ദാരിദ്ര്യ നിർമാർജനം സംബന്ധിച്ച് നടക്കുന്ന ആഗോള സംവാദങ്ങളിൽ, അടിസ്ഥാനപരമായ ഒരു ദാർശനിക അന്തരം സമൂഹത്തിന്റെ രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളെ വേർതിരിച്ചുനിർത്തുന്നുണ്ട്. ഒരുവശത്ത്, ബൂർഷ്വാ വ്യക്തിവാദത്തിൽ വേരൂന്നിയിട്ടുള്ള പ്രബലമായ പാശ്ചാത്യ മാതൃകയാണ്; ബ്യൂറോക്രാറ്റിക് രീതിയിലധിഷ്ഠിതമായി, സമ്പത്തിനെ അടിസ്ഥാനപ്പെടുത്തി ആനുകൂല്യത്തിന് അർഹതയുണ്ടോ എന്നു നോക്കുന്ന പരിശോധനാ പരിപാടിയിലൂടെ കൈകാര്യം ചെയ്യേണ്ട ഒരു വ്യക്തിഗത പരാജയമായാണ് അത് ദാരിദ്ര്യത്തെ നോക്കിക്കാണുന്നത്. സാമൂഹികമായ ബൗദ്ധികതയിലൂടെയും ഐകമത്യത്തിലൂടെയും പരിഹരിക്കേണ്ടുന്ന ഒരു കൂട്ടായ ഉത്തരവാദിത്തമായി ദാരിദ്ര്യത്തെ കാണുന്ന സമീപനമാണ് മറുവശത്തുള്ളത്. അതിദാരിദ്ര്യനിർമാർജനത്തിന് കേരളം കൈക്കൊണ്ട രീതിശാസ്ത്രത്തെ സംബന്ധിച്ച് ഈയിടെയായി ഉയർന്നുവരുന്ന വിമർശനങ്ങളിൽ, പ്രത്യേകിച്ചും, കേരളം നടത്തിയ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളെ “ഗോസിപ്പ് മുറികൾ’ എന്ന നിലയിലേക്ക് ഇകഴ്ത്തിക്കണ്ടതിൽ ഈ അന്തരം സുവ്യക്തമായി തെളിഞ്ഞുകാണുന്നുണ്ട്. എതിർപ്പുകളുടെ മുഖ്യകാരണമായി മുന്നോട്ടുവയ്ക്കപ്പെട്ടത്, ഓരോരുത്തരുടെയും സാഹചര്യങ്ങളെ സംബന്ധിച്ച് അയൽപക്കക്കാർ ചർച്ചചെയ്യുന്ന ഇത്തരം രീതികൾ “സ്വകാര്യത’യുടെ പ്രാഥമികമായ ലംഘനമാണ് എന്നുള്ളതായിരുന്നു. കുടുംബം എന്നത് ഒരു ഒറ്റപ്പെട്ട സാമ്പത്തിക ഘടകമാണെന്നും ദാരിദ്ര്യം എന്നത് മറച്ചുപിടിക്കേണ്ട ഒരു സ്വകാര്യ നാണക്കേടാണെന്നും പറയുന്ന ബൂർഷ്വാ വ്യക്തിവാദത്തിന്റേതായ ലോക കാഴ്ചപ്പാട് ഇതിൽ പ്രകടമാണ്. പക്ഷേ അതിജീവനത്തെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി കാണുന്ന കേരളത്തിലും ലോകത്തിന്റെ മറ്റനേകം ഇടങ്ങളിലും “ഗോസിപ്പ് മുറികൾ’ ആണെന്ന് പറഞ്ഞ് ഇകഴ്ത്തി കാണിച്ച ആ സംവിധാനം, യഥാർത്ഥത്തിൽ ജീവിതത്തിന്റെ, ഉത്തരവാദിത്വ ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ ഹൃദയതാളമാണ്.
