Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിക്രോണി ജുഡീഷ്യറി 
ജനാധിപത്യത്തിന് ഭീഷണി

ക്രോണി ജുഡീഷ്യറി 
ജനാധിപത്യത്തിന് ഭീഷണി

സെബാസ്റ്റ്യൻ പോൾ

ജുഡീഷ്യറിയിൽ അന്തിമമായ ശരണം അർപ്പിക്കുന്നവരും അമിതമായ പ്രതീക്ഷ വയ്ക്കുന്നവരും നിരാശരാകും. എകെജിയുടെ ഫലം കിട്ടാതെപോയ ഹേബിയസ് കോർപ്പസ് കേസ് മുതലിങ്ങോട്ടുള്ള നമ്മുടെ അനുഭവം അതാണ്. എം വി ജയരാജനെതിരെയുണ്ടായ കോടതിയലക്ഷ്യക്കേസിലൂടെ കുപ്രസിദ്ധിയാർജിച്ച ആ വിശേഷണപദത്തിന് തീർത്തും അനുയോജ്യമായ രീതിയിൽ അടിയന്തരാവസ്ഥക്കാലത്ത് പ്രവർത്തിച്ച ജഡ്ജിമാരെ തിരുത്തിയത് ജനങ്ങളാണ്. WE THE PEOPLE എന്ന മനോജ്ഞമായ വിശേഷണത്തിൽ നമ്മൾ ഒതുക്കി നിർത്തിയിരിക്കുന്ന റിപ്പബ്ലിക്കിന്റെ സ്രഷ്ടാക്കളാണവർ. 1977ൽ അവർക്ക് സാധ്യമായത് 2024ൽ ആവർത്തിച്ചു. രണ്ടവസരങ്ങളിലും സ്രഷ്ടാക്കൾ സംരക്ഷകരായി. നേരിട്ട് ഭരണഘടനയെ സ്പർശിക്കുന്നതിനുള്ള സംഖ്യാബലം നൽകാത്ത ഭൂരിപക്ഷമാണ് 2024ൽ എൻഡിഎയ്ക്കു ലഭിച്ചത്. ഭരിക്കാം; പക്ഷേ മുന്നണിക്കു പുറത്തുനിന്ന് എപ്പോൾ വേണമെങ്കിലും പിൻവലിക്കപ്പെടാവുന്ന പിന്തുണ വേണം.

ജുഡീഷ്യറിയുടെയും പാർലമെന്റിന്റെയും സഹായത്തോടെ എക്സിക്യൂട്ടീവ് നടത്തിയ അട്ടിമറിയായിരുന്നു 1975ലെ അടിയന്തരാവസ്ഥ. ഏകാധിപത്യത്തിലേക്കുള്ള വഴികൾ ഭരണഘടനയിൽത്തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് എച്ച് വി കാമത്ത് അതിനും 26 വർഷം മുമ്പ് പറഞ്ഞത് അന്ന് യാഥാർത്ഥ്യമാകുകയായിരുന്നു. നരേന്ദ്ര മോദിയുടെ കാലത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ചു മാത്രം കേൾക്കുന്നത് അടിയന്തരാവസ്ഥയിലേക്കുള്ള വഴികൾ ജനതാ ഗവൺമെന്റ് ദുർഘടമാക്കിയതുകൊണ്ടാണ്. വഴിയും വാതിലും അടയുമ്പോൾ മതിൽ ചാടിക്കടക്കേണ്ടത് എങ്ങനെയെന്ന് അമിത് ഷായ്ക്കറിയാം. ഭരണഘടനയുടെ തോട് പ്രത്യക്ഷത്തിൽ കേടില്ലാതെ നിലനിർത്തിക്കൊണ്ട് ഉളള് ഊറ്റിയെടുക്കുന്നതിനുള്ള കൗശലം ഇന്ന് രാജ്യം ഭരിക്കുന്നവർക്കുണ്ട്.

