ട്രംപ് 50% ഇറക്കുമതി തീരുവ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഫലത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി അമേരിക്ക നിരോധിച്ചിരിക്കുകയാണെന്ന് പറയാം. ഇതും പോരാഞ്ഞിട്ട് H1-B വിസയ്ക്ക് 88 ലക്ഷം രൂപ ഫീസും നിശ്ചയിച്ചു. ഇന്ത്യൻ ടെക്കികളുടെ കുടിയേറ്റവും ഫലത്തിൽ നിരോധിച്ചു. എന്താണ് ട്രംപിന്റെ ഉന്നം?
സാധാരണഗതിയിൽ ഉയർന്ന തീരുവ നിശ്ചയിക്കുന്നത് പുറംരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കി പകരം ഉൽപ്പന്നങ്ങൾ നാട്ടിൽതന്നെ ഉൽപ്പാദിപ്പിക്കുന്ന ആഭ്യന്തര വ്യവസായത്തെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനാണ്. തീരുവ ഉയരുമ്പോൾ ഇറക്കുമതി വിലകൾ ഉയരും. അതിനേക്കാൾ ചുരുങ്ങിയ ചെലവിൽ ഉൽപ്പന്നങ്ങൾ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാനാവും. അത് ആഭ്യന്തര ഉൽപ്പാദനത്തിന് പ്രോത്സാഹനമാവും. ഇത്തരമൊരു നയത്തെയാണ് പ്രൊട്ടക്ഷനിസം അഥവാ സംരക്ഷണവാദം എന്നു പറയുന്നത്. സ്വതന്ത്ര വ്യാപാര സിദ്ധാന്തത്തിന്റെ നേർവിപരീതമാണ് സംരക്ഷണവാദം. അമേരിക്കയെ വീണ്ടും മഹത്താക്കാൻ (Make America Great Again അഥവാ MAGA ) ട്രംപ് കണ്ടിരിക്കുന്ന ഒരു സൂത്രവിദ്യയാണ് തീരുവ. തീരുവയേക്കാൾ സുന്ദരമായൊരു പദം വേറെയില്ല എന്ന് തട്ടിവിടുന്ന ഒരു വിടുവായനാണ് ട്രംപ്.
എന്നാൽ തീരുവ അടിച്ചേൽപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളായ തുണിത്തരങ്ങൾ, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുടങ്ങിയവയൊന്നും ന്യായമായ ചെലവിൽ അമേരിക്കയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നവയല്ല. ഇവ ഉൽപ്പാദിപ്പിച്ച് അമേരിക്ക മഹത്താവാനും പോവുന്നില്ല. അപ്പോഴാണ് ഈ ചോദ്യം പ്രസക്തമാവുന്നത്: അമേരിക്കയുടെ ഉന്നമെന്താണ്?
ഉന്നം – ഇന്ത്യൻ കാർഷിക കമ്പോളം
അമേരിക്കയുടെ ഉന്നം വേറെയാണ്. ഇന്ത്യയുടെ കാർഷിക മേഖല അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തുറന്നുകിട്ടണം. ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന സംരക്ഷണച്ചുങ്കം ഇതിനു തടസമാണ്. ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങളുടെമേലുള്ള ഇറക്കുമതി തീരുവ 36.50% മാണ്. അതേസമയം അമേരിക്ക കാർഷിക ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തിയിരുന്ന തീരുവ 4.20% മാത്രമാണ്. ഇത് വലിയ അന്യായമാണ് എന്നാണ് ട്രംപിന്റെ വാദം. ഇന്ത്യയുടെ തീരുവ അമേരിക്കയുടെ നിലവാരത്തിലേക്ക് താഴ്ത്തണം എന്നാണ് ട്രംപിന്റെ ആവശ്യം. അധികാരത്തിലേറിയ നിമിഷംമുതൽ ട്രംപിന്റെ ഡിമാൻഡ് ആണിത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഇത് സംബന്ധിച്ച് ഒരു ഉഭയകക്ഷി കരാറിൽ ഏർപ്പെടണമെന്നാണ് അദ്ദേഹത്തിന് നിർബന്ധം. ഇതിനായി ആറുവട്ടം ചർച്ച നടത്തി. വേണ്ടത്ര ഫലം കാണാതെവന്നപ്പോഴാണ് ഭീഷണിയുമായി ട്രംപ് ഇറങ്ങിയത്.
