സ്വാതന്ത്രവും നിഷ്‌പക്ഷവുമായി രാജ്യത്തെ നിയമനിർമാണ സഭകളിലേയ്‌ക്ക് തിരഞ്ഞെടുപ്പ് നടത്താൻ ബാധ്യതപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റായി മാറിയെന്നത് ഇന്നൊരു കേവല രാഷ്‌ട്രീയ ആക്ഷേപമല്ല . ഭരണഘടനയിൽ അധിഷ്‌ഠിതമായ നിഷ്‌പക്ഷത കമ്മീഷൻ ബിജെപിക്ക് അടിയറവെച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിനെ പുറത്താക്കിയ ഘട്ടത്തിൽത്തന്നെ ജനാധിപത്യം അതിന്റെ എല്ലാ അർഥത്തിലും അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷവും വിശേഷാൽ ഇടതുപക്ഷവും രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 1923ൽ ജർമനിയിലെ വെയ്‌മാർ റിപ്പബ്ലിക്കിനെ അട്ടിമറിക്കാൻ മ്യൂണിക്കിലേയ്‌ക്ക് മാർച്ച് ചെയ്‌ത് പരാജയപ്പെട്ട അഡോൾഫ് ഹിറ്റ്‌ലറും നാസി പാർട്ടിയും പുറത്തെടുത്ത തന്ത്രമാണ് ഇന്ത്യയിൽ ബിജെപിയും ആർഎസ്‌എസ്സും ഒരു നൂറ്റാണ്ടിനിപ്പുറം പുറത്തെടുക്കുന്നത്. അതിനു കുടപിടിക്കുന്നത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനും. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിന് പകരം ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി അധികാരം പിടിച്ചശേഷം ആ ജനാധിപത്യത്തെത്തന്നെ ഇല്ലാതാക്കുന്ന നാസി തന്ത്രമായിരുന്നു അത്. ഇന്ത്യയിലെ അതിന്റെ പരീക്ഷണശാലയായി തിരഞ്ഞെടുത്തത് പരമ ദരിദ്രരുടെ ബീഹാറിനെയും.‘വോട്ടർപട്ടികയുടെ പ്രതേ-്യക തീവ്രപുനഃപരിശോധന’യെന്ന (എസ്‌ഐആർ) പുതിയ രാഷ്‌ട്രീയ പരീക്ഷണം രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തെത്തന്നെ കീഴ്‌മേൽമറിക്കുന്നതാണ്. ബീഹാറിൽ അറുപതു ശതമാനം പേരുടെയും കൈയിലുള്ള ആധാറിനെ അംഗീകൃത രേഖയായി എസ്‌ഐആറിൽ അംഗീകരിക്കില്ലെന്ന കമ്മീഷന്റെ പിടിവാശി ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ല. കരടുപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ഏകദേശം 65ലക്ഷം പേരുടെ പേരുവിവരം പോലും പുറത്തുവിടില്ലെന്നായിരുന്നു കമ്മീഷന്റെ മറ്റൊരു ദുർവാശി. രണ്ടിനും സുപ്രീംകോടതിയാണ് തടയിട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങളിലോ ഭരണഘടനയിൽപ്പോലുമോ കേട്ടുകേൾവിയില്ലാത്ത പൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ‘വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുനഃപരിശോധന’യെന്ന (എസ്‌ഐആർ) നടപടി പ്രതിപക്ഷ വോട്ടർമാരെ പുറത്താക്കുന്നതിനും കള്ളവോട്ടുകൾ വ്യാപകമായി ചേർക്കുന്നതിനും വേണ്ടിയുള്ള തീവ്രശ്രമമാണ്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം എസ്‌ഐആർ എന്ന വാക്കേ ഉപയോഗിച്ചിട്ടില്ല. തീവ്രപുന:പരിശോധനയെന്ന