കേരള വികസന മാതൃക കേരളത്തിലെ ജനങ്ങളുടെ നിര്‍മിതിയാണ്. കേരളത്തിലെ ജനങ്ങള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരള വികസന മാതൃക രൂപപ്പെട്ടത്. എന്നാല്‍ കേരളത്തിലെ സവിശേഷമായ വികസന അനുഭവങ്ങളെ വിലയിരുത്തി അതിനെ ഒരു മാതൃകയായി അവതരിപ്പിച്ചതും നിര്‍വചിച്ചതും സിദ്ധാന്തവല്‍ക്കരിച്ചതും സാമൂഹ്യശാസ്ത്രകാരരാണ്. കേരളത്തിന്റെ വികസനാനുഭവങ്ങളെ പഠിക്കാനും നിര്‍വചിക്കാനും സിദ്ധാന്തവല്‍ക്കരിക്കാനും നോബല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍ അടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കേരള വികസന മാതൃകയെ കൂടുതല്‍ മനസ്സിലാക്കുന്നതിനും പോരായ്മകള്‍ തിരുത്തുന്നതിനും മേല്‍പ്പറഞ്ഞ സാമൂഹ്യശാസ്ത്രകാരരുടെ സംഭാവനകള്‍ സഹായകരമായിട്ടുണ്ട്. ആ നിലയ്ക്കു നോക്കിയാല്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനങ്ങളുടെ വിവിധങ്ങളായ കൂട്ടായ്മകളും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ആവശ്യമെങ്കില്‍ വിമര്‍ശിക്കുന്നതിനും സാമൂഹ്യശാസ്ത്രകാരരും രാഷ്ട്രീയ നിരീക്ഷകരും മുന്നോട്ടുവരുന്നതില്‍ തെറ്റു കാണാനാകില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും പോരായ്മകള്‍ കണ്ടെത്താനും തിരുത്താനും അത്തരം പഠനങ്ങള്‍ സഹായകരമാകും. യഥാര്‍ത്ഥത്തില്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഇത്തരം വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളുടെയും സ്വയംവിമര്‍ശനങ്ങളുടെയും കാര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങള്‍ ഒട്ടും പുറകിലായിരുന്നില്ല എന്നതും പ്രസ്താവ്യമാണ്. എന്നാല്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുകൂട്ടം സാമൂഹ്യശാസ്ത്രകാരര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിമര്‍ശനം മേല്‍പ്പറഞ്ഞ തരത്തില്‍ ക്രിയാത്മകമായിരുന്നോ എന്നത് പരിശോധിക്കപ്പെടണം. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ കണ്ണുമടച്ച് ആക്രമിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന പ്രസ്തുത രേഖയില്‍ പല പ്രമുഖരും ഒപ്പിട്ടു എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. കേരള സര്‍ക്കാരും പ്രാദേശിക ഗവണ്‍മെന്റുകളും ഈ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്ന സാമാന്യജനങ്ങളും എന്തോ വലിയ അപരാധം ചെയ്തു എന്നാണ് അവരുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ തോന്നുക. അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ ഒരു പ്രചാരണ അഭ്യാസമായി (പബ്ലിക് റിലേഷന്‍സ്) ചിത്രീകരിച്ചതിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല.
അളവുകോലുകളും
പ്രായോഗിക പ്രവര്‍ത്തനവും
ദാരിദ്ര്യം ഏറ്റവും കൂടുതല്‍ പഠിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. ദാരിദ്ര്യത്തെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ചരിത്രം അവകാശപ്പെടാനാകും. അടുത്തകാലത്ത് അസമത്വത്തെയും ദാരിദ്ര്യത്തെയും സംബന്ധിച്ച പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നു എന്നതും വസ്തുതയാണ്. ആഗോള രംഗത്തും രാജ്യത്തിനകത്തും ഈ വിഷയത്തില്‍ ഒട്ടേറെ പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ, ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ പണം ലഭ്യമാകുന്ന മേഖല എന്ന നിലയിലും അസമത്വത്തെയും ദാരിദ്ര്യത്തെയും കാണാവുന്നതാണ്. ദാരിദ്ര്യം എന്നത് ഏറ്റവും ആദായകരമായ ഒരു അക്കാദമിക് ബിസിനസായി മാറിയിരിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ദാരിദ്ര്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന പ്രമേയം ദാരിദ്ര്യത്തിന്റെ നിര്‍വചനമാണ്. ദാരിദ്ര്യത്തെ നിര്‍വചിക്കുക എന്നതും ദരിദ്രരുടെ എണ്ണം കൃത്യമായി കണക്കാക്കുക എന്നതും ഒട്ടും ലളിതമായ കാര്യങ്ങളല്ല. ഒട്ടേറെ വിദഗ്ധര്‍ പങ്കെടുക്കുന്ന, തലനാരിഴ കീറി പരിശോധിക്കുന്ന ചര്‍ച്ചകള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യത്തെ നിര്‍വചിക്കുന്നതിനെക്കാളും അതുപോലെ ദരിദ്രരുടെ എണ്ണം കണക്കാക്കുന്നതിനെക്കാളും വിഷമകരമാണ് ദരിദ്രരെ കണ്ടെത്തുകയെന്നത്. സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സാധാരണ ദരിദ്രരുടെ എണ്ണം സംബന്ധിച്ച മതിപ്പുകണക്കുകള്‍ തയ്യാറാക്കുക. ദരിദ്രരെ കണ്ടെത്തുന്നതിന് സാമ്പിള്‍ സര്‍വ്വേ മതിയാകില്ല. എല്ലാ കുടുംബങ്ങളേയും വ്യക്തികളേയും സമീപിച്ചുകൊണ്ടുള്ള പരിഗണന തന്നെ വേണ്ടിവരും. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടി കേരളത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ വിമര്‍ശനത്തിന്റെ കാതല്‍ അതിദാരിദ്ര്യത്തിന്റെ നിര്‍വ്വചനവും അതിദരിദ്രരുടെ എണ്ണം കണക്കാക്കലും സംബന്ധിച്ചതാണ്. ഇതു രണ്ടും സംബന്ധിച്ച് മുഖ്യധാരയില്‍ നിലനില്‍ക്കുന്ന ധാരണകളുയുമായി കേരളത്തിലെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്യാനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയും ദേശീയ ഏജന്‍സികളും ദാരിദ്ര്യത്തെയും അതിദാരിദ്ര്യത്തെയും നിര്‍വ്വചിക്കുന്ന രീതിയിലല്ല കേരള സര്‍ക്കാര്‍ അതിദാരിദ്ര്യത്തെ നിര്‍വ്വചിക്കുന്നത് എന്നതാണ് വിമര്‍ശകരുടെ പ്രധാന ആക്ഷേപം. അതിദരിദ്രരുടെ എണ്ണം കണക്കാക്കുന്നത് സംബന്ധിച്ചും സമാനമായ വിമര്‍ശനങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. വിദഗ്ധര്‍ അഭികാമ്യം എന്നു കരുതുന്ന സ്ഥിതിവിവര സര്‍വ്വേയുടെ അടിസ്ഥാനത്തിലല്ല അതിദാരിദ്ര്യത്തെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍വ്വചിച്ചിരിക്കുന്നത് എന്നതാണ് ആക്ഷേപം. ഇതു മാത്രമായിരുന്നു ആക്ഷേപമെങ്കില്‍ ഇത്ര കോലാഹമൊന്നും ആവശ്യമായിരുന്നില്ല എന്നതാണ് സത്യം. കാരണം സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഗവണ്‍മെന്റുകളും ചേര്‍ന്ന് നടപ്പിലാക്കിയ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ലക്ഷ്യം ലോകബാങ്കിനെയോ യു.എന്‍.ഡി.പിയെയോ മറ്റേതെങ്കിലും ദേശീയ-, സാര്‍വദേശീയ ഏജന്‍സികളെയോ ബോധ്യപ്പെടുത്തി അവര്‍ നല്‍കുന്ന എന്തെങ്കിലും തരത്തിലുള്ള സഹായം സ്വീകരിക്കുകയായിരുന്നില്ല.
നടന്നതിനെ വിലയിരുത്തണം
ഈ സന്ദര്‍ഭത്തിലാണ് കേരള വികസന മാതൃകയെ സംബന്ധിച്ച പഠനങ്ങളുടെ പ്രസക്തി വെളിവാകുന്നത്. വികസനവും ജീവിതഗുണമേന്മയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചു മുഖ്യധാരയില്‍ നിലനിന്നിരുന്ന ധാരണകളില്‍ നിന്നും സിദ്ധാന്തങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് കേരളത്തില്‍ ഉണ്ടായത് എന്നാണ് മുൻപ് വിദഗ്ധര്‍ കണ്ടെത്തിയത്. മുഖ്യധാരാ സിദ്ധാന്തങ്ങളില്‍ നിന്നും വ്യത്യസ്തമായ വികസനാനുഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിലെ മുന്നേറ്റത്തെ വിലകുറച്ചുകാണാനും ആക്ഷേപിക്കാനുമല്ല അമര്‍ത്യ സെന്നും കൂട്ടരും തയ്യാറായത്. കേരളം വ്യത്യസ്തവും അനുകരണീയവുമായ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു എന്നതായിരുന്നു അവരുടെ നിരീക്ഷണം. ആഭ്യന്തര ഉല്‍പാദനത്തില്‍ വലിയ വളര്‍ച്ച കൈവരിക്കുന്നതിനു മുന്‍പുതന്നെ ജനങ്ങളുടെ കൂട്ടായ ഇടപെടലിലൂടെയും പുനര്‍വിതരണനയങ്ങളിലൂടെയും ഉയര്‍ന്ന ജീവിത ഗുണമേന്മ നേടാന്‍ കഴിയും എന്ന് കേരളം തെളിയിച്ചതായി അവര്‍ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം കേരള വികസന മാതൃകയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും ഭാവിയില്‍ ഉയര്‍ന്നു വരാവുന്ന വെല്ലുവിളികളെക്കുറിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും അവര്‍ തയ്യാറായി. അത്തരത്തില്‍ വളരെ ക്രിയാത്മകം എന്നു വിശേഷിപ്പിക്കാവുന്ന ഒരു സമീപനമല്ല അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ വിദഗ്ദ്ധര്‍ സ്വീകരിച്ചത്.
യഥാര്‍ത്ഥത്തില്‍ വിദഗ്ദ്ധര്‍ ചെയ്യേണ്ടിയിരുന്നത് കേരളത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെ അതിന്റെ തനത് മേന്മയില്‍ അഥവാ മെറിറ്റില്‍ വിലയിരുത്തുകയായിരുന്നു. കവിത വായിക്കുന്നതിനുമുന്‍പ് തങ്ങള്‍ക്കു സ്വീകാര്യമായ വൃത്തത്തില്‍ ചമച്ചതല്ലെങ്കില്‍ വായിക്കാന്‍ പോകട്ടെ കേള്‍ക്കാന്‍പോലും തയ്യാറല്ല എന്ന സമീപനം അവർ സ്വീകരിക്കരുതായിരുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായിരുന്നു. ആദ്യത്തെ മന്ത്രിസഭാ തീരുമാനം മുതല്‍ എല്ലാ ഘട്ടങ്ങളിലും വേണ്ടവിധം പരസ്യപ്പെടുത്തിയാണ് നടപ്പിലാക്കിയത്. നാലരവര്‍ഷം തുടര്‍ച്ചയായി ജനങ്ങളും മാധ്യമങ്ങളും അറിഞ്ഞു നടപ്പിലാക്കിയ ഒരു ജനകീയ സംരംഭത്തെക്കുറിച്ച് ഇത്ര വൈകി മാത്രമേ വിദഗ്ധര്‍ അറിഞ്ഞുള്ളൂ എന്നതും അവിശ്വസനീയമാണ്. അതെന്തായാലും 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കി എന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ തര്‍ക്കം ഉന്നയിക്കും എന്ന് തോന്നുന്നില്ല. അവരെ ‘അതിദരിദ്രര്‍’ എന്നു വിളിക്കാമോ എന്നതാണ് തര്‍ക്കവിഷയം. അവരെ ‘അഗതികള്‍’ എന്നു മാത്രമേ തങ്ങള്‍ വിശേഷിപ്പിക്കൂ എന്നതാണ് നിലപാട്. അതിദരിദ്രരല്ല അവര്‍ കേവലം അഗതികളായിരുന്നു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചു എന്നു കരുതുക. അങ്ങനെയെങ്കില്‍ നാലരവര്‍ഷം കൊണ്ട് ഏറ്റെടുത്ത ഈ പരിപാടിയെ ഒരു പി.ആര്‍ ആഭാസമായി എങ്ങനെ ചിത്രീകരിക്കാനാവും? വിദഗ്ദ്ധരുടെ സമീപനം ക്രിയാത്മകമായിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഗവണ്‍മെന്റുകളും ജനങ്ങളാകെയും ചേര്‍ന്നു നടപ്പിലാക്കിയ മഹത്തായ ഈ പ്രവര്‍ത്തനത്തെ അതിന്റെ നന്മയില്‍ അംഗീകരിക്കാന്‍ ആദ്യം തയ്യാറാവണമായിരുന്നു. അതോടൊപ്പം പോരായ്മകള്‍ ചൂണ്ടിക്കാണിക്കാമായിരുന്നു.
അകറ്റാവുന്ന ആശങ്കകള്‍
വിദഗ്ധര്‍ ഒപ്പിട്ടംഗീകരിച്ച കത്തിലേതിനു സമാനമായ ചില ആശങ്കകള്‍ ദാരിദ്ര്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ചില യോഗങ്ങളില്‍ ഈ ലേഖകന്‍ ഉന്നയിച്ചിരുന്നു. എന്റെ ആശങ്കകളെ ഗൗരവപൂര്‍വ്വം പരിഗണിച്ച് അത്തരം ആശങ്കകളെ സര്‍ക്കാര്‍ എങ്ങനെ കാണുന്നു എന്നത് വിശദീകരിക്കപ്പെട്ടു. ചോദ്യങ്ങളുടെ ഉദ്ദേശ്യശുദ്ധി ശരിയാണെങ്കില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ മറുപടി ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. l



