Sunday, November 9, 2025

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ വിപണി തുറന്നുകിട്ടാൻ 
ചുങ്കം ആയുധമാക്കുന്ന 
സാമ്രാജ്യത്വം

ഇന്ത്യൻ വിപണി തുറന്നുകിട്ടാൻ 
ചുങ്കം ആയുധമാക്കുന്ന 
സാമ്രാജ്യത്വം

വിജൂ കൃഷ്ണൻ

ട്രംപ് ഭരണം ഇന്ത്യയ്ക്കും മറ്റു നിരവധി രാജ്യങ്ങൾക്കും മേൽ ചുങ്കയുദ്ധം ആരംഭിച്ചിരിക്കുകയാണ്.

ട്രംപ്‌ വാഴ്‌ചയുടെ അമേരിക്കയെ വീണ്ടും മഹാശക്തിയായി (Make America Great Again-‐ MAGA) ഉയർത്തുകയെന്നതിനു നൽകുന്ന ഊന്നൽപ്രകാരം വിവിധ രാജ്യങ്ങളിൽ അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെയെല്ലാം ചുങ്കം ഏകപക്ഷീയമായി വർധിപ്പിച്ചിരിക്കുകയാണ്‌. അമേരിക്കയിലേക്ക്‌ മാനുഫാക്‌ചറിങ്ങ്‌ തിരികെയെത്തുമെന്ന്‌ ഉറപ്പാക്കുന്നതിനാണിത്‌. കാനഡ മുതൽ മനുഷ്യവാസമില്ലാത്ത ഹേർഡ്‌ ആൻഡ്‌ മക്‌ഡൊണാൾഡ്‌ ദ്വീപുകളിൽ (പെൻഗ്വിനുകളും നീർനായ്‌ക്കളും മാത്രമാണ്‌ ഈ ദ്വീപുകളിൽ അധിവസിക്കുന്നത്‌) വരെയുള്ളവയ്‌ക്ക്‌ കുത്തനെ പ്രതികാരച്ചുങ്കം അടിച്ചേൽപ്പിച്ചിരിക്കുകയാണ്‌! അമേരിക്കൻ സൈനികത്താവളം സ്ഥാപിച്ചിട്ടുള്ള ഇന്ത്യാ മഹാസമുദ്രത്തിലെ ദ്വീപായ ദീഗൊ ഗാർഷ്യക്കുമേലും ചുങ്കം വർധിപ്പിച്ചിരിക്കുകയാണ്‌; അക്ഷരാർഥത്തിൽ തന്നെ ഭൂഗോളത്തിലാകെ, ഒരാളെയും ഒരു രാജ്യത്തെയും ഒഴിവാക്കാതെ ട്രംപ്‌ ചുങ്കവർധന പ്രഖ്യാപിച്ചിരിക്കുകയാണ്‌. ചൈനയും കാനഡയും മെക്‌സിക്കോയും മറ്റു ചുരുക്കം ചില രാജ്യങ്ങളും തിരിച്ചടിച്ചിട്ടുണ്ട്‌. ബ്രിട്ടൻ, ആസ്‌ട്രേലിയ, സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ അമേരിക്കയുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചു. അമേരിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന നാനാവിധ ചരക്കുകൾക്ക്‌ ചുങ്കം കുറയ്‌ക്കണമെന്ന അമേരിക്കൻ ആവശ്യത്തിന്‌ ഇന്ത്യാ ഗവൺമെന്റും കീഴടങ്ങിയിരിക്കുകയാണ്‌. നവലിബറൽ നയങ്ങൾ കർക്കശമായി നടപ്പാക്കുന്ന ട്രംപ്‌ ഗവൺമെന്റ്‌ അതേസമയം ചുങ്കങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട്‌ സാന്പത്തിക പ്രതിസന്ധിയിൽനിന്ന്‌ കരകയറാനാണ്‌ ശ്രമിക്കുന്നത്‌. ഇതാകട്ടെ, സംരക്ഷണവാദപരമായ നടപടിയാണ്‌. അമേരിക്കൻ ഉൽപന്നങ്ങൾക്ക്‌ ചുങ്കരഹിതമായി കടന്നുകയറാൻ കമ്പോളങ്ങൾ തുറന്നുകൊടുക്കുന്നതിനായി മറ്റു രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്താനാണ്‌ അമേരിക്ക ഇതിനെ ഉപയോഗിക്കുന്നത്‌. ബ്രിട്ടൻ 25000ലധികം ഉൽപന്നങ്ങൾക്ക്‌ ചുങ്കങ്ങൾ വെട്ടിക്കുറയ്‌ക്കുകയോ ചുങ്കരഹിതമാക്കുകയോ ചെയ്യാൻ നിർബന്ധിതമായി; അതേസമയം അമേരിക്ക 10 ബ്രിട്ടീഷ്‌ ഉൽപന്നങ്ങൾക്കുമാത്രമാണ്‌ ചുങ്കം ഒഴിവാക്കിയത്‌. ദശലക്ഷക്കണക്കിന്‌ ഡോളർ വിലയുള്ള പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും അമേരിക്കൻ സന്പദ്‌ഘടനയിൽ നിക്ഷേപം നടത്താനും സൗദി അറേബ്യയും ഖത്തറും നിർബന്ധിതമായി. ചൈനയ്‌ക്കുമേൽ 125 ശതമാനമെന്ന ഉയർന്ന നിരക്കിലാണ്‌ ട്രംപ്‌ ചുങ്കം അടിച്ചേൽപിച്ചത്‌; അതേ നിലയിൽ തന്നെ അമേരിക്കൽ ഉൽപന്നങ്ങൾക്കുമേൽ ചുങ്കം ഏർപ്പെടുത്തി ചൈന തിരിച്ചടിച്ചു. ചൈനയുടെ ചെറുത്തുനിൽപ്പുമൂലം ചുങ്കം പിൻവലിക്കാനും കൂടിയാലോചനകൾ തുടങ്ങാനും അമേരിക്ക നിർബന്ധിതമായി. ഗണ്യമായ അളവിൽ ഉപഭോക്തൃ ചരക്കുകൾ ചൈനയിൽനിന്നാണ്‌ അമേരിക്ക ഇറക്കുമതി ചെയ്യുന്നത്‌; ചൈനയ്‌ക്കുമേൽ ചുങ്കങ്ങൾ ഏർപ്പെടുത്തിയതിന്റെ ആഘാതം അമേരിക്കൻ സന്പദ്‌ഘടനയെതന്നെ പ്രതികൂലമായി ബാധിച്ചു. നാണയപ്പെരുപ്പത്തിന്റെ പ്രവണതകളും 2024ൽ 2.8 ശതമാനമായിരുന്ന വളർച്ച ഈ വർഷം 1.6 ശതമാനമായി ഇടിയുമെന്ന്‌ കണക്കാക്കപ്പെടുന്നതും ചൈനയ്‌ക്കുമേലുള്ള ചുങ്കം വർധന 90 ദിവസത്തേക്ക്‌ തടഞ്ഞുവയ്‌ക്കുന്നതായി പ്രഖ്യാപിക്കാൻ അമേരിക്കയെ നിർബന്ധിതമാക്കി. താൽക്കാലിക വിരാമം നടപ്പാക്കിയിട്ടും അമേരിക്ക സ്റ്റാഗ്‌ഫ്ലേഷന്റേതായ (മാന്ദ്യവും നാണയപ്പെരുപ്പവും ഒരുമിച്ചുള്ള അവസ്ഥ) ഒരു കാലത്തേയ്‌ക്ക്‌ കടക്കുന്നതായാണ്‌ പ്രവചിക്കപ്പെടുന്നത്‌; സന്പൂർണ മാന്ദ്യമാകുന്നില്ലായെന്നേയുള്ളൂ.

