Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഅതിദാരിദ്ര്യമില്ലാത്ത കേരളം സാധ്യമാണോ?
 വിവാദങ്ങളും വസ്തുതകളും

അതിദാരിദ്ര്യമില്ലാത്ത കേരളം സാധ്യമാണോ?
 വിവാദങ്ങളും വസ്തുതകളും

കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം അപൂര്‍വ്വമായ ഒരു വികസന നേട്ടമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെ ഇകഴ്ത്താനും തമസ്കരിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി വെറും പ്രചരണവും രീതിശാസ്ത്രപരമായി അബദ്ധവും ആണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. മുമ്പുണ്ടായിരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുടെ തനിയാവര്‍ത്തനമാണ് ഈ പദ്ധതിയെന്നും ആരോപിക്കപ്പെടുന്നു. ഈ യജ്ഞത്തിന്റെ ലക്ഷ്യവും സ്വഭാവവും ഘടനയും അതിനു പിന്നിലെ അദ്ധ്വാനവും മന:പൂര്‍വ്വം അവഗണിച്ചുകൊണ്ടാണ് ഇവര്‍ ഈ വാദഗതികള്‍ ഉയര്‍ത്തുന്നത്-. കേരളത്തില്‍ ഇത:പര്യന്തം നടന്നിട്ടുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുടെ പൊതുസ്വഭാവവും അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ പ്രത്യേകതകളൂം പരിഗണിക്കാതെയാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍ മുന്നേറുന്നത്.

ഈ പ്രഖ്യാപനം പെട്ടെന്നൊരു ദിവസമുണ്ടായതല്ല. അതിദാരിദ്ര്യ നിര്‍മാര്‍ജനം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതു രേഖകളായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അസൂത്രണ നിര്‍വ്വഹണ ഘട്ടങ്ങളിലെ പ്രക്രിയകളുടെ ലക്ഷ്യവും രീതിശാസ്ത്രവും വിശദമായി പ്രതിപാദിച്ചിട്ടുള്ള ഗവണ്‍മെന്റ്- ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളില്‍ ദാരിദ്ര്യത്തിന്റെ സാമ്പ്രദായികമായ നിര്‍വചനങ്ങളല്ല സ്വീകരിച്ചിട്ടുള്ളതെന്ന് ആ രേഖകളില്‍ കാണാവുന്നതാണ്. ഇതു പൂര്‍ണ്ണമായും തമസ്കരിച്ചുകൊണ്ടാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം സംബന്ധിച്ച വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്.

സര്‍വ്വാശ്ലേഷിത വികസനമെന്ന ലക്ഷ്യം
ഇടതുപക്ഷ സര്‍ക്കാരുകള്‍ സര്‍വ്വാശ്ലേഷിതമായ വികസനത്തിനാണ് എക്കാലവും ഊന്നല്‍നല്‍കുന്നത്. കേരളത്തിലാകട്ടെ, ഇതിന്റെ തെളിവുകള്‍ അന്വേഷിച്ച് ഏറെയൊന്നും പോകേണ്ടതില്ല. നാം നിത്യജീവിതത്തില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനപരമായ അന്തരീക്ഷത്തിന്റെയും താരതമ്യേന മെച്ചപ്പെട്ട അവസര സമത്വത്തിന്റെയും ഉയര്‍ന്ന സാമൂഹിക പുരോഗതിയുടെയും സൂചികകളാണ് ഈ സമീപനത്തിന്റെ തെളിവുകള്‍. സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും അസമത്വം കുറയ്-ക്കുകയും ചെയ്യുക എന്ന വികസന തന്ത്രത്തിന്റെ ഏറ്റവും പ്രായോഗികമായ ആവിഷ്കാരമാണ് കേരളത്തില്‍ ഇപ്പോള്‍ നാം കാണുന്ന വികസന പ്രക്രിയ. ഒരാളെപ്പോലും അവഗണിക്കാതെയുള്ള വികസന പരിപ്രേക്ഷ്യത്തെക്കുറിച്ച് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെയും(2017–-2022) നിലവില്‍ നടക്കുന്ന പതിനാലാം പദ്ധതിയുടെയും (2022-–2027) സമീപന രേഖയില്‍ വിശദമാക്കിയിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ പൂര്‍ണ്ണമായും പരിരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സമീപന രേഖകളില്‍ വിഭാവനം ചെയ്തിരുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, ഉപജീവനം എന്നീ മേഖലകളില്‍ നടന്നിട്ടുള്ള ബൃഹദ് പദ്ധതികളൊക്കെ ഈ ലക്ഷ്യത്തോടെയാണ് രൂപവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത്.