അയൽവാസിയുടെ പട്ടിണിയെയോ കടബാധ്യതയേയോ കുറിച്ച് സംസാരിക്കുന്നത് അവരുടെ അന്തസ്സിന് കുറച്ചിലാണെന്ന ചിന്താഗതി, പ്രിവിലേജിൽ നിന്നുണ്ടായ ആഡംബരത്തിന്റെ ഭാഗമാണ്. അത് സാമൂഹിക ജീവിതത്തെ ശിഥിലമാക്കുന്ന ഒരു കാഴ്ചപ്പാടാണ്; അടുത്തടുത്ത് താമസിക്കേണ്ടിവരുന്ന അപരിചിതരുടെ കൂട്ടങ്ങളായി അത് സമൂഹത്തെ മാറ്റുന്നു. മനുഷ്യരുടെ കഷ്ടതകൾ അടഞ്ഞുകിടക്കുന്ന വാതിലുകൾക്കകത്ത് മറച്ചുവയ്ക്കപ്പെടുന്ന സ്വകാര്യതയാണ് എന്ന ഈ ആശയം തൊഴിലാളിവർഗ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് അന്യമായതാണ്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മനുഷ്യർക്ക് കഴിക്കാൻ ഭക്ഷണമുണ്ടോ ബസ്സിനുകാശില്ലാതെ അവിടത്തെ കുട്ടി സ്കൂളിൽ പോകാതിരിക്കുന്നുണ്ടോ എന്ന് അയൽവാസി അറിഞ്ഞിരിക്കണം. ഈ ജാഗ്രത ഒരിക്കലും അപരന്റെ ജീവിതത്തിലേക്ക് അതിക്രമിച്ചുകടക്കലല്ല; മറിച്ച് അത് ഐക്യപ്പെടലിന്റെ പ്രാഥമിക പ്രവർത്തനമാണ്. വ്യവസ്ഥിതികൾക്ക് കാലിടറിയാലും സമൂഹത്തിന് കാലിടറുകയില്ല എന്നുറപ്പാക്കുന്ന കൂട്ടായ സമവായം സൃഷ്ടിക്കപ്പെടുന്നത് ഈ സംവിധാനത്തിലൂടെയാണ്.
ഈ വിമർശനം, അന്തസ്സിന്റെ പ്രതിരോധം എന്ന നിലയിൽ വിഭാവനം ചെയ്യപ്പെടുമ്പോൾ, യഥാർത്ഥത്തിൽ അത് ദാരിദ്ര്യത്തെ ശാശ്വതീകരിക്കുന്ന ഇപ്പറയുന്ന ഒറ്റപ്പെടുത്തലിന്റെ പ്രതിരോധമാണ്. മാർക്സിസ്റ്റ് ഫെമിനിസ്റ്റായ സിൽവിയ ഫെഡറിചിയുടെ “Commoning’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന സൈദ്ധാന്തിക തലത്തിലൂടെ കാണുകയും കാനഡയെ പോലെയുള്ള സമ്പന്ന രാഷ്ട്രങ്ങളിലെ സാമൂഹികമായ പരാജയത്തിന്റെ യാഥാർത്ഥ്യവുമായി ഒത്തുനോക്കുകയും ചെയ്യുമ്പോൾ, കേരള മാതൃക കേവലമൊരു ബദൽ നയമായല്ല, മറിച്ച് സാമൂഹിക നിർമ്മിതിയുടെ സമൂലവും അനിവാര്യവുമായ വീണ്ടെടുപ്പായാണ് ഉദയംകൊള്ളുന്നതെന്ന് കാണാനാകും.
കേരള മാതൃക
ഭരണതന്ത്രജ്ഞതയെ
പൊതുവത്കരിക്കുന്നു
കേരളം പൂർത്തിയാക്കിയ അതിദാരിദ്ര്യ നിർമാർജന പദ്ധതി ലോകത്തിലെതന്നെ ഏറ്റവും മികച്ചതും വിജയകരവുമായ ദാരിദ്ര്യനിർമാർജന ഉദ്യമങ്ങളിലൊന്നാണ്. അതിന്റെ വിജയം കുടികൊള്ളുന്നത് അത് നടപ്പാക്കണമെന്നുള്ള താല്പര്യത്തിൽ മാത്രമല്ല, മറിച്ച് അതിനുപയോഗിച്ച വിപ്ലവകരമായ രീതിശാസ്ത്രത്തിലുമാണ്. ദശകങ്ങളായി ലോകത്താകമാനം നടക്കുന്ന ദാരിദ്ര്യ സർവ്വേകളിൽ പടർന്നുപിടിച്ച ഒരു മഹാമാരിയായിരുന്നു “അബദ്ധജടിലമായ ഉൾപ്പെടുത്തലും തെറ്റായ ഒഴിവാക്കലും’ എന്ന് ഭരണാധികാരികൾ വിളിച്ച പ്രവണത. വരുമാനത്തിന്റെയും ആസ്തിയുടെയും പട്ടികയിലേക്ക് മനുഷ്യന്റെ ദാരിദ്ര്യത്തെ കുറച്ചുകാണുന്ന പരമ്പരാഗത രീതി, ഏറ്റവും പാർശ്വവത്കൃതരായവരെ, പരിപാടിയിലെതന്നെ വാക്കുകളിൽ പറഞ്ഞാൽ, “അരികുകളിൽ അദൃശ്യരായി’ തുടരുന്നവരെ കണ്ടെത്തുന്നതിൽ എക്കാലവും പരാജയപ്പെട്ടിരുന്നു.
