1935 സെപ്തംബർ 15ന് നാസി ജർമനിയിൽ ഒരു നിയമനിർമാണം നടന്നു. ന്യൂറെംബെർഗ് നിയമങ്ങൾ എന്നാണവയുടെ പേര്; മുഖ്യമായും രണ്ട് നിയമങ്ങളാണ് പാസാക്കപ്പെട്ടത്; സെമറ്റിക് വിരുദ്ധവും വംശീയവുമായ നിയമങ്ങളാണവ. റയ്ഷ് (Reich) പൗരത്വനിയമം പ്രഖ്യാപിച്ചത്, ‘ജർമൻകാരോ അവരുമായി രക്തബന്ധമുള്ളവരോ ആയ ആളുകൾക്ക് മാത്രമേ റയ്ഷിൽ പൗരത്വം ലഭിക്കുകയുള്ളൂ എന്നാണ്. ജൂതരെയും അനഭിലഷണീയരായി കരുതപ്പെട്ടിരുന്ന മറ്റുള്ളവരെയും ‘ഭരണകൂടത്തിന്റെ പ്രജകൾ’ (State Subjects) എന്നായിരുന്നു തരംതിരിച്ചിരുന്നത്; അവരിൽ നിന്ന് വോട്ടവകാശവും സർക്കാർ ഉദേ-്യാഗത്തിലും അധികാര സ്ഥാനങ്ങളിലും എത്തുന്നതിനും നിയമപരിരക്ഷ അനുഭവിക്കുന്നതിനും ഉൾപ്പെടെയുള്ള പൗരാവകാശങ്ങളാകെയും കവർന്നെടുക്കുകയും ചെയ്തു.
ജർമൻ രക്തത്തിന്റെയും ജർമൻ യശസ്സിന്റെയും സംരക്ഷണത്തിനുവേണ്ടിയുള്ള നിയമം ജൂതരും ‘ജർമൻ പൗരരോ അവരുമായി രക്തബന്ധമുള്ളവരോ’ ആയവരും തമ്മിലുള്ള വിവാഹങ്ങളും വിവാഹേതര ബന്ധങ്ങളുമെല്ലാം നിരോധിച്ചു. ഇന്ത്യയിലെ ‘ലൗ ജിഹാദ്’ നിയമങ്ങളെയാണ് ഇത് ഓർമിപ്പിക്കുന്നത്. 45 വയസ്സിൽ താഴെ പ്രായമുള്ള ജർമൻ സ്ത്രീകളെ തങ്ങളുടെ വീട്ടുജോലിക്ക് നിയമിക്കുന്നതിൽ നിന്നും ജർമൻ പതാക പ്രദർശിപ്പിക്കുന്നതിൽനിന്നും ജൂതരെ വിലക്കുകയും ചെയ്തു. ജൂതരെ നിയമപരമായി വേട്ടയാടുന്നതിന്റെ നിർണായകമായ ചുവടുവയ്പായാണ് ന്യൂറെംബെർഗ് നിയമങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത്; ജൂതർക്കെതിരായ കൂടുതൽ വിവേചനത്തിനും ഒഴിവാക്കലിനും ആത്യന്തികമായി ഹോളോകോസ്റ്റിനും അടിത്തറയിട്ടത് ഈ നിയമങ്ങളാണ്. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ഇപ്പോൾ ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) എന്നിവ നാസി ജർമനിയും ഹിന്ദുത്വ ഇന്ത്യയും തമ്മിലുള്ള സമ്പൂർണ സമാനതകളല്ലേ വെളിപ്പെടുത്തുന്നത്?
പൗരത്വം, രജിസ്റ്റർ, വോട്ടർ പട്ടിക
പൗരത്വം സംബന്ധിച്ച് രണ്ട് പ്രധാന കാഴ്ചപ്പാടുകളാണ് നിലനിൽക്കുന്നത്: ജനനം മുഖേനയുള്ള പൗരത്വവും (Jus Soli) വംശത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കിയുള്ള പൗരത്വവും (Jus Sanguinis). ഇവയിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത് ജനനം മുഖേനയുള്ള പൗരത്വം എന്ന ആധുനിക കാഴ്ചപ്പാടാണ്; 1949 ആഗസ്തിൽ ഭരണഘടനാ നിർമാണസഭയിൽ നടന്ന പൗരത്വം സംബന്ധിച്ച ചർച്ചകളെ തുടർന്നാണ് ഈ കാഴ്ചപ്പാടിലെത്തിയത്. ആ ചർച്ചകൾക്കിടയിൽ പോലും പൗരത്വത്തിനുള്ള അടിസ്ഥാനം മതമായിരിക്കണം എന്ന വാദഗതി ഉയർത്തപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാ നിർമാണ സഭ ഈ വാദഗതി തള്ളിക്കളയുകയും മതസ്വത്വത്തെ അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായിരിക്കില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് പൗരത്വപ്രശ്നം വിശദീകരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള അനുച്ഛേദങ്ങൾക്ക് രൂപംനൽകിയത്; ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ച ഏതൊരാൾക്കും ഇന്ത്യൻ പൗരത്വമുണ്ടാകുമെന്നാണ് നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 5(a) സംശയാതീതമായി പ്രസ്താവിച്ചിട്ടുള്ളത്.
സിഎഎ നിലവിൽ വന്നതോടെ ഇപ്പോൾ മതം ഇന്ത്യൻ പൗരത്വം തീരുമാനിക്കുന്നതിൽ ഒരു ഘടകമായിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം നിലവിലുള്ള പൗരരെ ബാധിക്കില്ല എന്നാണ് സംഘ്പരിവാർ വാദിക്കുന്നത്. എന്നാൽ പാർലമെന്റിനകത്തും പുറത്തും ഒരേപോലെ ആഭ്യന്തരമന്ത്രി പ്രസ്താവിച്ചത് ‘ക്രോണോളജി സമത്സിയേ’ എന്നാണ്; അതായത് ചരിത്രക്രമം മനസ്സിലാക്കൂയെന്നാണ്. എന്താണ് ചരിത്രക്രമം? ആദ്യം സിഎഎ; പിന്നീട് എൻ ആർസി എന്നതല്ലോ ആ ചരിത്ര ക്രമം? കൃത്യമായ പ്രമാണരേഖകൾ (documents) ഹാജരാക്കാൻ കഴിയാത്തവരെ എൻആർസിയിൽ (ദേശീയ പൗരത്വ രജിസ്റ്റർ) ഉൾപ്പെടുത്തുന്നതിന് സിഎഎ മാനദണ്ഡപ്രകാരമുള്ള പരിശോധനയ്ക്ക് വിധേയരാക്കേണ്ടതായി വരും. അപ്പോൾ നിലവിലുള്ള പൗരരെ സിഎഎ ഒരു വിധത്തിലും ബാധിക്കില്ല എന്ന് എങ്ങനെ പറയാൻ കഴിയും? ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) തയ്യാറാക്കുന്ന വേളയിൽ തങ്ങളുടെ രക്ഷിതാക്കളുടെ ജന്മസ്ഥലം ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തവർ സംശയത്തിന്റെ നിഴലിലാകും.
ആസ്സാമിൽ എൻആർസി നടപ്പിലാക്കിയപ്പോൾ ഇതു സംബന്ധിച്ച വ്യക്തമായ ചിത്രം നാം കണ്ടതാണ്. 19 ലക്ഷത്തോളം ആളുകൾ ഒഴിവാക്കപ്പെട്ടു. അങ്ങനെ ഒഴിവാക്കപ്പെട്ടവരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണ്. സംഘ് പരിവാറിന്റെ ആദ്യ ടാർഗറ്റ് മതന്യൂനപക്ഷങ്ങളാണെങ്കിൽ പോലും മറ്റുള്ളവർക്കും പ്രത്യേകിച്ച്, ആദിവാസികൾ, വിദ്യാഭ്യാസമില്ലാത്തവർ, ദരിദ്രർ, ട്രാൻസ്ജൻഡർ വിഭാഗങ്ങൾ എന്നിവർക്കും നിശ്ചിത പ്രമാണരേഖകൾ കെെവശമുണ്ടായിരിക്കില്ല. അപ്പോൾ അവരുടെ പൗരത്വവും ചോദ്യംചെയ്യപ്പെടും. ഇന്ത്യയിലെ 42 ശതമാനത്തോളം ആളുകൾക്ക് ജനന സർട്ടിഫിക്കറ്റില്ലയെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ ആവശ്യമായ പ്രമാണരേഖകളുടെ അഭാവത്തിൽ നമ്മുടെ കോടിക്കണക്കിന് സഹോദരീ–സഹോരന്മാർക്ക് പൗരത്വം നഷ്ടപ്പെടും. അവർ തടങ്കൽ പാളയങ്ങളിൽ അടയ്ക്കപ്പെടുകയോ പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട ആളുകളായി മാറുകയോ ചെയ്യും. നമ്മെ തുറിച്ചുനോക്കുന്ന, നമുക്കു മുന്നിലുള്ള കടുത്ത യാഥാർഥ്യമാണിത്.
ബീഹാറിലെ വോട്ടർ പട്ടികയിലെ എസ്ഐആറിന്റെ വേഷത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടത്തുന്ന നീക്കം വെളിപ്പെടുത്തുന്നത് എൻആർസി തയ്യാറാക്കുന്നതിനുള്ള പിൻവാതിൽ ശ്രമത്തെയാണ്. അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക്, വോട്ടവകാശം നിഷേധിക്കാനുള്ള നീക്കമായി എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്നുണ്ട്. രാഷ്ട്രീയത്തിൽ പങ്കാളികളാകുന്നതിൽനിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കുന്നതിനുള്ള ബ്യൂറോക്രാറ്റിക് രീതികൾ പ്രയോഗിക്കുകയെന്ന വിപുലമായ ഒരു ഡിസെെനിന്റെ ഭാഗമായാണ് ഇതിനെ കാണേണ്ടത്; ജൂതരെ പൊതുജീവിതത്തിൽനിന്നും ഒറ്റപ്പെടുത്താനുള്ള മാർഗമായി നിയമപരവും ഭരണപരവുമായ ഉപാധികളെ നാസി ജർമനി ഉപയോഗിച്ചതെങ്ങനെയെന്നതിനെയാണ് ഇത് ഓർമിപ്പിക്കുന്നത്.
ഫാസിസ്റ്റുകളിൽനിന്നും നാസികളിൽനിന്നും
ഉൾക്കൊണ്ട ഉൗർജം
ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ, ആർഎസ്എസ്സിന്റെ രൂപീകരണകാലത്ത് അതായത് 1920കളിലും 1930കളിലും നാസി, ജർമനിയിൽനിന്നും ഫാസിസ്റ്റ് ഇറ്റലിയിൽനിന്നും അവർ പ്രചോദനം നേടിയതിനെയാണ് നാം ഓർമിക്കേണ്ടത്. ഹിന്ദു മഹാസഭയുടെ പ്രസിഡന്റും ആർഎസ്എസ‍് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ മാർഗദർശിയുമായ ബാലകൃഷ്ണ ശിവറാം മൂഞ്ചെ 1931ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ബെനിറ്റൊ മുസോളിനിയെ സന്ദർശിച്ചതാണ് ഇറ്റലിയും ഇന്ത്യയിലെ ഹിന്ദു ദേശീയവാദി സർക്കിളുകളും തമ്മിലുള്ള ഫാസിസ്റ്റ് ആശയങ്ങളുടെ കെെമാറ്റത്തിലെ നിർണായക നിമിഷമായി മാറിയത്. മൂഞ്ചെയുടെ ഡയറിയിൽ ‘‘ഇറ്റലിയുടെ സെെനിക പുനരുജ്ജീവന’’ത്തെ സംബന്ധിച്ച മുസോളിനിയുടെ കാഴ്ചപ്പാടിനെ വാനോളം വാഴ്ത്തിയിട്ടുണ്ട്; വളരെ വ്യക്തമായി ആ ഡയറിയിൽ ഇങ്ങനെയും പ്രസ്താവിച്ചിട്ടുണ്ട്: ‘‘ഹിന്ദുക്കളുടെ സെെനികമായ പുനരുജ്ജീവനത്തിനായി ഇന്ത്യയിലും, പ്രത്യേകിച്ച് ഹിന്ദു ഇന്ത്യയിലും, ഇത്തരം ചില സ്ഥാപനങ്ങൾ ആവശ്യമാണ്.’’
ഇറ്റലിയിൽ കണ്ട കാര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മൂഞ്ചെ 1935ൽ സെൻട്രൽ ഹിന്ദു സെെനിക വിദ്യാഭ്യാസ സൊസെെറ്റി സ്ഥാപിച്ചു; 1937ൽ നാസിക്കിൽ ഭോൺസാല സെെനിക സ്കൂളും സ്ഥാപിച്ചു. ഇറ്റലിയിൽ കണ്ട അതേ രീതിയിൽ ‘ഹിന്ദുത്വ ഇന്ത്യ’യെ സെെനികവത്കരിക്കലായിരുന്നു ലക്ഷ്യം. ഇറ്റാലിയൻ മാതൃകയിലെ ചില വശങ്ങൾ പിന്നീട് ആർഎസ്എസും സ്വീകരിച്ചു; ഇറ്റാലിയൻ ഫാസിസ്റ്റ് യുവജനസംഘടനയായ ഒപേറ നാഷണലെ ബലില്ലയുടെ സംഘടനാ സംവിധാനത്തെയും റിക്രൂട്ട്മെന്റ് രീതികളെയുമാണ് ആർഎസ്എസ് സ്വീകരിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.
മൂഞ്ചെയുടെ പരിശ്രമങ്ങളും മുസോളിനിയുടെ രീതികളോടുള്ള അദ്ദേഹത്തിന്റെ ആദരവും ആർഎസ്എസ്സിന്റെ സംഘടനാപരമായ വികാസത്തിൽ എക്കാലവും സ്വാധീനം ചെലുത്തിയിട്ടുണ്ട്; ഇറ്റാലിയൻ ഫാസിസ്റ്റ് യുവജനസംഘടനയുടെയും അർധ സെെനിക സംവിധാനത്തിന്റെയും വശങ്ങളാണ് ഇതിൽ പ്രതിഫലിക്കുന്നത്.
ആർഎസ്എസ്സിന്റെ രണ്ടാം സർ സംഘ് ചാലകായ മാധവ് സദാശിവറാവു ഗോൾവാൾക്കറും അവരുടെ പ്രത്യയശാസ്ത്രകാരനായ വിനായക് ദാമോദർ സവർക്കർ ഉൾപ്പെടെയുള്ള ആർഎസ്എസ്സിന്റെ ആദ്യകാല നേതാക്കളും ഹിറ്റ്ലറുടെയും മുസോളിനിയുടെയും വാഴ്ചകളെ പരസ്യമായി വാഴ്ത്തിയിട്ടുണ്ട്. ‘സാംസ്കാരിക ദേശീയത’ എന്ന സങ്കൽപ്പനത്തിന്റെയും ആധിപത്യം വഹിക്കുന്ന വംശീയമോ മതപരമോ ആയ സ്വത്വവുമായി ബന്ധപ്പെട്ട് സമൂഹത്തെ സംഘടിപ്പിക്കുകയെന്ന ഫാസിസ്റ്റ് മാതൃകയുടെയും സ്വാധീനത്തിലായിരുന്നു അവർ. ‘‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’’ (1939) എന്ന ഗോൾവാൾക്കറുടെ പുസ്തകം ഹിറ്റ്ലറുടെ നയങ്ങളോടുള്ള അദ്ദേഹത്തിന്റെ ആദരവ് വ്യക്തമായും സൂചിപ്പിക്കുന്നതാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്ന നിലയിൽ നിർവചിക്കണമെന്നും നാസികൾ ജൂതരെ പരിഗണിച്ചതുപോലെയായിരിക്കണം ഇന്ത്യയിലും ന്യൂനപക്ഷങ്ങളെ പരിഗണിക്കേണ്ടത് എന്നും ആ കൃതിയിൽ വാദിക്കുന്നു. ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്രത്തിന് രൂപംനൽകുന്നതിലും ഫാസിസ്റ്റ് സിദ്ധാന്തവുമായി ആ സംഘടനയെ ബന്ധിപ്പിക്കുന്നതിലും ഈ പുസ്തകം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ‘‘വിചാരധാര’’ എന്ന കൃതിയിൽ ഗോൾവാൾക്കർ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായാണ് വിശദീകരിച്ചിട്ടുള്ളത്.
മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പുരോഗമനപരമായ മൂല്യങ്ങളെ വിദേശ ആശയങ്ങളാണെന്നു പറഞ്ഞ് വിലപിക്കുന്നവർ യഥാർഥത്തിൽ തങ്ങളുടെ വിഭാഗീയമായ വർഗീയ അജൻഡ നടപ്പാക്കുന്നതിന് അറുപിന്തിരിപ്പൻ വിദേശ ആശയങ്ങളെയും ശെെലികളെയുമാണ് ഉപയോഗിക്കുന്നത്. വംശീയമായ ന്യൂറെംബെർഗ് നിയമങ്ങൾക്ക് രൂപം നൽകി ഏറെ കഴിയുന്നതിനുമുൻപ് നാസി ജർമനി എല്ലാ ജനാധിപത്യാവകാശങ്ങളെയും പാടെ നിർമാർജനം ചെയ്തു; തിരഞ്ഞെടുപ്പ് നടത്തുന്നത് നിർത്തലാക്കുകയും ചെയ്തു. സിഎഎ, എൻആർസി, ബീഹാറിലെ വോട്ടർപട്ടികയിലെ എസ്ഐആർ എന്നിങ്ങനെ ഇന്നത്തെ ഇന്ത്യയ്ക്ക് അനുയോജ്യമായതെന്ന പേരിൽ ആർഎസ‍്എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് നാസി ജർമനിയുടെ നയങ്ങളാണ്. വ്യാപകവും ഭീകരവുമായ ഈ ക്യാമ്പയ്നുകളെല്ലാം വിരൽചൂണ്ടുന്നത് ഇന്ത്യൻ ജനാധിപത്യം മതരാഷ്ട്രത്തിലേക്ക് മൂക്കുകുത്തി വീഴുന്ന സാഹചര്യം രൂപപ്പെടുത്താനാണ് സംഘ് പരിവാർ ശ്രമിക്കുന്നത് എന്നുതന്നെയാണ്. l