ഇക്കാലമത്രയും സ്വതന്ത്ര വ്യാപാരത്തിനു വേണ്ടിയും ഒപ്പം വ്യാപാരനിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുമായി വാദിച്ചിരുന്ന അമേരിക്കൻ സാമ്രാജ്യത്വം ഈ വഴിത്തിരിവിൽ ഇപ്പോൾ വിപണികൾ ബലം പ്രയോഗിച്ച് തുറക്കുന്നതിനും സാമ്പത്തികവും ഭൗമതന്ത്രപരവുമായ ലക്ഷ്യങ്ങൾ നേടുന്നതിനും സംരക്ഷണവാദ നടപടികളെ ആശ്രയിക്കുന്ന വിരോധാഭാസത്തിൽ എത്തിയിരിക്കുകയാണ്. മുതലാളിത്ത പൊതുകുഴപ്പം രൂക്ഷമാവുകയും സോഷ്യലിസ്റ്റ് ചെെന സാമ്പത്തികരംഗത്തും ശാസ്ത്ര–സാങ്കേതികവിദ്യാ രംഗത്തും എതിരാളിയായി ഉയർന്നുവരികയും ചെയ്തതോടെ ട്രംപ് നയിക്കുന്ന അമേരിക്ക തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് മറ്റു രാഷ്ട്രങ്ങളെ സമ്മർദതന്ത്രങ്ങളിലൂടെ വഴിപ്പെടുത്തുന്നതിനുള്ള ആയുധമായി ചുങ്കം അടിച്ചേൽപ്പിക്കുകയാണ്. സാമ്രാജ്യത്വ ആക്രമണങ്ങളുടെയും ഉപരോധങ്ങളുടെയും തുടർച്ചയെന്ന നിലയിൽ ബ്രസീലിനൊപ്പം ഇന്ത്യക്കുമേലും ആദ്യം 25 ശതമാനം ചുങ്കവും പിന്നീട് മറ്റൊരു 25 ശതമാനവും ഉൾപ്പെടെ മൊത്തം 50 ശതമാനം ചുങ്കം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കുമേൽ 25 ശതമാനം അധികം ചുങ്കം അടിച്ചേൽപ്പിച്ചത് റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്നാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കീഴാള സഖിയെന്ന നിലയിൽ വിശ്വസ്തതയോടെ പണിയെടുക്കുന്ന പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഇരുട്ടടിപോലെയായി ഇത്. ബ്രിക്സിൽ കൂടുതൽ രാജ്യങ്ങൾ അണിചേർന്ന് അത് ശാക്തീകരിക്കപ്പെടുകയും അമേരിക്കൻ ഡോളറിനു ബദലായി ഒരു പുതിയ നാണയം വികസിപ്പിക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തതും ഇന്ത്യക്കും ബ്രസീലിനും നേരെ 50 ശതമാനം ചുങ്കം അടിച്ചേൽപ്പിക്കാൻ കാരണമായി.

ഇന്ത്യൻ വിപണിയെ ബലമായി തള്ളിത്തുറക്കാനുള്ള ആയുധമായി ചുങ്കത്തെ അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിക്കുമ്പോൾ തന്നെ നരേന്ദ്രമോദിയും കോർപ്പറേറ്റ് വർഗീയ വാഴ്ചയും വ്യാപാര ഉദാരവൽക്കരണത്തിന്റെ കടുത്ത വക്താക്കളാണെന്ന കാര്യവും നാം ഓർമിക്കേണ്ടതാണ്. തലകുനിക്കാൻ ആവശ്യപ്പെട്ടപ്പോൾ നരേന്ദ്രമോദി തന്റെ സാമ്രാജ്യത്വ യജമാനന്മാർക്കുമുന്നിൽ താണുവണങ്ങുകയും മുട്ടിലിഴയുകയുമാണ്. പരുത്തി ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന 11 ശതമാനം ഇറക്കുമതി ചുങ്കം ഇന്ത്യ ഒഴിവാക്കി. ഈ നടപടിയോടെ, ഇന്ത്യൻ കർഷകരെ കമ്പോളത്തിന്റെ ദയാദാക്ഷിണ്യത്തിനായി മോദി ഗവൺമെന്റ് വലിച്ചെറിഞ്ഞു കൊടുത്തിരിക്കുകയാണ്; അവിടെ അവർക്ക് മത്സരിക്കേണ്ടതായി വരുന്നത് കനത്ത സബ്സിഡി ലഭിക്കുന്ന വ്യാവസായിക നിലവാരത്തിലുള്ള അമേരിക്കൻ കർഷകരോടുമാണ്. 50 ശതമാനം ചുങ്കം അടിച്ചേൽപ്പിക്കുന്നതിനും മുൻപുതന്നെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള യൂണിയൻ ഗവൺമെന്റും അമേരിക്കൻ ഗവൺമെന്റും ജൂണിൽ ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചത് രണ്ട് രാജ്യങ്ങൾ തമ്മിൽ ലോകവ്യാപാര സംഘടന (WTO) യിൽ അവശേഷിക്കുന്ന വ്യാപാരത്തർക്കങ്ങൾ പരിഹരിക്കണമെന്നാണ്. ഒട്ടനവധി തർക്കങ്ങൾക്കിടയിൽ ഒടുവിൽ വിട്ടുവീഴ്ചയില്ലാതെ തുടർന്നിരുന്നത് 2012ൽ ഇന്ത്യ ഫയൽ ചെയ്ത പക്ഷിപ്പനിയെ സംബന്ധിച്ച ആശങ്കകൾ മൂലം അമേരിക്കയിൽനിന്നുള്ള ശീതീകരിച്ച താറാവും ടർക്കിയും പോലെയുള്ള പൗൾട്രി ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണവുമായി ബന്ധപ്പെട്ടാണ്. തർക്കപരിഹാരത്തിന്റെ പേരിൽ ഇന്ത്യാ ഗവൺമെന്റ് ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചിരിക്കുകയാണ്. വെള്ളക്കടല, തൂവരപ്പരിപ്പ്, ബദാം, വാൾനട്ട്, ആപ്പിൾ എന്നിങ്ങനെ അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ ചുങ്കം കുറച്ചു. അമേരിക്കൻ തുവരപരിപ്പിന് ചുങ്കം കുറച്ചത്. പയർ വർഗങ്ങൾ കൃഷി ചെയ്യുന്ന ഇന്ത്യയിലെ ചെറുകിട–നാമമാത്ര ഉൽപ്പാദകരെ സംബന്ധിച്ചിടത്തോളം നിരുത്സാഹപ്പെടുത്തലായി; സർക്കാർ സംഭരണം നടത്താത്തതുമൂലം കമ്പോളത്തിൽ ഇപ്പോൾ തന്നെ പയർ വർഗങ്ങൾക്ക് വില ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കയുടെ വ്യാപാര പ്രതിനിധിയുടെ ഓഫീസ് നന്ദി സൂചിപ്പിച്ചുകൊണ്ട് എഴുതിയ കുറിപ്പിൽ പറയുന്നതിങ്ങനെ: ‘‘ചുങ്കം വെട്ടിക്കുറച്ചത് കുഴപ്പം പിടിച്ച ഒരു കമ്പോളാന്തരീക്ഷത്തിൽ അമേരിക്കൻ കാർഷികോൽപ്പാദകരെ സംബന്ധിച്ചിടത്തോളം സാമ്പത്തികാവസരങ്ങൾ വിപുലമാകാൻ സഹായകമാകും; ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും അത് സഹായിക്കും.’’ മുൻപ് 2020ൽ ഇന്ത്യ–അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ ഉറപ്പാക്കാനായി പൗൾട്രി വിപണിയും ക്ഷീരവിപണിയും തുറന്നുകൊടുക്കാൻ ഇന്ത്യ സമ്മതിച്ചിരുന്നു; ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ അടിയറവച്ചുകൊണ്ട് അമേരിക്കയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് ഒത്ത വിധമുള്ള ഒന്നാണ് ഈ ഇന്ത്യ –അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ; അമേരിക്കയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ വന്നടിയുന്നതിന്റെ ഫലമായി ആദായകരമായ വരുമാന സാധ്യതകൾ ഇന്ത്യൻ കർഷകർക്ക് ഇനിയും നഷ്ടമാകും.

