‘‘നീതിയുക്തമല്ലാത്ത വ്യാപാര പ്രവർത്തന’’ത്തിലൂടെ വിദേശരാജ്യങ്ങൾ അമേരിക്കയെ ദീർഘകാലമായി ‘ചൂഷണം’ ചെയ്യുകയാണ് എന്നു പറഞ്ഞുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികാരച്ചുങ്കം ഏർപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു സമഗ്ര പദ്ധതിയോടുകൂടി ചുങ്ക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ‍്. ചുങ്കങ്ങളുടെയും പ്രതികാരച്ചുങ്കങ്ങളുടെയും അർഥം എന്താണെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം.
ആഗോള സമ്പദ്-വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരം. സാമ്രാജ്യത്വശക്തികൾക്ക് ദുർബലരാഷ്ട്രങ്ങളെ കീഴടക്കാനുള്ള ആയുധമായി ഇന്നത് മാറിയിരിക്കുന്നു. രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച നിരക്കിൽ വിൽക്കാനും ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാനുമാണ് ശ്രമിക്കുന്നത്. അവ സാധാരണയായി, തങ്ങളുടെ തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധികചാർജ് ഈടാക്കുന്നു. തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്ന ചരക്കുകൾക്കുമേൽ ഗവൺമെന്റുകൾ ചുമത്തുന്ന ഈ അധികചാർജിനെയാണ് താരിഫ് അഥവാ ചുങ്കം എന്നു വിളിക്കുന്നത്. ഇറക്കുമതി ഉൽപ്പന്നങ്ങൾ അമിത വിലയുള്ളതാക്കാൻ ചുങ്കങ്ങൾക്കു കഴിയും. ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ ചുങ്കം ചുമത്തുകയും തിരിച്ച് ആ രാജ്യവും അതുതന്നെ ചെയ്യുകയും ചെയ്യുന്നൂവെങ്കിൽ അതിനെയാണ് പ്രതികാരച്ചുങ്കം എന്നു വിളിക്കുന്നത്. ‘‘നിങ്ങൾ എന്റെ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തുന്നുവെങ്കിൽ ഞാൻ നിങ്ങളുടേതിനും നികുതി ചുമത്തും’’ എന്നു പറയുന്നതുപോലെയാണിത്. നീതിയുക്തമല്ലാത്ത വ്യാപാരനയങ്ങളെ ചെറുക്കുന്നതിനും തങ്ങളുടെ തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുമായി രാജ്യങ്ങൾ സാധാരണയായി സ്വീകരിച്ചുപോരുന്നതാണ് ഉരുളയ്ക്കുപ്പേരി എന്ന പോലത്തെ ഈ സമീപനം. എന്തായാലും കയറ്റുമതി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, പ്രതികാരച്ചുങ്കം വളരെ ബുദ്ധിമുട്ടേറിയ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കും.
2025 ഏപ്രിൽ 2ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയ്ക്കോ ദേശീയ നയത്തിനോ സമ്പദ്-വ്യവസ്ഥയ്ക്കോ നേരെയുള്ള അസാധാരണവും സവിശേഷവുമായ ഭീഷണി അമേരിക്കയ്ക്കു പുറത്തുനിന്നും ഉണ്ടാവുകയാണെങ്കിൽ ഏകപക്ഷീയമായി തിരിച്ചടിക്കാൻ പ്രസിഡന്റിന് അനുമതി നൽകുന്ന ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ടി (IEEPA) ലെ വ്യവസ്ഥകളെയാണ് ട്രംപ് അതിന്- ഉപയോഗിച്ചത്. ട്രംപ് തിരിച്ചറിഞ്ഞ അസാധാരണവും സവിശേഷവുമായ ഭീഷണി ‘‘വലുതും തുടർച്ചയായുള്ളതുമായ അമേരിക്കയുടെ വ്യാപാരക്കമ്മിയാണ്.’’ 2024ൽ അത് 918.4 ബില്ല്യൺ ഡോളറിലെത്തി. വ്യാപാര വ്യവസ്ഥ തന്നെ അമേരിക്കയുടെ ആഗോള അധീശാധിപത്യത്തിൻകീഴിൽ സ്ഥാപിക്കപ്പെട്ടതാണെങ്കിലും, മറ്റു രാജ്യങ്ങൾ അമേരിക്കയെ ‘‘വഞ്ചിക്കുകയും’’ അന്ധമായി കൊള്ളയടിക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപ‍് അവകാശപ്പെട്ടത്.
ട്രംപ് തുടക്കത്തിൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിയ്ക്കുമേലും 10% അടിസ്ഥാനചുങ്കം അടിച്ചേൽപ്പിക്കുകയുണ്ടായി. ഏഷ്യയ്ക്കുമേലാണ് ഏറ്റവും ഭാരിച്ച ചുങ്കം അടിച്ചേൽപ്പിച്ചത്– ചെെന (54%), വിയത്-നാം (45%), ലാവോസ് (48%), ശ്രീലങ്ക (44%), ബംഗ്ലാദേശ് (37%), കമ്പോഡിയ (49%), തായ്ലൻഡ് (36%), ഇന്ത്യ (25%). യൂറോപ്യൻ യൂണിയന് മൊത്തത്തിൽ 20% ചുങ്കവുമേർപ്പെടുത്തി. അതേസമയം സ്വതന്ത്ര വ്യാപാര കരാറായ (മുമ്പ് NAFTA) യുഎസ്– മെക്സിക്കോ–കാനഡ ഉടമ്പടി (USMCA) ബാധിക്കാത്ത വിധത്തിൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും ഓട്ടോമൊബെെൽ പാർട്സ്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുമേൽ 25% ചുങ്കം പ്രത്യേകം ഏർപ്പെടുത്തി.
റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യയ്ക്കുമേൽ 25% അധികതീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള ചുങ്കഭാരം 50 ശതമാനമായി ഉയർത്തി. ഈ രണ്ടാംവട്ട വർധന ആഗസ്ത് 27 മുതൽ പ്രാബല്യത്തിൽ വന്നു. ‘‘പ്രതികാരച്ചുങ്ക നിരക്കുകൾ കൂടുതൽ പരിഷ്കരിക്കൽ’’ എന്ന തലക്കെട്ടിലുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഏകദേശം 70 രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കുമേൽ പുതിയ നിരക്കുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു– ലാവോസ്, മ-്യാൻമർ തുടങ്ങിയ രാജ്യങ്ങൾക്ക് 40%, പാകിസ്താൻ 19%, ശ്രീലങ്ക 20%, ബ്രിട്ടൻ 10%, ജപ്പാൻ 15% എന്നീ നിരക്കുകളും അതേസമയം ഇന്ത്യയ്ക്ക് 25 ശതമാനത്തിന്റെ അധിക പിഴയും ചുമത്തിയിരിക്കുന്നു.
ഇന്ത്യ കയറ്റുമതിയുടെ ശക്തികേന്ദ്രമല്ല; അമേരിക്കയിലേക്ക് 87 ബില്യൻ ഡോളറിന്റെ ഉൽപ്പന്നങ്ങൾ മാത്രമേ ഇന്ത്യ കയറ്റുമതി ചെയ്യുന്നുള്ളൂ. 25% പ്രതികാരച്ചുങ്കത്തിനുപുറമെ റഷ്യയിൽനിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 25% പിഴച്ചുങ്കവും (മൊത്തം 50%) ചുമത്തുന്നത് രാജ്യത്തെ, രത്നവും സ്വർണ്ണാഭരണവും മുതൽ തുണിത്തരങ്ങളും സമുദ്ര ഭക്ഷേ-്യാൽപ്പന്ന വിഭവങ്ങളും വരെയുള്ള ലാഭം കുറഞ്ഞതും എന്നാൽ വലിയ തോതിൽ തൊഴിൽ നൽകുന്നതുമായ വ്യവസായമേഖലകളെ ഇല്ലാതാക്കും. 50% നിരക്ക് തുടരുകയാണെങ്കിൽ അത് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി 60 ശതമാനം ഇടിയുകയും ഏകദേശം 1% ജിഡിപിയെ ബാധിക്കുകയും ചെയ്യുമെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സ് കണക്കാക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ് എന്നിവയെ പ്രതികാരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഇടിവ് 80%ത്തിലേക്കെത്തിയേക്കാം. അമേരിക്കൻ വിപണിയിലെ സ്വീകാര്യത, ഉത്പാദന ചെലവിലെ വർധനവിനനുസരിച്ച് ഉപഭോക്താവിൽ നിന്നും ഉൽപ്പന്നത്തിന് കൂടുതൽ വില ഈടാക്കാനുള്ള ശേഷി, മറ്റ് കയറ്റുമതി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരിക്കാനുള്ള ശേഷി എന്നിവയെ ആശ്രയിച്ച് ഈ ചുങ്കങ്ങളുടെ ആഘാതം ഓരോ മേഖലയിലും വ്യത്യസ്തമായിരിക്കുമെന്നാണ് റേറ്റിംങ് ഏജൻസിയായ ക്രിസിൽ പറയുന്നത്. ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.
ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഓരോ പതിനഞ്ച് പ്രകൃതിദത്ത വജ്രങ്ങളിൽ പതിനാലും കട്ട് ചെയ്ത് പോളിഷ് ചെയ്യുന്നതുവഴി ഇന്ത്യയുടെ വജ്രനഗരം എന്നറിയപ്പെടുന്ന സൂറത്തിലെ 20000 ത്തോളം വരുന്ന ഒറ്റപ്പെട്ട, ചെറുകിട, ഇടത്തരം വ്യാപാരികളാണ്. ഇത്തരത്തിൽ പരുക്കൻ വജ്രങ്ങളെ ചെറിയൊരു ഫാക്ടറിയിൽവച്ച് നന്നായി മിനുസപ്പെടുത്തിയ രത്നങ്ങളാക്കി മാറ്റുന്നു. അമേരിക്കയാണ് ഇവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. ബന്ധപ്പെട്ട വ്യവസായ രംഗത്തെ ഇന്ത്യയുടെ ഉന്നതാധികാര സമിതിയായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ കണക്കനുസരിച്ച്, 2024 –25ൽ ഇന്ത്യ അമേരിക്കയിലേക്ക് 4.8 ബില്യൺ ഡോളറിന്റെ രത്നങ്ങൾ അഥവാ ഇതേ കാലയളവിൽ ഇന്ത്യയിൽ കട്ട് ചെയ്ത് പോളിഷ് ചെയ്ത് കയറ്റുമതി ചെയ്ത മൊത്തം വജ്രങ്ങളുടെ, അതായത് 13.2 ബില്ല്യൺ ഡോളർ വിലമതിക്കുന്ന വജ്രങ്ങളുടെ മൂന്നിലൊന്നിലേറെയും കയറ്റുമതി ചെയ്തു. അതുപോലെ മൊത്തം വരുമാനത്തിന്റെ പകുതിയോളവും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽനിന്നും ലഭിക്കുന്ന ചെമ്മീൻ കയറ്റുമതിയുടെ അളവിൽ അമേരിക്കയുടെ പുതിയ ചുങ്കങ്ങൾ കുറവുവരുത്തുമെന്ന ഭീഷണിയുമുണ്ട്. പ്രത്യേകിച്ചും, കുറഞ്ഞ ചുങ്കമുള്ള ഇക്വഡോറിൽനിന്നും മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ.
നിലവിൽ ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 20% അമേരിക്കയിലേക്കാണ്. വജ്ര പോളിഷിംഗ്, ചെമ്മീൻ, തുണിത്തരങ്ങൾ, കാർപെറ്റുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കെമിക്കൽസ്, അഗ്രോ കെമിക്കൽസ്, മൂലധന ചരക്കുകൾ, സോളാർ പാനൽ നിർമ്മാണം എന്നിവയെല്ലാം പ്രതികാരച്ചുങ്കം ഏറ്റവുമധികം ബാധിക്കുന്ന മേഖലകളാണ്. ചുങ്കവർധന ഈ മേഖലകളിലെയെല്ലാം വരുമാനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പല കമ്പനികൾക്കും അമേരിക്കയിലേക്കുള്ള കയറ്റുമതി അസാധ്യമാക്കിത്തീർക്കും. ആഭ്യന്തര തുണിവ്യവസായത്തിന്റെയും, കാർപെറ്റ് നിർമ്മാണത്തിന്റെയും കാര്യത്തിൽ, റീട്ടെയിൽ കച്ചവടക്കാർക്ക് ഉപഭോക്താക്കളിൽനിന്ന് അധിക വില ഈടാക്കാനുള്ള പരിമിതി ഇത്തരം ഉത്പന്നങ്ങൾക്കുള്ളതിനാൽ, പുതിയ ചുങ്കങ്ങൾ ഇവയിൽ നിന്നുള്ള വരുമാനവും ലാഭവും കുത്തനെ ഇടിയുന്നതിനിടയാക്കും. ഇന്ത്യയിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങളുടെ 60 ശതമാനവും കാർപെറ്റുകളുടെ 50 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. റെഡിമെയ്ഡ് വസ്ത്രമേഖലയിൽ നിന്നും 10–15% വരുമാനം അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ ലഭിക്കുന്ന ചൈനയിലെയും വിയത്-നാമിലെയും നിർമാതാക്കൾക്ക് ഈ ചുങ്കവർധന നഷ്ടമുണ്ടാക്കും.
തമിഴ്നാട്ടിലെ ടെക്സ്റ്റെെൽ ഹബ്ബുകളിൽ ഈ ചുങ്കവർദ്ധന സൃഷ്ടിക്കുന്ന ആഘാതം എത്രയാണെന്ന് നമുക്ക് പരിശോധിക്കാം. തുന്നൽ വസ്ത്രങ്ങളുടെ (Knitwear) ഇന്ത്യയിലെ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുപ്പൂരിലെ കയറ്റുമതിക്കാർ പറയുന്നത്-, ഇപ്പോൾ കയറ്റുമതിക്കുള്ള ഓർഡർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയോ തിരിച്ചുവിടുകയോ 19% മുതൽ 36% വരെ കുറഞ്ഞ ചുങ്കമുള്ള ബംഗ്ലാദേശ്, പാകിസ്താൻ, വിയത്-നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള മത്സരത്തിൽ നഷ്ടമാവുകയോ ചെയ്തു എന്നാണ്. തിരുപ്പൂരിൽ നിന്നുള്ള ഒരു കയറ്റുമതിക്കാരൻ, അമേരിക്കയിലേക്കുള്ള തന്റെ പതിവ് കയറ്റുമതി പാകിസ്താനിലേക്ക് തിരിച്ചുവിട്ടു എന്നു പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് പത്രം എഴുതുന്നു. ഒരു അമേരിക്കൻ ഇടപാടുകാരൻ തന്റെ ഓർഡർ ഉറപ്പാക്കുന്നതിനുമുമ്പ് അത് കുറച്ചു നാളത്തേക്ക് ഒന്നു നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതായി മറ്റൊരു കയറ്റുമതിക്കാരൻ പറയുകയുണ്ടായി. മൂന്നാമത്തെയാൾ വെളിപ്പെടുത്തിയത്, ചുങ്ക വർധനയുടെ 25% കയറ്റുമതി ചെയ്യുന്നവർ വഹിക്കണമെന്ന് വാങ്ങുന്നവർ ആവശ്യപ്പെട്ടു എന്നാണ്– നിലവിലെ ഭാരം ഇത് ഇരട്ടിയാക്കുന്നു. ചിലതരം തുന്നൽ വസ്ത്രങ്ങൾക്ക്, പുതുക്കിയ ചുങ്കം കൂടിച്ചേരുമ്പോൾ യഥാർത്ഥ നിരക്ക് 64 % വരെയായി ഉയർന്നിരിക്കുകയാണ്; ഇത് തദ്ദേശീയരായ എതിരാളികളിൽനിന്നുള്ളതിനെക്കാൾ ഉൽപ്പന്നത്തിന്റെ വില 35 ശതമാനത്തിലധികമാക്കുന്നു. തുടക്കത്തിൽ ‘‘വലിയ തിരിച്ചടി’’ എന്ന നിലയിൽ കണക്കാക്കപ്പെട്ടത് ഇപ്പോൾ ‘‘ശരിയ്ക്കുള്ള വ്യാപാരയുദ്ധ’’ (defacto trade embargo) മായാണ് കാണുന്നത്.
തമിഴ്നാട്ടിലെ ടെക്-സ്റ്റെെൽ മേഖല, അമേരിക്കയിൽ നിന്നുള്ള ഓർഡറുകളുടെ കാര്യത്തിൽ ഒരു തിരിച്ചുവരവിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടേറിയ വേളയിലാണ് മാരകമായ ഈ പ്രഹരമുണ്ടാകുന്നത്. തിരുപ്പൂർ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി മൊത്തം 12.5 ലക്ഷം തൊഴിലാളികൾ പണിയെടുക്കുകയും വർഷം 45,000 കോടി രൂപയ്ക്കുള്ള വസ്ത്രങ്ങൾ കയറ്റിയയ്ക്കുകയും ചെയ്യുന്നുണ്ട്. ‘‘സ്വന്തമായി പ്രവർത്തിക്കുന്ന കമ്പനികളെയാണ് ഇത് ആദ്യം പ്രഹരമേൽപ്പിക്കുക’’ എന്നാണ് തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (TEA) പ്രസിഡന്റ് കെ എം സുബ്രഹ്മണ്യൻ പറയുന്നത്. ‘‘ചുങ്കത്തിന്റെ ഒരു ഭാഗം വഹിക്കണമെന്ന് ഇടപാടുകാർ ഇതിനകം തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഞങ്ങൾക്കു കിട്ടുന്ന ലാഭം വെറും 5% മുതൽ 7% വരെയാണ്; അപ്പോൾ ലാഭം പങ്കുവെക്കാൻ എങ്ങനെ ഞങ്ങൾക്ക് കഴിയും?’’ തൊഴിലാളികൾ കൂടുതലുള്ള ടെക് സ്റ്റെെൽ മേഖലയിൽ വിപണി ചുരുങ്ങിയാൽ തൊഴിൽ നഷ്ടമുണ്ടാകും.10% മുതൽ 20% വരെ കയറ്റുമതി ചുരുങ്ങുകയാണെങ്കിൽ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിരുപ്പൂർ, കരൂർ, കോയമ്പത്തൂർ എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലെ 1,00,000 –2,00,000 ടെക്-സ്റ്റെെൽ വസ്ത്ര–നിർമ്മാണ തൊഴിലാളികൾക്ക് അത് ഭീഷണിയായിത്തീരും. തുന്നൽ വസ്ത്രങ്ങളുടെ കയറ്റുമതിയിൽ നിന്നും 40,000 കോടി രൂപ തിരുപ്പൂർ മാത്രം സംഭാവന ചെയ്യുന്നുണ്ട്. വാൾമാർട്ട്, ജിഎപി, കോസ്റ്റ്-കോ തുടങ്ങിയ ആഗോള ഭീമന്മാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നു; മൊത്തത്തിൽ പറഞ്ഞാൽ, ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ 55% വും തിരുപ്പൂരിൽ നിന്നാവുകയും ചെയ്യുന്നു. തദ്ദേശീയ വസ്ത്രങ്ങളുടെ കാര്യത്തിൽ, കരൂർ ഓരോ വർഷവും 9000 കോടി രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്; അതിൽ 6900 കോടി രൂപയുടെ വസ്ത്രങ്ങൾ നേരിട്ടാണ് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയിലേക്ക് കോട്ടൺ ടവലുകളും കിച്ചൻ ലിനനുകളും വലിയ തോതിൽ കോയമ്പത്തൂരിൽ നിന്നും കയറ്റിയയക്കുന്നുണ്ട്. ഇതിനെല്ലാം ഇപ്പോൾ ഉയർന്ന തീരുവ കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നു.
ക്രിസിലിന്റെ (Crisil) കണക്കുപ്രകാരം സോളാർ പാനൽ നിർമാതാക്കൾ അവരുടെ വരുമാനത്തിന്റെ 10–12% സമ്പാദിക്കുന്നത് അമേരിക്കയിൽനിന്നാണ്; എന്നാലും സോളാർ പാനലിന് നിലവിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര ഡിമാൻഡ് ചുങ്ക ആഘാതത്തെ ലഘൂകരിക്കാനാണ് സാധ്യത. ഗണ്യമായ അമേരിക്കൻ വ്യാപാരം നടക്കുന്ന ഫാർമസ്യൂട്ടിക്കലുകളെയും സ്മാർട്ട് ഫോണുകളെയും ചുങ്കത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം, സ്റ്റീൽ, അലൂമിനിയം ചില ഓട്ടോ കമ്പോണന്റുകൾ എന്നിവയ്ക്ക് മേലുള്ള 2018ലെ ചുങ്കം മാറ്റമില്ലാതെ തുടരുന്നു.
2024– 25 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ– ഡിസംബർ), അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ തുകൽ കയറ്റുമതി 6,870 കോടി രൂപ (795.55 മില്യൺ ഡോളർ) ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.30% വർധിച്ചിരിക്കുകയാണ്. ഇന്ത്യൻ തുകൽ ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന വിപണിയായ അമേരിക്കയിലേക്ക് ഇതേ കാലയളവിൽ കയറ്റിയയച്ചത് ഇന്ത്യയുടെ മൊത്തം തുകൽ കയറ്റുമതിയുടെ 21.82% വരും. വടക്കൻ തമിഴ്നാട്ടിൽ, പ്രത്യേകിച്ച് അമ്പൂരിലും ചെന്നെെയിലും, ഗണ്യമായ സാന്നിധ്യമായ ഇന്ത്യയിലെ പ്രധാനപ്പെട്ട ചെരുപ്പുൽപ്പാദകരായ ഫരീദ ഗ്രൂപ്പാണ് പ്രമുഖ ഇന്റർനാഷണൽ ബ്രാൻഡുകളായ ക്ലാർക്ക്, കോലെ ഹാൻ തുടങ്ങിയവ വിതരണം ചെയ്യുന്നത്. ഫരീദ ഗ്രൂപ്പിന്റെ ബിസിനസിന്റെ 60%വും അമേരിക്കയെ ആശ്രയിച്ചാണിരിക്കുന്നത്. 150 ഏക്കറിൽ കയറ്റുമതിയ്ക്കായുള്ള സൗകര്യമുൾപ്പെടെ തമിഴ്നാട്ടിൽ ഫരീദ ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് വികസിപ്പിക്കുന്നതിനായി 1000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ചുങ്കമേർപ്പെടുത്തിയതോടെ പുതിയ ഓർഡറുകൾ നിലച്ചു; പദ്ധതിതന്നെ മരവിപ്പിച്ചിരിക്കുകയാണ്.
1948ൽ 23 അംഗരാജ്യങ്ങളുമായി ഗാട്ട് ആരംഭിക്കുകയും ഒടുവിൽ 1995ൽ 166 അംഗങ്ങളുമായി WTO രൂപീകരിക്കുകയും ചെയ്തുകൊണ്ട് അമേരിക്കയും അതിന്റെ പാശ്ചാത്യസഖ്യങ്ങളും ചേർന്ന് ഉദാരവൽക്കരിച്ച (അമേരിക്കൻവൽക്കരിച്ച) ആഗോള സാമ്പത്തിക വ്യാപാര വാഴ്ച അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം കെട്ടിപ്പൊക്കപ്പെട്ട ലോക മുതലാളിത്ത വ്യവസ്ഥ മുഖ്യമായും രൂപകൽപ്പന ചെയ്യപ്പെട്ടത്. GATTന്റെ ആദ്യവട്ടം തന്നെ തങ്ങളുടെ സമ്പദ്ഘടനകൾ അതിലേക്ക് സംയോജിപ്പിച്ച അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യമുതലാളിത്ത ശക്തികൾക്കും അതിന്റെ പ്രയോജനം കിട്ടുന്നതിനു വേണ്ടിയാണ്. അമേരിക്ക വഞ്ചിക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, അപ്പോൾ എന്തുകൊണ്ട് ഒരു മുതലാളിത്ത രാഷ്ട്രം പതിറ്റാണ്ടുകളായി അതിന്റെ ഭരണകൂടത്തെ ഇത്രയും വികലമായി സേവിച്ചു എന്നതിന്, തൊഴിലാളിവർഗ കാഴ്ചപ്പാടിൽനിന്നുകൊണ്ടുള്ള വിശദീകരണം എന്തായിരിക്കും?
മുതലാളിത്ത വർഗത്തിന്റെ ആധിപത്യഘടകങ്ങൾക്ക് –ഇന്നത്തെ ആഗോള -ഫിനാൻസ് മൂലധനത്തിന്–സ്വീകാര്യമായ അതിരുകളെ ലംഘിക്കുമ്പോൾ ഗവൺമെന്റിനെ അനുസരിപ്പിക്കുന്നതിന് ഒരു ബൂർഷ്വാ ഭരണകൂടത്തിന് ഉപയോഗിക്കാൻ കഴിയുന്ന മുഖ്യമായ മൂന്ന് മർദ്ദന സംവിധാനങ്ങളുണ്ട്. ആദ്യത്തേത് നികുതികളിലൂടെ വരുമാനം ഉൗറ്റിയെടുക്കുന്നതിനുള്ള അതിന്റെ കഴിവിനെ ഭരണകൂടം ധനപരമായി ആശ്രയിക്കുന്നു എന്നതാണ്. സമ്പദ്-വ്യവസ്ഥ മന്ദഗതിയിലാവുകയോ മാന്ദ്യത്തിലേക്കു വീഴുകയോ ചെയ്യുമ്പോൾ ലാഭം ഇടിയുക, വേതന മുരടിപ്പ്, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയവമൂലം പൗരരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനും മതിയായ വരുമാനം ഉൽപ്പാദിപ്പിക്കുന്നതിൽ ഭരണകൂടം ബുദ്ധിമുട്ട് നേരിടുന്നു.
രണ്ടാമതായി, എല്ലാ ആധുനിക രാഷ്ട്രങ്ങളും അപ്പപ്പോഴുള്ള ചെലവുകൾക്കും നികുതി പിരിക്കുന്നതിനും ഇടയ്-ക്കുള്ള വിടവ് നികത്തുന്നതിന് ഹ്രസ്വകാല വായ്പകളെ ആശ്രയിക്കുന്നു. ദീർഘകാല കമ്മിപ്പണം എന്നത് ഇപ്പോൾ പൊതു ബജറ്റിന്റെ സ്ഥിരം ഭാഗമായിരിക്കുകയാണ്. ജിഡിപിയുടെ ശതമാനമായി കണക്കിൽപ്പെടുത്തുന്ന മുതലാളിത്ത രാജ്യങ്ങളുടെ വർദ്ധിച്ചു വരുന്ന ദേശീയ കടം ഭരണകൂടത്തിനും മൂലധനത്തിനുമിടയിൽ ‘‘ഒരു സുവർണ ചങ്ങല’’ സൃഷ്ടിച്ചിരിക്കുന്നു. പ്രധാന നിക്ഷേപബാങ്കുകളും മറ്റു വലിയ ധനകാര്യ സ്ഥാപനങ്ങളും തിരിച്ചടവ് ഉറപ്പുചെയ്തുകൊണ്ട് വാങ്ങുന്ന ദീർഘകാല ട്രഷറി ബോണ്ടുകളും മറ്റ് ട്രഷറി കടപ്പത്രങ്ങളും പതിവായി വിൽക്കാതെ ഇന്ന് ഒരു സർക്കാരിനും പ്രവർത്തിക്കാനാകില്ല.
അമേരിക്കൻ ഗവൺമെന്റിന്റെ ഭീമമായ നികുതി പിരിക്കാൻ ശേഷിയും മൂഡീസ് ഇൻവെസ്റ്റർ സർവീസിൽ നിന്നുള്ള എഎഎ (AAA) ബോണ്ട് റേറ്റിങ്ങുമുള്ളതിനാൽ അമേരിക്കൻ ട്രഷറി ബോണ്ടിനെ അല്ലെങ്കിൽ മറ്റു കടപത്രങ്ങളെ ‘‘സുരക്ഷിതമായ’’, കുറഞ്ഞ റിസ്കുള്ള ആസ്തിയായാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർ കണക്കാക്കുന്നത്. എന്നിരിക്കലും ധനവൽക്കരണത്തിന്റെയും (Financialization) ബാങ്കിനു മേലുള്ള നിയമപരമായ നിയന്ത്രണങ്ങൾ നീക്കം ചെയ്യലിന്റെയും ഈ യുഗത്തിൽ, ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ ഇൗ കടപത്രങ്ങൾ വാങ്ങുകയോ വിൽക്കുകയോ അല്ലെങ്കിൽ അവ പിടിച്ചുവയ്ക്കുകയോ മാത്രമല്ല ചെയ്യുന്നത്; മറിച്ച് അവ ഹെഡ്ജ് ഫണ്ടുകളാൽ കെെകാര്യം ചെയ്യപ്പെടുന്ന ഉയർന്ന റിസ്കുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നു. കടപ്പത്രങ്ങളുടെ നിലവിലെ വിലകളും അവയുമായി ബന്ധപ്പെട്ട ഭാവി കരാറുകളും തമ്മിലുള്ള ചെറിയ വില വ്യത്യാസങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, ചെറിയ ലാഭം വലിയ അളവിൽ നേടുന്നതിന് ഹെഡ്ജ് ഫണ്ടുകൾ വലിയ തുകകൾ കടം വാങ്ങുന്നു. ഈ ആസൂത്രണതന്ത്രം ബോണ്ട് വിലകളുടെ ആപേക്ഷിക സ്ഥിരതയെയും അമേരിക്കൻ ഡോളറിന്റെ മൂല്യത്തെയും ആശ്രയിച്ചിരിക്കുന്നു.
പണം കടംകൊടുക്കുന്ന ബാങ്കുകൾ, കടപ്പത്രങ്ങളുടെ വില താഴാൻ തുടങ്ങിയാൽ സംഭവിക്കാനിടയുള്ള വ്യാപാരനഷ്ടം നികത്തുന്നതിന് ഹെഡ്ജ് ഫണ്ട് നിക്ഷേപകരിൽ നിന്നും സെക്യൂരിറ്റി എന്ന നിലയിൽ കൂടുതൽ പണം ആവശ്യപ്പെടാൻ മാർജിൻ കോളുകൾ (Margin calls – കടപ്പത്രങ്ങൾ വാങ്ങുന്നതിന് പണം വായ‍്പയെടുത്ത നിക്ഷേപകരോട്- കൂടുതൽ പണം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് ബ്രോക്കർ ആവശ്യപ്പെടുന്നതിനെയാണ് മാർജിൻ കോൾ എന്നു പറയുന്നത്. നിക്ഷേപത്തിന് മിനിമം മൂല്യം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഈ അധിക തുക ഈടാക്കുന്നത്) നടത്തിയേക്കാം. 1929ലേതുപോലെ, ഏറ്റവും മോശപ്പെട്ട ഒരു അവസ്ഥയിൽ മാർജിൻ കോളുകൾ കടപ്പത്ര വിൽപ്പന വർധിപ്പിക്കും; തന്മൂലം ബോണ്ടുകളുടെ വില ഇടിയും. ഇത് കൂടുതൽ മാർജിൻ കോളുകൾക്കിടയാക്കും; അവസാനം. നിക്ഷേപകർ വിശേഷിപ്പിക്കുന്ന ‘‘ഡൂം–ലൂപ്പ്’’ (Doom–Loop –സാമ്പത്തികശാസ്ത്ര പ്രകാരം, നിഷേധാത്മകമായ ഒരു സാമ്പത്തിക സാഹചര്യം നിഷേധാത്മകമായ മറ്റൊന്നിനെ സൃഷ്ടിക്കുന്നു; ഇത് നിഷേധാത്മകമായ മൂന്നാമതൊരു സാഹചര്യം സൃഷ്ടിക്കുന്നു അഥവാ ആദ്യത്തേതിനെ ബലപ്പെടുത്തുന്നു. ഇത് കുത്തനെയുള്ള ഇടിവിന് ഇടയാക്കുന്നു) എന്ന അവസ്ഥയെ ശക്തിപ്പെടുത്തുകയും അത് ധനപ്രതിസന്ധിക്കും മൂലധന വിപണിയിലെ പണനഷ്ടത്തിനും കാരണമാവുകയും ചെയ്യും. അമേരിക്കൻ കടപത്രങ്ങളുടെ മൂല്യത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടിവ് ആഗോള ധനവ്യവസ്ഥയിലാകെ അലയടിക്കുകയും തീവ്രമാകുകയും ചെയ്യുന്ന പാപ്പരീകരണത്തിന്റെയും പണ പ്രതിസന്ധിയുടെയും കുതിച്ചുചാട്ടത്തെ ഉത്തേജിപ്പിക്കുന്നു. അതാണ് 2008–2010ൽ സംഭവിച്ചത്.
മാത്രവുമല്ല, അമേരിക്കൻ ബോണ്ടുകളുടെയും മറ്റ് ട്രഷറി കടപത്രങ്ങളുടെയും മൂല്യം ഇടിയുമ്പോൾ പലിശ നിരക്കുകൾ ഉയരുകയും അതുമൂലമുണ്ടാകുന്ന സെക്യൂരിറ്റി വിപണികളുടെ വലിയ അസ്ഥിരീകരണം (Destabilization) അമേരിക്കൻ ഗവൺമെന്റിന്റെ ധനപരമായ സ്ഥിരതയെ ദുർബലപ്പെടുത്തുകയും ചെയ്യും. പിന്നീട് അമേരിക്കൻ ഗവൺമെന്റിന് തങ്ങളുടെ കടപത്രങ്ങൾ വാങ്ങുന്നവരെ ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാക്കിയേക്കാം; അഥവാ അത് വാങ്ങുന്നവരെ കണ്ടെത്താൻ കഴിഞ്ഞാൽത്തന്നെ അത് ഉയർന്ന പലിശനിരക്കിലായിരിക്കും. ഇത് അമേരിക്കയുടെ ഫെഡറൽ ബജറ്റിന്റെ എക്കാലത്തെയും ഏറ്റവും വലിയൊരു വിഹിതം പലിശ നൽകുന്നതിനായി ഉപയോഗിക്കുന്നതിനിടയാക്കും. ഇത് എങ്ങനെയെന്ന് കൂടുതൽ വ്യക്തമാക്കാം: പലിശനിരക്കുകളിലെ നേരിയ വർധനവ് അമേരിക്കയിലെ നികുതിദായകരുടെ പലിശ അടവുകളിൽ ശതകോടിക്കണക്കിന് അധികം ഡോളറിന്റെ വർധനയ്ക്കിടയാക്കും. 2024ലെ മൊത്തം ഫെഡറൽ ചെലവഴിക്കൽ 6.75 ലക്ഷം കോടി ഡോളറായിരുന്നു. ഇതിൽ 892 ബില്ല്യൺ ഡോളർ (13.2%), കുടിശ്ശികയായ ദേശീയ കടത്തിന്റെ പലിശ നൽകുന്നതിനായിരുന്നു ചെലവഴിച്ചത്. 2024ൽ അമേരിക്ക ഏകദേശം 2 ലക്ഷം കോടി ഡോളർ കടമെടുത്തു. അതിൽ വലിയൊരു ഭാഗവും –1.8 ലക്ഷം കോടി ഡോളർ – ഫെഡറൽ ബജറ്റിന്റെ കമ്മി നികത്താനാണ് ഉപയോഗിച്ചത്. അതിനാൽ വാർഷിക ഫെഡറൽ ചെലവഴിക്കലിന്റെ ഏകദേശം 27%വും കടം വാങ്ങിയ പണമാണ്.
വായ്പാ പ്രതിസന്ധി, ഫലത്തിൽ അമേരിക്കൻ ഗവൺമെന്റിനെ തകർക്കുകയുംബോണ്ട് തിരിച്ചടവുകളിൽ വീഴ്ച വരുത്തുന്നതിനിടയാക്കുകയും ചെയ്യും; അത് ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കും. അഥവാ ഡിപ്പാർട്ട്മെന്റ് ഓഫ-് ഗവൺമെന്റ് എഫിഷ്യൻസി (DOGE) യുടെ സൂത്രധാരനായ ഇലോൺ മസ്ക് നിർദേശിച്ചതുപോലെ (നടപ്പിലാക്കിയിട്ടില്ല) ഫെഡറൽ ചെലവഴിക്കലിൽ വിനാശകരമായ വെട്ടിക്കുറയ്ക്കൽ ആവശ്യമായിത്തീർന്നേക്കാം. ട്രംപിന്റെ ചുങ്ക പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപുതന്നെ, മാർച്ച് 25നു തന്നെ ‘‘സ്ഥിരമായി ഉയർന്ന ചുങ്കങ്ങൾ ഉണ്ടാക്കാനിടയുള്ള നെഗറ്റീവ് ക്രെഡിറ്റ് ആഘാതത്തെക്കുറിച്ച്’’ മൂഡീസ് മുന്നറിയിപ്പു നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ അമേരിക്കയുടെ ദേശീയ കടം 35.5 ലക്ഷം കോടി ഡോളറാണ്; കടബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം 123 ശതമാനമാണ്. അമേരിക്കയുടെ ട്രഷറി കടത്തിന്റെ 30 ശതമാനവും എടുത്തിരിക്കുന്നത് വിദേശഗവൺമെന്റുകളുൾപ്പെടെയുള്ള വിദേശ നിക്ഷേപകരിൽനിന്നുമാണ്. അതിനാൽ അമേരിക്കൻ ഗവൺമെന്റ് വിദേശനിക്ഷേപകരുടെ ആത്മവിശ്വാസത്തെയും അവരുടെ സൗമനസ്യത്തെയും അങ്ങേയറ്റം ആശ്രയിച്ചിരിക്കുന്നു. അമേരിക്കൻ ട്രഷറി കടപത്രങ്ങൾ വാങ്ങുകയും കെെവശം വച്ചിരിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ രണ്ട് രാജ്യങ്ങൾ നിലവിൽ ജപ്പാനും ചെെനയുമാണ്.
മൂന്നാമതായി, ഒരു മുതലാളിത്ത രാഷ്ട്രം നികുതി വരുമാനത്തിനും കടമെടുക്കലിനും ബിസിനസിനെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ആശ്രയിക്കുമ്പോൾ, അമേരിക്കയെപ്പോലുള്ള ലിബറൽ ജനാധിപത്യരാജ്യങ്ങളിൽ രാഷ്ട്രീയമായ നിയമസാധുതയ്ക്കുവേണ്ടി പൗരരുടെ വിശ്വാസത്തെ കൂടി ഇതിനായി ആശ്രയിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികമായ പ്രകടനമാണ് ഭരണകൂടത്തിനുള്ള പിന്തുണയെ പ്രധാനമായും നിർണയിക്കുന്നത്. പൗരർ തങ്ങളുടെ സാമ്പത്തികമായ ഭാഗ്യങ്ങൾക്കായി (അതില്ലെങ്കിൽ പോലും) ഭരണകൂടത്തെയും അതിന്റെ നയങ്ങളെയും വിശ്വാസത്തിലെടുക്കുന്നു. നിക്ഷേപവും തൊഴിൽ സൃഷ്ടിക്കലും സംബന്ധിച്ച് യഥാർഥത്തിൽ തീരുമാനമെടുക്കുന്നത് മുതലാളിമാരാണെങ്കിലും രാഷ്ട്രീയക്കാർ പൗരരുടെ ഈ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുതലാളിത്ത സമ്പദ്-വ്യവസ്ഥയിൽ ഘടനാപരമായ ഈ മൂന്ന് സംവിധാനങ്ങളുടെയും –ധനപരമായ ആശ്രിതത്വം, വായ്പാ ആശ്രിതത്വം, രാഷ്ട്രീയമായ നിയമസാധുത– പ്രവർത്തനത്തിനുള്ള മുഖ്യഘടകം ഉൽപ്പാദനപരമായ ആസ്തികൾ സ്വകാര്യാടിസ്ഥാനത്തിലായിരിക്കും, അല്ലാതെ പൊതു ഉടമസ്ഥതയിലായിരിക്കില്ല എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭരണകൂടം അതിന്റെ വരുമാനത്തിനായി സ്വകാര്യസമ്പദ്-ഘടനയെ ആശ്രയിക്കുകയും സമ്പദ്-വ്യവസ്ഥയുടെ പ്രകടനത്തിന്റെ കാര്യത്തിൽ പൗരരോട് ഉത്തരവാദിത്തപ്പെട്ടിരിക്കുകയും ചെയ്യുന്നുവെങ്കിലും നിക്ഷേപം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വേതനം എന്നിവ സംബന്ധിച്ച് യഥാർഥത്തിൽ തീരുമാനങ്ങളെടുക്കുന്നത് സ്വകാര്യ മുതലാളിമാരാണ്. എന്നാൽ, മുതലാളിമാർ തങ്ങളുടെ മൂലധനം ഭൗതികമായും നിയമപരവുമായും സുരക്ഷിതമാണെന്നും നിക്ഷേപങ്ങൾ മതിയായ ലാഭം തിരിച്ചു നൽകുമെന്നുമുള്ള കൃത്യമായ ഉറപ്പില്ലാതെ നിക്ഷേപം നടത്തുകയില്ല. അതിനാൽ സ്വകാര്യനിക്ഷേപം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബിസിനസ് ആത്മവിശ്വാസം നിലനിർത്തുന്നതിനുവേണ്ടി ‘‘അനുകൂലമായ ബിസിനസ് അന്തരീക്ഷം’’ ഭരണകൂട നയങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഭരണകൂട നയങ്ങൾ, ബിസിനസ് ചെയ്യാനുള്ള ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തുന്നയിടത്ത് മുതലാളിമാർ നിക്ഷേപത്തിന് മടിക്കും. രാഷ്ട്രീയവും സാമ്പത്തികവുമായ ആത്മവിശ്വാസം സൃഷ്ടിക്കുന്ന ഭരണകൂട നയങ്ങൾ നിലനിൽക്കുന്നയിടത്തെ സമ്പദ്-ഘടനകളിലേക്ക് അവർ തങ്ങളുടെ മൂലധനം മാറ്റി നിക്ഷേപിച്ചേക്കാം.
ഈ രീതിയിൽ കുറഞ്ഞ നിക്ഷേപം, തൊഴിലില്ലായ്മ, പൊതുവരുമാനം ഇടിയൽ, കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ് നിരക്കുകൾ, ഉയർന്ന പലിശ നിരക്കുകൾ, ദീർഘകാലാടിസ്ഥാനത്തിൽ താഴ്ന്ന ജീവിതനിലവാരം എന്നിവയിലൂടെ പ്രതികൂലമായ ഭരണകൂട നയങ്ങളെ സ്വതന്ത്ര വിപണി സ്വാഭാവികമായി ശിക്ഷിക്കുന്നു. സാമ്പത്തിക മാന്ദ്യകാലത്ത് മുതലാളിത്ത രാജ്യങ്ങൾ കമ്മിപ്പണത്തെ ആശ്രയിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ഈ ബിസിനസ് ആത്മവിശ്വാസമില്ലായ്മ, പൊതുകടത്തിന് ഫിനാൻസ് ചെയ്യുന്നതിൽ നിക്ഷേപകർ കാണിക്കുന്ന വിമുഖത, നികുതിയും ചെലവഴിക്കലും സംബന്ധിച്ച നയങ്ങളെ കൂടുതൽ പരിമിതപ്പെടുത്തിയേക്കാം. ഏറ്റവും പ്രധാനമായത്, ഈ ശിക്ഷകളെല്ലാം തന്നെ മുതലാളിമാർക്കിടയിലെ യാതൊരുവിധ മുൻകൂർ ഏകോപനവും കൂടാതെതന്നെ സ്വയമേവ അടിച്ചേൽപ്പിക്കപ്പെടുന്നു എന്നതാണ്– പ്രതികൂലവും അസ്ഥിരവുമായ ബിസിനസ് കാലാവസ്ഥയിൽ നിക്ഷേപം നടത്തുന്നത് ഇനി മേൽ ലാഭകരമല്ലെന്ന്- വ്യക്തിഗത നിക്ഷേപകരും ഉടമസ്ഥരും കണക്കാക്കുന്നത് എന്നതാണ് ഇതിനുകാരണം.
പ്രഭാത് പട്നായക്കിന്റെ വാക്കുകളോടെ നമുക്ക് അവസാനിപ്പിക്കാം: ബൂർഷ്വാ ലിബറലുകളുടെ പതിവ് ആരോപണം ട്രംപിന്റെ ചുങ്കയുദ്ധത്തിനു പിന്നിൽ അയാളുടെ ‘‘ഭ്രാന്ത്’’ അല്ലെങ്കിൽ ‘‘മറ്റുള്ളവരോടുള്ള അവജ്ഞ’’ തുടങ്ങിയവയാണെന്നാണ്. യഥാർഥത്തിൽ ഇത് ഉയർന്നുവരുന്നത് മുതലാളിത്തത്തിന്റെ വികാസത്തിലെ ആഴത്തിലുള്ള വെെരുദ്ധ്യങ്ങളിൽനിന്നാണ്. വിരോധാഭാസമെന്നു പറയട്ടെ, മറ്റ് രാജ്യങ്ങൾ അവയുടെ സ്വന്തം ചുങ്കങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുന്നില്ലെങ്കിൽ തൊഴിലവസരം വർധിപ്പിക്കുന്നതിലൂടെയും കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിലൂടെയും ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കക്കുവേണ്ടി പ്രവർത്തിക്കും; എന്നാൽ മറ്റുരാജ്യങ്ങൾ തിരിച്ചടിക്കുകയാണെങ്കിൽ അമേരിക്കൻ ചുങ്കങ്ങൾ അമേരിക്കയ്ക്കുപോലും ഗുണം ചെയ്യില്ല എന്നു മാത്രമല്ല, മുതലാളിത്ത ലോകത്തെയാകമാനം അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഇന്ത്യയെ രക്ഷിക്കുന്നതിനായി, തിരിച്ചടിക്കുന്നതിനോ വീണ്ടും കൂടിയാലോചനകൾ നടത്തുന്നതിനോ വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വാഴ്ചയ്ക്കുമേൽ നമുക്ക് സമ്മർദ്ദം ചെലുത്താം. l