പതിമൂന്നാം പദ്ധതി (2017) സമീപന രേഖയില്‍ “തദ്ദേശ സർക്കാരുകൾ, കുടുംബശ്രീ മിഷൻ, സംസ്ഥാന സർക്കാർ വകുപ്പുകൾ, ജനകീയ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സംയുക്ത പരിശ്രമത്തിലൂടെ സംസ്ഥാനത്തെ സമ്പൂർണ്ണ ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ദൗത്യം ഏറ്റെടുക്കും’ എന്നു പറഞ്ഞിരുന്നു. പതിമൂന്നാം പദ്ധതിയുടെ നാലാമത്തെ വര്‍ഷം (2021) തന്നെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിരുന്നു.

പതിനാലാം പദ്ധതിയുടെ സമീപന രേഖയില്‍ “കേരള സർക്കാരിന്റെ അടിസ്ഥാന വർഗത്തോടുള്ള പ്രതിബദ്ധതയും സാമൂഹിക ക്ഷേമത്തോടുള്ള പ്രതിബദ്ധതയും കണക്കിലെടുക്കുമ്പോൾ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ദൗത്യം നേടിയെടുക്കാവുന്നതാണ്” എന്ന ഉറച്ച വിശ്വാസം പങ്കുവച്ചിട്ടുണ്ട്.

അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്, “കേവല ദാരിദ്ര്യമനുഭവിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും തിരിച്ചറിയപ്പെടുന്ന ഓരോ വ്യക്തിക്കും അതിദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൂക്ഷ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിനുമുള്ള ശ്രമങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്’’ എന്നും പ്രസ്താവിച്ചിരുന്നു. ഈ ചരിത്രപരമായ പ്രഖ്യാപനം വരുന്നതിനു വളരെ മുന്‍പു തന്നെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള ആസൂത്രണമാരംഭിച്ചിരുന്നു എന്നു വ്യക്തം.

ഈ ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. ഇതിനു പിന്നില്‍ കൃത്യമായ അസൂത്രണവും നിരന്തരമായ പുരോഗതി വിലയിരുത്തലും നടന്നിരുന്നു. വാര്‍ഡ് തലം, തദ്ദേശ ഭരണ തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ വിവിധ തലങ്ങളില്‍ നടന്ന ഏകോപന പ്രവര്‍ത്തനങ്ങളാണ് വ്യത്യസ്തമായ പ്രവര്‍ത്തന ഘടകങ്ങളുള്ള ഈ യജ്ഞം ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തീകരിക്കാന്‍ ഇടയാക്കിയത്. ഈ പദ്ധതിയുടെ ആദ്യം മുതല്‍ അവസാനം വരെ മുഖ്യമന്ത്രിയുടെയും തദ്ദേശ ഭരണ വകുപ്പു മന്ത്രിയുടെയും അതിദാരിദ്ര്യത്തിന്റെ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ മന്ത്രിമാരുടെയും നേരിട്ടുള്ള മേല്‍നോട്ടവുമുണ്ടായിരുന്നു. കേരളത്തിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളേയും ഒരൊറ്റ ലക്ഷ്യത്തിനായി ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനം കേരളത്തിനു പുതുമയല്ലല്ലോ. ജനകീയാസൂത്രണത്തിനു മുമ്പ് സാക്ഷരതാ യജ്ഞം മുതല്‍ കേരളത്തിന് അനുഭവസ്ഥമായ പങ്കാളിത്ത വികസനത്തിന്റെ നിസ്സീമമായ സാദ്ധ്യതകളിലൊന്നാണ് ഈ കൈകൊര്‍ത്തു പിടിച്ചുള്ള യജ്ഞങ്ങള്‍. ഇതിനു മുന്‍പ് മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിലും ഏകോപിതമായ പ്രവര്‍ത്തനശൈലി വിജയകരമായി പ്രയോഗിക്കാനായി. കേരളത്തിലെ ദാരിദ്ര്യം 0.55 ശതമാനമാണെന്ന നിതി ആയോഗിന്റെ 2023-ലെ റിപ്പോര്‍ട്ട് വന്നതിനുശേഷം കേവലം രണ്ടു വര്‍ഷത്തിനിടയിലാണ് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളിലെ 1,03099 വ്യക്തികളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചുവെന്ന പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞിരിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിന്റെ സുശക്തമായ തദ്ദേശ ഭരണ സ്ഥാപനങ്ങളും സുസംഘടിതമായ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയുമാണ് ഈ നേട്ടങ്ങളുടെ നട്ടെല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പങ്കാളിത്ത വികസനത്തിന്റെ അതുല്യമായ ഒരു മാതൃകയായി ഈ നേട്ടത്തെ അടയാളപ്പെടുത്താം. വിവിധ വികസന ഏജന്‍സികളുടെ ഏകോപനം എത്ര ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നതിന്റെ ഉദാഹരണമായും ഈ നേട്ടത്തെ പഠിക്കേണ്ടതാണ്.

അതിദരിദ്രരെ 
കണ്ടെത്തിയ രീതി
അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിന്റെ രീതിശാസ്ത്രത്തെക്കുറിച്ചായിരുന്നു മറ്റു സംശയങ്ങള്‍. ഇതിനായി പങ്കാളിത്ത ഗവേഷണ പ്രക്രിയയിലെ ചില സങ്കേതങ്ങളാണ് ഉപയോഗിച്ചത്. തികച്ചും ലളിതവും ഫലപ്രദവുമായ വിവരശേഖരണ പ്രക്രിയയാണത്. പ്രദേശവാസികളും പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കൂടിയിരുന്ന് ഒരു പ്രദേശത്തെ പൗരരുടെ/വീടുകളുടെ പട്ടിക അതിദാരിദ്ര്യത്തിന്റെ സൂചികകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുക, നിലവിലുള്ള ആശ്രയ പദ്ധതിയുടെയും അന്ത്യോദയ അന്ന യോജന ഗുണഭോക്താക്കളുടെയും പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവരുടെയും പട്ടികജാതി-, പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും പട്ടികയില്‍പ്പെട്ട അതിദരിദ്രര്‍ എല്ലാവരും ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കുക, ഈ പരിശോധനയില്‍ നിന്നു കണ്ടെത്തിയ കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുക, ആ വിവരങ്ങള്‍ പിന്നീട് സൗകര്യപ്രദമായി ക്രോഡീകരിക്കാനും വിശകലനം ചെയ്യാനുമുള്ള സൗകര്യത്തിനായി ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ച് രേഖപ്പെടുത്തുക, ഈ വിവരങ്ങള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങിയ ഒരു ഉപരിസമിതി ഭൗതികമായി പരിശോധിക്കുക, ഒരു നിശ്ചിത ശതമാനത്തിലധികം തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വീണ്ടും വിവരശേഖരണം നടത്തുക, അന്തിമ ലിസ്റ്റ് ഗ്രാമസഭയും പഞ്ചായത്ത് സമിതിയും പരിശോധിക്കുക. ഈ ലിസ്റ്റിലുള്ളവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി പരിഹരിക്കുന്നതിന് പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പാക്കുക, ഈ പ്രവര്‍ത്തനങ്ങളൊക്കെ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇത്രയുമാണ്, വളരെ ചുരുക്കിപ്പറഞ്ഞാല്‍, ഈ പരിപാടിക്കായി കേരളം പിന്തുടര്‍ന്ന രീതി.

ഓരോ കുടുംബവും അതിദാരിദ്ര്യത്തിനാസ്പദമായ ക്ലേശഘടകങ്ങള്‍ എത്രത്തോളം തീവ്രതയോടെ അനുഭവിക്കുന്നു എന്നതാണ് വിവരശേഖരണത്തിനു പോയ സംഘം അന്വേഷിച്ചു രേഖപ്പെടുത്തിയത്. ഏതെങ്കിലും ഒരു തീവ്രക്ലേശ ഘടകം അനുഭവിക്കുന്നുവെങ്കില്‍ ആ കുടുംബം അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വിധത്തിലാണ് നിര്‍ണ്ണയ രീതി രൂപകല്‍പ്പന ചെയ്തത്.

ബഹുമുഖ ദാരിദ്ര്യ സൂചകമോ ഉപഭോഗച്ചെലവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ദാരിദ്ര്യ രേഖയോ നിര്‍ണ്ണയിക്കുന്നതിനുള്ള ഗണിതക്രിയകളൊന്നും അതിദാരിദ്ര്യ നിര്‍ണ്ണയത്തില്‍ ഉപയോഗിച്ചിട്ടില്ല. ജനപങ്കാളിത്തത്തോടെ അര്‍ഹരെ കണ്ടെത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. സാധാരണ സര്‍വ്വേ രീതികളില്‍ നിന്നും വ്യത്യസ്തമായി കൂടൂതല്‍ സുതാര്യത്യയും, അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെടാനുള്ള സാധ്യത കുറവുള്ളതുമായ ഒരു രീതിയാണിതെന്ന് കാണാം. ആ
ഗോള വ്യാപകമായി വികസന പദ്ധതികളുടെ അവസ്ഥാ വിശകലനത്തിനും ഗുണഭോക്താക്കളുടെ നിര്‍ണ്ണയത്തിനും ഉപയോഗിച്ചുവരുന്ന ഈ രീതി അശാസ്ത്രീയമാണെന്ന് പറയുന്നത് ശരിയല്ല.

ശ്രദ്ധേയമായ 
പുതിയ മാതൃക
അതിദാരിദ്ര്യ നിര്‍ണ്ണയത്തിന്റെ രീതിശാസ്ത്രത്തെക്കാള്‍ ഈ യജ്ഞം ശ്രദ്ധിക്കപ്പെടുന്നത് വിവിധ വികസന ഏജന്‍സികളെ ഒരൊറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. ഭരണ പരിഷ്കരണത്തിനുള്ള നിരവധി പുതിയ പാഠങ്ങള്‍ ഈ അനുഭവത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയും.

ഇനിയെന്ത് എന്ന ചോദ്യമാണ് പരക്കെ ഉയര്‍ത്തപ്പെടുന്നത്. ഈ പ്രഖ്യാപനം ഒരു ബാധ്യതയാകുമോ എന്ന് സംശയിക്കുന്നവരുണ്ട്. കേന്ദ്രത്തില്‍ നിന്ന് ധനസഹായം കുറയുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതിന്റെ പേരില്‍ കേരളത്തിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന കരുതി സംസ്ഥാനത്തിന്റെ പ്രഖ്യാപിത വികസന ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടു പോകണമെന്ന വാദം വിചിത്രമെന്നേ പറയേണ്ടൂ. മറ്റുള്ളവരില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതുതന്നെ ഇത്തരം ധീരമായ തീരുമാനങ്ങളാണെന്നിരിക്കെ, ഈ നേട്ടം ഇന്ത്യയും ലോകവും സാകൂതം ശ്രദ്ധിക്കാനാണ് സാദ്ധ്യത.

അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പ്രഖ്യാപനം ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അതിദാരിദ്ര്യത്തെ അതിജീവിച്ചവര്‍ പൂര്‍വ്വസ്ഥിതിയിലേക്ക് പോകുന്നതു തടയുന്നതിനും അതിദാരിദ്ര്യത്തിലേക്ക് പുതുതായി ആരും വഴുതി വീഴാതെ ശ്രദ്ധിക്കുന്നതിനുമുള്ള വികേന്ദ്രീകൃതമായ സംവിധാനങ്ങള്‍ നിലവില്‍ വരും. അനതിവിദൂരഭാവിയില്‍ പൂര്‍ണ്ണമായും ദാരിദ്ര്യമുക്തമാകാനും കേരളത്തിനു കഴിയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 3 =

Most Popular