സർക്കാർ ശേഖരിക്കുന്ന ഡാറ്റ സംഖ്യാപരമായിരിക്കരുത്, മറിച്ച് സാമൂഹികമായിരിക്കണം എന്നുറപ്പാക്കുന്നതിന് കൈക്കൊണ്ട തീരുമാനമായിരുന്നു കേരളത്തിന്റെ മുന്നേറ്റം. കേരളത്തിലെ അതിദരിദ്രരെ അവരുടെ പ്രഖ്യാപിത ആസ്തി കണക്കാക്കിക്കൊണ്ടല്ല, മറിച്ച് “അവരുടെ ജീവിതയാഥാർത്ഥ്യത്തിന്റെ സ്വഭാവം’ കണക്കാക്കിക്കൊണ്ട് കണ്ടെത്തുന്നതിനുള്ള ബോധപൂർവമായ തീരുമാനം സംസ്ഥാനം കൈക്കൊണ്ടു. സാമ്പത്തികമായ വേർതിരിക്കലിൽനിന്നും മനുഷ്യയാഥാർത്ഥ്യത്തിലേക്കുള്ള ഈ ചുവടുമാറ്റം സാമൂഹിക ബൗദ്ധികതയുടെ വിപുലമായ ഏകോപനത്തിലൂടെ നടപ്പാക്കി.
ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, ശക്തമായ കുടുംബശ്രീ വനിതാ ശൃംഖലകൾ എന്നിങ്ങനെ തുടങ്ങി “തങ്ങളുടെ പ്രദേശങ്ങളെ അത്രമേൽ അടുത്തറിയുന്ന’ പൗരരുടെയും വ്യക്തികളുടെയും “ഗഹനമായ അറിവി’നെ പദ്ധതി ഉപയോഗപ്പെടുത്തി.
സാമൂഹികപ്രയോഗം
എന്ന നിലയിൽ ഫെഡറിചിയുടെ പൊതുവത്കരണവും
ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും
മുതലാളിത്ത പുരുഷമേധാവിത്വത്തിന്റെ വിമർശനവുമായി ബന്ധപ്പെട്ട തന്റെ മൗലിക കൃതിയിൽ സിൽവിയ ഫെഡറിചി, “പൊതുവായവയെ’, കൂട്ടായ ഉടമസ്ഥതയിലുള്ള ഭൂമിയെ, സമൂഹങ്ങൾ കൂട്ടായി തങ്ങളുടെ പുനരുത്പാദനത്തെ കൈകാര്യം ചെയ്തിരുന്ന സാമൂഹിക സമ്പ്രദായങ്ങളെയെല്ലാം മുതലാളിത്തത്തിന് നശിപ്പിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുന്നു. “അടച്ചുകെട്ടൽ’ എന്ന് അവർ വിളിച്ച ഈ പ്രക്രിയ കേവലം ചരിത്രപരമായ ഒരു ഭൂമി കയ്യേറ്റം മാത്രമല്ല, മറിച്ച്, കൂട്ടായ ജീവിതത്തിനു നേരേ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണവുമാണ്; അത് പുനരുത്പാദനത്തെ സ്വകാര്യവൽക്കരിക്കുകയും വ്യക്തികളെ ഒറ്റപ്പെടുത്തുകയും അവരെ കൂലിയിലും ഭരണകൂടത്തിലും ആശ്രിതരാക്കുകയും ചെയ്യുന്നു.
ഈ അർത്ഥത്തിൽ, പൊതുവായവയെ വീണ്ടെടുക്കുന്നതിനുള്ള ഗഹനമായ പ്രക്രിയ എന്ന നിലയ്ക്ക് കേരളത്തിലെ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളെ നമുക്ക് വിലയിരുത്താം. 1.3 ദശലക്ഷം പൗരർ ഉൾപ്പെടുന്ന 58,000 ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ കേവലം ഭരണപരമായ യോഗങ്ങളായിരുന്നില്ല; നേരേമറിച്ച് സമൂഹത്തിന്റെയാകെ ക്ഷേമമെന്ന പൊതുവായ ആവശ്യകതയെ കൂട്ടായി കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള ഘടനാപരമായ ഇടങ്ങളായിരുന്നു അവ. തങ്ങൾക്കിടയിൽ ആരാണ് പട്ടിണി കിടക്കുന്നത്, ആർക്കാണ് വീടില്ലാത്തത്, ആർക്കാണ് മക്കളെ സ്കൂളിൽ വിടാൻ സാധിക്കാത്തത് എന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യുവാൻ അയൽക്കാർ ഒന്നിച്ചുകൂടിയപ്പോൾ, അവർ പരദൂഷണത്തിൽ ഏർപ്പെടുകയല്ല ചെയ്തത്. അവർ സാമൂഹിക പുനരുത്പാദനത്തിന്റെ അനിവാര്യ പ്രവർത്തനമാണ്,- ജീവിതത്തെത്തന്നെ നിലനിർത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനമാണ് – കൂട്ടായി നിർവഹിച്ചത്. “ചർച്ചചെയ്ത് വാദപ്രതിവാദംനടത്തി ഒടുവിൽ അർഹരായവരെ നിർണയിക്കുന്ന’ ഈ പ്രക്രിയ പൊതുവായതാക്കലിന്റെ ഏറ്റവും പ്രഥമമായ സത്തയാണ്. ഒരു സമൂഹത്തിന് അതിന്റേതായ കാര്യങ്ങൾ സ്വയം നോക്കിനടത്തുവാനുള്ള ശേഷി സൃഷ്ടിക്കുന്ന ഒരു സാമൂഹിക പ്രയോഗമാണത്.
