കെ ജെ ജേക്കബ്
2021ൽ അധികാരത്തിലേറിയ സർക്കാർ അതിന്റെ ഒന്നാം മന്ത്രിസഭായോഗം മുതൽ ആസൂത്രണം ചെയ്യുകയും നമ്മുടെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ, പഞ്ചായത്ത് മെമ്പർമാരും കുടുംബശ്രീയും ആശാ പ്രവർത്തകരും വിവിധ സർക്കാർ വകുപ്പുകളും ‘കില’യും ആസൂത്രണബോർഡും സാധാരണ വിദഗ്ധരും മന്ത്രിയും മന്ത്രിസഭയുമടക്കം പതിനായിരക്കണക്കിന് മനുഷ്യർ കഴിഞ്ഞ നാലര വർഷം നടത്തിക്കൊണ്ടിരുന്ന ഏറ്റവും അർത്ഥവത്തായ ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയെ ഒരുദിവസം രാവിലെ ഉറക്കം വിട്ടുണർന്ന് ‘എവിടെ മാനദണ്ഡം’ ‘എവിടെ കണക്ക്’ എന്നൊക്കെ ചോദിച്ചു ചെളി (സത്യത്തിൽ ആ വാക്കല്ല ഉപയോഗിക്കേണ്ടത്) വാരിയെറിയാൻ നടക്കുന്ന അതിവിദഗ്ധരുടെ ശ്രദ്ധയ്ക്ക്.
ചിത്രത്തിൽ കാണുന്ന കൈപ്പുസ്തകം ഇറക്കുന്ന തീയതി ശ്രദ്ധിക്കണം: ഒക്ടോബർ 2021.
ക്യൂ ആർ കോഡ് കൊടുത്തിട്ടുണ്ട്. വലിയ ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് സ്കാൻ ചെയ്യുക. പുസ്തകം തുറന്നുവരും.
അപ്പോളെന്തൊക്കെ കാണാം?
മാനദണ്ഡങ്ങളും അവയിലേക്ക് നയിച്ച സമീപനങ്ങളും അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ ജനകീയ സമിതികളുടെ രൂപീകരണവും ചുമതലകളും അർഹരായവരുടെ പ്രാഥമിക അതിദരിദ്ര പട്ടിക തയ്യാറാക്കുന്ന പ്രക്രിയ.
എന്യൂമറേറ്റർ തെരഞ്ഞെടുപ്പ്, പരിശീലനം, വിവരശേഖരണം അന്തിമ പട്ടിക തയ്യാറാക്കൽ എന്നിവയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളുണ്ട്. അനുബന്ധമായി സർക്കാർ ഉത്തരവുകളുമുണ്ട്. (ക്യൂ ആർ കോഡ് ആണ്, തുറന്നു നോക്കേണ്ടി വരും).
ഇതൊന്നും നിങ്ങളറിഞ്ഞില്ല. നിങ്ങളറിയാത്തതൊന്നും നിലനിൽക്കുന്നില്ല എന്നില്ലല്ലോ.
ഞെട്ടിയെഴുന്നേറ്റ് ഓരോന്ന് പറയുന്നതിനുമുന്പ് അതിവിദഗ്ധർ അവരവരോടെങ്കിലും ഒരു മിനിമം മര്യാദ കാണിക്കാൻ ശ്രമിക്കണം. “ഇല്ലെങ്കിൽ വലിയ കുറച്ചിലാകും കുട്ട്യേ’ എന്ന മംഗലശ്ശേരി നീലകണ്ഠ വചനം ഓർക്കണം.
അതിവിദഗ്ധരല്ലാത്ത സാധാരണ മനുഷ്യരേ,
ഈ പദ്ധതിയെക്കുറിച്ചു നമ്മളെപ്പോലുള്ളവർക്കു മനസ്സിലാക്കാൻ പാകത്തിൽ ചില ഫേസ്ബുക്ക് കുറിപ്പുകളുടെ ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്.
തുറന്നു വായിക്കണം. അതിവിദഗ്ധ വർത്തമാനമല്ല. കേട്ടുകേൾവിയുമല്ല. വഴിയിൽ വീണുപോയ മനുഷ്യരെ കണ്ടെത്തി അവരെ അന്തസ്സോടെ ജീവിക്കാൻ പര്യാപ്തരാക്കാൻ നടത്തിയ ഒരു പദ്ധതിയിൽ വേറെ കുറെ മനുഷ്യർ ചോര നീരാക്കി പണിയെടുത്തതിന്റെ നേരനുഭവങ്ങളാണ്. കുത്തിത്തിരിപ്പു വർത്തമാനമല്ല, ഹൃദയം തുറക്കുന്ന ദൃശ്യങ്ങളാണ്.
ഒന്ന്: മിക്കവാറും പേര് വായിച്ചുകഴിഞ്ഞ ജയപ്രകാശ് ഭാസ്കരന്റെ കുറിപ്പ്. ജയപ്രകാശ് അടുത്തകാലം വരെ ഗ്രാമവികസനവകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോയാൽ ദാരിദ്ര്യ നിർമാർജന പദ്ധതികളിൽ അദ്ദേഹത്തന്റെ താല്പര്യം നിങ്ങൾക്ക് മനസ്സിലാകും.
രണ്ട്: കുടുംബശ്രീ സ്റ്റെയ്റ്റ് മിഷനിൽ മാനേജരായ ബിനു ആനമങ്ങാടിന്റെ കുറിപ്പ്. എത്ര ആസൂത്രണത്തോടെയാണ് പദ്ധതി ചെയ്തെടുത്തത് എന്ന് അദ്ദേഹം എഴുതുന്നു.
മൂന്ന്: സർവ്വേ നടത്തിയതെങ്ങിനെ എന്ന് വിശദമാക്കുന്ന ആശാ വർക്കറായ സുഗിന ബിജുവിന്റെ കുറിപ്പ്.
നാല്: എങ്ങനെയാണ് പലപ്പോഴും നിലനില്ക്കുന്ന ഉത്തരവുകൾ മാറ്റി കാര്യങ്ങൾ ചെയ്തെടുത്തതെന്നോർക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി അനുപമ ടി വി യുടെ കുറിപ്പ്.
അഞ്ച്: ഇക്കാലയളവിൽ തദ്ദേശ സ്വയംഭരണവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായിരുന്ന ശാരദ മുരളീധരന്റെ കുറിപ്പ്. ഓരോ പ്രദേശത്തും സമൂഹത്തിന്റെ സഹായം ആവശ്യമുള്ള മനുഷ്യരെ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല; കാരണം സ്വന്തം പ്രദേശത്തെ കൈവെള്ളപോലെ അറിയുന്ന ആളുകൾ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ എന്നിവർ എല്ലായിടത്തും ഉണ്ട് എന്നവർ പറയുന്നു.
ആറ്: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇറക്കിയ പി ആർ എക്സർസൈസാണെന്നൊക്കെ ഒരുളുപ്പുമില്ലാതെ അതിവിദഗ്ധർ പറയുന്നുണ്ട്. ഈ പദ്ധതി നടത്താൻ സർക്കാർ ഉദ്യോഗസ്‌ഥർക്കൊപ്പം പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ ക്ഷണിച്ചുകൊണ്ട് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻമാസ്റ്ററുടെ ഫേസ്ബുക് പോസ്റ്റ്. തിയതി: നവംബർ 20, 2021.
ബൗദ്ധിക സത്യസന്ധതയുടെ അതിദാരിദ്ര്യത്തിലേക്കു വീണുപോകാതിരിക്കാനുള്ള ശ്രമം നമ്മളും നടത്തേണ്ടിയിരിക്കുന്നു. l
കെ കെ ഷാഹിന
വിദഗ്ധർ എഴുതിയ കത്ത് ഇന്നാണ് കണ്ടത്, അതുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ഇന്നലെ കണ്ടിരുന്നുവെങ്കിലും.
കഴിഞ്ഞ നാലര വർഷമായി നടന്നു വന്ന അതിവിപുലമായ ഒരു പ്രോസസ്സ്. UDF ഭരിക്കുന്നതടക്കമുള്ള വാർഡ് തല ഭരണ സമിതികളെയും പങ്കെടുപ്പിച്ച്, ഗ്രാമസഭകളിൽ ചർച്ച ചെയ്ത്, അതിദരിദ്രരെ കണ്ടെത്തുന്നത് മുതലുള്ള ഓരോ ഘട്ടത്തിലും അതിന്റെ മെത്തഡോളജി പ്രസിദ്ധീകരിച്ച്, വാർത്താ കുറിപ്പുകൾ മാധ്യമങ്ങൾക്ക് നൽകി നടന്നുവന്ന ഒരു പ്രവർത്തനം. ഈ ഘട്ടത്തിലൊന്നും ഈ വിദഗ്ധരാരും ഒരു ചോദ്യമോ വിമർശനമോ ഉന്നയിച്ചില്ല. ഒരക്ഷരം മിണ്ടിയില്ല.
എനിക്ക് മനസ്സിലായ കാര്യങ്ങൾ.
വിദഗ്ധർ എന്ന പേരിൽ ആ ഒപ്പിട്ടിരിക്കുന്നവർ പത്രം വായിക്കാറില്ല, വാർത്ത കാണാറില്ല. വിമർശിക്കാൻ നാല് പോയിന്റ് കിട്ടാൻ വേണ്ടി പോലും സർക്കാരിന്റെ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ഗവൺമെന്റ് ഉത്തരവുകൾ നോക്കുകയോ ചെയ്യാറില്ല.
എന്നെ ഹഠാദാകർഷിച്ച കാര്യം, ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം ഇവർക്കറിയില്ല എന്നതാണ്. സർക്കാർ കണ്ടെത്തിയ 64006 കുടുംബങ്ങൾ ഏത് കേന്ദ്ര പദ്ധതിയിലാണ് ഉൾപ്പെട്ടിട്ടുള്ളത് എന്ന മില്യൻ ഡോളർ ചോദ്യം ഈ വിദഗ്ധർ ചോദിച്ചിട്ടുണ്ട്. ഒരു പദ്ധതിയിലും ഉൾപ്പെടാത്ത, ഒരു രേഖയുമില്ലാത്ത തികച്ചും അദൃശ്യരായ മനുഷ്യർ ഈ നാട്ടിലുണ്ട് എന്നവർക്ക് അറിയില്ല.
