Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിസുതാര്യവും ജനാധിപത്യപരവുമായ 
ഒരു പ്രക്രിയയെ 
പരിഹസിക്കുന്നതെന്തിന്?

സുതാര്യവും ജനാധിപത്യപരവുമായ 
ഒരു പ്രക്രിയയെ 
പരിഹസിക്കുന്നതെന്തിന്?

2025 നവംബർ 1ന് കേരളത്തെ “അതിദാരിദ്ര്യ’ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ തന്നെ നയരൂപീകരണ വിദഗ്ധരും, സന്നദ്ധ സംഘടന പ്രവർത്തകരും, സാധാരണക്കാരും ഈ നേട്ടത്തെ വ്യാപകമായി സ്വാഗതം ചെയ്തു. കേരളത്തിന്റെ സവിശേഷമായ സാമൂഹിക, രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, സമകാലിക ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ രൂപങ്ങളിലുള്ള അവശതകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ കേരളത്തിനു മാത്രമേ ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിയൂ എന്നും പല നിരീക്ഷകരും ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യ നിരക്കുകൾ
1970കൾ മുതൽ തന്നെ കേരളം അതിന്റെ സവിശേഷമായ വികസന അനുഭവത്തിന് ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിശീർഷ വരുമാനം കുറവായിരുന്നിട്ടും, വിവിധ സാമൂഹിക സൂചകങ്ങളിൽ ആഗോള നിലവാരം കൈവരിച്ചതിനാണ് കേരളം അന്ന് പ്രശംസിക്കപ്പെട്ടത്. കുറഞ്ഞ പ്രതിശീർഷ വരുമാനം സൂചിപ്പിക്കുന്നത് കേരളത്തിന്റെ “വരുമാന ദാരിദ്ര്യം’ വളരെ കൂടുതലായിരുന്നു എന്നാണ്. ആദ്യം നമുക്ക് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) ഉപഭോഗ ചെലവ് റൗണ്ടുകളിൽ നിന്നുള്ള കണക്കുകൾ പരിഗണിക്കാം. 1973-–74ൽ കേരളത്തിലെ ജനസംഖ്യയുടെ 58.8 ശതമാനം പേർ “വരുമാന ദരിദ്രർ’ എന്ന് തരംതിരിക്കപ്പെട്ടിരുന്നു; ഇത് ദേശീയ ശരാശരിയേക്കാൾ (54.9%) അല്ലെങ്കിൽ ഉത്തർപ്രദേശ് (57.1%), രാജസ്താൻ (46.1%), മഹാരാഷ്ട്ര (53.2%) അല്ലെങ്കിൽ ഗുജറാത്ത് (48.2%) എന്നിവിടങ്ങളിലേക്കാൾ കൂടുതലായിരുന്നു. വാസ്തവത്തിൽ, കേരളത്തിലെ വരുമാന ദരിദ്രരുടെ വിഹിതം ബീഹാറിലെ വരുമാന ദരിദ്രരുടെ വിഹിതത്തോട് (61.9%) അടുത്തായിരുന്നു.

എന്നിരുന്നാലും, തുടർന്നുള്ള ദശകങ്ങളിൽ, സാമൂഹിക സംരക്ഷണത്തിന്റെയും സാമൂഹിക സഹായ നടപടികളുടെയും വിപുലീകരണത്തിലൂടെയും സാർവത്രികവൽക്കരണത്തിലൂടെയും വരുമാന ദാരിദ്ര്യം കുറയ്ക്കുന്നതിൽ കേരളം അസാധാരണമായ വിജയം കൈവരിച്ചു. കൃഷി ഉൾപ്പെടെയുള്ള ഉൽ‌പാദന മേഖലകളിലെ വളർച്ചയുടെ പുനരുജ്ജീവനവും പശ്ചിമേഷ്യയിൽ നിന്നുള്ള പുറംപണത്തിന്റെ ഒഴുക്കും കാരണം 1980കൾ മുതൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഉയർന്നു. അങ്ങനെ, കേരളത്തിലെ വരുമാന ദരിദ്രരുടെ വിഹിതം 1999–-2000 ത്തിൽ 12.7% ആയും 2011–-12 ൽ 7.1% ആയും കുറഞ്ഞു. 2011-–12ൽ പ്രധാന സംസ്ഥാനങ്ങൾക്കിടയിൽ വരുമാന ദരിദ്രരുടെ ഏറ്റവും കുറഞ്ഞ വിഹിതം കേരളത്തിലായിരുന്നു; ദേശീയ ശരാശരിയാകട്ടെ 21.9% ആയിരുന്നു.
2022-–23ൽ എൻഎസ്എസ്ഒ നടത്തിയ ഏറ്റവും പുതിയ ഉപഭോക്തൃ ചെലവ് സർവേയിൽ ഒരു പരിഷ്കരിച്ച രീതിശാസ്ത്രമാണ് ഉപയോഗിച്ചത്. അതിന്റെ ഭാഗമായി കണക്കെടുക്കുന്ന ഉപഭോഗ ചെലവ് ക്രമാതീതമായി പെരുപ്പിക്കപ്പെട്ട സ്ഥിതി വന്നു. അതുവഴി ദാരിദ്ര്യത്തിന്റെ ആഴം ആശ്ചര്യജനകമായ രീതിയിൽ കുറഞ്ഞു. തൽഫലമായി, 2022-–23ലെ സർവ്വേ ഫലങ്ങൾ 2011–-12 ലെ സർവ്വേ ഫലങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. 2022–-23ലെ സർവ്വേയിൽ കേരളത്തിലെ വരുമാന ദരിദ്രരുടെ വിഹിതം 1.3% ആയാണ് രേഖപ്പെടുത്തിയത്.

ഈ പ്രശ്നങ്ങളൊക്കെ ഇടയിൽ കേന്ദ്രസർക്കാർ ദാരിദ്ര്യത്തിന്റെ ഒരു പുതിയ സൂചകത്തെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു–മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് അഥവാ ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ). 2005-–06ൽ കേരളത്തിലെ ജനസംഖ്യയിൽ “ബഹുമുഖ ദരിദ്രരുടെ’പങ്ക് 12.31% ആയിരുന്നു, ഇത് 2019-–21 ൽ 0.55% ആയി കുറഞ്ഞു. ദേശീയ തലത്തിലെ സമാനമായ വിഹിതം 2019-–21ൽ 15% ആയിരുന്നു. അതേസമയം, എംപിഐയുടെ രൂപകൽപ്പന പണ്ഡിതരുടെ ഗുരുതരമായ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ, എംപിഐ എന്ന സൂചിക ദാരിദ്ര്യത്തേക്കാൾ നിരാലംബത്വത്തിന്റെ ഒരു സൂചികയാണ്; മാത്രമല്ല, അതിൽ സ്വീകരിച്ചിട്ടുള്ള സൂചകങ്ങൾ, അവയുടെ നിർവചനങ്ങൾ, അന്തിമ സംയോജിത സൂചികയിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന ആപേക്ഷിക തൂക്കങ്ങൾ എന്നിവയുടെ തിരഞ്ഞെടുപ്പിൽ സങ്കീർണ്ണവും ഏകപക്ഷീയവുമായ ഒരു രീതിയാണ് സ്വീകരിക്കുന്നത്.

എൻഎസ്എസ്ഒ, എംപിഐ എന്നിവയിൽ നിന്ന് ലഭ്യമായ കണക്കുകളെ കുറിച്ചുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, രണ്ട് പൊതു നിഗമനങ്ങൾ വേറിട്ടുനിൽക്കുന്നു. ഒന്നാമതായി, രീതിശാസ്ത്രപരമായ ദൗർബല്യങ്ങൾ ഉണ്ടായിരുന്നിട്ടും, 1980കൾ മുതൽ ദാരിദ്ര്യത്തിന്റെ ആഴം കുറയ്ക്കുന്നതിൽ കേരളം പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു. രണ്ടാമതായി, കേരളത്തിന്റെ അടുത്ത ഘട്ടത്തിലെ ദൗത്യം ചില പോക്കറ്റുകളിലും ചില വിഭാഗങ്ങളിലും നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യം പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്, — മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഖ്യകൾ ചെറുതോ താരതമ്യേന കുറവോ ആണെങ്കിൽ പോലും. രണ്ടാമത്തെ നിഗമനമാണ് 2021-ൽ കേരളത്തിൽ അതിദാരിദ്ര്യ നിർമാർജന പരിപാടി (EPEP) സ്ഥാപിക്കുന്നതിന് അടിസ്ഥാനമായത്.

ദാരിദ്ര്യത്തിന്റെ വിവിധ മാനങ്ങൾ
2021-ൽ, “ദാരിദ്ര്യത്തെ’ നിർവചിക്കുന്നതു പോലെ തന്നെ അതിദാരിദ്ര്യത്തെ നിർവചിക്കുന്നതും ഒരു തർക്കവിഷയമാണെന്ന് കേരള സർക്കാരിന് നന്നായി അറിയാമായിരുന്നു. ദാരിദ്ര്യം ഒരു ബഹുമുഖ ആശയമാണെന്നതിനാൽ, അതിനെ കേവല പദങ്ങളിൽ നിർവചിക്കുന്നത് ആത്മനിഷ്ഠവും രീതിശാസ്ത്രപരവുമായ പ്രശ്നങ്ങൾ നിറഞ്ഞതാണ്. ഭക്ഷ്യ ഉപഭോഗത്തിന്റെ ഒരു മാനദണ്ഡത്തെ അടിസ്ഥാനമാക്കി ദാരിദ്ര്യ നിരക്കുകൾ കണക്കാക്കുന്നതിനുള്ള ഒരു ഔദ്യോഗിക രീതിശാസ്ത്രം നിലവിലുണ്ട്. എന്നിരുന്നാലും, ഔദ്യോഗിക രീതിശാസ്ത്രത്തിൽ നിന്ന് ഒഴിവാക്കിയ ദാരിദ്ര്യത്തിന്റെ മറ്റു മാനദണ്ഡങ്ങൾ വിമർശനപരമായ ചർച്ചകളിൽ വീണ്ടും വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. മാനവ വികസന സൂചിക (എച്ച്
ഡിഐ), എംപിഐ പോലുള്ള ഇതര സൂചകങ്ങൾ ലഭ്യമായിരുന്നു ?വെങ്കിലും ഇവയും വിമർശനങ്ങളിൽ നിന്നു മുക്തമായിരുന്നില്ല. ഇവയ്ക്കൊക്കെ പുറമേ, കേവല ദാരിദ്ര്യത്തിന്റെ വസ്തുനിഷ്ഠമായ ഒരു നിർവചനം അസാധ്യമാണെന്നും ദാരിദ്ര്യത്തെ ആപേക്ഷികമായി മാത്രമേ അളക്കാൻ കഴിയൂ എന്നുമുള്ള അടിസ്ഥാന വാദവും ഉണ്ടായിരുന്നു.

ഇത്തരം ചർച്ചകളുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ പൊതുനയം ചരിത്രപരമായി രണ്ട് തന്ത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഒന്നാമതായി, സാമൂഹിക സേവനങ്ങൾ പൊതുവിൽ ചിലർക്ക് മാത്രമായി ഒതുക്കാതെ സാർവത്രികമായി വിതരണം ചെയ്യുക. — ഇത് ദരിദ്രരെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ പലരെയും ഒഴിവാക്കാതിരിക്കാൻ സഹായിക്കും. ഒരു ഉദാഹരണം ഇവിടെ എടുത്തുകാണിക്കാം. നവലിബറലിസത്തിന്റെ ഭാഗമായി കേരളത്തിൽ സാർവത്രികമായിരുന്ന പൊതുവിതരണ സമ്പ്രദായം ടാർഗെറ്റഡ് ആയി മാറിയതും എപിഎൽ, ബിപിഎൽ വ്യത്യാസങ്ങൾ നിലവിൽ വന്നതും 1990കളുടെ ഒടുവിലായിരുന്നു. അതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കേരളത്തിലെ ബിപിഎൽ കാർഡുകളുടെ എണ്ണം വെറും 10 ലക്ഷമാക്കി കുറച്ചു. — അതായത് ജനസംഖ്യയുടെ 16% മാത്രം. എന്നാൽ കേരളം ബിപിഎൽ കാർഡുകളുടെ എണ്ണം 42 ലക്ഷമാക്കി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.– അതായത് ജനസംഖ്യയുടെ 42%. ദാരിദ്ര്യത്തിന് ഇടുങ്ങിയ നിർവ്വചനങ്ങൾ നൽകാതെ എല്ലാവർക്കും സാമൂഹ്യ സേവനങ്ങൾ നൽകുക എന്ന ഈ വർഗ കാഴ്ചപ്പാട് പിന്നീട് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ നടത്തിപ്പിലും കേരളം അനുവർത്തിച്ചു. ഇങ്ങനെ സാർവത്രികത വർദ്ധിപ്പിച്ചപ്പോഴും പല പ്രശ്നങ്ങളും നിലനിന്നു: പല കുടുംബങ്ങളും ഒഴിവായിത്തന്നെ നിന്നു; ദരിദ്രരാണെന്ന് തെളിയിക്കാൻ ഓരോ കുടുംബത്തോടും ആവശ്യപ്പെടുന്നതിന്റെ മാനുഷിക പ്രശ്നങ്ങളും നില നിന്നു. എന്നാൽ നവലിബറലിസത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന് ഇതിനെല്ലാം വഴങ്ങേണ്ടിയും വന്നു.

രണ്ടാമതായി, പദ്ധതികൾ കഴിയുന്നത്ര സാർവത്രികമായി നിർത്തുമ്പോഴും നവലിബറൽ കാലഘട്ടത്തിൽ പലപ്പോഴും അതിന് സാധിക്കാറില്ല. അതിനാൽ, മറ്റു പല സർക്കാർ പദ്ധതികളും സമൂഹത്തിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി നീക്കിവെക്കാനും കേരളം ശ്രമിച്ചിട്ടുണ്ട്. ഈ ദിശയിൽ നയങ്ങൾ രൂപപ്പെടുത്തുമ്പോൾ “ദരിദ്രർ’ എന്നതിന്റെ വ്യത്യസ്തങ്ങളും — എന്നാൽ വിശാലവുമായ — പലതരം നിർവചനങ്ങളെ കേരളം ആശ്രയിച്ചു വന്നിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ഒരു നിർവചനത്തെ മറ്റൊരു നിർവചനവുമായി താരതമ്യപ്പെടുത്തുന്നത് എല്ലായ് പ്പോഴും ഒരു വെല്ലുവിളിയാണ്; എന്നാൽ ദാരിദ്ര്യത്തിന്റെ വൈവിധ്യമാർന്ന മാനങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവിധ ഇടപെടലുകൾ രൂപകൽപ്പന ചെയ്യുമ്പോൾ ഒട്ടേറെ വിശാല നിർവചനങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു. ചുരുക്കത്തിൽ, വ്യത്യസ്ത സർക്കാർ ഇടപെടലുകളിൽ ഓരോ സാഹചര്യത്തിന്റെയും ആവശ്യങ്ങൾക്ക് അനുസൃതമായി “ദാരിദ്ര്യ’ത്തിന്റെ വ്യത്യസ്ത നിർവചനങ്ങൾ സ്വീകരിച്ചുകൊണ്ട്, ഓരോ ഇടപെടലിന്റെയും വ്യാപ്തി പരമാവധി വർദ്ധിപ്പിക്കാനാണ് കേരളം എപ്പോഴും ശ്രമിച്ചുവന്നത്.

കേരളത്തിൽ ഇത്തരത്തിൽ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച നയങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്. 1998ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആരംഭിച്ച കുടുംബശ്രീ പദ്ധതിയുടെ സ്ഥാപക പ്രമേയം തന്നെ “ദാരിദ്ര്യ നിർമാർജനം’ ആയിരുന്നു. കുടുംബശ്രീ പദ്ധതിയെ പിന്തുടർന്ന് 2002ൽ ആരംഭിച്ച “ആശ്രയ’ പദ്ധതി പൊതുവായ ദാരിദ്ര്യ നിർമാർജന പദ്ധതികളിൽ നിന്ന് ഒഴിച്ചുനിർത്തപ്പെട്ട ദരിദ്ര കുടുംബങ്ങളെ തിരിച്ചറിയുന്നതിലും പുനരധിവസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട്, 2017ൽ, ആശ്രയ പദ്ധതിയെ “അഗതി-രഹിത കേരളം’ എന്ന പുതിയതും വിപുലീകരിച്ചതുമായ ഒരു പദ്ധതിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പുനരാവിഷ്കരിച്ചു. ഇവിടെ പരിഗണിക്കപ്പെട്ട ഒമ്പത് ക്ലേശഘടകങ്ങളിൽ ഏഴെണ്ണത്തിൽ യോഗ്യത നേടുന്ന ഒരു കുടുംബത്തെ ദരിദ്രമായി വർഗീകരിച്ചിരുന്നു. ഈ രണ്ട് പദ്ധതികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞത്; അവരുടെ പട്ടികകൾക്ക് ഗ്രാമസഭകളുടെ അംഗീകാരവും വാങ്ങേണ്ടിയിരുന്നു.

ആശ്രയ പദ്ധതിയും അഗതി-രഹിത കേരളം പദ്ധതിയും അതിലെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ ഒരു പ്രത്യേക ഔദ്യോഗിക രീതിശാസ്ത്രം ഉപയോഗിച്ചപ്പോൾ, സർക്കാരിന്റെ തന്നെ മറ്റു പദ്ധതികൾ വ്യത്യസ്തമായ ആശയങ്ങളും നിർവചനങ്ങളും ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, 2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നതോടെ “ദരിദ്രരെ’ കണ്ടു പിടിക്കാൻ കേന്ദ്ര സർക്കാർ മറ്റൊരു ആശയം ഉപയോഗിക്കാൻ തുടങ്ങി. ഇവിടെ, ഗ്രാമീണ ജനസംഖ്യയുടെ 75% പേരെയും നഗര ജനസംഖ്യയുടെ 50% പേരെയും “മുൻഗണന’ വിഭാഗത്തിൽ ഉൾപ്പെടുത്തി; അവർക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയും നൽകി. ഒപ്പം മുൻഗണനാ കുടുംബങ്ങളിൽ നിന്ന് ഒരു ചെറിയ വിഭാഗത്തെ “അന്ത്യോദയ അന്ന യോജന’യുടെ (എഎവൈ) ഗുണഭോക്താക്കളായും വർഗീകരിച്ചു. അന്ത്യോദയയിൽ ഈ കുടുംബങ്ങളെ പലപ്പോഴും “ദരിദ്രരിൽ ഏറ്റവും ദരിദ്രർ’ എന്നും വിശേഷിപ്പിച്ചിരുന്നു. തുടക്കത്തിൽ കിലോയ്ക്ക് യഥാക്രമം 3 ഉം 2 ഉം എന്ന സബ്‌സിഡി നിരക്കിൽ അരിയും ഗോതമ്പും അവർക്ക് ലഭിച്ചിരുന്നു; പിന്നീട്, അവർക്ക് പ്രതിമാസം 35 കിലോ അരിയും ഗോതമ്പും സൗജന്യമായി ലഭ്യമാക്കാൻ ആരംഭിച്ചു.

അന്ത്യോദയയിലും അഗതി-രഹിത കേരളം പദ്ധതിയിലും പിന്തുടർന്ന യോഗ്യതാ വ്യവസ്ഥകൾ വളരെ വ്യത്യസ്തമായിരുന്നു. അന്ത്യോദയയിൽ പുതിയ കുറെ സൂചകങ്ങളുടെ ഒരു ശ്രേണിയെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരുകളാണ് ഗുണഭോക്താക്കളെ കണ്ടെത്തേണ്ടിയിരുന്നത്: ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, നാമമാത്ര കർഷകർ, ഗ്രാമീണ കരകൗശല വിദഗ്ധർ/കരകൗശല വിദഗ്ധർ, അനൗപചാരിക മേഖലയെ ആശ്രയിക്കുന്ന വ്യക്തികൾ, വിധവകളോ മാരകരോഗികളോ, ഭിന്നശേഷിക്കാരോ, 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരോ നയിക്കുന്ന കുടുംബങ്ങൾ, പ്രാകൃത ഗോത്ര കുടുംബങ്ങൾ, ഇവയൊക്കെ സ്വയമേ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇവിടെ തിരിച്ചറിയപ്പെടേണ്ട ഒരു പ്രധാന വസ്തുതയുണ്ട്, യൂണിയൻ സർക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും “അതിദരിദ്രർ’ എന്നതിന് ഒരു ഔദ്യോഗിക നിർവചനമില്ല. ഗുണഭോക്താക്കളെ തിരിച്ചറിയാൻ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ള പല സർക്കാർ പദ്ധതികളിൽ ഒന്നു മാത്രമാണ് അന്ത്യോദയ. അന്ത്യോദയ പദ്ധതിയിലെ യോഗ്യതാ വ്യവസ്ഥകൾ രൂപകൽപ്പന ചെയ്തത് ഒരു കുടുംബത്തിന് സബ്‌സിഡി നിരക്കിലോ സൗജന്യമായോ ഭക്ഷ്യധാന്യങ്ങൾ ലഭിക്കണോ വേണ്ടയോ എന്ന പരിമിതമായ ചോദ്യത്തിന് ഉത്തരമായാണ്; അല്ലാതെ ദാരിദ്ര്യത്തെ നിർവചിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ ഉള്ള എന്തെങ്കിലും വിശകലന ഉദ്ദേശ്യത്തോടെയല്ല. ഔദ്യോഗിക അന്ത്യോദയ പദ്ധതി രേഖകളിൽ “ദരിദ്രരിൽ ഏറ്റവും ദരിദ്രർ” എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ദാരിദ്ര്യം ഔദ്യോഗികമായി നിർവചിക്കപ്പെട്ടിട്ടുള്ള അർത്ഥത്തിൽ ആരും അന്ത്യോദയ കുടുംബങ്ങളെ ദരിദ്രരായി കണക്കാക്കിയിട്ടില്ല. “ദരിദ്രരിൽ ഏറ്റവും ദരിദ്രർ’ എന്ന ഈ പ്രയോഗം ഒരു വിശകലന ശ്രമത്തേക്കാൾ വിശാലമായ ഒരു വിവരണമായിരുന്നു. ചുരുക്കത്തിൽ അന്ത്യോദയയിലെ ഗുണഭോക്താക്കളെ ഔദ്യോഗികമായി എവിടെയും “അതിദരിദ്രർ’ എന്ന് തരംതിരിച്ചിട്ടില്ല.

2021-ൽ ഇന്ത്യയിൽ അന്ത്യോദയ കുടുംബങ്ങളുടെ എണ്ണം 2.38 കോടിയായിരുന്നു, കേരളത്തിൽ 5.96 ലക്ഷമായിരുന്നു. ഈ കുടുംബങ്ങളുടെ കണക്കുകളെ ആളുകളുടെ എണ്ണമായി വിവർത്തനം ചെയ്താൽ ഇന്ത്യയിൽ 9 കോടി ആളുകളും കേരളത്തിൽ 25.59 ലക്ഷം ആളുകളും അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 2021ൽ തന്നെ കേരള സർക്കാരിന്റെ അഗതി-രഹിത കേരളം പദ്ധതിയിൽ 1.57 ലക്ഷം കുടുംബങ്ങളും ഗുണഭോക്താക്കളായി ഉണ്ടായിരുന്നു.

കേരളത്തിലെ അതിദാരിദ്ര്യ 
നിർമാർജന പദ്ധതി
2021-ൽ ഈ ഘട്ടത്തിലാണ് കേരള സർക്കാർ “അതിദാരിദ്ര്യം’ ഇല്ലാതാക്കുന്നതിനായി ഒരു പുതിയ പദ്ധതി ‘അതിദാരിദ്ര്യ നിർമാർജന പദ്ധതി’ നടപ്പിലാക്കാൻ തീരുമാനിച്ചത്. കുടുംബശ്രീ/ആശ്രയ/അഗതിരഹിത കേരളം പദ്ധതികളുടെയോ അന്ത്യോദയയുടെയോ ലക്ഷ്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ പിന്നിലെ പ്രചോദനം. നിലവിലുള്ള ഈ പദ്ധതികൾ തുടരും; അവയിൽ യോഗ്യത നേടിയിട്ടുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. എന്നാൽ വളരെ ദരിദ്രരും/അല്ലെങ്കിൽ കടുത്ത ദരിദ്രാവസ്ഥയിലുള്ളവരും അതേസമയം അന്ത്യോദയ, അഗതിരഹിത കേരളം പദ്ധതി എന്നിവയുൾപ്പെടെ നിലവിലുള്ള ഒരു പദ്ധതിയിലും ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടില്ലാത്തവരുമായ നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. മിക്ക ദാരിദ്ര്യ നിർമാർജന ശ്രമങ്ങളിലും ഇവർ അദൃശ്യരാണ്. അത്തരം കുടുംബങ്ങളെയോ വ്യക്തികളെയോ തിരിച്ചറിയുന്നതിനും അവരുടെ ഉപജീവനമാർഗ്ഗ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഒരു പുതിയ നിർവചനം രൂപപ്പെടുത്തുകയും ഒരു പുതിയ രീതിശാസ്ത്രത്തിന് രൂപകൽപ്പന നൽകുകയും ചെയ്യുക — എന്നതായിരുന്നു ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇത്തരം കുടുംബങ്ങളെ ഈ പദ്ധതിയിൽ നിർവചിച്ചു വിളിക്കാൻ തീരുമാനിച്ചത് “അതിദരിദ്ര’ കുടുംബങ്ങൾ എന്നായിരുന്നു. എന്തുകൊണ്ട് ഈ കുടുംബങ്ങളെ അഗതികൾ എന്നു വിളിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്: അഗതി-രഹിത കേരളം എന്ന നിലവിലെ പദ്ധതിയിൽ നേരത്തെ തന്നെ അഗതികൾ എന്നൊരു വർഗീകരണമുണ്ട്. പുതിയൊരു വർഗീകരണത്തിനായി പുതിയൊരു നിർവചനം ഉപയോഗിക്കുമ്പോൾ പുതിയൊരു പേരും വേണ്ടിവരും. പരമ ദരിദ്രർ എന്നൊരു പേരും ഇവിടെ ഉപയോഗിക്കാവുന്നതാണ്.

സ്വാഭാവികമായും ഇവിടെ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. പുതിയ പദ്ധതിയിലെ “അതിദരിദ്രർ’ എന്നു വിളിക്കപ്പെടുന്ന കുടുംബങ്ങൾ അന്ത്യോദയ പദ്ധതി പ്രകാരമുള്ള “ദരിദ്രരിൽ ഏറ്റവും ദരിദ്രർ’, അല്ലെങ്കിൽ അഗതി-രഹിത കേരളം പദ്ധതിയുടെ ഗുണഭോക്താക്കൾ, എന്നിവരെ പോലെ തന്നെയാണോ? വാസ്തവത്തിൽ, ഇവ കവിഞ്ഞുകിടക്കുന്ന (ഓവർലാപ്പിംഗ്) വിഭാഗങ്ങളല്ല. സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിന് അന്ത്യോദയയിൽ ഒരു പ്രത്യേക നിർവചനം ഉപയോഗിച്ചതുപോലെ, അല്ലെങ്കിൽ അഗതി-രഹിത കേരളം പദ്ധതിയിൽ അഗതി കുടുംബങ്ങളെ തെരഞ്ഞെടുക്കാൻ ഒരു പ്രത്യേക നിർവചനം ഉപയോഗിച്ചതുപോലെ, അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ അതിദരിദ്ര കുടുംബങ്ങളെ തെരഞ്ഞെടുക്കാനും ഒരു പ്രത്യേക നിർവചനം ഉപയോഗിച്ചിരുന്നു. ഇത്തരം നിർവചനങ്ങളെല്ലാം ഓരോ പദ്ധതിയുടെയും പ്രത്യേക ഉദ്ദേശ്യത്തിനായി തയ്യാറാക്കിയ വ്യത്യസ്ത നിർവചനങ്ങളുള്ള വിഭാഗങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ, “അതിദരിദ്രർ’ എന്നത് അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഉദ്ദേശ്യത്തിനായി പ്രത്യേകം നിർവചിക്കപ്പെട്ട ഒരു വിഭാഗമായിരുന്നു. നിലവിലുള്ള ഒരു പദ്ധതിയിലും ഉൾപ്പെടാത്ത, പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളെ തിരിച്ചറിഞ്ഞ് അവരെ അവരുടെ ദുരിതാവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവരിക എന്നതായിരുന്നല്ലോ ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ കുടുംബങ്ങൾ ആരായിരുന്നു? ഭക്ഷണം, വസ്ത്രം, പാർപ്പിടം, വരുമാനം തുടങ്ങിയ അടിസ്ഥാന അതിജീവന ആവശ്യങ്ങൾ പോലും ലഭിക്കാത്തവരാണ് അതിദരിദ്രർ. അതായത്, തെരുവിൽ കഴിയുന്നവർ, മറ്റു വരുമാന സാധ്യതകളോ ആസ്തികളോ ഇല്ലാതെ അതിജീവനം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരും വയോജനങ്ങളും; ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ മാത്രമുള്ള കുടുംബങ്ങൾ, കുടുംബനാഥൻ ഉപേക്ഷിച്ച മറ്റു വരുമാനങ്ങളും ആസ്തികളും തൊഴിൽ ശേഷിയും ഒന്നുമില്ലാത്ത കുടുംബങ്ങൾ, കിടപ്പു രോഗികൾ മാത്രമുള്ള കുടുംബങ്ങൾ, തൊഴിൽ ശേഷിയുള്ള ആരും ഇല്ലാത്ത മറ്റ് ആസ്തികളോ വരുമാനമോ ഇല്ലാത്ത കുടുംബങ്ങൾ. ഇങ്ങനെ അടിസ്ഥാന അവകാശങ്ങൾ പോലും നേടിയെടുക്കാൻ ശേഷിയില്ലാത്ത, പൊതുവിൽ ബാഹ്യ സഹായമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആകാത്ത അശരണരും നിരാലംബരും അഗതികളുമായ കുടുംബങ്ങളെയാണ് ഈ പദ്ധതിയിൽ അതിദരിദ്രരായി കണക്കാക്കിയത്.