ഈ പ്രക്രിയ സ്വകാര്യതയ്ക്ക് വിഘ്നംവരുത്തുന്നു എന്ന വിമർശനത്തെ ഫെഡറിചിയൻ കാഴ്ചപ്പാടിൽ നിന്നു വിലയിരുത്തിയാൽ, അത് മുതലാളിത്തത്തിന്റെ അടച്ചുവയ്ക്കപ്പെട്ട (enclosed), ഒറ്റപ്പെടുത്തപ്പെട്ട (Isolated) ആഖ്യാനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് എന്ന് നമുക്ക് മനസ്സിലാവും. ഇവിടെ സംരക്ഷിക്കപ്പെടുന്ന സ്വകാര്യത എന്നത് ഒരാളെ തനിച്ച് പട്ടിണി കിടക്കുവാൻ വിട്ടുകൊടുക്കുന്ന, ഒരാളുടെ ദാരിദ്ര്യത്തെ അദൃശ്യമാക്കി നിർത്തുന്ന, അതിനെയൊക്കെ അവകാശമാക്കുന്ന സ്വകാര്യതയാണ് . കേരള മാതൃക സാധ്യമാക്കിയ യഥാർത്ഥ അന്തസ്സ് ഈ ‘ഒറ്റപ്പെട്ട സ്വകാര്യത’യിൽ നമുക്ക് കാണാൻ കഴിയില്ല; മറിച്ച് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സാധ്യമാക്കിയ കൂട്ടായ കണ്ടെത്തലിലും പ്രവർത്തനങ്ങളിലും നമുക്ക് യഥാർത്ഥ അന്തസ് കാണാൻ കഴിയും. ഈ പ്രക്രിയയിലൂടെ സമൂഹം ഒരു ജീവസ്സുറ്റ, ഉത്തരവാദിത്വമുള്ള സുരക്ഷാവലയമായി മാറുന്നു.
പാശ്ചാത്യ മറുപക്ഷം: അടച്ചുവയ്ക്കപ്പെട്ട വ്യക്തികൾ നേരിടുന്ന പ്രതിസന്ധി
ദൂരത്തിരുന്ന്, പ്രത്യേകിച്ചും ഒരു ദശകത്തിലേറെയായി ഞാൻ താമസിക്കുന്ന കാനഡയിലിരുന്ന് നോക്കുമ്പോൾ, കേരള മാതൃകയുടെ കാര്യക്ഷമത കൃത്യമായി വ്യക്തമാകുന്നുണ്ട്. കാനഡയിൽ നിലനിൽക്കുന്നത് സാമൂഹിക സംഘാടനത്തിന്റെ ഒരു വ്യത്യസ്ത ദർശനമാണ്; അത് ലിബറൽ വ്യക്തിവാദത്തിൽ ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ള ഒന്നാണ്. ഈ ലോക കാഴ്ചപ്പാടിന്റെ പ്രത്യാഘാതം, കാനഡയിലെ വിനാശകരമായ പാർപ്പിട പ്രതിസന്ധിയിൽ പ്രകടമായിട്ടുള്ളത്രയും ആഴത്തിൽ മറ്റൊരിടത്തും പ്രകടമായിട്ടുണ്ടാവില്ല. വാൻകോവോ മുതൽ ടോറോണ്ടോ വരെയുള്ള നഗരങ്ങളിലെ പ്രശ്നം സമ്പത്തിന്റെയോ വിഭവങ്ങളുടെയോ അപര്യാപ്തതയല്ല, മറിച്ച് കേരള മാതൃക വ്യക്തമായും തള്ളിക്കളയുന്ന ‘ഒറ്റപ്പെടുത്തലിൽ’ വേരൂന്നിയിട്ടുള്ള വ്യവസ്ഥാപരമായ പരാജയമാണ്.
