ഭാഗം- 1
അതിദരിദ്രരെ കണ്ടെത്തൽ
മെയ് മാസത്തിൽ, പുതുതായി അധികാരത്തിലേറിയ ഗവൺമെന്റിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് കേരളത്തിലെ ദരിദ്രരിൽ ദരിദ്രരായവരെ – – അതിദരിദ്രരെ –- കണ്ടെത്തുക എന്നുള്ളതായിരുന്നു. സംസ്ഥാനത്തെ പരമ ദരിദ്രരെ സംബന്ധിച്ച ഒരു പട്ടിക തയ്യാറാക്കുമെന്നും അതിലോരോ കുടുംബത്തെയും സഹായിക്കുന്നതിന് ആവശ്യമായ മൈക്രോ പ്ലാനുകൾക്ക് രൂപം നൽകുമെന്നും പ്രസ്താവിക്കുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പതിനൊന്നാം പോയിന്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ തീരുമാനം.
അടിസ്ഥാനപരമായി, സംസ്ഥാനത്തെ അതിദരിദ്രർ എന്നു പറഞ്ഞാൽ അതിജീവനത്തിന് യാതൊരുവിധ മാർഗ്ഗവും ഇല്ലാത്തവരും നിലവിൽ വിവിധതരം സുരക്ഷാവലയങ്ങൾ ലഭ്യമാക്കുന്നതിന് ഉപയോഗിക്കുന്ന ദരിദ്രരുടെ എല്ലാ പട്ടികകളിലും ഏതെങ്കിലും വിധത്തിൽ ഉൾപ്പെടുത്തപ്പെടാതെ പോയവരുമായ, പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളും കുടുംബങ്ങളുമാണ്. ഒരുപക്ഷേ അവർ ലിസ്റ്റുകളിൽ ഇടം പിടിച്ചിരിക്കാം, എന്നാൽ, അവർക്ക് ലഭിക്കുന്ന സഹായം സങ്കടകരമാംവിധം അപര്യാപ്തമായിരിക്കും.
അത് അവരുടെ പരിതാപകരമായ സാഹചര്യത്തിലെ നിരാശാജനകമായ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നുണ്ടാവില്ല. അരികുകളിലേക്ക് വീണുപോകുകയും നമ്മുടെ സംവിധാനത്തിന് പൂർണ്ണമായും അദൃശ്യരായിരിക്കുകയും ചെയ്യുന്ന ഈ മനുഷ്യരെ കണ്ടെത്തുന്നതിനുവേണ്ടി ഒരു രീതിശാസ്ത്രം തയ്യാറാക്കുക എന്നുള്ളതായിരുന്നു നമുക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളി.
ആശ്രയ പദ്ധതിയിലൂടെയും ദാരിദ്ര്യമുക്ത കേരളം പരിപാടിയിലൂടെയും ദരിദ്രരെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുംവേണ്ടി കുടുംബശ്രീ നടത്തിയ പ്രവർത്തനത്തെ ഇവിടെ പരിശോധനാവിധേയമാക്കുവാൻ തീരുമാനിച്ചു. അന്ന് കുടുംബശ്രീ ഉപയോഗിച്ച രീതിശാസ്ത്രത്തിന്റെ കാര്യക്ഷമതയെ വിലയിരുത്തുകയും എന്തെങ്കിലും മാറ്റം വരുത്തുവാനുണ്ടെങ്കിൽ അത് തീരുമാനിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു ആദ്യഘട്ടം. ആശ്രയ പരിപാടി 2002 –03 കാലത്ത് തുടങ്ങുകയും സംസ്ഥാനത്തിന്റെയും തദ്ദേശ ഗവൺമെന്റുകളുടെയും സഹായത്തോടുകൂടി മുടക്കമില്ലാതെ തുടർന്നുപോകുകയും ചെയ്തിരുന്നുവെങ്കിലും അതിൽ അനേകം ആവർത്തനങ്ങൾ ഉണ്ടായിരുന്നു. ആശ്രയ പദ്ധതിയുടെയും ദാരിദ്ര്യമുക്ത കേരളം പരിപാടിയുടെയും പരിധിക്കകത്ത് ഉൾപ്പെട്ടിരുന്ന കുടുംബങ്ങൾതന്നെ നേരത്തെ തദ്ദേശ ഗവൺമെന്റുകൾ രൂപംകൊടുത്ത മൈക്രോ പ്ലാനുകളിൽ ഉൾപ്പെട്ടിരുന്നു; കുറച്ചുകാലമായി സഹായം ലഭിക്കുകയും ചെയ്തിരുന്നു. ആശ്രയ പദ്ധതിയുടെ പരിധിക്ക് പുറത്തും കുടുംബങ്ങൾ ഉണ്ടാകാമെന്ന സാധ്യത യാഥാർത്ഥ്യമായിരുന്നു; കാരണം ആശ്രയ പദ്ധതിയുടെ സൂചകങ്ങളിലും അതിന് അർഹരായവരെ കണ്ടെത്തുന്നതിനുപയോഗിച്ച മാർഗ്ഗത്തിലും ചില ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. ആശ്രയ പദ്ധതിക്ക് അർഹരായവരെ തിട്ടപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പരിപാടിയിലുണ്ടായ ആവർത്തനങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമായിരുന്നു; വീണ്ടും അബദ്ധങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഒരു പ്രശ്നം ഈ സൂചകങ്ങൾ കാലഘട്ടത്തിന്റേതായ പുതിയ സങ്കീർണതകളെ ഉൾക്കൊള്ളുന്നില്ല എന്ന വസ്തുതയായിരുന്നു. അതായത് എച്ച്ഐവി എയ്ഡ്സ്, പിവിടിജികൾ, സംസ്ഥാനത്ത് താമസമാക്കിയ അവിദഗ്ധ കുടിയേറ്റ തൊഴിലാളികൾ, എൽജിബിടിക്യുഐഎ+ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, നഗരങ്ങളിലെ ചേരികളും അവിടെയുള്ളവർ നേരിടുന്ന വെല്ലുവിളികളും, കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ എന്നീ സങ്കീർണതകളെയൊന്നും ഈ സൂചകങ്ങൾ കണക്കിലെടുത്തിരുന്നില്ല. മറ്റൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും കുടുംബശ്രീയുടെ സിഡിഎസുകളിലേക്കും ചുരുങ്ങിപോയ ഈ മൈക്രോ പ്ലാനിങ് പ്രക്രിയ എത്രമാത്രം ഇടുങ്ങിയതായിരുന്നു എന്നുള്ളതാണ്; ഇത് ഡിപ്പാർട്ട്മെന്റൽ ഓണർഷിപ്പിന്റെ അഭാവത്തിന് ഇടയാക്കി. മൂന്നാമത്തേത്, ഈ കുടുംബങ്ങളുടെ ആവശ്യകതകളെ ഉൾക്കൊള്ളുന്നതും അവർക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ റെസീപ്റ്റുകൾ ട്രാക്ക് ചെയ്യുന്നതുമായ ശക്തമായൊരു ഡിജിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സംവിധാനത്തിന്റെ കുറവായിരുന്നു. ആശ്രയ പരിപാടിയുടെ സൂക്ഷ്മപരിശോധന ഇനി പറയുന്ന പാഠങ്ങൾ മുന്നോട്ടുവച്ചു:
♦ സൂചകങ്ങളെ കൂടുതൽ വൈവിധ്യവൽക്കരിക്കുകയും കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള സവിശേഷ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതാക്കുകയും വേണം.
♦ അതിദാരിദ്ര്യം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് ഗവൺമെന്റിന്റെ മൊത്തം സമീപനവും ആവശ്യമാണ്. അത് ഏതെങ്കിലുമൊരു പ്രത്യേക ഡിപ്പാർട്ട്മെന്റിനു മാത്രമായി നിർവഹിക്കാൻ കഴിയുകയില്ല.
♦ സുസജ്ജമായൊരു ഡാറ്റാകേന്ദ്രിത മോണിറ്ററിംഗ് സംവിധാനം നിലവിൽ വരണം. അങ്ങനെയായാൽ മാത്രമേ ഇടപെടലുകളുടെ തുടർച്ചയും പൂർത്തീകരണവും ഉറപ്പാക്കുവാനും ട്രാക്ക് ചെയ്യുവാനും സാധിക്കുകയുള്ളൂ.
മറ്റൊരു വിഷയം അതിദാരിദ്ര്യം നേരിടുന്ന ജനങ്ങളെ കണ്ടെത്തുന്നതിനുള്ള രീതിശാസ്ത്രവുമായി ബന്ധപ്പെട്ടതായിരുന്നു. ആകെമൊത്തത്തിലുള്ള ഒരു സർവ്വേ നടത്തണോ? അതോ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിന് കുടുംബശ്രീയുടെ മുഖമുദ്രയായ സമൂഹാധിഷ്ഠിത സമീപനം വീണ്ടും ആവർത്തിക്കണോ?
♦ കേരളത്തിലെ ഓരോ വാർഡിലും തങ്ങളുടെ പ്രദേശത്തെ മുക്കും മൂലയും അറിയാവുന്ന ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും സ്ത്രീകളുടെ അയൽപക്ക സംഘങ്ങളും ഉണ്ടെന്ന വസ്തുത, പ്രാദേശിക സംഘടനകൾക്കും കൂട്ടായ്മകൾക്കും തങ്ങളുടെ പ്രദേശത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എന്ന വസ്തുത, വാർഡ് മെമ്പർമാരും കൗൺസിലർമാരും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജനങ്ങളുമായി ബന്ധമുള്ളവരാണ് എന്ന വസ്തുത, റസിഡൻസ് അസോസിയേഷനുകളും പൗര സംഘടനകളും സഹായിക്കുവാൻ തയ്യാറാണെന്ന വസ്തുത – എന്നിവയെല്ലാം അത്തരമൊരു കൂട്ടായ അറിവിലേക്ക് വഴി തെളിക്കുന്ന, പ്രദേശത്ത് വിവിധ മേഖലകളിൽ സജീവമായി നിൽക്കുന്ന ആളുകളുടെ പൊതുപങ്കാളിത്തത്തോടെ അർഹരായവരെ കണ്ടെത്തുന്ന പ്രക്രിയയെ കുറിച്ച് (participatory identification process) ചിന്തിക്കുവാൻ നമ്മളെ പ്രാപ്തരാക്കി. വ്യക്തിഗതമായി നോക്കിയാൽ അവരുടെ ഓരോരുത്തരുടെയും അറിവുകൾ അപൂർണ്ണമായിരിക്കാം, പക്ഷേ അവർ ഒരുമിച്ചിരിക്കുമ്പോൾ ചർച്ചയിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും ഒടുവിൽ അർഹർ ആരൊക്കെയെന്ന് നിർണയിക്കുന്നതിലൂടെയും തങ്ങൾക്കിടയിലെ അതിദരിദ്രരെ വസ്തുനിഷ്ഠമായി കണ്ടെത്താൻ അവർക്ക് കഴിയും. കോവിഡ് ലോക്ക്ഡൗൺ കാലത്തെ അനുഭവം, ഈ ജീവനക്കാരും വളണ്ടിയർമാരും തങ്ങളുടെ പ്രദേശങ്ങളിലെ അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുമായിവരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് എന്ന് തെളിയിച്ചിട്ടുള്ളതാണ്.
സാർവത്രികമായ തോതിൽ ഇത്തരം ഒരു സംവേദനക്ഷമമായ ഉദ്യമം നിർവഹിക്കുന്നതിന് ആവശ്യമായ സമൂഹാധിഷ്ഠിത സമീപനം (community approach) എന്തായിരിക്കണം? ദരിദ്രരെ സംബന്ധിച്ച സമൂഹാധിഷ്ഠിത വിലയിരുത്തലുകൾ നടത്തുന്ന വിദഗ്ധരോടൊപ്പം സമൂഹ ഏകോപനത്തിന്റെ മിടിപ്പ് അറിയാവുന്ന ജനങ്ങളെയും ഒന്നിച്ച് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. ഒരു പ്രാഥമികതല കൂടിയാലോചന നടത്തുകയും രീതിശാസ്ത്രത്തെ വികസിപ്പിച്ചെടുക്കുന്നതിന് ഒരു പ്രധാന ടീമിനെ രൂപീകരിക്കുകയും ചെയ്തു. കിലയുടെ ഡയറക്ടർ ജനറലും പ്രധാന ഫാക്കൽറ്റിയും ഒപ്പം ആശ്രയ പദ്ധതി മുന്നോട്ടുകൊണ്ടുപോയിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊഫഷണലുകളും കുടുംബശ്രീ – വികേന്ദ്രീകരണ വിദഗ്ധരുമടങ്ങുന്ന ഒരു ടീമിന് രൂപംകൊടുത്തു. ഈ ഉദ്യമത്തിന്റെ സെക്രട്ടറിയേറ്റായി കില പ്രവർത്തിച്ചു.
സൂചകങ്ങളും അവയുടെ തരംതിരിക്കലും എല്ലാ സന്ദർഭത്തിലും അർത്ഥവത്താണോ എന്ന് പരിശോധിക്കുന്നതിന് ഫീൽഡുതല വിമർശനപഠനം ആവശ്യമായി വന്നു. അങ്ങനെ കിലയുടെ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺമാരോടും ദാരിദ്ര്യനിർമാർജനത്തിലും കുടുംബശ്രീയിലും പ്രവർത്തിച്ച മുതിർന്ന ഫീൽഡ് വിദഗ്ധരോടും ഈ രംഗത്ത് ഒരു പഠനം നടത്തി ഫീഡ്ബാക്ക് നൽകാൻ നിർദ്ദേശിച്ചു. ആശ്രയ പദ്ധതിക്കകത്ത് ഉൾപ്പെടുന്ന 40 കുടുംബങ്ങൾ ഗതികെട്ട സാഹചര്യങ്ങളിൽ ജീവിക്കുന്നുവെന്ന് അവർ കണ്ടെത്തി. ഈ ഫീഡ്ബാക്ക് കോർ ടീമിനു (core team) മുന്നിൽ അവതരിപ്പിക്കപ്പെടുകയും, അങ്ങനെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ദൗർബല്യങ്ങളും പൂർണമായി കണക്കിലെടുക്കപ്പെട്ടിട്ടില്ല എന്ന നിരീക്ഷണത്തിൽ ടീം എത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ മാനദണ്ഡങ്ങളെ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടു. കാര്യമായ എല്ലാ ദൗർബല്യങ്ങളും കണക്കിലെടുക്കപ്പെടുകയും ആവശ്യമായ പ്രാധാന്യം അവയ്ക്ക് നൽകപ്പെടുകയും ചെയ്തു എന്നുള്ളത് വളരെ പ്രധാനമാണ്. പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഒട്ടും തന്നെ അവ്യക്തതയില്ലാത്തതുമായിരുന്നു.
അർഹരായവരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയുടെ കേന്ദ്രമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിച്ചു എന്നതും പ്രധാനമാണ്. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ടുനിന്ന എല്ലാ കമ്യൂണിറ്റി സ്റ്റേക്ക് ഹോൾഡർമാരെയും തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി. മനുഷ്യർക്ക് അവകാശപ്പെട്ടത് അവർക്ക് ലഭ്യമാക്കുന്നതിന് അത് ആധാർ കാർഡ്, തൊഴിലുറപ്പ് തൊഴിൽ കാർഡ്, റേഷൻകാർഡ്, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ എന്നിങ്ങനെ എന്തുമാകട്ടെ – – അവരെ സഹായിക്കുവാൻ പഞ്ചായത്തുകളെയും നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെയും ഉത്തരവാദപ്പെടുത്തി. അതുപോലെതന്നെ വീടില്ലാത്തവർക്ക് വീട്, കുടിവെള്ളം, ശുചീകരണ സംവിധാനങ്ങൾ തുടങ്ങിയവയും ആരോഗ്യ സുരക്ഷയാവശ്യമുള്ളവർ ക്ക് അതും വിദ്യാഭ്യാസം ലഭ്യമാക്കേണ്ടവർക്ക് അതും ലഭ്യമാക്കുന്നതിന് ഈ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഈ പ്രവർത്തനത്തിൽ ജനാധിപത്യ ശക്തികളെ വിശ്വാസത്തിലെടുക്കുക എന്നുള്ളത് ഏറ്റവും പ്രധാനമായിരുന്നു. കാരണം അങ്ങനെയല്ല എന്നുണ്ടെങ്കിൽ പദ്ധതി പ്രമാണിവർഗ്ഗത്തിന്റെ പിടിയിലാകും. ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നവർ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നവർ ആവുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിനെ അവതാളത്തിൽ ആക്കുന്നത് തടയും. സുതാര്യതയും പ്രോത്സാഹനവും എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം പദ്ധതി അവതാളത്തിൽ ആകുന്നതിനുള്ള സാധ്യതയും കുറയും. അതിനാൽ പൗരർ പദ്ധതിയുമായി ഇടപെടുന്നതിനുള്ള വ്യക്തമായ ഇടം, പൂർണ്ണമായ വ്യാപനം, ശക്തവും ആരോഗ്യകരവുമായ പര്യാലോചന എന്നിവയായിരുന്നു ആവശ്യമായിരുന്നത്. അതിന് ഒരേസമയം സമഗ്രവും ലളിതവുമായ കൈപുസ്തകങ്ങൾ ആവശ്യമായിരുന്നു. ഇത് പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അർഹരായവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം ശക്തമായും തുടർച്ചയായും ഏകോപിപ്പിച്ചു നടത്തുന്നതിനും വേണ്ട ശേഷി കെട്ടിപ്പടുക്കുകയും നവീകരണ പ്രക്രിയ സാധ്യമാക്കുകയും ചെയ്തു.
അടുത്തഘട്ടം അനുയോജ്യമായ മാതൃക മുന്നോട്ടുവയ്ക്കുകയും അത് പൂർണമായി നടപ്പിലാക്കുന്നതിന് അതിനെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനായി നടത്തിയ പ്രവർത്തനങ്ങളാണ് ഇനി പറയുന്നത്:
♦ വാർഡ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ജനകീയ കമ്മിറ്റികൾ.
♦ ജില്ലയിലും സംസ്ഥാനത്തും ഇന്റർ ഡിപ്പാർട്ട്മെന്റ് ഏകോപനത്തിനുവേണ്ടിയുള്ള ഏകോപന സമിതികൾ.
♦ ഓരോ വാർഡിലും കൃത്യമായ കണക്കെടുക്കുന്നതിന് (enumerator) പരിശീലനം ലഭിച്ച രണ്ടു വൊളന്റിയർമാർ.
️♦ കണക്കിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ 20 ശതമാനം സൂക്ഷ്മ പരിശോധന നടത്തുന്നതിനുവേണ്ടിയുള്ള സാമ്പത്തിക സ്ഥിതിവിവര സർവ്വേ ടീമുകളെ നിയോഗിച്ചു.
️♦ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും രൂപകല്പന ചെയ്തിട്ടുള്ള പരിപാടിക്കുവേണ്ടി അവിടുത്തെതന്നെ ഉദ്യോഗസ്ഥരെ ചാർജ് ഓഫീസർമാരായി ചുമതലപ്പെടുത്തി.
️♦ മൊത്തം പ്രക്രിയയുടെ കൈപുസ്തകം തയ്യാറാക്കി.
♦ ഓരോ കാറ്റഗറിക്കും സമഗ്രമായ പരിശീലനം നൽകി.
♦ ഓരോ വാർഡിലും അതത് വാർഡ് കമ്മിറ്റികൾ ആശ്രയ പദ്ധതി, അന്ത്യോദയ അന്ന യോജന തുടങ്ങിയ അതിദരിദ്രർക്കുവേണ്ടി നിലവിലുള്ള പദ്ധതികളിലെ ഗുണഭോക്തൃ പട്ടിക, ഭിന്നശേഷിക്കാരുടെ പട്ടിക, പാലിയേറ്റീവ് പരിചരണം തേടിയിട്ടുള്ളവരുടെ പട്ടിക എന്നിവയെല്ലാം സമഗ്രമായി പരിശോധിച്ചു.
️♦ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എല്ലാ വാർഡുകളിലും ചർച്ചയ്ക്കുവച്ചു.
️♦ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് മൂന്നു പ്രാവശ്യം വീതമെങ്കിലും ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ചു.
️♦ കണ്ടെത്തിയ വ്യക്തികളുടെ വിശദവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മൊബൈൽ ആപ്പ് സജ്ജമാക്കി.
️♦ കണ്ടെത്തിയ എല്ലാ വ്യക്തികളുടെയും നേരിട്ടുള്ള കണക്കെടുപ്പ് നടത്തി.
️♦ 20% മേൽ പരിശോധന നടപ്പാക്കി.
♦ ഇത്തരത്തിൽ കണ്ടെത്തി ഉറപ്പാക്കിയ വ്യക്തികളുടെ പട്ടികകൾ തദ്ദേശ സ്വയംഭരണ കൗൺസിലുകളുടെ അംഗീകാരത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടു.
️♦ കണ്ടെത്തിയ വ്യക്തികളുടെ വാർഡുതല പട്ടികകൾ ഗ്രാമസഭകൾക്ക്/ വാർഡ് സഭകൾക്ക് മുമ്പാകെ വെക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
️♦ അതിദരിദ്രരായ കുടുംബങ്ങളുടെ അന്തിമ തദ്ദേശസ്വയംഭരണ സ്ഥാപനതല പട്ടിക പ്രസിദ്ധീകരിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
ഭാഗം II
പുനരധിവാസം
അഗതികളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ ആവശ്യമായ നീക്കങ്ങളുടെ ബഹുമുഖസ്വഭാവം വളരെ മുൻപെ 2002ൽ തന്നെ ബോധ്യപ്പെട്ടതാണ്; 2002ലെ ആശ്രയ പരിപാടി പുതുക്കി മെച്ചപ്പെടുത്തിയതാണ് ‘മെെക്രോപ്ലാൻ’. വെറുതെ സബ്സിഡി പിന്തുണ നൽകിയതുകൊണ്ടുമാത്രം ഒരു കാര്യവുമില്ല. വരുമാനോൽപ്പാദനത്തിനുള്ള പിന്തുണ നൽകുന്നതും മതിയാവില്ല; അങ്ങനെയായിരുന്നല്ലോ ഐആർഡിപി (സംയോജിത ഗ്രാമ വികസന പരിപാടി) യുടെ രീതിയും. കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്ജിഎസ്-വെെ ആരംഭിച്ചപ്പോൾ അതിൽ അൽപം പുതുമയുള്ളതും വെെവിധ്യപൂർണവുമായ സമീപനമുണ്ടായിരുന്നു; ആ പദ്ധതി കടബാധ്യതയെയും ദാരിദ്ര്യമുണ്ടാക്കുന്നതിൽ അതിന്റെ സ്വാധീനവും അംഗീകരിക്കുകയും അതുകൊണ്ടുതന്നെ ധനപരമായ ഉൾച്ചേർക്കലിനും മിച്ചമുണ്ടാക്കലിനും വായ്പയ്ക്കുമെല്ലാം മുൻഗണന നൽകുകയുമുണ്ടായി. എന്നാൽ, ഏതെങ്കിലും വിധത്തിലുള്ള തുടർച്ചയായ വരുമാനമില്ലാത്ത ഒരാൾക്കും ഇത്തരമൊരു പരിപാടിയിൽനിന്നും യാതൊരു സേവനവും ലഭിക്കില്ല. ഏറ്റവും കുറഞ്ഞ വരുമാനമുള്ള ആളുകളെ ഉൾപ്പെടുത്തുന്ന ഒരു പരിപാടിയാണ് എംജിഎൻആർഇജിഎസ്; അവിടെയും അവിദഗ്ദ്ധ കായികാധ്വാനം ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ ശേഷിയെങ്കിലുമുണ്ടായിരിക്കണം. ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനുള്ള പരമ്പരാഗത സമീപനങ്ങൾ വ്യത്യസ്ത പരിപാടികളിലൂടെ നോക്കിയത്, വരുമാനവും ആസ്തിയും ഇല്ലാത്തതും ധനപരമായി ഒഴിവാക്കപ്പെട്ട സ്ഥിതിയും സാമൂഹ്യസുരക്ഷാ ശൃംഖലയുടെ അഭാവവുമുണ്ടോയെന്നാണ്. ഈ പരിപാടികൾ പ്രകാരമോ ഇതിൽ ഏതെങ്കിലുമൊന്നു പ്രകാരമോ പരമദരിദ്രരായവർ ശ്രദ്ധിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. ദാരിദ്ര്യത്തിന്റെ ബഹുമുഖ സ്വഭാവത്തിന് പരിഹാരം കാണാൻ ബഹുമുഖമായ സമീപനമാണാവശ്യം – ഒരേ സമയം തന്നെ, അടിസ്ഥാന ജീവിതാവസ്ഥയ്ക്കും ഉപജീവനത്തിനും ആരോഗ്യത്തിനും പട്ടിണിക്കും സാമൂഹികമായ അരികുവൽക്കരണത്തിനും പരിഹാരം കാണണം. അതിദരിദ്രരെ കണ്ടെത്തുന്നതിന് അടിസ്ഥാനമാക്കിയ മാനദണ്ഡം അവരിൽ പലർക്കും ഏതെങ്കിലും വിധത്തിൽ ഉപജീവനമാർഗം കണ്ടെത്താനാകുന്നില്ലായെന്നതും എന്തെങ്കിലും മൂല്യമുള്ള ഒരു ആസ്തിയുമില്ലായെന്നതും ജോലി ചെയ്യാൻ കഴിയാത്തവിധം ശാരീരികമോ മാനസികമോ ആയ അവശതകൾ ഉണ്ടെന്നതുകൊണ്ട് അവർക്ക് വരുമാനത്തിന് യാതൊരു വഴിയുമില്ലെന്നതുമാണ്. ഇത്തരം കുടുംബങ്ങൾക്ക് പലപ്പോഴും റേഷൻ കാർഡോ ആധാർ കാർഡോ പോലുള്ള അവകാശരേഖകളൊന്നുമുണ്ടായിരിക്കില്ല; അവർ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും പുറത്തായിരിക്കും.
ഇത്തരമാളുകളെ കണ്ടെത്തുന്നതിന്, ഓരോ കുടുംബവും നേരിടുന്ന ദുരിതങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങൾ എന്തെല്ലാമെന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതുമുണ്ട്. ഇത് ലളിതമാണെന്ന് തോന്നുമെങ്കിലും ഇവരിൽ വിശ്വാസം ജനിപ്പിക്കലും ഈ ദുർബല ജനതയുടെ ആവശ്യങ്ങൾക്ക് ചെവി കൊടുക്കുന്നതും നമ്മുടെ കാഴ്ചപ്പാടും ആവശ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായവും അവരുടെമേൽ അടിച്ചേൽപ്പിക്കാതിരിക്കുന്നതിനും നമുക്ക് വളരെ വലിയ സഹാനുഭൂതിയും സംവേദനക്ഷമയും ഉണ്ടായിരിക്കണം. ഇവിടെയാണ് കുടുംബശ്രീയുടെ സാമൂഹ്യശൃംഖലയുടെ പ്രാധാന്യം. ആശ്രയപരിപാടിയിൽ കുടുംബശ്രീയുടെ സിഡിഎസ്സുമാരാണ് അഗതികളായ കുടുംബങ്ങൾക്കൊപ്പമിരിക്കാനും അവരുടെ ആവശ്യങ്ങളെന്തെന്ന് രേഖപ്പെടുത്താനും അവർക്കു വേണ്ട മെെക്രോപ്ലാനുകൾക്ക് രൂപം നൽകാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത്.
പദ്ധതിയിൽ ഉൾപ്പെടുന്ന വലിയ തോതിൽ ദുർബലതയുള്ള അതിദരിദ്ര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സമയത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാൽ, മെെക്രോപ്ലാനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കെവെ തന്നെ അത്തരക്കാർക്ക് സുരക്ഷാ ശൃംഖല ഒരുക്കുന്നതിന് അടിയന്തര ഇടപെടലുകൾ ആവശ്യമുണ്ട്. അങ്ങനെ ഈ കുടുംബങ്ങൾക്കായി പെട്ടെന്ന് നടപ്പാക്കേണ്ടത്, ഹ്രസ്വകാല നടപടി, ദീർഘകാല നടപടി എന്നിങ്ങനെ ത്രിതല തന്ത്രത്തിന് രൂപം നൽകണം. അതിദരിദ്രരുടെ പൊതുവായ സവിശേഷത അവകാശപത്രങ്ങൾ ലഭ്യമാക്കാൻ അവർക്ക് കഴിയാത്തതാണ്. സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങൾക്കും ഈ ശേഷിയുണ്ട്– ആധാർ, വോട്ടർ ഐഡി, എംജിഎൻആർഇജിഎസ് പരിപാടി പ്രകാരമുള്ള തൊഴിൽ കാർഡ്, സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട്, ബിപിഎൽ റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ എന്നിത്യാദി ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാത്തവരാണിവർ. ഈ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനൊപ്പം സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ബസ് കൺസഷൻ ലഭ്യമാക്കലുമാണ് അടിയന്തര ഇടപെടൽ തന്ത്രം. അടിയന്തരമായി ഈ അവകാശരേഖകൾ ബന്ധപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കി. അടിയന്തര ഇടപെടലുകൾ നടന്നുകൊണ്ടിരിക്കവെ തന്നെ ഉന്നതതല അവലോകന യോഗം ചേർന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഈ യോഗങ്ങളിൽ പങ്കെടുത്തു. ഇപ്പോഴത്തെ അവസ്ഥയിൽ കെെവരിച്ച നേട്ടങ്ങളും എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് സംബന്ധിച്ചും വകുപ്പ് മേധാവികൾ റിപ്പോർട്ടു നൽകി. ഇൗ പ്രക്രിയ കഴിഞ്ഞ ഉടൻ തന്നെ മേഖലാതല അവലോകന യോഗങ്ങളും നടന്നു. അവയിൽ മന്ത്രിസഭാ അംഗങ്ങളാകെയും ചീഫ് സെക്രട്ടറിയും ഡിപ്പാർട്ട്മെന്റ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. അതിദാരിദ്ര്യ, നിർമാർജന പരിപാടിയുടെ സ്ഥിതിയെയും അടിയന്തരമായി ഇടപെടേണ്ട കാര്യങ്ങളെയും കുറിച്ചുള്ള ചർച്ചയായിരുന്നു മുഖ്യ അജൻഡ. അതിദാരിദ്ര്യ നിർമാർജന പരിപാടിയോടുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെയും അതിനു നൽകുന്ന മുൻഗണനയെയും വ്യക്തമാക്കുന്നതായിരുന്നു ഈ അവലോകനങ്ങൾ. ഇത് യാഥാർഥ്യമാക്കുന്നതിൽ ഓരോരുത്തരുടെയും പങ്കും ഉത്തരവാദിത്തങ്ങളും നിശ്ചയിക്കപ്പെട്ടു. ഗവൺമെന്റ് നടപ്പാക്കിയ നൂറുദിന കർമപദ്ധതിയോടുകൂടി ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കപ്പെട്ടു.
ഈ പദ്ധതിയുടെ നടത്തിപ്പിന്റെ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന് ചില നയങ്ങളിലെ തിരുത്തലുകൾ ആവശ്യമായി വരും എന്ന് അവലോകനങ്ങളിൽ നിന്നും വ്യക്തമായി. ലൈഫ് പദ്ധതിയുടെയും സേഫിന്റെയും മാർഗ്ഗനിർദേശങ്ങളിൽ ചില കൂട്ടിച്ചേർക്കലുകൾ അനിവാര്യമാക്കി. ഈ സ്കീമുകളുടെയെല്ലാം പ്രയോജനങ്ങൾ അതിദരിദ്രർക്കടക്കം ലഭ്യമാകുന്നു എന്നുറപ്പാക്കുവാൻ ഡിപ്പാർട്ട്മെന്റുകൾക്ക് നിർദ്ദേശവും നൽകി.
അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ നടപ്പാക്കൽ എന്നത് ഒരു സാധാരണ പ്രവർത്തനമായിരുന്നില്ല എന്ന് കാണേണ്ടതുണ്ട്. ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ട്മെന്റുകളും ഈ പദ്ധതിയുടെ നടത്തിപ്പിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലുകയും നാം നേടിയെടുത്ത നേട്ടങ്ങളുടെ ഉത്തരവാദിത്വം ഏൽക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം നിരന്തരം ഈ പരിപാടിക്ക് നൽകിയ മുൻഗണനയും അവലോകനങ്ങളുടെ ആഴവും വ്യക്തമാക്കുന്നത്, സാധാരണ സ്കീമുകളിൽ സംഭവിക്കാറുള്ളതുപോലെ ഈ പദ്ധതി ഒരിക്കലും പിന്നോട്ടടിക്കപ്പെട്ടിട്ടില്ല എന്നു തന്നെയാണ്.
എന്തുതന്നെയായാലും, ഇത്തരമൊരു പരിപാടിയുടെ നടപ്പാക്കൽ സാധ്യമാക്കിയ കൂടുതൽ നിർണായകമായ ചില അന്തർഘടകങ്ങളുണ്ട്. അതിലൊന്നാമത്തേത് നമ്മുടെ സംസ്ഥാനത്തെ തദ്ദേശ ഭരണസംവിധാനത്തിന്റെ സ്വഭാവമാണ്. കേരളത്തിലെ തദ്ദേശ ഗവൺമെന്റുകൾക്ക് രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെക്കാളും കൂടുതൽ സാമ്പത്തിക വിഭവങ്ങൾ ഗണ്യമായതോതിൽ ലഭ്യമാകുന്നുണ്ട് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുത തന്നെയാണ്. ഒപ്പം തന്നെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്വങ്ങളുടെയും അധികാരങ്ങളുടെയും കൈമാറ്റവും സുപ്രധാനമാണ്. തദ്ദേശ ഗവൺമെന്റുകളുടെ പരിധിക്കു കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫീസർമാരും ഈ മേഖലാതല ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത് എന്നതും കണക്കിലെടുക്കപ്പെടേണ്ടതാണ്. സ്കൂളുകളും ആശുപത്രികളും തുടങ്ങി വൃദ്ധസദനങ്ങൾ വരെയുള്ള ഗവൺമെന്റിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ തദ്ദേശ ഗവൺമെന്റുകളുടെ സ്വീകാര്യതയും ശബ്ദവും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഈ സ്ഥാപനങ്ങളിലും സ്കീമുകളിലുമെല്ലാം തീരുമാനം എടുക്കുന്ന പ്രക്രിയയിൽ തദ്ദേശ ഗവൺമെന്റുകളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കേന്ദ്ര വ്യക്തികളാണ്, അല്ലാതെ അവരെ കേവലം പ്രതീക പ്രാധിനിധ്യത്തിനുവേണ്ടി നിർത്തുകയല്ല കേരളത്തിൽ ചെയ്യുന്നത്. തദ്ദേശഭരണത്തിനുള്ള ഈയൊരു പ്രാധാന്യം വളണ്ടിയറിസത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉത്തോലക ശക്തിയാകുവാനും വ്യത്യസ്ത തലങ്ങളിൽനിന്നും സ്റ്റേക്ക് ഹോൾഡേഴ്സിനെ മുന്നോട്ടുകൊണ്ടു വരുവാനുമുള്ള അവസരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. മറ്റൊരു നിർണായക ഘടകം കുടുംബശ്രീ ശൃംഖലയിലൂടെ സാമൂഹിക സംഘാടനത്തിന്റെ സാർവത്രികമായ വ്യാപനം സാധ്യമാക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. സ്ത്രീകളുടെയും ദരിദ്രരുടെയും ശബ്ദത്തെ കുടുംബശ്രീ അഭൂതപൂർവ്വമായവിധം മുൻനിരയിലേക്ക് കൊണ്ടുവന്നു. രൂപകല്പനകൊണ്ടുതന്നെ കുടുംബശ്രീ തദ്ദേശ ഭരണസംവിധാനത്തിന്റെ ഘടനയുമായി അങ്ങേയറ്റം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അത് കുടുംബശ്രീയെ തദ്ദേശ സ്വയംഭരണ സ്ഥാപനതല ഘടനയും സ്ഥാപനങ്ങളുമായും നിരന്തരമായ ഇടപെടലിനും യോജിച്ച പ്രവർത്തനത്തിനും പ്രാപ്തമാക്കുന്നു. ഈ യോജിച്ച പ്രവർത്തനം പരസ്പരം പ്രയോജനദായകമാണ; അതായത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അതിന്റെ സേവനങ്ങളും ഇടപെടലുകളും പരമാവധി വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കുവാനും അവരിലേക്ക് കടന്നുചെല്ലുവാനുമുള്ള അവസരം ഒരുക്കുന്നു; കുടുംബശ്രീയെ സംബന്ധിച്ചിടത്തോളം, ഈ യോജിച്ച പ്രവർത്തനം കുടുംബശ്രീയുടെ സ്വീകാര്യത വർദ്ധിപ്പിക്കുവാനും മഹത്തായ പൊതു നന്മയ്ക്കു വേണ്ടി സമൂഹത്തിന്റെ കരുത്ത് ശക്തിപ്പെടുത്തുവാനും അവസരമൊരുക്കുന്നു. ഇത് ആത്യന്തികമായി അന്തസ്സിനെയും പരസ്പര ബഹുമാനത്തെയും പൗരത്വത്തെയും ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇവയെല്ലാംതന്നെ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു വേണ്ടിയുള്ള കൃത്യമായ ചേരുവ നൽകുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത് നടപ്പാക്കാൻ എളുപ്പമാണെന്നും അതിന്റെ വഴിയിൽ തടസ്സം നിൽക്കുന്നത് ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള വഴക്കമില്ലായ്മയാണെന്നും പറയുന്നത് ഒരു തെറ്റായ ചിന്താഗതിയാണ്. സമഗ്രമായ ഉത്തരവുകളും നിരന്തരമായ ഏകോപനവും തീർച്ചയായും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് സഹായകവും പ്രേരകവുമാണ്; പക്ഷേ, കഴിവുറ്റ സമൂഹങ്ങളും കഴിവുറ്റ തദ്ദേശ ഗവൺമെന്റുകളും, സ്റ്റേക്ക് ഹോൾഡർമാരിൽ ധാർമികവും നീതിപൂർവ്വകവുമായ ഭരണനിർവഹണത്തിനു വേണ്ടിയുള്ള സുസ്ഥിരശേഷിയുടെ കെട്ടിപ്പടുക്കലും ഇല്ലാത്തപക്ഷം ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത് യാന്ത്രികവും ബന്ധമറ്റതുമായി പോകും. അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് എങ്ങനെ അത് സാധ്യമാക്കാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ, വീണ്ടെടുപ്പിനു സന്നദ്ധമായ സമൂഹങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുത്തതായതുകൊണ്ടും അതിന്റെ എല്ലാ തലങ്ങളിലും ലക്ഷ്യത്തിലെത്താൻ ദൃഢപ്രതിജ്ഞ ചെയ്ത ഭരണസംവിധാനം ഉണ്ടായിരുന്നതുകൊണ്ടുമാണ് എന്ന് നമുക്ക് പറയാം. സ്ഥിതിവിവര കണക്കുകളിൽ അപ്രധാനമായിരുന്ന കാര്യങ്ങൾപോലും പ്രധാനമാണ് എന്നും നീതിപൂർവ്വകവും ജനങ്ങളോട് അനുകമ്പയുള്ളതുമായ ഒരു ഗവൺമെന്റിന്റെ തീരുമാനങ്ങൾക്കൊപ്പം നടക്കാൻ സാധിക്കുമെന്നും ഈ അതിദാരിദ്ര്യനിർമാർജന പദ്ധതി തെളിയിച്ചിരിക്കുന്നു. l