പേരിൽ പരമാവധി ന്യൂനപക്ഷ– പിന്നാക്ക വോട്ടർമാരെ ഒഴിവാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് മോദി സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത എസ്ഐആറിനെ അവർ അതിനായി ആധുധവൽക്കരിച്ചു. ബിഹാർ തിരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് തിരക്കിട്ട് എസ്‌ഐആർ നടത്തുന്നുവെന്ന് സുപ്രീംകോടതിപോലും ചോദിച്ചു. പൗരത്വം തെളിയിക്കൽ കമ്മീഷന്റെ പണിയല്ലെന്ന് ഒരു ഘട്ടത്തിൽ കോടതിക്ക് പറയേണ്ടിയുംവന്നു. വോട്ടുമോഷണമെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സുവ്യക്തമായ ആരോപണങ്ങൾ അന്വേഷിക്കില്ലന്നാണ് കമ്മീഷന്റെ നിലപാട്. രാഷ്‌ട്രീയ പാർട്ടികൾക്കുപോലും കരടുപട്ടികയിൽ എതിർപ്പുന്നയിക്കാൻ താഴേത്തട്ടിൽ അവസരം നിഷേധിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായികൂടിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൽ നിന്ന് നിഷ്‌പക്ഷത ആരും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഇൗ വർഷം ജനുവരിയിൽ പുതുക്കിയശേഷം എസ്‌ഐആർ നടത്തുന്നതിന്റെ സാംഗത്യവും സുപ്രീംകോടതി ചോദ്യംചെയ്‌തിരുന്നു. ആ പട്ടിക തെറ്റാണെന്നാണ് കമ്മീഷൻ പറയുന്നതെങ്കിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആധികാരികതയും ചോദ്യംചെയ്യപ്പെടില്ലേയെന്ന് ആർക്കും ന്യായമായും ചോദിക്കാം. മരിച്ചുപോയെന്നു കമ്മീഷൻ പറഞ്ഞ വോട്ടർമാരിൽ പലരും സുപ്രീംകോടതിയിൽ ജീവനോടെയെത്തുന്നു, ഒറ്റമുറി വീട്ടിൽ 240 വോട്ടർമാരെ കണ്ടെത്തുന്നു,… ഇങ്ങനെ ഉത്തരംകിട്ടാത്ത ഒരായിരം ചോദ്യങ്ങളുടെ നിഗൂഢമായ ആകത്തുകയെ നമുക്ക് എസ്‌ഐആർ എന്നു വിളിക്കാം. ആധാറിനെ എന്തിന് വെട്ടി? ബീഹാറിലെ ഭൂരിപക്ഷം ജനങ്ങളുടെയും പക്കലുള്ള ഏക രേഖയാണ് ആധാർ. അതും ജനസംഖ്യയിൽ അറുപതോളം ശതമാനം പേർക്ക് മാത്രം. അക്ഷരാഭ്യാസമില്ലാത്ത ഗ്രാമീണ ജനതയിൽ വലിയൊരു പങ്കിനും ഒരുരേഖയുമില്ല. 2003 വർഷത്തെ അടിസ്ഥാനമാക്കിയാണ് എസ്‌ഐആർ നടപടി. എന്താണ് ആ വർഷത്തിന് പ്രത്യേകതയെന്നതിൽ വിശ്വസനീയമായ വിശദീകരണങ്ങളുമില്ല. 2003ൽ നടത്തിയ തീവ്രപുനഃപരിശോധനയുടെ വിജ്ഞാപനവും അന്ന് ആവശ്യപ്പെട്ട രേഖകളും സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് കമ്മീഷൻ മറുപടി നൽകാത്തതും ദുരൂഹതയേറ്റുന്നു. വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നതാണ് വിചിത്രമായ മറുപടി. അന്നും പൗരത്വരേഖ ചോദിച്ചിരുന്നോ എന്നറിയുകയായിരുന്നു വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജിന്റെ ലക്ഷ്യം. നിയമയുദ്ധത്തിൽപ്പോലും വലിയ വഴിത്തിരിവുണ്ടാക്കുന്ന വിവരം പക്ഷേ കമ്മീഷൻ മൂടിവെച്ചിരിക്കുകയാണ്.
തുടക്കംമുതലേ ആധാർ അംഗീകൃതരേഖയായി അംഗീകരിക്കില്ലെന്നായിരുന്നു കമ്മീഷന്റെ വാശി. ആധാർ ഉള്ളതുകൊണ്ടുമാത്രം ഒരാൾ ഇന്ത്യൻ പൗരനോ വോട്ടറോ ആകുന്നില്ലെന്ന വാദം മുഖവില്‌ക്ക് എടുക്കാം. പക്ഷേ ആധാറിന്റെ അടിസ്ഥാനത്തിൽ നൽകുന്ന മറ്റു രേഖകളെ അംഗീകരിക്കുമെന്നും എന്നാൽ ആധാർ അംഗീകരിക്കില്ലന്നുമുള്ള നിലപാടിനെ ആർക്കാണ് വെള്ളപൂശാനാവുക? ആധാർ അംഗീകരിക്കില്ലെന്ന് കമ്മീഷൻ പറഞ്ഞുവെങ്കിലും സുപ്രീംകോടതി അതംഗീകരിച്ചില്ല. ആദ്യം അഭ്യർഥനയായും പിന്നീട് ഇടക്കാല ഉത്തരവിലൂടെയും ആധാറിനെ അംഗീകരിക്കാൻ സുപ്രീംകോടതി വഴിയൊരുക്കി.
പുറത്താക്കപ്പെട്ടത് ആര്,
കുത്തിക്കയറ്റിയത് ആരെ?
ആഗസ്തിൽ പ്രസിദ്ധീകരിച്ച കരടുവോട്ടർപട്ടിക പുറത്തുവന്നതോടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ആഴം പ്രതിപക്ഷത്തിനുപോലും ബോധ്യപ്പെട്ടത്. ജനുവരിയിലെ പുതിയ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരിൽ 65ലക്ഷം പേർ പുറത്ത്. എന്നാൽ ആരൊക്കെ പുറത്തായെന്ന വ്യക്തിഗത വിവരം കമ്മീഷൻ ബോധപൂർവ്വം മറച്ചുവെച്ചു. പിന്നീട് രാഷ്‌ട്രീയ പാർട്ടികൾ നടത്തിയ അന്വേഷണത്തിൽ ഇത് 1.80ലക്ഷത്തോളമായി ഉയർന്നു. കൂടുതലും സ്‌ത്രീകളും മുസ്ലീങ്ങളുമാണ് പുറത്തായതെന്നും കണ്ടെത്താനായി. പുറത്താക്കപ്പെട്ടവരുടെ എണ്ണം ഒരുകോടി കടക്കുമെന്ന അനുമാനങ്ങളെ ശരിവയ്‌ക്കുന്ന കണക്കുകളാണ് ബീഹാറിൽ നിന്ന് ദിവസേന പുറത്തുവരുന്നത്. പ്രതിപക്ഷവോട്ടുകളാണ് പ്രധാനമായും നീക്കിയത്. പട്‌ന, മധുബനി, കിഴക്കൻ ചമ്പാരൻ ജില്ലകളിൽ ഒഴിവാക്കപ്പെട്ടത് 10 ലക്ഷത്തിലധികം വോട്ടർമാരാണ്. പട്‌നയിൽ നിന്നും 3.95 ലക്ഷം വോട്ടർമാരെയും മധുബനിയിൽ നിന്നും 3.52 ലക്ഷം വോട്ടർമാരെയും കിഴക്കൻ ചമ്പാരനിൽ നിന്നും 3.16 ലക്ഷം വോട്ടർമാരെയുമാണ് പുറത്താക്കിയത്. മൂന്ന് ജില്ലകളിലായി മൊത്തം 36 നിയമസഭാമണ്ഡലങ്ങളാണുള്ളത്.
അതേസമയം മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ മാത്രം വ്യാജവിലാസങ്ങളിലായി 80,000ത്തിലേറെപ്പേരെ ചേർത്തതായി മാധ്യമപ്രവർത്തകരുടെ സംഘടനയായ ‘റിപ്പോർട്ടേഴ്‌സ് കലക്‌ടീവി’ന്റെ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്‌തു. ഒരു വ്യാജവിലാസത്തിൽ 20 മുതൽ 500 വരെ വോട്ടർമാരെയാണ് ഇങ്ങനെ ചേർത്തിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി നിസ്സാരവോട്ടുകൾക്ക് പരാജയപ്പെട്ട പിപ്ര നിയമസഭാ മണ്ഡലത്തിലെ ഗാലിംപുരിൽ ഒരു വീട്ടിൽ വ്യത്യസ്‌ത കുടുംബങ്ങളിലും ജാതികളിലും സമുദായങ്ങളിലുംനിന്നുള്ള 509 വോട്ടർമാരെ ചേർത്തിട്ടുണ്ട്. അതേ ഗ്രാമത്തിൽത്തന്നെ, മറ്റൊരു വ്യാജവിലാസത്തിൽ 459 വോട്ടർമാരെ ചേർത്തു. പിപ്ര, ബാഗഹ, മോത്തിഹാരി മണ്ഡലങ്ങളിൽ ഒരു വ്യാജവിലാസത്തിൽ ഇരുപതിലധികം പേരെ ചേർത്ത 3,590 സംഭവങ്ങളുണ്ട്. മോത്തിഹാരിയിലെ 294 വോട്ടർമാർ താമസിക്കുന്നത് ഒരു വീട്ടിലാണ്! കരട് പട്ടികയിൽ പിഴവുകൾ സ്വാഭാവികമാണെങ്കിലും ഒരുരേഖയുമില്ലാത്തവർ വ്യാപകമായി എങ്ങനെ പട്ടികയിൽ കടന്നുകൂടിയെന്നതിന് കമ്മീഷൻ വിശദീകരിച്ചേ മതിയാകൂ.
മറുവശത്ത് രേഖകൾ തൃപ്‌തികരമല്ലന്നു കണ്ട് വോട്ടർമാർക്ക് കമ്മീഷൻ ഇതുവരെ മൂന്നുലക്ഷത്തോളം നോട്ടീസും അയച്ചു. എസ്‌ഐആർ രേഖകൾ തൃപ്തികരമല്ലെന്നതാണ് ന്യായം. കിഴക്കൻ ചമ്പാരൻ, പശ്ചിമ ചമ്പാരൻ, മധുബനി, കിഷൻഗഞ്ച്, പുർണിയ, കതിഹാർ, അരാരിയ, സുപോൾ തുടങ്ങിയ അതിർത്തി ജില്ലകളിലാണ് ഈ കേസുകളിൽ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ചമ്പാരൻ, പശ്ചിമ ചമ്പാരൻ, മധുബനി, സുപോൾ, അരാരിയ എന്നീ ജില്ലകളിലും പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന പൂർണിയ, കതിഹാർ, കിഷൻഗഞ്ച് ജില്ലകളിലുമാണ് നോട്ടീസ് പ്രവാഹം. അനധികൃതമായി കുടിയേറിയവരെന്ന അനുമാനമാണ് കമ്മീഷന്. ഇവരെല്ലാം 2025 ജനുവരിയിൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്. സെപ്‌തംബർ പതിനഞ്ചോടെ എത്രപേർ പൂർണമായും നീക്കപ്പെടുമെന്ന് അറിയാനാകും.
ബാധിക്കുന്നത് പ്രതിപക്ഷത്തെ
എസ്‌ഐആർ കൂട്ട ഉൾപ്പെടുത്തലല്ല, മറിച്ച് വോട്ടർമാരെ കൂട്ടത്തോടെ പുറന്തള്ളാനുള്ള തന്ത്രമാണെന്ന് തുടക്കംമുതലേ പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യപ്രതിപക്ഷമായ ആർജെഡിയുടെ യാദവ–മുസ്‌ലിം വോട്ടുകളെ ദുർബലമാക്കുകയും ‘ഗോസ്‌റ്റ് വോട്ടർമാരെ’ ബിജെപിക്ക് അനുകൂലമായി കൂട്ടത്തോടെ ചേർത്തും എൻഡിഎ ഭരണം തുടരുകയാണ് കമ്മീഷന്റെ ലക്ഷ്യം. നേരിയ വോട്ടിന് എൻഡിഎ സ്ഥാനാർഥികൾ ജയിച്ച മണ്ഡലത്തിലും പ്രതിപക്ഷവോട്ടുകൾ വെട്ടുന്നു. പ്രതിപക്ഷ ശക്തികേന്ദ്രങ്ങളിലും വോട്ടുകൾ വെട്ടിമാറ്റി ഭരണപക്ഷത്തിന് മുൻകൈ നൽകുന്നു. 243 നിയമസഭാ മണ്ഡലങ്ങളിൽ ആദ്യം പരിശോധിച്ച 43 എണ്ണത്തിലും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 60 ശതമാനവും സ്‌ത്രീകളാണ്. കൂടുതൽ ഒഴിവാക്കൽ നടന്ന പത്തിൽ അഞ്ച് ജില്ലയും മുസ്ലീം ഭൂരിപക്ഷ ജില്ലകളാണ്. പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതീക്ഷവയ്‌ക്കുന്ന മണ്ഡലങ്ങൾ കൂടിയാണിവ.
സുപ്രീംകോടതി ഇടപെടൽ
എസ്‌ഐആറിനെ എതിർക്കുന്ന അസോസിയേഷൻ -ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) ആർജെഡി, സിപിഐ എം, കോൺഗ്രസ്, എൻസിപി, സിപിഐ , സിപിഐ എംഎൽ ലിബറേഷൻ തുടങ്ങിയ ഒമ്പത് പ്രതിപക്ഷ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചതാണ് നിർണായകമായത്. പുറത്താക്കപ്പെട്ടവർക്ക് അവരുടെ പേര് അറിയാൻ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. അതുപ്രകാരം ബൂത്തടിസ്ഥാനത്തിൽ പുറത്താക്കപ്പെട്ട വോട്ടർമാരുടെ പേരും എന്തിന് പുറത്താക്കിയെന്ന കാരണവും കമ്മീഷന് പ്രസിദ്ധീകരിക്കേണ്ടിവന്നു. കരട് പട്ടികയിൽ പുറത്തായവരുടെ അപേക്ഷ രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് സ്വീകരിച്ചേ തീരൂവെന്നും സുപ്രീംകോടതി കമ്മീഷനോട് ഉത്തരവായി പറഞ്ഞു. ആധാർ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് ഹർജിക്കാർ അറിയിച്ചപ്പോഴും കോടതി കൃത്യമായി ഇടപെട്ടു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളിൽ എസ്‌ഐആർ പറയുന്നില്ലെങ്കിലും അതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടെന്ന് വ്യാഖ്യാനിച്ചാലും കൂട്ടപുറംതള്ളലുകളെ അംഗീകരിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കൂട്ടപുറന്തള്ളലുണ്ടായാൽ എസ്‌ഐആർ തന്നെ റദ്ദാക്കുമെന്ന കോടതി മുന്നറിയിപ്പാണ് ജനാധിപത്യത്തിലെ അവശേഷിക്കുന്ന പ്രതീക്ഷ. കമ്മീഷനിലുള്ള വിശ്വാസക്കുറവാണ് പ്രശ്‌നത്തിന് കാരണമെന്ന കോടതി നിരീക്ഷണങ്ങളും കേന്ദ്രസർക്കാരിനും അവരുടെ ഏജന്റായി പ്രവർത്തിക്കുന്ന കമ്മീഷനും വലിയ തിരിച്ചടിയായി. l