കാനഡയിൽ പാർപ്പിട സംവിധാനം (housing) പണവത്കരിക്കപ്പെട്ടു കഴിഞ്ഞു, അതായത് ഒരു മൗലിക മനുഷ്യാവകാശം എന്നതിനപ്പുറം പാർപ്പിടത്തെ നിക്ഷേപത്തിനുള്ള ഒരു ഉൽപ്പന്നമായി ഇവിടെ കണക്കാക്കുന്നു. പ്രതിസന്ധി ഉണ്ടാകുമ്പോൾ ഭരണാധികാരികൾ നടത്തിവരുന്ന പ്രതികരണത്തെ മുകളിൽനിന്നും താഴേക്കു കൊടുക്കുന്ന നയശാസനകൾ എന്ന നിലയിൽ കാണാവുന്നതാണ്; അതായത് പരിഷ്കാരങ്ങൾക്കു മേഖലതിരിക്കുക, നികുതിയിളവുകൾ പ്രഖ്യാപിക്കുക, ഫെഡറൽ ഫണ്ടിങ്ങിനുള്ള പ്രഖ്യാപനം നടത്തുക എന്നിങ്ങനെയുള്ള നയശാസനകൾ. ഇവയെല്ലാം അനിവാര്യമായതാണ്, എന്നാൽ അപര്യാപ്തവുമാണ് എന്നതാണ് ഇവിടുത്തെ പ്രശ്നം. കമ്പോളത്തെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടിയുള്ള എളുപ്പവഴികളെന്ന നിലയിൽ ഈ നയങ്ങൾ പാഴിടത്തിൽ പ്രാവർത്തികമാക്കുമ്പോൾ മനുഷ്യരുടെ യഥാർത്ഥ പ്രശ്നം പരിഗണിക്കപ്പെടാതെ തുടരുകയാണ്. ഒരു വ്യക്തി സാമൂഹിക പാർപ്പിടസംവിധാനത്തിനു വേണ്ടിയുള്ള വർഷങ്ങൾ നീണ്ട വെയിറ്റിങ് ലിസ്റ്റിലെ ഒരു പേരു മാത്രമായി മാറുന്നു, വീടില്ലാത്തവരുടെ കൂട്ടത്തിൽ ഒരു സംഖ്യയായി മാറുന്നു, അതുമല്ലെങ്കിൽ പരിതാപകരമായ ഒരു തലവാചകമായി മാറുന്നു. അതുവരെ ഉണ്ടായിരുന്ന വീട്ടിൽ നിന്നും അവർ കുടിയൊഴിപ്പിക്കപ്പെടുന്നത്, പിന്നീട് താമസിക്കുന്ന പാർപ്പിടത്തിന് വാടക കൊടുക്കുന്നതിനുവേണ്ടിയുള്ള അവരുടെ പോരാട്ടം, അഭയകേന്ദ്രത്തിലേക്ക് മാറേണ്ടിവരുന്ന അവരുടെ അവസ്ഥ എന്നിവയെല്ലാം അവരുടെമാത്രം സ്വകാര്യമായ കാര്യങ്ങളാണ്. തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന കുടുംബം കുടിയൊഴിപ്പിക്കലിന്റെ വക്കത്താണ് എന്ന് അയൽവാസികൾ അറിഞ്ഞുകൊള്ളണമെന്നില്ല. രൂപകല്പനകൊണ്ടുതന്നെ ശിഥിലമാക്കപ്പെട്ട ആ സമൂഹത്തിൽ സംവിധാനങ്ങളുടെയും കൂട്ടായ ഇടപെടൽ നടത്തുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങളുടെയും അപര്യാപ്തതയുണ്ടാകുന്നു.
ഇതിന്റെ ഫലം, ജനങ്ങൾ സ്വകാര്യമായ ഒറ്റപ്പെടലിൽ നിന്നുകൊണ്ട് ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തിൽ അങ്ങേയറ്റം രൂക്ഷമായുണ്ടാകുന്ന, ആഴത്തിലുള്ള സാമൂഹിക പരാജയമാണ്.
ഇതിനെ കേരള മാതൃകയുമായി ഒന്നു തുലനം ചെയ്തു നോക്കൂ. ഒരു കനേഡിയൻ നഗരം വാർഡുതല ആസൂത്രണത്തിന്റെയും അതത് സമൂഹത്തെ മുൻനിർത്തി സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്ന രീതിയുടെയും തത്വങ്ങൾ സ്വീകരിച്ചു നടപ്പാക്കുകയാണെങ്കിൽ, പാർപ്പിട പ്രതിസന്ധിയോടുള്ള സമീപനത്തിൽ തന്നെ മാറ്റംവരും. സഹായം ആവശ്യമുള്ളവരെ അങ്ങു മുകളിലിരുന്ന് ബ്യൂറോക്രസി നിർണയിക്കുന്നതിനുപകരം ആരാണ് കുടിയൊഴിപ്പിക്കലിന്റെ വക്കത്തുനിൽക്കുന്നത്, പാർപ്പിട പ്രതിസന്ധി ഏറ്റവും തീവ്രമായി നേരിടുന്നത് ആരൊക്കെയാണ് എന്നെല്ലാം അയൽവാസികളുടെ സമിതികൾ (ഫലത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ) ജനകീയമായി കണ്ടെത്തും. ഇത് ഒരിക്കലും അവരെ അപമാനിക്കുവാനല്ല, മറിച്ച്, സാമൂഹിക വിഭവങ്ങളെ ഏകോപിപ്പിച്ച് അവർക്ക് പിന്തുണ നൽകാനാണ്: അതായത്, അവരെ പ്രാദേശിക പിന്തുണാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുക, വസ്തുവിന്റെ ഉടമസ്ഥരോടും സിറ്റി ഒഫീഷ്യലുകളോടും അവർക്കുവേണ്ടി നേരിട്ട് സംസാരിക്കുക, സാഹചര്യത്തെ അത്രമേൽ കൃത്യമായി അറിയാവുന്നവർ ഗവൺമെന്റ് സഹായത്തിന് നിർദ്ദേശിക്കുന്നുവെന്ന് ഉറപ്പാക്കുക. പാർപ്പിടവുമായി ബന്ധപ്പെട്ട പ്രശ്നം ‘എവിടെ, ആർക്ക്, എങ്ങനെ, എത്രത്തോളം’ ഉണ്ട് എന്നു പോലും അറിയാത്തൊരു അവസ്ഥയിൽനിന്നും വിടുതൽ നേടുകയും കൂട്ടായ ഉത്തരവാദിത്വത്തിലേക്ക് അത് മാറുകയും ചെയ്യും.
സാമൂഹിക വികസനത്തിലെ കേരളത്തിന്റെ ഈ നേട്ടങ്ങൾ കൂട്ടായ സമവായത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ്; അത് വികസിത രാജ്യങ്ങൾക്ക് ശക്തമായൊരു വിപരീത ദിശ കാണിച്ചുകൊടുക്കുന്നുണ്ട്. ഇത്രയധികം സമ്പത്തുള്ള രാഷ്ട്രമായ കാനഡ ഒരു പ്രതിസന്ധിയിൽ കുരുങ്ങിക്കിടക്കുകയാണ്; ആ പ്രതിസന്ധിയുടെ കാരണം സാമ്പത്തികമായിരിക്കുമ്പോൾതന്നെ സാമൂഹികവുമാണ്. ഇവിടെ സംവിധാനങ്ങൾ പരാജയപ്പെടുന്നത് അവ സമൂഹങ്ങളുമായല്ല, വ്യക്തികളുമായി ഇടപഴകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്നതുകൊണ്ടാണ്. ഒരു സമൂഹത്തിന് അതിന്റെ നെെസർഗികമായ അതിജീവനശേഷി പ്രദാനം ചെയ്യുന്ന ഹൃദയമിടിപ്പാണ് ഇവിടെ ഇല്ലാതെയാകുന്നത്.
സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിൽ സ്വകാര്യതയോടുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ അമിതാഭിനിവേശം, ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയുടെ ചെലവിൽ സുഖലോലുപരായവരെ സംരക്ഷിച്ചുപോരുന്നതിനുവേണ്ടിയുള്ളതാണ്. അപേക്ഷാഫോമുകൾക്കും ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങൾക്കും പിറകിൽ ദാരിദ്ര്യത്തെ മറച്ചുവെക്കുമ്പോൾ, പ്രത്യക്ഷ ദാരിദ്ര്യം ആവശ്യപ്പെടുന്ന കൂട്ടായ ഉത്തരവാദിത്തത്തെ അവഗണിക്കുവാൻ സമൂഹത്തെ അനുവദിക്കുകയാണ് വ്യവസ്ഥിതി ചെയ്യുന്നത്.
സാമൂഹിക പുനരുൽപാദനത്തിൽനിന്നുള്ള
പിൻവാങ്ങൽ
മനുഷ്യർ വ്യക്തിതലത്തിലേക്ക് അധഃപതിക്കുന്നു എന്നതാണ് ഇതിന്റെയെല്ലാം പ്രത്യാഘാതം. കാനഡയിൽ, ആരോഗ്യസുരക്ഷ തൊഴിലുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ട് തൊഴിൽരഹിതനായ വ്യക്തിക്ക് ആരോഗ്യസുരക്ഷ നിഷേധിക്കപ്പെടുന്നു. ഗർഭിണിയായ ഒരു സ്ത്രീക്ക്, അവളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുംവേണ്ട കരുതൽ സമൂഹത്തിൽനിന്നോ സംവിധാനത്തിൽ നിന്നോ ലഭിക്കുന്നില്ല; ഒറ്റയ്ക്ക് ഗർഭകാലഘട്ടവും പ്രസവവുമടക്കം കഴിക്കേണ്ടിവരുന്നു. അവളുടെ ആരോഗ്യപരിപാലനമെന്നത് ഒട്ടനേകം ക്ലിനിക്കൽ പണമടവുകളാണ്; അല്ലാതെ കേരളത്തിൽ നമുക്ക് ലഭിക്കുന്നതുപോലെ സാമൂഹികമായ അറിവിന്റെയും സഹായത്തിന്റെയും പിന്തുണ അവിടെ ഗർഭിണികൾക്ക് ലഭിക്കുന്നില്ല. കുഞ്ഞുണ്ടായാൽ, അതിന്റെ വാക്സിനേഷനും വിദ്യാഭ്യാസവും അടക്കമുള്ള യാതൊരുവിധ ഉത്തരവാദിത്വവും ഗവൺമെന്റ് ഉറപ്പാക്കുകയില്ല. ഇവയെല്ലാം തന്നെ വ്യക്തികളുടെ മാത്രം ഉത്തരവാദിത്വങ്ങളാണ്. വ്യക്തികൾക്ക് അവ എന്തെങ്കിലും കാരണത്താൽ നിറവേറ്റാൻ കഴിയാതെ വന്നാൽ പിന്തുണ നൽകുകയല്ല, സാമൂഹികമായി ഒഴിവാക്കിക്കൊണ്ട് ശിക്ഷിക്കുകയാണ് കനേഡിയൻ ഭരണസംവിധാനം ചെയ്യുന്നത്.
സാമൂഹിക പുനരുൽപാദനത്തിന്റെ കൂട്ടായ പ്രവർത്തനത്തിൽ നിന്നും മൊത്തത്തിലുള്ള പിൻവാങ്ങലാണ് ഇവിടെ കാണുന്നത്.
ഒറ്റപ്പെടുത്തലിന്റെ ശിൽപി
കാനഡയിലെ ഈ മാതൃക ഫലപ്രദമല്ലെന്നു മാത്രമല്ല, അത് സഹജമായിത്തന്നെ ക്രൂരവുമാണ്. അമിതമായ സമ്പത്തിനോടൊപ്പം ആഴത്തിലുള്ള, പ്രകടമായ ദുരിതവും നിറഞ്ഞ ഒരു സമൂഹത്തെയാണ് അത് സൃഷ്ടിക്കുന്നത് ; കൂട്ടായ പരിപാലനത്തിനുവേണ്ടിയുള്ള സാമൂഹിക സംവിധാനങ്ങളാകെ വ്യവസ്ഥാപിതമായി തകർന്ന് ഇല്ലാതാകുന്നതാണ് അതിനു കാരണം.
കേരളവും കാനഡയും തമ്മിലുള്ള താരതമ്യപഠനം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ഒരു വിമർശനാത്മക പാഠം നൽകുന്നുണ്ട്. എല്ലാ സാങ്കേതിക – സാമ്പത്തിക വിഭവങ്ങളുമുള്ള പാശ്ചാത്യ മാതൃക മുന്നോട്ടുപോകാനാകാതെ സ്തംഭിച്ചുനിൽക്കുകയാണ്. ദാരിദ്ര്യം, പാർപ്പിടമില്ലായ്മ, സാമൂഹികമായ ഒറ്റപ്പെടൽ എന്നിങ്ങനെ മനുഷ്യന്റെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അതിന്റെ ബ്യൂറോക്രാറ്റിക് രീതിയിലധിഷ്ഠിതമായ സമീപനത്തിന് കഴിയില്ല; കാരണം അത് രൂപപ്പെടുത്തിയിരിക്കുന്നത് വ്യക്തികളെ കെെകാര്യം ചെയ്യുവാനാണ്,അല്ലാതെ സമൂഹങ്ങളെ നിലനിർത്തുവാനല്ല.
