരൂരും എല്ലാം ഈ ഉദാഹരണങ്ങളില്‍ പെടും. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ മാതൃകയായ മീനങ്ങാടിയും കാലാവസ്ഥയെയും ദുരന്തത്തെയും നേരിടാന്‍ പ്രവര്‍ത്തിച്ച വലിയപറമ്പയും അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു.
നിരവധി സൂചകങ്ങള്‍ അടങ്ങിയതാണ് സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഗ്രാമം എന്ന സുസ്ഥിര വികസന ലക്ഷ്യം. ദേശീയ തലത്തില്‍ സൂചിപ്പിച്ചിട്ടുള്ള സൂചകങ്ങള്‍പ്പുറമാണ് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം. നമ്മുടെ പഞ്ചായത്തുകളും അവയുടെ എല്ലാ പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഏറെ മുന്നോട്ടു പോയി. ഇക്കാലയളവില്‍ റോഡുകളും പാലങ്ങളും കലുങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമെ ല്ലാം എത്രമാത്രം വികസിച്ചു എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇവിടെയും സംസ്ഥാന സർക്കാരും കിഫ്ബി അടക്കമുള്ള വിവിധ ഏജന്‍സികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നതിന്റെ നേട്ടമാണ് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നത്.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നേടിയ നേട്ടത്തിന്റെ പിന്നിലും സാമൂഹ്യ സുരക്ഷക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. അരിമ്പൂര്‍ പോലെയുള്ള പഞ്ചായത്തുകളിലെ വയോ സൗഹൃദ ഗ്രാമ പ്രവര്‍ത്തനങ്ങള്‍, സാന്ത്വന ചികിത്സയിലെ കേരള പഞ്ചായത്ത് മാതൃക, ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, ബഡ്സ് സ്കൂള്‍, തുടര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള കേരളത്തിലെ പഞ്ചായത്തുകളുടെ യാത്രയിലെ പ്രധാനപ്പെട്ട ഇടപെടലുകളാണ്. സൂചകങ്ങള്‍ക്കപ്പുറമാണിത്. ബേദഡുക്ക ഗ്രാമ പഞ്ചായത്തിലെ ഇത്തരം ഇടപെടലുകള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട്- തൊഴില്‍ നേടിക്കൊടുക്കാനുള്ള പഞ്ചായത്ത് സംരംഭം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.
| കേരളത്തിന്റെ സുസ്ഥിര വികസന നേട്ടങ്ങൾ ♦ 2023–-24 ലെ ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യം (SDG) സൂചികയിൽ കേരളം 79 സ്കോറുമായി രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ നാല് വർഷങ്ങളിൽ (2023-24, 2020-21, 2019-20, 2018) SDG സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി.♦ മാനവ വികസന സൂചികയിൽ 7.5 പോയിന്റോടെ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. വികസിത രാജ്യങ്ങൾക്ക് ഒപ്പമാണ് കേരളം. ♦ ‘പട്ടിണിയില്ലായ്മ’ എന്ന SDG 2 ൽ 84 സ്കോറുമായി കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ♦ ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന സുസ്ഥിര വികസന ലക്ഷ്യത്തിൽ 82 സ്കോറുമായി കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ♦ ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന SDGയിൽ 80 സ്കോറുമായി കേരളം ഇന്ത്യയിൽ മുൻനിരയിൽ. ♦ ഊർജ്ജം, ശുദ്ധജലം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ അസമത്വം, കാലാവസ്ഥാ പ്രവർത്തനങ്ങൾ തുടങ്ങിയ മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കേരളം രാജ്യത്ത് മുൻപന്തിയിൽ. |
ലിംഗനീതി രംഗത്തും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീകരണ രംഗത്തും ലിംഗനീതി ഉറപ്പാക്കുന്നതിലും ഏറെ ഫലപ്രദമാണ്.
മറ്റൊരു ലക്ഷ്യം സദ്ഭരണമാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളില്‍ ഈ രംഗത്ത് വലിയ മാറ്റമാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടായത്. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഇന്ന് ISO സര്‍ട്ടിഫിക്കറ്റ് നേടിയവയാണ്. ഓണ്‍ലൈന്‍ സേവനം ഏര്‍പ്പെടുത്തിയതോടെ ഉണ്ടായ മാറ്റം പ്രകടമാണ്. വാതില്‍പ്പടി സേവനങ്ങളടക്കമുള്ള സേവനപ്രദാന സംവിധാനങ്ങള്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേകതയാണ്. ഇവയെല്ലാം ആഗോളതലത്തിലും ദേശീയതലത്തിലും ഏര്‍പ്പെടുത്തിയിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചകങ്ങളിലേക്ക് നമ്മെ അടുപ്പിക്കുകയാണ്.