അധരവ്യായാമത്തിനുവേണ്ടി ചില്ലറ ശബ്ദങ്ങളും അപശബ്ദങ്ങളും ഉണ്ടാക്കുമെങ്കിലും ഭരണതന്ത്രജ്ഞതയിൽ ട്രംപും മോദിയും ഒരു സിനിമയിൽ പറയുന്നതുപോലെ ‘‘ഒരമ്മ പെറ്റ അളിയന്മാരാണ്.’’ ഭരണഘടനയുടെ പുറംമോടിയിൽ മോദി അഭിരമിക്കുമ്പോൾ ട്രംപ് അടിയന്തരാവസ്ഥയെക്കുറിച്ച് ആലോചിക്കുന്നതേയില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലെന്നു പറയുന്നതാണ് കൂടുതൽ ശരി. കോൺഗ്രസിന്റെ ഇരുസഭകളിലും ട്രംപിനു ഭൂരിപക്ഷമുണ്ട്. അതാകട്ടെ വിവേകമില്ലാത്ത ഭൂരിപക്ഷമാണ്. സുപ്രീം കോടതിയിലെ ഒൻപതു ജഡ്ജിമാരിൽ ആറു പേരും ട്രംപ് പക്ഷക്കാരാണ്. അമേരിക്കയിലെപ്പോലെ പക്ഷം പരസ്യമായി പ്രകടിപ്പിക്കാത്തതിനാൽ ഇന്ത്യൻ സുപ്രീം കോടതിയിലെ 34 ജഡ്ജിമാരെ തരംതിരിച്ച് കാണാനാവില്ല. എക്സിക്യൂട്ടീവിന് നിർണായകമാകുന്ന കേസുകൾ തീർപ്പാക്കപ്പെടുന്നത് എങ്ങനെയെന്ന പരിശോധനയിൽ പക്ഷവും പക്ഷപാതിത്വവും വ്യക്തമാകും. കൊളീജിയം ശിപാർശ പ്രകാരമാണ് ജഡ്ജിമാരുടെ നിയമനം നടക്കുന്നത് എന്നൊക്കെ പറയുമെങ്കിലും നിയമനത്തിന്റെ സത്യസന്ധതയിലും സുതാര്യതയിലും ജഡ്ജിമാർതന്നെ സംശയം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾ കൂടിവരുന്നു. കൊളീജിയത്തിൽ അംഗമായ ജസ്റ്റിസ് ബി വി നാഗരത്നയുടെ വിയോജിപ്പ് വകവയ്ക്കാതെ മിന്നൽവേഗത്തിലാണ് വനിതകൾ ഉൾപ്പെടെ മുതിർന്ന പല ജഡ്ജിമാരെയും മറികടന്ന് ഗുജറാത്തുകാരനായ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. കൊളീജിയത്തിൽ എതിർപ്പുണ്ടായിട്ടും പഞ്ചോളിയുടെ പേര് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കു വിടുന്നതിന് ചീഫ് ജസ്റ്റിസ് തയ്യാറായി. ചീഫ് ജസ്റ്റിസുമാർ എക്സിക്യൂട്ടീവിന് വഴിയൊരുക്കുമ്പോൾ വിചിത്രമായ അവസ്ഥയിൽ ഒരുതരം ക്രോണി ജുഡീഷ്യറി രൂപപ്പെടുന്നു. ക്രോണി ക്യാപ്പിറ്റലിസംപോലെതന്നെ അപകടകാരിയാണ് ക്രോണി ജുഡീഷ്യറിയും.

കണ്ണുകെട്ടി നിൽക്കുന്ന പരദേവതയെ ധ്യാനിച്ച് കണ്ണടച്ചിരിക്കുന്നവരാണ് ഒന്നിനു പിന്നാലെ വരുന്ന ചീഫ് ജസ്റ്റിസുമാർ. രണ്ട് ചന്ദ്രചൂഡുമാർ ആ പദവിയിലെത്തിയിട്ടുണ്ട്. അച്ഛൻ ചന്ദ്രചൂഡ് ഇന്ദിരാഗാന്ധിയുമായി ദാസ്യഭാവത്തിലുള്ള ചങ്ങാത്തത്തിലായിരുന്നു. വിധേയത്വം എന്ന വാക്കായിരിക്കും കൂടുതൽ ശരി. അതുകൊണ്ട് ഏറ്റവും കൂടുതൽകാലം ചീഫ് ജസ്റ്റിസായി ഇരുന്നയാൾ എന്ന ഖ്യാതി അദ്ദേഹത്തിനു നേടാനായി. പുത്രൻ ചന്ദ്രചൂഡ് ജഡ്ജിയായപ്പോൾ പിതാവിനെ തിരുത്തേണ്ടിവന്നു. അവശ്യം വേണ്ടിയിരുന്നതായ ആ തിരുത്ത് പിതൃനിന്ദയായി ആരും കണക്കാക്കിയില്ല. പുട്ടസ്വാമി കേസിലേതുൾപ്പെടെ മാനവികമായ ചിന്തയും തീരുമാനങ്ങളുമുണ്ടായപ്പോൾ പുത്രൻ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്ന കാലത്തെ പലരും പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി പൂജാരിയായപ്പോൾ ചീഫ് ജസ്റ്റിസ് മണിയടിക്കാരനായി. പരസ്പരം ധൂപാർച്ചനയും മണിയടിയുമായി ഇരുവരും ഔചിത്യത്തിനുനേരേ കണ്ണടച്ചു. പൂജാകർമങ്ങളിൽ മാത്രമാവില്ലല്ലോ ഏകതാനത! കാലാവധിക്കുശേഷം ഔദ്യോഗികവസതിയിൽനിന്ന് ചന്ദ്രചൂഡിനെ ഒഴിപ്പിക്കുന്നതിന് സുപ്രീം കോടതിക്ക് ഇടപെടേണ്ടിവന്നു.

മാന്യന്മാർ അങ്ങനെയെങ്കിൽ അത്ര നല്ല തോതിൽ മാന്യത പ്രകടിപ്പിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും. മന്ത്രിമാർക്കൊപ്പമുള്ള വിവാദമായ വിമാനയാത്ര ഉൾപ്പെടെ ചില നിഴലുകൾ ചീഫ് ജസ്റ്റിസ് ഗവായിയുടെ മേൽ വീണുകിടക്കുന്നുണ്ട്. അനന്തരവൻ ഉൾപ്പെടെ ഒരു പറ്റം സ്വന്തക്കാരെക്കൂടി ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയം ഹൈക്കോടതി ജഡ്ജിമാരാക്കിയെടുത്തു. ഓരോ ജഡ്ജി വരുമ്പോഴും ആരുടെ മകൻ,​ ആരുടെ മരുമകൻ എന്നാണ് നാം അന്വേഷിക്കേണ്ടത്. 2031 മുതൽ രണ്ടു വർഷക്കാലം ചീഫ് ജസ്റ്റിസായിരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് പഞ്ചോളി ഇപ്പോൾ സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നത്. മൂന്നു മാസത്തിനിടെ സുപ്രീം കോടതിയിൽ നിയമിതനാകുന്ന ഗുജറാത്തിൽനിന്നുള്ള രണ്ടാമത്തെ ജഡ്ജിയാണ് വിപുൽ പഞ്ചോളി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നു പഞ്ചോളി എന്ന കാര്യവും സാന്ദർഭികമായി സ്മരണീയമാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ കൊളീജിയത്തിനുണ്ടായ വിയോജിപ്പിന്റെ കാരണമറിയുന്നതിനുള്ള അവകാശം നമുക്കുണ്ട്. പക്ഷേ നരേന്ദ്ര മോദിയുടെ ബിരുദംപോലെ പരസ്യമാക്കപ്പെടാത്ത രഹസ്യമാണത്. ബിരുദം മിഥ്യയും വിയോജിപ്പ് യാഥാർത്ഥ്യവുമാണ്. മറച്ചുവയ്ക്കപ്പെടുന്നത് വെളിപ്പെടുമെന്നു പറയുന്നത് ജുഡീഷ്യറിയുടെ കാര്യത്തിലും ബാധകമാണ്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ നടത്തിയ വിധിയിലൂടെ ഭരണകൂടത്തിനു അനഭിമതനായ ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റാൻ സമ്മർദമുണ്ടായെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് മദൻ ബി. ലൊക്കൂറാണ്. സ്ഥലംമാറ്റത്തിലൂടെ ജഡ്ജിമാരെ വരുതിയിലാക്കുകയെന്നത് ഇന്ദിര ഗാന്ധി വിജയകരമായി പ്രയോഗിച്ച തന്ത്രമാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമകാലികവും ഏറെക്കുറെ സമാനവുമായ ആക്ഷേപമാണ് അമേരിക്കൻ പ്രസിഡന്റ് നിക്സനും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും എതിരെ ഉണ്ടായത്. നിക്സൻ രാജിവച്ചു. ഇന്ദിര ഗാന്ധി ഏകാധിപതിയായി,​ ഭരണഘടനയെ പാദപീഠമാക്കി. രണ്ടാം വട്ടം ഫലം തനിക്ക് പ്രതികൂലമായപ്പോൾ ആർപ്പോ വിളിക്കാരെ ക്യാപ്പിറ്റോളിലേക്ക് കയറ്റിയതല്ലാതെ ട്രംപ് മറ്റൊന്നും ചെയ്തില്ല. എല്ലാം ഇംഗിതത്തിനൊത്ത് നടപ്പാക്കുന്ന സംവിധാനം ട്രംപ് സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ സൂത്രവാക്യത്തെ ഭയം എന്ന രണ്ടക്ഷരങ്ങളിൽ ബോബ് വുഡ്വേഡ് ഒതുക്കിയിട്ടുണ്ട്. അധികാരം കൈക്കലാക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നതല്ല അധികാരത്തിന്റെ ഉടമയാവുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യം.

ചരിത്രത്തിന്റെ ചവറിൽനിന്ന് കണ്ടെടുത്ത് പാർലമെന്റിൽ സ്പീക്കറുടെ കൺവെട്ടത്ത് നരേന്ദ്ര മോദി സ്ഥാപിച്ചിരിക്കുന്ന ചെങ്കോൽ കേവലമൊരു പ്രതീകമല്ല,​ അതൊരു മുന്നറിയിപ്പാണ്. ചുവന്ന വിളക്കുകൾ തെളിയാതിരിക്കുകയും ഇതര ട്രാഫിക് സംവിധാനങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഏകാധിപതിയുടെ തേരോട്ടം സുഗമമാകുന്നു. പീഠികയിൽനിന്ന് സോഷ്യലിസ്റ്റ്,​ സെക്യുലർ എന്നീ പ്രസിദ്ധമായ രണ്ടു വാക്കുകൾ മാത്രമല്ല we the people എന്ന മൂന്നു വാക്കുകൾകൂടി അവർക്ക് നീക്കം ചെയ്യേണ്ടതുണ്ട്. ഞാനാണ് രാഷ്ട്രം,​ ഞാൻതന്നെയാണ് നിയമം’’ എന്നിങ്ങനെയുള്ള വാക്കുകൾ കാണാതെ പറയാൻ എഴുതിപ്പഠിച്ചുകൊണ്ടിരിക്കുകയാണ് മോദി. സ്ഥിരീകരിക്കപ്പെട്ടത് ഔദ്യോഗികമാകുന്നതിനുള്ള ഔപചാരികത മാത്രമാണ് അവശേഷിക്കുന്നത്.

സ്റ്റേറ്റിന്റെ അധികാരം മൂന്നായി വിഭജിതമായിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇപ്രകാരം അധികാരവിഭജനത്തിന് സൈദ്ധാന്തികരൂപം നൽകിയ മൊണ്ടെസ്ക്യൂ മൂന്നും മൂന്നായി ശണ്ഠ കൂടാതെ വേർതിരിഞ്ഞു നിൽക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് നീതിന്യായ മണ്ഡലത്തെ നിർവാഹക മണ്ഡലത്തിൽനിന്നു വേർതിരിച്ചു നിർത്തണമെന്ന് ഭരണഘടന നിർദേശിക്കുന്നത്. ജുഡീഷ്യറിയിൽ നിയമനാധികാരം എക്സിക്യൂട്ടീവിനും പിരിച്ചുവിടുന്നതിനുള്ള അധികാരം ലെജിസ്ലേച്ചറിനുമാണ്. വളരെ സങ്കീർണമായ രീതിയിൽ മൊണ്ടെസ്ക്യൂവിന്റെ വേർതിരിവും പരസ്പര നിയന്ത്രണവും എന്ന തത്ത്വം ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുണ്ട്. അതേസമയം ഇരുമണ്ഡലങ്ങളുടെയും അധികാരവിനിയോഗത്തിന്റെ ന്യായത പരിശോധിക്കുന്നതിന് ജുഡീഷ്യൽ റിവ്യൂ എന്ന സവിശേഷാധികാരവും ഇന്ത്യൻ ജുഡീഷ്യറിക്ക് നൽകിയിട്ടുണ്ട്. ഇതെല്ലാം ഉണ്ടായിരിക്കെയാണ് ദാസ്യത്തോളമെത്തുന്ന ചങ്ങാത്തവുമായി ജുഡീഷ്യറി എക്സിക്യൂട്ടീവിന്റെ സഹായത്തിനെത്തുന്നത്. അന്നന്നു വേണ്ടതും അതിനപ്പുറവുമുള്ള ആഹാരം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അത്യാർത്തി ജഡ്ജിമാരെ പ്രലോഭനങ്ങളിൽ അകപ്പെടുത്തുന്നു. അവർ അരുതാത്തതു പ്രവർത്തിക്കുക മാത്രമല്ല പറയുകയും ചെയ്യുന്നു. പ്രഗത്ഭരായ അഭിഭാഷകരാണ് ജഡ്ജിമാരാകുന്നത്. ഫീസിന്റെ കനമാണ് പ്രാഗത്ഭ്യത്തിന്റെ അളവുകോൽ. അറുപത്തിയഞ്ച് എന്ന നല്ല പ്രായത്തിൽ വിരമിക്കുന്ന ജഡ്ജിമാർക്ക് പിന്നീടുള്ള ദീർഘസംവത്സരങ്ങൾ പ്രലോഭനത്തിനു കാരണമാകുന്നു. വിരമിച്ചതിനുശേഷം മൂന്നു വ്യാഴവട്ടം സാർത്ഥകമായി ജീവിച്ചയാളാണ് വി ആർ കൃഷ്ണയ്യർ. ജഡ്ജിയായിരിക്കേ എന്തെങ്കിലും അരുതാത്തതു ചെയ്തതിന്റെ പേരിലായിരുന്നില്ല ആ വർഷമൊക്കെയും അദ്ദേഹം സർഗാത്മകമായി ജീവിച്ചുതീർത്തത്. കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന കൃഷ്ണയ്യരെ അല്പം വഴിവിട്ടുതന്നെയാണ് ഇന്ദിരാഗാന്ധി സുപ്രീം കോടതിയിൽ നിയമിച്ചത്. എന്നിട്ടും ഇന്ദിരാഗാന്ധിയുടെ നിലനില്പ് അപകടത്തിലായപ്പോൾ വഴിവിട്ട സഹായത്തിന് കൃഷ്ണയ്യർ തയാറായില്ല. അതാണ് ആർജവം. അത് അങ്ങാടിയിൽ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയുന്നതല്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular