Sunday, November 9, 2025

ad

Homeകവര്‍സ്റ്റോറിരക്ഷപ്പെടാനുള്ള 
വഴിയെന്ത്?

രക്ഷപ്പെടാനുള്ള 
വഴിയെന്ത്?

എം എ ബേബി

മേരിക്ക അടിച്ചേൽപ്പിച്ച ഏകപക്ഷീയമായ പ്രതികാരച്ചുങ്കത്തെ തുടർന്ന് മുറിഞ്ഞുപോയ ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ അമേരിക്കൻ വ്യപാര പ്രതിനിധികൾ സെപ്തംബർ മധ്യത്തിൽ ഇന്ത്യ സന്ദർശിച്ചതോടെ ന്യൂഡൽഹിയിൽ പുനരാരംഭിച്ചിരിക്കുകയാണ്. അടിയറവ് പറയിക്കാൻ ഇന്ത്യക്കുമേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് എച്ച്–1 ബി വിസയ്ക്കുമേൽ ചുമത്തിയ  88 ലക്ഷം രൂപ എന്ന ഭീമമായ ഫീസ്. എച്ച്–1 ബി വിസയുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദഗ്ധരായ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ വലിയ തോതിൽ ബാധിക്കുമെന്നുറപ്പാണ്; അവരുടെ തൊഴിലിനെയും ജീവിതത്തെത്തന്നെയും അത് തകർക്കും. ഇന്ത്യ ഇറാനിൽ ഏറ്റെടുത്ത് നടത്തുന്ന ഛബഹാർ തുറമുഖത്തിനു മേലുള്ള ഉപരോധം വീണ്ടും അടിച്ചേൽപ്പിക്കുകയാണ്. വരും നാളുകളിൽ അമേരിക്കയിൽനിന്നും കൂടുതൽ ആക്രണോത്സുകമായ നടപടികൾ നമുക്കു പ്രതീക്ഷിക്കാം.

ഈ കനത്ത പ്രഹരങ്ങളെ അതേ നാണയത്തിൽ ചെറുക്കുന്നതിനുപകരം പ്രധാനമന്ത്രി മോദി സ്വാശ്രയത്വത്തിന്റെ ആവശ്യകതയെ സംബന്ധിച്ച്- ഒഴുക്കൻ മട്ടിലുള്ള ഉപദേശി പ്രസംഗങ്ങൾ നടത്തുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെ ഭരണത്തലവൻ നടത്തുന്ന ഈ ഒളിച്ചോടൽ സമീപനവും അതേപോലെതന്നെ വിദേശകാര്യമന്ത്രാലയത്തിന്റെ പരിതാപകരമായ  പ്രതികരണവും നിരാശാജനകമാണ്. ഇന്ത്യക്കുമേൽ പ്രതികാരച്ചുങ്കം അടിച്ചേൽപ്പിച്ചതും അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന അസ്വീകാര്യമായ ഭാഷയും വെളിപ്പെടുത്തുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ വിദേശനയവും നയതന്ത്രവും പാടേ പരാജയപ്പെട്ടിരിക്കുന്നൂവെന്നതാണ്.

അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യൻ യൂണിയനെപ്പോലെ നമ്മളെയും പൂർണ്ണമായി അടിയറവു പറയിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. തുടക്കത്തിൽ ട്രംപിന്റെ ആവശ്യത്തെ യൂറോപ്യൻ യൂണിയൻ എതിർത്തെങ്കിലും അമേരിക്കയുടെ സമ്മർദതന്ത്രം മൂലം വ്യാപാരക്കരാർ ഒപ്പിടുന്നതിലാണ് കലാശിച്ചത്. ഈ കരാർപ്രകാരം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതികൾക്കുമേൽ അമേരിക്ക 15 ശതമാനം ചുങ്കം ഏർപ്പെടുത്തും; അതേസമയം യൂറോപ്യൻ യൂണിയൻ അമേരിക്കൻ ചരക്കുകൾക്കുമേലുള്ള എല്ലാ ചുങ്കങ്ങളും ഉപേക്ഷിക്കും; വില കുറഞ്ഞ റഷ്യൻ ഇന്ധനത്തിനുപകരം വില കൂടിയ അമേരിക്കൻ ഇന്ധനം വാങ്ങാമെന്നും യൂറോപ്യൻ യൂണിയൻ സമ്മതിച്ചിരിക്കുന്നു.
ഇതിൽനിന്നു വ്യത്യസ്തമായ ഉദാഹരണമാണ് അമേരിക്കൻ ഭീഷണിയെ ചെറുത്തുനിൽക്കുന്ന ചെെന. ബ്രസീൽ പോലും ഇതേപോലെ ചെറുത്തുനിൽക്കുകയാണ്. ആക്രമണോത്സുകമായ വിരട്ടലുകൾ ഇപ്പോൾ അമേരിക്ക ലഘൂകരിച്ചിരിക്കുകയാണ്; പകരം ചെെനക്കാരുമായി ക്ഷമയോടെ കൂടിയാലോചന നടത്തുകയാണ്. ഇതിൽനിന്നുള്ള പ്രധാനപ്പെട്ട പാഠം ഭീഷണികൾക്ക് വഴങ്ങരുത് എന്നതാണ്; മറിച്ച് രാജ്യ താത്പര്യത്തിനനുസൃതവും ജനപക്ഷവുമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്.

ചുങ്കത്തെ ആയുധവൽക്കരിക്കുന്ന അമേരിക്കൻ നിലപാടിനെ ചെറുക്കുന്നതിന് ഇന്ത്യ ബ്രിക്സുമായും മറ്റു വികസ്വര രാജ്യങ്ങളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. അടുത്ത കാലത്ത് ടിയാൻജിനിൽ ചേർന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി വിവിധ രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുങ്കം അടിച്ചേൽപ്പിക്കുന്നതിനും റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ആ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്താനുള്ള നീക്കങ്ങൾ നടത്തുന്നതിനുമെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്. ആഗോള വികസ്വര രാജ്യങ്ങളുടെ (Global South) താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ഷാങ്ഹായ് സഹകരണ സംഘടനാ ബാങ്ക് സ്ഥാപിക്കാനുള്ള ഒരു നിർദേശവും ചർച്ച ചെയ്യപ്പെട്ടു. ബഹുധ്രുവതയ്ക്കും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കുന്നതിനും സമാധാനം പുലർത്തുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു ചുവടുവയ്പായി ഈ യോഗം മാറി.

ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രോഷാകുലമായ പ്രതികരണം ഈ രാജ്യങ്ങൾ അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു. ഇത് ഈ യോഗം വാഷിങ്ടണിന് എത്രമാത്രം  അസ്വസ്ഥതയുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ്. അമേരിക്കൻ അധീശാധിപത്യത്തോട് അസംതൃപ്തരായ പല രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ഒത്തുചേരാനുള്ള ഒരിടമായി ചെെനയും റഷ്യയും ഉയർന്നുവരുന്നതിൽ അമേരിക്കയ്ക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. അമേരിക്കൻ നടപടികൾമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ രാജ്യങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടു മാത്രമേ ഫലപ്രദമായ ചെറുത്തുനിൽപ്പ് യാഥാർഥ്യമാക്കാൻ കഴിയൂവെന്ന് ഇന്ത്യാ ഗവൺമെന്റിന് ബോധ്യപ്പെടണം.

അമേരിക്ക ആവശ്യപ്പെടുന്നതുപോലെ ഇന്ത്യൻ സമ്പദ്ഘടനയെ വിദേശമൂലധനത്തിനായി ഇനിയും കൂടുതൽ തുറന്നുകൊടുക്കാൻ എൻ.ഡി.എ ഭരണത്തിന് വിരോധമില്ല. കയറ്റുമതിയിൽ ഭാവിയിൽ നേട്ടമുണ്ടാക്കുന്നതിന് അമേരിക്കൻ ഇറക്കുമതിക്ക് രാജ്യത്തെ ‘‘തന്ത്രപരമായി തുറന്നിടണ’’മെന്ന് 2025 മെയ‍് മാസത്തിൽ നിതി ആയോഗിന്റെ സമീപനരേഖയിൽ (Working paper) വാദിക്കുന്നുണ്ട്. വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആ സമീപന രേഖ പിൻവലിക്കേണ്ടിവന്നു.