ട്രംപ് അധികാരത്തിൽ വരുമ്പോൾ 10% ആയിരുന്നു ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ. ഈ അടിസ്ഥാന നികുതിക്കുമേൽ 25% പകരം ചുങ്കം ഏർപ്പെടുത്തി. ഇതുകൊണ്ടും അരിശം തീരാഞ്ഞ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നു എന്ന പേരുപറഞ്ഞു 15% തീരുവ പിഴയായും ഏർപ്പെടുത്തി. അങ്ങനെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയുടെമേലുള്ള തീരുവ 50% മായിത്തീർന്നു. എന്നുവച്ചാൽ, ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾക്ക് 50% കൂടുതൽ വിലനൽകിയാലേ അമേരിക്കക്കാർക്ക് വാങ്ങാൻ കഴിയൂ. ഇതുമൂലം നമ്മുടെ കയറ്റുമതി തകരും.
ഈ സന്ദർഭത്തിൽ കൂടുതൽ മുന്നോട്ടു പോകുംമുമ്പ് ഒരു ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്. അമേരിക്ക 4.20% മാത്രം തീരുവ ചുമത്തിയിരുന്ന കാലത്ത് നമ്മൾ 36.50% തീരുവ ചുമത്തിയത് ന്യായമാണോ? ട്രംപ് പറയുന്നതല്ലേ ന്യായം?
കാർഷികമേഖല-: ഇന്ത്യയും അമേരിക്കയും
തമ്മിലൊരു താരതമ്യം
ഇത്തരം സംശയങ്ങളുള്ള ശുദ്ധാത്മാക്കളോട് ആദ്യം തന്നെ പറയേണ്ടകാര്യം ലോക വ്യാപാര കരാർ നിബന്ധനപ്രകാരം ഇന്ത്യക്ക് ഉയർന്ന തീരുവ ചുമത്താൻ അവകാശമുണ്ട് എന്നതാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും സമ്പദ്ഘടനയിലും ജനജീവിതത്തിലും കൃഷിക്കുള്ള സ്ഥാനത്തിൽ അജഗജാന്തരമുണ്ട്.
• അമേരിക്കയിലെ കാർഷികമേഖലയിൽ 21 ലക്ഷംപേരാണ് പണിയെടുക്കുന്നത്. ഇത് തൊഴിൽ സേനയുടെ 4% മാത്രമാണ്. ഇന്ത്യയിലാവട്ടെ 53 കോടി ആളുകളാണ് പണിയെടുക്കുന്നത്. തൊഴിൽ സേനയുടെ 46%.
• അമേരിക്കൻ കാർഷിക മേഖലയുടെ പ്രതിശീർഷ ഉൽപ്പാദനക്ഷമത ഇന്ത്യയുടേതിനേക്കാൾ 460 മടങ്ങ് ഉയർന്നതാണ്. കാരണം അമേരിക്കയിൽ വളരെ നൂതനമായ യന്ത്ര-സാങ്കേതിക വിദ്യകളും , GM വിത്തുകളും, വളപ്രയോഗവുമാണ് ഉള്ളത്. തൊഴിലെടുക്കുന്നവരുടെ എണ്ണമാവട്ടെ വളരെക്കുറവും.
• അമേരിക്കൻ കൃഷിയിടത്തിന്റെ വലുപ്പം 464 ഏക്കറാണ്. ഇന്ത്യയുടെ കൃഷിയിടത്തിന്റെ വലുപ്പം ഏതാണ്ട് 2 ഏക്കറും.
• അമേരിക്കയിലെ ഒരു ഡയറി കൃഷിക്കാരന്റെ പശുവിന്റെ എണ്ണം 337 ആണ്. 200 ആടുകളും 1000 പന്നികളും. അതേസമയം ഇന്ത്യയിലെ ഒരു കൃഷിക്കാരന് ശരാശരി 1 -–3 കന്നുകാലികളാണ് ഉള്ളത്.
• അമേരിക്കയിലെ കാർഷിക മേഖലയിലെ പ്രതിശീർഷ ദേശീയ വരുമാനം ഇന്ത്യയുടെ 15 മടങ്ങാണ്. ഇന്ത്യയിൽ 46% ആളുകളും കാർഷികമേഖലയിലാണ് തൊഴിലെടുക്കുന്നതെങ്കിലും ദേശീയ വരുമാനത്തിന്റെ 16% മാത്രമേ കാർഷികമേഖലയിലുള്ളൂ. ഇന്ത്യയിലെ കാർഷികമേഖലയിൽ ബഹുഭൂരിപക്ഷവും പരമദരിദ്രരാണ്.
• ഭക്ഷ്യ സുരക്ഷയ്ക്ക് അടിസ്ഥാനം ആഭ്യന്തര കാർഷിക ഉൽപ്പാദനമാണ്. അതിന്റെ തകർച്ച മൂലം ലക്ഷങ്ങൾ മരണമടഞ്ഞ ക്ഷാമങ്ങൾ സൃഷ്ടിച്ച അനുഭവം ഇന്ത്യയിലുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങൾകൊണ്ടുതന്നെ അമേരിക്കൻ കാർഷികമേഖലപോലെ ഇന്ത്യൻ കാർഷിക മേഖലയെ അന്തർദേശീയ കമ്പോളത്തിന്റെ കളിപ്പാട്ടമായി തുറന്നിടുവാനാവില്ല. ജീവനും മരണവും തമ്മിലുള്ള പ്രശ്നമാണിത്. രാജ്യസുരക്ഷയുടെ പ്രശ്നമാണ്. അതുകൊണ്ടാണ് രണ്ടാം ലോക യുദ്ധം കഴിഞ്ഞ്- ഗാട്ട് ഉടമ്പടി (General Agreement on Tariff and Trade) രൂപീകരിച്ചപ്പോൾ അതിൽ നിന്ന് കൃഷിയെ ഒഴിവാക്കിയത്.
ലോകവ്യാപാരക്കരാറിന്റെ ലംഘനം
ലോക വ്യാപാര സംഘടന (World Trade Organisation -– WTO) രൂപീകരിച്ചപ്പോൾ കൃഷിയെ ഉടമ്പടിയിൽ ഉൾപ്പെടുത്തുന്നതിനെ മൂന്നാം ലോക രാജ്യങ്ങൾ ഒന്നടങ്കം എതിർത്തു. ചർച്ചകൾ ഏഴുവർഷം നീണ്ടു. അവസാനം ഉടമ്പടിയിൽ കൃഷിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പക്ഷേ മൂന്നാം ലോക രാജ്യങ്ങളിലെ കൃഷിക്ക് ചില ഇളവുകൾ നൽകി. ഒറ്റയടിക്ക് കാർഷിക ഇറക്കുമതിയുടെമേലുള്ള ചുങ്കം കുറയ്‌ക്കേണ്ടതില്ല. 116% ശരാശരി തീരുവ ചുമത്താൻ അനുവാദം ലഭിച്ചു. ഇതിനെയാണ് ബൗണ്ട് റേറ്റ് എന്നുപറയുന്നത്. എന്നുവച്ചാൽ, ഇന്ത്യക്ക് 116% വരെ തീരുവ ചുമത്താൻ അധികാരമുള്ളപ്പോൾ 36.50% തീരുവ മാത്രമാണ് ചുമത്താൻ ഇന്ത്യ തീരുമാനിച്ചത്.
