ഇന്ത്യൻ ജനജീവിതത്തെയാകെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കുമേൽ പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയിരിക്കുകയുമാണ് ട്രംപും അമേരിക്കൻ ഗവൺമെന്റും. ഈ സാമ്പത്തിക കടന്നാക്രമണത്തെ ചെറുക്കാനും അമേരിക്കയ്ക്ക് അതേ നാണയത്തിൽ, അതേ സമയം ഇരട്ടിശക്തിയോടെ, തിരിച്ചടി നൽകാനും മോദി ഗവൺമെന്റ് തയ്യാറല്ലെന്നു മാത്രമല്ല, ട്രംപിനെയും കൂട്ടരെയും ശക്തമായി വിമർശിക്കുന്നവരെ ശത്രുക്കളായി കണ്ട് വേട്ടയാടാനുമാണ് മോദിയും സംഘപരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ട്രംപിന്റെ പ്രതികാരച്ചുങ്കം ഇന്ത്യയെ വിരട്ടി വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് വ്യക്തമാണ്. അതിനു വഴങ്ങുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച ചർച്ച ട്രംപ് ചുങ്കം അടിച്ചേൽപ്പിച്ച ആദ്യ ദിവസങ്ങളിൽ മുടങ്ങിയെങ്കിലും ഇപ്പോൾ അത് പുനരാരംഭിച്ചിരിക്കുകയാണ്. പൂർണമായും അമേരിക്കയ്ക്കനുകൂലമായ വ്യവസ്ഥകളോടുകൂടിയ ഒരു വ്യാപാരക്കരാറിൽ ഇന്ത്യാ ഗവൺമെന്റിനെക്കൊണ്ട് ഒപ്പിടുവിക്കാനുള്ള സമ്മർദതന്ത്രമാണ് ട്രംപിന്റെ പ്രതികാരച്ചുങ്കം. യൂറോപ്യൻ യൂണിയന്റെ അനുഭവം ഇക്കാര്യം പകൽ പോലെ വ്യക്തമാക്കുന്നതാണ്. യൂറോപ്യൻ യൂണിയനുമേൽ ട്രംപ് ചുമത്തിയ പ്രതികാരച്ചുങ്കം അവർ വ്യാപാരക്കരാർ അമേരിക്കയുടെ ഇംഗിതാനുസൃതം ഒപ്പുവച്ചതോടെ വെട്ടിക്കുറച്ചതായാണ് കണ്ടത്. അതേ വഴിക്കുതന്നെയാണ് ഇന്ത്യാ ഗവൺമെന്റും നീങ്ങുന്നത്. ഇത് കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്കെതിരാണ്.
ഇതിൽനിന്നു വ്യത്യസ്തമായ ഒരു സമീപനമാണ്, ചെറുത്തുനിൽപ്പ് തന്ത്രമാണ് ചെെനയും ബ്രസീലും സ്വീകരിച്ചത്. ഇന്ത്യാ ഗവൺമെന്റും ആ മാതൃകയാണ് പിന്തുടരേണ്ടത്. കോർപ്പറേറ്റുകളുടെ മാത്രം താൽപ്പര്യം സംരക്ഷിക്കാൻ നോക്കുന്ന മോദി ഗവൺമെന്റ് രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും സംഘടനകളുടെ പ്രതിനിധികളുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. ഇന്ത്യൻ സമ്പദ്ഘടനയുടെ വാതിലുകൾ വിദേശ മൂലധനത്തിന് നിർബാധം തുറന്നുകൊടുക്കുകയെന്ന നയം പിന്തുടരുന്ന ബിജെപി ഭരണത്തിലിരിക്കുമ്പോൾ ജനപക്ഷമോ രാജ്യതാൽപ്പര്യം സംരക്ഷിക്കുന്നതോ ആയ നിലപാടുകൾ ഉണ്ടാവില്ലല്ലോ. അതുകൊണ്ടാണ് ഇന്ത്യൻ കോർപ്പറേറ്റുകളുടെയും അന്താരാഷ്ട്ര മൂലധനത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സ്വതന്ത്ര വ്യാപാരക്കരാറിൽ അമേരിക്കയുമായി ഒപ്പിടാൻ മോദി സർക്കാർ വ്യഗ്രത കാട്ടുന്നത്. രാജ്യതാൽപ്പര്യം അടിയറവയ്ക്കുന്ന നയത്തിനു മറയിടാൻ മാത്രമാണ് മോദി സ്വാശ്രയത്വത്തെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങൾ നടത്തുന്നത്.
സാമ്രാജ്യത്വശക്തികൾക്കു മുന്നിൽ മുട്ടുമടക്കുന്നതിനുപകരം ചെെനയെയും ബ്രസീലിനെയും മറ്റു വികസ്വര രാജ്യങ്ങളെയും പോലെ ഇന്ത്യയും അമേരിക്കയുടെ ആക്രമണോത്സുകമായ നയത്തെ ചെറുക്കുകയാണ് ചെയ്യേണ്ടത്. വികസ്വര– അവികസിത രാജ്യങ്ങളുടെ കൂട്ടായ്മകൾക്കൊപ്പം ചേർന്ന് അതിനുമുന്നിൽനിന്ന് നയിക്കാനണ് തയ്യാറാകേണ്ടത്. ട്രംപിന്റെ പ്രതികാരച്ചുങ്കത്തിന്റെ കെടുതിയനുഭവിക്കുന്ന ഇന്ത്യയിലെ തൊഴിലാളി–കർഷകജനവിഭാഗങ്ങൾക്ക് സഹായം നൽകാനും ഒപ്പം ആഭ്യന്തര കമ്പോളം വികസിപ്പിക്കാനുമുള്ള നയങ്ങളാണ് നടപ്പാക്കേണ്ടത്. ഇന്ത്യാ ഗവൺമെന്റിനുമേൽ അതിനായി സമ്മർദം ചെലുത്താനുള്ള ജനകീയ ചെറുത്തുനിൽപ്പുകൾക്ക് തുടക്കമിടുന്ന വേളയിലാണ് ഞങ്ങൾ ഈ ലക്കത്തിലെ കവർ സ്റ്റോറി ഈ വിഷയത്തിൽ കേന്ദ്രീകരിക്കുന്നത്. എം എ ബേബി, വിജൂ കൃഷ്ണൻ, ഡോ. ടി എം തോമസ് ഐസക്, ആർ കരുമലയാൻ, എളമരം കരീം, ആർ രാംകുമാർ, എം ഗോപകുമാർ, കെ എ വേണുഗോപാലൻ എന്നിവരാണ് ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. l



