മനുഷ്യർ എല്ലായ്‌പ്പോഴും മനസിനെ കുളിരണിയിപ്പിക്കുന്ന കാഴ്-ചകൾ കാണാൻ ആഗ്രഹിക്കുന്നവരാണ്… എന്നാൽ ദുഃഖം നിറഞ്ഞ കാഴ്ചകൾ കൺമുന്നിൽ വരുമ്പോൾ കാണാതിരിക്കാൻ സാധിക്കാത്ത ഒരു നിമിഷമായിട്ടായിരുന്നു അതിദാരിദ്രരുടെ സർവ്വേ അനുഭവപ്പെട്ടത്… നമ്മളെല്ലാം എത്ര ഭാഗ്യം ചെയ്തവരാണെന്ന് അറിയാതെ ചിന്തിച്ചുപോയ നിമിഷങ്ങൾ.
അതിദരിദ്രർ.. അനാഥരായ ഒരുപാട് കുടുംബങ്ങൾ നമുക്കു ചുറ്റും ഉണ്ടെന്ന കേട്ടുകേൾവിക്കപ്പുറം കണ്ണു നനയിപ്പിക്കുന്ന നേർകാഴ്ച.
പുളിക്കൽ ഗ്രാമ പഞ്ചായത്തിലെ 3–ാം വാർഡിൽ പോത്തുംവെട്ടിക്കൽ താമസിക്കുന്ന ജാനകി എന്നവരുടെ വീട്ടിൽ ഞാൻ എത്തുന്നത് വാർഡ് മെമ്പർ ശങ്കരേട്ടന്റെ കൂടെ ആയിരുന്നു.ജീവിത വഴികളിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെട്ട ഒരാൾ എന്ന നിലയ്-ക്ക് വാർഡ് മെമ്പർ ശങ്കരേട്ടൻ കഷ്ടപ്പെടുന്നവരെ കൈകോർത്ത് നിർത്തുന്നതിൽ ഒരുപാട് ശ്രദ്ധാലുവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ചിലപ്പോൾ അനർഹരിൽ ആനുകൂല്യങ്ങൾ ആഘോഷമാക്കപ്പെടുമ്പോൾ ശങ്കരേട്ടൻ അതീവ കഷ്ടത അനുഭവിക്കുന്നവരെ മാത്രം തിരഞ്ഞെടുത്ത് അവർക്ക് ഈ ആനുകൂല്യം വാങ്ങിക്കൊടുക്കണം എന്ന ദൃഢനിശ്ചയത്തോടെ ഇതിന് ഇറങ്ങിത്തിരിച്ചു. അങ്ങനെ ആണ് ജാനകി എന്നവരുടെ വീട്ടിൽ ഞങ്ങൾ എത്തിച്ചേരുന്നത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ, മണ്ണു കൊണ്ട് നിർമിച്ച നിലം ചാണകം മെഴുകിയ ഒറ്റമുറി വീട്. അവിടെ തളർന്നു കിടക്കുന്ന 3 മനുഷ്യർ–ജാനകി, തമ്പി, സോളമൻ. വേദനാജനകമാണ് ആ കാഴ്ച, ഈ ഭൂമിയിൽ ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ എന്ന് മനസ്സിൽ പറഞ്ഞു പോയ നിമിഷം… എന്നെ കണ്ടതും അവർ അവരുടെ കയ്യിലുള്ള സർട്ടിഫിക്കറ്റുകൾ ഓരോന്നായി കാണിച്ചു. നേർകാഴ്ചയേക്കാൾ വലുതല്ലല്ലോ ഒരു സർട്ടിഫിക്കറ്റും. അതിനിടയിൽ കൂടെ വന്ന ആരോ ഒരു കട്ടൻ ചായ ഉണ്ടാക്കിത്തന്നു. നല്ല ചൂടുള്ള കട്ടൻ ചായ, അത് അവരുടെ കഷ്ടപ്പാടിന്റെ രുചിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കുറച്ചുനേരത്തെ കുശലാന്വേഷണത്തിനിടയിൽ ചൂടറിയാതെ പതിയെ ആ ചായ കുടിച്ചുതീർത്തു ഞാൻ അവിടെ നിന്നും പടിയിറങ്ങി. പിന്നീടുവന്ന ഗ്രാമസഭകളിലും പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും അവരെ അതിദരിദ്ര കുടുംബമെന്ന പദ്ധതിയിൽ ഉൾപ്പെടുത്തി. അതിദരിദ്രർക്ക് ലൈഫ് ഭവനം നൽകുന്നു എന്ന് കേട്ടപ്പോൾ അവർക്ക് നിരാശയായിരുന്നു. വീടുവെക്കാൻ അവർക്ക് ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല…, ഇത് അറിയാവുന്ന അബ്ദുറഹ്മാൻ മാസ്റ്റർ എന്ന വലിയ മനുഷ്യൻ ഇവർക്ക് വീടുവെക്കാൻ വേണ്ട ഭൂമി സ്വന്തം കുടുംബത്തിലെ അംഗമായി കണ്ടുകൊണ്ട് ഇവർക്ക് നൽകി.. അങ്ങനെ ലൈഫ് ഭവനം നാട്ടുകാരുടെയും അബ്ദുറഹ്മാൻ മാസ്റ്ററുടെയും സഹായത്തോടെ നിർമിച്ചു.. അതിദരിദ്രർ എന്ന പദ്ധതിയിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങളോരോന്നും ഒരുപാടു പേർക്ക് ജീവിതത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സ്വപ്നതുല്യമായ സഹായങ്ങൾ ആണ് , അതവർക്ക് മനസ്സ് തളരാതെ ഇനിയും ഒരുപാടു കാലം ഈ ഭൂമിയിൽ ജീവിക്കാനുള്ള ആത്മവിശ്വാസം നൽകി മുന്നോട്ടുള്ള നല്ല കാലത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു എന്നത് അതിദാരിദ്ര്യനിർമാർജനം എന്ന പദ്ധതിയുടെ വിജയമായി നിസംശയം നമുക്കു പറയാം. l