മേൽപ്പറഞ്ഞ നിബന്ധനകളിൽ അമേരിക്കയും ഒപ്പുവച്ചിട്ടുള്ളതാണ്. അങ്ങനെ അമേരിക്ക തന്നെ ഒപ്പുവച്ച കരാറാണ് ട്രംപ് ഇപ്പോൾ ഏകപക്ഷീയമായി തള്ളിക്കളയുന്നത്. എന്നിട്ട് എല്ലാ ലോക രാജ്യങ്ങളുംകൂടി ഏകകണ്ഠമായി ഒപ്പുവച്ച കരാറിനുപകരം അമേരിക്കയും ഇന്ത്യയും തമ്മിൽ WTO നിബന്ധനകൾ ലംഘിച്ചുകൊണ്ട് ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ ട്രംപ് നിർബന്ധിക്കുന്നു.
അമേരിക്കയിലെ കാർഷിക പ്രതിസന്ധി
ഇത്തരത്തിൽ ഒരതിക്രമം നടത്തുവാൻ അമേരിക്ക തുനിയുന്നതിനു കാരണമെന്താണ്. ട്രംപ് തന്നെ വരുത്തിവെച്ച വിനയാണത്. ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കംകുറിച്ചത് ട്രംപ് കഴിഞ്ഞ തവണ അമേരിക്കൻ പ്രസിഡന്റായ വേളയിലാണ്. ബൈഡനും ഏതാണ്ട് ഇതേ സമീപനമാണ് തുടർന്നത്. ചൈനയാവട്ടെ, ഒരിഞ്ചു വിട്ടുകൊടുക്കാൻ തയ്യാറുമായില്ല. അമേരിക്കൻ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് അമേരിക്കൻ കാർഷികോല്പന്നങ്ങളുടെ ഇറക്കുമതി ചൈന കുറയ്ക്കാൻ തുടങ്ങി. അമേരിക്കൻ കയറ്റുമതിയുടെ ഏതാണ്ട് 20% ചൈനയിലേക്കായിരുന്നു. അതുകൊണ്ട് ചൈന ഇറക്കുമതി കുറച്ചത് അമേരിക്കൻ കാർഷിക വിപണിയിൽ പ്രതിസന്ധിയുണ്ടാക്കി.
2022 ൽ ചൈന അമേരിക്കയിൽ നിന്ന് 34.4 ബില്യൺ ഡോളറിന്റെ സോയാബീൻ ഇറക്കുമതി ചെയ്തിരുന്നുവെങ്കിൽ 2024 ആയപ്പോൾ ഈ ഇറക്കുമതി 24.5 ബില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം വായിച്ച കൗണ്ടർപഞ്ചിലെ റിപ്പോർട്ടുപ്രകാരം ചൈന ഇപ്പോൾ സോയാബീൻ ഇറക്കുമതിതന്നെ നിർത്തിവെച്ചിരിക്കുകയാണ്.
ചെെനയിൽ ചോളത്തിന്റെ ഇറക്കുമതി 2021 ൽ 18.6 ബില്യൺ ഡോളറായിരുന്നത് 2024 ൽ 13.9 ബില്യൺ ഡോളറായി കുറഞ്ഞു. ഗോതമ്പ് ഇറക്കുമതിയും കുറച്ചു. ഇതിന്റെ ഫലമായി അമേരിക്കയുടെ കാർഷിക വ്യാപാരക്കമ്മി 10.7 ബില്യൺ ഡോളറായിരുന്നത്, 2024 ൽ 31.8 ബില്യൺ ഡോളറായി ഉയർന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ സ്റ്റോക്ക് കുമിഞ്ഞുകൂടാൻ തുടങ്ങി. ഈയൊരു സാഹചര്യത്തിൽ ഇന്ത്യയുടെ കമ്പോളസാധ്യത കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരുപായമായിട്ടാണ് ട്രംപ് കാണുന്നത്.
വൻകിട കൃഷിക്കാരും ട്രംപും
കാർഷിക മേഖലയിൽ ചെറിയൊരു ജനസംഖ്യയല്ലേ ഉള്ളൂ. അവർക്കു വേണ്ടി അമേരിക്ക ഇത്ര വലിയ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടേണ്ട ആവശ്യമുണ്ടോ? എന്ന് ചിന്തിച്ചേക്കാം. പക്ഷേ അമേരിക്കയിലെ കൃഷിക്കാർ പൊതുവിൽ യാഥാസ്ഥിതികരും ട്രംപിനെ പിന്താങ്ങുന്നവരുമാണ്. കാർഷികോല്പന്നങ്ങൾ പൂർണ്ണമായും വിറ്റഴിക്കാൻ മാർഗ്ഗം ഉണ്ടാക്കും എന്നത് തിരഞ്ഞെടുപ്പു വേളയിൽ ട്രംപ് നൽകിയ പ്രധാനപ്പെട്ട വാഗ്ദാനമാണ്. ഇതാണ് നമുക്ക് നേരെയുള്ള അദ്ദേഹത്തിന്റെ പടപ്പുറപ്പാടിന് കാരണം.
ട്രംപ് ആവശ്യപ്പെടുന്നതുപോലെ കാർഷികമേഖല തുറന്നുകൊടുത്താൽ അമേരിക്കയോട് മത്സരിക്കാൻ നമുക്ക് കഴിയില്ല എന്നതിന്റെ ഒരു കാരണം അവരുടെ ഉയർന്ന ഉൽപ്പാദനക്ഷമതയാണ്. അതിനെ നമ്മുടെ പട്ടിണിക്കൂലികൊണ്ട് മറികടക്കാൻ കഴിയുമായിരിക്കാം. പക്ഷേ നമ്മളെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അമേരിക്ക കാർഷിക മേഖലയ്ക്ക് നൽകുന്ന ഭീമമായ സബ്സിഡിയാണ്.
സബ്‌സിഡി: – അമേരിക്കയും
ഇന്ത്യയും തമ്മിൽ ഒരു താരതമ്യം
അമേരിക്കയിലെ കൃഷിക്കാർക്ക് സബ്‌സിഡി നൽകുന്നതിന് US 2018 Farmers Bill എന്നൊരു നിയമം തന്നെയുണ്ട്. അഞ്ചു വർഷംകൊണ്ട് ഒന്നരലക്ഷം കോടി ഡോളർ അമേരിക്കയിലെ കാർഷിക മേഖലയ്ക്ക് സബ്‌സിഡി നൽകുവാനുള്ള നിയമം ആണിത്. ഈ നിയമത്തിന്റെ കാലാവധി ഇപ്പോൾ വീണ്ടും നീട്ടിയിട്ടുണ്ട്. ഇതുപ്രകാരം അമേരിക്കൻ കാർഷികമേഖലയ്ക്കും ഇന്ത്യൻ കാർഷിക മേഖലയ്ക്കും 2024 ൽ ലഭിക്കുന്ന സബ്‌സിഡികളെ ഒന്ന് താരതമ്യപ്പെടുത്തി നോക്കാം:
• നേരിട്ടുള്ള കാർഷിക സബ്‌സിഡികൾ: വിവിധ വിളകളുടെ വില സംരക്ഷിക്കുന്നതിന് അമേരിക്ക നേരിട്ട് നൽകുന്ന സബ്‌സിഡികൾ 32 ബില്യൺ ഡോളർ വരും. ഇന്ത്യ പ്രത്യക്ഷ സബ്‌സിഡികൾ എന്ന രീതിയിൽ വളങ്ങൾ, ഇലക്‌ട്രിസിറ്റി, വിത്തുകൾ എന്നിങ്ങനെയുള്ള ഇൻപുട്ട് ഇനങ്ങൾക്കുള്ള സബ്‌സിഡികൾ ആയാണ് നൽകുന്നത്. ഇവയെല്ലാം കൂടി 25 ബില്യൺ ഡോളർ വരും.
• അമേരിക്കയിൽ വിള ഇൻഷുറൻസിന്- 38 ബില്യൺ ഡോളറാണ് ചെലവഴിക്കുന്നത്. ഇന്ത്യയിൽ 3 ബില്യൺ ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്.
• അമേരിക്കയിൽ അമിതോൽപ്പാദനം ഒഴിവാക്കാൻ വേണ്ടി ഭൂമി തരിശിടാൻ 30 ബില്യൺ ഡോളർ നൽകുന്നു. ഇന്ത്യയിൽ ഈയൊരു സബ്‌സിഡി സ്‌കീം തന്നെ നിലവിലില്ല.
• ഏറ്റവും വലിയ സബ്‌സിഡി ഭക്ഷ്യ സബ്സിഡിയാണ്. 326 ബില്യൺ ഡോളറാണ് ദരിദ്രർക്ക് പ്രാഥമിക മാർക്കറ്റില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പൺ നൽകുന്നതിനായി നൽകുന്നത്. ഇന്ത്യയിൽ 80 കോടി ആളുകൾക്ക് ചെലവഴിക്കുന്ന ഭക്ഷ്യ സബ്‌സിഡി (റേഷൻ- പൊതുവിതരണം) ഏതാണ്ട് 33 ബില്യൺ ഡോളറാണ്.
• മൊത്തത്തിലെടുത്താലോ? അമേരിക്ക 2024 ൽ 426 ബില്യൺ ഡോളർ അതായത് 35 ലക്ഷം കോടി രൂപയാണ് കാർഷികമേഖലയിൽ സബ്സിഡിയായി ചെലവഴിച്ചത്. ഇന്ത്യ ആവട്ടെ തൊഴിലുറപ്പ് പദ്ധതി കൂടി കൂട്ടിയാൽ പോലും 5.5 ലക്ഷം കോടി രൂപയേ വരൂ. ഇന്ത്യയിലെ കാർഷിക തൊഴിൽസേന 46 കോടിയായിരിക്കുമ്പോൾ അമേരിക്കയിലേത് 21 ലക്ഷം മാത്രമാണ് എന്നതുകൂടി ഓർക്കുക.
ഇന്ത്യ മത്സരിക്കേണ്ടി വരുന്നത് ലോകത്ത് ഏറ്റവും കൂടുതൽ സബ്‌സിഡി പിന്തുണ ലഭിക്കുന്ന കാർഷികോൽപ്പന്നങ്ങളോടാണ്. ഇതില്പരം ഒരു വിനാശം ഇന്ത്യയിലെ കാർഷികമേഖലയ്ക്ക് ഉണ്ടാകാനില്ല.
ഏതാനും ഉദാഹരണം വെച്ച് അമേരിക്കയുമായിട്ടുള്ള ഉഭയകക്ഷി കരാറിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്താനാണ് ഇനി ശ്രമിക്കുന്നത്.
ഡയറി മേഖല
ഇന്ത്യയിൽ കന്നുകാലി വളർത്തൽ കൃഷിയുടെ ഒരു ചെറിയ ഉപവരുമാനം ആണ്. അതേസമയം നിരവധി കന്നുകാലികളുള്ള വൻകിട ഫാമുകളാണ് അമേരിക്കയിലേത്. ഇന്ത്യയിലെ 95 % കന്നുകാലികളും ചെറുകിട കർഷകരുടേതാണ്. എന്നിരുന്നാലും നമ്മളിന്ന് പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തരായിട്ടുണ്ട്. ധവളവിപ്ലവ സാങ്കേതികവിദ്യകളാണ് ഇതിനു നമ്മളെ സഹായിച്ചത്. അമൂൽ പോലുള്ള സഹകരണ പ്രസ്ഥാനങ്ങളാണ് ഇതിനു നേതൃത്വം നൽകിയത്. എന്നിട്ടും നമ്മളെ അമേരിക്കൻ പാൽ കുടിപ്പിച്ചേ തീരൂ എന്ന വാശിയിലാണ് ട്രംപ്.
ഇന്ത്യയിൽ ഇന്ന് ചീസിന് 30% ഉം വെണ്ണയ്ക്ക് 40% ഉം പാൽ പൊടിക്ക് 60% ഉം തീരുവയുണ്ട്. ഇത് നീക്കം ചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം. തീരുവ ഗണ്യമായി കുറച്ചാൽ 2.5 കോടി ടൺ പാലുൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടാം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച് ടീം അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഫലമായി ഇന്ത്യയിലെ കൃഷിക്കാർക്ക് 123 ബില്യൺ ഡോളറിന്റെ അഥവാ 1.03 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.
ട്രംപിന്റെ അടുത്ത ആവശ്യം ഡയറി മേഖലയിലുള്ള താരിഫ് ഇതര നിയന്ത്രണങ്ങൾ ഇല്ലാതാക്കണം എന്നുള്ളതാണ്. ഇപ്പോൾ ഇന്ത്യയിലേക്ക് മൃഗ ഉൽപ്പന്നങ്ങൾ ചേർത്തുള്ള കാലിത്തീറ്റ നൽകിയുള്ള പശുവിൻ പാലുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ, ഈ നിബന്ധന പാലിച്ചിട്ടുണ്ട് എന്നുള്ള ഒരു വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. സാംസ്കാരികവും മതപരവുമായ അടിസ്ഥാനത്തിലുള്ള ഈ നിയന്ത്രണത്തെ അമേരിക്ക അംഗീകരിക്കുന്നില്ല. ഇത് അശാസ്ത്രീയമാണ് എന്നാണ് അവരുടെ നിലപാട്.
അമേരിക്കൻ പാലുൽപ്പന്നങ്ങൾക്കുള്ള ഭീമമായ സബ്‌സിഡിയെക്കുറിച്ച് അമൂൽ സഹകരണ സംഘം പരസ്യമായ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഓരോ അമേരിക്കൻ കൃഷിക്കാർക്കും പ്രത്യക്ഷ സബ്സിഡിയായി 3800 – – 4300 ഡോളർ ലഭിക്കുമ്പോൾ, ഇന്ത്യൻ കർഷകർക്ക് 20– – 30 ഡോളർ ആണ് ലഭിക്കുക.
കോഴി കൃഷി
അമേരിക്കയിൽ കോഴിവളർത്തൽ വലിയ കോർപ്പറേറ്റ് ഫാമുകളിലാണ് നടത്തുന്നത്. ഇന്ത്യയിലും വാണിജ്യാടിസ്ഥാനത്തിൽ പോൾട്രി ഫാമുകളുടെ നാമക്കൽ പോലുള്ള കേന്ദ്രങ്ങൾ വളർന്നുവന്നിട്ടുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും കോഴി ഇറച്ചിയുടെ വിപണികൾ തമ്മിൽ വലിയ അന്തരമുണ്ട്. അമേരിക്കക്കാർക്ക് കോഴി ഇറച്ചിയുടെ ബ്രെസ്റ്റ് പീസുകളോടാണ് പ്രിയം. ഇന്ത്യയിലാവട്ടെ കോഴിക്കാലുകൾക്കാണ് ജനപ്രിയം. അതുകൊണ്ട് അമേരിക്കയിൽ കോഴിക്കാലുകൾ പോൾട്രി ഫാമുകളുടെ ഏതാണ്ടൊരു ഉപ ഉൽപ്പന്നമാണ്. അവർക്കു ചെലവും ലാഭവും ബ്രെസ്റ്റ് പീസുകളിൽ നിന്ന് കിട്ടും. അതുകൊണ്ട് ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുത്താൽ കോഴിക്കാലുകളുടെ ഡമ്പിങ് ആയിരിക്കും നടക്കുക. നമ്മുടെ ഫാമുകൾ പൂട്ടേണ്ടിവരും.
ഡയറി-–പോൾട്രി മേഖലകൾ നേരിടാൻ പോകുന്ന പ്രതിസന്ധിക്ക് ഒരു ജൻഡർ മാനവും കൂടിയുണ്ട്. കാലിവളർത്തലും കോഴിവളർത്തലും ഇന്ത്യയിൽ മുഖ്യമായും ഗാർഹിക തൊഴിലുകളാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. വീട്ടുജോലികൾക്കിടയിൽ സ്ത്രീകളാണ് ഇതുമായി ബന്ധപ്പെട്ട പണികളെല്ലാം ചെയ്യുന്നത്. ഈ കാണാപ്പണികൾക്ക് തുച്ഛമായ സ്വയം വരുമാനമേ അവർക്ക് ലഭിക്കൂ. സമീപകാലത്ത് ഇന്ത്യാ സർക്കാരിന്റെ സാമ്പിൾ സർവേകളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അടിക്കടി ഉയരുന്നതിനുള്ള പ്രവണതയുടെ കാരണം സ്ത്രീകളുടെ ഈ കാണാപ്പണികൾ കൂടി കണക്കിലെടുക്കാൻ തുടങ്ങിയതാണ്. അമേരിക്കൻ ഇറക്കുമതി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിനു തിരിച്ചടിയാകും.
കാർഷിക വിള ഉൽപ്പന്നങ്ങൾ
അമേരിക്കൻ കരാറിന്റെ ഫലമായി ചോളം, ഗോതമ്പ്, അരി എന്നിവ ഇറക്കുമതി ചെയ്യപ്പെടുവാനുള്ള സാധ്യത ഏറെയാണ്. ഇതിനു മുൻപ് 2016 – -17 ലും 2020 -– 21ലും ധാന്യങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച വേളയിൽ ആഭ്യന്തരവിലകൾ ഇടിയുകയുണ്ടായി. അമേരിക്കയിൽ ലോക നെല്ലുൽപ്പാദനത്തിന്റെ ചെറിയൊരു ഭാഗമേ ഉള്ളു. പക്ഷേ അത് മുഴുവൻ കയറ്റുമതി ചെയ്യപ്പെടുന്നു. അമേരിക്കൻ ധാന്യങ്ങൾക്കെല്ലാം വലിയ സബ്‌സിഡിയും ലഭിക്കുന്നുണ്ട്.
അമേരിക്കയിൽ നിന്ന് ആപ്പിളും, ബദാമും, വാൾനട്ടും ഇപ്പോൾ തന്നെ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. പരുത്തിയാണ് ഭീഷണി നേരിടുന്ന മറ്റൊരു മേഖല.
ഇപ്പോൾതന്നെ ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെ നല്ലൊരു പങ്കും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടുകയാണ്. ഇതിനായി നമ്മൾ ഇറക്കുമതി തീരുവ 10% ആയി താഴ്ത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് വലിയ തോതിൽ സോയാബീൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും.
അമേരിക്കയിൽ റബ്ബർ കൃഷിചെയ്യുന്നില്ല. പക്ഷേ അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സിന്തറ്റിക് റബ്ബർ ഉൽപ്പാദക രാജ്യങ്ങളിലൊന്ന്. അമേരിക്കയിൽ നിന്ന് വലിയതോതിൽ സിന്തറ്റിക് റബ്ബർ ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളുണ്ട്. ഇത് നമ്മുടെ റബ്ബർ കൃഷിക്ക് വീണ്ടും ഇരുട്ടടിയാവും.
വറചട്ടിയിൽ നിന്ന്
എരിതീയിലേക്ക്
ഇന്ന് കേരളത്തിനും പുറത്തും നമ്മൾ ചർച്ചചെയ്യുന്നത് അമേരിക്കൻ തീരുവയെക്കുറിച്ചാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ 50% അമേരിക്കൻ തീരുവ എങ്ങനെ ബാധിക്കും എന്നുള്ള വേവലാതിയിലാണ് നമ്മൾ എല്ലാവരും. കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കാപ്പി, തേയില, കശുവണ്ടിപ്പരിപ്പ് എന്നിവയൊക്കെ വലിയ വെല്ലുവിളി ഇവമൂലം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ തുണിത്തരങ്ങൾ, സ്വർണ്ണാഭരണങ്ങൾ, പരവതാനികൾ, യന്ത്രോപകരണങ്ങൾ തുടങ്ങിയ മേഖലകൾക്കും വലിയ തിരിച്ചടിയാണ്. ഈ സമ്മർദ്ദമെല്ലാം ഇന്ത്യയുടെമേൽ ചെലുത്തുന്നത് അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ഉഭയകക്ഷി കരാർ ഇന്ത്യയെക്കൊണ്ട് ഒപ്പിടീക്കാനാണ്. ഇതിനുവഴങ്ങിയാൽ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടുന്ന അനുഭവം ആയിരിക്കും നമുക്കുണ്ടാവുക. l