രേഖകൾ ഉണ്ടെങ്കിലും, ഭൂമിയോ നല്ല വീടോ സ്വന്തമായി ഉണ്ടെങ്കിലും അതിദരിദ്രരായിരിക്കുന്ന അവസ്ഥയുണ്ട് എന്ന് ഈ വിദഗ്ധർക്കറിയില്ല. രോഗം മൂലമോ, വീട്ടിൽ കിടപ്പ് രോഗികൾ ഉള്ളതു കൊണ്ടോ പുറത്തിറങ്ങാൻ പോലും കഴിയാത്ത, ജോലി ചെയ്യാൻ കഴിയാത്ത, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത മനുഷ്യർ ഈ നാട്ടിലുണ്ട് എന്ന് ഈ വിദഗ്ധർക്കറിയില്ല. അവർ യൂണിയൻ സർക്കാരിന്റെ അതിദരിദ്രരുടെ കണക്കെടുപ്പിൽ വരില്ല എന്നും ഈ വിദഗ്ധർക്കറിയില്ല.
ഇങ്ങനെ ഒരു കത്ത് എഴുതിയത് നന്നായി. ഇവരുടെയൊക്കെ എലിറ്റിസത്തിന്റെയും അജ്ഞതയുടെയും ലെവൽ നാട്ടുകാർക്ക് മനസ്സിലായി.
യൂണിയൻ സർക്കാർ അതിദരിദ്രരെ നിർണയിക്കുന്ന മാനദണ്ഡം വെച്ചല്ല ഇവിടെ ഈ പ്രക്രിയ നടന്നിട്ടുള്ളത് എന്ന് ഈ പ്രവർത്തനങ്ങൾ തുടക്കം മുതൽ നിരീക്ഷിച്ചിട്ടുള്ളവർക്ക് അറിയാം.
എങ്ങനെയാണ് അതിദരിദ്രരെ കണ്ടെത്തിയതെന്ന സർക്കാരിന്റെ വിശദീകരണം ഒന്ന് വായിച്ചു നോക്കാനെങ്കിലും മെനക്കെട്ടിരുന്നുവെങ്കിൽ അവർ ഇങ്ങനെ നാണം കെടേണ്ടി വരില്ലായിരുന്നു; ഇങ്ങനെ exposed ആവില്ലായിരുന്നു.
പിന്നെ, പ്രിയ വിദഗ്ധർ ഇനിയെങ്കിലും കേന്ദ്ര സർക്കാർ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നത് നിർത്തണം. യൂണിയൻ സർക്കാർ ആണ്, യൂണിയൻ സർക്കാർ, കേന്ദ്രസർക്കാരല്ല. It is something very basic about our battle to protect Federalism.
അതിദാരിദ്ര്യം തുടച്ചു നീക്കാം. അതിവൈദഗ്ധ്യം പക്ഷേ ഇച്ചിരി ബുദ്ധിമുട്ടാണ്.
വിദഗ്ധർ എന്ന് ഇങ്ങനെയല്ല എഴുതേണ്ടത് എന്നറിയാം. എന്റെ ഫോണിൽ ഇങ്ങനെയേ പറ്റുന്നുള്ളൂ. പിന്നെ ആ ഒപ്പിട്ട വിദഗ്ധർക്ക് ഇത്രയൊക്കെ മതി. l
ബെന്യാമിൻ
കുറേ നളുകൾക്കു മുൻപ് ഒരു രാത്രി ഞാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുന്നു. അപ്പോൾ സർക്കാരിൽ നിന്ന് വിരമിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വന്നുപരിചയപ്പെട്ടു. പല സംസാരങ്ങൾക്കിടയിൽ ഈ രാത്രി എങ്ങോട്ട് പോകുന്നു എന്നന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, നമ്മുടെ സംസ്ഥാനത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ അത് പ്രഖ്യാപിക്കും മുൻപ് വീണ്ടും ഒരിക്കൽ കൂടി ഫീൽഡിൽ ഇറങ്ങി സൂക്ഷ്മമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിൽ എന്തെങ്കിലും കുറവുകളോ പിഴവുകളോ വന്ന് ആരെങ്കിലും ഒഴിവായിപ്പോയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ഞങ്ങളുടെ ദൗത്യം. അതിനു വേണ്ടിയുള്ള ഒരു യാത്രയിലാണ്. അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ പ്രഖ്യാപനം വരുമ്പോൾ ചിലർ എന്തെങ്കിലും ഒരു പിഴവ് കണ്ടെത്തി എതിർപ്പുമായി ചാടിവീഴാനിടയുണ്ട്. ആ പഴുതു കൂടി അടയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ആ സന്ദേഹം എത്ര കൃത്യമായിരുന്നു എന്ന് ഈ നല്ല ദിനത്തിൽ ചില എ സി റൂം ‘എലിവാണങ്ങൾ’ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷങ്ങളായി ഈ കേരളത്തിൽ എന്തു നടക്കുന്നു എന്നറിയാത്ത ഈ സ്വയം പ്രഖ്യാപിത പണ്ഡിത ശ്രേഷ്ഠർക്ക് ഇപ്പോൾ തെളിവ് വേണമത്രേ. അയ്യോ ശ്രേഷ്ഠരേ, എ സി റൂമിൽ നിന്ന് ഒന്നിറങ്ങി ജനങ്ങൾക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാൽ ഈ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും. അങ്ങനെ രാപകൽ നടന്ന് പ്രവർത്തിക്കാൻ സന്നദ്ധരായ കുറച്ചു മനുഷ്യരുടെ ചങ്കുറപ്പിലാണ് ഇന്ന് കേരളം അതിദാരിദ്ര്യ മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിക്കാൻ പോകുന്നത്. അതിനു നിന്റെയൊക്കെ ഊച്ചാളി സർട്ടിഫിക്കറ്റ് ഞങ്ങൾ ജനങ്ങൾക്കാവശ്യമില്ല.
എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മാവന്മാർ എല്ലാ ദേശത്തുമുണ്ട്. ഇവറ്റകളെയും അക്കൂട്ടത്തിൽ മാത്രം കണ്ടാൽ മതി. സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിനു മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ തൽക്കാലം വേറെ മാർഗമില്ല. l
അനുപമ ടി വി, ഐഎഎസ്
കേരളം ഒരിക്കൽ കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം ഉയരുമ്പോൾ ആ ചരിത്ര യാത്രയുടെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്.
2018ലെ വെള്ളപ്പൊക്കത്തിന്റെ പുനരധിവാസത്തിനുശേഷം സൂക്ഷ്മതലത്തിലുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തദ്ദേശസ്വയംഭരണവകുപ്പിലാണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതും വിവിധ വകുപ്പുകളുടെ സ്കീമുകളും പരിപാടികളും തദേശസ്ഥാപന തലത്തിൽ ഏകോപിപ്പിച്ചതും തദ്ദേശസ്വയം ഭരണവകുപ്പാണ്. തദേശസ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് പദ്ധതി ഉയര്‍ന്നതും!
അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്ന ഘട്ടം കഴിഞ്ഞാണ് ഞാന്‍ വകുപ്പിലെത്തിയത്. പക്ഷേ ശാരദമുരളീധരന്‍ മാഡത്തിന്റെ ഉപദേശമനുസരിച്ച് ഈ മാതൃക വയനാട് മേപ്പാടി ദുരന്തത്തിലുൾപ്പെട്ടവരുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ടി പഠിച്ചു നടപ്പാക്കുകയും ഏതാണ്ട് ആ സമയം മുതല്‍ തന്നെ സര്‍ക്കാരില്‍ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തതു മുതല്‍ തുടങ്ങുന്നു ഈ പദ്ധതിയുമായുള്ള എന്റെ ബന്ധം.
അതുകൊണ്ടുതന്നെ ഞാനിവിടെ കുറിക്കുന്നത് പദ്ധതിയില്‍ നേരിട്ട് പങ്കെടുത്തവരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ്.
ഞങ്ങള്‍ക്ക് ഇത് വെറും ഒരു ഭരണപരിപാടിയല്ലായിരുന്നു — മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്നു നടന്നൊരു യാത്രയായിരുന്നു.
ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലേക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്..
ചേര്‍ത്തുപിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ള ഒരു ദൗത്യമായാണ്.
സര്‍ക്കാരില്‍ വളരെ ആലോചിച്ചു തീരുമാനമെടുക്കേണ്ട വിഷയങ്ങളും വളരെപ്പെട്ടെന്ന് തീരുമാനമെടുക്കേണ്ട വിഷയങ്ങളും ഉണ്ടാകും.
അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ തുടക്കം ആദ്യഗണത്തിലുൾപ്പെട്ടതാണെങ്കില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലെ പ്രവര്‍ത്തനം രണ്ടാം ഗണത്തിലായിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങൾക്കുപരിയായുള്ള തീരുമാനങ്ങള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രത്യേക കേസുകള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍, മറ്റുവകുപ്പുകളുമായുള്ള ഏകോപനം അത്യന്തം ആവശ്യമായ വിഷയങ്ങള്‍, വിട്ടുപോയവ കണ്ടെത്താനും പെട്ടെന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍, കഴിഞ്ഞ രണ്ടുമൂന്നു കാബിനെറ്റുകളില്‍ പോലും എത്തിയ പ്രത്യേക വിഷയങ്ങള്‍ അങ്ങനെയങ്ങനെ…
വകുപ്പുകളുടെ മതിലുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും നിസ്സംശയം പറയാം..
ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂർണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകൾ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ചുതന്നെ ഈ പദ്ധതിയെ പൂർണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിച്ചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.
അഭിമാനം. നന്ദി…. l
സുഗീന ബിജു (ആശാ വർക്കർ)
2021 വർഷവസാനമാണ് ഞാൻ ആശാ വർക്കറായി ജോലിയിൽ കയറുന്നത്.
അങ്ങനെ, ജോലിക്കു കയറിയ ആദ്യ ആഴ്ചയിൽ ഒരു ദിവസമാണ് അതിദാരിദ്ര്യ സർവ്വേയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വാർഡിൽ ഒരു മീറ്റിംഗ്, കൗൺസിലറുടെയും തദ്ദേശ ഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിൽ വിളിച്ചു ചേർക്കുന്നത്. വാർഡ് കൺവീനർ വാർഡ് കമ്മിറ്റി അംഗങ്ങൾ.. അംഗനവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ.. വിവിധ രാഷീട്രീയ പ്രവർത്തകർ.. ആശാവർക്കർമാർ .. റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അങ്ങനെ നാട്ടിൽ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മീറ്റിംഗ്.
മീറ്റിംഗിൽ കൗൺസിലർ ബിജുലാൽ പറഞ്ഞ കാര്യം ഇന്നും എന്റെ ഓർമയിലുണ്ട്, നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് അനർഹനായ ഒരു വ്യക്തിപോലും ഈ ലിസ്റ്റിൽ ഉൾപ്പെടരുത്. അതുപോലെ തന്നെ നമ്മുടെ ശ്രദ്ധ കുറവുകൊണ്ട് അർഹരായ ഒരു കുടുംബം പോലും ഈ ലിസ്റ്റിൽ ഉൾപ്പെടാതെ പോകുകയും അരുത്.
മീറ്റിംഗിൽ പങ്കെടുത്ത ഓരോരുത്തരും അവരവരുടെ പ്രദേശത്ത്, ചുറ്റുപാടിൽ, വീടിനടുത്ത് കഷ്ടത അനുഭവിക്കുന്ന ജീവിക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന ഓരോ കുടുംബങ്ങളെയും പറഞ്ഞു തന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ വ്യക്തികളെ ചൂണ്ടിക്കാട്ടി.
അങ്ങനെ ആദ്യത്തെ ലിസ്റ്റ് തയ്യാറായി. മാനദണ്ഡങ്ങൾക്കനുസരിച്ച് കൃത്യമായി ലിസ്റ്റ് സോർട്ട് ചെയ്തെടുത്തു.
ഉദ്യോഗസ്ഥന്റെയും കൗൺസിലറുടെയും നേതൃത്വത്തിൽ ഒരു ടീം ആയി ഞങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളെ നേരിൽ ചെന്നു കണ്ടു. അതിൽനിന്നും പരസഹായമില്ലാതെ യാതൊരു വിധത്തിലും അതിജീവനം സാധ്യമാകാത്ത 11 കുടുംബങ്ങളെ ബന്ധപ്പെട്ട ഉദ്യോസ്ഥർ മാനദണ്ഡപ്രകാരം തിരഞ്ഞെടുത്തു.
അവിടുന്നിങ്ങോട്ട് ഇതുമായി ബന്ധപ്പെട്ട കോർപ്പറേഷനു കീഴിൽ നടന്ന വിവിധ ട്രെയിനിങ്ങുകൾ അറ്റൻഡ് ചെയ്തു. അതിൽ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോയി.
കൃത്യമായി മോണിറ്റർ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
അതിദരിദ്ര കുടുംബത്തിൽപെട്ട അടിസ്ഥാന രേഖകൾ പോലും ഇല്ലാതിരുന്നവർക്ക് അത് എടുത്തു നൽകി, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് മുതലായവ. അതിനു വേണ്ടി പ്രത്യേകം ക്യാമ്പുകൾ നടത്തി.
ഭക്ഷണം പാകം ചെയ്തു കഴിക്കാൻ സാധിക്കാത്തവർക്ക് കോർപ്പറേഷൻ പരിധിയിലെ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിച്ചു.
പാകം ചെയ്യാൻ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകി. (ഇപ്പോഴും എത്തിച്ചു കൊണ്ടിരിക്കുന്നു. പാലിയേറ്റീവ് സഹായം ആവശ്യമായ കിടപ്പു രോഗികൾക്ക് കൃത്യമായി ആ സേവനം ലഭിക്കാൻ ആവശ്യമായ കാര്യങ്ങൾ നൽകി. ഭിന്നശേഷിക്കാരായവർക്ക് UDID കാർഡ്..പെൻഷനർഹരായവർക്ക് പെൻഷൻ..
മരുന്ന് ആവശ്യമുള്ളവർക്ക് പ്രത്യേകം ഹെൽത്ത് കാർഡുകൾ തയ്യാറാക്കി അതുവഴി മരുന്നുകൾ സൗജന്യമായി ലഭിക്കാൻ ആവശ്യമായത് ചെയ്തു. അതേ കുടുംബത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി,സ്കൂൾ യാത്ര സൗജന്യമാക്കുവാൻ പ്രത്യേകം പാസുകൾ നൽകി. പ്ലസ് വണ്ണിന് അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് അവരുടെ വീടിന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ അഡ്മിഷൻ ശരിയാക്കിക്കൊടുത്തു.
വീട് റിപ്പയർ ചെയ്യാനാവശ്യമായവർക്ക് അതിനുള്ള ഫണ്ടുകൾ നൽകി. സ്വന്തമായി വീടില്ലാതിരുന്ന ഒരാൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി.
സ്വയം തൊഴിൽ ചെയ്യാൻ കഴിയുന്നവർക്ക് കുടുംബശ്രീ വഴി അതും കണ്ടെത്തി കൊടുത്തു.
നിരന്തരം ഇവരുടെ കാര്യങ്ങൾ അനേ-്വഷിക്കാനും ഇവരെ നേരിട്ടു പോയി കണ്ട് ഇവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആശാവർക്കർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും നിർദ്ദേശം നൽകപ്പെട്ടു. അതിനായി മേയർ ,ചെയർമാന്മാർ കുടുംബശ്രീ പ്രോജക്ട് ഓഫീസർമാർ വാർഡ് കൗൺസിലർമാർ ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എഡിഎസ് – സിഡിഎസ് എന്നിങ്ങനെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖാന്തിരം നിരന്തരം കാര്യങ്ങൾ അന്വേഷിച്ചു.
അതിദാരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ദിവസത്തിന്റെ തൊട്ടുമുൻപിലെ ദിവസങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി ഗുണഭോക്താക്കളെ നേരിട്ട് കാണുകയും ഇവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
വാർഡിലെ രമണിയേച്ചിയേയും രാജപ്പേട്ടനെയും ഈ പദ്ധതിയുടെ ഭാഗമായാണ് ഞാൻ കാണുന്നതും അടുത്തറിഞ്ഞതും. രണ്ടു പേരും ഒരു തൊഴിലെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആരോഗ്യ സ്ഥിതി അനുവദിക്കാത്ത, ഒരു ആശ്രയത്തിന് മക്കളോ മറ്റു ബന്ധുക്കളോ ഇല്ലാത്തവർ..
ഇന്നവർക്ക് രണ്ടു പേർക്കുമുള്ള മരുന്നു സൗജന്യമായി ലഭിക്കുന്നുണ്ട്. ഭക്ഷണ കിറ്റ് കുടുംബശ്രീ മുഖേന വീട്ടിലെത്തുന്നുണ്ട്. ശോചനീയാവസ്ഥയിലായിരുന്ന വീടിന്റെ റിപ്പയറിംഗിന് ഫണ്ട് അനുവദിച്ചു..
അവരോടൊപ്പം ഈ നാടു മുഴുവനുമുണ്ട്, ആരുമില്ലാ എന്ന തോന്നലിൽ ഇന്നവർക്ക് അവരെ ചേർത്തുപിടിച്ചൊരു എൽഡിഎഫ് ഗവൺമെന്റ് ഉണ്ട്.
അവരുടെ ചിരി കാണുമ്പോൾ ഞങ്ങളുടെ ഉള്ളും നിറയുന്നുണ്ട്.
രമണിയേച്ചിയും രാജപ്പേട്ടനും ഇന്ന് ഗവൺമെന്റ്- ചേർത്തുപിടിച്ച 64006 കുടുംബങ്ങളിലെ ഒരു കുടുംബം മാത്രമാണ്. അതുപോലെ എത്ര പേർ..
ഞാൻ എഴുതിയതിൽ ഇനിയും എന്തെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടാകാം..
ഇതുമായി ബന്ധപ്പെട്ട് ഒരുപാടു കുറിപ്പുകൾ വായിച്ചു, ഏറ്റവും മികച്ചവ.
എന്നാൽ നിരന്തരം ഈ ആളുകളെ കാണുന്ന , അവരുടെ ജീവിതം അറിയുന്ന എനിക്ക് ഇന്ന് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു സന്തോഷമുണ്ട്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ മനസ്സുനിറയെ അഭിമാനമുണ്ട്..അത് പകർത്താതെ പോകുന്നത് എങ്ങനെ. l
ജയപ്രകാശ് ഭാസ്‌കരൻ (ഗ്രാമ വികസനവകുപ്പ് മുൻ ഉദ്യോഗസ്ഥൻ)
ഒക്ടോബർ 31ന്റെ ഇന്നത്തെ പത്രത്തിൽ കുറച്ചു വിദഗ്ധരുടെ പ്രസ്താവനയുണ്ട്. എന്തായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനപ്രക്രിയയുടെ മാനദണ്ഡം എന്ന് അവർക്ക് അറിയണം പോലും!
കഴിഞ്ഞ നാലഞ്ചു വർഷമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തനം അതിന്റെ പരിസമാപ്തിയിലേക്ക് എത്തുമ്പോൾ അവർക്ക് അറിയണം പോലും!
അതിൽ പേര് പരാമർശിക്കുന്നവരിൽ മഹാനായ അച്യുതമേനോന്റെ മകൻ ഡോക്ടർ രാമൻകുട്ടിയുണ്ട്, അതിമഹതിയായ കെജി താരയുണ്ട്, ജോസഫ് സി മാത്യുവുണ്ട്.
ഇനി ആരുടെയും പേര് പറയേണ്ടല്ലോ. കേരളം തുലയണമെന്നും, സിപിഐ എം സമ്പൂർണ്ണമായും തകർന്നടിയണമെന്നും മാത്രമാഗ്രഹിക്കുന്ന കുറച്ചധികം പേരാണ് ഈ വിദഗ്ധർ എന്ന് ഇപ്പോൾ ഉറപ്പായി കാണുമല്ലോ. തരിമ്പെങ്കിലും ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിലും ഇവർ തുടക്കം മുതൽ ഇതിൽ ഇടപെടുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുമായിരുന്നു. ഇവർ കാത്തിരിക്കുകയായിരുന്നു. എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്തു എന്ന് അറിഞ്ഞാൽ പിന്നുറങ്ങണമെങ്കിൽ അൾപ്രാക്സ് വേണ്ടവരാണ് ഇവരെല്ലാവരും.
അപ്പോൾ കാര്യം പറയണമല്ലോ.
നിങ്ങൾ പറയുന്നതുപോലെ സാമ്പത്തിക ശാസ്ത്രത്തിന്റെ ടൂളുകൾ ഉപയോഗിച്ച് മറുപടി തരാൻ കഴിയില്ല.
മുമ്പ് പേരറിയാത്ത ഒരു നൊമ്പരത്തെ എന്ന മാതിരി ഒരു പാട്ട് യൂസഫ് അലി കേച്ചേരി എഴുതിയിട്ടുണ്ടല്ലോ. അതുപോലെ കണക്കാക്കിയാൽ മതി.
ഇവിടെ 64006 കുടുംബങ്ങളെ ദാ ഇനി പറയുന്ന മാതിരി കണ്ടെത്തി. ജീവിച്ചു പോകാൻ അവർക്ക് ആവശ്യമായതെല്ലാം സർക്കാർ ചെയ്തുകൊടുത്തു. അതൊരു വലിയ പ്രക്രിയയായിരുന്നു. സിപിഐ കുടുംബാംഗങ്ങൾ എന്നു പറയുന്ന ആ രാമൻകുട്ടിക്കും താരക്കും എന്താണ് ഇവിടെ നടക്കുന്നതെന്ന് അവരുടെ കുടുംബാംഗങ്ങളായ മന്ത്രിമാരോട് എങ്കിലും ഒന്ന് ചോദിക്കാമായിരുന്നു.
ഏതാണ്ട് നാലു വർഷത്തോളം നീണ്ടുനിന്ന ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്.
ഇനി പറയുന്നത് ഡോക്ടർ ആർ വി ജി മേനോനോടാണ്.
രാഷ്ട്രീയ അപകർഷതയിൽ നിന്നുയരുന്ന കെട്ട സിപിഐ എം വിരുദ്ധ മനോഭാവമുള്ളവർ അറിഞ്ഞില്ലെങ്കിലും താങ്കളറിയണം.
അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന സർക്കാരിന്റെ പ്രഖ്യാപനത്തെ താങ്കൾ വിട്ടു കളഞ്ഞേക്കു. 64006 കുടുംബങ്ങളെ മാത്രം പരിഗണിക്കുക. അവർക്കു വേണ്ടി എന്തെല്ലാം ചെയ്തു അത് എങ്ങനെ ചെയ്തു എന്ന് അറിയണം. അതുവഴി ഒരു പ്രഖ്യാപനം നടത്തുമ്പോൾ അതൊരു വെല്ലുവിളിയായി സർക്കാർ ഏറ്റെടുക്കുകയാണെന്ന് താങ്കൾ തിരിച്ചറിയണം. അതായത് കേരളത്തിൽ ഇനി അത്തരമൊരു കുടുംബം ഉണ്ടാകാൻ പാടില്ല എന്ന് സർക്കാർ സ്വന്തം സംവിധാനങ്ങളോട് ആവശ്യപ്പെടുകയാണ്.
ആ വെല്ലുവിളിയാണ് ഈ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം.
ഇനി നിങ്ങൾക്ക് വേണ്ടി എഴുതിയ ഒരു കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യാം. സുദീർഘമായ കുറിപ്പ് ആയതുകൊണ്ട് വിദഗ്ധർ മാത്രം വായിച്ചാൽ മതി. മറ്റുള്ളവർക്കായി പലതവണ ഇതൊക്കെ തന്നെ എഴുതിയിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഒരു വ്യക്തിക്കു ലഭിക്കുന്ന ഏറ്റവും സാർത്ഥകമായ അനുഭവം ഏറ്റവും തിരസ്കൃതരായ മനുഷ്യർക്കു വേണ്ടി പണിയെടുക്കാൻ അവസരം ലഭിക്കുകയാണ്.
സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം വാങ്ങിക്കൊണ്ട് സർക്കാരിന് വേണ്ടി പണിയെടുക്കുന്നവരായതു കൊണ്ട് എത്ര ശ്രമിച്ചാലും അവരുടെ ജോലിയിൽ ഒരു യാന്ത്രിക മനോഭാവം സഹജപ്പെട്ടിരിക്കും.
ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതിനപ്പുറം ജോലിയിൽ നൈതികവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ പ്രതിബദ്ധരായ ഉദ്യോഗസ്ഥർക്ക് പോലും പലപ്പോഴും കഴിയാറില്ല. അത് വ്യക്തികളുടെ വീഴ്ചയല്ല. ഒരു സംവിധാനം പ്രവർത്തിക്കുന്നത് നീയതമായ ചട്ടക്കൂടിൽ ആയിരിക്കും. ചട്ടക്കൂടിനെ ഭേദിക്കാൻ ശ്രമിക്കുമ്പോൾ അത് സംവിധാനത്തെ ദുർബലപ്പെടുത്തുകയും ഉദ്ദേശ്യലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്യും.
എന്നാൽ, എല്ലാ ചട്ടക്കൂടുകളെയും ഭേദിച്ചുകൊണ്ട് ഏറ്റവും തിരസ്കൃതരായ മനുഷ്യരെ കണ്ടെത്താനും അവർക്ക് വേണ്ടുന്നതെല്ലാം ലഭ്യമാക്കാനും ഒരു ഗവൺമെന്റ് തന്നെ ഉദ്യോഗസ്ഥ സംവിധാനത്തോട് ആവശ്യപ്പെടുന്ന അപൂർവ്വ സുന്ദരമായ അനുഭവമായിരുന്നു അതി ദരിദ്രരെ കണ്ടത്തൽ പ്രക്രിയ.
പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായ ഒരു ദാരിദ്ര്യ ലഘൂകരണ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്താണ് വ്യവസ്ഥകളെ ഭേദിക്കാനും സംവിധാനത്തിന്റെ സൂക്ഷ്മദർശിനിയിൽ പോലും പെടാതെ വിട്ടുപോയവരുമായ ഏറ്റവും നിരാലംബരായ മനുഷ്യരെ കണ്ടെത്താൻ ശ്രമം ആരംഭിക്കുന്നത്.
ഒാരോ സാമ്പത്തിക വർഷവും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾക്കായി കോടികൾ ചെലവഴിക്കുന്നുണ്ട്. ഒരുപാട് മനുഷ്യർക്ക് വാസസ്ഥലവും വാസയോഗ്യമായ വീടും ഉപജീവനത്തിനുള്ള മാർഗങ്ങളും ലഭ്യമാക്കാൻ ഒരോ സാമ്പത്തിക വർഷത്തെയും പദ്ധതി രൂപീകരണ കാലത്തുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട്. പദ്ധതി രൂപീകരണത്തിനുള്ള മാർഗരേഖകളിൽ ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾ എങ്ങനെ വ്യവസ്ഥാപിതമായി നിർവഹിക്കാം എന്ന് കൃത്യമായി വിവക്ഷിക്കുന്നുണ്ട്.
അപ്പോൾ പിന്നെ എന്തിനാണ് അതിദരിദ്രരെ കണ്ടത്തൽ പ്രക്രിയ എന്ന് സ്വാഭാവികമായും സംശയിക്കാം.
അവിടെ ആരാണ് അതിദരിദ്രർ എന്ന ചോദ്യമുയരും. അതിനുമുമ്പ് ആരാണ് ദരിദ്രർ എന്ന് തിരിച്ചറിയേണ്ടി വരും.
നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നവരായിരിക്കും ദരിദ്രർ. പണിയെടുത്തു കിട്ടുന്ന കൂലി കൊണ്ട് കഷ്ടിച്ച് വീട്ടുകാര്യങ്ങൾ നടന്നു പോകുമെന്നല്ലാതെ വാസയോഗ്യമായ വീട് നിർമ്മിക്കാനോ ചോർന്നെലിക്കുന്ന വീട് നന്നാക്കിയെടുക്കാനോ പണം കണ്ടെത്താൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും സ്ഥിര വരുമാനം ഇല്ലാത്തതിനാൽ അതിജീവന ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കുന്നവരും ഉണ്ടാകാം .അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥമാണ് .അവർക്കു വേണ്ടിയാണ് ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നത്. അവർ ജനപ്രതിനിധികളോടും അധികാരികളോടും ആവലാതികൾ പറയും; ഗ്രാമസഭകളിൽ അപേക്ഷ സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെടുമ്പോൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി ആനുകൂല്യങ്ങൾ നേടിയെടുക്കും. പിന്തള്ളപ്പെട്ടാൽ പരിഭവപ്പെടാനും ജില്ലാ കളക്ടർക്ക് പരാതി കൊടുക്കാനും അവർ ശ്രമിക്കും.
എന്നാൽ പിന്നെയും ചില മനുഷ്യരുണ്ട്. ഒന്ന് ജീവിച്ചു പോകാൻ തന്നെ ബുദ്ധിമുട്ടുന്നവർ, പണിയെടുക്കാൻ കഴിയാത്തവർ, പണിയെടുക്കാൻ ശേഷിയുണ്ടെങ്കിലും , കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടതുള്ളതുകൊണ്ട് പണിക്കു പോകാൻ കഴിയാത്തവർ, ആവലാതികൾ മറ്റുള്ളവരോട് പറയാൻ ശേഷിയില്ലാത്തവർ , ഗ്രാമസഭകൾ പോലും അറിയാത്തവർ, അറിഞ്ഞാലും പോകാൻ കഴിയാത്തവർ, ഇനി അഥവാ ഗ്രാമസഭയിൽ പങ്കെടുത്ത് ആനുകൂല്യങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടാലും ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതുകൊണ്ട് അർഹമായത് ലഭിക്കാതെ പോകുന്നവർ.
അവരാണ് അതിദരിദ്രർ. അങ്ങനെ , പരസഹായം ഇല്ലാതെ അതിജീവനം അസാധ്യമാകുന്ന മനുഷ്യരാണ് അതിദരിദ്രരായി നിർണയിക്കപ്പെടുന്നത്. വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ഇവരെ പരിഗണിക്കാൻ ജനപ്രതിനിധികൾക്കോ മറ്റ് അധികാരികൾക്കോ കഴിയില്ല.