മറ്റു വികസ്വര രാജ്യങ്ങൾക്കൊപ്പം ഇന്ത്യ കൃഷിയെയും ഏറ്റവുമധികം സൗകര്യങ്ങളനുഭവിക്കുന്ന രാഷ്ട്രത്തെയും സംബന്ധിച്ച ലോക വ്യാപാര സംഘടനാ കരാറിലെ സമതുലിതമല്ലാത്ത വ്യവസ്ഥ സംബന്ധിച്ച് മുൻപ് ചോദ്യങ്ങൾ ഉയർത്തിയിരുന്നു; കരാറിലെ ഈ വ്യവസ്ഥയാകട്ടെ, വികസിത രാജ്യങ്ങൾക്കനുകൂലവും പക്ഷപാതപരവുമാണ്; വികസിത രാജ്യങ്ങൾ തങ്ങളുടെ കർഷകർക്ക് ഭീമമായ തോതിൽ സബ്സിഡി നൽകുന്നുമുണ്ട്; എന്നാൽ അതേ സമയം തന്നെ വികസ്വര രാജ്യങ്ങളിലെ ദരിദ്ര– നാമമാത്ര ഉൽപ്പാദകർക്ക് സബ്സിഡികളും മിനിമം താങ്ങുവില പോലെയുള്ള വില പിന്തുണയും നൽകുന്നതിനെ അവർ എതിർക്കുന്നുമുണ്ട്. കണക്കുകൾ പ്രകാരം അമേരിക്കൻ കർഷകന് 61,286 ഡോളറിന്റെ സബ്സിഡി ലഭിക്കുമ്പോൾ ഇന്ത്യൻ കർഷകന് ലഭിക്കുന്നത് വെറും 282 ഡോളർ മാത്രമാണ്. ഭീമമായ നേട്ടങ്ങൾ അനുഭവിക്കുന്ന ‘വൻകിട’ അമേരിക്കൻ കർഷകനും കൊച്ചു കൊച്ചു കൃഷിയിടങ്ങളിൽ കൃഷി നടത്തുന്ന ഇന്ത്യൻ കർഷകരും തമ്മിൽ മത്സരിക്കുന്നതിന് അസമമായ തലമാണ് ഇത് സൃഷ്ടിക്കുന്നത്.

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്ന സാധനങ്ങൾക്കുമേൽ 50 ശതമാനം ചുങ്കം അടിച്ചേൽപ്പിക്കുന്നതിനു മുൻപുതന്നെ, അമേരിക്കൻ വ്യാപാര സെക്രട്ടറി ഹോവാഡ് ലുട്നിക് തറപ്പിച്ചു പറഞ്ഞത്, ഇന്ത്യൻ കാർഷിക വിപണി തുറന്നു നൽകണമെന്നും ഉഭയകക്ഷി വ്യാപാര കരാറിലെ കൂടിയാലോചനകളിൽ നിന്ന് വേറിട്ട ഒന്നായി കൃഷിയെ കാണാനാമാവില്ല എന്നുമാണ്. ചുങ്ക രഹിതമായി തുവരപരിപ്പ് ഒരു നിശ്ചിത അളവിൽ ആസ്ട്രേലിയയിൽനിന്ന് ഇറക്കുമതി ചെയ്യാൻ സമ്മതിച്ചതുപോലെ ഒരു പ്രത്യേക അളവിൽ തുവരപരിപ്പ് ചുങ്കരഹിതമായി അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിന് ഇന്ത്യ സമ്മതം മൂളിയതായാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്.

വൻകിട അമേരിക്കൻ ചരക്കു കാർട്ടലുകൾ ഇന്ത്യയിൽ ആഭ്യന്തരമായി വളരെ വലിയ സബ്സിഡികൾ നൽകുന്നതായും വ്യാപാര നിയന്ത്രണങ്ങളുള്ളതായും ആരോപണമുയർത്തുന്നുണ്ട്. ഇപ്പോൾ ചർച്ചയിലുള്ള ഉഭയകക്ഷി വ്യാപാരക്കരാർ മൂലം ഇന്ത്യയിലേക്ക് അമേരിക്കൻ ക്ഷീര ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതോടെ ഇന്ത്യയിലെ ക്ഷീരകർഷകരുടെ മരണമണിയായി അത് മാറും എന്ന് അവരെ ജാഗ്രതപ്പെടുത്തേണ്ടതായിട്ടുണ്ട്; കാരണം ഇറക്കുമതി ചുങ്കങ്ങളും വ്യാപാര നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതോടെ ഇന്ത്യയിലേക്ക് അമേരിക്കൻ ക്ഷീരോൽപ്പന്നങ്ങളുടെ കുത്തൊഴുക്കായിരിക്കും. ക്ഷീരമേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഭീഷണി. അമേരിക്കൻ വീറ്റ് അസോസിയേറ്റ്സ് അവകാശപ്പെടുന്നത് ഇന്ത്യയിൽ ഗോതമ്പുൽപ്പന്നങ്ങൾ ഉയർന്ന നിരക്കിലുള്ള ആഭ്യന്തര സഹായം നൽകുന്നുണ്ടെന്നും വ്യാപാരത്തിന് തടസമുണ്ടാക്കുന്ന വലിയ ചുങ്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നുമാണ്. അവർ കണക്കാക്കുന്നത് 2031–32 ഓടുകൂടി അമേരിക്കൻ ഉൽപ്പാദകർക്ക് വലിയ സാമ്പത്തിക ആദായ വർധനവുണ്ടാകുമെന്നാണ്– 79.2 കോടി ഡോളറിന്റെ വർധനവ്. അതേപോലെ തന്നെ ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം നീക്കം ചെയ്യുന്നതിനും സമ്മർദ്ദമുണ്ടാകുന്നുണ്ട്. ഒപ്പം എഥനോൾ ഇറക്കുമതി നിരോധനം നീക്കാനും സമ്മർദമുണ്ടാക്കുന്നു; ഇതു സംഭവിച്ചാൽ 30 കോടി ഡോളറിന്റെ ലാഭം അമേരിക്കയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സോയാബീൻ, ബദാം, പിസ്താ ചിയോ, വാൾനട്ട്, പച്ചക്കറി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച കൂടിയാലോചനകൾ നടക്കുന്നുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ചരക്കുകാർട്ടലുകൾ വില പേശുകയാണ്.

ഇന്ത്യൻ പരുത്തിക്കർഷകർ ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയും ആത്മഹത്യയിലഭയം തേടുകയും ചെയ്യുമ്പോഴും, വാർഷിക പരുത്തി ഉൽപ്പാദനം 2017–18ൽ 370 ലക്ഷം ബെയ്ലിൽ (ഒരു ബെയ്ൽ= 170 കി.ഗ്രാം) നിന്ന് 2022–23ൽ 347 ലക്ഷം ബെയ്ലായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയും 2023–24ൽ ഉൽപ്പാദനം 316 ലക്ഷം ബെയ്ലായി വീണ്ടും ഇടിയുമെന്ന് കണക്കാക്കപ്പെടുകയും ചെയ്യുമ്പോഴും ചുങ്കം പിൻവലിക്കുന്നതിനുള്ള തീവ്രമായ കൂടിയാലോചനകൾ തികച്ചും അനാവശ്യമാണ്. ശ്രദ്ധേയമായ കാര്യം. അമേരിക്കൻ വ്യാപാര പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ബോൾഗാൾഡ് 11ന്റെ പരമാവധി ചില്ലറവില 450 ഗ്രാം വരുന്ന പായ്ക്കറ്റിന് 48 രൂപ കണ്ട് ഇന്ത്യാ ഗവൺമെന്റ് വർധിപ്പിച്ചിരിക്കുന്നു എന്നതാണ്. പ്രതിവർഷം ശരാശരി 4.5 കോടി പായ്ക്കറ്റിന്റെ വിൽപ്പനയാണ് നടക്കുന്നത്. വസ്തുത ഇതായിരിക്കെ വൻകിട അഗ്രി ബിസിനസുകാർക്ക് എത്ര ഭീമമായ ലാഭമാണ് ലഭിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു വർഷം മുമ്പ് 5% വില വർധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോൾ 5.6ന്റെ വിലവർധനവ് വരുന്നത്. അമേരിക്കയിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള പരുത്തി ഇന്ത്യൻ വിപണിയിൽ ഇന്ത്യൻ കർഷകരുടെ വിഹിതം കവർന്നെടുക്കത്തവിധം നടത്തുന്ന ബോധപൂർവമായ ഒരു നീക്കമാണിത്. പരുത്തി ഉൽപ്പന്നങ്ങൾക്ക് 11% ഇറക്കുമതിച്ചുങ്കം നീക്കം ചെയ്യുന്നത് അമേരിക്കയിൽനിന്ന് കുറഞ്ഞ വിലയ്ക്കുള്ള പരുത്തിയുടെ കുത്തൊഴുക്ക് ഇന്ത്യൻ വിപണിയിലുണ്ടാക്കുന്നതിനിടയാക്കും. മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും കർണാടകത്തിലെയും പരുത്തി കൃഷി മേഖല ഇപ്പോൾത്തന്നെ കടുത്ത ദുരിതത്തിലും കർഷകർ കടക്കെണിയിലുമാണ്; കടക്കെണിയിലകപ്പെട്ട കർഷകർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയുമാണ്. ഈ പ്രതിസന്ധി രൂക്ഷമാകുന്നതിന് ഇപ്പോഴത്തെ നടപടികൾ ഇടയാക്കും. പ്രധാനമന്ത്രിയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്?

വാർത്തകളിലെ റിപ്പോർട്ടുകളനുസരിച്ച് 2030 ഓടുകൂടി മൊത്തം വ്യാപാരം 500 ബില്ല്യൺ ഡോളറായി ഇരട്ടിപ്പിക്കുന്നതു ലക്ഷ്യമിട്ടുകൊണ്ടുള്ള മിഷൻ 500 നടന്നുവരികയാണ്. സംസ്ഥാന ഗവൺമെന്റുകളെയോ പാർലമെന്റിനെയോ വിശ്വാസത്തിലെടുക്കാതെയാണ് എല്ലാ കൂടിയാലോചനകളും നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം കരാറുകൾ അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളുടെ നടപ്പാക്കൽ ഉറപ്പുതരുന്നുമില്ല. ചെെന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ ചുങ്കത്തിനെതിരെ ശക്തമായ തിരിച്ചടി നൽകുകയും തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അണിനിരക്കുകയും ചെയ്തപ്പോൾ, ഇന്ത്യ ചെയ്തത് സ്വന്തം ദേശീയ താൽപ്പര്യങ്ങളെ അടിയറവുവച്ച് കീഴടങ്ങുകയാണ്. കയറ്റുമതി വ്യാപാരത്തിന്റെ 70 ശതമാനത്തിലേറെയും അമേരിക്കയിലേക്ക് കയറ്റിയയ്ക്കുന്ന കാനഡയും മെക്സിക്കോയും ട്രംപിന്റെ നടപടിക്കു തിരിച്ചടി നൽകുന്നതിന് രണ്ടാമതൊന്ന് ആലോചിച്ചില്ല; അതേസമയം കയറ്റുമതിയുടെ ഏതാണ്ട് 18 ശതമാനം അമേരിക്കയിലേക്ക് നടത്തുന്ന ഇന്ത്യ, അമേരിക്കയുടെ ഈ കുടിലതന്ത്രത്തിനെതിരെ നിവർന്നുനിൽക്കാൻ മടിക്കുകയാണുണ്ടായത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യയെ അപമാനിക്കുന്നത് തുടർന്നുകൊണ്ടിരിക്കുമ്പോൾ പോലും ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് എന്ന കമ്പനിയുമായി എയർടെലും ജിയോയും അടുത്തകാലത്തുണ്ടാക്കിയ ബന്ധം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം എന്നിവയ്ക്കുപുറമെ ജനറിക് ഫാർമസ്യൂട്ടിക്കൽസും ആട്ടോ മൊബെെൽ വ്യവസായവും പോലെയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ഈ മേഖലകളിലുടനീളം പണിയെടുക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്.

കേരളത്തെ പോലെയുള്ള സമ്പദ്ഘടനയിൽ കശുവണ്ടിയും സുഗന്ധ വ്യഞ്ജനവും പോലെയുള്ള വാണിജ്യവിളകൾക്കും അതുപോലെ തന്നെ മത്സ്യബന്ധന മേഖലയ്ക്കും ഈ അധികചുങ്കം വലിയ ആഘാതമുണ്ടാക്കും. 2023–24 സാമ്പത്തിക വർഷത്തിൽ, അമേരിക്കൻ കമ്പോളത്തിൽ വിറ്റഴിച്ചത് 65,808 മെട്രിക് ടൺ സംസ്കരിക്കപ്പെട്ട ഇന്ത്യൻ കശുവണ്ടി പരിപ്പാണ്. മുൻ സാമ്പത്തിക വർഷത്തിനേക്കാൾ 28 ശതമാനം അധികമാണ് ഇത്. ഈ ഇനത്തിൽ നിന്ന് കിട്ടുന്ന വരുമാനം 339 ദശലക്ഷം യുഎസ് ഡോളറാണ്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ മാത്രം, ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കശുവണ്ടി പരിപ്പ് നിറച്ച 111 ചരക്കുകപ്പലുകളണ് കയറ്റി അയച്ചത്. വിയത്-നാമും ഐവറി കോസ്റ്റും കഴിഞ്ഞാൽ മൂന്നാമത്തെ സ്ഥാനം ഇന്ത്യയ്ക്കു ലഭിച്ചത്, പരമ്പരാഗത രീതിയിൽ വറുത്തെടുക്കുന്ന ഇന്ത്യൻ കശുവണ്ടിപരിപ്പിന്റെ രുചിയും ഗുണവും കൊണ്ടുമാത്രമാണ്. ഈ വസ്തുതയോടൊപ്പം ഇന്ത്യയിൽനിന്നും കയറ്റിയയ്ക്കുന്ന കശുവണ്ടിപ്പരിപ്പിലെ 85 ശതമാനവും കേരളത്തിൽനിന്നുള്ളതാണ് എന്ന വസ്തുത കൂടി ചേർത്തുവായിക്കുമ്പോഴാണ് ഓരോ വർഷവും തങ്ങളുടെ കമ്പോള വിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ ആഘാതം വ്യക്തമാകുക.

ഇന്ത്യയിലെ കശുവണ്ടി പരിപ്പിന് കൂടുതൽ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന നെതർലാൻസിലേക്കും യൂറോപ്യൻ യൂണിയനിലേക്കും ജപ്പാനിലേക്കും അറബ് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് യൂണിയൻ ഗവൺമെന്റ് അടിയന്തരമായി പുതിയ ഇൻസെന്റീവ് സ്കീമുകൾ പ്രഖ്യാപിക്കണം. കേരളത്തിൽ ഏതാണ്ട് ഒന്നര ലക്ഷം സ്ത്രീകൾ നേരിട്ട് തൊഴിലെടുക്കുകയും ഒപ്പം തന്നെ മറ്റു സംസ്ഥാനങ്ങളിലും വൻതോതിൽ തൊഴിലാളികൾ ആശ്രയിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ് എന്നത് കണക്കിലെടുത്തുകൊണ്ട് താരിഫ് വർദ്ധനയുടെ ആഘാതത്തെ നേരിടുന്നതിന് ഈ മേഖലയ്ക്ക് യൂണിയൻ ഗവൺമെന്റ്- പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതിയിൽ മാത്രം വർഷത്തിൽ കുറഞ്ഞത് 40,000 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2024-–25 സാമ്പത്തിക വർഷത്തിൽ 43,500 കോടി രൂപയുടെ ചെമ്മീൻ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. 2024–- 25 വർഷത്തിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മറ്റ് സമുദ്രോല്പന്നങ്ങളുടെ കണക്കുകൾ താഴെപ്പറയുന്ന പ്രകാരമാണ്: കൂന്തൾ – 13,500 കോടി രൂപ, മറ്റ് ശീതീകരിച്ച മത്സ്യം – 13,100 കോടി രൂപ. അമേരിക്കയിലേക്കുമാത്രം മത്സ്യവും സമുദ്ര ഭക്ഷ്യോൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ നിന്നും ഇന്ത്യൻ കമ്പോളത്തിന് 68,000 കോടി രൂപ ലഭിക്കുന്നു. അപ്പോൾ ഈ ചുങ്കം ഇന്ത്യയിലെ ദരിദ്രരായ മത്സ്യബന്ധന തൊഴിലാളികളുടെയും ഈ മേഖലയിൽ പണിയെടുക്കുന്ന മറ്റു തൊഴിലാളികളുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതമെന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.

ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തിൽ, ബിജെപി നയിക്കുന്ന യൂണിയൻ ഗവൺമെന്റും പ്രധാനമന്ത്രിയും രാജ്യത്തെ കർഷകരുടെയും തൊഴിലെടുക്കുന്ന ജനങ്ങളുടെയും ദുരവസ്ഥയെ പൂർണ്ണമായും കണ്ടില്ലായെന്ന് നടിക്കുകയാണ്. അവർ ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാറിനു വേണ്ടിയുള്ള കൂടിയാലോചനകളുമായി മുന്നോട്ടുപോവുകയാണ‍്. ‘‘വാൻസ്, പുറത്തുപോകൂ’’ എന്ന മുദ്രവാക്യമുയർത്തി കർഷകരും തൊഴിലാളികളും കൂട്ടത്തോടെ തെരുവിലിറങ്ങിയിരിക്കുകയാണ്-. എന്നാൽ മോദി ഗവൺമെന്റാകട്ടെ അമേരിക്കയെ പ്രീതിപ്പെടുത്താൻ ഉറച്ചുനിൽക്കുക തന്നെയാണ്. തങ്ങളുടെ ഭൗമതന്ത്രപരമായ താൽപ്പര്യങ്ങൾക്കനുസൃതമായി ഇന്ത്യയെ കൊണ്ടുവരുന്നതിനും റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തടയുന്നതിനുമുള്ള ഭീഷണി എന്നതിനു പുറമെ ഇന്ത്യൻ കമ്പോളത്തിലേക്ക് യഥേഷ്ടം കടന്നുവരാനുമാണ് അമേരിക്ക ചുങ്കത്തെ ഉപയോഗിക്കുന്നത് എന്നു വ്യക്തമാണ്. നമ്മുടെ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. അമേരിക്കൻ സാമ്രാജ്യത്വ പദ്ധതികളെ ചെറുക്കുന്നതിനും ഈ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ വമ്പിച്ച സംയുക്ത സമരങ്ങൾ അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 1 =

Most Popular