ഇതിനു നേർവിപരീതമായി, ഏറ്റവും പരിഷ്കൃതവും ഏറ്റവും നെെസർഗികവുമായ വീണ്ടെടുപ്പ് സാധ്യമാക്കുന്ന സംവിധാനം സമൂഹം (community) തന്നെയാണെന്ന് കേരള മാതൃക തെളിയിച്ചിരിക്കുന്നു. അതിദാരിദ്ര്യനിർമാർജന പദ്ധതിയിലെ ‘‘മൊത്തം ഗവൺമെന്റ്’’ സമീപനവും കൃത്യമായും ശക്തമായിരുന്നു, കാരണം ‘‘മൊത്തം സമൂഹ’’ സംവിധാനവുമായുള്ള പങ്കാളിത്തത്തിലാണ് അത് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളെ അടക്കി ഭരിക്കുകയായിരുന്നില്ല സംസ്ഥാന സർക്കാർ ചെയ്തത്, മറിച്ച്, കേരള സമൂഹത്തിന്റെ അടിസ്ഥാനശിലയായ പൊതുവായതാക്കൽ (commoning) പ്രവർത്തനത്തെ സാധ്യമാക്കുകയും അതിനുവേണ്ട വിഭവമൊരുക്കുകയുമായിരുന്നു.
വർധിച്ചുവരുന്ന സാമൂഹിക പ്രതിസന്ധികളെ നേരിടുന്നതിന‍് പാശ്ചാത്യ രാഷ്ട്രങ്ങൾ സാങ്കേതികമായ നടപടിക്രമങ്ങളും ഫണ്ടു വർധനവും മാത്രം നടത്തുന്നത് അപര്യാപ്തമാണ്. അടിസ്ഥാനപരമായ ഒരു ദാർശനിക – രാഷ്ട്രീയ ചുവടുമാറ്റം ഇവിടെ അനിവാര്യമാണ് – അതായത് അതിതീവ്ര വ്യക്തിവാദത്തിൽനിന്നും അകന്നു മാറി പൊതുവായവയോടുള്ള ഒരു പുതിയ സാമൂഹിക പ്രതിബദ്ധതയിലേക്ക് മാറണം.
ഉപസംഹാരം: കൂട്ടായ്മയുടെ
രാഷ്ട്രീയം തിരഞ്ഞെടുക്കൽ
സ്വകാര്യതയുടെ ലംഘനമാണ് എന്ന നിലയ്ക്ക് കേരളത്തിലെ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനം, അടച്ചുവെയ്ക്കപ്പെട്ട, ഒറ്റപ്പെട്ട വ്യക്തികളുടേതായ ഒരു സമൂഹത്തിനുവേണ്ടി നടത്തുന്ന രാഷ്ട്രീയ വാദഗതിയാണ്. ദാരിദ്ര്യം സ്വകാര്യമായൊരു അപമാനമാണെന്നും അതിൽ ഇടപെടുവാൻ സമൂഹത്തിന് യാതൊരുവിധ അവകാശമോ ഉത്തരവാദിത്തമോ ഇല്ലായെന്നും വാദിക്കുന്ന ഒരു ലോകത്തിനുവേണ്ടിയുള്ള രക്ഷാകവചമൊരുക്കലാണത്.
കേരളം വളരെ വ്യത്യസ്തമായൊരു രാഷ്ട്രീയ തിരഞ്ഞെടുക്കലാണ് നടത്തിയത്. നമുക്കിടയിൽ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിന് ശക്തവും പ്രവർത്തനസജ്ജവുമായ സമൂഹങ്ങളെ ചുമതലപ്പെടുത്തുകയാണ് കേരളം ചെയ്തത്; അങ്ങനെയൊരു സമൂഹം കെട്ടിപ്പടുക്കുകയാണ് കേരളം ചെയ്തത്. ഇത് ഭൂതകാലത്തിന്റെ കാൽപനിക കാഴ്ചപ്പാടല്ല, മറിച്ച് ഭാവിയിലേക്കുള്ള പ്രായോഗികമായ, സാധ്യമെന്നു തെളിയിക്കപ്പെട്ട ഒരു പാതയാണ്. അസമത്വത്തിന്റെയും കാലാവസ്ഥാ ദുരന്തത്തിന്റെയും സാമൂഹികമായ തകർച്ചയുടെയും പ്രതിസന്ധികളെ ഒന്നിച്ച് അഭിമുഖീകരിക്കുന്ന ഒരു ലോകത്ത്, പരസ്പരം ആശ്രയിക്കുവാനുള്ള ശേഷിയെന്നത് ഒരിക്കലുമൊരു ആ-ഡംബരമല്ല – മറിച്ച് അത് അതിജീവനത്തിന്റെ അനിവാര്യതയാണ്. ഐകമത്യത്തിന്റെ ഈടുറ്റ കരുത്തിന്റെയും പൊതുവായതാക്കലിനുള്ള ബോധപൂർവ്വമായ പ്രവർത്തനത്തിന്റെയും മേൽ കെട്ടിപ്പടുത്ത കേരള മാതൃക, മറ്റൊരു ലോകം സാധ്യമാണെന്നു മാത്രമല്ല, അങ്ങനെയൊരു ലോകം സാക്ഷാത്കരിക്കുകയാണെന്നുകൂടി വ്യക്തമാക്കുന്നു. l