ചുരുക്കത്തിൽ, ദാരിദ്ര്യത്തിന്റെ അതിതീവ്ര രൂപമായാണ് ഈ പദ്ധതിയിൽ അതിദാരിദ്ര്യത്തെ കണക്കാക്കിയത്. ഇവർ സ്വന്തം അവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്തി അതുമറികടക്കാൻ ശേഷിയില്ലാത്തവരാണ്. ഉപജീവനവും അതിജീവനവും നേടിയെടുക്കാൻ ശാരീരികവും മാനസികവുമായ ശേഷിയില്ലാത്തവരാണ്. മാനസിക വെല്ലുവിളിയോ വാർദ്ധക്യമോ തീരാവ്യാധികളോ മൂലം ദൈനംദിന ജീവിതം മുന്നോട്ടുനീക്കാൻ ശേഷിയില്ലാത്തവരാണ്. ഇത്തരത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഇവർക്ക് സർക്കാരിന്റെയോ സമൂഹത്തിന്റെയോ ഗണ്യമായ പിന്തുണയില്ലാതെ ജീവിതത്തിൽ പുരോഗമിക്കാനോ ദാരിദ്ര്യത്തെ മറികടക്കാനോ കഴിയില്ല. മറുവശത്ത് ദരിദ്രർ എന്ന് നമ്മൾ പൊതുവിൽ വിളിക്കുന്ന വിഭാഗങ്ങൾക്ക് തങ്ങളുടെ ചുരുങ്ങിയ വരുമാനമോ തൊഴിൽ ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ പദ്ധതിയുടെ സഹായത്തോടെയോ ദൈനംദിന കാര്യങ്ങൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും നിർവഹിക്കാൻ കഴിയും. എന്നാൽ “അതിദരിദ്രർ’ എന്ന വിഭാഗത്തിൽ പെട്ടവർ അഗതി-രഹിത കേരളം പദ്ധതിയിൽ പോലും പ്രവേശനം ലഭിക്കാത്തവരായിരുന്നു. ഇവരെയാണ് പുതിയ പദ്ധതി ലക്ഷ്യമിട്ടത്. 2025 നവംബർ ഒന്നോടെ അത്തരം എല്ലാ “അതിദരിദ്ര’ കുടുംബങ്ങളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ആ അവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവരുമെന്നാണ് 2021-ൽ സർക്കാർ പ്രഖ്യാപിച്ചത്.

ഗുണഭോക്താക്കളുടെ 
തെരഞ്ഞെടുപ്പ്
തുടക്കത്തിൽ തന്നെ, ഒരു കുടുംബമോ വ്യക്തിയോ അഗതി-രഹിത കേരളം പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കളാണെങ്കിൽ, അവർ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതായത് അതിദാരിദ്ര്യ നിർമാർജന പദ്ധതിയും അഗതിരഹിത കേരളം പദ്ധതിയുമായി ഒരു ഓവർലാപ്പ് (അഥവാ കവിഞ്ഞൊഴുകൽ) ഉണ്ടായിരുന്നില്ല. അഗതി-രഹിത കേരളം പദ്ധതിയിൽ പോലും ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെയോ വ്യക്തികളെയോ തിരിച്ചറിയുക എന്നതായിരുന്നു ആശയം. അതേസമയം, ഭക്ഷണം, പാർപ്പിടം, സാമൂഹിക സുരക്ഷ അല്ലെങ്കിൽ പാലിയേറ്റീവ് കെയർ എന്നീ മേഖലകളിൽ അന്ത്യോദയ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സർക്കാർ പദ്ധതിയിൽ ഒരു കുടുംബത്തെയോ വ്യക്തിയെയോ ഉൾപ്പെടുത്തി എന്നതുകൊണ്ട് അവരെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ നിന്ന് യാന്ത്രികമായി ഒഴിവാക്കിയിരുന്നില്ല. കാരണം, അഗതി-രഹിത കേരളം പദ്ധതി അഗതികൾക്ക് സമഗ്രമായ ഒരു കവറേജ് നൽകിയിരുന്നെങ്കിൽ, അന്ത്യോദയ അല്ലെങ്കിൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പോലുള്ള മറ്റു പദ്ധതികളിലേക്കുള്ള യോഗ്യതാ നിർണയം ദാരിദ്ര്യത്തിന്റെ ഒരു മാനത്തെ മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ; മറ്റു മാനങ്ങൾ പരിഗണിക്കപ്പെട്ടിരുന്നില്ല.

അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഗുണഭോക്താക്കളെ ഇങ്ങനെ തെരഞ്ഞെടുത്ത രീതിശാസ്ത്രം അല്പം വിശദമായി തന്നെ പറഞ്ഞുപോകേണ്ടതുണ്ട്. ആദ്യം പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി തലത്തിലുള്ള വാർഡ് കമ്മിറ്റികൾ അവരുടെ ഡാറ്റാബേസുകളിൽ നിന്ന് സാധ്യതയുള്ള ഗുണഭോക്താക്കളുടെ ഒരു നീണ്ട പ്രാഥമിക പട്ടിക തയ്യാറാക്കി. ഒപ്പം കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വിവിധ ചാരിറ്റബിൾ അല്ലെങ്കിൽ സർക്കാരിതര സംഘടനകളിൽ നിന്നും സാധ്യതയുള്ള ഗുണഭോക്താക്കളുടെ അധിക പട്ടികകൾ ശേഖരിച്ചു. അങ്ങനെ ഒരു പങ്കാളിത്ത നാമനിർദ്ദേശ പ്രക്രിയ വാർഡ് തലത്തിൽ തന്നെ ഉപയോഗപ്പെടുത്തി. ഓരോ വാർഡിലും ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയെ കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകൾ നടന്നു; ഇതിന്റെ ഒടുവിൽ 1,18,309 കുടുംബങ്ങളുടെ ആദ്യ പട്ടിക തയ്യാറാക്കി. ഈ പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിനായി ഉപയോഗിച്ച ക്ലേശ ഘടകങ്ങൾ ഇവയായിരുന്നു: (1) ഭക്ഷ്യസുരക്ഷ, (2) ആരോഗ്യ സംരക്ഷണം, (3) വരുമാന ഉത്പാദനം, (4) സുരക്ഷിതമായ പാർപ്പിടം.