മേൽ സൂചിപ്പിച്ച ഒന്‍പതു സുസ്ഥിര വികസന ലക്ഷ്യ വിഷയ മേഖലകളിലും നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേട്ടം കൊയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം സൂചിപ്പിച്ചതുപോലെ കേരളത്തിന്റെ വികസനപാത നമ്മള്‍ തിരഞ്ഞെടുത്തതാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായവും സാങ്കേതിക സഹായവും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ദൗത്യങ്ങളും വകുപ്പുകളും ഒത്തുചേരുന്നതും കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനു പ്രയോജനമാകുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സമീപനമാണിത്. 2016 ല്‍ തുടക്കമിട്ട നവകേരളം എന്ന വിശാലമായ ലക്ഷ്യവും പിന്നീട് പുനരാവിഷ്കരിച്ച നവകേരളത്തിനായി ജനകീയാസൂത്രണവും എല്ലാം കഴിഞ്ഞ ഒന്പതിലേറെ വര്‍ഷങ്ങളായി തുടരാന്‍ കഴിഞ്ഞതാണ് ഈ പ്രവര്‍ത്തനങ്ങളെ സുസ്ഥിരമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിച്ചത്.
ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതായുണ്ട്. നവകേരള സൃഷ്ടിയില്‍ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ചുള്ള പഞ്ചായത്തുകളുടെ ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാകും. ഇടതുജനാധിപത്യ മുന്നണി ഇതിനകം പ്രഖ്യാപിച്ച പ്രകടന പത്രികയിലെ ലക്ഷ്യങ്ങളെല്ലാം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇതുവരെയുള്ള സുസ്ഥിര വികസന ലക്ഷ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ പഞ്ചായത്തുകള്‍ തെളിയിച്ചിട്ടുണ്ട്. ആ വികസനത്തുടര്‍ച്ചയിലൂടെ മാത്രമേ ഇതുവരെ ഉണ്ടായ നേട്ടങ്ങളെ നിലനിര്‍ത്തി പുത്തന്‍ പടവുകള്‍ താണ്ടി താഴെത്തട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും കൂടി ചേര്‍ന്ന് സുസ്ഥിര വികസനം എന്ന ലക്ഷ്യം പൂർണമായും നേടാനാവൂ. l
| ലോകത്തിനു മാതൃകയായി കേരളത്തിലെ ആരോഗ്യരംഗം
♦ കേരളത്തിലെ ശിശുമരണ നിരക്ക് (ആയിരത്തിന് അഞ്ച്) അമേരിക്കയിലേതിനേക്കാളും കുറവെന്ന് റിപ്പോർട്ട്. ഈ സർക്കാരിന്റെ കാലത്ത് 4 മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭ്യമായത്. (പത്തനംതിട്ട -കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്). ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്‌സിംഗ് കോളേജും യാഥാർത്ഥ്യമായി. ♦ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമത്. ദേശീയ നിതി ആയോഗ് സൂചികയിൽ മുന്നേറ്റം. ഏറ്റവും കുറവ് മാതൃ, ശിശുമരണനിരക്കുള്ള സംസ്ഥാനം. സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറി. ♦ മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം സെന്റർ ഓഫ് എക്‌സലൻസ്. രാജ്യത്തെ 8 ആശു പത്രികളിലൊന്നായി അപൂർവ നേട്ടം. എസ്.എ.ടി. ആശുപത്രി സെൻ്റർ ഓഫ് എക്‌സലൻസ്. രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നായി അപൂർവ നേട്ടം. ♦ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനെ ഇ ഓഫീസാക്കി. ♦ ഓൺലൈൻ ഒപി ടിക്കറ്റ് യാഥാർത്ഥ്യമാക്കി; പേപ്പർ രഹിത ആശുപത്രി സേവനങ്ങൾ യാഥാർത്ഥ്യമാക്കി. എം- ഇ–ഹെൽത്ത് മൊബൈൽ ആപ്പ്. ♦ ഇ സഞ്ജീവനി സേവനം ശക്തിപ്പെടുത്തി. സ്പെഷ്യാലിറ്റി സേവനങ്ങൾ അനുവദിച്ചു. ♦ സർക്കാർ മേഖലയിൽ 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നു ♦ ആശുപത്രികൾ ജനസൗഹൃദമാക്കാനും ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കാനുമായി നവകേരളം കർമ്മ പദ്ധതി –ആർദ്രം മിഷൻ –2 എന്നിവവഴി 10 പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. |
| പൊതുവിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ മുന്നേറ്റം
♦ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യ മേഖലയിൽ അയ്യായിരത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. കിഫ്ബി വഴി 2,600 കോടി രൂപ നിക്ഷേപിച്ച് 973 കെട്ടിടങ്ങൾ ക്ക് അനുമതി നൽകി. ഇതിൽ 550 എണ്ണം പൂർത്തീകരിച്ചു. 423 കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കു കയാണ്. ♦ അമ്പതിനായിരത്തിലധികം ഹൈടെക് ക്ലാസ്സ് മുറികൾ. കൂടാതെ ട്വിങ്കറിംഗ് ലാബുകളും റോബോട്ടിക്സ്ലാ ബുകളും സ്കൂളുകളിൽ സ്ഥാപിച്ചു. നിർമ്മിത ബുദ്ധി സംബന്ധിച്ച് അധ്യാപകർക്ക് പരിശീലനം നൽകുക യും നിർമ്മിതബുദ്ധി (എ.ഐ.) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ♦ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസ്സിൽ സബ്‌ജക്ട് മിനിമം നടപ്പിലാക്കി. ♦ സർക്കാർ എയിഡഡ് മേഖലകളിലായി 43,637 നിയമനങ്ങൾ നടന്നു. അതിൽ 18,882 നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തി. ♦ ഇന്ത്യയിൽ ആദ്യമായി ഒളിമ്പിക്സ‌് മാതൃകയിൽ കായികമേള സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അർഹി ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അത് ഇൻക്ലൂസീവ് മേളകളാക്കി മാറ്റി. ♦ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകി വരുന്നു. കാലികമായ ആവശ്യങ്ങൾ പരിഗണിച്ച് സ്കൂൾ ഭക്ഷണ മെനു പരിഷ്കരിച്ചു. ♦ കേന്ദ്ര സർക്കാരിന്റെ ദേശീയ പഠനനേട്ട സർവ്വേയിൽ (നാസ് – പരാഗ്) ഗ്രേഡ് 3 യിൽ മൂന്നാം സ്ഥാനത്തും ഗ്രേഡ് 6 ൽ ഒന്നാം സ്ഥാനത്തും ഗ്രേഡ് 9 ൽ രണ്ടാം സ്ഥാനത്തുമായി കേരളം ദേശീയ തലത്തിൽ പഞ്ചാബിന് തൊട്ടുപിന്നിൽ രണ്ടാമതെത്തി. ♦ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ‌് ഫോർ ഡിസ്ട്രിക്ട്സിൽ കേരളത്തിലെ നാല് ജില്ലകൾ പ്രഥമ ശ്രേണി യിലും ബാക്കി ജില്ലകൾ തൊട്ടടുത്ത ശ്രേണിയിലും ഇടംപിടിച്ചു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഏറെ മുന്നിലാണ്. |
| ഉന്നത വിദ്യാഭ്യാസരംഗം ഉയരങ്ങളിലേക്ക്
♦ കേരളത്തിലെ സർവകലാശാലകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ 2024-–25 അധ്യയന വർഷം മുതൽ ആരംഭിച്ചു. ഫലപ്രാപ്തിയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം(Outcome Based Education) പിന്തുടരുന്ന നാലു വർഷ ബിരുദ പ്രോഗ്രാം പാഠ്യപദ്ധതിയിൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ അധ്യയന രീതികളും ഉപയോഗിക്കപ്പെടുന്നു. ♦ Kerala Resources For Education Administration Planning പദ്ധതി (K-–REAP) ആരംഭിച്ചു. കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ വിവരശേഖരണ പദ്ധതിയുടെ ഭാഗമായി ഡിജിറ്റലായി സൂക്ഷിക്കുന്നു. ♦ തലസ്ഥാനത്ത് 50 ഏക്കറിൽ ആയിരം കോടി രൂപ ചെലവിലാണ് എ പി ജെ അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവകലാശാലക്ക് ആസ്ഥാന മന്ദിരമൊരുങ്ങുന്നത്. ♦ സംസ്ഥാനത്തെ ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്തു കോടി രൂപ. ♦ വിജ്ഞാനകേരളം – നൈപുണ്യപരിശീലന പരിപാടി വിദ്യാർത്ഥികളെ തൊഴിൽ നിപുണരാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പും കെ- ഡിസ്‌കുമായി ചേർന്ന് വിജ്ഞാനകേരളം പദ്ധതി ആരംഭിച്ചു. ♦ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 441 അധ്യാപക നിയമനങ്ങളും 511 അനധ്യാപക- സാങ്കേതിക വിഭാഗം നിയമനങ്ങളും. പുതുതായി 103 അധ്യാപക തസ്‌തികകളും 60 അനധ്യാപക-സാങ്കേതിക തസ്തികകളും സൃഷ്ടിച്ചു. ♦ സംസ്ഥാനത്ത് രണ്ടു സർവ്വകലാശാലകൾക്ക് NAAC അംഗീകാര പരിശോധനയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ A++ ലഭിച്ചിട്ടുണ്ട്. A+ ലഭിച്ചത് മൂന്നു സർവകലാശാലകൾക്കാണ്. ആകെ ആറു സർവകലാശാലകൾ. ♦ ആഗോള റാങ്കിങ് സംവിധാനമായ QS (Quacquarelli Symonds) റാങ്കിങ്ങിന്റെ World University Rankings Asia 2025ൽ കേരള സർവ്വകലാശാല 339–ാം സ്ഥാനം നേടി. പട്ടികജാതി – പട്ടികവർഗ ഉന്നമനത്തിനായി എൽഡിഎഫ്. ♦ ഇന്ത്യയിലെ 16.6% വരുന്ന പട്ടികജാതി വിഭാഗത്തിന് കേന്ദ്രസർക്കാർ പദ്ധതികൾക്കായി ബജറ്റിൽ 3.4% തു കയും 9% വരുന്ന പട്ടികവർഗ്ഗ വിഭാഗത്തിന് 2.9% തുകയും മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ കേരളം ജനസംഖ്യാനുപാതത്തേക്കാൾ ഉയർന്ന നിരക്കിലാണ് ബജറ്റിൽ തുക വകയിരുത്തിയത്. കേരള ത്തിൽ പട്ടികജാതി വിഭാഗം 9.1%വും പട്ടികവർഗ്ഗ വിഭാഗം 1.45%വും ആണെങ്കിലും, യഥാക്രമം വാർഷിക പദ്ധതിയുടെ 9.81%, 2.89% വരുന്ന തുക ഈ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ 4 വർഷത്തെ ബജറ്റിലും സംസ്ഥാന സർക്കാർ വകയിരുത്തി. ♦ പതിറ്റാണ്ടുകളായി ദു:സൂചനകളോടെ വിളിച്ചിരുന്ന ‘കോളനി’ എന്ന പേര് തന്നെ രേഖകളിൽ നിന്നെല്ലാം ഒഴിവാക്കി ഉന്നതി/നഗർ തുടങ്ങിയ പേരുകൾ നൽകി. ♦ 6 ലക്ഷം പട്ടികവിഭാഗം വിദ്യാർത്ഥികൾക്കാണ് നിലവിൽ വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നത്. ♦ ഭവന നിർമ്മാണത്തിനായി 9 വർഷത്തിനുള്ളിൽ 33058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമിയാണ് നൽകിയത്. ♦ പട്ടികവർഗക്കാർക്ക് ഭൂമി നൽകാനായി ലാൻ്റ് ബാങ്ക് പദ്ധതി, നിക്ഷിപ്‌ത വനഭൂമി വിതരണം, വനാവകാശ നി യമം തുടങ്ങിയവ നടപ്പാക്കി വരുന്നു. കഴിഞ്ഞ 9 വർഷം കൊണ്ട് 8919 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 8573.54 ഏക്കർ ഭൂമി വിതരണം ചെയ്തു. ♦ 29,139 പട്ടികവർഗ്ഗ കുടുംബങ്ങളുടെ 38581 ഏക്കർ ഭൂമിക്ക് വനാവകാശ പട്ടയം നൽകി. |



