പാറ്റ്നയിൽ സെപ്തംബർ ഒന്നിന് നടന്ന മഹാറാലിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയൊരു തുടക്കമായി നിസ്സംശയം വിശേഷിപ്പിക്കാവുന്നതാണ്.
400 സീറ്റുനേടി നമ്മുടെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയെ തകർത്തെറിഞ്ഞ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്ന മോഹത്തിൽ അഹങ്കാരത്തോടെ ഗോദയിലിറങ്ങിയ സംഘപരിവാറിന് കനത്ത തിരിച്ചടിയാണ് 2024 ലെ ജനവിധിയേൽപ്പിച്ചത്. എന്നിട്ടും ഏച്ചുകെട്ടിയിട്ടാണെങ്കിലും മോദിക്ക് മൂന്നാമൂഴമുണ്ടായി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ദുരന്തം. ഏതെങ്കിലുമൊരു കക്ഷിയോ മുന്നണിയോ മൂന്നാമതും അധികാരത്തിലെത്തുന്നതുപോലെ സംഘ്പരിവാറിന്റെ തുടർച്ചയായ മൂന്നാമൂഴത്തെ അതിലളിതവത്കരിക്കാനാവില്ല. ഹിന്ദുത്വ–കോർപ്പറേറ്റ് കൂട്ടുകെട്ടിനാൽ നയിക്കപ്പെടുന്ന നവഫാസിസ്റ്റ് ഭരണത്തുടർച്ചയെ അത്യാപത്തായല്ലാതെ ജനാധിപത്യബോധമുള്ള ഒരാൾക്കും കാണാനാവില്ല.
2024ലെ ജനവിധി പുറത്തുവന്ന സമയത്തുതന്നെ അതിൽ ക്രമക്കേടുകളും അട്ടിമറിയും സംശയിച്ച ഒട്ടേറെപ്പേരുണ്ടായിരുന്നു. പിന്നീട് നടന്ന പഠനങ്ങളും വിശകലനങ്ങളും അത് സ്ഥിരീകരിക്കുകയാണുണ്ടായത്. വോട്ട് ഫോർ ഡെമോക്രസിപോലെയുള്ള പല വിഭാഗങ്ങളുടെയും പഠനത്തിലൂടെ വെളിപ്പെട്ടുവന്ന വിവര പ്രകാരം ചുരുങ്ങിയത് 79 സീറ്റിലെങ്കിലും അട്ടിമറി നടന്നിട്ടുണ്ട‍്. അങ്ങനെ മോഷ്ടിക്കപ്പെട്ട ജനാധിപത്യത്തിന്റെ തലപ്പത്തിരുന്നാണ് മോദി– അമിത് ഷാ കൂട്ടുകെട്ട് നവഫാസിസ്റ്റ് വാഴ്ച നടത്തുന്നത്. ഈ അട്ടിമറിയുടെ, വോട്ടു മോഷണത്തിന്റെ വിശദാംശങ്ങളിലേക്ക് എത്തിനോക്കുന്നതാണ് ഈ ലക്കം ചിന്തയുടെ കവർ സ്റ്റോറി. എം എ ബേബി, ഡോ. സെബാസ്റ്റ്യൻ പോൾ, റിതിൻ പൗലോസ്, ശ്രീനിവാസൻ രമണി, ജി വിജയകുമാർ എന്നിവർ എഴുതുന്നു.
സ്വതന്ത്രവും നിഷ്-പക്ഷവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ ബാധ്യസ്ഥമായ ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കുറുന്തോട്ടിക്ക് വാതം പിടിച്ചു, ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചുവെന്നെല്ലാം പറയുന്നതുപോലെ ആ ഭരണഘടനാ സ്ഥാപനംതന്നെ സംഘ്പരിവാറിന്റെ ആജ്ഞാനുവർത്തിയായി നിൽക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ അശ്ലീലക്കാഴ്ച. മഹാരാഷ്ട്രയിലും ബീഹാറിലും കർണാടകത്തിലും മറ്റും മാത്രമല്ല, ഇങ്ങ് കേരളത്തിൽ തൃശ്ശൂരിൽ പോലും ജനവിധിയെ ഒപ്പിച്ചെടുക്കാൻ സംഘ്പരിവാറിന് കഴിഞ്ഞുവെന്നത് ഞെട്ടലോടുകൂടിയല്ലാതെ നമുക്ക് കാണാനാവില്ല.
ഫാസിസ്റ്റുകൾ എന്നും എവിടെയും ആധിപത്യം സ്ഥാപിക്കാൻ എന്തും ചെയ്യുമെന്നതാണ് ചരിത്രം. തൃശ്ശൂരിൽ ഒരു ബിജെപി നേതാവ് അത് തുറന്നുപറയുകയും ചെയ്തു. സൂക്ഷ്മതലത്തിലും പരോക്ഷമായുമാണ് സംഘപരിവാർ അതിവേഗം കാര്യങ്ങൾ നടപ്പാക്കുന്നത്. അതുകൊണ്ട് നാം അതീവ ജാഗരൂകരായിരുന്നാൽ മാത്രമേ അതിനെ ചെറുക്കാനാവൂ. ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സംവിധാനത്തെ ഉപയോഗിച്ച് സംഘ്പരിവാർ നടത്തിയ ജനാധിപത്യ ഹത്യ നാം കണ്ടത് പണ്ടൊന്നുമല്ല.
ബിജെപി വാഴ്ചയിൽ നടക്കുന്ന ഇത്തരം അട്ടിമറികളിലേക്കും ജനാധിപത്യഹത്യകളിലേക്കും സിപിഐ എം 24–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ വിരൽചൂണ്ടിയിരുന്നു. അതിനെ ചെറുക്കാൻ ജനാധിപത്യ വിശ്വാസികളുടെ ഐക്യം കെട്ടിപ്പെടുക്കണമെന്നും പ്രമേയം വ്യക്തമാ ക്കിയിരുന്നു. ബീഹാറിൽ നടന്ന വോട്ട് അധികാർ യാത്ര രാഹുൽഗാന്ധിയുടെയോ കോൺഗ്രസിന്റെയോ മാത്രം പരിപാടിയല്ല. ഇന്ത്യാ കൂട്ടായ്മയുടെ സംയുക്തമായ പ്രക്ഷോഭ പരിപാടിയാണത്. രാഹുൽഗാന്ധിക്കൊപ്പം സുഭാഷിണി അലിയും ആനിരാജയും അശോക് ധാവ്ളെയും ഉൾപ്പെടെ സിപിഐ എം, സിപിഐ നേതാക്കളും ഈ യാത്രയിലുടനീളം പങ്കെടുത്തിരുന്നൂവെന്നത് മൂടിവയ്ക്കാനുള്ള തീവ്രശ്രമം മുഖ്യധാരാ മാധ്യമങ്ങൾ നടത്തുന്നതും അതിനു പിന്നിലെ ഗൂഢലക്ഷ്യവും കാണാതിരിക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ രണ്ട് വലതുപക്ഷ ശക്തികൾ തമ്മിലുള്ള വടംവലിയായി പരിമിതപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത് 1977 മുതലാണ്. തൊഴിലാളിവർഗ രാഷ്ട്രീയത്തെ അപ്രസക്തമാക്കാനുള്ള ഈ കുത്തിത്തിരിപ്പ് പ്രചരണം നവഫാസിസ്റ്റുകൾക്ക് വടിയെറിഞ്ഞു കൊടുക്കലാണെന്നും നാം തിരിച്ചറിയണം. l



