‘അനിശ്ചിതത്വമേ നിന്റെ പേരോ ഡൊണാൾഡ് ട്രംപ്’ എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ആരോപിക്കാനാവില്ല. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ രണ്ടാം വരവിൽ, അദ്ദേഹം ചെയ്തുകൂട്ടുന്ന കാര്യങ്ങൾ അദ്ദേഹത്തിനും അമേരിക്കൻ ഐക്യനാടുകൾക്കും അത്തരമൊരു ഇമേജാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന ചർച്ചയ്ക്കു മുന്നോടിയായാണ് ഇന്ത്യയ്ക്കെതിരായ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയത്. അതിന് വളരെ മുമ്പുതന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തേ ട്രംപ് പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെയാണ് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ 25 ശതമാനം അധിക തീരുവ ഇന്ത്യയ്ക്കെതിരെ ഈടാക്കുമെന്ന് ഭീഷണി ഉയർത്തിയത്. അലാസ്ക ചർച്ച കഴിഞ്ഞപ്പോൾ രണ്ടാമത്തെ 25 ശതമാനം ചുമത്താനിടയില്ല എന്ന സൂചനയുണ്ടായി. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇനി അഥവാ 50 ശതമാനത്തിന്റെ ഭീഷണി ഒഴിവാക്കി അമേരിക്കൻ തീരുവ 25 ശതമാനത്തിലേക്ക് കുറച്ചാൽ ട്രംപും അമേരിക്കയും ആ നിരക്കിൽ തന്നെ തുടരും എന്നതിന് എന്ത് ഉറപ്പാണുള്ളത്? അമേരിക്ക ഇന്ത്യക്കെതിരായ തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ പല ഘട്ടങ്ങളിലായി വ്യാപാര ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയുടെ താൽപര്യം ഇന്ത്യയുടെ കമ്പോളം കൂടുതൽ തുറന്നു കിട്ടുക എന്നതു തന്നെയാണ്. ഇന്ത്യ കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങൾക്കിടയിൽ അമേരിക്കയിൽ നിന്ന് വിമാനങ്ങളും ആയുധങ്ങളും മറ്റും വാങ്ങുന്നതിന് കരാറിലേർപ്പെട്ടിട്ടുണ്ട്. അമേരിക്കയെ സന്തോഷിപ്പിക്കാൻ പല ഘട്ടങ്ങളിലായി ഇന്ത്യ നൽകിയ ഇത്തരം ആനുകൂല്യങ്ങൾ അമേരിക്കയെ കൂടുതൽ ആവശ്യപ്പെടാൻ പ്രേരിപ്പിക്കുകയാണ്. ഇത്തരമൊരു സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ ഗൂഗിളിനും മറ്റ് ഡിജിറ്റൽ കുത്തക കമ്പനികൾക്കും ആഭ്യന്തര നികുതിയുടെ രംഗത്ത് പ്രധാനപ്പെട്ട ചില സൗജന്യങ്ങൾ നൽകിയത്. വിദേശ വ്യാപാരവുമായി യാതൊരു ബന്ധവുമില്ലാത്ത ആഭ്യന്തര നികുതികളുടെ കാര്യത്തിൽപോലും അമേരിക്ക ഇന്ത്യയുടെമേൽ വലിയ സമ്മർദ്ദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളുടെ ആഭ്യന്തര സാമ്പത്തിക നയങ്ങളെപ്പോലും പ്രതികാരച്ചുങ്കം ചുമത്തുമെന്ന ഭീഷണി ഉപയോഗിച്ച് സ്വാധീനിക്കാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നത്. പിന്നാക്ക രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഓരോ വിട്ടുവീഴ്ചയും കൂടുതൽ ചോദിക്കാനുള്ള ഊർജ്ജമാക്കി മാറ്റുകയാണ് ഡൊണാൾഡ് ട്രംപ് ചെയ്യുന്നത്. അതുകൊണ്ടാണ് വ്യാപാര ചർച്ചകളിലൂടെ ഉണ്ടാകുന്ന ഒത്തുതീർപ്പുകൾ ട്രംപും അമേരിക്കയും ലംഘിക്കില്ലേ എന്ന ആശങ്ക ഉയരുന്നത്. വാക്കെന്ന് മാത്രമല്ല ചർച്ചകളിലൂടെ തയ്യാറാക്കി ഒപ്പിട്ട ഉടമ്പടികൾപോലും ലംഘിക്കുന്ന വിശ്വസിക്കാൻകൊള്ളാത്ത ഒരു വ്യാപാര പങ്കാളിയായി അമേരിക്ക മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെക്കുറിച്ച് ഇത്തരമൊരു