ഇങ്ങനെയുള്ള മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ട് എന്ന് ഒരു ഭരണകൂടം തിരിച്ചറിയുമ്പോഴാണ് ജനാധിപത്യം അർത്ഥ പൂർണമാകുന്നത്. ഭൂരിപക്ഷം നയങ്ങൾ രൂപീകരിക്കുകയും, ഭൂരിപക്ഷത്തിനും സ്വീകാര്യമായ വികസന – ക്ഷേമ പ്രവർത്തനങ്ങൾ സാധ്യമാവുകയും ചെയ്യുമ്പോഴും ജനാധിപത്യം പൂർണ്ണമാകില്ല. സ്വന്തം കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയാത്ത സൂക്ഷ്മ ന്യൂനപക്ഷം പരിഗണിക്കപ്പെടുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണത കൈവരിക്കൂ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ഈ ലേഖകൻ സർവീസിൽ പ്രവേശിക്കുമ്പോൾ തന്നെ സംവിധാനങ്ങളുടെ ഈ പരിമിതി ബോധ്യപ്പെട്ടിരുന്നു.
2006ൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കായി സംഘടിപ്പിക്കപ്പെട്ട ഒരു ശില്പശാലയിൽ നവീനമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ ദാരിദ്ര്യ ലഘൂകരണ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ ആർക്കും വേണ്ടാത്ത മനുഷ്യർക്കായി ചില നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ടുവച്ചിരുന്നു. ചർച്ചകളിൽ പങ്കെടുത്തവരും മറുപടി പറഞ്ഞവരും ആശയത്തോട് 100% യോജിക്കുമ്പോഴും പ്രായോഗികമല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടായിരുന്നു.
കാഴ്ചപ്പാടുകൾ ആകെ മാറുകയും സർക്കാർ തലത്തിൽ തന്നെ നയരൂപീകരണം സംഭവിക്കുകയും ചെയ്യുമ്പോൾ മാത്രമേ ആരാലും പരിഗണിക്കപ്പെടാത്ത മനുഷ്യർക്കുവേണ്ടി ഇടപെടാൻ കഴിയു എന്ന തിരിച്ചറിവാണ് ആ ശില്പശാല നൽകിയത്.
15 വർഷങ്ങൾക്കപ്പുറം സർക്കാർ സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിച്ചത് അത്ഭുതാദരവുകളോടെയാണ് ഈ ലേഖകൻ നോക്കി കണ്ടത്.
മുഴുവൻ സർക്കാർ സംവിധാനങ്ങളെയും പുതിയ സമീപനവുമായി സാത്മീകരിക്കുകയായിരുന്നു സർക്കാർ നേരിട്ട ആദ്യ വെല്ലുവിളി. അതിനായി വിപുലമായ ഒരു പരിശീലന പരിപാടിയാണ് വിഭാവനം ചെയ്യപ്പെട്ടത്. പരിശീലനങ്ങൾക്കായി പഴുതുകൾ ഇല്ലാത്ത കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്തു. പരിശീലകർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ നടന്നു. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പ്രത്യേക പരിശീലനങ്ങൾ നൽകി.
അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ എന്നുതന്നെ ആദ്യഘട്ടം വിശേഷിപ്പിക്കപ്പെട്ടു. അതിനായി പ്രത്യേക ആപ്പ് വികസിപ്പിച്ചു.
ഓരോ വാർഡിലെയും അതി ദരിദ്രരെ കണ്ടെത്തുന്നതിനായി വാർഡ് തല സമിതികളും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിച്ചു. അവർക്ക് പ്രത്യേക പരിശീലനം നൽകി. വിവിധ തലങ്ങളിലുള്ള കൂടിയാലോചനകളിലൂടെ അതിദരിദ്രരായി അനുമാനിക്കപ്പെടുന്ന കുടുംബങ്ങളിൽ എത്തി മൊബൈൽ ആപ്പിലൂടെ സർവ്വേ നടപടികൾ പൂർത്തീകരിക്കേണ്ടുന്ന സന്നദ്ധ പ്രവർത്തകരെ പ്രത്യേകം കണ്ടെത്തുകയും അവർക്കാവശ്യമായ പരിശീലനങ്ങൾ നൽകുകയും ചെയ്തു.
മൊബൈൽ ആപ്പ് വഴി കണ്ടെത്തിയ കുടുംബങ്ങളുടെ പട്ടിക ബ്ലോക്ക് തലത്തിലെ ഉദ്യോഗസ്ഥർ പുനഃ പരിശോധന നടത്തിയതിനുശേഷമാണ് അന്തിമ പട്ടിക രൂപം കൊണ്ടത് .അങ്ങനെ അർഹരായി കണ്ടെത്തപ്പെട്ട കുടുംബങ്ങൾക്ക് അതിജീവനം സാധ്യമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ഫോക്കസ് ഗ്രൂപ്പുകൾ വീണ്ടും കൂടിയാലോചനകൾ നടത്തി. ഓരോ കുടുംബത്തിന്റെയും സവിശേഷമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ കഴിയും വിധം മൈക്രോ പ്ലാനുകൾ തയ്യാറാക്കപ്പെട്ടു.
ഈ ഘട്ടങ്ങളിലുടനീളം ഒരു പരിശീലകനായും പരിശോധകനായും പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഔദ്യോഗിക ജീവിതത്തിലെയും സാമൂഹ്യ ജീവിതത്തിലെയും സ്വകാര്യജീവിതത്തിലെയും ഏറ്റവും സാർത്ഥകമായ അനുഭവമായിരുന്നു.
പരിശീലന കാലയളവിലെ പ്രധാന വെല്ലുവിളി അർഹതയുള്ളവരെ മാത്രം കണ്ടെത്താൻ ജനപ്രതിനിധികളെ പ്രാപ്തരാക്കുകയായിരുന്നു. തന്റെ വാർഡിൽ നിന്നും പരമാവധി മനുഷ്യരെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ജനപ്രതിനിധികൾ സ്വാഭാവികമായും ആഗ്രഹിക്കും. അങ്ങനെ മത്സര ബുദ്ധിയോടെ ജനപ്രതിനിധികൾ ഇടപെട്ടാൽ അത് പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നതിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജനപ്രതിനിധികൾക്ക് പരിശീലനം നൽകുക വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
തന്റെ വാർഡിൽ അങ്ങനെ അതി ദരിദ്രനായ ഒരാൾ പോലും ഇല്ലെങ്കിൽ അത് അഭിമാനത്തോടെ തിരിച്ചറിയേണ്ടതിന്റെ പ്രസക്തി ജനപ്രതിനിധികൾക്കും ബോധ്യപ്പെട്ടു.
അതി ദാരിദ്ര്യത്തെ അതിന്റെ സൂക്ഷ്മതലത്തിൽ ഇറങ്ങിച്ചെന്ന് നേരിടുകയെന്ന സാമൂഹിക ദൗത്യം നിർവഹിക്കാൻ സാമ്പ്രദായിക ശീലങ്ങളിൽ അടിയുറച്ചു പോയ ഉദ്യോഗസ്ഥ സംവിധാനത്തിന് ചില പരിമിതികൾ ഉണ്ടാകാം.
ആയിരം സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ ലിസ്റ്റിൽ പോലും പെടാത്ത ഒരു കുടുംബത്തെ ചിലപ്പോൾ അതിദരിദ്ര കുടുംബമായി കണ്ടെത്തേണ്ടിവരുമെന്ന് പെട്ടെന്ന് അവർക്ക് ബോധ്യപ്പെടില്ല. 2000 സ്ക്വയർ ഫീറ്റ് തറ വിസ്തൃതിയുള്ള വീട്ടിൽ താമസിക്കുന്ന ഒരു കുടുംബം പോലും അതി ദരിദ്രമായി പരിഗണിക്കപ്പെടുന്ന തരത്തിൽ പഴുതടച്ചാണ് മാർഗ്ഗരേഖ തയ്യാറാക്കിയത്.
പരസഹായമില്ലാതെ അതിജീവനം സാധ്യമല്ലാത്ത ഏതു കുടുംബവും അതി ദരിദ്ര കുടുംബമായി പരിഗണിക്കപ്പെടും.
ഉദാഹരണത്തിന് 25 സെന്റ് വസ്തുവും അതിൽ 2000 സ്ക്വയർ ഫീറ്റ് വീടുമുള്ള ഒരു കുടുംബത്തെ എടുക്കാം. സാധാരണ നിലയിൽ മറ്റു പണികൾ ഒന്നുമില്ലെങ്കിലും അതിന്റെ കുറച്ചുഭാഗം വാടകയ്ക്ക് കൊടുത്താലും അവർക്ക് അതിജീവനം സാധ്യമാകും. 5 സെന്റ് വസ്തു വിറ്റാലും അതിജീവനത്തിനുള്ള മാർഗം കണ്ടെത്താം. ഇതിനൊന്നും കഴിഞ്ഞില്ലെങ്കിലും ആ വീട്ടിൽ അധ്വാനശേഷിയുള്ള, പണിയെടുക്കാൻ കഴിയുന്ന ഒരാളെങ്കിലും ഉണ്ടെങ്കിലും അവർക്ക് ജീവിച്ചു പോകാം.
മറ്റൊരു സാഹചര്യം നമുക്ക് സങ്കൽപ്പിച്ചു നോക്കാം:
25 സെന്റ് വസ്തു ഉണ്ടെങ്കിലും ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ട്, അല്ലെങ്കിൽ കോടതി അറ്റാച്ച്മെന്റ് ഉണ്ട് , വീടിന്റെ ഘടന വെച്ച് വാടകയ്ക്ക് നൽകാനും കഴിയില്ല. വീട്ടിൽ അധ്വാന ശേഷിയുള്ള ഒരാൾ ഉണ്ടെങ്കിലും അയാൾക്ക് പണിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ് , ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നത് മൂലമോ മറ്റെന്തെങ്കിലും അവശതകൾ മൂലമോ ബുദ്ധിമുട്ടുന്ന ഒരു അംഗത്തെ പരിചരിക്കേണ്ടതുള്ളതിനാൽ പണിക്കു പോകാൻ കഴിയുന്നില്ല, മറ്റൊരു സ്രോതസ്സിൽ നിന്നും വരുമാനവുമില്ല.
ഇങ്ങനെയുള്ള ഒരു കുടുംബത്തിന് പരസഹായമില്ലാതെ അതിജീവനം അസാധ്യമാകും. അതായത് കൈ നീട്ടാതെ അരി മേടിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത അതി ദരിദ്രരുടെ പട്ടികയിൽ ഇങ്ങനെ ഒരു കുടുംബം ഉൾപ്പെടും. അതിനു തൊട്ടുമുമ്പ് നമ്മൾ നടപ്പിലാക്കിയിരുന്ന ആശ്രയ പദ്ധതിയിൽ 1000 സ്ക്വയർ ഫീറ്റിനു മേൽ തറ വിസ്തൃതിയുള്ള വീടുണ്ട് എന്ന ഒറ്റക്കാരണത്താൽ ഇങ്ങനെയൊരു കുടുംബം അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടില്ലായിരുന്നു.
പരിശീലന ഘട്ടം വിജയകരമായി പൂർത്തീകരിച്ചതുകൊണ്ടാണ് 64,006 എന്ന റീസണബിളായ എണ്ണത്തിലേക്ക് നമുക്കെത്താൻ കഴിഞ്ഞത്. അതായത് ജനപ്രതിനിധികൾ മത്സര ബുദ്ധിയോടെ ഇടപെടാതിരുന്നത്, കണ്ടെത്തൽ പ്രക്രിയ വിജയിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. അതോടൊപ്പം സാമ്പ്രദായികമായ ബിപിഎൽ ശീലങ്ങളിൽ നിന്നും വ്യത്യസ്തമായി അതി ദാരിദ്ര്യത്തിന്റെ സാമൂഹികസത്ത പ്രസരണ നഷ്ടം കൂടാതെ ഉൾക്കൊള്ളാൻ തയ്യാറായ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും കണ്ടത്തൽ പ്രക്രിയയുടെ വിജയത്തിൽ നിർണായകമായി.
അലഞ്ഞു തിരിയുന്ന മനുഷ്യരും ഒരു പ്രദേശത്ത് സ്ഥിരമായി കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന വരും പട്ടികയിൽ ഉൾപ്പെട്ടതും കണ്ടെത്തൽ പ്രക്രിയയുടെ മറ്റൊരു സവിശേഷതയായിരുന്നു.
അടിയന്തര പരിചരണവും ഇടക്കാല പരിചരണവും ദീർഘകാല പരിചരണവുമായി നിർവഹണ ഘട്ടത്തെ മൂന്നായി തരംതിരിച്ചുകൊണ്ടാണ് ഓരോ കുടുംബത്തിനുമായുള്ള മൈക്രോപ്ലാനുകളിൽ ഉൾപ്പെട്ടിരുന്ന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടത്.
പദ്ധതിയുടെ നൈതികവും ധാർമികവും സാമൂഹികവുമായ ഉള്ളടക്കത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. അവിടെയും ഒരു കുടുംബത്തെ പരിചയപ്പെടേണ്ടതുണ്ട്.
സൂപ്പർ ചെക്കിന്റെ ഘട്ടത്തിലാണ് ശിവകുമാറിനെ കാണാൻ ചെല്ലുന്നത്. ഇരുകാലുകളുടെയും പാദം മുറിച്ചുമാറ്റപ്പെട്ട ശിവകുമാർ പത്താം ക്ലാസുകാരനായ മകനോടൊപ്പം ഒരു സന്നദ്ധ സംഘടന ഉറപ്പാക്കിയ ഒറ്റമുറിയിലാണ് കഴിഞ്ഞിരുന്നത്. രാവിലെ വാങ്ങുന്ന ബ്രഡ് മൂന്നുനേരവും കഴിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലായിരുന്നു. ചിലപ്പോൾ വിലകുറഞ്ഞ ചപ്പാത്തി വാങ്ങും. മുമ്പ് ഗൾഫിൽ പണിയെടുത്തിരുന്ന ശിവകുമാർ നാട്ടിൽ പത്ര വിതരണക്കാരനായും പണിയെടുത്തിരുന്നു. എന്നാൽ പ്രമേഹം മൂർച്ഛിച്ചു വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നതോടെ ജോലിക്ക് പോകാനാവാത്ത അവസ്ഥയായി. മിശ്ര വിവാഹിത കുടുംബം ആയതിനാൽ ബന്ധുക്കളുടെ പിന്തുണ ലഭിച്ചിരുന്നില്ല. കൂട്ട ആത്മഹത്യയുടെ വക്കോളം എത്തിയപ്പോൾ പലതരം രോഗപീഡകളാൽ വലഞ്ഞിരുന്ന ഭാര്യയെ ശിവകുമാർ സ്വന്തം വീട്ടിലേക്ക് മടക്കി അയക്കാൻ നിർബന്ധിതമായി. അങ്ങനെയാണ് മകനോടൊപ്പം ആ ഒറ്റ മുറിയിൽ എത്തപ്പെട്ടത്. സ്കൂളിൽ നിന്നും മടങ്ങിയാൽ മകൻ ഒരു പൂക്കടയിൽ മാല കെട്ടുന്ന പണിക്ക് പോകും. ആ ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവർ അന്നത്തെ അന്നത്തിനും പഠനാവശ്യങ്ങൾക്കുമുള്ള വക ഒപ്പിക്കുന്നത്. തൊട്ടടുത്ത കളിസ്ഥലത്ത് കൂട്ടുകാർ കളിക്കുന്നത് അവൻ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ മോനും പോയി കളിച്ചോളൂ എന്നു പറഞ്ഞു പോയി. ഇല്ല , അച്ഛന്റെ അടുത്തുനിന്നും പോകാൻ കഴിയില്ല, എപ്പോഴാണ് ഷുഗർ കൂടുന്നത് എന്നറിയാൻ പറ്റില്ല എന്നു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.
ശിവകുമാറിന്റെ കുടുംബത്തിന് ഭൂമിയും വീടും ഒപ്പം ചികിത്സയ്ക്കും പഠനാവശ്യങ്ങൾക്കുമുള്ള ധനസഹായവും മൈക്രോ പ്ലാൻ ഉറപ്പുനൽകി. പത്താം ക്ലാസും പ്ലസ് ടുവും അവൻ മികച്ച വിജയം കൈവരിച്ചു. അമ്മ മടങ്ങി വന്നു. അമ്മയ്ക്ക് ഒരു തയ്യൽ മെഷീൻ ലഭിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിക്കും മുമ്പ് തന്നെ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശശികുമാർ ഒരു തയ്യൽ മെഷീൻ നൽകി.
ആത്മഹത്യാ മുനമ്പിൽ നിന്ന് അന്തസ്സുറ്റ ജീവിതത്തിലേക്ക് നടന്നുകയറിയ ആയിരക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് ശിവകുമാറിന്റേത്.
എല്ലാ സാമൂഹിക മുന്നേറ്റങ്ങളും വിസ്മൃതപ്പെട്ടാലും, പ്രച്ഛന്നമായ നുണപ്രചാരണങ്ങളിൽ എല്ലാ നന്മകളും നിരാസ്പദമായാലും 64,006 കുടുംബങ്ങൾക്കായി പിണറായി വിജയൻ സർക്കാർ നടത്തിയ സാഹസികവും വിസ്മയകരവുമായ ഇടപെടലിന്റെ സാമൂഹിക- – രാഷ്ട്രീയ ഉള്ളടക്കം കാലത്തെ അതിജീവിക്കും.
എവിടെയും ഒരു അപേക്ഷ പോലും നൽകാതെ ആരെയും കാത്തു നിൽക്കേണ്ടി വരാതെ, അവരെ കണ്ടെത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു അതിദാരിദ്ര്യ നിർമാർജന പ്രക്രിയ. l
ബിജു ആനമങ്ങാട് (സംസ്ഥാന കുടുബശ്രീ മാനേജർ)
രാജ്യത്താദ്യമായി, ഒരുപക്ഷേ ലോകത്ത് തന്നെ ആദ്യമായി അതിദരിദ്രരെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള കൂട്ടായ ഇടപെടൽ നടത്തി വിജയം കണ്ടെത്തി മാതൃകയാവുകയാണ് കേരളം.
ഇതിനിടയിലാണ്, അറിഞ്ഞോ അറിയാതെയോ അറിയില്ലെന്ന് നടിച്ചോ പലതരത്തിലുള്ള ചോദ്യങ്ങളും വാദങ്ങളും എതിർപ്പുകളും ഉയർന്നുവരുന്നത്.
അതിൽ ഏറ്റവും പ്രധാനം, ആരാണ് അതിദരിദ്രർ എന്നതും ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നതുമാണ്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ എഴുതണം എന്ന് തോന്നി.
1. ദാരിദ്ര്യം എന്നത് മനുഷ്യർ നേരിടുന്ന വിവിധ തരത്തിലുള്ള deprivation ആണ്. ആദ്യകാലത്ത് ഭക്ഷണ ലഭ്യതയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യം കണക്കാക്കിയിരുന്നത്. പിന്നീട്, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, സേവന ലഭ്യത, വരുമാനം എന്നിവയെല്ലാം ദാരിദ്ര്യം കണക്കാക്കുന്ന സൂചകങ്ങളിൽ ഉൾപ്പെട്ടു.
എല്ലാതരം ചർച്ചകളിലും ദാരിദ്ര്യത്തെയും അതിദാരിദ്ര്യത്തെയും ഒന്നായി കാണുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് ശരിയല്ല.
ദാരിദ്ര്യത്തിൻ്റെ ഏറ്റവും തീവ്രമായ മുഖമാണ് അതിദാരിദ്ര്യം കൊണ്ടുദ്ദേശിക്കുന്നത്.
വ്യത്യാസം ഇങ്ങനെ പറയാം. ഭക്ഷണം, വസ്ത്രം, വീട് എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പ്രയാസങ്ങൾ നേരിടാറുണ്ടെങ്കിലും അതിലുപരി അതിജീവനത്തിന് പ്രയാസം നേരിടുന്നവരാണ് അതിദരിദ്രർ. തൊഴിൽ ശേഷിയും അടിസ്ഥാന വരുമാനവും അടിസ്ഥാന ജീവിത സാഹചര്യവും ഉളളവർ ദരിദ്രരുടെ പട്ടികയിൽ വരും, എന്നാൽ അടിസ്ഥാന അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാത്ത, പൊതുവിൽ ബാഹ്യ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇതിൽ തന്നെ, അപകടങ്ങളിൽ പെട്ട് അവയവ നഷ്ടം വന്നവർ, ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ, തൊഴിൽ ചെയ്യാൻ സാഹചര്യമില്ലാത്തവർ എന്നിവർ ഉൾപ്പെടും.
2. അതിദരിദ്രരെ കണ്ടെത്തുന്നതിനായി വിപുലമായ സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള പ്രക്രിയയാണ് നടത്തിയിട്ടുള്ളത്. ദാരിദ്ര്യത്തെ രൂക്ഷമായി ബാധിക്കുന്ന ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ ഘടകങ്ങളിൽ ഓരോന്നിലും അതിതീവ്ര ക്ലേശ ഘടകങ്ങൾ, തീവ്ര ക്ലേശ ഘടകങ്ങൾ എന്നിങ്ങനെ സൂചകങ്ങൾ നൽകി. ഇവയിൽ ഒരു അതിതീവ്ര ക്ലേശഘടകമോ രണ്ട് തീവ്ര ക്ലേശഘടകമോ ബാധകമാകുന്ന കുടുംബത്തെയാണ് അതിദരിദ്ര കുടുംബമായി കണക്കാക്കുന്നത്. കൂടാതെ, പട്ടികവർഗ്ഗ, പട്ടികജാതി, തീരദേശ കുടുംബങ്ങൾക്കും നഗരപ്രദേശങ്ങൾക്കും മറ്റു സാമൂഹിക ദുർബലതകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കും പ്രത്യേക സൂചകങ്ങളും പരിഗണിച്ചിട്ടുണ്ട്.
3. ഒരു door to door സർവ്വേയിലൂടെ അല്ല അതിദരിദ്രരെ കണ്ടെത്തിയത്. പൂർണ്ണമായും സാമൂഹ്യ പങ്കാളിത്തത്തോടെ നടന്ന ഒരു പ്രവർത്തനമായിരുന്നു അത്. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും ജനകീയ സമിതികൾ രൂപീകരിച്ചുകൊണ്ട്, സന്നദ്ധപ്രവർത്തകരും കുടുംബശ്രീയും ഉദ്യോഗസ്ഥരും എല്ലാവരും ഉൾപ്പെടുന്ന പല ഘട്ടങ്ങളിലായുള്ള പ്രവർത്തനത്തിലൂടെയാണ് ലിസ്റ്റ് അന്തിമമാക്കിയത്.
4. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ തയ്യാറാക്കിയ ലിസ്റ്റ് അതേപടി അംഗീകരിക്കുകയല്ല ഉണ്ടായത്. സൂപ്പർ ചെക്കിംഗ് നടത്തി, അനർഹരായവരെയും ഡ്യൂപ്ലിക്കേഷനുള്ളവരെയും ഒഴിവാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. വിവരശേഖരണം, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, സൂപ്പർ ചെക്കിംഗ് എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ ഉണ്ടായിരുന്നു.
5. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ച്, ഓരോ കുടുംബത്തിനും വേണ്ടി മൈക്രോ പ്ലാൻ തയ്യാറാക്കി, ജനപങ്കാളിത്തത്തോടെ ആ മൈക്രോ പ്ലാൻ നിർവഹണം നടത്തുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.
6. വിവിധ പദ്ധതികൾ, വകുപ്പുകൾ, ഏജൻസികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വ്യക്തികളിൽ നിന്നുള്ള സ്പോൺസർഷിപ്പുകൾ എന്നിങ്ങനെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഇടപെടൽ നടത്തിയത്.
7. അതിദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കൈപ്പുസ്തകം വിദഗ്ധർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിലയാണ് ഈ പ്രവർത്തനത്തിന് മുൻ കൈ എടുത്തത്. ഇത് ഒരു പബ്ലിക് ഡോക്യുമെൻ്റ് ആണ്. കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതുൾപ്പെടെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
8. തയ്യാറാക്കിയ മൈക്രോ പ്ലാനുകളിലെ വിവരങ്ങൾ ഡാഷ്ബോർഡിൽ രേഖപ്പെടുത്തുകയും ആവശ്യമായ പിന്തുണ ലഭ്യമാക്കുന്ന മുറക്ക് ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഇപ്രകാരം, ഓരോ കുടുംബത്തിനും ലഭ്യമാക്കാൻ കഴിഞ്ഞ പിന്തുണയുടെ വിശദ വിവരങ്ങൾ അതത് സമയം തന്നെ അറിയാൻ സാധിച്ചു.
9. ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ അല്ല, നാല് വർഷത്തെ നിരന്തരമായ ഇടപെടലുകൾ കൊണ്ടാണ് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കിയത്. അടിസ്ഥാന അവകാശ രേഖകൾ, പാകം ചെയ്യാൻ കഴിയാത്തവർക്ക് പാകം ചെയ്ത ഭക്ഷണം, പാകം ചെയ്യാൻ കഴിയുന്നവർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള കിറ്റുകൾ, അടച്ചുറപ്പുള്ള വീട്, ചികിത്സ, ശസ്ത്രക്രിയകൾ, യാത്രാ സൗകര്യം, പഠനസാമഗ്രികൾ, ആയിരിക്കുന്ന അവസ്ഥയിൽ തൊഴിൽ ചെയ്യാനുള്ള പിന്തുണ എന്നിങ്ങനെ വിവിധങ്ങളായ രീതിയിലാണ് ഇടപെടൽ നടത്തിയത്. കുടുംബശ്രീ മുഖേന നടത്തിയ ഉജ്ജീവനം ക്യാമ്പയിനിലൂടെ സാഹചര്യം അനുസരിച്ചുള്ള തൊഴിലുകൾ ചെയ്യാനുള്ള പിന്തുണ നൽകാനും സാധിച്ചിട്ടുണ്ട്. ഉദാഹരണമായി, ഒരു കാൽ നഷ്ടപ്പെട്ട വ്യക്തിക്ക് ഓടിക്കാൻ പറ്റുന്ന ഓട്ടോറിക്ഷ, വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന തൊഴിലുകൾ മുതലായവ..
10. ഇപ്രകാരം, അതിദാരിദ്യത്തിന് അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങളിൽ കൃത്യമായി ഇടപെട്ട്, മാറ്റം വരുത്തിയാണ് അതിതീവ്ര ദാരിദ്ര്യത്തിന് അറുതി കുറിച്ചത്.
11. ഇനിയുമൊന്ന്, ഒരു ദരിദ്ര കുടുംബം അതിദാരിദ്ര്യത്തിലേക്ക് വഴുതി വീഴാനുള്ള സാഹചര്യങ്ങൾ കൂടുതലാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇനിയുള്ള പ്രയത്നം.
ഈ വലിയ സാമൂഹ്യ ഇടപെടലിൻ്റെ ഭാഗമാകാൻ സാധിച്ചതിലുള്ള അഭിമാനത്തോടെ… l
ജയകൃഷ്‌ണൻ മാന്നാർ (പഞ്ചായത്ത് സെക്രട്ടറി ആയിരുന്നു)
പ്രിയപ്പെട്ടവരേ,
കേരളം 2025 നവംബർ ഒന്നാം തീയതിയായ ഇന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
ഈ സന്ദർഭത്തിൽ പലരും ഇതിനെ വിമർശിച്ചുകൊണ്ടും എങ്ങനെയാണ് ഇതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത് എന്ന് ചോദിച്ചുകൊണ്ടും ഇതൊരു ശുദ്ധതട്ടിപ്പാണ് എന്ന് പ്രസ്താവിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറിപ്പിടണം എന്ന് തീരുമാനിച്ചത്.
അതിദാരിദ്ര്യമുക്ത പ്രവർത്തനങ്ങളുടെ തുടക്കം മുതൽ വിവിധതരത്തിൽ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടിവന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ ചില അനുഭവങ്ങൾ ഇവിടെ കുറിക്കാം.
ഈ പ്രവർത്തനത്തിന്റെ തുടക്ക സമയത്ത് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ ആരംഭിക്കുന്നതിനു വേണ്ടി കില നടത്തിയ വളരെ വിപുലമായ പരിശീലന പരിപാടിയിൽ ക്ലാസ്സ് എടുത്ത ഒരു വ്യക്തിയാണ് ഞാൻ. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയ വിവിധ ആൾക്കാർക്ക് പരിശീലനം നൽകി. വളരെ വിശദമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പിന്നീട് ഓരോ പ്രദേശത്തും ഉള്ള അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയുണ്ടായി. ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധി തലത്തിലും ഗ്രാമസഭാതലത്തിലും ഒക്കെയുള്ള വളരെ വിശദമായ പരിശോധനകൾക്കു ശേഷമാണ് കുടുംബങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് സാധാരണ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല. യാതൊരു രേഖകളും ഇല്ലാത്ത കുടുംബങ്ങൾ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ ,തീർത്തും അശരണരായവർ ഇത്തരത്തിലുള്ള അതീവ ഗുരുതരമായ ദാരിദ്ര്യം അനുഭവിക്കുന്ന ആൾക്കാരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. തുടർന്ന് ഇവരുടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ പഠിച്ച് ഓരോ കുടുംബത്തിനും വേണ്ട പ്രത്യേകമായ മൈക്രോ പ്ലാനുകൾ ആണ് തയ്യാറാക്കിയത് .
കിടപ്പ് രോഗികൾക്ക് മരുന്നു ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ ആ മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്ന പ്രവർത്തനം, ആ മരുന്ന് കൃത്യസമയത്ത് കഴിക്കുന്നു എന്നു ഉറപ്പാക്കുവാൻ തൊട്ടടുത്തുള്ള കുടുംബശ്രീ പ്രവർത്തകരെയോ ആശാപ്രവർത്തകരെയോ ചുമതലപ്പെടുത്തുന്ന രീതി, ഭക്ഷണം വേണ്ടവർക്ക് ഭക്ഷണം എത്തിച്ചു നൽകുക -ഭക്ഷണസാധനങ്ങൾ ആണെങ്കിൽ അങ്ങനെ; പാചകം ചെയ്ത ഭക്ഷണമാണെങ്കിൽ അങ്ങനെ, വീട് വേണ്ടവർക്ക് വീട്, തൊഴിൽ വേണ്ടവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി , ഇത്തരത്തിൽ ഓരോ കുടുംബത്തിനും വേണ്ട മൈക്രോ പ്ലാൻ തയ്യാറാക്കി അത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനം വഴി ചെയ്തത്.
ഇവിടെ ഇടതുപക്ഷത്തിന്റെ പഞ്ചായത്ത്, കോൺഗ്രസിന്റെ പഞ്ചായത്ത്, ബിജെപിയുടെ പഞ്ചായത്ത് എന്ന വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇനിയാണ് എന്റെ ചില അനുഭവങ്ങൾ പങ്കുവെക്കുന്നത് …
ഇതിന്റെ തുടക്ക സമയത്ത് ഞാൻ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നും കാസർകോട് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപോകുന്നു. അവിടെ കുറച്ചുകാലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കേണ്ടി വന്നു. ഈ സമയത്താണ് അതിദരിദ്രരുടെ മൈക്രോപ്ലാൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടുവാൻ എനിക്ക് അവസരം ലഭിച്ചത്.
ഒരുദാഹരണം മാത്രം പറയാം.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ബേത്തലം പൂടംകല്ല് കൈക്കളൻ എന്നയാളിന്റെ കഥ…
അദ്ദേഹത്തിന്റെ വീട് എന്ന് പറയുന്ന ഒന്ന് നമ്മുടെ സങ്കൽപ്പത്തിൽപോലും കരുതാൻ കഴിയാത്തത്ര മോശമായ ഒന്നായിരുന്നു. വസ്തു അദ്ദേഹം വാങ്ങിയതാണ് എന്ന് പറയുന്നു. അദ്ദേഹത്തിന്റെ പക്കൽ യാതൊരു രേഖകളും ഇല്ല. അത്തരത്തിൽ ഒരു രേഖയും ഇല്ലാത്തതിനാൽത്തന്നെ പഞ്ചായത്തിൽനിന്നും യാതൊരു സഹായവും നൽകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അവിടെയാണ് അതിദരിദ്ര കുടുംബത്തിന്റെ പട്ടികയിൽ വന്ന അദ്ദേഹത്തിന് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം വഴി റേഷൻ കാർഡും മറ്റു രേഖകളും ഉണ്ടാകുന്നത്.
എങ്കിലും വസ്തുവിന്റെ രേഖകൾ ഒരുതരത്തിലും കണ്ടെത്താൻ കഴിയാത്ത അവസ്ഥ. അവിടെ ഏഴാം വാർഡ് മെമ്പറായുള്ള വേണുവേട്ടനും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഞാനും ഒന്നിച്ചുനിന്ന് തൊട്ടടുത്തുള്ള വസ്തുക്കളുടെ രേഖകൾ സംഘടിപ്പിച്ച് അതിന്റെ മുന്നാധാരങ്ങൾ സംഘടിപ്പിച്ച് അതിൽനിന്നും കൈക്കളൻ വസ്തു വാങ്ങിയതിന്റെ രേഖകൾ കണ്ടെത്തി കൈക്കളന് വസ്തുവിന്റെ രേഖ ഉണ്ടാക്കി നൽകി.
അതിദാരിദ്ര്യനിർമാർജന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ചു നൽകുക എന്നത് മാത്രമായിരുന്നില്ല ,ഇത്ര മോശമായ സാഹചര്യത്തിൽ ജീവിച്ചു വന്ന കൈക്കളനെ പുതിയ വീടു നിർമ്മിക്കുന്നതുവരെ അടിയന്തരമായി തൊട്ടടുത്ത് ഒരു വാടകവീട്ടിലേക്ക് മാറ്റുകയും ആ വീടിന്റെ വാടക ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് കൃത്യമായി വീട്ടുടമയ്ക്ക് നൽകുകയും ചെയ്യുന്ന പ്രവർത്തനം ഇപ്പോഴും നടന്നുവരികയാണ്. ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തിയാണ് അതിദരിദ്ര കുടുംബങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയതായി ഇപ്പോൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിരവധി ആളുകളുടെ വീടിന്റെ നിർമാണം ഇത്തരത്തിൽ പൂർത്തിയാകേണ്ടതുണ്ട് .അവരെ ഇപ്പോൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ പാർപ്പിച്ചിരിക്കുകയാണ്.
ഇത് മാത്രമല്ല ഇപ്പോൾ പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായി വിവിധ തരത്തിലുള്ള പരിശോധനകളാണ് സർക്കാർ നടത്തിയത്. മുഴുവൻ അതിദരിദ്ര കുടുംബങ്ങളുടെ വീടുകളും സോഷ്യൽ ഓഡിറ്റ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി അവർക്ക് നൽകിയ സേവനങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ചു റിപ്പോർട്ട് നൽകുകയുണ്ടായി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന കുറവുകൾ അടിയന്തരമായി പരിഹരിക്കുന്നതിന് മന്ത്രി തന്നെ നേരിട്ട് റിവ്യൂ നടത്തി നിർദേശം നൽകുകയുണ്ടായി. ഇതിന്റെ തുടർച്ചയായി ഓരോ ബ്ലോക്കിലെയും അതിദരിദ്ര കുടുംബങ്ങളെ മുഴുവൻ മറ്റൊരു ബ്ലോക്കിലെ ജീവനക്കാർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകുകയുണ്ടായി. ഇത്തരത്തിൽ ദേവികുളം ബ്ലോക്കിലെ 9 പഞ്ചായത്തുകളിലെ 249 അതിദരിദ്ര കുടുംബങ്ങളുടെ പരിശോധന നടത്തേണ്ട ചുമതല അടിമാലി ബ്ലോക്കിലെ ഞാൻ ഉൾപ്പെടെയുള്ള 5 ജീവനക്കാർക്ക് ആയിരുന്നു.കേരളത്തിലെ ഏക പട്ടികവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഉൾപ്പെടെ വട്ടവട , ശാന്തൻപാറ, ചിന്നക്കനാൽ, മൂന്നാർ ദേവികുളം ,മാങ്കുളം,മറയൂർ, കാന്തല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് പരിശോധനയ്ക്ക് പോയത്.ഈ പരിശോധനാവേളയിൽ വളരെ വലിയ നേരനുഭവങ്ങളാണ് ഉണ്ടായത്.
ഇപ്പോൾ ഇതൊരു തട്ടിപ്പാണ് എന്ന് പറഞ്ഞു വിമർശനം നടത്തുന്നവർ തിരിച്ചറിയേണ്ട ധാരാളം കാര്യങ്ങളുണ്ട് . ശാന്തൻപാറ പഞ്ചായത്തിലെ കോൺഗ്രസ് മെമ്പറായ റെജി, കിലോമീറ്ററുകൾ നടന്നു ഒരു ഗുണഭോക്താവായ രുഗ്മിണിയുടെ വീട് കാണിക്കാൻ ഞങ്ങളോടൊപ്പം വന്നപ്പോൾ ഈ പദ്ധതി എത്രമാത്രം മെച്ചപ്പെട്ടതാണ് എന്ന് ഞങ്ങളോടു പറഞ്ഞത് നിങ്ങൾക്കും ചോദിച്ചറിയാവുന്നതേയുള്ളൂ.
ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം പറയട്ടെ. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരാളിന് രേഖകൾ ശരിയാക്കി ഇപ്പോൾ പെൻഷൻ ലഭിക്കുന്നുണ്ട് .ഞങ്ങൾ പരിശോധനയ്ക്കായി ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത്, എനിക്ക് പെൻഷൻ മാത്രം മതി .സർക്കാർ വളരെ സാമ്പത്തിക പ്രതിസന്ധിയിലാണ് , എന്നെക്കാൾ ആവശ്യമുള്ള ധാരാളം ആൾക്കാർക്ക് സർക്കാരിന്റെ പണം നൽകേണ്ടതുണ്ട് ,എനിക്ക് ഈ പെൻഷൻ മാത്രം മതി ജീവിക്കാൻ എന്നാണ്.
ഇത്ര വിശാലമായ കാഴ്ചപ്പാടുള്ള അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാൾ…
അറിയാതെ ഓർത്തുപോയി ഡിഎ കുടിശ്ശികക്കു വേണ്ടി സമരം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഓഫീസിൽ ചിലർ ചർച്ച ചെയ്ത കാര്യം …
ഇങ്ങനെ ഒന്നും രണ്ടുമല്ല 249 അനുഭവങ്ങളാണ് ദേവികുളം ബ്ലോക്കിലേത് പറയുവാനുള്ളത്. അതെല്ലാം ഇവിടെ വിശദീകരിക്കുക സാധ്യമല്ലാത്തതിനാൽ അതിനു മുതിരുന്നില്ല. കൃത്യമായി നേരിട്ട് കണ്ടു മനസ്സിലാക്കാവുന്നതേയുള്ളൂ ഓരോ കഥയും. കാന്തല്ലൂർ പഞ്ചായത്തിൽ ഒരു കുടുംബത്തിന് നൽകിയ വീട് .ആ വീടിന് മുമ്പിൽ നിറഞ്ഞ സന്തോഷത്തോടുകൂടി നിൽക്കുന്നയാൾ.
കാസർഗോഡ് കുറ്റിക്കോൽ പഞ്ചായത്തിൽ കൈക്കളൻ എന്ന ആളിന് വീട് നിർമ്മിക്കുന്നതിന് കരാർ വയ്ക്കുന്നതിന്റെ ചിത്രം …
വാഹന സൗകര്യമില്ലാത്ത ഇടമലക്കുടിയിൽ മിക്കയിടത്തും കിലോമീറ്ററുകൾ തലച്ചുമടായി സാധനങ്ങൾ എത്തിച്ചാണ് വീടു നിർമ്മിക്കേണ്ടത്. തമിഴ്നാട്ടിലെ വാൽപ്പാറയിൽ നിന്നും പതിനഞ്ചുകിലോമീറ്റർ കാട്ടിൽ കൂടി നടന്നാണ് നൂറടിക്കുടിയിലും മറ്റും ഞങ്ങൾ എത്തിയത്. ആ ഇടമലക്കുടിയിലെ ഗുണഭോക്താവായ ഗുരുസ്വാമിയുടെ പഴയ വീടും പുതിയ വീടും…
വിമർശനമുന്നയിക്കുന്നവർ തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഈ പ്രവർത്തനങ്ങൾ ഒന്ന് നേരിട്ട് കണ്ടു മനസ്സിലാക്കൂ …
എന്നിട്ട് ആകാം വിമർശനങ്ങൾ …
ഒരു പിൻകുറുപ്പ് കൂടി …
ആർ.വി. ജി.സാറിനെ പോലുള്ള ഒരാളിൽ നിന്നും ഇത്തരത്തിലൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… l