ബിജെപി നിലകൊള്ളുന്നത് ഇന്ത്യൻ കാർഷികമേഖലയുടെ കോർപ്പറേറ്റ് വൽക്കരണത്തിനാണ്. അതുവഴി ദ്രുതഗതിയിലുള്ള ആധുനികവത്കരണവും വലിയ അളവിൽ കയറ്റുമതിയുന്മുഖമാക്കുന്നതിനും ലക്ഷ്യമിടുന്നു. ഈ പാക്കേജിലെ അനുപേക്ഷണീയമായ ഒരു ഘടകമാണ് കാർഷികമേഖല ഇറക്കുമതിക്ക് തുറന്നുകൊടുക്കുക എന്നത്. എൻ.ഡി.എ ഗവൺമെന്റ് പാസാക്കിയ കുപ്രസിദ്ധമായ മൂന്ന് കാർഷിക നിയമങ്ങൾ ഈ പുതിയ തന്ത്രത്തിന്റെ മുന്നോടിയായിരുന്നു. ദീർഘകാലം നിലനിന്ന ഉശിരൻ കർഷകസമരത്തിനുവഴി തെളിച്ചത് ഈ നിയമങ്ങളാണ്. ആ നിയമം പിൻവലിക്കുന്നതിന് കർഷകസമരം സർക്കാരിനെ നിർബന്ധിതമാക്കി.

മോദി സർക്കാർ ദേശീയ താൽപ്പര്യങ്ങൾ അടിയറവയ്ക്കുന്നില്ലയെന്ന് ഉറപ്പുവരുത്തുന്നതിന് അധ്വാനിക്കുന്ന ജനതയുടെ ശക്തമായ പോരാട്ടം  അനിവാര്യമാണെന്ന സന്ദേശമാണ് ഈ കർഷക സമരത്തിന്റെ അനുഭവം നൽകുന്നത്. ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേൽക്കുന്നതിനും ഈ ജനകീയ പോരാട്ടം കാരണമായി. പാർലമെന്റിൽ മൂന്നിൽ രണ്ട് സീറ്റിന്റെ ഭൂരിപക്ഷം നേടുന്നതിന് ആഗ്രഹിച്ച ബിജെപിക്ക് സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം പോലും ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. അമേരിക്കൻ ആവശ്യങ്ങളോട് സന്ധിചെയ്യാൻ അമാന്തിക്കുന്നതിന്റെ യഥാർഥ കാരണം കർഷക സമരത്തെക്കുറിച്ചുള്ള ഓർമ്മകളാണ്. അമേരിക്കൻ ആവശ്യങ്ങൾക്ക് കീഴടങ്ങുകയാണെങ്കിൽ കുപ്രസിദ്ധമായ കർഷക നിയമങ്ങൾ പാസാക്കിയ കാലത്തേതുപോലെ പല വിധത്തിൽ ശക്തമായ പ്രതിഷേധങ്ങൾ വീണ്ടും ഉയർന്നുവരും.

അതേസമയം, ട്രംപിന്റെ ചുങ്കം പ്രതികൂലമായി ബാധിക്കുന്ന കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പാക്കേജ് ഇന്ത്യാ ഗവൺമെന്റ് മുന്നോട്ടുവയ്ക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നു. ട്രംപിന്റെ തീരുവകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും സാമ്പത്തികസഹായം നൽകണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്ക്, പ്രത്യേകിച്ചും ചെമ്മീൻ മേഖലയിലെ തൊഴിലാളികൾക്ക്, പ്രത്യേക സാമ്പത്തികസഹായം നൽകേണ്ടതാണ്. കാർഷിക മേഖലയിലും അസംഘടിതമേഖലകളിലും സാമൂഹ്യസുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനു വേണ്ട നടപടികളും കെെക്കൊള്ളണം. ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് അതിസമ്പന്നർക്കുമേൽ ചെറിയൊരു സ്വത്തു നികുതി ഏർപ്പെടുത്തിയാൽ മതിയാവും.

അമേരിക്കയിലേക്കുള്ള കയറ്റുമതി മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചുവിടുന്നതിനായി ഒരു ഹ്രസ്വകാല പരിപാടിയും ആവശ്യമാണ്. അമേരിക്കയിലേക്ക് ഇപ്പോൾ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ചെമ്മീൻ, വസ്ത്രങ്ങൾ തുടങ്ങിയ ഉപഭോഗ ഉൽപ്പന്നങ്ങളിൽ ചിലതിന്റെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുന്നതിനു വേണ്ട പിന്തുണയും നൽകണം. ഇവയോടൊപ്പം കുറച്ചുകൂടി നീണ്ട കാലയളവെടുത്താലും കയറ്റുമതി മേഖലകളിലെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ആധുനികവൽക്കരണത്തിനുള്ള ഒരു പരിപാടി നടപ്പാക്കണം.

2022 ഏപ്രിൽ മുതൽ 2025 ആഗസ്തുവരെയുള്ള കാലത്ത്, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതുമൂലം ഇന്ത്യയ്ക്ക് 17 ബില്യൺ ഡോളറിന്റെ ലാഭം നേടാൻ കഴിഞ്ഞതായാണ് റോയിട്ടേഴ്സ് ഒരു റിപ്പോർട്ടിൽ കണക്കാക്കിയിരിക്കുന്നത്. മിച്ചമായി ലഭിച്ച ഈ തുക അത്രയുംതന്നെ റിലയൻസ് ഇൻഡസ്ട്രിസും മറ്റ് എണ്ണക്കമ്പനികളും കീശയിലാക്കുകയാണുണ്ടായത്. ഇങ്ങനെ ലഭിച്ച അധിക തുക ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കെെമാറണം. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണം. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാതിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന എണ്ണ വിലവർധനയെ അടിസ്ഥാനമാക്കി കണക്കാക്കുകയാണെങ്കിൽ രാജ്യത്തിനുണ്ടായ നേട്ടം തൊട്ടു മുൻപ് പരാമർശിച്ച ലാഭത്തിന്റെ ഇരട്ടിയെങ്കിലും വരും എന്നതും മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് റഷ്യൻ എണ്ണയുടെ ഇറക്കുമതി അമേരിക്കൻ ഭീഷണിക്ക് വഴങ്ങി നിർത്തലാക്കരുത്.

ഇന്ത്യ സർക്കാർ വ്യവസായികളുടെ സംഘടനകളുമായി കൂടിയാലോചന നടത്തുകയും ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഇൻസെന്റീവ് സ്കീമുകൾ വിപുലപ്പെടുത്തുന്നതിനും, കയറ്റുമതിക്കാർക്ക് അധിക സഹായം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ  ഇന്ത്യാ ഗവൺമെന്റ് ട്രേഡ് യൂണിയനുകളുമായോ കർഷക സംഘടനകളുമായോ കൂടിയാലോചന നടത്താൻ പോലും തയ്യാറായില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വ്യാപകമായ കൂടിയാലോചന നടത്തേണ്ടതാണ്. സാമ്രാജ്യത്വമുയർത്തുന്ന വെല്ലുവിളി നേരിടുന്നതിന് രാജ്യത്തെ ഒറ്റക്കെട്ടായി അണിനിരത്തിയേ തീരൂ.

സാമ്രാജ്യത്വത്തിന്റെ ഭീഷണികൾക്കെതിരെ നിലപാടെടുക്കുന്നതിന് രാജ്യത്തെ ഒന്നടങ്കം അണിനിരത്തുന്നതിനു പകരം മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലാണ് ദൗർഭാഗ്യവശാൽ ബിജെപി ഇപ്പോഴും ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ ഒരു കാരണവശാലും കീഴടങ്ങില്ലായെന്ന സന്ദേശം അമേരിക്കൻ അധികൃതർക്കും ഒപ്പം ഇന്ത്യാ ഗവൺമെന്റിനും നൽകുകയെന്ന കടമയാണ് നാം ഏറ്റെടുക്കേണ്ടത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular