Saturday, January 24, 2026

ad

Homeകവര്‍സ്റ്റോറിപ്രതികാരച്ചുങ്കത്തിനെതിരെ 
പ്രതിഷേധിക്കുക

പ്രതികാരച്ചുങ്കത്തിനെതിരെ 
പ്രതിഷേധിക്കുക

എളമരം കരീം

മേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ചരക്കുകളുടെ മേല്‍ 25% അധികച്ചുങ്കം ചുമത്തിയ നടപടി, സാമ്രാജ്യത്വ ഭീഷണിയാണ്. നേരത്തെയുള്ള 25% ചുങ്കത്തിന് പുറമെയാണ്, പുതിയ 25% കൂടി ചുമത്തിയത്. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന അമേരിക്കൻ തീട്ടൂരം, ഇന്ത്യ അനുസരിച്ചില്ല എന്ന പേരിലാണ് പ്രതികാരച്ചുങ്കം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ, പരമാധികാരത്തിനു മേലുള്ള സാമ്രാജ്യത്വ കടന്നുകയറ്റമാണിത്.

അമേരിക്കയുടെ റഷ്യയോടുള്ള നയം, അവരുടെ മാത്രം ആഭ്യന്തര കാര്യമാണ്. ലോകത്തെ ഓരോ രാജ്യവും, അമേരിക്ക കല്‍പ്പിക്കുന്ന മട്ടിലുള്ള ബന്ധമേ പാടുള്ളൂ എന്ന കല്‍പ്പന, അംഗീകരിക്കാനാവാത്തതാണ്. ഓരോ രാജ്യത്തെയും വരുതിക്കു നിര്‍ത്താന്‍, അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ ചുങ്കം വര്‍ദ്ധിപ്പിക്കുന്ന നടപടി ഇന്ത്യയെ ഭയപ്പെടുത്തി കീഴടക്കാനാണ്. അമേരിക്കയിലേക്ക് ഇന്ത്യയില്‍ കയറ്റുമതി ചെയ്യുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, മത്സ്യം, ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയെയെല്ലാം പ്രതികാരച്ചുങ്കം ബാധിക്കും. ഇത്തരം ചരക്കുകള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ക്കൊന്നും, ചുങ്കം ഉയര്‍ത്താത്ത സാഹചര്യത്തില്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ കമ്പോളത്തില്‍ വില വര്‍ധിക്കും. അത് കയറ്റുമതിയെ ബാധിക്കും. ഇന്ത്യയില്‍, മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കും. ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.

അമേരിക്കന്‍ ഉദ്യോഗസ്ഥർ, ഇന്ത്യയിലെത്തി, ഇന്ത്യക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യ ഏതെല്ലാം ചരക്കുകള്‍, എവിടെ നിന്നെല്ലാം ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള നമ്മുടെ പരമാധികാരത്തിന്മേല്‍ കൈവെക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടാ. ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി, ഇന്ത്യന്‍ കര്‍ഷകരുടെയും ചെറുകിട ഉത്പാദകരുടെയും തൊഴിലാളികളുടെയും താല്പര്യങ്ങളെ തകര്‍ക്കരുത്.

ഇന്ത്യ, വിദേശ വ്യാപാരം സംബന്ധിച്ച് ഏതു കരാറില്‍ ഏര്‍പ്പെടുമ്പോഴും ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചന നടത്തണം. വിദേശ വ്യാപാരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അത് രാജ്യതാല്‍പര്യത്തെ ഹനിക്കും. ഫാര്‍മസ്യൂട്ടിക്കല്‍, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. ഇറക്കുമതി ചുങ്കത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് അമേരിക്ക ചെയ്യുന്നത്. ഇതിനു മുമ്പില്‍ കീഴടങ്ങരുത്. ഇന്ത്യന്‍ ഭരണകൂടം പലപ്പോഴും സാമ്രാജ്യത്വ സമ്മര്‍ദ്ദത്തിനു വഴങ്ങിയ അനുഭവമുണ്ട്. സാമ്പത്തിക രംഗത്ത്, ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് വഴങ്ങിയത് ഓര്‍ക്കുമല്ലോ? ഇന്ത്യന്‍ വ്യവസായങ്ങളെ തകര്‍ക്കും വിധം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കി. 1991ലെ കോണ്‍ഗ്രസ് സര്‍ക്കാരും, 2004–2014 വരെയുള്ള മന്‍മോഹന്‍ സിങ് സര്‍ക്കാരും, സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തിരുന്നു. ഈ നയങ്ങള്‍, ആഭ്യന്തര വ്യവസായങ്ങളെയും പൊതുമേഖലയെയും, ഗുരുതരമായി ബാധിച്ചു. കാര്‍ഷിക മേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു.

ഇതേ നയം തന്നെയാണ് 2014 മുതല്‍ അധികാരത്തിലുള്ള മോദി സര്‍ക്കാരും നടപ്പാക്കിയത്. ഭരണത്തിൽ വരുന്നതിനു മുമ്പ‍് ‘സ്വദേശി ജാഗരണ്‍ മഞ്ച് ‘ നേതൃത്വത്തില്‍, വിദേശ ഉല്‍പ്പന്നങ്ങളുടെയും, മൂലധനത്തിന്റെയും ഇറക്കുമതിക്കെതിരെ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ ആര്‍എസ്എസ്, മോദി ഭരണം വന്നപ്പോള്‍ നിശബ്ദരായി. സംഘപരിവാറിന്റെ കാപട്യം വെളിപ്പെടുത്തിയ സംഭവമാണിത്.

1991ല്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ആരംഭിച്ചതുമുതല്‍, ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകളുടെയും താല്പര്യങ്ങള്‍ക്ക് വഴങ്ങിയാണ്, കോണ്‍ഗ്രസ് –ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. ഈ നയം ദേശീയ വ്യവസായങ്ങളെയും കാര്‍ഷിക മേഖലയെയും ബാധിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്, കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെച്ചതിന്റെ അടിസ്ഥാനത്തിലാണ്. കര്‍ഷകരുടെ യോജിച്ച സമരത്തിനുമുന്നില്‍ മുട്ടുമടക്കി; ഈ കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി നിര്‍ബന്ധിതനായി.

തൊഴിലാളികളുടെ മൗലികമായ അവകാശങ്ങള്‍ തകര്‍ക്കുന്ന ലേബര്‍ കോഡുകള്‍ പാസാക്കിയത്, ഇന്ത്യന്‍ കുത്തകകളുടെയും ബഹുരാഷ്ട്ര കുത്തകങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്. സാമ്രാജ്യത്വ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് നാണംകെട്ട് വഴങ്ങിക്കൊടുക്കുന്ന മോദി, ഇറക്കുമതിച്ചുങ്ക പ്രശ്നത്തില്‍, രാജ്യ താല്പര്യത്തിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമോ? ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുന്ന ചോദ്യമാണിത്.

അമേരിക്കന്‍ പ്രതികാരച്ചുങ്കം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്ന സംസ്ഥാനമാണ് കേരളം. സമുദ്രോല്പന്നങ്ങള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍, ഗാര്‍മെന്റ്സ്, കൈത്തറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെയെല്ലാം നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നതാണ് അമേരിക്കന്‍ അധികച്ചുങ്കം.

ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യവും, പ്രത്യേകിച്ച് സംസ്ഥാന താല്‍പര്യവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + six =

Most Popular