ഗുണഭോക്താക്കളുടെ ഈ പ്രാഥമിക പട്ടികയിൽ നിന്നു നിലവിലുള്ള അഗതി-രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി. ഇതിന്റെ ഫലമായി 87,158 കുടുംബങ്ങളുടെ രണ്ടാമത്തെ പട്ടിക ലഭിച്ചു. ഈ രണ്ടാം പട്ടിക ഓരോ വാർഡിലെയും ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്തു. തുടർന്ന്, സന്നദ്ധപ്രവർത്തകർ ഈ 87,158 കുടുംബങ്ങളെയും സന്ദർശിച്ച് ഒരു മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇവരിൽ പല കുടുംബങ്ങളും നിലവിലുള്ള ഒന്നിലധികം ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു എന്നതിനാൽ അവരെ രണ്ടാം പട്ടികയിൽ നിന്ന് ഒഴിവാക്കി. അങ്ങനെ, 73,747 കുടുംബങ്ങളുടെ മൂന്നാം മുൻഗണനാ പട്ടിക തയ്യാറായി. നാലാമത്തെയും അവസാനത്തെയും പട്ടിക അന്തിമമാക്കുന്നതിനുമുമ്പ്, മൊബൈൽ ആപ്ലിക്കേഷനിൽ ശേഖരിച്ച വിവരങ്ങളുടെ 20% വിവരങ്ങൾ സംബന്ധിച്ച് ഒരു റൗണ്ട് സൂപ്പർ-ചെക്ക് നടത്തി തിരുത്തലുകൾ വരുത്തി. ഒടുവിൽ, 64,006 കുടുംബങ്ങളുടെ സ്ഥിരീകരിച്ച അവസാന പട്ടിക തയ്യാറാക്കി. ഇവയും ഗ്രാമസഭകളിൽ അവതരിപ്പിച്ച്‌ അംഗീകരിച്ചു. ഈ 64,006 കുടുംബങ്ങളിൽ 1,03,099 പേർ ഉൾപ്പെട്ടിരുന്നു.

ഈ 64,006 കുടുംബങ്ങളിൽ ഓരോന്നിനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ഗ്രൂപ്പുകളും ചേർന്ന് മൈക്രോ പ്ലാനുകൾ തയ്യാറാക്കി. ഒരു മൈക്രോ പ്ലാൻ എല്ലാ കുടുംബങ്ങൾക്കും അനുയോജ്യമായവയല്ല; മറിച്ച് ഓരോ കുടുംബത്തിന്റെയും പ്രത്യേക ഉപജീവന ആവശ്യങ്ങൾക്കായി തയ്യാറാക്കിയവയാണ്. ഉദാഹരണത്തിന്, ഒരു കുടുംബത്തിന് ഒരു വീട് പണിയാൻ പര്യാപ്തമല്ലാത്ത വളരെ ചെറിയ വിസ്തീർണത്തിൽ ഭൂമി ഉണ്ടായിരിക്കാം. അത്തരമൊരു കുടുംബത്തിന് കൂടുതൽ സ്ഥലം നൽകി. മറ്റൊരു കുടുംബത്തിന് ആരോഗ്യ മേഖലയിൽ വളരെ പ്രത്യേകമായ ഒരു ആവശ്യം ഉണ്ടായിരിക്കാം; ഉദാഹരണത്തിന് ഒരു പ്രധാന സർജറി അല്ലെങ്കിൽ ഒരു വീൽചെയർ. അത്തരമൊരു സാഹചര്യത്തിൽ, സൗജന്യമായി ശസ്ത്രക്രിയ സംഘടിപ്പിക്കുകയോ വീൽചെയർ നൽകുകയോ ചെയ്തു. ഇത്തരത്തിലുള്ള മൈക്രോ പ്ലാനുകളുടെ രൂപകൽപ്പനയും നിർവഹണവും വഴിയാണ് തിരിച്ചറിഞ്ഞ എല്ലാ കുടുംബങ്ങളെയും അവരുടെ ദുരിതാവസ്ഥയിൽ നിന്ന് അന്തസ്സിന്റെയും സ്വാശ്രയത്വത്തിന്റെയും തലത്തിലേക്ക് ഉയർത്തിയത്. ഇവയൊന്നും വെറും കാരുണ്യ പ്രവർത്തനങ്ങളായി ചുരുക്കാൻ കഴിയില്ല; മറിച്ച്, ഘടനാപരവും ഉത്തരവാദിത്തമുള്ളതും ജനാധിപത്യപരവുമായ ഒരു ഭരണ പ്രക്രിയയുടെ ഫലമായിരുന്നു ഈ പ്രവർത്തനങ്ങളൊക്കെ.

അടിസ്ഥാനരഹിതമായ 
വിമർശനങ്ങൾ
ഉപസംഹാരമെന്ന നിലയിൽ ചില കാര്യങ്ങൾ മാത്രം കുറിക്കാം. കേരളത്തിന്റെ ഈ നേട്ടത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന വിവിധ ആശങ്കകൾക്കുള്ള പ്രതികരണമായും ഈ ഉപസംഹാരത്തെ കണക്കാക്കാം.

ഒന്നാമതായി, “ദാരിദ്ര്യം’ നിർമാർജനം ചെയ്തു എന്നൊരു അവകാശവാദം ഇവിടെ കേരളത്തിനില്ല. “അതിദാരിദ്ര്യം’ ഇല്ലാതാക്കി എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. ഇതിനായി, ആരാണ് “അതിദരിദ്രർ” എന്നതിന്റെ ഒരു പ്രത്യേക നിർവചനം, പങ്കാളിത്ത പ്രക്രിയയെ അടിസ്ഥാനപ്പെടുത്തിയ ഒരു തിരിച്ചറിയൽ പ്രക്രിയ, കുടുംബങ്ങളുടെ ദുരിതാവസ്ഥയ്ക്കുള്ള പരിഹാരങ്ങളുടെ ശാസ്ത്രീയമായ രൂപകൽപ്പന, ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ നിരീക്ഷണ സംവിധാനം എന്നിവയെല്ലാം പിന്തുടർന്നിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ വാർഷിക “സാമ്പത്തിക അവലോകനം’ പോലെയുള്ള വിവിധ ഔദ്യോഗിക റിപ്പോർട്ടുകളിൽ ഈ പ്രക്രിയയുടെ വിശദാംശങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ, ഗുണഭോക്താക്കളുടെ എണ്ണം 118,309 കുടുംബങ്ങളിൽ നിന്ന് കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ ഉൾപ്പെടെ, ഒടുവിൽ 64,006 അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിയാൻ പിന്തുടർന്ന രീതിശാസ്ത്രങ്ങൾ വരെയുള്ള എല്ലാ വിവരങ്ങളും 2021 മുതൽ തന്നെ പൊതു മണ്ഡലത്തിൽ വ്യാപകമായി ലഭ്യമായിരുന്നു. ഈ 64,006 അതിദരിദ്ര കുടുംബങ്ങളിൽ വെറും 1,03,099 പേരേയുള്ളോ എന്ന സംശയവും ചിലർക്കുണ്ട്; കേരളത്തിലെ ഓരോ കുടുംബത്തിലും ഏകദേശം നാലു പേരെങ്കിലും ഇല്ലേ എന്ന അനുമാനത്തിൽ നിന്നാണ് ഈ സംശയം ഉടലെടുക്കുന്നത്. പക്ഷേ ഒരു ശരാശരിയെടുത്ത് എല്ലാ കുടുംബങ്ങൾക്കും അത് യാന്ത്രികമായി ബാധകമാക്കാമോ എന്ന ചോദ്യം വിമർശകർക്ക് മനസ്സിലാകാത്തത് ആശ്ചര്യജനകമാണ്. അതിദരിദ്ര കുടുംബങ്ങളുടെ നിർവചനം തന്നെ തീവ്ര അവശതകൾ അനുഭവിക്കുന്നവർ മാത്രമുള്ള കുടുംബങ്ങൾ എന്നതാണല്ലോ. അപ്പോൾ ഇത്തരം കുടുംബങ്ങളുടെ വലിപ്പം ശരാശരിയിലും എത്രയോ കുറവായിരിക്കും, പലപ്പോഴും ഒരാളേ കുടുംബത്തിലുണ്ടാകൂ എന്നത് സാമാന്യവിവരമല്ലേ? ഈ യാഥാർഥ്യം കാണാതെ എന്തോ വലിയ കണ്ടുപിടുത്തം നടത്തിക്കളഞ്ഞു എന്നു ഭാവിക്കുന്നത് ശരിയാണോ?

രണ്ടാമതായി, ഇന്ത്യയിൽ അതിദരിദ്രർക്ക് ഔദ്യോഗികമായൊരു നിർവചനമില്ല. സബ്‌സിഡിയോടെയോ സൗജന്യമായോ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി തിരിച്ചറിഞ്ഞ ഗുണഭോക്താക്കളുടെ ഒരു പട്ടിക കേന്ദ്ര സർക്കാരിന്റെ “അന്ത്യോദയ അന്ന യോജന’ പദ്ധതിയിൽ ഉണ്ട്. അന്ത്യോദയയിലെ ഗുണഭോക്താവാകുന്നത് ഒരു കുടുംബത്തെയോ വ്യക്തിയെയോ “അതിദരിദ്രർ’ എന്ന് തരംതിരിക്കുന്നില്ല; കാരണം അത് ദാരിദ്ര്യത്തിന്റെ ഒരു വശം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. എന്നാൽ “അതിദരിദ്രരെ’ തിരിച്ചറിയുന്നതിന് കേരളത്തിലെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഒരു പ്രത്യേക നിർവചനവും ബഹുമുഖമായ ക്ലേശഘടകങ്ങളും ഉപയോഗിച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ഏറ്റവും തീവ്രമായ രൂപം അനുഭവിക്കുന്നവരെ തിരിച്ചറിയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഏറ്റവും പ്രധാനമായി, ഒരു അന്ത്യോദയ കുടുംബത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഗുണഭോക്താവായി ഉൾപ്പെടുത്തിയാൽ, അത് അന്ത്യോദയയുടെ കീഴിൽ അവർക്ക് തുടർന്നും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിന് തടസ്സമാകുന്നില്ല. അന്ത്യോദയയും അതിദാരിദ്ര്യ നിർമാർജന പദ്ധതിയും ഒരേസമയം തുടരും. മാത്രമല്ല, അവർ അന്ത്യോദയയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഗുണഭോക്താവാകാൻ യോഗ്യതയുള്ളവരായി തുടരുന്ന കാലം വരെയും അവർക്കുള്ള സഹായം കേന്ദ്ര സർക്കാർ നിർത്തുന്ന പ്രശ്നവും ഉദിക്കുന്നില്ല. അന്ത്യോദയ ഇനിയുണ്ടാവില്ല എന്നൊക്കെ അനാവശ്യ ഭീതി പരത്തുന്നവർ ദരിദ്ര ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അവർക്കിടയിലും സമൂഹത്തിലും അപകടകരമായ തെറ്റിദ്ധാരണകൾ പരത്താനുമാണ് ശ്രമിക്കുന്നത് എന്നു പറയാതെ വയ്യ.

മൂന്നാമതായി, അന്ത്യോദയ പദ്ധതി തുടരുന്നതു പോലെ തന്നെ, 1.57 ലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന അഗതി-രഹിത കേരളം പദ്ധതിയും തുടരും. നിലവിൽ ഈ കുടുംബങ്ങളെ “അഗതികൾ’ എന്നാണ് തരംതിരിച്ചിരിക്കുന്നത്. “അതിദരിദ്രർ’ എന്ന് പുതിയ പദ്ധതിക്കുകീഴിൽ തിരിച്ചറിഞ്ഞ 64,006 കുടുംബങ്ങൾക്കൊപ്പം അവരും ഒരു പ്രത്യേക വിഭാഗമായി തുടരും; അഗതി-രഹിത കേരളം പദ്ധതിയിൽ നിന്ന് നിലവിൽ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും.

നാലാമതായി, അഗതി-രഹിത കേരളം പദ്ധതിക്ക് കീഴിലുള്ള ശ്രമങ്ങളുടെ അടുത്തൊരു പടിയെയാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രതിനിധീകരിക്കുന്നത്. അതേസമയം, അതിദാരിദ്ര്യ നിർമാർജന പദ്ധതി 1.0 യുടെ ആരംഭവും പൂർത്തീകരണവും നിലവിലുള്ള അഗതി-രഹിത കേരളം പദ്ധതിയുടെ വിജയത്തെയോ പരാജയത്തെയോ കുറിച്ചുള്ള ഒരു വിലയിരുത്തലേയല്ല. അഗതിരഹിത കേരളം പദ്ധതിയുടെ വിലയിരുത്തൽ ഏതു സമയത്തും സംഘടിപ്പിക്കാവുന്നതാണ്. പുതിയ പദ്ധതിക്ക് കീഴിൽ 64,006 കുടുംബങ്ങളെ അതിദരിദ്രാവസ്ഥയിൽ നിന്ന് പുറത്തെത്തിച്ചു എന്ന പ്രഖ്യാപനത്തെ അഗതി-രഹിത കേരളം പദ്ധതിയുമായി കൂട്ടിക്കുഴച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അന്യായമാണ്.

അഞ്ചാമതായി, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തലത്തിൽ വിപുലവും ജനാധിപത്യപരവുമായ പരിശോധനകൾക്ക് ശേഷമാണ് അതിദാരിദ്ര്യ നിർമാർജനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിലവിലുള്ള കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതികളുടെ ആനുകൂല്യങ്ങൾ സാധ്യമാകുന്നിടത്തെല്ലാം സംയോജിപ്പിക്കുക എന്നതാണ് പുതിയ പദ്ധതി ലക്ഷ്യമിട്ടത്. എവിടെയെങ്കിലും നിലവിലുള്ള പദ്ധതികൾ ഒരു കുടുംബത്തിലെ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് അപര്യാപ്തമാണെന്ന് കണ്ടെത്തിയാൽ സംസ്ഥാന, തദ്ദേശ സ്വയംഭരണ തലങ്ങളിൽ പുതിയ വിഭവ വകയിരുത്തലുകൾ നടത്തുകയും ചെയ്തിരുന്നു. ഓരോ വർഷത്തെയും ബജറ്റിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന വാർഷിക പദ്ധതിയിൽ ഇതിന്റെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അവരുടെ അധികാരപരിധിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്രമായ റിപ്പോർട്ടുണ്ട്. ഗുണഭോക്താക്കളുടെയും മൈക്രോ പ്ലാനുകളുടെയും സംയോജിത സംസ്ഥാനതല പട്ടികയും ലഭ്യമാണ്; സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലവിലുള്ളതുമൂലം അവ പ്രസിദ്ധീകരിച്ചിട്ടില്ല എന്നേയുള്ളൂ.

ആറാമതായി, അഗതിരഹിത കേരളം പദ്ധതിയിൽ ദളിത്, ആദിവാസി കുടുംബങ്ങൾക്കുള്ള വിശാലമായ കവറേജ് കണക്കിലെടുക്കുമ്പോൾ, അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ 64,006 കുടുംബങ്ങളുടെ പട്ടികയിലെ ഓരോ സാമൂഹ്യ വിഭാഗത്തിന്റെയും വിഹിതം ജനസംഖ്യയിലെ അവരുടെ വിഹിതവുമായോ അവർക്കിടയിലെ ദാരിദ്ര്യത്തിന്റെ വ്യാപ്തിയുമായോ പൊരുത്തപ്പെട്ടുവെന്ന് വരില്ല. 64,006 കുടുംബങ്ങളുടെ പട്ടികയിൽ 6,400 ആദിവാസി കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം, ആദിവാസി കുടുംബങ്ങളെ സംസ്ഥാന സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളും അഗതി-രഹിത കേരളം പദ്ധതിയും സമഗ്രമായി തന്നെ ഉൾച്ചേർത്തിട്ടുണ്ട്. അതായത്, 6,400 കുടുംബങ്ങൾ എന്ന കണക്ക് ആദിവാസി കുടുംബങ്ങളെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ നിന്ന് ഒഴിവാക്കി എന്നതിന് ഒരു തെളിവല്ല. കേരളത്തിലെ എല്ലാ ആദിവാസി കുടുംബങ്ങളും അതിദരിദ്രരാണെന്ന് യാന്ത്രികമായി കാണാനും കഴിയില്ല.

ഏഴാമതായി, അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക തയ്യാറാക്കിയത് ഒരു പങ്കാളിത്ത നാമനിർദ്ദേശ പ്രക്രിയയെ പിന്തുടർന്നായിരുന്നു എന്ന് പറഞ്ഞുവല്ലോ. അത് ഏതെങ്കിലും സെൻസസ് സർവേയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ലെന്ന് ഔദ്യോഗിക റിപ്പോർട്ടുകളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുറന്ന ഒരു നാമനിർദ്ദേശ പ്രക്രിയ പിന്തുടർന്നിരുന്നു എന്നു മാത്രമല്ല, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും നാമനിർദ്ദേശം ചെയ്യേണ്ട കുടുംബങ്ങളുടെ എണ്ണത്തിന് ഒരു പരിധിയും നിർദ്ദേശിച്ചിരുന്നുമില്ല. കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്നുള്ള ശുപാർശകളും വാർഡ് കമ്മിറ്റികൾക്ക് ലഭിച്ച മറ്റു ലിസ്റ്റുകളും ഈ നാമനിർദ്ദേശങ്ങളുമെല്ലാം സംയോജിപ്പിച്ചാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയത്. ഇവിടം മുതൽ അന്തിമ പട്ടിക അംഗീകരിക്കുന്നതു വരെയുള്ള എല്ലാ ഘട്ടത്തിലെയും പ്രക്രിയകൾ വിശദമായി തന്നെ ഔദ്യോഗിക റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്; ഇവയെല്ലാം പൊതുജന പരിശോധനയ്ക്ക് സൗജന്യമായി ലഭ്യവുമാണ്.

അവസാനമായി, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ ജോലി ചെയ്യുന്ന — മിനിമം വേതനം നിഷേധിക്കപ്പെടുന്ന — സ്ത്രീ തൊഴിലാളികളെ യാന്ത്രികമായി അതിദരിദ്രരായി കണക്കാക്കേണ്ടതില്ലേ എന്ന കൗതുകകരമായ ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ ഒരു ആശ തൊഴിലാളിക്ക് ശരാശരി 450-–470 രൂപ വരെ ദിവസവേതനം ലഭിക്കുന്നു (ഒരു മാസം 20 ദിവസം പണി എന്ന് കണക്കാക്കിയാൽ ഈ ശരാശരി പ്രതിദിനം 600 രൂപ ആയിഉയരും). മറുവശത്ത്, ഔദ്യോഗികമായ ടെൻഡുൽക്കർ ദാരിദ്ര്യ രേഖയ്ക്ക് അനുസൃതമായി നിശ്ചയിച്ചിരിക്കുന്ന ശരാശരി പ്രതിദിന പ്രതിശീർഷ വേതനം 60-–70 രൂപ മാത്രമാണ്. ആശ തൊഴിലാളികൾക്ക് ഉറപ്പായ മിനിമം വേതനം നൽകേണ്ടത് ഒരു രാഷ്ട്രീയ ആവശ്യമായി ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടു വരണം. ടെൻഡുൽക്കർ ദാരിദ്ര്യരേഖയെ നിരാകരിക്കുകയും മിനിമം വേതനത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ദാരിദ്ര്യരേഖകൾ സ്വീകരിക്കുകയും ചെയ്യുന്ന നിരവധി പഠനങ്ങൾ ഇതിനകം തന്നെ ചെയ്യുന്നതുപോലെ, ആശ തൊഴിലാളികളെ “ദരിദ്രർ’ എന്ന് തരംതിരിക്കുന്നതിന് ശക്തമായ ഒരു അടിസ്ഥാനവുമുണ്ട്. എന്നാൽ മിനിമം വേതനം നിഷേധിക്കുന്നതുമൂലം ഒരാളെ “അതിദരിദ്രർ’ എന്ന് യാന്ത്രികമായി വിളിക്കാൻ കഴിയില്ല; അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ പിന്തുടർന്ന നിർവചനങ്ങളും മാനദണ്ഡങ്ങളും വ്യത്യസ്തമായിരുന്നു.

ദാരിദ്ര്യ നിർമാർജനം ചരിത്രത്തിലെ ഒരു തുടർച്ചയായ പ്രക്രിയയാണ്.– എല്ലായ്-പ്പോഴും ചലനാത്മകവും ഒരിക്കലും സ്ഥിരമല്ലാത്തുമായ ഒരു പ്രതിഭാസമാണ് ദാരിദ്ര്യം. ദാരിദ്ര്യത്തെ വസ്തുനിഷ്ഠമായി നിർവചിക്കാൻ പ്രയാസമുള്ളതിനാൽ മാത്രമല്ല, ഉപജീവനമാർഗ ആഘാതങ്ങൾ ഉണ്ടായാൽ ദുർബല കുടുംബങ്ങൾ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിവീഴും എന്നതിനാലുമാണ് ദാരിദ്ര്യാവസ്ഥയെ ചലനാത്മകം എന്നു വിളിക്കുന്നത്. കൂടാതെ, സർക്കാർ മാനദണ്ഡങ്ങൾ ഭാവിയിൽ വിപുലീകരിക്കാൻ തീരുമാനിച്ചാൽ “അതിദരിദ്രർ’ എന്നു നിർവചിക്കാവുന്ന കൂടുതൽ കുടുംബങ്ങളും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോൾ, മെച്ചപ്പെട്ട സംയോജനവും വിപുലീകരിച്ച ആനുകൂല്യങ്ങളുമുള്ള ഒരു വലിയ പദ്ധതിയായിരിക്കണം അതിദാരിദ്ര്യ നിർമാർജന പദ്ധതി 2.0. ഇവയെല്ലാം കേരള സർക്കാർ തന്നെ അംഗീകരിച്ചിട്ടുള്ള നിലപാടുകളാണ്. എന്നാൽ അതിദാരിദ്ര്യ നിർമാർജന പദ്ധതി 1.0 യെക്കുറിച്ച് അടിസ്ഥാനരഹിതമായ വിമർശനങ്ങളും വിവരമില്ലാത്ത ചോദ്യങ്ങളും ഉന്നയിക്കുന്നത്, അസാധാരണമാംവിധം പ്രശംസനീയമായ ഒരു ജനാധിപത്യ പ്രക്രിയയോടും അതിനെ നയിച്ച രാഷ്ട്രീയത്തോടുമുള്ള അവജ്ഞ മാത്രമാണ് വെളിവാക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular