നവകേരളത്തിലേക്കുള്ള ഒരു നിർണായകമായ ചുവടുവെപ്പു കൂടി നാം നടത്തിയിരിക്കുകയാണല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ നടന്ന സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളുടെയും പിന്നീട് ഇരുപതാം നൂറ്റാണ്ടോടെ കർഷക-, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളിലൂടെ ശക്തിപ്പെട്ട വർഗ്ഗ സമരത്തിന്റെയും ഫലമായി ജാതി, ജന്മി, നാടുവാഴി സാമൂഹിക ക്രമത്തിൽ നിന്ന് ആധുനിക ജനാധിപത്യ -മതനിരപേക്ഷ സമൂഹമായി കേരളം പരിണമിച്ചു. മനുഷ്യാന്തസ്സ്, സാമൂഹിക നീതി, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയിൽ അധിഷ്ഠിതമായ ഒരു വികസന മാതൃക നമുക്ക് വളർത്തിയെടുക്കാനായി.
ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം
2025ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 18.3 ശതമാനം ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് – ഏകദേശം 110 കോടി ജനങ്ങൾ. ഇന്ത്യയിൽ 11.28 ശതമാനം ജനങ്ങൾ ദരിദ്രരാണ്.
ദാരിദ്ര്യ നിർമാർജനത്തിൽ വലിയ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. 1973- – 74 ൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 59.8 ശതമാനവും ദരിദ്രരായിരുന്നു. 1993–-94 ൽ ഇത് 25.4 ശതമാനമായി കുറഞ്ഞു. 2011-–12 ൽ 11.3 ശതമാനത്തിലെത്തി. 2021ൽ നിതി ആയോഗിന്റെ കണക്കനുസരിച്ച് കേരളത്തിലെ ദരിദ്രരുടെ ശതമാനം .71 ആയിരുന്നു. 2023 ൽ .55 ശതമാനവും ഏറ്റവുമൊടുവിൽ .48 ശതമാനവുമായി. ഇതിലെ അതിദരിദ്രരെയാണ് പുതിയ ജീവിതത്തിലേക്ക് സർക്കാർ കൈപിടിച്ചുയർത്തിയത്.
1976 ലെ യുണൈറ്റഡ് നേഷൻസ് ആഗോള സാമ്പത്തിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള ഉടമ്പടി (UN Covenant on Economic, Social and Cultural Rights) പ്രകാരം സാമൂഹിക സംരക്ഷണവും മാന്യമായ ജീവിത നിലവാരവും മനുഷ്യാവകാശമാണ്. ദാരിദ്ര്യ നിർമാർജന പ്രവർത്തനം അതിനാൽ തന്നെ ഒരു സർക്കാർ പദ്ധതി എന്നതിലുപരി സമൂഹത്തിന്റെ യാകെ നൈതിക ബാധ്യതയും സാമൂഹിക ഉത്തരവാദിത്വവുമാണ്. ആ നിലയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ കൂട്ടായ പരിശ്രമം ഉറപ്പാക്കിയാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്.
വ്യത്യസ്തമായ പദ്ധതി
കേരളത്തിൽ ഇതിനുമുമ്പ് ദാരിദ്ര്യ നിർമാർജനത്തിനുള്ള നിരവധി പദ്ധതികൾ നടന്നിട്ടുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായ പദ്ധതിയാണിത്. കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പാക്കിയാണ് അതിദാരിദ്ര്യ നിർമാർജനം സാധ്യമാക്കിയത്. അപേക്ഷ നൽകാനും രേഖകൾ ഹാജരാക്കാനും ഗുണഭോക്താക്കളോട് ആവശ്യപ്പെടുന്ന പരമ്പരാഗത രീതി മാറ്റി, ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ജനകീയ പിന്തുണാ സംവിധാനങ്ങളിലൂടെ അവർക്ക് സഹായം എത്തിക്കുന്ന രീതിയാണ് അവലംബിച്ചത്. ഒറ്റത്തവണ ധനസഹായമോ സർക്കാരിന്റെ മുമ്പിൽ ദയാഹർജിയുമായി വന്നവർക്ക് ഭിക്ഷയോ ദാനമോ ഔദാര്യമോ ആയി സർക്കാർ ചില്ലറ സഹായവിതരണം നടത്തിയ പരിപാടിയോ ആയിരുന്നില്ല ഇത്. ഇങ്ങോട്ട് വരികയല്ല, അങ്ങോട്ട് തേടിച്ചെന്ന് അതിദരിദ്രരെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർണയിച്ച് അവരെ അധഃസ്ഥിത ജീവിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ഭരണസംവിധാനത്തെയാകെ അണിനിരത്തി നാലര വർഷം കൊണ്ട് നടപ്പാക്കിയ അവകാശാധിഷ്ഠിതമായ പദ്ധതിയായിരുന്നു അതിദാരിദ്ര്യ നിർമാർജന പദ്ധതി. ഇത് വ്യത്യസ്തമായ പുതിയൊരു മാതൃകയാണ്.
ഓരോ കുടുംബത്തിനും സവിശേഷ മൈക്രോ പ്ലാൻ
ഓരോ കുടുംബത്തിന്റെയും കൂടുതൽ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി വ്യക്തിഗത മൈക്രോ പ്ലാനുകൾ തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും വ്യത്യസ്തമായ ക്ലേശ ഘടകങ്ങൾ നിർമാർജനം ചെയ്യാൻ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പദ്ധതികളായി തിരിച്ചാണ് മൈക്രോ പ്ലാനുകൾ തയ്യാറാക്കിയത്. ഉടൻ നൽകാവുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഹ്രസ്വകാല പദ്ധതികളിൽ ഉൾപ്പെടുത്തി. മൂന്നു മാസം മുതൽ രണ്ടു വർഷത്തിനുള്ളിൽ ലഭ്യമാക്കാവുന്ന സേവനങ്ങളും സൗകര്യങ്ങളുമാണ് ഇടക്കാല പ്ലാനുകളിൽ ഉൾപ്പെടുത്തിയത്. ഹ്രസ്വകാല പദ്ധതികളും ഇടക്കാല പദ്ധതികളും പ്രായോഗികമല്ലാത്ത കുടുംബങ്ങൾക്ക് ദീർഘകാല സമഗ്ര പദ്ധതികൾ തയ്യാറാക്കി.
അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ വഴിയും നിലവിലുള്ള വിവിധ പദ്ധതികൾ വഴിയും ഏകദേശം1000 കോടിയിലധികം രൂപ സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 160 കോടി രൂപ ബജറ്റ് വഴി സംസ്ഥാനസർക്കാർ നേരിട്ട് ലഭ്യമാക്കിയതാണ്.
എന്തു ചെയ്തു?
പദ്ധതിയുടെ ആദ്യഘട്ടമായി ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. മൂന്നുനേരത്തെ ആഹാരം കണ്ടെത്താൻ കഴിയാതിരുന്ന 20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ആഹാരം നൽകുന്നു. ഇതിൽ 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വരുന്നു. 2210 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും പാകം ചെയ്ത ഭക്ഷണമാണ് നൽകുന്നത്. ആരോഗ്യം ക്ലേശ ഘടകമായുള്ള 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് വൈദ്യസഹായം നൽകി. 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യസഹായം നൽകി. 35,955 വ്യക്തികൾക്ക് മുടക്കമില്ലാതെ മരുന്നുകൾ നൽകി. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത് 219 പേർക്കാണ്. 12 കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകി. കൂട്ടിരിപ്പുകാർ ഇല്ലാതിരുന്ന 173 പേർക്ക് കൂട്ടിരിപ്പുകാരെ നൽകി. 1279 പേർക്ക് ചികിത്സയ്ക്കായി ഗതാഗത സൗകര്യമൊരുക്കി. പാലിയേറ്റീവ് പരിചരണം നൽകിയത് 5777 പേർക്കാണ്. ഏഴുപേർക്ക് അവയവം മാറ്റിവയ്ക്കുന്നതിന് സഹായം ലഭ്യമാക്കി. 579 പേർക്ക് ആരോഗ്യസഹായ ഉപകരണങ്ങൾ നൽകി. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വളന്റിയർമാർ എന്നിവർ അതിദരിദ്രരുടെ വീടുകൾ രണ്ടാഴ്ചയിലൊരിക്കൽ സന്ദർശിച്ച് അവരുടെ ആരോഗ്യാവസ്ഥ നിരീക്ഷിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നു.
വരുമാനം ക്ലേശ ഘടകമായി ഉണ്ടായിരുന്നവരിൽ 4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനദായക പ്രവർത്തനങ്ങൾക്ക് സഹായം നൽകി. കുടുംബശ്രീ മിഷൻ ആരംഭിച്ച “ഉജ്ജീവനം’ പദ്ധതിയിലൂടെ 3820 പേർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് 272 പേർക്കും മറ്റു വകുപ്പുകൾ വഴി 212 പേർക്കും സ്വകാര്യസ്ഥാപനങ്ങൾ മുഖേന 88 പേർക്കും ധനസഹായവും പരിശീലനവും നൽകി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 34,672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിലിനായി തൊഴിൽ കാർഡുകൾ നൽകി. 2021-–22 മുതൽ 2025–-26 വരെ 35,041 കുടുംബങ്ങൾക്ക് തൊഴിൽ നൽകി. 228 കുടുംബങ്ങൾക്ക് ജീവനോപാധികൾ നൽകിയിട്ടുണ്ട്.
വാസസ്ഥലമായിരുന്നു മറ്റൊരു ക്ലേശ ഘടകം. 4677 അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സാമ്പത്തിക സഹായം നൽകി. 2713 കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളെ പ്രത്യേക കേസുകളായി കണക്കാക്കി ഭവന പുനരുദ്ധാരണത്തിനുള്ള സാമ്പത്തിക സഹായം 2 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച് 5,646 വീടുകൾ നവീകരിക്കുന്നതിന് ധനസഹായം നൽകുകയുണ്ടായി. 829 കുടുംബങ്ങൾക്ക് സ്ഥിരമായ പാർപ്പിടം ലഭിക്കുന്നതുവരെ അവരുടെ അഭ്യർത്ഥനപ്രകാരം വാടക വീടുകളിലേക്ക് മാറ്റി. 948 കുടുംബങ്ങളെ സുരക്ഷിതമായി ഷെൽട്ടർ ഹോമുകളിൽ പുനരധിവസിപ്പിച്ചു. 439 കുടുംബങ്ങൾക്കായി 2832.645 സെന്റ്- ഭൂമി സർക്കാർ ലഭ്യമാക്കി. “മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ 2.03 ഏക്കർ ഭൂമി ലഭിച്ചു. മുൻസിപ്പാലിറ്റികളിലും നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും വീട് നിർമാണത്തിന് ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി മൂന്നു സെന്റിൽ നിന്ന് രണ്ട് സെന്റ്- ആയി കുറച്ചു. സർക്കാർ നിശ്ചയിച്ച സബ്സിഡി നിരക്കിൽ അതിദരിദ്രർക്ക് നൽകുവാൻ റവന്യൂ ഭൂമിയോ മറ്റു തരത്തിലുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് സബ്സിഡി നിരക്ക് പ്രകാരം അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി പരമാവധി രണ്ടു ലക്ഷം രൂപ കൂടി നൽകുന്നതിനും സർക്കാർ ഉത്തരവ് നൽകി. 21,263 പേർക്ക് അടിയന്തര സേവനങ്ങളും അടിസ്ഥാന രേഖകളും നൽകി.
അതിദാരിദ്ര്യ നിർമാർജനം സുസ്ഥിരമാക്കും
അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കപ്പെട്ട 64,006 കുടുംബങ്ങളിൽ ചിലർ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് തന്നെ വീണുപോയേക്കാം. അതു തടയാൻ പരമാവധി ശ്രദ്ധയോടെയും ജാഗ്രതയോടെയുമുള്ള തുടർ പ്രവർത്തനം ആവശ്യമാണ്. അതിനായി അതിദാരിദ്ര്യ നിർമാർജനാനന്തര പദ്ധതി (EPEP 2.0) മുഖ്യമന്ത്രി നവംബർ ഒന്നിനുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിർമാർജനം എന്ന നേട്ടം സുസ്ഥിരമായി നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
വിമർശകർ കണ്ണുതുറക്കുക
നാലര വർഷത്തെ സൂക്ഷ്മവും സങ്കീർണവുമായ പ്രക്രിയകളിലൂടെ അതിദാരിദ്ര്യ നിർമാർജനം യാഥാർത്ഥ്യമാക്കിയപ്പോൾ അതിനെ ചോദ്യം ചെയ്ത് വിദഗ്ധർ അടക്കമുള്ള ചിലർ രംഗത്തു വന്നിട്ടുണ്ട്. നാലര വർഷവും മൗനം പാലിച്ച ശേഷം അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് വിമർശനങ്ങൾ ഉയർത്തിയത്. അതിദാരിദ്ര്യ നിർണയ പ്രക്രിയ, അതിദാരിദ്ര്യ നിർമാർജനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, പ്രഖ്യാപനത്തിന്റെ സാധുത എന്നിവയെയെല്ലാം ചോദ്യം ചെയ്യുന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. എല്ലാം രഹസ്യമായി നടത്തിയെന്നായിരുന്നു ആരോപണം. സംസ്ഥാന ആസൂത്രണ ബോർഡിന് ഈ പദ്ധതിയിൽ ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നും വിദഗ്ധർ കണ്ടെത്തി.
വിമർശനങ്ങൾക്ക് മണിക്കൂറുകൾക്കകം തന്നെ പത്രസമ്മേളനത്തിലൂടെ സർക്കാരിനു വേണ്ടി ഞാൻ മറുപടി നൽകിയിരുന്നു. അതിദാരിദ്ര്യം നിർവചിച്ചതിന്റെ മാനദണ്ഡങ്ങളും രീതിശാസ്ത്രവും രഹസ്യമായിരുന്നില്ല; പൊതുമണ്ഡലത്തിൽ ഉള്ളതാണ്. ഇതുമായി ബന്ധപ്പെട്ട അനേകം രേഖകളും റിപ്പോർട്ടുകളും 2021 മുതൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022ൽ കില പ്രസിദ്ധീകരിച്ച Participatory Extreme Poverty Assesment: Experiences from Kerala എന്ന റിപ്പോർട്ടും അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും കിലയുടെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും ലഭ്യമാണ്.
വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ഏതു വിമർശനത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രാഥമികമായ അന്വേഷണം പോലും നടത്താതെ മുൻവിധികളോടെയുള്ള വിമർശനങ്ങളാണ് അവരിൽ നിന്നുണ്ടായത്. എന്നിട്ടും അവയെയല്ലാം അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറായിട്ടുണ്ട്.
2025 നവംബര്‍ 1 ന് പ്രഖ്യാപനത്തിലേക്ക് പോകുന്നതിനുമുമ്പ് രണ്ടു തരത്തിലുള്ള ഉറപ്പുവരുത്തല്‍ പരിശോധന നടത്തുകയുണ്ടായി. അതിലൊന്ന് വകുപ്പിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നേരിട്ട് പ്രസ്തുത കുടുംബങ്ങളുടെ അടുത്തേക്കയച്ചുകൊണ്ടുള്ള വിലയിരുത്തലായിരുന്നു. ബ്ലോക്ക് അടിസ്ഥാനത്തിൽ മുഴുവനായും ജില്ലാടിസ്ഥാനത്തിൽ പത്തു ശതമാനവും സംസ്ഥാന അടിസ്ഥാനത്തിൽ ഒരു ശതമാനവും കുടുബങ്ങളുടെ അതിദാരിദ്ര്യ മുക്ത പരിശോധന ഇപ്രകാരം പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ വകുപ്പിന് പുറത്തുള്ള സംവിധാനമായ ബാഹ്യ ഏജന്‍സി തന്നെയായ സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയും വിലയിരുത്തല്‍ നടത്തുകയുണ്ടായി. രാജ്യത്തുതന്നെ മാതൃകയായ തരത്തില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നൂറ് ശതമാനം തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് ഫലപ്രദമായി നടത്തിവരുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ സ്വതന്ത്ര സംവിധാനമായ സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി അതിന്റെ റിസോഴ്സ് പേഴ്സണ്‍സിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ ഗുണഭോക്താവിനെയും നേരിട്ടുകണ്ട് പദ്ധതി മുഖേന നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിശദമായ അവലോകനങ്ങള്‍ ഇതിനായുള്ള വെബ് പ്ലാറ്റ് ഫോമില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യല്‍ ഓഡിറ്റ് സംവിധാനം ചൂണ്ടിക്കാണിച്ച വിടവുകളും അപാകതകളും ഓരോന്നായി പരിഹരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ അത് ഉറപ്പു വരുത്തുകയും ചെയ്തു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ നിര്‍ണയ പ്രക്രിയയും നിര്‍വ്വഹണവും ഫലപ്രാപ്തിയുടെ വിലയിരുത്തലും അടിസ്ഥാനപരമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്.
അതിദാരിദ്ര്യമുള്ള ഒരാൾ പോലും ഇല്ല, ഉണ്ടാവുകയില്ല എന്നല്ല സർക്കാരിന്റെ അവകാശവാദം. 2021 ൽ വിപുലമായ ഒരു പ്രക്രിയയിലൂടെ കണ്ടെത്തുകയും ശാസ്ത്രീയമായ പരിശോധനയിലൂടെയും ജനകീയ വിലയിരുത്തലിലൂടെയും അന്തിമമാക്കുകയും ചെയ്ത പട്ടികയിലെ എല്ലാവരെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആ പ്രക്രിയയിലും ഉൾപ്പെടാതെ പോയ അപൂർവ്വം ചിലരുണ്ടാകാം. 2021 നു ശേഷം അതിദരിദ്രരായവർ ഉണ്ടാകാം. ഇനിയും അതിലേക്ക് വീണുപോയേക്കാവുന്നവരും ഉണ്ടാകാം. അവരെയെല്ലാം ലക്ഷ്യംവെച്ചുകൊണ്ടാണ് തുടർ പ്രവർത്തനം സർക്കാർ ചെയ്യുന്നത്. തീർപ്പുകൽപ്പിക്കുകയല്ല അതിദാരിദ്ര്യ നിർമാർജന പ്രക്രിയയുടെ തുടർച്ച ഉറപ്പുവരുത്തുകയാണ് സർക്കാർ.
കേരളത്തിൽ ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളിലൂടെ വരുത്തിയ സിസ്റ്റമിക്കായ പരിവർത്തനങ്ങൾ- ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, ജനകീയാസൂത്രണം, കുടുംബശ്രീ- എന്നിവയിലൂടെയൊക്കെയാണ് ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. അതിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി. ഇത് ജീവകാരുണ്യം മാത്രമാണ് എന്ന വിമർശനം, 1980കളിൽ സാമൂഹ്യക്ഷേമ പെൻഷനും തൊഴിലില്ലായ്മ വേതനവും കൊണ്ടുവന്നപ്പോൾ പ്രത്യുൽപാദനപരമല്ലാത്ത പാഴ്‌ചെലവ് മാത്രമാണ് എന്ന വലതുപക്ഷ യുക്തിക്കൊപ്പം നിർത്താവുന്നതാണ്. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ പോലുള്ള പൊള്ളയായ വായ്ത്താരിയിൽ നിന്ന് എങ്ങനെയാണ് കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി വേറിട്ടു നിൽക്കുന്നത് എന്നു കാണാൻ കഴിയും. l