സംശയം ഉന്നയിക്കുന്നത് ന്യായമോ എന്ന ചോദ്യമുയരാം. അമേരിക്കയുടെ വൻ സാമ്പത്തിക ശക്തിയെന്ന ഇമേജ് സ്വയം തച്ചുതകർക്കുന്ന നടപടിയാണ് ആ രാജ്യം ഇപ്പോൾ സ്വീകരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, ഈ കഴിഞ്ഞ ആറ് മാസകാലത്തിനിടയ്ക്ക് ലോകത്തെ വിവിധ രാജ്യങ്ങൾക്കെതിരായി അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി ചുങ്കം നേരത്തെ അമേരിക്കകൂടി ഒപ്പിട്ട് അംഗീകരിച്ച ലോക വ്യാപാര സംഘടനയുടെ (WTO) നിയമത്തിന്റെ ലംഘനമാണ്. ലോക വ്യാപാര സംഘടനയുടെ നിയമാവലി അനുസരിച്ച് അംഗരാജ്യങ്ങൾ അവരുടെ ഇറക്കുമതി തീരുവകൾ നിജപ്പെടുത്തി ഉറപ്പിക്കാൻ (ബൈന്റ് ചെയ്യാൻ) ബാധ്യസ്ഥമാണ്. ഇപ്രകാരം നിജപ്പെടുത്തിയ താരിഫുകളെയാണ് ബൗണ്ട് താരിഫുകൾ അഥവാ നിജപ്പെടുത്തിയ താരിഫുകൾ എന്ന് പറയുന്നത്. തക്കതായ കാരണങ്ങളുണ്ടെങ്കിൽ ലോക വ്യാപാര സംഘടനയെയും അതിന്റെ സമിതികളെയും മുൻകൂട്ടി അറിയിച്ചുകൊണ്ട് മാത്രമേ നിജപ്പെടുത്തിയ ഇറക്കുമതി ചുങ്കങ്ങൾ ഉയർത്താൻ പാടുളളൂ. എന്നുവച്ചാൽ, ലോക വ്യാപാര സംഘടനയിൽ ചർച്ച ചെയ്ത് അംഗീകരിച്ച് നിജപ്പെടുത്തിയ ഇറക്കുമതി ചുങ്കങ്ങളാണ് ഇപ്പോൾ ട്രംപ് ഏകപക്ഷീയമായി ഉയർത്തിയിരിക്കുന്നത്. ലോക വ്യാപാര കരാറിലെ തീരുവകൾ ഇപ്രകാരം കാറ്റിൽപ്പറത്താൻ കഴിയുമെങ്കിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ പരസ്പരം അംഗീകരിക്കപ്പെടുന്ന തീരുവകൾ പിന്നീട് ട്രംപിന്റെ സ്വന്തം ഇഷ്ടപ്രകാരം ഉയർത്തില്ല എന്ന് ആർക്ക് പറയാൻ കഴിയും. ഇതാണ് അമേരിക്കയുമായി വ്യാപാര ബന്ധത്തിലേർപ്പെടുന്ന എല്ലാ രാജ്യങ്ങളെയും അലട്ടുന്ന അസ്ഥിരതയുടെ ആശങ്ക.
വ്യാപാര നയത്തിലെ ഇത്തരം അസ്ഥിരതകൾ ലോക വ്യാപാരത്തിന്റെ വളർച്ചക്ക് ഒട്ടും അനുയോജ്യമല്ല. അമേരിക്കൻ കമ്പോളത്തെ ആശ്രയിച്ചുകൊണ്ട് ഉൽപാദനം നടത്താനും അതിനുവേണ്ടി മൂലധന നിക്ഷേപം നടത്താനും വ്യവസായികൾ എങ്ങനെ മുന്നോട്ടുവരും? അനിശ്ചിതത്വം നിറഞ്ഞ ആ കമ്പോളത്തെ ലാക്കാക്കി മൂലധന നിക്ഷേപം നടത്തി ഉൽപാദനം നടത്താൻ ഏത് വ്യവസായിയും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. സാമ്പത്തിക നയങ്ങളിലെ സ്ഥിരത മൂലധന നിക്ഷേപത്തെയും സാമ്പത്തിക വളർച്ചയെയും സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. അമേരിക്കയുടെ സാമ്പത്തിക നയങ്ങളിലെ പ്രവചനാതീതമായ ചാഞ്ചാട്ടങ്ങൾ ആഗോള സമ്പദ്ഘടനയെ പൊതുവിൽ ബാധിക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നത്. ലോക വ്യാപാരത്തിന്റെ ഭൂപടംതന്നെ മാറ്റിവരയ്ക്കപ്പെടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. അമേരിക്കൻ കമ്പോളത്തെ ലക്ഷ്യമിട്ട് ഉൽപാദനം നടത്തിയിരുന്ന പ്രദേശങ്ങളും രാജ്യങ്ങളും വ്യവസായികളും പകരം കമ്പോളങ്ങൾ തേടുകയാണ്. അമേരിക്ക ഒഴിച്ചുള്ള രാജ്യങ്ങൾ പരസ്പരമുള്ള വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു. പുതിയ ഉഭയകക്ഷി കരാറുകളും ബഹുരാഷ്ട്ര വ്യാപാര കരാറുകളും അംഗീകരിക്കപ്പെടുന്നതിന്റെ സാഹചര്യം ഇതാണ്. ഇന്ത്യ ബ്രിട്ടനുമായും യൂറോപ്യൻ സ്വതന്ത്ര വ്യാപാര സമൂഹവുമായും വ്യാപാര കരാറുകളിൽ ഒപ്പിടാൻ തയ്യാറായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ കമ്പോളത്തിന്റെ അനിശ്ചിതത്വമാണ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ബ്രിക്സ് എന്ന ബഹുരാഷ്ട്ര സംവിധാനത്തിലേക്ക് കൂടുതൽ രാജ്യങ്ങൾ എത്തിച്ചേരുന്ന സാഹചര്യവും വ്യത്യസ്തമല്ല. യഥാർത്ഥത്തിൽ ലോക വ്യാപാരത്തിലെ മൂല്യചങ്ങലകൾ (value chains) പുനഃസംഘടിപ്പിക്കപ്പെടുകയാണ്. അമേരിക്കയെ ഒഴിവാക്കി വ്യാപാര ബന്ധങ്ങൾ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മാറ്റങ്ങളെ വേറൊരു തരത്തിൽ നോക്കിക്കാണുകയാണെങ്കിൽ അമേരിക്ക സ്വയം വലിയ രീതിയിൽ ഒറ്റപ്പെടുകയാണ് എന്നു പറയാം. തീർച്ചയായും ഇതിനെ ഒരു വൻസാമ്പത്തിക രാഷ്ട്രീയ ശക്തിയുടെ തകർച്ചയുടെ തുടക്കമാണെന്ന് കണക്കാക്കേണ്ടിവരും. ഏറെ കാലമായി അമേരിക്ക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി നേരിടുകയാണ്. അമേരിക്ക ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വ്യാവസായിക ഉൽപാദനത്തിന്റെ മേഖലയിലാണ്. വ്യാവസായിക രംഗത്തെ തകർച്ചയാണ് അമേരിക്കയുടെ വ്യാപാരക്കമ്മി തുടർച്ചയായി നിയന്ത്രണംവിട്ട് ഉയരുന്നതിന് കാരണമായിട്ടുള്ളത്. വ്യാപാരക്കമ്മിയും വ്യാവസായിക രംഗത്തെ തകർച്ചയും തൊഴിലില്ലായ്മയ്ക്കും കാരണമായി. എന്നാൽ ഈ തകർച്ചയെ സമചിത്തതയോടെ പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്ന രീതിയിലാണ് ഭരണകൂടം പ്രതികരിക്കുന്നത്.
അമേരിക്ക തുടങ്ങിവച്ചിരിക്കുന്ന വ്യാപാരയുദ്ധം ആ രാജ്യത്തെ കൂടുതൽ ആഴത്തിലുള്ള തകർച്ചയിലേക്കാണ് നയിക്കുക. പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ അമേരിക്കൻ സമ്പദ്ഘടനയിൽ വലിയ തിരിച്ചടി ഇപ്പോൾതന്നെ ചില്ലറ വിൽപനശാലകളിൽ ഉണ്ടാക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യങ്ങൾ അനുഭവപ്പെടുന്നു. സാധാരണ ജനങ്ങൾ ദൈനംദിനം വാങ്ങി ഉപയോഗിക്കുന്ന സാധനങ്ങൾ കുറയുന്നതോടൊപ്പം വില വർദ്ധിക്കുന്ന സാഹചര്യവുമുണ്ട്. ട്രംപ് അധികമായി ചുമത്തിയ തീരുവ കൊടുക്കേണ്ടത് അമേരിക്കയിലെ ഇറക്കുമതിക്കാരാണല്ലോ. ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ അടയ്ക്കേണ്ടിവരുന്ന അധികച്ചുങ്കത്തിന്റെ ഭാരം അവർ സ്വയം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. മറിച്ച്, ഇറക്കുമതി കുറയ്ക്കുകയോ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന വില വർധിപ്പിക്കുകയോ ആണ് ചെയ്യുന്നത്. മാത്രമല്ല, അധികമായി ഈടാക്കുന്ന ചുങ്കം വാൾമാർട്ടിനെപ്പോലെയുള്ള റീട്ടെയിൽ ഭീമന്മാരുടെ ലാഭത്തെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽനിന്നും മറ്റ് മൂന്നാം ലോകരാജ്യങ്ങളിൽനിന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ചെറിയ തോതിൽ സംസ്കരിച്ച് പായ്ക്ക് ചെയ്ത് ഉയർന്ന വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കിയിരുന്നവരാണ് ഇവരിൽ പലരും. ഇറക്കുമതി തീരുവ ഉയർന്നതോടെ ഇത്തരത്തിൽ അധിക ലാഭം ഈടാക്കുന്നതിനുള്ള അവസരമാണ് അമേരിക്കൻ കമ്പനികൾക്ക് നഷ്ടമായിരിക്കുന്നത്. സാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.
ഇറക്കുമതിച്ചുങ്കം ഉയർത്തിയാൽ അമേരിക്കയിൽ ഇറക്കുമതി ബദൽ ഉൽപാദനം നടക്കുമെന്നും അതിലൂടെ സാമ്പത്തിക വളർച്ചയുണ്ടാവുകയും തൊഴിലവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നുമാണ് ട്രംപിന്റെ ഉപദേശകർ സ്വപ്നംകാണുന്നത്. എന്നാൽ പ്രതീക്ഷ അസ്ഥാനത്താണെന്നാണ് സാമ്പത്തിക വിദഗ്ധർ പൊതുവെ അഭിപ്രായപ്പെടുന്നത്. ഇറക്കുമതിയെ അമിതമായി ആശ്രയിച്ചിരുന്ന പല മേഖലകളിലും ബദൽ ഉൽപാദന ശൃംഖലകൾ തുടങ്ങുക എളുപ്പമല്ല. പല രംഗത്തും അസംസ്കൃത യന്ത്രോപകരണങ്ങളും സാധനങ്ങളും ബന്ധപ്പെട്ട വൈദഗ്ധ്യമുള്ള തൊഴിലാളികളും അമേരിക്കയിൽ ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം. അത്തരം ഉല്പാദന സംരംഭങ്ങൾ മുൻകാലത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും ചൈനയിലേക്കും പറിച്ചുനടപ്പെടുകയാണ് ചെയ്തത്. അവയെ തിരിച്ചുകൊണ്ടുവരുക എളുപ്പമല്ല. ട്രോപ്പിക്കൽ രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യ ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവയുടെ കാര്യത്തിലും ഇതേ പ്രശ്‌നം തന്നെയാണ് അമേരിക്ക നേരിടേണ്ടിവരിക.
അമേരിക്കൻ ഭീഷണിയെ ചങ്കുറപ്പോടെ നേരിട്ട രാജ്യങ്ങൾക്കുമുന്നിൽ കീഴടങ്ങുന്ന സമീപനമാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചു കാണുന്നത്. റഷ്യയോടും ചൈനയോടുമുള്ള സമീപനത്തിൽ ഈ മാറ്റം കാണാം. ഇന്ത്യാ രാജ്യത്തെ കൃഷിക്കാരെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്ന വിട്ടുവീഴ്ചയ്ക്ക് മുതിരാതിരുന്നാൽ മാത്രമേ അമേരിക്ക പിടിവാശി ഉപേക്ഷിക്കാൻ തയ്യാറാവൂ എന്നാണ് മനസ്സിലാക്കേണ്ടത്. അമേരിക്കയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്ന വില കുറഞ്ഞ ഉൽപ്പന്നങ്ങളും തൊഴിൽ വെെദഗ്ധ്യവും ഒഴിവാക്കാനാവില്ല. അമേരിക്കയുമായുള്ള ചർച്ചകളിൽ നമ്മുടെ നിലപാടുകളിൽ ഉറച്ച് നിൽക്കുകയും ബദൽ കമ്പോളങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുകയും വേണം. ഒപ്പം നമ്മുടെ ആഭ്യന്തരവിപണി വളർത്തിയെടുക്കാൻ കഴിയണം. ഇന്ത്യക്കാരന്റെ വരുമാനവും വാങ്ങൽശേഷിയും വർധിപ്പിക്കുന്ന ബദൽ സാമ്പത്തിക നയങ്ങളിലേക്ക് മാറുകയാണ് ഇത്തരുണത്തിൽ കരണീയം. l



